*മധുരം ഗായതി മീരാ..മീരാ*

*മധുരം ഗായതി മീരാ.*

*ഓം ഹരിജപലയമീ മീരാ*

*എൻ പാർവണ വിധുമുഖി മീരാ..*

*പ്രണയാഞ്ജലി, പ്രണവാഞ്ജലി*


കലാസംവിധായകനായി

ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്ന

ശ്രീ _നേമം പുഷ്പരാജിന്റെ_

കന്നിച്ചിത്രമാണ്

2009 ൽ പുറത്തുവന്ന *ബനാറസ്.* 

ഒരു കവർച്ചാ സംഘത്തിന്റെ വലയിൽ അറിയാതകപ്പെട്ട

ഒരു മലയാളി പെൺകുട്ടിയുടെ

രക്ഷയ്ക്കെത്തിയ മറ്റൊരു മലയാളി യുവാവ്,

നാട്ടിലുള്ള തന്റെ് പ്രേമഭാജനത്തെ,

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കൈവെടിയേണ്ടി വരുന്നു.

ബനാറസിൽ നടക്കുന്ന 

സംഭവകഥയായതുകൊണ്ടാകാം ചിത്രത്തിന് ആ പേര് ലഭിച്ചത്..


ഉത്തർപ്രദേശിലെ  അലഹബാദിടുത്തുളള 

ഈ സ്ഥലം *വാരണാസി* എന്ന പേരിലും

അറിയപ്പെടുന്നു. 

2014ലും 2019 ലും

അധികാരത്തിലെത്തിയ *ദേശീയ ജനാധിപത്യ സഖ്യത്തിന്റെ*

നായകനായ

"നരേന്ദ്ര മോദി" 

ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വാരണാസി മണ്ഡലത്തിൽ നിന്നാണ്.

ലോകത്തിലെ തന്നെ വലിയ സർവ്വകലാശാലയും

ഏഷ്യയിലെ ഏറ്റവും വലുതുമായ *ബനാറസ് ഹിന്ദു സർവ്വകലാശാല* സ്ഥിതിചെയ്യുന്നത്

വാരണാസിയിലാണ്.


ഇന്ത്യയുടെ സ്വാതന്ത്ര്യം,  സ്വതന്ത്ര പത്രപ്രവർത്തനം,  വിദ്യാഭ്യാസ നവീകരണം,  സാമ്പത്തിക വികസനം, സ്വദേശി വ്യവസായങ്ങളുടെ പ്രോത്സാഹനം, ഹിന്ദിയുടെ വികാസം, സാമൂഹികസേവനം,

മതപരിഷ്കാരങ്ങൾ തുടങ്ങി ദേശീയ പ്രാധാന്യമുള്ള നിരവധി മേഖലകളിൽ ജീവിതകാലം മുഴുവൻ

ശ്രദ്ധ ചെലുത്തിയിരുന്ന നേതാവാണ്,

*മദൻ മോഹൻ മാളവ്യ* ഇന്ത്യയിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന്

അടിത്തറയിട്ടവരിൽ പ്രമുഖൻ,

ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകാംഗം, 

അധ്യാപകൻ

അഭിഭാഷകൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.


പണ്ഡിറ്റ് _വ്രജനാഥ് മാളവ്യയുടേയും_ _മുന്നാദേവിയുടേയും_ പുത്രനായി 1861 ഡിസംബർ 25ന് മദൻമോഹൻ ജനിച്ചു. മാൾവയിൽ നിന്ന്  എത്തിയവരായതുകൊണ്ടാണ് മാളവ്യമാർ എന്ന പേര് ലഭിച്ചത്. അഞ്ചാം വയസ്സിൽ

പണ്ഡിറ്റ് ഹർദേവന്റെ

ധർമ്മജ്ഞാനോപദേശപാഠശാലയിൽ ചേർത്തു.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴേ  മാഘ മേളയോടനുബന്ധിച്ച് വർഷംതോറും നടത്തുന്ന സമ്മേളനങ്ങളിൽ മതപരമായ കാര്യങ്ങളെക്കുറിച്ച് പ്രസംഗിച്ചിരുന്നു.

സംസ്കൃത പഠനശേഷം ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു പഠിച്ചു.1879 ൽ മെട്രിക്കുലേഷൻ വിജയിച്ച ശേഷം *അലാഹാബാദിലെ*

മ്യൂർ സെൻട്രൽ സ്കൂളിൽ ചേർന്ന് പഠിച്ച് *കൊൽക്കത്താ* സർവകലാശാലയിൽനിന്ന് 1884 ൽ ബിരുദം നേടി.


ബിരുദം നേടിയ ഉടനെ പഠിച്ചിരുന്ന സ്കൂളിൽത്തന്നെ അദ്ധ്യാപകനായി ജോലി കിട്ടി. കുറച്ച് കാലം കൊണ്ട് അധ്യാപകനെന്ന നിലയിൽ നാട്ടുകാർക്കിടയിൽ പ്രസിദ്ധനായി.

*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ* രണ്ടാമത്തെ സമ്മേളനം 

1886 ൽ കൊൽക്കത്തയിൽ നടന്നപ്പോൾ പണ്ഡിറ്റ് മാളവ്യയുടെ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 

1887 ൽ അധ്യാപകവൃത്തി ഉപേക്ഷിച്ച് *കാലാകാങ്കറിലെ*

രാജാ റാംപാൽ സിങ് നടത്തിവന്ന *ഹിന്ദുസ്ഥാൻ* എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു.

*ഇന്ത്യൻ യൂണിയൻ* എന്ന വാരികയും എഡിറ്റ് ചെയ്തു. 1890 ൽ ഹിന്ദുസ്ഥാൻ വിട്ട് *ഇന്ത്യൻ ഒപ്പീനിയൻ* 

എന്ന പത്രത്തിന്റെ

സഹപത്രാധിപരായി. ജോലികൾക്കിടയിലും

നിയമം പഠിച്ച് 1891 ൽ എൽഎൽബി

പാസായെങ്കിലും അഭിഭാഷകവൃത്തി മാളവ്യ അധികം ഇഷ്ടപ്പെട്ടില്ല. 

1893 ൽ അലഹാബാദ് ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസാരംഭിച്ചു.

വക്കീൽ ജോലിയെക്കാൾ പൊതു പ്രവർത്തനത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.1909 ൽ അഭിഭാഷകവൃത്തി ഉപേക്ഷിച്ച്, പൂർണ്ണമായും പൊതുപ്രവർത്തനരംഗത്തക്കിറങ്ങി. എന്നാൽ 1922  ഫെബ്രുവരി നാലിന് ഉത്തർപ്രദേശിലെ *ചൗരിചൗരയിൽ* നടന്ന പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് 225 പേരെ തൂക്കിക്കൊല്ലാൻ വിധിച്ചതിനെതിരെ, മാളവ്യ കോടതിയിൽ

കോട്ടണിഞ്ഞു. ചൗരിചൗരാ സംഭവത്തിന്റെ പേരിലാണ് ഗാന്ധിജി നിയമനിഷേധ സമരം പിൻവലിച്ചത്. കുറ്റവാളികൾക്ക് വേണ്ടി വാദിക്കാൻ ആരും തയ്യാറാകാതിരുന്നപ്പോഴാണ്  മാളവ്യ, ഒരു വ്യാഴവട്ടക്കാലത്തിന്

ശേഷം വീണ്ടും കോടതിയിലെത്തിയത്. 

153 പേരെ തൂക്കുമരത്തിൽനിന്ന്

രക്ഷിക്കാൻ മാളവ്യയ്ക്ക് കഴിഞ്ഞു.


1886 മുതൽ 1936 വരെയും അപൂർവ്വം ചില വർഷങ്ങളിലൊഴികെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ വാർഷിക സമ്മേളനങ്ങളിലും 

മദൻ മോഹൻ മാളവ്യ പങ്കെടുത്തിരുന്നു. 

1887 ൽ അലഹാബാദ് സമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിരുന്ന മാളവ്യയെ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു.

1892 ലെ അലാഹാബാദ് സമ്മേളനത്തിലും മാളവ്യയായിരുന്നു സ്വാഗതസംഘം ചെയർമാൻ. 1909 ലെ *ലാഹോർ* സമ്മേളനത്തിന്റെ അധ്യക്ഷൻ

മാളവ്യ ആയിരുന്നു.

പിന്നീട് 1918 (ഡൽഹി)1932 (ഡൽഹി,)1933 (കൊൽക്കത്ത) എന്നീ വർഷങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ട് മാളവ്യയായിരുന്നു.1932- 33 വർഷങ്ങളിലെ സമ്മേളനങ്ങളെ സർക്കാർ നിരോധിച്ചിരുന്നു.

ഇക്കാലത്ത്

മാളവ്യ ജയിലിലുമായിരുന്നു.


*പ്രയാഗിൽ* 1880 ൽ

ഹിന്ദു സമാജിന് രൂപം നൽകിയതിലും 1884 ൽ കേന്ദ്ര ഹിന്ദു സമാജം സംഘടിപ്പിച്ചതിലും മാളവ്യ നേതൃത്വം നൽകിയിരുന്നു. കോൺഗ്രസുകാരനായിരിക്കുമ്പോൾത്തന്നെ ഹിന്ദുമഹാസഭയുടെ സ്ഥാപനത്തിൽ (1906) പങ്കുവഹിച്ചു.

1914 ൽ അഖില ഭാരത ഹിന്ദു സഭ രൂപീകൃതമായി. 

ഹിന്ദുമത പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി

മാളവ്യയുടെ നേതൃത്വത്തിൽ 1928 ൽ അഖിലഭാരത സനാതനധർമ്മ മഹാസഭ രൂപംകൊണ്ടു.

*ദി സനാതന ധർമ്മ,* 

*ദി വിശ്വബന്ധു* എന്നീ വാരികകളും സഭ ആരംഭിച്ചു.


ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപനത്തിൽ മുഖ്യ പങ്ക് വഹിച്ചത് മാളവ്യയാണ്.

ബനാറസ് രാജാവിന്റെ അധ്യക്ഷതയിൽ, 

1904 ൽ കൂടിയ യോഗത്തിലാണ് ഹിന്ദു സർവ്വകലാശാല എന്ന ആശയം മാളവ്യ അവതരിപ്പിച്ചത്. സർവകലാശാലയുടെ സ്ഥാപനത്തിനായി 

1909 ൽ വക്കീൽ പണി ഉപേക്ഷിച്ചിറങ്ങി.

*ആനീബസന്റ്* നടത്തിപ്പോന്ന സെൻട്രൽ ഹിന്ദു കോളേജിനെ 

ഹിന്ദു സർവകലാശാലയാക്കി മാറ്റാൻ ഒടുവിൽ തീരുമാനിച്ചു. സർവകലാശാലയ്ക്ക് ആവശ്യമായ പണം പിരിക്കാൻ മാളവ്യ യത്നിച്ചു. 1916 ൽ തറക്കല്ലിട്ട സർവകലാശാല,

1918 ൽ യാഥാർഥ്യമായി.

കുറച്ചുകാലം ബനാറസ് ഹിന്ദു സർവകലാശാലയുടെ

വൈസ് ചാൻസലറായും

മാളവ്യ

സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതുപ്രവർത്തനത്തിന് ജനങ്ങളുടെ ബോധവത്ക്കരണം  ലക്ഷ്യമാക്കണമെന്ന  തീരുമാനമാണ് 1907 ൽ *അഭ്യുദയ* എന്ന വാരിക ആരംഭിക്കാൻ മാളവ്യയെ പ്രേരിപ്പിച്ചത്. അത് 1915 ൽ ദിനപത്രമായി. 

ബ്രിട്ടീഷ് അധികാരത്തെ വിമർശിച്ചതിന്റെ പേരിൽ പലവട്ടം പത്രത്തിന് പിഴയൊടുക്കേണ്ടിവന്നു.

1910 ൽ *മര്യാദ* എന്ന ഹിന്ദി മാസികയും ആരംഭിച്ചു.

1909 ഒക്ടോബറിൽ *ലീഡർ* എന്ന ഇംഗ്ലീഷ് ദിനപത്രം തുടങ്ങി. ഒരു ഉറുദു വാരികയുടെ പത്രാധിപരായും പ്രവർത്തിച്ചു.

1924 മുതൽ 1946 വരെ *ഹിന്ദുസ്ഥാൻ ടൈംസിന്റെ* ഡയറക്ടർ ബോർഡ് അംഗംമായിരുന്നു. അലാഹാബാദ് മുൻസിപ്പാലിറ്റിയിൽ

സീനിയർ വൈസ് ചെയർമാനായി സജീവ പ്രവർത്തനം കാഴ്ചവച്ച മാളവ്യയെ, 

1902 ൽ പ്രവിശ്യാ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുത്തു.

1909 ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലംഗമായി.

1916 ൽ ഇന്ത്യൻ വ്യവസായ കമ്മീഷൻ അംഗം. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാന സന്ദേശമനുസരിച്ച് 1921ലെ നിയമസഭയിലേക്കു മത്സരിച്ചില്ലെങ്കിലും 1924 മുതൽ 1930 ഏപ്രിൽ വരെ നിയമസഭാംഗമായിരുന്നു.

ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന്

അംഗത്വം രാജിവെച്ച് സമരരംഗത്തിറങ്ങി. ഇന്ത്യയ്ക്ക് പൂർണ ഡൊമിനിയൻ പദവിയാണ് വേണ്ടതെന്ന 

*മോത്തിലാൽ നെഹ്റുവിന്റെ* വാദത്തെ പിന്തുണച്ചു. 

ഗാന്ധിജിയെ ബഹുമാനിച്ചിരുന്നപ്പോഴും  അദ്ദേഹത്തിന്റെ പല സമരമുറകളെയും മാളവ്യ അനുകൂലിച്ചിരുന്നില്ല.

സ്കൂൾ, കോളേജ് ബഹിഷ്കരണം, വിദേശ വസ്ത്രങ്ങൾ കത്തിക്കൽ,

വെയിൽസ് രാജകുമാരന്റെ സന്ദർശന ബഹിഷ്കരണം

തുടങ്ങിയ ഗാന്ധിയൻ സമരമുറകളെ എതിർത്തു. പൊതുനിയമ ലംഘനത്തെക്കാൾ  ഉത്തരവാദ സഹകരണത്തിനാണ് മാളവ്യ മുൻതൂക്കം നൽകിയത്. ആരോഗ്യപരമായ കാരണങ്ങളാൽ

1936 ന് ശേഷം പൊതു പ്രവർത്തനരംഗത്ത് നിന്ന് വിടവാങ്ങി.

1946 നവംബർ 12-ന്

മാളവ്യ അന്തരിച്ചു.

മിർസാപൂരിലെ സംസ്കൃത പണ്ഡിതനായ നന്ദറാമിന്റെ പുത്രി, കുന്ദൻദേവിയെയാണ്

മദൻമോഹൻ വിവാഹം കഴിച്ചത്.

ഇതിൽ അഞ്ച് പുത്രരും

അത്രത്തോളം പുത്രിമാരും

അദ്ദേഹത്തിന് ജനിച്ചു.

അവരിൽ പ്രശസ്തരായവരും ഉണ്ട്.

നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ 

2014 ഡിസംബറിൽ  മദൻമോഹൻ മാളവ്യയ്ക്ക് *ഭാരതരത്നം* പ്രഖ്യാപിച്ചു.

ജാതി വ്യത്യാസങ്ങളെ കഠിനമായി എതിർത്തിരുന്ന പണ്ഡിറ്റിന്റെ ജീവിതകഥ

ഹിന്ദു സർവ്വകലാശാലയുടെ പേരിൽ മാത്രമാകരുത്.

പ്രശസ്തനായ 

പത്രപ്രവർത്തകന്റേയും അഭിഭാഷകന്റേയും 

ദേശീയപ്രസ്ഥാനപ്പോരാളിയുടേയും പേരിൽക്കൂടിയാകണം.

ചരിത്ര വിദ്യാർത്ഥികൾ അദ്ദേഹത്തെ അങ്ങിനെ

അറിയട്ടെ....


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ