Jun_11_2008/ പാലാ നാരായണൻ നായർ
*കണ്ണുകൾ*
*നിറംമങ്ങിക്കാതുകൾ* *കേളാതായി*
*പണ്ഡിതൻ മഹാകവി*
*വാണിതക്കുഗ്രാമത്തിൽ*
ഒമ്പതാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൽ *പാലാ
നാരായണൻനായരുടെ* _പൗർണ്ണമി_ എന്ന കവിതാസമാഹാരത്തിൽ നിന്നെടുത്ത *ഹിരണ്യമേവാർജ്ജയ* എന്ന കവിതയിലെ
ആദ്യത്തെവരികളാണ് മേലുദ്ധരിച്ചത്. സംസ്കൃത മഹാകവിയായ *മാഘന്റെ*
ജീവിതവുമായി ബന്ധപ്പെട്ട ഒരു സത്യമായിരുന്നു കവിത.
*വൃക്ഷമൂലത്തിൽ കവി ചത്തിരിക്കുന്നു* എന്ന വരി, ക്ലാസ്സിൽ പഠിച്ചപ്പോൾത്തന്നെ മനസ്സ് വിഷമിച്ചിരുന്നു.
"പാലായുടെ" കവിതകൾ വ്യാപകമായി പാഠപുസ്തകങ്ങളിൽ അക്ഷരലക്ഷം നേടാൻ വിദ്യാർത്ഥികൾക്ക് സിദ്ധിച്ചിരുന്നില്ല എന്നാണ് തോന്നുന്നത്.
കാവ്യ ജീവിതത്തിന്റെ അടിത്തറ കലാബോധത്തിന്റെയും മാനവിക സ്നേഹത്തിന്റെയും ഹൃദയതാളമാണ് എന്ന് നിരന്തരം നമ്മെ ഓർമ്മിപ്പിച്ച
കവി. ആന്തരിക യാഥാർത്ഥ്യത്തിന്റെ ചിത്രങ്ങൾ വിതാനിച്ച് പ്രകൃതിയിലെ
സമസ്തഭാവങ്ങളെയും കാല്പനികതയിലൂടെ ആവാഹിച്ച് അനുവാചകരെ വിസ്മയിപ്പിച്ച എത്രയോ കവിതകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നുവീണു.
1978 മുതൽ *വൈക്കം*
_ടിവി പുരത്തുള്ള_ പുത്തൻവീട്ടിൽ മഠത്തിൽ കാവ്യസപര്യയുമായി ജീവിച്ചു _പാലാ.._
തന്റെ അന്ത്യകാലംവരെ ഇടത്താവളമാക്കിയ പുത്തൻവീട്ടിലേയ്ക്കുള്ള വഴി ചരിത്രത്തിലേക്കുള്ള സാക്ഷ്യപ്പെടുത്തലുകൾ കൂടിയാണ്.
കാവ്യാനുരാഗചേതനയെ ആത്മദർശനപരമായ പദാവലികളാൽ ചാരുതയോടെ ഇഴചേർത്ത്
സ്നേഹത്തിന്റെ ശുദ്ധസംഗീതമാക്കിയ പല രചനകളുടെയും ഉറവിടം _പുത്തൻവീട്ടിൽ_ നിന്നായിരുന്നു.
കാലഘട്ടങ്ങളുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ്
സൗന്ദര്യാത്മകതയും ഉണർവ്വും സമന്വയിപ്പിച്ച സൃഷ്ടികൾ അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ
ഉൾത്തുടിപ്പുകളായിരുന്നു.
കർമ്മപഥങ്ങളിലൂടെ അക്ഷരങ്ങളുടെ വാതായനങ്ങൾക്ക് മുന്നിൽ _പാലാ_ ജീവിതംകൊണ്ട് തെളിയിച്ച കൈത്തിരിയുടെ പ്രകാശം _പുത്തൻവീട്ടിന്_ ചുറ്റും ഇപ്പോഴും അണയാതെ നില്ക്കുന്നു.
_പുത്തൻവീട്ടിൽ_ വന്നെത്തുന്ന അന്വേഷകർക്ക് നേർത്ത അലയൊലികളായ് ആ കാവ്യ മധുരിമ ഇപ്പോഴും കേൾക്കാം.
പ്രകൃതിയോടിണങ്ങി സ്വാത്തികമായൊരു ലളിതമായ
ജീവിതശൈലിയായിരുന്നു പാലായുടേത്.
നമ്മുടെ ധീക്ഷണയ്ക്ക് അതീതമായ സൃഷ്ടികളുടെ ഒരദൃശമായ സന്തുലനം പ്രാപഞ്ചികതയിൽ താളനിബിദ്ധമായി ചലിക്കുന്നുവെന്നു _പാലാ_
ഉറച്ചു വിശ്വസിച്ചു.
അതുകൊണ്ട്തന്നെ അതിന്റെ സ്ഥൂലവും സൂക്ഷ്മവുമായ പ്രകമ്പനങ്ങളെല്ലാംതന്നെ കാവ്യാത്മകതയുടെ സമതലത്തിലൂടെ വിഘ്നമില്ലാതെ ഒഴുകുകയായിരുന്നു.
സമുചിതവും മനോഹാരിതവുമായ സർഗാത്മകതയിലേയ്ക്ക്
ആത്മദൃഷ്ടി തുറക്കുന്നവർക്ക് _പാലായുടെ_ കവിതകളുടെ അനശ്വര സൗന്ദര്യം ദർശിക്കാനാകുന്നു.
മലയാളത്തിലെ മഹാകവികളുടെ പരമ്പരയിലെ അംഗമാണ് *പാലാ നാരായണൻനായർ.*
പ്രകൃതിയും വേദാന്തവും സാമൂഹ്യ ജീവിതത്തിൻ്റെ
നിഴൽവഴികളും കവിതയിലൂടെ ദൃശ്യവൽക്കരിച്ചു _പാലാ._
തന്റെ കാവ്യദർശനങ്ങളിലൂടെ
കേരളീയ ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങളെയും
ഗ്രാമ്യതയേയും പകർത്തിവച്ചു അദ്ദേഹം.
_പുഴപോലെ ഒഴുകുന്ന കവിത_ എന്നാണ് നിരൂപകർ അദ്ദേഹത്തിന്റെ വരികളെ
പേരിട്ട് വിളിച്ചത്.
ആക്രോശങ്ങളും ബഹളങ്ങളുമില്ലാത്ത കാവ്യരീതിയായിരുന്നു _പാലായുടേത്._
കേരളീയ ഭാവങ്ങൾ
നിറഞ്ഞുനിന്ന കവിതകളിലൂടെ
മലയാള സാഹിത്യത്തെ പുഷ്ക്കലമാക്കിയ മഹാകവിയായിരുന്നു അദ്ദേഹം..
നൈർമ്മല്യത്തിന്റെയും തീഷ്ണതയുടേയും സ്നേഹഗാഥകളുടെയും പൂക്കളൊരുക്കിയാണ് _പാലാ നാരായണൻനായർ_ അടയാളപ്പെട്ടത്.
കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന് ഓർമ്മപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതിൽ ജാഗരൂകനായിരുന്നു അദ്ദേഹം.
ആധുനിക കവിത്രയത്തിലൂടെ വ്യത്യസ്തധാരകളായി നിറഞ്ഞും കുറുകിയുമൊഴുകിയ മലയാള കവിതയിൽ *ആ നിഴൽ* എന്ന ആദ്യകവിതയിലൂടെ *പാലാ*
തന്റേതായ ഒരിടം എഴുതിച്ചേർത്തിരുന്നു.
തെളിനീരിന്റെ ശുദ്ധിയും ആർദ്രതയുടെ പച്ചപ്പും നിറഞ്ഞ _പാലായുടെ_ കാവ്യലോകം കേരളീയ പ്രകൃതിയും "മീനച്ചിലാറ്റിന്റെ" സംഗീതവും കോമളപദാവലിയിൽ അനുഭവപ്പെടുത്തി.
വനഭംഗിപോലെ മനശുദ്ധിയും നമ്മുടെ കവിതയിൽ
ചേർത്തുവയ്ക്കുന്നതിൽ
ഈ കവി പ്രകടിപ്പിച്ച ആവേശം മധുരോദാരമായ കവിതകളുടെ പൂക്കാലം വിതച്ചു.
പ്രകൃതിയിൽനിന്നും മനുഷ്യന് വേറിട്ടൊരസ്തിത്വമില്ലെന്ന്
_പാലാ_ വിശ്വസിച്ചു.
ജീവിതത്തിന്റെ കയറ്റിറക്കങ്ങളും
കലങ്ങലും തെളിയലുമെല്ലാം ആഴക്കാഴ്ചയോടെ അവതരിപ്പിച്ച _പാലാ_ എപ്പോഴും ചെറിയ ചെറിയ പ്രശ്നങ്ങൾ വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുന്നതിൽ അതീവ ശ്രദ്ധപുലർത്തി. അദ്ദേഹത്തിന്റെ കവനകല വേറിട്ടുനിർത്തുന്ന ഒരു ഘടകവുമാണിത്.
കൊച്ചുകൊച്ചു ദുഖങ്ങളുടെ ഉപാസകനായിരിക്കുമ്പോഴും
വേദാന്ത ദർശനത്തിലേക്കും സമകാലിക സാമൂഹിക ജീവിതത്തിലേയ്ക്കും
ദേശീയസമരങ്ങളിലേയ്ക്കും
അദ്ദേഹം മനസ്സ് ചേർത്തുവച്ചിട്ടുണ്ട്.
ഖണ്ഡകാവ്യങ്ങളും ലഘുഗീതത്തിന്റെ മലയാള കാവ്യരേഖയിൽ ശക്തമായ സാന്നിദ്ധ്യമായിട്ടും മഹാകാവ്യ കല്പനകളോട് ആഭിമുഖ്യം പുലർത്താനും _പാലാ_
മറന്നില്ല.
*പൊന്നണിയിക്കപ്പെട്ട സുന്ദരി* എന്ന് _പാലായുടെ_ കവിതയെ
*മഹാകവി വള്ളത്തോൾ* വിശേഷിപ്പിച്ചതും മറ്റൊന്നല്ല.
പതിനേഴാം വയസ്സിൽ കവിതയെഴുതിത്തുടങ്ങിയ ഈ കവി ഗ്രാമത്തിന്റെ മഹത്വവും മനുഷ്യത്വത്തിന്റെ തളിർപ്പും പ്രകൃതിലാളനയും
കമനീയമായി വരച്ചുചേർത്തു.
ഈ കവി പാരമ്പര്യത്തിന്റെ
ഊറ്റവും നവഭാവുകത്വത്തിന്റെ അകമെഴുത്തും നിരവധി കുതികളിലൂടെ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഭാരതീയ സംസ്കൃതിയും
വിശാലമായ ജീവിതാവബോധവും
ഇഴചേർത്ത് വാക്കിന്റെ ജാലകത്തിലൂടെ മാനുഷികതയുടെ ഈടുവയ്പ്പുകൾ കോർത്തെടുത്ത് വായനക്കാരെ വെളിച്ചത്തിന്റെ അനന്തതയിലേയ്ക്ക്
നടത്തിക്കുകയായിരുന്നു.
പലതീരങ്ങളെ സ്പർശിച്ച് പതഞ്ഞൊഴുകിയ നദി പോലെയായിരുന്നു അദ്ദേഹത്തിന്റെ കർമ്മരംഗം.
യുദ്ധത്തിൽ പങ്കെടുത്ത മഹാകവി എന്ന വിശേഷണവും _പാലായ്ക്ക്_ സ്വന്തം.
കാല്പനികതയുടെ ശീതളിമയും മഹാകാവ്യ പാരമ്പര്യത്തിന്റെ ഓജസ്സും ഒത്തിണങ്ങിയ കവനഭാവുകത്വമായിരുന്നു _പാലായുടെ_ ശൈലി.
പ്രതിപാദ്യവിഷയത്തിന്റെ സവിസ്തര വർണ്ണനയിലായിരുന്നു
അദ്ദേഹത്തിന് താല്പര്യം.
ഈ രീതി ഗഹനമായ കവിതയുടെ ചാലിൽ നിന്നും ചില സന്ദർഭത്തിലെങ്കിലും പാലായുടെ കവിതയെ മാറ്റി നിർത്തിയിട്ടുണ്ട്.
*മഹാകാവ്യം മിഴിയടച്ചു.*
എൺപതുവർഷം നീണ്ട
കാവ്യഭംഗികളുടെ ആ പുസ്തകമടഞ്ഞു. _മാതൃഭൂമിയിൽ_ മഹാകവിയുടെ ചരമവാർത്താ തലക്കെട്ട് ഇതായിരുന്നു.
പശ്ചിമഘട്ടത്തെയും കടന്ന് മലയാള ഭാഷയെ
വിശാലമാക്കിയ *മഹാകവി പാലാ നാരായണൻനായർ* 2008 ജൂൺ 11 ന് *കടുത്തുരുത്തി* _മുട്ടുചിറയിലെ_
സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
1928 മുതൽ
രണ്ടാഴ്ചയ്ക്ക്മുമ്പുവരെ അദ്ദേഹം കവിതകൾ കുറിച്ചിരുന്നു.
അദ്ദേഹത്തിന്റെ മരണത്തോടെ മലയാള സാഹിത്യത്തിലെ ഒരു കാലഘട്ടമാണ് മിഴിയടയ്ക്കുന്നത്.
1911 ഡിസംബർ 11 ന് കീപ്പള്ളിൽ
_ശങ്കരൻനായരുടേയും_ പുലിയന്നൂർ പുത്തൂർവീട്ടിൽ _പാർവ്വതിയമ്മയുടേയും_ മകനായി അദ്ദേഹം *കോട്ടയം* ജില്ലയിലെ "പാലായിൽ"' ജനിച്ചു.
*ചങ്ങമ്പുഴയും വൈലോപ്പിള്ളിയും* ജനിച്ച അതേവർഷം എന്ന
പ്രത്യേകതയും _പാലായുടെ_ ജനനകാലത്തിനുണ്ട്.
കുടിപ്പള്ളിക്കുടം
അധ്യാപകനായിരുന്ന പിതാവിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം
_പാലാ വി.എം സ്കൂൾ_, _സെന്റ് തോമസ് സ്കൂൾ_ എന്നിവിടങ്ങളിൽ നിന്നും ഉപരിപഠനവും നേടി. അധ്യാപകനും കണക്കെഴുത്തുകാരനും പട്ടാളക്കാരനുമായി ജീവിച്ചു.
1943 ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും *ബർമ്മയിലും* ജീവിച്ചു.
തിരിച്ചെത്തി _തിരുവിതാംകൂർ സർവ്വകലാശാലയിൽ_ പ്രസിദ്ധികരണ വിഭാഗത്തിലെ
ഉദ്യോഗസ്ഥനായി.
1956 ൽ കേരള സർവ്വകലാശാലയിൽ നിന്ന്
എംഎ റാങ്കോടെ പാസ്സായി.
1957 ൽ
_കേരളസാഹിത്യ _അക്കാദമിയുടെ_ ആദ്യത്തെ അസിസ്റ്റന്റ് സെക്രട്ടറിയായി.
1959 ൽ കേരള സർവ്വകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു.1965 ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.
1968 ൽ വിരമിച്ചു.
അതിനുശേഷം
_പാലാ_ "അൽഫോൺസാ കോളേജിലെ" മലയാളം പ്രൊഫസ്സറായിരുന്നു
1972 വരെ.
നന്മനിറഞ്ഞ ഒരായുഷ്ക്കാല ജീവിതത്തിന്റെ ലളിത സുന്ദരമായ ആഖ്യാനമാണ് *പാലാ നാരായണൻനായർ അമൃതകലയുടെ കവി*
എന്ന ജീവചരിത്രം.
ശ്രീ _സജീവ് കൃഷ്ണനാണ്_ എഴുതിയത്.
ഒരു ഞായറാഴ്ച മഹാകവിയുമായി നടന്ന ആദ്യത്തെ കണ്ട്മുട്ടലിന്
ശേഷമുള്ള അദ്ദേഹത്തോടൊപ്പമുള്ള യാത്ര ഹൃദയസ്പർശിയായ രീതിയിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വലിയ കാലത്തിന്റെ കണ്ണാടി പോലെയായിരുന്നു
പാലാ സാർ എന്ന് വായിച്ച് പോകുമ്പോൾ നാമറിയും.
മലയാളിക്ക് മറക്കാനാകാത്ത
സഹ്യപർവ്വതസാനുക്കളുടെ ഹരിതഭംഗിയുള്ള സാധാരണ മനുഷ്യരുടെ ജീവിതനോവുകളാണ് കവിയുടേതെന്ന് ഗ്രന്ഥകർത്താവ് വിലയിരുത്തുന്നു.
ദുരിതവും ദുഖവും നിറഞ്ഞ സംഘർഷ ഭൂമിയിലൂടെ കടന്നു വന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും അറിയുമ്പോൾ ഒരു പക്ഷേ അധികമാർക്കും അറിഞ്ഞ്കൂടാത്ത അനുഭവങ്ങളാണ് നിന്ന് തിളയ്ക്കുന്നത്.
ഓരോ സാധാരണക്കാരനോടും പറയാൻ പച്ചമണ്ണിന്റെ ഗന്ധമുള്ള വിശേഷങ്ങളും കവിതകളും കവിയ്ക്കുണ്ടായിരുന്നുവെന്ന വലിയ നന്മയും ആ ഓർമ്മകൾ പങ്കുവയ്ക്കുന്നു.
യൗവ്വനത്തിന്റെ വികാരത്തിളപ്പുകളെ ജീവിത പ്രാരാബ്ധങ്ങളുടെ പുകച്ചുരുൾകൊണ്ട് മറച്ച് അധ്യാപകനായി ജോലി ചെയ്ത കാലത്തെക്കുറിച്ചുള്ള
ഹൃദയംതൊടുന്ന നൊമ്പരങ്ങളുമുണ്ട്.
*ഹിന്ദൂവും മുസൽമാനും കൃസ്ത്യനും' യഹൂദനും*
*ഒന്നുപോൽ* *പുലരുന്നിതെത്രയോ ശതാബ്ധമായ്*
43 ഓളം കൃതികൾ.
ചെറുകവിതകളായി ആയിരത്തിൽപ്പരം രചനകൾ വേറെയും.
*കേരളം വളരുന്നു* എന്ന എട്ട് വാല്യങ്ങളുള്ള കൃതിയാണ് 1953 ൽ അദ്ദേഹത്തിന് മഹാകവി പട്ടം ചാർത്തിക്കൊടുത്തത്.
കേരളത്തിന്റെ അതിർത്തികൾ,
മതസൗഹാർദം,
സാംസ്ക്കാരികത്തനിമ,
ഐതിഹ്യങ്ങൾ എന്നിവ വിളിച്ചോതുന്ന ഉത്കൃഷ്ട കൃതിയാണ് _കേരളം വളരുന്നു._
ശ്രാവണസംഗീതം
സാഹിത്യഗുണത്താൽ
പ്രശംസനേടി.
*വിളക്ക് കൊളുത്തു* എന്ന കൃതിയാണ്
കേരളസാഹിത്യഅക്കാദമി പുരസ്ക്കാരം നേടിയത്.
അത്യധികം നിരൂപക പ്രശംസ നേടിയ *അമൃതകലയും* എടുത്ത് പറയേണ്ടതാണ്.
1956 ൽ _എൻ. ശങ്കരൻനായർ_ സംവിധാനം ചെയ്ത *അവരുണരുന്നു* എന്ന ചിത്രത്തിലെ 13 ഗാനങ്ങളിൽ 11 ഉം രചിച്ചത്
_നാരായണൻനായരായിരുന്നു._ ഇതിൽ *വയലാർ* രചിച്ച ഗാനങ്ങൾ പോപ്പുലറായി.
*അടിമ, പടക്കളം* എന്നീ കൃതികൾ അദ്ദേഹം
പട്ടാളബാരക്കുകളിൽ ജീവിച്ച കാലത്ത് രചിച്ചതാണ്.
12 സർഗ്ഗങ്ങളുള്ള *ഗാന്ധിഭാരതം* മഹാത്മാവിന്റെ ജീവചരിത്രവും ദേശസ്നേഹവും വിളിച്ചോതുന്ന ഖണ്ഡകാവ്യമാണ്.
*കസ്തൂർബാ ഗാന്ധിയെ* സംബന്ധിച്ചെഴുതിയ കവിത പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്
ലഭിച്ച പുരസ്ക്കാരങ്ങൾ നിരവധിയാണ്.
1991 ൽ ആദ്യത്തെ *വള്ളത്തോൾ* സമ്മാനവും,
2000 ൽ *എഴുത്തച്ഛൻ*
പുരസ്ക്കാരവും ലഭിച്ചു.
ഭാര്യ _സുഭദ്രക്കുട്ടിയമ്മ._
മക്കൾ _ശ്രീദേവി, സുധാദേവി, ശ്രീകുമാർ, സനൽകുമാർ_.
*"ഭൂവിലില്ലിതിൻ മീതെയായൊരു* *ഭൂവിഭാഗവും കാണുവാൻ*
*വാനിലമ്പിളി പോലെയുണ്ടൊരു*
*തേനുലാവിന ഭാഷയും.""*
*കെബി.ഷാജി. നെടുമങ്ങാട്.*
9947025309.
Comments
Post a Comment