*കുടമാളൂർ സൈരന്ധ്രിയായ്*
*മാങ്കുളം ബൃഹന്നളയായ്*
*ഹരിപ്പാട്ട് രാമകൃഷ്ണൻ വലലനായി*
*ദുര്യോധനവേഷമിട്ട്*
*ഗുരു ചെങ്ങന്നൂര് വന്നു*
*വാരണാസിതൻ* *ചെണ്ടയുണർന്നുയർന്നു*
ശ്രീ _ശ്രീകുമാരൻതമ്പി,_
*ഡയിഞ്ചർ ബിസ്ക്കറ്റ്* എന്ന ചിത്രത്തിനായി രചിച്ച ഗാനത്തിന്റെ രണ്ടാമത്തെ ചരണത്തിലെ ഏതാനം വരികളാണ് മുകളിൽ കണ്ടത്. *ഇരയിമ്മൻ തമ്പിയുടെ* _ഉത്തരാസ്വയംവരം_ ആട്ടക്കഥയിലെ ഒരു
സന്ദർഭമാണ് ഗാനരചയിതാവ് സിനിമാ ഗാനമാക്കിയത്.
പഞ്ചപാണ്ഡവരുടെ അജ്ഞാതവാസസമയത്ത് നടക്കുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ച കഥയിലെ ചില കഥാപാത്രങ്ങളെ അന്ന് ജീവിച്ചിരുന്ന, പ്രഗത്ഭരായ
ചില കഥകളിയാചാര്യന്മാർ അണിയിച്ചൊരുക്കിയാൽ എത്രമാത്രം ഭംഗിയായിരിക്കും എന്ന് _ശ്രീകുമാരൻതമ്പി_ ഭാവനയിൽ കാണുകയാണ്.
ഖരഹരപ്രിയ രാഗത്തിൽ
*ദക്ഷിണാമൂർത്തി*
ചിട്ടപ്പെടുത്തിയ ഗാനം
ആലപിച്ചിരിക്കുന്നത്
ശ്രീ യേശുദാസ്.
കൗരവരിൽ പ്രധാനിയായ _ദുര്യോധന മഹാരാജാവിന്റെ_ കത്തിവേഷത്തിലുള്ള
നടനവൈഭവം, ഇവിടെ
ശ്രീകുമാരൻതമ്പി ദർശിക്കുന്നത് സാക്ഷാൽ *ഗുരു ചെങ്ങന്നൂർ രാമൻപിള്ള* ആശാനിലൂടെയായിരുന്നു.
കൗരവ സഭയിലെ
പ്രധാന മന്ത്രിയും
സുയോധനന്റെ
ആജ്ഞാനുവർത്തിയുമായ
ത്രിഗർത്ത പുംഗവനെ
വിരാട രാജാവിന്റെ ഗോക്കളെ
പിടിച്ച് കെട്ടി കൊണ്ടുവരാൻ
നിയോഗിക്കുന്ന സന്ദർഭം
അത്യധികം ഗൗരവത്തോടെയും
ഫലിതം കലർന്ന
നർമ്മ ഭാവത്തോടും
അരങ്ങിൽ പ്രതിഷ്ഠിക്കുന്നത്
അത്ഭുതത്തോടെയാണ്
കഥകളി ആസ്വാദകർ
വീക്ഷിച്ചിരുന്നത്.
കഥകളിലോകത്തിലെ അതികായനായിരുന്ന പ്രശസ്ത നടനും ഉത്തമനായ ആചാര്യനും എഴുപതോളം വർഷങ്ങൾ അന്യാദൃശതയോടെ വ്യത്യസ്തമായ നിരവധി പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടിയാടി പ്രശോഭിച്ചിരുന്ന
രാമൻപിള്ളയാശാൻ, അരങ്ങൊഴിഞ്ഞിട്ട്
ഇന്ന് നാല്പത് സംവത്സരങ്ങൾ തികഞ്ഞിരിക്കുന്നു.
1980 നവംബർ പതിനൊന്നിന് ചെങ്ങന്നൂരിന് സമീപം *പാണ്ടനാടാണ്* അദ്ദേഹം മൃത്യുപൂകിയത്.
കഥകളിയുടെ ഇന്നുവരെയുള്ള ചരിത്രത്തിൽ
ഗുരു ചെങ്ങന്നൂർ രാമൻപിള്ളയോളം കാലം അരങ്ങ് വാണ നടന്മാർ ആരുമില്ല. മഹാനടനും
ആചാര്യനുമായിരുന്ന രാമൻപിള്ള 93 വയസ്സുവരെ മെയ്ക്കോപ്പണിഞ്ഞു.
പതിമൂന്നാം വയസ്സിൽ
കച്ച കെട്ടിയശേഷം ജീവിതാന്ത്യത്തിൽ
നാല് വർഷങ്ങൾ മാത്രമേ അദ്ദേഹം കളിയരങ്ങിൽ പ്രത്യക്ഷപ്പെടാതിരുന്നുള്ളു.
ഒരു പുരുഷായുസ്സ് മുഴുവൻ കഥകളിക്കുവേണ്ടി സമർപ്പിച്ച ഒരു ധന്യപുരുഷനായിരുന്നു ഗുരു. കഥകളിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കലാസപര്യ മൂന്ന് തലമുറകളെ പ്രതിനിധാനം ചെയ്യുന്നു.
മാത്തൂർ കുഞ്ഞുപിള്ള പണിക്കർ,
തോട്ടം
ശങ്കരൻനമ്പൂതിരി,
തകഴി കുഞ്ചുക്കുറുപ്പ്,
കുറിച്ചി കുഞ്ഞൻപണിക്കർ, കവളപ്പാറ
നാരായണൻനായർ,
പട്ടിക്കാംതൊടി തുടങ്ങിയ അതികായന്മാരുടെ തലമുറയിൽ ജനിച്ച്, തന്റെ ആശാന്മാരോടൊപ്പം
അരങ്ങ് തകർത്ത്, പ്രഗത്ഭന്മാരായ ഏതാനം ശിഷ്യന്മാരെ വളർത്തിയെടുത്ത് പ്രശിഷ്യന്മാർ പലരെയും കൈപിടിച്ചുകയറ്റി, ആട്ടവിളക്കിന്റെ മുന്നിൽ ആത്മവിശ്വാസത്തോടെ നിർത്തി, ചാരിതാർത്ഥ്യമടഞ്ഞതിന് ശേഷമാണ് വിശ്വരംഗത്തോട് അദ്ദേഹം വിടവാങ്ങുന്നത്.
ഇത്രയുമോ ഇതിലധികമോ വയസ്സെത്തുന്നതുവരെ ജീവിച്ചിരുന്നിട്ടുള്ള കലാകാരന്മാർ വേറെയും ഉണ്ടായേക്കാം. എന്നാൽ അവസാനത്തെ അഞ്ചാറു വർഷങ്ങൾക്ക് മുമ്പ് വരെ, എഴുപത് വർഷത്തിലേറെക്കാലം രംഗാധിപത്യം, അനിഷേധ്യമായി നിലനിർത്തിയ മറ്റൊരു കലാകാരനെ കേരളം
ദർശിച്ചിട്ടുണ്ടാകില്ല.
ചെങ്ങന്നൂരിന്റെ ജീവചരിത്രം പരിശോധിക്കുമ്പോൾ അദ്ദേഹം കൈവരിച്ച പുരോഗതി അത്ഭുതാവഹമായിരുന്നു എന്ന് കാണാം.
ആദ്യത്തെ അരങ്ങേറ്റത്തിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീവേഷങ്ങളിൽനിന്ന് ആദ്യാവസാന പദവിയിലേക്കുള്ള ഊർജ്ജസ്വലമായ ഉത്പതനത്തിന് രണ്ടോ മൂന്നോ വർഷമേ
വേണ്ടിവന്നുളളൂ.
*രുക്മിണി സ്വയംവരത്തിലെ* ബാലികയായ നായിക ഇരുപതാംവയസ്സിൽ മഹാബലവാനായ *കീചകനായി* രൂപാന്തരംകൊണ്ടത് അത്ഭുതാവഹമാണ്.
അതിനെത്തുടർന്ന് വന്ന
പതിറ്റാണ്ടുകൾ പിന്നിലേക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലാത്ത, വിജയങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു.
1883 ജനുവരിയിൽ ചെങ്ങന്നൂർ കിഴക്കേമഠത്തിൽ
പാച്ചുപിള്ളയുടേയും മാവേലിക്കര അമ്പലാട്ട് പാറുവമ്മയുടേയും മകനായി ജനിച്ച കൊച്ചുരാമനാണ് പിന്നീട് സാക്ഷാൽ ഗുരുചെങ്ങന്നൂരായത്.
കഥകളിയിലെ ചുട്ടികലാകാരനായിരുന്നു അച്ഛൻ. അമ്മയുടെ നാടായ മാവേലിക്കരയിലാണ്
കൊച്ചു രാമന്റെ സ്കൂൾപഠനം നടന്നത്. കൊച്ചുനാൾ മുതൽ കഥകളി കണ്ടുവളർന്ന കൊച്ചു രാമന് അതിനോട് അഭിനിവേശം തോന്നിയതിൽ അതിശയിക്കാനില്ല.
കീരിക്കാട്ട് തോപ്പിൽ കുടുംബത്തിന്റെ കഥകളിയോഗത്തിൽ ചുട്ടിക്കാരനായിരുന്ന അച്ഛനോടൊപ്പം കൊച്ചുരാമൻ
കഥകളിയുടെ ലോകത്തെത്തി. പതിമൂന്നാമത്തെ വയസ്സിൽ,
തോപ്പിൽക്കാരണവരുടെ
നിർദ്ദേശപ്രകാരം ആ കളരിയിലെ തകഴി കേശവപ്പണിക്കരാശാന്റെ
കൈയിൽനിന്നും കച്ചയും മെഴുക്കും വാങ്ങി കച്ചകെട്ടി അഭ്യാസമാരംഭിച്ചു.
അതികഠിനമായ പരിശീലനവും
കടുത്ത ശിക്ഷകളും സഹിച്ച്
പതുക്കെ പതുക്കെ അവൻ
നടനായി വളർന്നു.
അഭ്യാസം തുടങ്ങിയതിന്റെ അടുത്ത വർഷം *രാമപുരം* ക്ഷേത്രത്തിൽ അരങ്ങേറ്റവും നടന്നു. അരങ്ങേറ്റ വേഷം
രുക്മിണി സ്വയംവരത്തിലെ
രുക്മിണിയായിരുന്നു.
ആ ദിവസം തന്നെ മുമ്പ്
പഠിച്ചുറയ്ക്കാത്ത,
കല്യാണസൗഗന്ധികത്തിലെ
പാഞ്ചാലിയുടെ വേഷം കൂടി
കൊച്ചുരാമന് കെട്ടേണ്ടിവന്നു.
അവൻ അതൊട്ടും മോശമാക്കിയില്ല.
അന്ന് തൊട്ട് രാമൻപിള്ള തോപ്പിൽ കളിയോഗത്തിലംഗമായി.
സ്ത്രീവേഷക്കാരനായി
നാട് ചുറ്റലുമാരംഭിച്ചു.
പിന്നീട് *മാത്തുർ കുഞ്ഞുപിള്ള പണിക്കർ, അമ്പലപ്പുഴ കുഞ്ഞിക്കൃഷ്ണ പണിക്കർ* മുതലായ
പ്രസിദ്ധ നടന്മാർക്കൊപ്പം
വേഷമിടാൻ രാമൻപിള്ളയ്ക്ക് കഴിഞ്ഞു .
1926 ൽ *തിരുവനന്തപുരം* വലിയകൊട്ടാരത്തിലെ നർത്തകനായി നിയമനം. പ്രഗത്ഭമതികളായ നാട്യാചാര്യന്മാരുടെ കീഴിൽ ഗുരുകുലക്ലിഷ്ടമായ സുദീർഘാഭ്യാസങ്ങൾക്ക്
ശേഷം അദ്ദേഹത്തിന്റെ മൗലിയിൽ സ്ഥിരവാസമുറപ്പിച്ച വിജയകിരീടം ഒരാഭരണമായി പരിലസിച്ചു.
രാമൻപിള്ളയുടെ അഭിനയ
വൈദഗ്ദ്ധ്യത്തെപ്പറ്റി,
കഥകളി വിജ്ഞാനകോശത്തിൽ,
*അയ്മനം കൃഷ്ണക്കൈമൾ*
ഇങ്ങനെ അഭിപ്രായപ്പെടുന്നു.
കത്തിവേഷങ്ങളിലാണ് അദ്ദേഹത്തിന്റെ വൈഭവം കൂടുതൽ പ്രകടമായിരുന്നത്.
ശൃംഗാരവീരരൗദ്രാദികളുടെ ആവിഷ്ക്കരണത്തിന് അനുഗുണമാംവിധം
ഗംഭീരമായ അലർച്ച അദ്ദേഹത്തിന്റെ സിദ്ധികളിലൊന്നാണ്.
മനുഷ്യ ശരീരത്തിലെ
നാഭി ഭാഗത്ത് നിന്ന് ശ്രമം തുടങ്ങി ഗളനാളം വഴി പുറത്തേക്ക് വരുന്ന ബൃഹയെന്ന വായുവാണ്
അലർച്ചാ ശബ്ദമായി
കേൾക്കുന്നത്.
ചില നടന്മാർ ഇതിൽ
പ്രത്യേക ശാരീരിക പരിശീലനം
നേടാറുണ്ട്.
രാവണൻ, കീചകൻ, ചെറിയനരകാസുരൻ എന്നീ പാത്രങ്ങളായി ആടുമ്പോൾ രാജസഭാവത്തിന്റെ
പൂർത്തികൊണ്ട് അന്യാദൃശമായ രംഗവിജയം കൈവരിക്കുന്നതിന് ചിട്ടയായ അഭ്യാസമുറകളും പ്രായോഗിക പരിശീലനങ്ങളും ലഭിച്ചയാൾക്ക് മാത്രമെ
സാധിച്ചെന്ന് വരൂ.
പച്ചവേഷങ്ങളിൽ,
രൗദ്രഭീമൻ, ബലഭദ്രൻ,
ധർമ്മപുത്രർ എന്നിവ
കേമമാണ്.
*കുഞ്ഞൻപണിക്കർ*
കഴിഞ്ഞാൽ പിന്നെ ഹംസത്തിന്റെ വേഷത്തിൽ രാമൻപിള്ള മുൻപന്തിയിലാണ്.
വെള്ളത്താടിയും രാമൻപിള്ളയ്ക്ക് തികച്ചും അനുയോജ്യമാണ്.
കഥകളിയിലെ ശൈലിഭേദങ്ങൾ
സമന്വയിപ്പിച്ച
അഭിനയശൈലിയാണ് അദ്ദേഹം കാഴ്ചവച്ചത്.
ഇരുപത്തഞ്ചാം വയസ്സിൽ
രാമൻപിള്ള, കൈനകരി
തലപ്പിള്ളി വീട്ടിലെ
കാർത്ത്യായനിയമ്മയെ
വിവാഹം കഴിച്ചു.
ചെങ്ങന്നൂർരാമൻപിള്ള തെക്കൻ
കഥകളിസമ്പ്രദായത്തിന്റെ അനിഷേധ്യനേതാവാണെന്നും മറ്റുമുള്ള ചില വിലയിരുത്തലുകൾ അദ്ദേഹത്തിന്റെ ജീവിതകാലത്ത് നടത്തിയിരുന്നത്
മരണത്തിന്ശേഷവും തുടരുന്നതായിക്കാണുന്നു. അതിൽ തെറ്റിദ്ധാരണയോ സംശയമോ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. *തെക്കൻചിട്ടയിലുള്ള കഥകളി അഭ്യാസക്രമങ്ങൾ* എന്നൊരു പുസ്തകം അദ്ദേഹം രചിചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ *പകൽക്കുറിയിൽ* യശ്ശശരീരനായ
*എംകെകെ നായരുടെ* സർവ്വതോമുഖമായ പരിശ്രമത്താൽ
കപ്ളിങ്ങാടൻ ശൈലിയിൽ ചിട്ടയായ രീതിയിൽ ചൊല്ലിയാട്ടം പഠിപ്പിക്കാൻ *കലാഭാരതി കഥകളി അക്കാഡമി* സ്ഥാപിച്ചത്,
ദൃശ്യകലകളുടെ വളർച്ചയ്ക്ക്,
അത്യുത്തോത്തമമായി.
ആശാന്റെ ശിഷ്യന്മാരിൽ പ്രഥമഗണനീയനായ മൺമറഞ്ഞ *മടവൂർ വാസുദേവൻനായരായിരുന്നു* കലാഭാരതിയുടെ പ്രിൻസിപ്പൽ.
*ഹരിപ്പാട് രാമകൃഷ്ണപിള്ള ,* *ഗുരുഗോപിനാഥ്, ചെന്നിത്തല*
*ചെല്ലപ്പൻപിള്ള,* *മങ്കൊമ്പ്* *ശിവശങ്കരപ്പിള്ള* എന്നിവർ
ചെങ്ങന്നൂരിന്റെ
വത്സലശിഷ്യന്മാരാണ്.
1971ൽ ആശാന് *പത്മശ്രീ*
ലഭിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ
ശ്രീ അടുർ ഗോപാലകൃഷ്ണൻ
ആശാനെക്കുറിച്ച്
ഒരു ഡോക്യുമെന്ററി ഫിലിം
നിർമ്മിച്ചിട്ടുണ്ട്.
കോട്ടയത്ത് തമ്പുരാന്റെ *ബകവധം* ആട്ടക്കഥയിലെ ആശാരിവേഷം,
സവിശേഷ നടന ചാതുരിയാലും
പരിഹാസരൂപേണയും
ആശാൻ രംഗത്തവതരിപ്പിച്ചിരുന്നത് പഴമക്കാർ അത്ഭുതത്തോടെയും ആദരവോടെയും
പറഞ്ഞുകേട്ടിട്ടുണ്ട്.
ദുര്യോധനാദികളുടെ
കാലുഷ്യത്തിൽനിന്ന്
മോചനം ലഭിക്കാൻ
പാണ്ഡവർ കുറച്ച് കാലം
അകലെയെവിടെയെങ്കിലും
പോയിതാമസിക്കട്ടെ എന്ന് നിശ്ചയിച്ചാണ്
വാരണാവതത്തിൽ
പുരോചനന്റെ മേൽ നോട്ടത്തിൽ ഒരു കൊട്ടാരം പണിയിച്ചതും
കുരുക്കളെ അങ്ങോട്ടയച്ചതും.
കെട്ടിടം പണിയുമ്പോൾ
വേഗത്തിൽ തീ കത്തിപ്പടരുന്നതിന് ആവശ്യമായ ദ്രവ്യപദാർത്ഥങ്ങൾ കൂടി
ചേർത്ത് ചുമരുകൾ തീർക്കാൻ, രഹസ്യമായി
പുരോചനന് നിർദ്ദേശം
കൊടുക്കുകയാണ്
ദുര്യോധനൻ.
ഇക്കാര്യം മനസ്സിലാക്കിയ
ഇളയച്ഛനും മഹാജ്ഞാനിയുമായ
വിദുരർ, പാണ്ഡവരുടേയും
കുന്തീദേവിയുടേയും
ജീവരക്ഷയ്ക്കായാണ്
ഒരു തച്ചനെ വാരണാവതത്തിലേക്കയക്കുന്നത്. പാണ്ഡവർക്ക് രക്ഷപ്പെടുന്നതിന് തുരങ്കം
നിർമ്മിച്ച് കൊടുക്കലാണ്
തച്ചന്റെ ദൗത്യം.
വലത് കരത്തിൽ മുഴക്കോലും
തോളത്ത് സഞ്ചിയിൽ തൂക്കിയിട്ട പണിയായുധങ്ങളുമായി ആശാരിയുടെ പാത്തും പതുങ്ങിയുമുള്ള വരവ്
ചെങ്ങന്നൂരാശ്ശാൻ വളരെ സരസമായി അവതരിപ്പിക്കാറുണ്ട്.
ആയൂധങ്ങൾ
സഞ്ചിയിൽനിന്നും പ്രത്യേകം പ്രത്യേകം തരാതരത്തിൽ നിരത്തിവയ്ക്കുന്നതും
വെറ്റില മുറുക്ക് പൊതി
തുറന്ന്, മുറുക്കാരംഭിക്കുമ്പോൾ
വല്ലാത്തൊരു ഗന്ധം അനുഭവപ്പെട്ട്,
ചുമരുകൾ ചുരണ്ടിയും
മാന്തിയും അപകട സാധ്യത
മണത്തറിയുന്നതും
ആസ്വാദകരിൽ
ചിരിയുയർത്തും.
വായിലെ മുറുക്കാൻകൂട്ട്
ഇടയ്ക്കിടെ
ഇരുവിരൽ പ്രയോഗിച്ച്
നീട്ടിത്തുപ്പുന്നതും
അരങ്ങിന് മുന്നിലിരിക്കുന്നവർ തുപ്പൽ കൊള്ളാതെ
ഒഴിഞ്ഞ് മാറുന്നതുമായ
അഭിനയ വിശേഷങ്ങൾ
അനുഭവസ്ഥർ പറഞ്ഞ് കേട്ടിരിക്കുന്നു.
സാക്ഷാൽ *ആശാരിക്കോപ്പൻ* നായരെ മറന്ന് കൊണ്ടല്ല
ഇക്കാര്യം കുറിച്ചത്.
*അത് കഴിഞ്ഞാട്ടവിളക്കണഞ്ഞ് പോയ്*
*എത്രയെത്ര* *അജ്ഞാതവാസമിന്നും*
*തുടരുന്നു ഞാൻ*
പ്രശസ്ത നയതന്ത്രജ്ഞൻ
*കെപിഎസ്സ് മേനോൻ*
തന്റെ വിശ്രുതമായ *കഥകളി രംഗം*
എന്ന ബൃഹത് ഗ്രന്ഥം
രചിക്കുമ്പോൾ
ഗുരു ചെങ്ങന്നൂർ എന്ന
മഹാനടനെ വിസ്മരിച്ചതായി
കാണാം.
മേനോന്റെ ഈ നടപടിയിൽ
തെക്കൻ കേരളത്തിലെ
മിക്കവാറും ആസ്വാദകർ
അരിശം കൊണ്ടു.
മേനോന്റെ അഭിപ്രായത്തിൽ
അന്ന് പട്ടിക്കാംതൊടിയാണ്
കഥകളിയുടെ തല തൊട്ടപ്പൻ.
കൂടാതെ കലാമണ്ഡലത്തിലെ
ആശാനുമാണ്
രാവുണ്ണി മേനോൻ.
വ്യത്യസ്തമായ തെക്കൻ
ആസ്വാദകരുടെ
മുറുമുറുപ്പ് തീർക്കാനാണ്
ഗുരു ചെങ്ങന്നൂരിന്റെ
ജീവചരിത്ര ഗ്രന്ഥം രചിച്ച്
കൊണ്ടാണ് കെപിഎസ്സ്
പഴി മാറ്റിയത്.
ഇന്നും ആ ജീവചരിത്ര
പുസ്തകത്തോളം
കിട നില്ക്കുന്ന മറ്റൊരു
പുസ്തകം പുറത്ത്
വന്നിട്ടില്ല.
കഥകളിയുടെ രൂപശില്പവും ഭാവഭദ്രതയും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ച കപ്ളിങ്ങാടൻ ശൈലിയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച
മഹാനായ കലാകാരന് ആയിരം പ്രണാമം.....
*കെ.ബി.ഷാജി. നെടുമങ്ങാട്.*
Comments
Post a Comment