Jan_01_1989/ജി.ശങ്കരപിള്ള

*"ദുര്യോധനന്റെ ഉരുള",*
*"ദുര്യോധനന്റെ ഉരുള."*

*സബർമതി ദൂരെയാണ്*
എന്ന ഏകാങ്കത്തിലെ
മാധവൻ എന്ന കഥാപാത്രത്തിന്റെ ക്ഷോഭം തുടിക്കുന്ന വാചകങ്ങൾ.
1980-81 കാലഘടത്തിൽ
പ്രീഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥികൾക്ക്
മലയാള പുസ്തകത്തിൽ പഠിക്കുവാനുണ്ടായിരുന്ന നാടകവും.
നാട്ടിലെ ധനികനായ
ഒരാദർശധീരൻ സമ്പത്ത് തുല്യമായി രണ്ട് പുത്രന്മാർക്ക് ഭാഗിക്കുന്നു.
സദ്ഗുണ സമ്പന്നനായ ജ്യേഷ്ഠൻ ധർമ്മകർമ്മങ്ങളിലൂടെയും
നാട്ട്കാര്യങ്ങൾക്കുമായി
സ്വത്ത് നശിപ്പിക്കുന്നു.
അനുജൻ കുത്സിത മാർഗ്ഗങ്ങളിലും അപരനെ ദ്രോഹിച്ചും വലിയൊരു
പ്രഭുവാകുന്നു.
കിഴക്കൻ ബംഗാളത്തിലെ
*നവഖലിയിൽ*  സ്വാതന്ത്ര്യപ്പുലരി ദർശിച്ച
മഹാത്മജിയുടെ ത്യാഗപൂർണ്ണമായ അഹിംസാ സിദ്ധാന്തത്തിന്റെ കാതലായ സന്ദേശങ്ങളെ സാമൂഹ്യകഥയുമായി കൂട്ടിയോജിപ്പിക്കുകയാണ്
നാടകകൃത്ത്.

കോമാളിത്തരമാണ്
നാടകമെന്ന ധാരണ പുലർത്തിയ പ്രഹസനങ്ങളും സംസ്കൃതനാടകങ്ങളെ കണ്ണുമടച്ച് അനുകരിക്കുന്ന "കോപ്പി നാടകങ്ങളും" സംഗീതവും നാടകവുമില്ലാത്ത സംഗീതനാടകങ്ങളും
അരങ്ങ്തകർത്തിരുന്ന മലയാള നാടകവേദിയിലേക്ക്
തനത് നാടകമെന്ന്
പുതുസങ്കേതവുമായി കടന്നുവന്ന പ്രതിഭാശാലിയാണ് 
*ജി ശങ്കരപ്പിള്ള*
അക്കാലത്തെ നാടകങ്ങൾ കണ്ട് സങ്കുചിതമായിപ്പോയ സംവേദനശീലമായിക്കഴിയുന്ന മലയാളിപ്രേക്ഷകനെ പുതിയ സംവേദനത്തിന്റെ
ആഘാതചികിത്സയിലൂടെ ഉണർത്തിയെടുക്കുകയെന്ന മഹത്തായ കൃത്യമാണ് ശങ്കരപ്പിള്ള തന്റെ നാടകങ്ങളിലൂടെ യാഥാർഥ്യമാക്കിയത്.
അദ്ദേഹത്തിന്റെ  സംഭാവനയായ
*നാടകക്കളരിപ്രസ്ഥാനം* കടുത്ത എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ്
കരുത്താർജ്ജിച്ചത്.
കമേഴ്സ്യൽ നാടകക്കാരിൽ നിന്നായിരുന്നു എതിർപ്പുകൾ അധികവും നേരിടേണ്ടിവന്നത്. എന്നാൽ അവയെ അതിജീവിച്ച് അദ്ദേഹം നാടകത്തിന്റെ ധീരമായ ഒരു മുന്നേറ്റം തന്നെ നടത്തി.
അന്ന് പരിഹസിച്ചവർക്ക്  പോലും എഴുപതുകളിൽ കച്ചവടനാടകങ്ങൾക്ക് വേണ്ടി
നാടക ക്യാമ്പുകൾ നടത്തേണ്ടിവന്നു. എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം.

*തിരുവനന്തപുരം* ജില്ലയിൽ *ചിറയിൻകീഴ്* താലൂക്കിൽ നാലുതട്ട് വിളവിൽ ഒറ്റവീട്ടിൽ _ഗോപാലപിള്ളയുടെയും_
മുട്ടയ്ക്കാല്  _ലക്ഷ്മിയമ്മയുടെയും_ മകനായി 1930 ജൂൺ 22 നാണ് ജി ശങ്കരപ്പിള്ള ജനിച്ചത്. കൊല്ലത്ത് പ്രൈമറി വിദ്യാഭ്യാസവും ചിറയിൻകീഴിലും ആറ്റിങ്ങലും തിരുവനന്തപുരത്തുമായി
ഉപരി വിദ്യാഭ്യാസവും പൂർത്തിയാക്കി.
മലയാളസാഹിത്യം പ്രധാന വിഷയമായി 1952 ൽ ഒന്നാം റാങ്കോടെ ഓണേഴ്സ് ബിരുദം നേടി, അതിനുശേഷം കോളേജ് അധ്യാപകനായി രണ്ടുവർഷം *പത്തനംതിട്ടയിൽ* ജോലിനോക്കി. അപ്പോഴാണ് അദ്ദേഹത്തിന് ഗവേഷണ താല്പര്യം ഉണ്ടായത്.
1954 ൽ കേരള സർവ്വകലാശാലയിൽ
നാടോടിപ്പാട്ടുകളെക്കുറിച്ച് ഗവേഷണം നടത്തി.
1957 ൽ അധ്യാപകവൃത്തി *മധുരയിലെ*
_ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിലായി._
1961 മുതൽ ലെക്സിക്കൻ ഓഫീസിലും പ്രവർത്തിച്ചു. 1964 മുതൽ *ശാസ്താംകോട്ട*
_ദേവസ്വംബോർഡ്_ കോളേജിൽ അധ്യാപകനായി. *കോഴിക്കോട്* സർവ്വകലാശാലയുടെ
*സ്കൂൾ ഓഫ് ഡ്രാമയുടെ* സ്ഥാപകനും അതിന്റെ ഡയറക്ടറുമായി
ജോലിനോക്കിയ ശങ്കരപ്പിള്ള പിന്നീട് *മഹാത്മാഗാന്ധി* സർവ്വകലാശാലയുടെ
"സ്കൂൾ ഓഫ് ലെറ്റേഴ്സ്ല" ഡയറക്ടറായി. ഇതിനിടെ 1980 ൽ *തൃശ്ശൂരിൽ* നടത്തിയ "രംഗചേതനയുടെ" *രക്ഷാധികാരി*
_നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ_ ഭരണസമിതി അംഗം, കേരളസംഗീതനാടക_ _അക്കാദമി_ ചെയർമാൻ
എന്നീനിലകളിൽ
പ്രവർത്തിച്ച അദ്ദേഹം അവിവാഹിതനായിരുന്നു.

ധീരമായ നാടക പരീക്ഷണങ്ങൾ നടത്തിയ നാടകകൃത്ത് എന്ന നിലയ്ക്കാണ് മലയാള നാടക ചരിത്രത്തിൽ ശങ്കരപ്പിള്ളയുടെ പ്രസക്തി. നാടകരചന, അവതരണം, രംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു, നാളിതുവരെയുള്ള നാടകരീതിയെ പ്രതിരോധിച്ച് നവീനമായ സംവേദനശീലം പകരുന്ന നാടകങ്ങൾ എഴുതി അവതരിപ്പിച്ച അദ്ദേഹം പരീക്ഷണനാടകവേദിയിൽ
*എൻ കൃഷ്ണപിള്ള*
*സിജെ. തോമസ്* എന്നിവരോടൊപ്പം നിലയുറപ്പിച്ചു. നാടകത്തിനു
വേണ്ടി സ്വജീവിതംതന്നെ അദ്ദേഹം സമർപ്പിച്ചു.
അമേരിക്കയിലെയും യൂറോപ്പിലെയും
വർത്തമാനകാല
നാടകമുന്നേറ്റങ്ങളെ സവിസ്തരം അപഗ്രഥിച്ച് മനസ്സിലാക്കിയാണ്
മലയാളനാടകവേദിയെ
തനത് സങ്കൽപ്പങ്ങളുമായി അദ്ദേഹം അടുപ്പിച്ചത്.
1953 ൽ പ്രസിദ്ധീകരിച്ച *സ്നേഹദൂതൻ* എന്ന
ആദ്യരചനയിൽ മുതൽ ഈ ശ്രമങ്ങളുടെ പൊരികൾ ദർശിക്കാം,

എൻ. കൃഷ്ണപിള്ളയും
സിജെ. തോമസും
*പുളിമാന പരമേശ്വരൻപിള്ളയും* മലയാളിക്ക്
പാശ്ചാത്യനാടകസാഹിത്യത്തെ പരിചയപ്പെടുത്തിയെങ്കിലും രംഗപാഠത്തിന്റെ ഗൗരവമാർന്ന സാന്നിധ്യം ഇല്ലാതിരുന്നത് മൂലം അവ ദീർഘായുസ്സായില്ല. ഗൗരവമുള്ള പരിശീലനം നാടക മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് കണ്ടെത്തലിന്റെ പരിണിതഫലമാണ് പില്ക്കാലത്ത് കേരളത്തിൽ വേരോടിയ
നാടകക്കളരിപ്രസ്ഥാനം. രംഗപാഠത്തെക്കുറിച്ചുള്ള കൂട്ടായ ചർച്ചയ്ക്കും പഠനത്തിനും വഴിയൊരുക്കിയ നാടകക്കളരികൾക്ക് നേതൃത്വം നൽകിയത് ശങ്കരപ്പിള്ളയാണ്.
അദ്ദേഹത്തിന് പിന്തുണ നൽകിക്കൊണ്ട്
*കെ അയ്യപ്പപ്പണിക്കർ,*
*സിഎൻ. ശ്രീകണ്ഠൻനായർ,* *എം.ഗോവിന്ദൻ* എന്നിവർ കൂടെയുണ്ടായിരുന്നതും വിസ്മരിക്കുക വയ്യ.
നാടകപ്രേമികൾക്ക് ശരിയായ നാടകാവബോധം നൽകുക എന്നതായിരുന്നു
നാടകക്കളരികളുടെ
പ്രധാനലക്ഷ്യം.
"നാടകകളരി ഒരു സംഘടനയല്ല, സ്ഥാപനമല്ല, ഒരു അന്വേഷണമാണ്."
ജി ശങ്കരപ്പിള്ള കളരികളെ ഇങ്ങനെ വിശദീകരിക്കുന്നു.

ശാസ്താംകോട്ട
ദേവസ്വംബോർഡ് കോളേജിൽ അധ്യാപകനായിരിക്കെ
1962 ൽ ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ അവിടെ ആദ്യത്തെ നാടകക്കളരി നടന്നു. അദ്ദേഹത്തോടൊപ്പം സിഎൻ. ശ്രീകണ്ഠൻനായർ, *ഡോക്ടർ കെ.അയ്യപ്പപ്പണിക്കർ* *കടമ്മനിട്ട രാമകൃഷ്ണൻ*
*പികെ വേണുക്കുട്ടൻനായർ* എന്നിവരും കളരിയുടെ സംഘാടകനായിരുന്നു.
1961ൽ *മദ്രാസ്സിൽ*
എം ഗോവിന്ദനും,
1965 ൽ *കോട്ടയത്ത്*
 സിഎൻ. ശ്രീകണ്ഠൻനായരും നടത്തിയ നാടകസെമിനാറുകളാണ് യഥാർത്ഥത്തിൽ നാടകക്കളരി പ്രസ്ഥാനത്തിന്റെ ബീജാവാപം നടത്തിയത്.
ശാസ്താംകോട്ടയെ തുടർന്ന് രണ്ടാമത്തെ നാടകക്കളരി *കൂത്താട്ടുകുളത്ത്* നടന്നു.
സിജെ സ്മാരക സമിതിയായിരുന്നു സംഘാടകർ. സിജെയുടെ *ക്രൈം* നാടകവും
*ആ മനുഷ്യൻ നീ തന്നെയും* ഈ കളരിയിൽ അവതരിപ്പിക്കപ്പെട്ടു. മൂന്നാമത്തെ കളരി
1969 ൽ നെയ്യാറ്റിൻകരയ്ക്കടുത്ത്
*ധനുവച്ചപുരത്ത്* നടന്നപ്പോൾ പുളിമാനയുടെ *സമത്വവാദി* നാടകം അവതരിപ്പിച്ചു.
നാലാംകളരി
*എംകെകെ. നായരുടെ* നേതൃത്വത്തിൽ *ഫാക്ടിലാണ്* നടന്നത്.
ശങ്കരപ്പിള്ളയുടെ ആഗ്രഹമനുസരിച്ചുള്ള വളർച്ച നാടകപ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിനുശേഷം നാടകക്കളരികളെ ഗൗരവത്തോടെ കാണുന്ന പ്രവർത്തകർ കുറഞ്ഞതും
ഈ മുന്നേറ്റത്തിന് തടസ്സമായി.
രംഗകലകളുടെ അഭ്യാസം ക്ലാസ്സ് മുറികളിലല്ല  രംഗവേദിയിലാണ് നടക്കേണ്ടത് എന്നവാദം അന്നുമുതലേ എതിർപക്ഷം  ഉന്നയിച്ചിരുന്നു. എങ്കിലും ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ നടന്ന
നാടകസംവാദങ്ങൾ, നാടകവേദിക്ക് പുതുജീവൻ നൽകി എന്നതിൽ രണ്ട് പക്ഷമില്ല. ശങ്കരപ്പിള്ള,
കേരളസംഗീതനാടക അക്കാദമി ചെയർമാനായിരുന്നപ്പോൾ അക്കാദമി തന്നെ
നാടകക്കളരികൾ
നടത്തുകയുണ്ടായി.
ഈ കളരികളിൽ പങ്കെടുത്തവർക്ക് നാടകാവതരണത്തെപ്പറ്റി
പുതിയ അവബോധം ജനിപ്പിക്കാനായെന്ന് അദ്ദേഹം
തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നാടകക്കളരിയുടെ സംഘാടകൻ എന്ന നിലയിൽ മാത്രമല്ല നാടകാവതരണത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. സ്വന്തം നാടകങ്ങൾ അവതരിപ്പിക്കുന്നതിനു വേണ്ടി *പ്രസാധനാ തിയേറ്റർ* എന്ന സംഘടന അദ്ദേഹം രൂപീകരിച്ചു. സ്നേഹദൂതൻ എന്ന നാടകവുമായാണ് ശങ്കരപ്പിള്ള രംഗത്ത് ആദ്യമെത്തുന്നത്. *ശ്രീബുദ്ധന്റെ* കഥ ഒരു
ഏകാങ്കത്തിൽ, സമർത്ഥമായി ഒരുക്കുന്ന പരീക്ഷണ നാടകമായിരുന്നു അത്. ശങ്കരപ്പിള്ളയുടെ അസാധാരണമായ
ശില്പസാമർത്ഥ്യം ആ നാടകം വെളിവാക്കി.
1958 ൽ _വിവാഹം സ്വർഗ്ഗത്തിൽത്തിൽ നടക്കുന്നു_ എന്ന കൃതി രചിച്ചു.
തുടർന്ന് കിരാതം,
ഭരതവാക്യം, രക്ഷാപുരുഷൻ,
തിരുമ്പിവന്താൻ തമ്പി എന്നീ നാടകങ്ങൾ കൂടി പുറത്തുവന്നതോടെ ശങ്കരപ്പിള്ളയെന്ന എന്ന നാടകകൃത്ത് 
ശ്രദ്ധാകേന്ദ്രമായി.
അന്നുവരെയുണ്ടായ നാടകങ്ങളെ ആമൂലാഗ്രം
പൊളിച്ചെഴുതിയ രചനകളായി
അവ.
അവതരണത്തിലും നവംനവങ്ങളായ പരീക്ഷണങ്ങൾ അദ്ദേഹം
പ്രയോഗിച്ചു.
ജീവിതത്തിന്റെ ഒരുഭാഗം രംഗത്തെത്തിച്ചാൽ നാടകമായി എന്ന മുൻധാരണയെ അദ്ദേഹം തന്റെ നാടകങ്ങളിലൂടെ വെല്ലുവിളിച്ചു. ശങ്കരപ്പിള്ളയുടെ ശ്രദ്ധേയമായ മറ്റ് നാടകങ്ങത്രേ
മൃഗതൃഷ്ണ,
ശരശയനം,
പൊയ്മുഖങ്ങൾ,
കഴുകന്മാർ,
വിലങ്ങും വീണയും,
പേ പിടിച്ച ലോകം,
കറുത്ത ദൈവത്തെ തേടി, പൂജാമുറി,
റെയിൽപ്പാളങ്ങൾ തുടങ്ങിയവ.
*ധർമ്മക്ഷേത്രേ കുരുക്ഷേത്രേ* എന്ന നാടകം _മഹാഭാരതത്തിലെ_ തുടിപ്പാർന്ന ഭാഗങ്ങളുടെ പുനരാവിഷ്കരണമാണ്. അദ്ദേഹം പലപ്പോഴായി രചിച്ച ഏകാങ്ക നാടകങ്ങൾ
"അഞ്ച് ഏകാങ്കങ്ങൾ" എന്ന പേരിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്. *കളിത്തട്ട്* എന്ന പേരിൽ അദ്ദേഹത്തിന്റേതായി പാശ്ചാത്യനാടക പരിഭാഷയുമുണ്ടായിട്ടുണ്ട്.

*മലയാളനാടകസാഹിത്യ ചരിത്രം* എന്ന കൃതിയാണ് ശങ്കരപ്പിള്ളയുടെ മറ്റൊരു അമൂല്യ സംഭാവന.
മലയാള
നാടകസാഹിത്യത്തിന്റെ
ഒരാധികാരിക ചരിത്രമാണ് ഈ ഗ്രന്ഥം. പ്രസ്ഥാനങ്ങൾക്കും അവയുടെ ചരിത്രപരമായ വികാസ കഥകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു രചനാരീതിയാണിതിൽ.
ഒമ്പത് ഭാഗങ്ങളിലായി നാടകത്തിന്റെ  വികാസപരിണാമങ്ങളെ ക്രമാനുഗതമായി ചിത്രീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ  അനുബന്ധമായി രണ്ട് ലേഖനങ്ങൾ കൂടിയുണ്ട്. സമകാലിക ഭാരതീയ
നാടകവേദിയെക്കുറിച്ചും ഏകാങ്കനാടകത്തെക്കുറിച്ചും ഇതിന് പുറമേ നാടകവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവ *നാടകദർശനം* എന്ന പേരിൽ സമാഹരിച്ച് പുറത്തിറക്കിയിട്ടുണ്ട് കേരളത്തിലെ അമെച്വർ നാടകസംഘങ്ങൾക്കും  കലാലയ നാടകവേദിക്കും ശങ്കരപ്പിള്ളയുടെ കൃതികൾ വലിയ സംഭാവനയാണ് നൽകിയത്. കേന്ദ്രസംഗീതനാടക അക്കാദമിയുടെയും
കേരളസാഹിത്യ   അക്കാദമിയുടെയും പുരസ്കാരങ്ങൾ ശങ്കരപ്പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്. 1989 ജനുവരി 1 ന്
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായിരിക്കെ
തിരുവനന്തപുരത്ത് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
1989 പുതുവർഷത്തിൽ ചിറയിൻകീഴിനുണ്ടായ ആദ്യ
നഷ്ടമായിരുന്നു പിള്ളയുടെ യാത്ര.
അതേവർഷം
ജനുവരി 16 ന്
ലോകപ്രശസ്തനായ മറ്റൊരു *മനുഷ്യനായ നടന്റെ* യാത്രയും.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ