*ഒരു ദിവസം ജനിക്കുന്നു*

*ഒരു ദിവസം മരിക്കുന്നു.*

*ജനനത്തിനും മരണത്തിനും*

*ഇടയിലുള്ള കാലം ഓരോ* *ദിവസമായിക്കഴിയുന്നു.*


പത്താം സ്റ്റാൻഡേർഡിലെ മലയാള പുസ്തകത്തിലെ ഒരധ്യായമായ

*ഒരു ദിവസം.*

ആരംഭിക്കുന്നത് മേല്പറഞ്ഞ വരികളിലാണ്.

കെപി കേശവമേനോൻ രചിച്ച

*ജീവിതചിന്തകൾ*  

എന്ന പുസ്തകത്തിൽ 

നിന്നെടുത്ത അധ്യായം പഠിപ്പിച്ച് തീരുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ മരണവാർത്ത പത്രത്തിൽ കണ്ടു.

*മാതൃഭൂമി പത്രാധിപർ കേശവമേനോൻ നിര്യാതനായി*

  .

*മാതൃഭൂമിയുടെ* സ്ഥാപകൻ, 

കേരളത്തിലെ 

സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളി, ജനപ്രിയനായ 

പത്രപംക്തികാരൻ, മികച്ച ഗദ്യകാരൻ, ഗ്രന്ഥകാരൻ,

കെപി കേശവമേനോന്  പലതരത്തിലാണ്

മലയാളിമനസ്സിൽ സ്ഥാനം.

ദേശീയപ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച അദ്ദേഹം  സ്വാതന്ത്ര്യസമരത്തിന് ശക്തിപകരാൻ വേണ്ടിയാണ് മാതൃഭൂമി പത്രം ആരംഭിച്ചത്. കേരളീയ ജീവിതത്തിന്റെ ഒരു സംസ്കാരമായി മാറിയ മാതൃഭൂമിയിലൂടെ ഇന്നും കേശവമേനോൻ ജീവിക്കുന്നു.1886 സെപ്റ്റംബർ ഒന്നിന് *പാലക്കാട്* ജില്ലയിലെ *തരൂരിൽ*

കെപി കേശവമേനോൻ ജനിച്ചു. പാലക്കാട് രാജവംശത്തിലെ അംഗമായ നടുവിലെടത്തിൽ

ഭീമനച്ചനും കിഴക്കേ പൊറ്റേവീട്ടിൽ 

മീനാക്ഷി  നേത്യാരമ്മയുമായിരുന്നു അച്ഛനമ്മമാർ. നിലത്തെഴുത്ത് പഠിച്ചതിനുശേഷം നാലാം ക്ലാസ് വരെ തരൂരിലും പിന്നീട് ആലത്തൂരിലെ ബോർഡ് സ്കൂളിലുമായിരുന്നു "കുട്ടൻ" എന്ന ഓമനപ്പേരുണ്ടായിരുന്ന കേശവമേനോന്റെ പഠനം. 1898 ൽ സ്കൂൾപഠനം തുടരാനായി *കോഴിക്കോട്ടെത്തി*

*കേരള വിദ്യാശാലയിൽ* (ഇന്നത്തെ _ഗുരുവായൂരപ്പൻ_ കോളേജ്)

ചേർന്നു. 

കോഴിക്കോടുമായുള്ള ആത്മബന്ധവും അന്നു തുടങ്ങി.


കോഴിക്കോട്ടെ പഠനം എട്ട് കൊല്ലം നീണ്ടു.

ഭക്ഷണപ്രിയനായ കേശവമേനോൻ പഠന പ്രിയനുമായിരുന്നു.

മെട്രിക്കുലേഷൻ ജയിച്ച ഉടൻ തന്നെ ഇരുപതാംവയസ്സിൽ അദ്ദേഹം വിവാഹിതനായി.

അകത്തേത്തറ മാണിക്യമേലിടം ലക്ഷ്മി

നേത്യാരമ്മയായിരുന്നു ഭാര്യ. അതിനുശേഷമായിരുന്നു

ഉപരിപഠനത്തിന് മദ്രാസിലേക്ക് പോയത്. 

1906 ൽ മദ്രാസിലെത്തിയ  മേനോൻ എഫ്എയ്ക്ക് ആദ്യവർഷം പ്രസിഡൻസി കോളേജിലാണ് പഠിച്ചത്. രണ്ടാം വർഷം കോയമ്പത്തൂരിലും.

1908 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് അദ്ദേഹം

ബിഎ ബിരുദവും നേടി.  ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം

ഉയിരെടുക്കുന സമയമായിരുന്നു അത്. 

1905 ലെ _ബംഗാൾ വിഭജനവും_ ബ്രിട്ടീഷുകാരുടെ ജനവിരുദ്ധനയങ്ങളും ആളുകളിൽ സ്വാതന്ത്ര്യമോഹം ഉണർത്താൻ തുടങ്ങിയിരുന്നു. സ്വരാജ്, സ്വദേശി, സ്വാതന്ത്ര്യം

എന്നീ ആശയങ്ങൾ ജനങ്ങളെ  ആകർഷിക്കാൻ  തുടങ്ങിയിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ എരിയുന്ന നാളുകൾ ആരംഭിച്ചിരുന്നില്ലെന്ന് മാത്രം. വിദ്യാർഥിയായ കേശവമേനോൻ

പതുക്കെ പതുക്കെ

ആ മോചനതരംഗത്തിലേക്ക് ആകർഷിക്കപ്പെട്ടു. 

ബിഎ വിജയിച്ച അദ്ദേഹം നിയമബിരുദം നേടാനായി 1912 ൽ *ഇംഗ്ലണ്ടിലേക്ക്* കപ്പൽകയറി.


മൂന്ന് വർഷം കേശവമേനോൻ ഇംഗ്ലണ്ടിൽ ചെലവിട്ടു. നിയമബിരുദം നേടി ബാരിസ്റ്ററുമായി.

ഇംഗ്ലണ്ട് ജീവിതം അദ്ദേഹത്തെ മറ്റൊരാളാക്കി മാറ്റി. 

പല രാജ്യങ്ങളുടെയും 

സ്വാതന്ത്ര്യസമരങ്ങളെക്കുറിച്ച് അറിയാനും, ബ്രിട്ടീഷ് പാർലമെന്റിലെ വാദപ്രതിവാദങ്ങൾ കേൾക്കാനും, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ദേശീയനേതാക്കളെ കണ്ടറിയാനും അവസരം കിട്ടി. അഭിഭാഷകവൃത്തിയേക്കാൾ കാമ്യം ജന്മനാടിന്റെ മോചനത്തിനുള്ള ശ്രമമാണെന്ന നിശ്ചയം മനസ്സിലുറച്ചു.

1915 ജൂലൈയിൽ നാട്ടിലെത്തിയ കേശവമേനോൻ, ആഗസ്റ്റിൽ കോഴിക്കോട്, വക്കീലായി പ്രവർത്തനം തുടങ്ങി. *മഹാത്മാഗാന്ധി* _ദക്ഷിണാഫ്രിക്കയിൽ_ നിന്ന് തിരിച്ചെത്തിയതും ഇതേ വർഷമായിരുന്നു. അടുത്തവർഷം ഇംഗ്ലണ്ട് ജീവിതത്തെപ്പറ്റി *ബിലാത്തിവിശേഷം* എന്ന പ്രശസ്തമായ പുസ്തകവുമെഴുതി. ബ്രിട്ടീഷുകാരിയും യുക്തിവാദിയുമായ *ആനിബസന്റ്* സ്ഥാപിച്ച *ഹോംറൂൾ* എന്ന ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് 1916 ൽ അദ്ദേഹം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കിറങ്ങിയത്. മലബാർ ശാഖയുടെ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തനമാരംഭിച്ചു. 

*കെ. മാധവൻനായരായിരുന്നു* പ്രസ്ഥാനത്തിൽ, കേശവമേനോന്റെ

അടുത്ത സുഹൃത്ത്.

1916ൽ മലബാർ ജില്ലാ കോൺഗ്രസ്സ് സമ്മേളനം പാലക്കാട് നടന്നപ്പോൾ ഇന്ത്യയ്ക്ക് സ്വയംഭരണം വേണമെന്ന പ്രമേയം അവതരിപ്പിച്ചത് കേശവമേനോനായിരുന്നു. ഇതേവർഷം *ലക്നൗവിൽ* നടന്ന അഖിലേന്ത്യാ കോൺഗ്രസ്സ് സമ്മേളനത്തിലും പങ്കെടുത്തതോടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിന്റെ _ജ്ഞാനസ്നാനം_ പൂർത്തിയായി.


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ഗാന്ധിജി പുതിയ ആശയ കേന്ദ്രമായി ഉയർന്നുവന്ന1920 ലെ

*നാഗ്പൂർ* സമ്മേളനത്തോടെ കേശവമേനോൻ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

1918 മുതൽ മദ്രാസിൽ

അഭിഭാഷകവൃത്തി നടത്തുകയായിരുന്നു അദ്ദേഹം കോൺഗ്രസ്സ് വളർത്താനായി കോഴിക്കോട്ടേക്കു തിരിച്ചു. കെ മാധവൻനായരുടെ വീടായിരുന്നു കോൺഗ്രസ്സ് ഓഫീസ്.

ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് ഉന്നതവിദ്യാഭ്യാസവും 

പണം

നേടിക്കൊടുക്കുന്ന സ്ഥാനങ്ങളും വലിച്ചെറിഞ്ഞ് മാതൃഭൂവിന്റെ മോചനത്തിനായി ഇറങ്ങിത്തിരിച്ചവർ അവിടെ ഒത്തുകൂടി.

_ഓക്സ്ഫോർഡ്_

വിട്ടുവന്ന *എകെ പിള്ള*

ബോംബെയിൽനിന്ന്

നിയമപഠനമുപേക്ഷിച്ച് വന്ന *കെ കേളപ്പൻ,*

_അൽ- അമീൻ_ പത്രാധിപർ *മുഹമ്മദ് അബ്ദുൾ റഹിമാൻ* തുടങ്ങിയവരെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. *ഖിലാഫത്ത്* പ്രസ്ഥാനത്തിന്റെ കാലവുമായിരുന്നു അത്. കേരളസംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം കേശവമേനോൻ ഏറ്റെടുത്തു. ഇക്കാലത്താണ് മലബാർ കലാപം ഉണ്ടായത്.

_മാപ്പിളലഹള, മലബാർലഹള_ എന്നെല്ലാമറിയപ്പെടുന്ന

ആ കലാപം അടിസ്ഥാനപരമായി

ഒരു ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റമായിരുന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ *ഏറനാട്ടാണ്* ലഹള ഉണ്ടായത്. ബ്രിട്ടീഷുകാരുടെ മർദ്ദന നയങ്ങൾക്കെതിരെ മുസ്ലീങ്ങൾ ആയുധമെടുത്തു. ബ്രിട്ടീഷ് പോലീസ്

അത് അടിച്ചമർത്താൻ ശ്രമിച്ചു. കലാപം വലുതാവുകയും ഹിന്ദുക്കൾക്ക് നേരെ തിരിയുകയും ചെയ്തു.

കെ കേളപ്പൻ കേശവമേനോൻ,

മാധവൻനായർ തുടങ്ങിയവർ

ലഹള ശമിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചു.

നിരവധിപേർ കലാപത്തിൽ മരിച്ചു.

*വാഗൺ ട്രാജഡി* എന്ന ദുരന്തസംഭവം ഈ കലാപത്തിലാണുണ്ടായത്.

ലഹള ശമീപ്പിക്കാൻ ശ്രമിച്ച കെ കേളപ്പൻ,

*മൊയ്തു മൗലവി,*

*എംപി നാരായണമേനോൻ,* അബ്ദുൾ റഹിമാൻ തുടങ്ങിയവർ

ജയിലിലടയ്ക്കപ്പെട്ടു.

കോൺഗ്രസ്സ് പ്രവർത്തനം ബുദ്ധിമുട്ടായിരുന്നു. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഒരു വിഭാഗം കോൺഗ്രസിനെതിരാവുകയും ചെയ്തു.


സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരു പത്രം വേണമെന്ന ആശയം കേശവമേനോന് ഉണ്ടായി.

കെ മാധവൻനായർ

ഒപ്പം നിന്നു.

*മാതൃഭൂമി* എന്ന പേര് നിശ്ചയിക്കുകയും ചെയ്തു. അഞ്ച് രൂപ വീതം വിലയുള്ള 20,000 ഓഹരി വിറ്റഴിച്ച് മൂലധനം കണ്ടെത്തി.

1922 ഫെബ്രുവരി 15ന് _മാതൃഭൂമി പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി_ രജിസ്റ്റർ ചെയ്തു.

കേശവമേനോന് പുറമേ മാധവൻനായർ, 

_ടിവി സുന്ദരയ്യർ,_ _അമ്പലക്കാട്ട് കരുണാകരമേനോൻ,_

_കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്,_

_ഡോക്ടർ എആർ മേനോൻ_ എന്നിവരായിരുന്നു ഡയറക്ടർമാർ. പത്രാധിപരായി  കേശവമേനോൻചുമതലയറ്റു. 15000 രൂപയ്ക്ക് 

അച്ചടിയന്ത്രം വാങ്ങി.

1923 മാർച്ച് 18 ന് മാതൃഭൂമി പുറത്തുവന്നു. ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ആയിരുന്നു പ്രസിദ്ധീകരണം. 1930 ഏപ്രിൽ ആറിന് ദിനപത്രമാവുകയും ചെയ്തു. *സത്യം സമത്വം സ്വാതന്ത്ര്യം* എന്നിവയായിരുന്നു

പത്രത്തിന്റെ മുദ്രാവാക്യം. കേരളത്തിന്റെ 

പത്രചരിത്രത്തിൽ പുതിയൊരധ്യായമായിരുന്നു സ്വാതന്ത്ര്യ പോരാട്ടത്തിന്റെ *നാവായി* പിറന്നുവീണ മാതൃഭൂമി.


1924 മാർച്ച് 30ന്

വൈക്കത്ത് നടന്ന പ്രശസ്ത

അയിത്തോച്ചാടന സമരമായ *വൈക്കം സത്യാഗ്രഹത്തിന്റെ* നേതാക്കളിൽ ഒരാളായിരുന്നു കേശവമേനോൻ.

വൈക്കം ക്ഷേത്രത്തിന് മുന്നിലെ നിരത്തിൽ താഴ്ന്ന ജാതിക്കാർക്കും 

സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പട്ടായിരുന്നു സത്യാഗ്രഹസമരം. 20 മാസം സമരം നീണ്ടുനിന്നു. 

സത്യാഗ്രഹമനുഷ്ഠിച്ച കേശവമേനോനെ അറസ്റ്റ് ചെയ്ത് *തിരുവനന്തപുരം* സെൻട്രൽ ജയിലിലടച്ചു.

*ബന്ധനത്തിൽ നിന്ന്* എന്ന പുസ്തകം എഴുതിയത്

ഇക്കാലത്താണ്.

തിരുവിതാംകൂർ മഹാരാജാവായ *ശ്രീമൂലംതിരുനാൾ* അന്തരിച്ചതോടെ, അഞ്ച് മാസത്തെ തടവിന്ശേഷം കേശവമേനോൻ മോചിതനായി.

തിരിച്ചെത്തിയ അദ്ദേഹം ഗതികേടിന്റെ  പടിവാതിലിലായിരുന്നു.

ഭാര്യയ്ക്ക് മാരകരോഗവും. 

ക്ഷയം ബാധിച്ച ഭാര്യയെ  മദ്രാസിൽ ചികിത്സയ്ക്ക് കൊണ്ടുപോകാനായി കേശവമേനോൻ  പത്രാധിപത്യവും കോൺഗ്രസ്സ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു.

ഉദാരമതികളുടെ സഹായത്തോടെ മദ്രാസിലെത്തി, ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒപ്പമുണ്ടായിരുന്ന 

ഭാര്യാമാതാവ് വസൂരിപിടിച്ച് മരിക്കുകയും ചെയ്തു.

നാട്ടിൽ തിരിച്ചുകൊണ്ടുവന്ന ശേഷം ഭാര്യ ലക്ഷ്മിയും, അധികം വൈകാതെ

മകൾ ചെല്ലമ്മയും ക്ഷയരോഗത്താൽ മരിച്ചു.

ആ ധീരഭടന്റെ ജീവിതം ഇരുളാണ്ടതായി.

ദാരിദ്ര്യം പുറമേയും. 

നാട്ടിൽ നിൽക്കാൻ വയ്യാത്ത നില. ഭാര്യാസഹോദരിയെ വിവാഹം കഴിച്ച കേശവമേനോൻ,

1927 ഓഗസ്റ്റ് 16 ന് *മലയായലേക്ക്* പുറപ്പെട്ടു. 

മറ്റൊരു  ജീവിതംതേടി.


മലേഷ്യയിലും സിംഗപ്പൂരിലും അധ്യാപകനായും അഭിഭാഷകനായും കേശവമേനോൻ പ്രവർത്തിച്ചു. ബ്രിട്ടീഷ് അധീനതയിലായിരുന്ന ആ പ്രദേശങ്ങൾ 

രണ്ടാംലോകയുദ്ധകാലത്ത് *ജപ്പാൻ* കീഴടക്കി.

ജപ്പാന്റെ പിന്തുണയോടെ

*സിംഗപ്പൂരിൽ* ആരംഭിച്ച ഇന്ത്യൻ ഇൻഡിപെൻഡൻസ്

ലീഗിലും അദ്ദേഹം പങ്കാളിയായി. പക്ഷേ

ജപ്പാന്റെ നയങ്ങളിൽ വിയോജിച്ച് രാജിവെച്ച് 

കേശവമേനോൻ,

1944 ൽ ജയിലിൽ അടയ്ക്കപ്പെട്ടു. 

ആറ് കൊല്ലമായിരുന്നു ശിക്ഷ. ജപ്പാൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ 

1945 ൽഅദ്ദേഹം മോചിതനായി.

1946 ഒക്ടോബറിൽ അദ്ദേഹം കുടുംബസമേതം നാട്ടിൽ തിരിച്ചെത്തി. മൂന്ന് മാസത്തിനുശേഷം സിംഗപ്പൂരിലേക്ക് മടങ്ങിയ അദ്ദേഹം അഭിഭാഷകനായി അവിടെ പ്രവർത്തിച്ചു.

ഇന്ത്യ സ്വതന്ത്രമായതോടെ 1948 ജൂലൈ 17 ന് കേശവമേനോൻ വീണ്ടും നാട്ടിൽ മടങ്ങിയെത്തി. തിരിച്ചെത്തിയ അദ്ദേഹത്തെ മാതൃഭൂമി വിളിച്ചു.

ഡയറക്ടർ ബോർഡ് അഭ്യർത്ഥിച്ചതനുസരിച്ച്

1948 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം വീണ്ടും പത്രാധിപസ്ഥാനം ഏറ്റെടുത്തു.


1951ൽ  പ്രധാനമന്ത്രി *ജവഹർലാൽ നെഹ്റു* അദ്ദേഹത്തെ *ശ്രീലങ്കയിലെ*

ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയോഗിച്ചു. രണ്ട് വർഷത്തിനുശേഷം  പദവി രാജിവെച്ച് 

1952 സെപ്റ്റംബർ ആറിന് കേശവമേനോൻ വീണ്ടും നാട്ടിലേക്ക് മടങ്ങി.

മാതൃഭൂമി പത്രാധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അർബുദം ബാധിച്ച് ഭാര്യ

1954 ൽ മരിച്ചു.

ഇന്ത്യ സ്വതന്ത്രമായെങ്കിലും കേരളം മൂന്നായി മുറിഞ്ഞ് കിടന്നു. മലബാറും കൊച്ചിയും തിരുവിതാംകൂറും. ഐക്യകേരളം എന്നതായിരുന്നു കേശവമേനോന്റെ സ്വപ്നം. 1919 മുതൽ അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയമായിരുന്നു അത്. അതിനുവേണ്ടി മാതൃഭൂമിയിൽ മുഖപ്രസംഗങ്ങൾ അദ്ദേഹം എഴുതിയിരുന്നു.

1949 ൽ പാലക്കാട്,

ഐക്യകേരളസമിതി സമ്മേളിച്ചു.

നിവേദനങ്ങളുടേയും സമ്മർദ്ദങ്ങളുടേയും ഫലമായി 1956 നവംബർ 1ന്

കേരള സംസ്ഥാനം 

രൂപം കൊണ്ടു. ആ ദിവസം എറണാകുളത്ത് ചേർന്ന ഐക്യകേരള സമ്മേളനത്തിലെ അധ്യക്ഷൻ കേശവമേനോൻ ആയിരുന്നു. 1954 മുതൽ മേനോന്റെ

കാഴ്ചശക്തി നശിക്കാൻ തുടങ്ങിയിരുന്നു.

1959 ൽ ലണ്ടനിൽ നടത്തിയ നേത്രശസ്ത്രക്രിയ പരാജയപ്പെട്ടതോടെ അദ്ദേഹം പൂർണമായും അന്ധനായി.

അന്ധതയിലെ

ഉൾ വെളിച്ചവുമായാണ് അദ്ദേഹം

മാതൃഭൂമിയെ നയിച്ചതും നിരവധി ഗ്രന്ഥങ്ങൾ എഴുതിയതും.

1966 ൽ *പത്മഭൂഷൺ*  നൽകി.    

1978 നവംബർ ഒമ്പതിന് അദ്ദേഹം കോഴിക്കോട് അന്തരിച്ചു.


എഴുത്തുകാരൻ എന്ന നിലയിൽ ഉന്നതമായ വ്യക്തിത്വമുണ്ട് കേശവമേനോന്. 

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ  

*ലാലാ ലജ്പത്റായിയുടെ* ജീവചരിത്രം എഴുതിക്കൊണ്ടാണ് സാഹിത്യരംഗത്ത് അദ്ദേഹം പ്രവേശിക്കുന്നത്.

*കഴിഞ്ഞ കാലം* എന്ന ആത്മകഥയ്ക്ക്

കേന്ദ്രസാഹിത്യ അക്കാദമി അവാർഡും

*രാഷ്ട്രപിതാവ്* എന്ന ജീവചരിത്രത്തിന് 

കേരളസാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിനു ലഭിച്ചു.

മാതൃഭൂമിയിൽ എഴുതിയ

*നാം മുന്നോട്ട്* എന്ന പത്രപംക്തി, മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട 

പത്രപംക്തിയായിരുന്നു.

സമകാലിക ചിന്താധാരകൾ പങ്ക് വയ്ക്കുകയും ഒരു കാരണവരെപ്പോലെ, ഋഷിയെപ്പോലെ, ഉപദേശവും മാർഗദർശനവും തരികയും ചെയ്തിരുന്ന നാം മുന്നോട്ട് എന്ന ലേഖനസമാഹാരങ്ങൾ

പുസ്തകരൂപത്തിൽ അഞ്ച് വാള്യമായിമായി മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എക്കാലത്തും പ്രസക്തമായ വിചാരധാരകളോട്

കൂടിയ മഹത്തരമായ

ഉള്ളടക്കമാണ്

പുസ്തകത്തിൽ

ദർശിക്കുക.

"സമകാലീനരായ ചില കേരളീയർ,"(രണ്ടുഭാഗം) 

"ഭൂതവും ഭാവിയും,"

"പ്രഭാതദീപം," 

"ദ ഗ്രേറ്റ് ട്രയൽ," "വിജയത്തിലേക്ക്," "എബ്രഹാംലിങ്കൺ,"

"നവഭാരത ശില്പികൾ," "ജവഹർലാൽ നെഹ്റു," "യേശുദേവൻ," 

"ദാനഭൂമി,"

"അസ്തമനം," (ചെറുകഥ)

"ഗോപാലകൃഷ്ണ ഗോഖലെ,"

"ബാലഗംഗാധര തിലകൻ,"   

"ആലി സഹോദരന്മാർ," "മഹാത്മാ," (നാടകം)

എന്നിവയാണ് കേശവമേനോന്റെ കൃതികൾ.


നാടുവാഴി പ്രഭുത്വത്തിന്റെ  അന്തരീക്ഷത്തിൽ ജനിച്ച് സകലസൗഭാഗ്യങ്ങളും അനുഗ്രഹിച്ച ചുറ്റുപാടിൽ വളർന്ന്

സ്വാതന്ത്ര്യ പോരാളികളുടെ

യാതനാനിർഭരമായ ജീവിതം സ്വയം തിരഞ്ഞെടുത്ത്

ജീവിതത്തിന്റെ  ഓരോനിമിഷവും  ജനസേവനത്തിനായി ഉഴിഞ്ഞ് വച്ച മഹത് വ്യക്തിയാണ് കേശവമേനോൻ.

വൈക്കം സത്യാഗ്രഹമടക്കം  കോൺഗ്രസിന്റെ സമരങ്ങളിലെല്ലാം 

നായകസ്ഥാനം വഹിച്ചെങ്കിലും ഒരിക്കലും അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടി ശ്രമിച്ചിട്ടില്ല. പകരം ജനങ്ങളിൽ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും പകരുന്ന ചിന്തകൾ 

പങ്ക് വയ്ക്കാനാണ് 

അദ്ദേഹം ഔത്സുക്യം കാട്ടിയത്.

സാമൂഹികമായ ഉപദേശ സംഹിതയെ സ്വന്തം നിലയ്ക്ക് ഒരു സാഹിത്യപ്രസ്ഥാനമായി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ജീവിത സായാഹ്നത്തിൽ അന്ധനായെങ്കിലും 

ഭക്ഷണത്തോടുള്ള പ്രിയം  കുറഞ്ഞിരുന്നില്ല.

ഉറ്റവരായ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും  ജന്മദിനങ്ങളും 

വിവാഹ വാർഷികങ്ങളും പ്രത്യേകം ഓർമ്മിച്ച് ആശംസകൾ അറിയിക്കുകയും 

ഉച്ചയൂണിന് പങ്കെടുക്കുകയും 

ചെയ്യുക അദ്ദേഹത്തിന് വലിയ

താല്പര്യമുള്ള കാര്യമായിരുന്നു.

ഒരു മകനും നാല് പെൺമക്കളുമായിരുന്നു മേനോന്റെ സന്താനങ്ങൾ.

പ്രശസ്ത പിന്നണി ഗായകനായിരുന്ന 

*കെപി ഉദയഭാനു* അനന്തിരവനാണ്.


മാതൃഭൂമിയുടെ പത്രാധിപത്യം,

ലഘുവായ ചില ഇടവേളകളൊഴിച്ച് 

ദീർഘമായ 55 വർഷങ്ങളോളം

വഹിച്ചതിനുപരി അദ്ദേഹത്തെ ശ്രേഷ്ഠനാക്കുന്നത്,  

കാലം അടയാളപ്പെടുത്തിയ

ഉയർന്ന മൂല്യങ്ങൾ അടങ്ങിയ

അനേകം ഗ്രന്ഥങ്ങളുടെ 

രചയിതാവായിട്ടാണോ?

അതോ അതിൽനിന്നെല്ലാമുപരി

*സത്യം, സമത്വം, സ്വാതന്ത്ര്യം.*

മുതലായ മുദ്രാവാക്യങ്ങളിലൂടെ 

മാനവനെ 

പ്രബുദ്ധനാക്കാനായി

തുനിഞ്ഞതിനോ?


കൂട്ടുകാർ മറുപടി പറയുക.


*കെ.ബി. ഷാജി. നെടുമങ്ങാട്‌.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ