Nov_13_2003/ ശങ്കരൻ എമ്പ്രാന്തിരി
*ത്വൽപ്പാദം ചേരുവോളം*
*അൽപ്പേതരയാം ഭക്തി*
*അപ്രമേയാ തന്നീടണം*
*ഇപ്പോഴഹം യാമിഗേഹം.*
സംഗീതം *കൃഷ്ണ ഭക്തിമയവും* ആത്മാർപ്പണവുമാക്കിയ എത്രയോ വേദികളിൽ പാടിപ്പതിഞ്ഞ
പ്രാ൪ത്ഥനാമന്ത്രം.
സഹൃദയ സഹസ്രങ്ങൾ അതെന്നേ നെഞ്ചേറ്റുവാങ്ങിക്കഴിഞ്ഞു. എങ്കിലും ഗായകൻ ദുരിത കാലത്തിലായിരുന്നു. തീരാവേദനയ്ക്കിടയിലും ഗായകന്റെ അധരങ്ങൾ വിറയാർന്ന് തുടിച്ചിരുന്നു. അവിടെ ഭക്തിയുടെ മന്ത്രണങ്ങൾ കണ്ണനെത്തേടിയലയുകയായിരുന്നു.
ഗായകന്റെ പരമപദം *ഗുരുവായൂപുരവും* മോക്ഷദായകൻ ഉണ്ണിക്കണ്ണനുമാണ്.
*പുനർജനി* വരമായി നല്കാൻ കണ്ണനേ കഴിയൂ. അത് ഗായകനറിയാം
*ചെമ്പൈയ്ക്ക്* ശേഷം കലാമണ്ഡലത്തിന്റെ
സംഗീതരത്നം പുരസ്ക്കാരം നേടിയ അനുഗൃഹീത
കഥകളിഗായകൻ *കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി*
സാരസനേത്രൻ, പാദമണഞ്ഞതിന്റെ പതിനാലാം വാർഷികദിനമാണ്
ഇന്ന്.
പതിനേഴ് വർഷങ്ങൾക്ക്
മുമ്പ് കടുത്ത
പ്രമേഹ രോഗ ബാധിതനായി രക്തയോട്ടംനിലച്ച
*ശബ്ദസുഭഗന്റെ* വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. *ആലുവ* പെരിയാറിൻതീരത്ത്, *സാഫല്യം* എന്ന വീട്ടിൽ വിശ്രമത്തിലിരിക്കുമ്പോഴും വേദനയുടെ ആഴങ്ങൾ മുഖത്ത് ദൃശ്യമാകുമ്പോഴും കരുത്താർന്ന മനസ്സിൽ ശുഭാപ്തി വിശ്വാസത്തോടെ പറയുമായിരുന്നു,
ഗുരുവായൂരിലെത്തുക, മുടങ്ങിപ്പോയ തന്റെ സംഗീതാർച്ചന കണ്ണന് കാണിക്കയായി സമർപ്പിക്കുക എന്നൊക്കെ!
ഒരു കാലഘട്ടത്തിലെ കഥകളി സംഗീതത്തെ തന്റെ വഴിക്കാക്കിയ എമ്പ്രാന്തിരിക്ക് ഇതല്ലാതെ മറ്റ് വലിയ മോഹങ്ങളുണ്ടായിരുന്നില്ല.
1991 ൽ കഥകളിരംഗത്ത് ജ്വലിച്ച് നില്ക്കുമ്പോഴാണ് എമ്പ്രാന്തിരിയെ ദുരന്തം
ആദ്യം വേട്ടയാടുന്നത്.
പ്രവർത്തന രഹിതമായ വൃക്കയ്ക്ക് പകരം മറ്റൊന്ന് മാറ്റിവച്ചു. എമ്പ്രാന്തിരിയെന്ന ഗായകൻ വേദിയിൽനിന്നും അസ്തമിച്ചുവെന്നുതന്നെ പലരും വിധിയെഴുതി.
കളങ്കമറ്റ *കൃഷ്ണഭക്തി* മാത്രം കൈമുതലാക്കി അദ്ദേഹം അന്നും അസുഖങ്ങളെ പ്രതിരോധിച്ചു. എണ്ണമറ്റ ആരാധകർ എമ്പ്രാന്തിരിയുടെ രണ്ടാമൂഴത്തിനായി മനമുരുകി പ്രാർത്ഥിച്ചു. ഭക്തരുടെ പ്രാർത്ഥന കണ്ണൻ കേട്ടു. മാസങ്ങൾക്ക്ശേഷം ഗുരുവായൂരിൽ
*അജിതാഹരേ ജയമാധവാ* പാടി അദ്ദേഹം വേദിയിൽ തിരിച്ചെത്തി. കലാകേരളം ഈ അത്ഭുത ദൃശ്യത്തിന് ഉൾപ്പുളകത്തോടെ
സാക്ഷ്യംവഹിച്ചു.
*മലപ്പുറം* ജില്ലയിലെ
*കാളികാവിന്* സമീപം വെള്ളയൂർ ഗ്രാമത്തിൽ _ജാലമന മഠത്തിലെ_
_കൃഷ്ണൻ എമ്പ്രാന്തിരിയുടെയും_, _അംബികാ അന്തർജ്ജനത്തിന്റെയും_ മകനായി 1944 ൽ
ശങ്കരൻ ജനിച്ചു.
ദമ്പതിമാരുടെ
അഞ്ച് മക്കളിൽ,
മൂന്നാമനായിരുന്നു ശങ്കരൻ.
വെള്ളയൂർ ഗ്രാമത്തിലെ പ്രൈമറിസ്കൂൾ
വിദ്യാഭ്യാസ സമയത്താണ്
ഇല്ലത്തിന് സമീപത്തുള്ള ക്ഷേത്രത്തിൽ, പാടുകയായിരുന്ന ഗോവിന്ദപ്പിഷാരടി എന്ന ഭാഗവതരെ പരിചയപ്പെടുന്നത്.
അദ്ദേഹത്തിന്റെ
കീഴിൽ ക്ലാസ്സിക്കൽ സംഗീതമഭ്യസിക്കുമ്പോഴും
ഒരു കഥകളി ഗായകനായിത്തീരുമെന്ന് ബാലനായ ശങ്കരന്റെ മനസ്സിലുണ്ടായിരുന്നില്ല.
ബാല്യത്തിലെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നേരിടേണ്ടിവന്ന എമ്പ്രാന്തിരി യാദൃഛികമായിത്തന്നെ കലാമണ്ഡലത്തിന്റെ പടിചവിട്ടി,
1957 ൽ, കലാമണ്ഡലം, സർക്കാർ നിയന്ത്രണത്തിലാകുന്നതോടെയാണ് പുതിയ വിദ്യാർത്ഥികളെ ക്ഷണിച്ച് കൊണ്ടുള്ള പത്രപ്പരസ്യം വന്നതും കലാമണ്ഡലത്തിലേക്കുള്ള പ്രവേശനവും.
പ്രശസ്ത കഥകളിഗായകൻ കലാമണ്ഡലം *നീലകണ്ഠൻ നമ്പീശന്റെ* ശിഷ്യത്വം സ്വീകരിച്ചു. *ഗംഗാധരൻ,*
ശിവരാമൻനായർ മുതലായ
ഭാഗവതർമാരും
ശങ്കരന്റെ അധ്യാപകരായിരുന്നു.
നമ്പീശൻ,
എമ്പ്രാന്തിരിയിലെ ഗായകനെ കടഞ്ഞെടുത്തു. ആലാപന വൈകല്യങ്ങൾ ഉടച്ചുവാർത്തു. *ഹൈദരാലിയും തിരൂർ നമ്പീശനുമെല്ലാം* സഹപാഠികളായി.
ശിക്ഷണത്തിന്റെ ആദ്യനാളുകളിൽത്തന്നെ നമ്പീശനാശാൻ എമ്പ്രാന്തിരിയുടെയും ഹൈദരാലിയുടെയും കഴിവുകൾ കണ്ടറിഞ്ഞു. അവർ ആശാന്റെ
പ്രിയശിഷ്യരായി. ആശാൻ പിശുക്ക് ലവലേശമില്ലാതെ ശിഷ്യർക്ക് തന്റെ പാണ്ഡിത്യം പകർന്ന് കൊടുത്തു. *മുണ്ടായ വെങ്കിടകൃഷ്ണഭാഗവതർ*, നീലകണ്ഠൻ നമ്പീശൻ ശങ്കരൻ എമ്പ്രാന്തിരി
ആ ഗുരുശിഷ്യപരമ്പര അക്ഷരാർത്ഥത്തിൽ
അത്ഭുതങ്ങൾ സൃഷ്ടിച്ചു.
ഗുരുക്കന്മാരിൽനിന്ന് ആർജ്ജിച്ചെടുത്ത അറിവുകളും
ശബ്ദസൗന്ദര്യവും അതേപടി പുനസൃഷ്ടിക്കാതെ അവയെ എമ്പ്രാന്തിരിതന്നെ എപ്പോഴോ വഴിമാറ്റിയെടുത്തു.
പിന്നെ ആ ശൈലി
*എമ്പ്രാന്തിരിശൈലി*
എന്നറിയപ്പെട്ടു.
ആസ്വാദകർക്ക് അതൊരു നൂതനാനുഭവമായി മാറി.
എങ്കിലും വിദ്യാർത്ഥികളുടെ കലാമണ്ഡലത്തിലെ
അരങ്ങേറ്റത്തിന്
പ്രായംകൊണ്ടും സംഗീത വിദ്യാർത്ഥിയെന്ന നിലയിൽ
ഇളമക്കാരനുമായ ഹൈദരാലി
പൊന്നാനിയായി ചേങ്ങിലയേന്തിയും ശങ്കിടിയായി എമ്പ്രാന്തിരിയും
നിന്നിരുന്ന ഒരു ചിത്രം
കണ്ടിട്ടുണ്ട്.
നമ്പീശനാശാന്റെ നിർദ്ദേശപ്രകാരമാണ് അന്ന്
ഹൈദരാലി
മുൻപാട്ട്കാരനായതെന്ന്
ഒരു വാർത്തയും കേട്ടിട്ടുണ്ട്.
അതിന് ശേഷം ആ സമ്പ്രദായം
നിലനിന്നിരുന്നിട്ടില്ല.
*നീ മതിമുഖീ പീഡിപ്പൂ,*
*നാമിളകാതെയിരിപ്പൂ...*
കഥകളിഗായകന്റെ മനസ്സിൽ ഒരു നടൻ പ്രവർത്തിക്കണം എന്ന തിരിച്ചറിവോടെ കഥകളിപ്പാട്ടിനെ ഭാവ പ്രധാനവും വൈകാരികവുമാക്കി പുതിയൊരു
ആലാപന വഴക്കം സൃഷ്ടിച്ചുകൊണ്ടാണ്
എമ്പ്രാന്തിരി തന്റെ
സംഗീതജീവിതത്തിന് തുടക്കമിട്ടത്.
നമ്പീശനും *ഉണ്ണിക്കൃഷ്ണകുറുപ്പും* അരങ്ങ് വാഴുന്ന കാലത്തുതന്നെ സമാന്തരമായി
*എമ്പ്രാന്തിരി സംഗീതം* അതിന്റെ ലാവണ്യത്തികവിൽ പുലർന്ന്പോന്നിരുന്നു.
കഥാസന്ദർഭത്തിനും കഥാപാത്രത്തിന്റെ മാനസികാവസ്ഥകൾക്കും അനുയോജ്യമായ ഭാവാത്മകത എന്ന
"അരങ്ങ് മനശാസ്ത്രമാണ്" എമ്പ്രാന്തിരി ദീക്ഷിച്ചത്.
രാഗഭാവവശ്യതയിലും ശബ്ദവ്യതിയാനപരമായ നാടകീയതയിലും നിഷ്ക്കർഷിച്ച്,
മൈക്കിന്റെ സ്ഥാനവും ഗായകന്റെ നില്പും അടക്കമുള്ള സാങ്കേതികതകളെ ഉപയോഗപ്പെടുത്തി കഥകളിയുടെ
പശ്ചാത്തലസംഗീതത്തിന് പുതുഭാവുകത്വം നല്കിയത് എമ്പ്രാന്തിരിയാണ്.
*വിശ്വൈകവീരന്മാരായ യുവാക്കളാ-*
*മശ്വിനീദേവകളോ, മറ്റതെന്നിയേ*
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, *കലാമണ്ഡലം വെൺമണി ഹരിദാസ്,* കഥകളിയിലെ അശ്വിനിദേവന്മാരെന്നോ,
രാമലക്ഷ്മണന്മാരെന്നോ, മേളിതസന്തോഷത്തോടെ
സങ്കല്പിച്ച് പോന്നിരുന്ന, തിരുവിതാംകൂറിലെ അരങ്ങുകൾക്ക്, നവചൈതന്യവും ധന്യതയും പകർന്നുനല്കിയ എത്രയോ രാവുകൾക്ക് ഈ കുറിപ്പെഴുതുന്നയാൾ സാക്ഷ്യംവഹിച്ചിരിക്കുന്നു. സത്തുക്കളുടെ സംഗം
അനന്തപുരിയിലും
സമീപത്തുമുള്ള അരങ്ങുകളിൽ 1970 കളുടെ
രണ്ടാംപകുതിയോടെ
*എമ്പ്രാന്തിരി ഹരിദാസ്ദ്വയം* ഹൃദയതളിരഴകിനാൽ രഞ്ജിപ്പിച്ചിരുന്നത്
അക്ഷരാർത്ഥത്തിൽ
കഥകളിപ്രേമികളെ ആനന്ദസാഗരത്തിലാറാടിച്ചിരുന്നു. ക്ഷേത്രോത്സവങ്ങളിലെ
പ്രോഗ്രാം നോട്ടീസുകളിലെ
താളുകളിൽ
കഥകളി പരിപാടിയുടെ
വിശേഷങ്ങൾ ദർശിക്കുമ്പോൾ
പാട്ട്, സംഗീതം, ഗായകർ
എന്ന ഭാഗം ഈ ഗായകരുടെ നാമങ്ങൾ വലിയ കനപ്പിച്ച
അക്ഷരങ്ങളിലായിരുന്നു
പൂരിപ്പിച്ചിരുന്നത്.
പത്മശ്രീ ലഭിച്ച
കൃഷ്ണൻനായർ
പങ്കെടുക്കുമ്പോഴും
എന്നുകൂടി ഓർക്കണം.
ഫാക്ടിലെ ഫൈനാർട്സ് വിഭാഗത്തിൽ കഥകളി സംഗീതാദ്ധ്യാപകനായി
നീണ്ട മുപ്പത്തി രണ്ട് വർഷക്കാലങ്ങളാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്.
നാല് വർഷത്തോളം _ഇരിങ്ങാലക്കുട_ *ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലും* പ്രവർത്തിച്ചു.
തകഴി മാധവക്കുറുപ്പിന്റെ പുത്രനും പ്രശസ്ത കഥകളി ഗായകനുമായ
_കലാനിലയം ഉണ്ണിക്കൃഷ്ണൻ_ വത്സല ശിഷ്യനാണ്. ഗുരുവരന്റെ പാതകൾ ജന്മസാഫല്യത്തോടെ പിന്തുടരുന്ന ഉണ്ണിക്കൃഷ്ണൻ ഇന്ന് കഥകളി സംഗീതലോകത്ത് മുൻനിര ഗായകരിലൊരാളാണ്.
*പൂമാതിനോത്ത ചാരുതനോ,*
*വൈദർഭീ..*
കേരള ശാകുന്തളമെന്നും അങ്ങേയറ്റം നാടകീയത
നിറഞ്ഞതെന്നും വിശേഷിപ്പിച്ച് പോരുന്ന *നളചരിതത്തിന്* അരങ്ങുകളിൽ
സുപ്രധാനമായ സ്ഥാനം നേടിക്കൊടുത്തത്
എമ്പ്രാന്തിരി വെണ്മണിമാരുടെ
ആലാപനസുഖം കേട്ടറിഞ്ഞ്
തന്നെയാണ്.
ആട്ടം കാണാനല്ല.
കേൾക്കാൻ പോകുകയാണെന്ന്
ഒരു പറച്ചിലും അന്നുണ്ടായിരുന്നു.
നളചരിതം മൂന്നാം ദിവസത്തിലെ _മറിമാൻകണ്ണി_ *ദ്വിജാവന്തി* രാഗത്തിൽ പാടുമ്പോഴുളള ഭാവസാഫല്യത്തിൽ എമ്പ്രാന്തിരിക്കൊപ്പം
പാടി നില്ക്കുന്ന ഗായകരില്ല.
മൂന്നാം ദിവസത്തിലെ *തോടി* രാഗത്തിലുള്ള
_നവവിരഹമയന്ത്യാം_ ശ്ലോകം തുടങ്ങുന്നതിന് മുമ്പുള്ള രാഗവിസ്താരം, ഓർക്കുമ്പോൾ സദസ്സുകൾ
ഒന്നടങ്കം കോരിത്തരിച്ച്
പോകാറുണ്ട്.
*കർണ്ണശപഥത്തിലെ* ഭാനുമതിയുടെ പദമായ _വാത്സല്യവാരിധേ കർണ്ണാ_ *കാനഡ* എന്ന രാഗത്തിൽ നിന്ന് മാറ്റി *ആഭേരിയിൽ* പാടുന്നത് ഭാവാത്മക സമീപനമെന്ന യുക്തി പ്രവർത്തിച്ചതിനാലാകാം. രണ്ടാംദിവസത്തെ
_ഒരു നാളും നിരുപിതമല്ലേ_ *ഗൗളിപന്തീൽ* അദ്ദേഹത്തോളം തീവ്രതയോടെ ആവിഷ്ക്കരിച്ചിരുന്ന ഗായകരും വളരെ വിരളമാണ്.
*പല ദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ,*
*നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.*
മുരിങ്ങൂർ
ശങ്കരൻപോറ്റിയുടെ *കുചേലവൃത്തം* ആട്ടക്കഥയിലെ
ഭക്തിരസം തുളുമ്പുന്ന
*ശ്രീരാഗ* ത്തിലുള്ള
ഭഗവദ് പ്രകീർത്തനങ്ങൾ എമ്പ്രാന്തിരിയും വെൺമണിയുമൊന്നിച്ച് ആലപിച്ചിരുന്ന അരങ്ങുകൾ
ഓർത്ത് പോവുകയാണ്.
കഥകളിപ്പാട്ടിന്റെ ദുർനടപ്പോ
ക്യാപ്സൂൾ പരുവത്തിലുള്ള
അവതരണമോ,
സകല നെറികെട്ട ഘോഷങ്ങൾക്കും ദേവതുല്യരായ കഥകളി വേഷങ്ങളെ തെരുവിലിറക്കി
കോപ്രായങ്ങൾ കാട്ടുന്ന
സംസ്ക്കാര ശൂന്യരോ,
ശുഷ്കമായ സദസ്സുകളോ
ഇല്ലാതിരുന്ന കാലങ്ങൾ.
*സോഷ്യലിസം* എന്ന ആശയത്തിന് അടിസ്ഥാനമിട്ട
കാരുണ്യവാരിധിയായ
ഭഗവാൻ കൃഷ്ണൻ.
മൂന്ന് മണിക്കൂറിനുള്ളിൽ അവതരിപ്പിച്ച് തീർക്കാവന്ന
കുചേലകഥ.
സംഗീതമാണോ,
സാഹിത്യമാണോ,
സൂര്യചന്ദ്രന്മാരെപ്പോലെ
വിളങ്ങുന്ന ഗായകരെയാണോ,
ദാരിദ്ര്യത്തിന്റെ
പരമദയനീയത മുഖത്ത് തെളിയുന്ന കുചേല ബ്രാഹ്മണനെ
കാണുന്നതിനാണോ
ജനങ്ങൾ തടിച്ച്
കൂടിയിരുന്നതെന്ന്
ഓർക്കുമ്പോൾ അതിശയം.
കാലസ്വരൂപനായ ഈശ്വരന്റെ സവിധത്തിൽ നേരിട്ടെത്തുന്ന
അനുഭവത്തിന്റെ
അനർഘ നിമിഷങ്ങളാണ്,
വളരെ സാധാരണക്കാരായ ആസ്വാദകർക്ക് പോലും
പ്രാപ്യമായ കഥയായ ഭാഗവതം ദശമസ്കന്ധത്തിലെ
കുചേല സത്ഗതി. അനാരോഗ്യവാനായിരുന്നപ്പോഴും വേദിയിൽ ആസനസ്ഥനായിട്ടാണ് അജിതാഹരേ പ്രേക്ഷകരുടെ നിർബന്ധത്താൽ പാടിയിരുന്നത്.
*സാധു ദ്വിജനൊന്ന് പറയുന്നു....*
കർമ്മഫലത്തിന്റെ നിയോഗമെന്തായാലും ഗുരുവായൂരിലെത്തിയ
സാധുദ്വിജന്റെ പ്രാർത്ഥന ഫലിച്ചു. കാണിക്കയായ സംഗീതാർച്ചന
*നീലനീരദവർണ്ണന്* സമർപ്പിച്ചു.
ആത്മകഥയായ *സ്വരാർച്ചന*
ഡിസി ബുക്ക് സ്റ്റാൾ മുഖേന
ലക്ഷോപലക്ഷം കഥകളി പ്രേക്ഷകർക്കും.
_മർത്ത്യനാമെന്നുടെ കർത്തവ്യമെന്തിനി?_ എന്ന പ്രാർത്ഥനയോടെയാകാം
അദ്ദേഹം 2007 നവംബർ13 ന് ഭുലോകവാസമുപേക്ഷിച്ചത്.!
ഒരിക്കൽ ഒരു ചാനലിൽ
ഗായകനും കുടുംബവും
അഭ്യുദയകാംക്ഷികളുമൊക്കെ പങ്കെടുത്ത പരിപാടിയിൽ,
"കനക്കുമർത്ഥവും
സുധ കണക്കേ പദനിരയും"
ഭവിക്കട്ടെ എന്ന് പ്രേക്ഷകവൃന്ദമടക്കം കൈകൂപ്പി നിന്നതും
ഈ ലേഖനം വായിക്കുന്നവരിൽ
സ്മരണയുണർത്തും.
ഭാഗവതത്തിലെ
മറ്റൊരു കഥയായ
സത്യവാൻ - സാവിത്രി
ഉപാഖ്യാനത്തിലെ
ദമ്പതിമാരെപ്പോലെ
വാണിരുന്ന ദമ്പതിമാരിൽ,
സാവിത്രി അന്തർജ്ജനവും
പുത്രിമാരായ
ശ്രീമതി സിന്ധുവും
ശ്രീമതി രശ്മിയും,
അദ്ദേഹത്തെക്കുറിച്ച് തയ്യാറാക്കിയ ഈ ലഘു
അനുസ്മരണം, ഈശ്വരകൃപയാൽ അറിയാനിടയായാൽ
അതുമൊരു രാഗാർച്ചനയായി.
എമ്പ്രാന്തിരിയുടെ
ശബ്ദസൗന്ദര്യം മതിവരുവോളം ആസ്വദിക്കാൻ,
പല രാവുകളിലും ആകാശവാണി
തിരുവനന്തപുരം നിലയം
എമ്പ്രാന്തിരി ആലപിച്ച കഥകളിപ്പദങ്ങൾ
ഒരുക്കാണ്ട്.
രോഗശയ്യയിലും മനസ്സൊരുക്കിയ ഭുസുരന് ആയിരം പ്രണാമം...
*കെ.ബി.ഷാജി. നെടുമങ്ങാട്.*
Comments
Post a Comment