*ആയിരം കൊല്ലത്തെ പഴക്കമുള്ള കഥയാണിത്.*
*കാടുകളും പുഴകളും പുൽത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവൻ ജനിച്ചത്.*
*ജനിച്ചപ്പോൾത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു.*
*അതുകൊണ്ട് നിവർന്ന് നടക്കാൻ വയ്യ.*
*മുതുക് അല്പം വളഞ്ഞിരുന്നു.*
*കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ!.*
*എല്ലാവരും അവനെ വിളിച്ചു.*
*"കുഞ്ഞിക്കൂനൻ."*
ഒരു മുഴുവൻ തലമുറയിലെയും കുട്ടികളെ ഇത്രയധികം സ്വാധീനിച്ച ഒരു കഥാത്തുടക്കം വേറെയുണ്ടാവാനിടയില്ല.
അതി ദീർഘമല്ലാത്ത തന്റെ ആയുസ്സിൽ അധികഭാഗവും കുട്ടികളായ വായനക്കാർക്ക് വേണ്ടി നീക്കിവച്ച
*പി നരേന്ദ്രനാഥിന്റെ*
കുഞ്ഞിക്കൂനൻ എന്ന ബാലനോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്.
കുട്ടികൾക്കുവേണ്ടി
മാത്രം എഴുതിയത് കൊണ്ട് മലയാള സാഹിത്യ രംഗത്ത് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഈ കഥാകാരന് നിസ്സാരമല്ലാത്ത മുതിർന്ന വായനക്കാരും സ്വന്തമായുണ്ടായിരുന്നു. ബാലസാഹിത്യത്തിന് കുറഞ്ഞ പരിഗണന ലഭിച്ചതിൽ പരിഭവമുണ്ടായിരുന്നെങ്കിലും തന്റെ "അരക്കവിപ്പട്ടം" കുട്ടികൾ തന്നതാണെന്ന് അദ്ദേഹം അഭിമാനിച്ചു.
തന്റേതല്ലാത്ത കുറ്റംകൊണ്ട്
കൂനനായിപ്പോവുകയും കരിംപൂരാടം നാൾ ഭൂമിയിലേക്ക് വരേണ്ടി വരികയും ചെയ്ത കുഞ്ഞിക്കൂനനോട് വർഷങ്ങൾക്കുശേഷവും വായനക്കാർക്ക് സഹതാപം തോന്നിപ്പോകുന്നതും മറ്റൊന്നും കൊണ്ടല്ല. അതുപോലെതന്നെ
വികൃതി രാമനും,
മനസ്സറിയും യന്ത്രവും
അന്ധഗായകനുമടക്കമുള്ള കൃതികൾ പുതിയ പതിപ്പുകളിലൂടെ ഇന്നും വിപണിയിൽ സജീവവുമാണ്.
പഴയ പാഠ്യപദ്ധതിയിൽ
ഉപപാഠപുസ്തകമായിരുന്ന
_കുഞ്ഞിക്കൂനൻ_ എന്ന
ബാലനോവൽ, കുട്ടിക്കാലത്ത് വായിക്കുക മാത്രമല്ല,
കൂട്ടുകാരുമായിച്ചേർന്ന് നാടകമാക്കുകയും ചെയ്തിരുന്നു.
ദേവലോകത്ത് നിന്ന് വിമാനത്തിലേറി ഒരു ദേവദൂതൻ, കുഞ്ഞിക്കൂനന്റെ വളർത്തച്ഛനായ എഴുത്താശ്ശാനെ, ഉടലോടെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വരുന്നൊരു സന്ദർഭം, കഥയിൽ, വളരെ രമണീയതയോടെ പ്രതിപാദിച്ചിട്ടുണ്ട്.
പ്രസ്തുത ഭാഗമായിരിക്കും
ക്ലാസ്സിലും വീട്ടിലും
തന്മയത്തത്തോടെ
മിക്ക സന്ദർഭങ്ങളിലും
അവതരിപ്പിക്കുക.
ദേവദൂതനായി അഭിനയിക്കുന്നയാൾ
പഴുത്ത പ്ലാവിലകൾ കൊണ്ട്
തീർത്ത കിരീടവും
ആടയാഭരണങ്ങളും
ധരിച്ചായിരിക്കും പ്രത്യക്ഷപ്പെടുക.
കൊള്ളക്കാരുടെ സങ്കേതത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട്
നദിയിലൂടെ ഒഴുകുന്ന കൂട്ടിക്കെട്ടിയ മരത്തടികൾക്ക് മുകളിൽ
ക്ഷീണിതനായുറങ്ങുമ്പോൾ
കുഞ്ഞിക്കൂനൻ, കാണുന്ന വർണ്ണമനോഹരമായൊരു സ്വപ്നമായാണ് രംഗം ആവിഷ്ക്കരിച്ചിരിക്കുന്നത്.
വളർത്തച്ഛന്റെ മടിയിൽ കുഞ്ഞിക്കൂനൻ തലവച്ചുറങ്ങുന്ന നേരത്താണ് ദൂതന്റെ വരവ്.
ഇഹത്തിലനുഷ്ഠിച്ച സത്ക്കർമ്മങ്ങളാൽ ദേവരാജൻ, എഴുത്താശ്ശാനിൽ സംപ്രീതനായിരിക്കുന്നുവെന്നും ഉടനെ നാകലോകത്തേക്ക് കൂടെവരണമെന്നും ദൂതനഭ്യർത്ഥിക്കുന്നു.
വളർത്ത് മകനെ പിരിഞ്ഞുള്ള സൗഭാഗ്യങ്ങളൊന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞ് വിമാനത്തെ തിരികെയയക്കാൻ
ആശാൻ ശ്രമിക്കുന്നു.
ലോകതത്വം വേണ്ടുവോളം
മനസ്സിലാക്കാത്ത കുഞ്ഞിക്കൂനൻ വളർത്തച്ഛനോടൊപ്പം
തന്നെയും ഇന്ദ്രലോകത്തേക്ക്
കൊണ്ടുപോയാൽ തർക്കം
തീരുമല്ലോ എന്ന് പറയുന്നു.
അപ്പോൾ സമർത്ഥനും ബുദ്ധിമാനുമായ
ദേവദൂതന്റെ വിശദീകരണം
എത്ര സുന്ദരമാണ്.
ജീവിത പ്രാരാബ്ധങ്ങളോട്
പോരാടി വിജയിച്ച്,
സത്യത്തെ സമാശ്ര്വയിച്ച്,, ധർമ്മനിഷ്ഠയോടെ ചരിച്ച്
ജീവിതാവസാനമെത്തുന്നവർക്കാണ് ദേവലോകമെന്നും
കുഞ്ഞിക്കൂനന് അത്തരമൊരു അവസരം
മുന്നിലുണ്ടെന്നും പറഞ്ഞ്
ആഗ്രഹത്തെ തടയുന്നു.
മിക്കപ്പോഴും ദേവദൂതനും എഴുത്താശ്ശാനും തമ്മിലുള്ള രംഗമാവും അവതരിപ്പിക്കുക.
ഗ്രാമത്തലവൻ,
മന്ത്രവാദി,
കൊള്ളത്തലവൻ,
വീരൻ,
മുക്കുവക്കുട്ടികൾ,
മുതലായ പാത്രങ്ങൾക്ക് വേഷക്കാരെ കിട്ടാറില്ല.
കൂനനായ ബാലന്, എഴുത്താശ്ശാനിൽനിന്നും
ലഭിച്ച നീതിവാക്യങ്ങളാൽ ചരിച്ചതിനാലാണ് കൊള്ളക്കാരുടെ പിടിയിലകപ്പെട്ട രാജ്യത്തെയും, രോഗബാധിതനായ രാജകുമാരനെയും രക്ഷിക്കാൻ കഴിഞ്ഞത്.
*കട്ടുറുമ്പിനെ തട്ടി കുട്ടയിലിട്ടപ്പോൾ*
*മുട്ട പോലെ രണ്ട് കോഴിക്കുഞ്ഞ്,*
*കോഴിക്കുഞ്ഞേ നീയൊരു പാട്ട് പാട്,*
*ഞാൻ പാടും പാട്ട് മിയാ മിയാ,*
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ
നാട്ട് ഭാഷാവിദ്യാഭ്യാസം നടപ്പിലായപ്പോഴാണ് മലയാളത്തിൽ ബാലസാഹിത്യം ഉടലെടുക്കുന്നതെന്ന് വിജ്ഞാനകോശങ്ങൾ പറയുന്നു.
_ഈസോപ്പ് കഥകളും_
സന്മാർഗ്ഗപ്രദീപവുമായിരുന്നു ബാലസാഹിത്യം എന്ന തലക്കെട്ടിൽ ആദ്യമാദ്യം പുറത്തിറങ്ങിയത്.
_വൈക്കത്ത് പാച്ചുമൂത്തതിന്റെ_ *ബാലഭൂഷണവും* ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.
"കുറുക്കന്റെ കുഞ്ഞേ നിനക്കെന്ത് ചേതം" തുടങ്ങിയ ഒട്ടനവധി നാടൻ കുട്ടിപ്പാട്ടുകൾ പ്രചരിച്ചിരുന്നു എന്നത് വിസ്മരിച്ച് കൊണ്ടല്ല ഇത് എഴുതുന്നത്.
ബാലസാഹിത്യമെന്ന കള്ളിയിൽ ഒതുക്കാവുന്നതല്ലെങ്കിലും സ്വാതന്ത്ര്യലബ്ധിവരെ കുറേയേറെ കൃതികൾ കുട്ടികൾക്കായി പുറത്തിറങ്ങിയിരുന്നു. എന്നാൽ മലയാള സാഹിത്യത്തിന്റെ വ്യക്തമായ അടിവേരുകൾ കണ്ടെത്താനാവുന്നത്
*മാത്യു എം കുഴിവേലിയുടെ* കാലത്തോടെയാണ്. കുഴിവേലിയുടെ
_ബാലൻ പബ്ലിക്കേഷൻസ്,_
1947 ൽ പ്രസിദ്ധീകരണ രംഗത്ത് സജീവമായി. കുറഞ്ഞകാലം കൊണ്ട് നാല് ഗ്രേഡുകളിലായി ഇരുനൂറിലധികം പുസ്തകങ്ങൾ പുറത്തിറക്കി. കുഴിവേലി
ബാലസാഹിത്യ മേഖലയ്ക്ക് വിലയേറിയ സംഭാവനകൾ നൽകി.
_പഞ്ചതന്ത്ര_ വിവർത്തനം,
*ജി. ശങ്കരക്കുറുപ്പ്,*
*വൈലോപ്പിള്ളി,*
*അക്കിത്തം* തുടങ്ങിയവരുടെ ബാലകവിതകൾ എന്നിവ
ഈ "ഗ്രേഡ്" കവിതകളിലൂടെയാണ്
ഇളംചുണ്ടുകളിൽ തത്തിക്കളിച്ചത്. ഉൾക്കനമുള്ള പുസ്തകങ്ങളാണെങ്കിലും പല പരിമിതികളും ബാലൻ പുസ്തകശാലയെ ബാധിച്ചു. വിലകുറഞ്ഞ ന്യൂസ് പ്രിന്റിൽ ചിത്രങ്ങളൊന്നും ചേർക്കാതെ തീർത്തും അനാകർഷങ്ങളായിട്ടായിരുന്നു അവയുടെ രൂപകല്പന. എങ്കിലും ബാലൻ സീരീസിലെ ഓരോ പുസ്തകവും പുറത്തിറങ്ങുന്നതും കാത്ത്
ആ തലമുറയിലെ കുട്ടികൾ വേഴാമ്പലിനെപ്പോലെ കാത്തിരുന്ന കാലമുണ്ടായിരുന്നു.
ഈ പശ്ചാത്തലവുമായി ചേർത്തുവേണം നരേന്ദ്രനാഥിന്റെ ബാലസാഹിത്യ സംഭാവനകളെ പരിശോധിക്കാൻ.
രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ 1934 ആഗസ്റ്റ് 18 നാണ് നരേന്ദ്രനാഥിന്റെ ജനനം. ജന്മസ്ഥലം
*പാലക്കാട്* ജില്ലയിലെ പട്ടാമ്പിക്കടുത്തൂളള *നെല്ലായ* പഞ്ചായത്തിലെ *എഴുവന്തല,*
എന്ന സുന്ദരമായ വള്ളുവനാടൻ ഗ്രാമത്തിൽ. രാഷ്ട്രീയ പ്രവർത്തകനും ഇൻഷുറൻസ് ഏജന്റുമായിരുന്ന
മംഗലപ്പിള്ളി
_കേശവൻനമ്പൂതിരിയും_ പൂമരത്തിൽ
_കുഞ്ഞിക്കുട്ടികോവിലമ്മയും_ മാതാപിതാക്കൾ.
കുടുംബത്തിലെ സാംസ്കാരികാന്തരീക്ഷം ബാലനായ നരേന്ദ്രനെ സ്വാധീനിച്ചു.
വാമൊഴിയിലൂടെയും
വരമൊഴിയിലൂടെയും കുഞ്ഞുമകന് സാഹിത്യവാസനയുടെ
ആദ്യപാഠങ്ങൾ പകർന്ന് കൊടുത്തത്, മുത്തശ്ശി കുഞ്ഞിക്കാവ് കോവിലമ്മയാണ്.
_പഞ്ചതന്ത്രവും_
_കഥാസരിത് സാഗരവും_
_ഐതിഹ്യമാലയും_
_ഹിതോപദേശ_ കഥകളുമെല്ലാം
മുത്തശ്ശിയിലൂടെ അവന്റെ മനസ്സിൽ സ്വാധീനം ചെലുത്തി. ഇടയ്ക്കെല്ലാം മുത്തശ്ശിയെ അനുകരിച്ച് ചില ഉണ്ടാക്കിക്കഥകൾ അവൻ
മെനഞ്ഞെടുത്ത്,
ഗമയിൽ പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു. അവയിൽ പലതും പ്രായത്തിൽക്കവിഞ്ഞ
കല്പനാവൈഭവം പ്രകടമാക്കുന്നതായിരുന്നു.
മുത്തശ്ശിയോടൊപ്പം മാതാപിതാക്കളുമവനെ പ്രോത്സാഹിപ്പിച്ചു.
തൃശ്ശൂരിലെ വിദ്യാഭ്യാസകാലത്തും
അസാധാരണമായ വായനാശീലം നരേന്ദ്രനാഥ് തുടർന്നുവന്നു.
മികച്ച വിദ്യാർഥിയായിരുന്നിട്ടും കലാശാലാപഠനത്തിന്,
പല പ്രതിസന്ധികളും നേരിട്ടു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയിരുന്നു പ്രധാനം. മാസാമാസമുള്ള
പഠനച്ചെലവിനുപോലും പണമില്ലാതെ വിഷമിച്ചു. ഒടുവിൽ പഠനം പൂർത്തിയാക്കുന്നതിന് മുമ്പേ
മനസ്സില്ലാ മനസ്സോടെ കലാലയത്തോട് വിട പറഞ്ഞു. നാടക നടനാവുക എന്ന രഹസ്യമോഹവും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു.
പഠനം മുടങ്ങിയെങ്കിലും നരേന്ദ്രനാഥ് നിരാശനായില്ല. പല വാതിലുകളും
മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, അദ്ദേഹത്തിന്റെ ദിവസവും വന്നു.1953 ൽ പത്തൊമ്പതാം വയസ്സിൽ നിയമന ഉത്തരവ് ലഭിച്ചു. കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ക്ലാർക്ക്. സന്തോഷത്തോടെ അദ്ദേഹം ആ ജോലിയിൽ പ്രവേശിച്ചു. അതിനൊരുവർഷം മുമ്പേ നരേന്ദ്രനാഥിന്റെ ആദ്യത്തെ കൃതി അച്ചടിമഷി പുരണ്ടിരുന്നു.
നാടകങ്ങൾ കണ്ട് നേടിയ
പ്രചോദനത്താൽ ആദ്യമെഴുതിയതും നാടകമായിരുന്നു.
*നുറുങ്ങുന്ന ശൃംഖലകൾ.* എന്നാൽ അനുകരണച്ചുവ പ്രകടമായ നാടകം ശ്രദ്ധിക്കപ്പെട്ടില്ല.
ബാങ്കിലെ ക്ലർക്ക് ജോലിയിൽ ഇരുന്നുകൊണ്ടുതന്നെ ഉപരിപഠനവും സാഹിത്യ ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നരേന്ദ്രനാഥ് ശ്രദ്ധിച്ചു. സ്വപ്രയത്നം കൊണ്ട് ബാങ്കിങ്ങിലും ധനതത്വശാസ്ത്രത്തിലും ബിരുദവും നേടി.
1963 ൽ _കാനറാ ബാങ്കിൽ_ കൂടുതൽ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളോടെ
നിയമിതനായി. നാടകത്തിന് പുറമേ നോവലിലും തന്റെ അഭിരുചി അദ്ദേഹം പരീക്ഷിക്കുന്നത് ഈ കാലഘട്ടത്തിലാണ്. അവിടെയും പൂർണമായ വിജയം നേടാനായില്ല. സമകാലികമായ ബാലസാഹിത്യകൃതികൾ ധാരാളം വായിക്കുകയും അവയുടെ ദയനീയാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതാണ് നരേന്ദ്രനാഥിന്റെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. അതിന്റെ കന്നിഫലമായി ഒരു വികൃതിക്കുരങ്ങനും ഒരുപറ്റം കുട്ടികളുമായുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന *വികൃതിരാമൻ* നോവൽ കുട്ടികളും മുതിർന്നവരുമടങ്ങുന്ന വലിയ വായനാസമൂഹം നെഞ്ചേറ്റി ലാളിച്ചു. വേറിട്ടൊരു ശബ്ദമെന്ന് വികൃതിരാമൻ അംഗീകരിക്കപ്പെട്ടു. പുസ്തകം പല പതിപ്പുകൾ വിറ്റഴിഞ്ഞു. കേരളത്തിലെ നാടോടി സങ്കല്പങ്ങളെ പാലിച്ചുകൊണ്ടുള്ള രചനാരീതിയാണ് പിന്നീടുള്ള ബാലസാഹിത്യകൃതികളിലെല്ലാം അദ്ദേഹം സ്വീകരിച്ചത്. വ്യത്യസ്ത ജാതി മത വിഭാഗങ്ങളുടെ സംസ്കാര സമന്വയവും അദ്ദേഹം പുസ്തകങ്ങളിലൂടെ സാധ്യമാക്കി.
_മനസ്സറിയും യന്ത്രം,_
_അമ്മയുടെ ഉമ്മ,_
_കൊച്ചു നീലാണ്ടൻ,_
_ഇത്തിരിക്കുഞ്ഞൻ,_
_അച്ഛന്റെ പിശുക്ക്,_ _പാക്കനാരുടെ മകൻ,_ _പങ്ങുണ്ണി,_ _കുഞ്ഞുണ്ണിയും_ _കൂട്ടുകാരും,_ _കുറുമ്പൻ കുഞ്ഞുണ്ണി,_ _കുഞ്ഞിയുറുമ്പും_ _കൂട്ടുകാരും,_
_കുഞ്ഞിച്ഛീരു,_
_കുഞ്ഞിപ്പാക്കൻ,_
_നമ്പൂര്യച്ചനും മന്ത്രവും,_
_കുഞ്ഞിക്കാളി,_
_അപ്പുമോൻ ഡും ഡും ഗോളത്തിൽ,_
_കുട്ടിമാത്തു,_ _കാളു,_
_കള്ളൻ രാമു,_
_ഉണ്ടത്തിരുമേനി,_
_ഉണ്ടനും ഉണ്ടിയും,_
_വിലപിടിച്ച മുത്ത്_
_ഉണ്ണികളെ ചിരിച്ചോളൂ_
ഒക്കെയായി നാല്പതോളം പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്.
*എന്തിനാണ് പിശാചിനെ* *ഒഴിപ്പിക്കുന്ന ക്രിയയിൽ*
*സ്വർണം ഹോമിക്കുന്നത്?*
_ഗ്രാമത്തലവന്റെ മുന്നിൽ_
_നില്ക്കുന്ന മന്ത്രവാദിയോട്_
_കുഞ്ഞിക്കൂനൻ സധൈര്യം_
_ചോദിക്കുകയാണ്._
അധ്വാനിക്കുന്ന വർഗ്ഗത്തിലൂടെയേ നാടിന്റെ
സംസ്കാര സമന്വയം പൂർണ്ണമാവൂ എന്ന വിശ്വാസമാണ് ഒടുവിലെഴുതിയ *പറയിപെറ്റ പന്തിരുകുലത്തിലൂടെ* നരേന്ദ്രനാഥ് സ്ഥാപിച്ചെടുത്തത്.
അസുഖ ബാധിതനായി
1991 നവംബർ 3 ന് ഈ കഥാകാരൻ അകാല
ചരമമടയുകയായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ *പങ്കുണ്ണിമ്മാനും ദുർവ്വാസാവും*
1995 ലാണ്
വെളിച്ചം കണ്ടത്.
വികൃതി രാമന്
കേരളസാഹിത്യ അക്കാദമി അവാർഡും കുഞ്ഞിക്കൂനന് കേന്ദ്ര വിദ്യാഭ്യാസവകുപ്പ്
അവാർഡും
അന്ധഗായകന് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു. മൂന്ന് നോവലുകളും
അഞ്ച് നാടകങ്ങളുമാണ് ബാലസാഹിത്യ മേഖലയ്ക്ക് പുറമേ നരേന്ദ്രനാഥ് രചന
നടത്തിയത്.
ഭാര്യ, _അമൃതകുമാരി_
ഒരു മകനും മൂന്ന് പെൺമക്കളും.
_തിരുവനന്തപുരം_ ദൂരദർശൻ
രണ്ട് വ്യത്യസ്ത സംവിധായകരെക്കൊണ്ട് ടെലിഫിലിമാക്കിയ നാഥിന്റെഏക കൃതിയും കുഞ്ഞിക്കൂനനാണ്.
ദുഷ്ടനായ
മന്ത്രവാദിയുടെ വേഷം _എംആർ ഗോപകുമാറും_ *ജഗന്നാഥവർമ്മയും* അണിഞ്ഞു
നിരവധി കൃതികൾ മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
നരേന്ദ്രനാഥിനെ
മലയാളികൾ
മറന്നോ എന്നുള്ള
ചോദ്യത്തിന് കൂട്ടുകാർ
പ്രതികരിക്കുക.
*ഹുവി ഹോയ്, ഹുവി ഹോയ്,*
_പിശാചിന്റെ വരവാണ്._
ശരിക്കും പിശാചുക്കൾ
മാത്രമല്ലേ വന്ന് കൊണ്ടിരിക്കുന്നത്.
_നോവലിൽ മാത്രമല്ല_
_വർത്തമാന കാലത്തും......_
*കെബി. ഷാജി. നെടുമങ്ങാട്.*
9947025309
Comments
Post a Comment