June_15_1949/ ഉള്ളൂർ

*പരാനപേക്ഷം പ്രാണിക്കമരാൻ*
*പഴുതില്ലൊരിടത്തും,*
*പരൻ പുമാനും പ്രകൃതിസഹായൻ*
*പ്രപഞ്ചഘടനത്തിൽ,*

മഹാകവി *ഉള്ളൂരിന്റെ* തത്വചിന്തയാണ്.
പരമപുരുഷന് പോലും പരസഹായമില്ലാതെ പ്രപഞ്ചത്തിൽ വർത്തിക്കാനാകില്ല.
"ഒരുത്തനായാലവനൊരുത്തി വേണമെന്ന്"" ശൂർപ്പണഖയോട് ശ്രീരാമൻ പറഞ്ഞതുപോലെ മാനവനായാലും തിര്യക്കുകൾക്കായാലും പ്രാണിപുഴുവർഗങ്ങൾക്കും സസ്യലതാതികൾക്കും അന്യോന്യം സഹവർത്തിത്തമുണ്ടായാലെ
ജീവിതം പൂരകമാകൂ.
*പ്രേമസംഗീതം* പത്താം ക്ലാസ്സിലെ 
മലയാള പുസ്തകത്തിൽ ആവേശത്തോടെ പാടിപ്പഠിച്ച 
ആ കവിതയിലെ വരികളിലെ തത്വചിന്തയും വിശ്വമാനവികതയും ലോകവീക്ഷണവും 
അന്വർത്ഥമാകുന്നത് 
ഉൾക്കൊള്ളാൻ മർത്ത്യർ ഇനിയും തുടങ്ങിയിട്ടില്ല.
 
*പ്രാവേ പ്രാവേ പോകരുതേ*
*വാ വാ കൂട്ടിനകത്താക്കാം.*
*പാലും പഴവും പോരെങ്കിൽ,*
*ചോറും കറിയും ഞാൻ നല്കാം*

പഴയ രണ്ടാംക്ലാസ്സിലാണെന്ന് തോന്നുന്നു 
*പ്രാവും കുട്ടിയും* 
എന്ന ചെറിയൊരു 
_ഉള്ളൂർക്കവിത_ വായിച്ചതിന്റെ സൗന്ദര്യം വിതറുന്ന ഓർമ്മകളാണ് മഹാകവിയെക്കുറിച്ചുള്ള ചെറിയ അനുസ്മരണം തയ്യാറാക്കാൻ സന്തോഷമേകുന്നത്.

എഴുത്തുകാരൻ എന്ന നിലയിൽ ഒരത്ഭുതമാണ് മഹാകവി  
*ഉള്ളൂർ എസ്സ് പരമേശ്വരയ്യർ.*
ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതയിൽ *കുമാരനാശാൻ വള്ളത്തോൾ നാരായാണമേനോൻ* എന്നിവർക്കൊപ്പം യുഗസ്രഷ്ടാവായി നില്ക്കുന്ന ഉള്ളൂർ തികഞ്ഞ പാണ്ഡിത്യത്തിന്റെ ഉറവിടവുമായിരുന്നു.
ഗവേഷണം ചെയ്തു കണ്ടെത്തിയ
നിരവധി പ്രാചീന കൃതികൾ അദ്ദേഹത്തിന്റെ പണ്ഡിത വ്യക്തിത്വത്തിന്റെയും 
ഭാഷാസേവനത്തിന്റെയും മതിയായ തെളിവുകളാണ്.
ഉയർന്ന ഔദ്യോഗിക പദവികൾ വഹിക്കുന്നതിനിടയിലായിരുന്നു കവിതയിലും വൈജ്ഞാനിക മേഖലയിലും 
തുല്യ പ്രാഭവത്തോടെ 
ഉള്ളൂർ പ്രവർത്തിച്ചത്.
ദാരിദ്ര്യത്തിൽനിന്ന് തികഞ്ഞ ഇച്ഛാശക്തിയോടെ അറിവിന്റെ പടവുകൾ കയറിയാണ്
*ഉജ്ജ്വലശബ്ദാഢ്യനെന്ന*
വിശേഷണം നേടിയ ഉള്ളൂർ മലയാള സാഹിത്യത്തിലെ യശസ്തംഭങ്ങളിലൊരാളായി മാറിയത്.

*"ചിത്രപതംഗമെ നിന്നെക്കണ്ടെൻ*
*ചിത്തം തുടിച്ചുയരുന്നു."*   

പുതിയ ലിപി പരിഷ്ക്കരണത്തിന്ശേഷം നാലാംക്ലാസ്സിൽ പഠിക്കാനായി ഇറക്കിയ പുതിയ
മലയാളപുസ്തകം  കൈയിൽ കിട്ടുമ്പോൾ 
സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു.  മഹാകവിയുടെ *തപ്തഹൃദയം* എന്ന  സമാഹാരത്തിൽ നിന്നാണ് ചിത്രശലഭത്തെ പ്രകീർത്തിക്കുന്ന മേല്പറഞ്ഞ കവിത പഠിച്ചത്. 
*പൂമ്പാറ്റയോട്* എന്നായിരുന്നു പാഠത്തിന്റെ പേര്.
""വാർമഴവില്ലിന്റെ സത്താൽ
നാന്മുഖൻ നിൻമെയ് ചമച്ചോ?"" 
എന്നാണ് പൂമ്പാറ്റയോട് ബാലിക മൊഴിയുന്നത്. 
ഒരു  പെൺകുട്ടി നൃത്തം ചെയ്യുന്നതും പൂമ്പാറ്റ പാറിപ്പോകുന്നതുമായ ചിത്രവും ഉണ്ടായിരുന്നു.

കവിത്രയത്തിൽമാത്രം ഒതുങ്ങി നില്ക്കുന്നില്ല ഉള്ളൂരിന്റെ സംപൂജ്യമായ സാഹിത്യസപര്യ. മലയാളത്തിലെ ഏറ്റവും ആരാധ്യനായ 
സാഹിത്യചരിത്രകാരൻ കൂടിയാണ് അദ്ദേഹം.
*വിജ്ഞാനദീപിക* തുടങ്ങിയ ഉപന്യാസസമാഹാരങ്ങളിൽ
ചേർത്തിട്ടുള്ള സാഹിത്യനിരൂപണങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഒരു ജംഗമവിജ്ഞാനകോശം എന്ന പേരിന് അദ്ദേഹത്തെ അർഹനാക്കിത്തീർക്കുന്നു.
*കേരള സാഹിത്യചരിത്രം* എന്ന ബൃഹത് ഗ്രന്ഥം ഉള്ളൂരിന്റെ പരന്ന വായനയ്ക്കും നിറഞ്ഞ പാണ്ഡിത്യത്തിനും അക്ഷീണമായ പ്രയത്നാശീലത്തിന് 
ഉത്തമനിദർശനമാണ്.
ആഴക്കയങ്ങളിൽ ഏറെക്കാലം മുങ്ങിത്തപ്പിയെടുത്ത മുത്തുമണികൾ ആ കർമ്മയോഗി ഒരു രത്നപേടകത്തിലാക്കി കൈരളിക്ക് കാഴ്ചവച്ചു.
അഞ്ച് വോള്യമായാണ് പുസ്തകത്തിന്റെ ഘടന.
1945 വരെയുള്ള  മലയാള
സാഹിത്യനായകന്മാരുടെ ചരിത്രവും കൃതികളും വിശദമായി പ്രതിപാദിക്കുന്നു.

*ഓമനേ നീയുറങ്ങെൻ മിഴിവണ്ടിണ*
*ത്തുമലർത്തേൻകുഴമ്പെന്റെ തങ്കം*

*കിരണാവലി* എന്ന കവിതാസമാഹാരത്തിൽ നിന്നും ആറാംക്ലാസ്സിലെ  ആദ്യത്തെപാഠം
*ഓമനേ നീയുറങ്ങ്* എന്ന പേരിലുള്ള താരാട്ട് പാട്ടാണ്.
എത്ര മനോഹരമാണ് ആ കവിത.!!
""ആണിപ്പൊൻ ചെപ്പിനകത്തു വിലസിടും
മാണിക്കക്കല്ലിനുടപ്പിറപ്പേ?""
ഇങ്ങിനെയാണ് വരികളവസാനിക്കുന്നത്.

1877 ജൂൺ 5 ന്  *ചങ്ങനാശേരിയിലാണ്* _ഉള്ളൂർ_ ജനിച്ചത്.
തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ _സുബ്രമണ്യയ്യരായിരുന്നു_ പിതാവ്‌. 
_സാംബശിവൻ_ എന്നാണ് ബാല്യത്തിൽ അച്ഛനമ്മമാർ പേരിട്ടതെങ്കിലും _പരമേശ്വരൻ_ എന്ന വിളിപ്പേരാണ് ഉറച്ചത്.
അധ്യാപകനായിരുന്ന പിതാവിൽനിന്നുമാണ് സംസ്കൃതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.
ബാലന്റെ,13 വയസ്സിൽ പിതാവ് യാത്രയായി. 
കുടുംബഭാരം പരമേശ്വരന്റെ ചുമലിൽ. 
ആ ദരിദ്രകുടുംബം _തിരുവനന്തപുരത്തെ_ ഉള്ളൂരിലെ പിതാവിന്റെ തറവാട്ടുവീട്ടിൽ സ്ഥിരതാമസമായി.
വളരെയധികം ക്ലേശങ്ങൾ സഹിച്ചും ദാരിദ്ര്യത്തോട് നിരന്തരം ഏറ്റ് മുട്ടിയും പഠനം തുടർന്നു. _തത്വശാസ്ത്രത്തിൽ_ ഒന്നാംക്ലാസ്സോടെ _ബി.എ_ പാസ്സായി.
കുറച്ചുകാലം 
അധ്യാപനവ്യത്തിയിലേർപ്പെട്ടു.
സഹാദ്ധ്യപകനായിരുന്ന സംസ്കൃതപണ്ഡിതൻ *ഗണപതിശാസ്ത്രിയുടെ* അടുക്കൽനിന്നും
ആ ഭാഷയിൽ പ്രാവീണ്യം നേടി. തുടർന്ന് സെൻസസ്സ് വകുപ്പിൽ ക്ലാർക്കായി ഉദ്യോഗം ലഭിച്ചു.
ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ത്തന്നെ അദ്ദേഹത്തിന് _ബിഎൽ, എംഎ_ പരീക്ഷകൾ പാസ്സാകാൻ കഴിഞ്ഞു.
ഹെഡ് ക്ലാർക്ക് പദവിയിലിരിക്കുമ്പോൾ അക്കാലത്ത് സെൻസസ്സ് റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്.
ഇതിന്റെ മലയാള പരിഭാഷയും നിർവ്വഹിച്ചു.

*ദക്ഷിണേന്ത്യയിലെ ജാതികളും വർഗ്ഗങ്ങളും* എന്ന ഗ്രന്ഥത്തിന് വേണ്ട വിവരങ്ങൾ ശേഖരിച്ചു കൊടുക്കുവാൻ അദ്ദേഹം നിയുക്തനായി.
തുടർന്ന് തക്കലയ്ക്കടുത്ത *പത്മനാഭപുരം* 
ഡിവിഷനിൽ ശിരസ്താരായി താല്ക്കാലിക നിയമനം.
അക്കാലത്ത് തിരുവിതാംകൂർ
പട്ടാളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് *ദിവാൻ മാധവറാവുവിന്റെ* ആവശ്യപ്രകാരം തയ്യാറാക്കിക്കൊടുത്ത പ്രബന്ധം ദിവാൻജിയുടെ സവിശേഷ ശ്രദ്ധയ്ക്ക് പാത്രമായി.
അങ്ങനെയാണ് ഹജൂരിൽ(സെക്രട്ടറിയേറ്റ്)
ഹെഡ് ക്ലാർക്കായി നിയമനം ലഭിച്ചത്. 
ഉദ്യോഗക്കയറ്റം കിട്ടി _കൊട്ടാരക്കര_ തഹസീൽദാരായിരിക്കുമ്പോഴാണ് *പന്തളം കേരളവർമ്മ* എന്ന മഹാനുഭാവനെ ഉള്ളൂർ നേരിട്ട് പരിചയപ്പെടുന്നത്.
ആ പരിചയം ഒരായുഷ്ക്കാല മൈത്രിബന്ധത്തിന്റെ തുടക്കമായിരുന്നു. തമ്പുരാന്റെ മരണംവരെ 
ആ സൗഹാർദ്ദം നീണ്ടുനിന്നു.
പിന്നീട് ഹജൂരിൽ 
അസിസ്റ്റന്റ് സെക്രട്ടറിയായി. തുടർന്നുള്ള
12 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ദിവാൻജിയുടെ പ്രൈവറ്റ് സെക്രട്ടറി, 
മ്യൂസിയം ഡയറക്ടർ, 
ഗവ സെക്രട്ടറി, 
മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ ക്യൂറേറ്റർ,
ആക്ടിംഗ് ചീഫ് സെക്രട്ടറി,
ദിവാൻ പേഷ്ക്കാർ എന്നീ പദവികൾ വഹിച്ചു.

""മഹാഭാരതം"" മഹാകവിയെ ഏറെ സ്വാധീനിച്ച ഗ്രന്ഥമായിരുന്നു. പലകുറി വായിക്കുകയും പഠിക്കുകയും ചെയ്ത ലോകത്തിെലെ ഏറ്റവും വലിയ കാവ്യത്തിലെ അനശ്വരനായ കഥാപാത്രം കർണ്ണനെ അടർത്തിയെടുത്ത് മലയാളിക്ക് ഭൂഷണമാക്കി.
*കർണ്ണഭൂഷണം* എന്ന മികവാർന്ന ഖണ്ഡകാവ്യത്തിൽ  അത്യുത്തമമായി  അന്തർഭവിക്കുന്നത് പവിത്രമായ മാതൃപുത്ര 
ബന്ധത്തിന്റെ നിർവൃതിയുടെ സുഖം തന്നെ.

*കേരളവർമ്മ വലിയ കോയിത്തമ്പുരാൻ* മഹാകവിക്ക് ഗുരുവായിരുന്നു.
തിരുവനന്തപുരത്ത് ഭാഷാപോഷിണിയുടെ ആറാം സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കിടയിലാണ് കോയിത്തമ്പുരാനെ പരിചയപ്പെടുന്നത്.
ആ പരിചയം ക്രമേണ വളർന്ന് അവരെ ഗുരുശിഷ്യബന്ധത്തിലെത്തിച്ചു. പിന്നീടുള്ള 
സാഹിത്യപരമായ പ്രവർത്തനങ്ങളിലെല്ലാം തമ്പുരാനോടൊത്ത് പ്രവർത്തിക്കുക എന്നത് മഹാകവി തന്റെ കർത്തവ്യമായിക്കരുതി.

വിരമിച്ചതിന് ശേഷം 
ക്ഷേത്രപ്രവേശനക്കമ്മിറ്റിയിൽ മെംബറായിരിക്കെ അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട്  അധകൃതോന്നമന മനസ്ഥിതിക്ക് മതിയായ തെളിവാണ്. 
ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അദ്ദേഹത്തിന്റെ നിലപാടിൽ പ്രതിക്ഷേധിച്ച് തിരുവനന്തപുരത്തെ യാഥാസ്ഥിതിക ബ്രാഹ്മണർ ഒത്തുചേർന്ന് അദ്ദേഹത്തെ സമുദായത്തിൽ നിന്നും ബഹിഷ്ക്കരിച്ചു. 

*""അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം*
*അടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ""*

മഹാകാവ്യ രചന നിർവ്വഹിക്കാതെ കവികളെ  മഹാകവിയെന്ന് വിശേഷിപ്പിക്കുന്നതിൽ കുറച്ച് അനൗചിത്യം ഇല്ലാതെയില്ല.
*ആശാൻ*   ഇതിനൊരപവാദമാണ്. *ചിത്രയോഗമാണ്* _വള്ളത്തോളിന്റെ_ മഹാകാവ്യം.
ആ കുറവ് നികത്താനല്ല  *ഉമാകേരളം* എന്ന ബൃഹത്തായ കാവ്യരചനയ്ക്ക്
കവിക്ക് പ്രചോദനമുണ്ടായത്.
വേണാട്ടരചന്മാരുടെ 
കുലമഹിമ ചരിത്രാന്വേഷകനായ ഉള്ളൂരിൽ ചിരപ്രതിഷ്ഠിതമാകുന്ന തരത്തിലുള്ള കാവ്യം ചമയ്ക്കാൻ ശക്തി കൈവന്നു.
19 സർഗ്ഗങ്ങളിലായി മണിപ്രവാളത്തിൽ ദ്വിതിയാക്ഷരപ്രാസഘടനയിൽ വിരചിതമായ മഹാകാവ്യം ഭാഷയ്ക്ക് ലഭിച്ച മണിമുത്താണ്.
വിവർത്തന ലഭ്യതയില്ലാതെ സാധാരണ വായനക്കാർക്ക് ഗ്രന്ഥം മനസിലാക്കുക വിഷമമാണ്.

തിരുവനന്തപുരം
_പാളയം_
""പബ്ളിക്  ലൈബ്രറി"" മന്ദിരത്തിന് മുന്നിൽ മഹാകവിയുടെ പൂർണകായ വെങ്കലപ്രതിമ തലയെടുപ്പോടെ നില്ക്കുന്നത് ആ വഴി സഞ്ചരിക്കുന്നവർക്ക് കാണാനാവും. _മഹാകവി,_ ലൈബ്രറിയിലെ സായാഹ്ന സന്ദർശകനായിരുന്നു.
*പൊറ്റക്കാട്*
""ഒരു ദേശത്തിന്റെ കഥ""  എന്ന നോവലിൽ തെല്ല് ഈർഷ്യയോടെ പറയുന്നുണ്ട്, 
കവിത്രയങ്ങളിൽ രണ്ടുപേരേയും തിരുവിതാംകൂർകാർ  അടിച്ചെടുത്തെന്ന്.!!

*ജഗതിയിലുള്ള*
""ശാരദാനികേതനം"" എന്ന മന്ദിരത്തിലാണ് മഹാകവി
വളരെക്കാലം പാർത്തത്.
സ്വന്തം സഹോദരൻ _കൃഷ്ണയ്യർ_ അകാലത്തിൽ യാത്രയായത്  കവിയെ വളരെ ദുഖത്തിലാക്കി.
ആദ്യഭാര്യയും രണ്ട് സന്താനങ്ങളെ ഏല്പിച്ചു വിടപറഞ്ഞു. രണ്ടാമത്തെ വേളിയിലും അഞ്ച് മക്കൾ പിറന്നു. അവരും നേരത്തേ മൃത്യുപൂകി.
കുടുംബാംഗങ്ങളിൽ പലരുടെയും ശാരീരികാസൗഖ്യങ്ങൾ തുടങ്ങി പലതരത്തിലുള്ള ദുഖങ്ങൾ നിരന്തരം പീഡിപ്പിച്ചുവെങ്കിലും ഇവയൊന്നും അദ്ദേഹത്തിന്റെ കർത്തവ്യനിരതമായ ജീവിതത്തെ തളർത്തിയില്ല.
സാഹിത്യചരിത്രം കൈയെഴുത്ത് പ്രതി പൂർത്തിയായി ഏതാനം ദിവസങ്ങൾക്കകം
1949 ജൂൺ 15 ന് ഈ മണ്ണിൽ നിന്നും അദ്ദേഹം വിടപറഞ്ഞു.

മഹാകവിയുടെ സ്മരണ നിലനിറുത്തുന്നതിന് ജഗതിയിൽ സ്മാരക മന്ദിരം.
സാഹിത്യചരിത്രത്തിന്റെ കൈയെഴുത്തു പ്രതി മന്ദിരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
1976-77 കാലഘട്ടത്തിൽ
എട്ടാം തരക്കാർക്ക്
മലയാളം ഉപപാഠപുസ്തകമായത്
മഹാകവിയുടെ
സമ്പൂർണ്ണ ജീവചരിത്രം
വളരെ ലളിതമായി
*വീരമണി* എന്നൊരു
സാഹിത്യകുതുകിയുടെ
അന്വേഷണത്തിൽ
തെളിഞ്ഞുറഞ്ഞതും
പരമാനന്ദമാണ്
പ്രദാനം ചെയ്തത്.

_പ്രേമസംഗീതത്തിൽ_ അദ്ദേഹം വീണ്ടും ഇങ്ങനെ പാടുന്നു.

_""വേഷമെനിക്കെന്തെന്ന്_ _വിധിപ്പത് വിഭോ, ഭവച്ചിത്തം_.
_വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം""_. .

എന്നാൽ വർത്തമാനകാലത്ത് മർത്യരുടെ ആട്ടം വേഷമനുസരിച്ചല്ലല്ലോ??

*കെ. ബി. ഷാജി. നെടുമങ്ങാട്.*

Comments

  1. പ്രണാമം
    മഹാകവിക്കും
    ഈ എഴുത്തിനും

    ReplyDelete

Post a Comment

Popular posts from this blog

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള