*മാർത്താണ്ഡദേവന്റെ മഹാ കുലത്തിൽ,*
*കീർത്തിപ്രതിഷ്ഠാപകനാം മഹാത്മാ,*
*മായാവിലാസത്തെ വഹിച്ച ദിവ്യ -*
*ശ്രീരാമദേവൻ വിജയിച്ചിടേണം.*
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത
മഹാകാവ്യം
*രാമചന്ദ്രവിലാസം* ആരംഭിക്കുന്നത് മേല്പറഞ്ഞ വരികളിലാണ്.
മഹാകാവ്യം എന്ന പേരിൽ അർഹിക്കുന്ന ഒരു കാവ്യം
മലയാളഭാഷയിൽ ആദ്യമായി
ഉണ്ടായത്
രാമചന്ദ്രവിലാസമാണെന്ന്
ഇതിന്റെ അവതാരികയിൽ
*എആർ രാജരാജവർമ്മ*
പരാമർശിക്കുന്നു.
1907 ലാണ് ഈ കൃതി പ്രകാശിതമായത്.
21സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാവാക്യവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം. രാമായണ കഥയിലെ ഒരംശവും വിടാതെയാണ് *അഴകത്ത് പത്മനാഭക്കുറുപ്പ്* ഈ
മഹാകാവ്യം രചിച്ചിരിക്കുന്നത്.
*അറിവുടയവർ നല്ലപോലെ നോക്കി,*
*കൂറവൂരചെയ്കിലുമല്ലലില്ലതെല്ലും.*
*അരിയ മണികൾ ചാണയിൽ തെളിഞ്ഞേ,*
*പെരിയവിലയ്ക്കത്*
*യോഗ്യമായ് ഭവിപ്പൂ,*
"അഴകത്ത് പത്മനാഭക്കുറുപ്പ് അവർകളുടെ നാമധേയം ആധുനിക കവികളുടെ കൂട്ടത്തിൽ ഭാഷാഭിമാനികൾക്ക് അപരിചിതമായിരിപ്പാനിടയില്ല. ഇദ്ദേഹം ആദ്യ കാലത്ത് *മനോരമ* പംക്തികളിൽ കടന്ന് കോലാഹലം ചെയ്തുകൊണ്ടിരുന്ന
ബാലകവികുഞ്ജരന്മാരിൽ അഗ്രഗണ്യസ്ഥാനം വഹിച്ചിരുന്ന ഒരാളാകുന്നു.
ദുർഭരമായ കുടുംബഭാരം ദുസ്ത്യജമാം വിധത്തിൽ ദൈവഗത്യാ ശിരസ്സിൽ വന്നുവീണതിൽ പിന്നെ ഇദ്ദേഹം പത്രപംക്തികളിൽ ഏറെ പ്രവേശിച്ച് കാണാറില്ല."
"രാമചന്ദ്രവിലാസം" എന്ന
മഹാകാവ്യത്തിന്
_എആർ തിരുമേനി_ എഴുതിക്കൊടുത്ത
അവതാരികയുടെ
അഹങ്കാരബുദ്ധികൂടാതെയുള്ള തുടക്കം മേൽപ്പറഞ്ഞ
പ്രകാരമായിരുന്നു.
കവിയും, നന്ദിസൂചകമായി അവതാരിക കഴിഞ്ഞുള്ള
പുറത്തിൽ താഴെക്കാണുന്ന രീതിയിൽ കുറിച്ചു.
*കേരളപാണിനീയം,* *ഭാഷാഭൂഷണം,* *വൃത്തമഞ്ജരി*
മുതലായ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഭാഷയുടെ അസ്ഥിവാരമുറപ്പിച്ചിട്ടുള്ള
_എആർ രാജരാജവർമ്മ_ എംഎ, എആർഎസ്,
കൊച്ചുകോയിത്തമ്പുരാൻ തിരുമനസ്സിലെ അവതാരികയ്ക്ക് പുറമേ
ഈ പുസ്തകത്തിന് ഒരു മുഖവുരയുടെ ആവശ്യം
ഇപ്പോഴില്ലെങ്കിലും
ഈ ഗ്രന്ഥത്തിന്റെ ഇതുവരെയുള്ള വാസ്തവമായ ചരിത്രത്തെ മഹാജനങ്ങളെ ഒന്ന് ധരിപ്പിക്കേണ്ടതായ ചുമതലമാത്രം എന്നെച്ചേർന്നതാകയാൽ
ഈ ചെറിയ ഉപന്യാസം എഴുതാൻ സംഗതിയിതാണ്.
"ചോറ് നമുക്ക് ഒഴിച്ചുകൂടാത്ത ആഹാര പദാർത്ഥമായിരുന്നിട്ടും
അപ്പം,വടകം ആദിയായി അരിമാവ് കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവിശേഷങ്ങളിൽ
അന്യ രസങ്ങളുടെ ആസ്വാദ്യതയിൽ സ്വാഭാവികമായി ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരഭിരുചി ഉണ്ടാകാറുള്ളത്പോലെ _ഭഗവൽ കഥകളിൽ_ അപ്രധാനമല്ലാത്ത മിക്ക കേരളീയ ഹിന്ദുക്കൾക്കും കാണാപ്പാഠമായിത്തീർന്നിട്ടള്ളതുമായ രാമായണത്തെ വേഷംമാറി കാണുമ്പോൾ തൽക്കാലത്തേക്കെങ്കിലും മഹാജനങ്ങൾക്ക് ഒരു കൗതുകം തോന്നാതിരിക്കില്ല എന്നുള്ള വിശ്വാസവും, രാമായണം പതിവായി പാരായണം ചെയ്യാൻ തുടങ്ങിയതുമുതൽ
അതിന്മേൽ പിന്നെയും പിന്നെയും എനിക്കുള്ള പക്ഷപാതവും, ഭാഷയുടെ വളർച്ചയ്ക്കുവേണ്ടി ഇക്കാലത്ത് എല്ലാ
ഭാഷാഭിമാനികളും രാപ്പകൽ മുഷിഞ്ഞ് വരുമ്പോൾ ചാട്ടം പിഴച്ച് കൂട്ടം പിരിഞ്ഞ കുരങ്ങ് പോലെ ഞാൻ മാത്രം ഉദാസീനനായിരുന്നാൽ ഇത് മറ്റുള്ളവരെയും സ്വഭാഷയേയും ധിക്കരിച്ചതിന് സമമായ ഒരപരാധമായി
വരികയില്ലയോ എന്നുള്ള ശങ്കയും നിമിത്തം
_ഗുരുഭക്തി, ഐകമത്യം, വിനയം, ഭൂതദയ, സത്യനിഷ്ട_ മുതലായ വിശിഷ്ട ഗുണങ്ങൾക്ക് വിളനിലമായ *ശ്രീരാമായണത്തെ* പുതിയ സമ്പ്രദായത്തിൽ ഒരു മലയാളകാവ്യമായി
എഴുതിനോക്കാമെന്നുള്ളൊരുത്സാഹം തോന്നുകയാൽ കൃത്യാന്തരബാഹുല്യം,
ശരീരാസ്വാസ്ഥ്യം ഇതുകളാൽ പരാധീനനാണെങ്കിൽ
കുറെശ്ശെ അതിലേക്ക് ആരംഭിക്കുകയും
വിശ്രമസമയങ്ങളിൽ ചിലപ്പോൾ രാമചന്ദ്രവിലാസം എന്ന കാവ്യത്തിന്റെ പന്ഥാവിലൂടെ എന്റെ മനോരഥം മെല്ലെ നടത്തുകയും ചെയ്തു."
ആനന്ദാംബുധിയിൽ മുങ്ങിപ്പൊങ്ങിയപ്പോലെയുള്ള സർഗ്ഗസുഖമാർന്ന
മേൽ കുറിപ്പിലെ വാക്യങ്ങളിൽനിന്നും
ഇത്തരമൊരു കൃത്യത്തിനിറങ്ങിപ്പുറപ്പെട്ട
സൗവർണമിയന്ന ചിത്തത്തെ
വായനക്കാർ ബോധ്യപ്പെടേണ്ടതാണ്.
സാഹിത്യ നിരൂപകൻ,
_ഗുപ്തൻനായരുടെ_ വാക്കുകളാണ്.
1869 ഫെബ്രുവരിയിലാണ്
അഴകത്തെ _കൊച്ച്കുഞ്ഞമ്മയുടേയും_
_നാരായണൻ_ എന്ന തുളു
ബ്രാഹ്മണന്റേയും മകനായി
അഴകത്ത് പത്മനാഭക്കുറുപ്പ്
ജനിച്ചത്.
*കൊല്ലം* ജില്ലയിലെ *ചവറ*
തെക്കുംഭാഗത്തായിരുന്നു
അഴകത്ത് വീട്.
കുടുംബത്തിലെ
കാരണവർക്ക് തിരുവനന്തപുരം
*ശ്രീപത്മനാഭസ്വാമി* ക്ഷേത്രത്തിലെ എട്ടരയോഗത്തിൽ *ശ്രീകരണം*
സ്ഥാനമുണ്ടായിരുന്നു.
തിരുവിതാംകൂർ മഹാരാജാവിന്റെ
ഘോഷയാത്രകളിൽ
പടനായകസ്ഥാനവും
അഴകത്ത് കാരണവർക്കാണ്.
പത്മനാഭക്കുറുപ്പിന്റെ
അച്ഛൻ *പനയ്ക്കറ്റോടി*
ക്ഷേത്രത്തിലെ
മേൽശാന്തിയായിരുന്നു.
ആ ക്ഷേത്രത്തിലെ
ശാന്തിക്കാരനായിരുന്ന
മാലിഭാഗത്ത് തെക്കേമഠത്തിൽ പോറ്റിയാണ്
പത്മനാഭക്കുറുപ്പിനെ എഴുത്തിനിരുത്തിയത്. തുടർന്ന് പുതുവീട്ടിൽ പപ്പു ആശാൻ പതിനൊന്ന്
വയസ്സുവരെ പഠിപ്പിച്ചു. നിലത്തെഴുത്ത്. കണക്ക്, വാക്യം, പരൽപ്പേര്, തമിഴ്, തെക്കൻമലയാണ്മ,
ഗണിതവിദ്യകളായ കാലദീപം,
ജ്യാവ്, മുന്തിരിക്കണക്ക്, കുഴിപ്പെരുക്കം, സ്ഥാനപ്പെരുക്കം, കണക്കാധികാരം മുതലായവയും ജ്യോതിഷം, അമരകോശം, എന്നിവയും പഠിച്ചെന്ന് കവിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1880 ൽ ഇളയമ്മാവൻ
കരണാത്തക്കുറുപ്പുമായി പത്മനാഭക്കുറുപ്പ്, താമസം തിരുവനന്തപുരത്തേക്ക് മാറ്റി. അവിടെ ഫോർട്ട് ഇംഗ്ലീഷ് ഹൈസ്കൂളിൽ തുടർന്ന് പഠിച്ചു. അമ്മാവൻ താമസം
ചവറയിലേക്ക് മാറ്റിയതോടെ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കാനാവാതെ പത്മനാഭക്കുറുപ്പ് ചവറയിലെത്തി. പിന്നീട് കൃഷ്ണനാശാന്റെ കീഴിൽ സംസ്കൃതപഠനം തുടർന്നു. ഇടയ്ക്ക് കുടുബകാര്യങ്ങളിൽ
ശ്രദ്ധിക്കേണ്ടിയിരുന്നതിനാൽ
പഠനം മുടങ്ങിയെങ്കിലും
1892 ൽ അദ്ദേഹം തിരുവനന്തപുരത്തെ കരമന
കേശവശാസ്ത്രികളിൽനിന്ന് സംസ്കൃതവ്യാകരണവും ഒരു പഠാണി പണ്ഡിതനിൽനിന്ന് ഹിന്ദുസ്ഥാനിയും പഠിച്ചു.
*രാമായണങ്ങൾ പലവും കവിവര-*
*രാമോദമോട് പറഞ്ഞു കേൾപ്പുണ്ട് ഞാൻ.*
1894 ലാണ് പത്മനാഭക്കുറുപ്പ്
രാമചന്ദ്രവിലാസം എഴുതിത്തുടങ്ങിയത് അതിന് മുമ്പ് തന്നെ അദ്ദേഹം കവിയെന്ന് അറിയപ്പെട്ടിരുന്നു. പതിനേഴാമത്തെ വയസ്സിൽ സാഹിത്യജീവിതം ആരംഭിച്ച അദ്ദേഹം *മലയാള മനോരമ.*
*സുജനാനന്ദിനി,*
*കേരള പൗരാണികൻ,*
*ലക്ഷ്മീഭായി, വിദ്യാവിനോദിനി* തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു. തന്റെ തന്നെ പത്രാധിപത്യത്തിൽ കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന *മലയാളി* പത്രത്തിലാണ് ഖണ്ഡശ്ശയായി രാമചന്ദ്രവിലാസം മഹാകാവ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
കാവ്യരചനയ്ക്ക് മാതൃക _ഭോജചമ്പു_ ആണെങ്കിലും *അദ്ധ്യാത്മരാമായണം,* *രഘുവംശം,* നൈഷധം, ഭാരതചമ്പു
ആഗ്നേയപുരാണം എന്നിവയെയും പ്രമാണമായി മഹാകവി സ്വീകരിച്ചിട്ടുണ്ട്. രാമാവതാരം മുതൽ പട്ടാഭിഷേകം വരെയുള്ള കഥയാണ് വിവരിക്കുന്നത്.
1894 ൽ
എഴുതിത്തുടങ്ങിയെങ്കിലും 1907 ൽ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. ഏഴെട്ട് സർഗ്ഗമെഴുതിക്കഴിഞ്ഞപ്പോൾ പത്രത്തിൽ
പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.
പേര് വയ്ക്കാതെയായിരുന്നു പത്രത്തിൽ ആദ്യം കാവ്യം പ്രത്യക്ഷപ്പെട്ടത്.
*കേരളവർമ്മ വലിയകോയിത്തമ്പുരാൻ*
പ്രോത്സാഹനം നൽകിയതോടെ
കാവ്യത്തിൽ
പേര് വയ്ക്കാനുള്ള ധൈര്യം
കവിക്ക് ഉണ്ടായി.
അന്ന് കവിക്ക് ലഭിച്ച, _കോയിത്തമ്പുരാന്റെ_ മറുപടി, ഇപ്രകാരമായിരുന്നു.
_അഴകത്ത് പത്മനാഭക്കുറുപ്പിന്,_
എഴുത്ത് കിട്ടി. _മലയാളിയിൽ_ _രാമചന്ദ്രവിലാസം_ കണ്ട് തുടങ്ങിയത് മുതൽ,
അതിനെ കൗതുകത്തോടെ
നോക്കുകയും അതിന്റെ കർത്താവ്
ആരായിരുന്നാലും അയാളുടെ
അത്യന്തം ശ്ലാഘനീയമായ യത്നത്തിന് സാഫല്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.
*ശ്രീകൃഷ്ണചരിതം മണിപ്രവാളത്തോട്* സദൃശീകരിക്കുന്നതിന് വേണ്ടുന്ന യോഗ്യതയുള്ള രാമചന്ദ്രവിലാസത്തിന്റെ കർത്തൃത്വത്തെ വെളിപ്പെടുത്തുന്നതിന് നിങ്ങൾ ഒട്ടും അധൈര്യപ്പെടാനില്ല.
_മീനകേതനചരിതം_
മുതലായ കൃതികളിൽ സിദ്ധിച്ചിട്ടുള്ള നിങ്ങളുടെ
കവിയശസ്സിന് ഈ കാവ്യം
ദൃഡീയസിയായ ഒരു പ്രതിഷ്ഠയെ കൊടുക്കുന്നതാണെന്നുള്ളതിന് യാതൊരു സംശയവുമില്ല.
ഇതിനെ പൂരിപ്പിക്കുന്നതിന്
വേണ്ട സൗകര്യങ്ങളെല്ലാം *ശ്രീരാമന്റെ* അനുഗ്രഹത്താൽ നിങ്ങൾക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുറുപ്പിന്, സ്വർഗ്ഗതുല്യമായിരുന്നു തമ്പുരാന്റെ മറുപടി.
_വിലാസത്തിന്റെ_ ആദ്യ പതിപ്പിൽത്തന്നെ ഇപ്രകാരം
കുറുപ്പ് എഴുതിച്ചേർത്തു.
"ആശീർവാദരൂപമായ ഈ തിരുവെഴുത്തിനാൽ ഞാൻ ലബ്ധധൈര്യനായിട്ട് പിന്നീട് പത്രങ്ങളിൽ ചേർക്കുന്ന ശ്ലോകങ്ങളുടെ ചുവടെ ആവശ്യമുള്ളപക്ഷം എന്റെ പേര്കൂടി വയ്ക്കുന്നതിന് പത്രാധിപരവർകൾക്ക് സമ്മതം കൊടുക്കുകയും
ഈ കാവ്യത്തെ മുഴുവനാക്കുന്നതിന് പൂർവ്വാധികം നിഷ്ക്കർഷയോടാരംഭിക്കുകയും ചെയ്തു."
1907 ൽ രാജരാജവർമ്മയുടെ അവതാരികയുടെ *മനോമോഹനം* പ്രസ്സിൽനിന്ന് പുസ്തകരൂപത്തിൽ കാവ്യം പ്രസിദ്ധീകൃതമായി.
*സത്തമൻ ദശരഥൻ നടത്തുമ-*
*പ്പുത്രകാമയജനാന്തരേ തദാ*
*തീയിൽ നിന്നൊരു പൂമാനുദിച്ചുയ-*
*ർന്നൊരു യാജക കുതൂഹലത്തോടെ.*
വിലാസത്തിലെ രണ്ടാം സർഗ്ഗമാരംഭിക്കുന്നത് ഇങ്ങനെയാണ്.
ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടിയാണ് സന്ദർഭം.
അധ്യാത്മരാമായണത്തിൽ
അതിപ്രകാരമാണ്.
*_ഹേമപാത്രസ്ഥമായ പായസത്തോടും കൂടി_*
*_ഹോമകുണ്ഡത്തിൽനിന്ന് പൊങ്ങിനാൻ വഹ്നിദേവൻ._*
ഇതാണ് കുറുപ്പിന്റെ കാവ്യരചനയുടെ വൈശിഷ്ട്യം.
_സ്വർണ്ണപാത്രഗതമായ പായസം._
_രണ്ട് കൈയിലുമെടുത്ത് നിന്നുതേ._
എഴുത്തച്ഛൻ സ്വർണ്ണത്തിന് ഹേമമെന്ന പദമാണുപയോഗിച്ചിരിക്കുന്നത്.
സാധാരണക്കാർ ആവുംവിധം
ഗ്രഹിക്കാൻ മധുരകോമളലളിത പദങ്ങളാൽ സമ്പുഷ്ടിയേകി
പല സന്ദർഭങ്ങളിലും കുറുപ്പ്.
ദാരിദ്ര്യത്തിന്റെ
ലാഞ്ഛനപോലുമില്ലാതിരുന്ന കുടുംബമായിരുന്നു അഴകത്ത്. മാത്രമല്ല രാജകീയ സുഖസൗഭാഗ്യങ്ങൾക്ക് നടുവിലുമായിരുന്നു.
സാഹിത്യാഭിരുചി തലയ്ക്ക്പിടിച്ച്
പത്മനാഭക്കുറുപ്പ്
1909 ൽ തറവാട്ട് ഭരണമൊഴിഞ്ഞ്
*കാടൻമൂലയിൽ* ഒരു ചെറിയ വീട്ടിൽ താമസമാക്കി.
സാഹിത്യജീവിതം ഇതുകൊണ്ട്പുഷ്ടി പ്രാപിച്ചെങ്കിലും വീട്ടിലെ സ്ഥിതി മോശമാകാൻ തുടങ്ങി. ഈ അവസരത്തിൽ അദ്ദേഹം *ചവറ* ഇംഗ്ലീഷ് ഹൈസ്കൂളിൽ മുൻഷിയായി ജോലി നോക്കി1918 മുതൽ 1924 വരെ.
1924 ൽ അദ്ദേഹം ഉദ്യോഗത്തിൽനിന്ന് വിരമിച്ചു.
രാമചന്ദ്രവിലാസത്തിന്റെ പേരിലാണ് മഹാകവിക്ക് പ്രശസ്തിയെങ്കിലും മറ്റ് അനേകം കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
*കുംഭനാസവധം,*
*ഗന്ധർവ്വവിജയം,* (ആട്ടക്കഥകൾ) *മീനകേതനചരിതം* (നാടകം) *പ്രഭുശക്തി* (ഖണ്ഡകാവ്യം)
*ശ്രീഗണേശപുരാണം,* *മാർക്കണ്ഡേയപുരാണം*
(കിളിപ്പാട്ടുകൾ)
*ചാണക്യശതകം* (കവിത)
*പ്രതാപരുദ്രകല്യാണം*
*തുലാഭാരശതകം*
*വ്യാഘ്രാലയേശസ്തവം*
(വിവർത്തനങ്ങൾ)
എന്നിവ മഹാകവിയുടെ കൃതികളാണ്.
1894 ൽ പള്ളിക്കൽ
പുതിയവീട്ടിലെ ഭാഗീരഥി
കുഞ്ഞമ്മയെ, കുറുപ്പ്
വിവാഹം ചെയ്തു.
ദമ്പതികൾക്ക് എട്ട് പുത്രരും
ജനിച്ചു.
1929 മുതൽ രോഗബാധിതനായി കിടപ്പിലായ അദ്ദേഹം 1931 ൽ *ശ്രീചിത്തിരതിരുനാളിന്റെ* കിരീടധാരണദിവസം
(നവംബർ 6 ന്) നിര്യാതനായി. മരണത്തിന് തൊട്ടുമുമ്പ്
ചവറ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കിരീടധാരണ ഘോഷയാത്രയിൽ പാടുന്നതിന് ഒരു വഞ്ചിപ്പാട്ടും അദ്ദേഹം എഴുതി.
അഴകൊത്ത,
അഴകത്തിന്റെ
മഹാകാവ്യം, മലയാള ഭാഷയ്ക്ക് ലഭിച്ച
സാരമായ രസം നിറഞ്ഞ മുക്തിസാധനമാണെന്നുള്ളതിന് തർക്കമുണ്ടാകില്ല.
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment