Oct_21_2010/ എ.അയ്യപ്പൻ

 *അമ്പ് ഏത് നിമിഷവും മുതുകിൽ തറയ്ക്കാം.*

*പ്രാണനുംകൊണ്ട് ഓടുകയാണ്.*

*റാന്തൽവിളക്കിന് ചുറ്റും*

*എന്റെ രുചിയോർത്ത്*

*അഞ്ചെട്ടുപേർ കൊതിയോടെ,*


*തിരുവനന്തപുരം* _തമ്പാനൂർ_ ഭാഗത്ത് മൃതപ്രായനായിക്കിടന്ന 

കവി *എ. അയ്യപ്പന്റെ* കൈമടക്കിൽക്കണ്ട മുഷിഞ്ഞ കടലാസ്സിൽക്കുറിച്ചിട്ടിരുന്ന _അശുഭസൂചകമായ_ അർത്ഥങ്ങളുൾക്കൊള്ളുന്ന  ഒരു ചെറുകവിതയിലെ ആദ്യ വരികൾ. *ചെന്നെയിൽ* ആശാൻ പുരസ്ക്കാരമേറ്റുവാങ്ങുമ്പോൾ അവതരിപ്പിക്കാനുള്ള കവിതയായിരുന്നു മേല്പറഞ്ഞത്.


*തമ്പാനൂർ,* യാത്രകളുടെ തുടക്കവുമൊടുക്കവുമരങ്ങേറുന്ന സ്ഥലം. ഭാവുകത്വത്തിന്റെയും കാവ്യബിംബങ്ങളെയും 

അമ്ലതീക്ഷ്ണതകൊണ്ട്, സമകാലിക കാവ്യഭുമികയെ  വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയകവി അയ്യപ്പൻ മലയാളത്തോട് വിടപറഞ്ഞിട്ട് പത്താണ്ടുകളാകുന്നു. 

2010 ഒക്ടോബർ 21നാണ് അനാഥനെങ്കിലും 

സനാഥനായി 

അലഞ്ഞ്തീർത്ത കവിയുടെ  ജീവിതത്തിന് ജനറൽ ആശുപത്രിയിലവസാന മുണ്ടായത്. മലയാള കവിതയിലെ ആധുനിക പ്രസ്ഥാനത്തിന്റെ ഇളമുറക്കാരനായിരുന്നു

അയ്യപ്പൻ.


1949 ഒക്ടോബർ 27 ന്

*നെടുമങ്ങാട്* നഗരത്തിൽ കുളവിക്കോണം ഭാഗത്ത്,

സ്വർണ്ണപ്പണിക്കാരാനായ

അറുമുഖൻ ആചാരിയുടേയും

മൂത്തമ്മാളിന്റേയും രണ്ട് മക്കളാൽ ഇളയവനായി അയ്യപ്പൻ ജനിച്ചു.

അയ്യപ്പന്റെ കുഞ്ഞുനാളിലേ പിതാവ് മരണമടങ്ങു.

പിതാവിന്റെ മരണത്തിൽ ദുരൂഹത നിഴലിച്ചിട്ടുള്ളതായി അയ്യപ്പൻ രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് അമ്മയായിരുന്നു

ആ മകന് എല്ലാം.

മൂത്ത സഹോദരി സുബ്ബലക്ഷ്മിയേയും അയ്യപ്പനേയും മൂത്തമ്മാൾ വളർത്തിയത് വീട്ട് വേലയെടുത്താണ്.

അയ്യപ്പൻ സ്കൂളിൽ പഠിക്കുമ്പോൾ മാതാവും യാത്രയായി. അനാഥനായ അയ്യപ്പൻ സുബ്ബലക്ഷ്മിയുടെ  തണലിലാണ് പിന്നീട് വളർന്നത്. അവർ വിവാഹിതയായതോടെ ഭർത്താവായ കൃഷ്ണനാചാരിയുടെ നാടായ 

*നേമം* എന്ന സ്ഥലത്തേക്ക്  അയ്യപ്പന്റെ ജീവിതവും പറിച്ച് നടുകയായിരുന്നു.

മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ യോഗമില്ലാതിരുന്ന അയ്യപ്പൻ വായനയിലൂടെ ആശ്വാസം കണ്ടെത്തി. പിന്നീട് വായനയിൽ അതീവ തല്പരനായിത്തീർന്നു.

കലാലയ പഠനകാലത്ത് തന്നെ അദ്ദേഹത്തിൽ സാഹിത്യവാസനയുണ്ടായിരുന്നു. അങ്ങനെ ചെറുകഥകളെഴുതാൻ തുടങ്ങി.

*ഓണക്കാഴ്ച* എന്ന കഥാസമാഹാരം ഇക്കാലത്ത് പിറവിയെടുത്തതാണ്.

സുഹൃത്തുക്കളാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

കഥാലോകത്ത് വ്യാപൃതനായിരുന്ന അയ്യപ്പൻ കവിതയെഴുത്തിലേക്ക് തിരിയുകയായിരുന്നു.

സ്കൂൾ പഠനത്തിന് ശേഷം ട്യൂട്ടോറിയൽ കോളേജ് 

അധ്യാപകനായും  സിപിഐയുടെ പ്രസിദ്ധീകരണമായ *നവയുഗത്തിന്റെ* 

പ്രൂഫ് റീഡറായും ജോലി ചെയ്തു.

കമ്യൂണിസ്റ്റ് നേതാവായ

*ആർ സുഗതനുമായി* ആശയപരമായി അടുത്തത്തും ഈ അവസരത്തിലാണ്.  

ഈ പരിചയത്തിൽ നിന്നാണ്

അയ്യപ്പൻ *അക്ഷരം* എന്ന മാസിക 1972 ൽ തന്റെ 

25 മത്തെ വയസ്സിൽ 

ആരംഭിക്കുന്നത്.   .

ഉന്നതനിലവാരം പുലർത്തിയിരുന്ന അക്ഷരത്തിന് ആയുസ്സ് കുറവായിരുന്നു. 

സാഹിത്യരംഗത്തെ പ്രമുഖരുടെ രചനകൾ അച്ചടിച്ച് വന്നിരുന്ന മാസികയുടെ പത്ത് ലക്കങ്ങൾ മാത്രമേ പുറത്ത് വന്നിരുന്നുള്ളു.


അയ്യപ്പന്റെ ആദ്യ കവിതാസമാഹാരമായ *ബലിക്കുറിപ്പുകൾ* 

1982 ൽ പ്രസിദ്ധീകൃതമായി.

കവിതയെ ഗൗരവബുദ്ധ്യാ സമീപിക്കുന്ന അനുവാചകരുടെയും കവിതയുടെ നൂതനപഥങ്ങളന്വേഷിക്കുന്ന നിരൂപകരുടെയും ശ്രദ്ധ  എന്നും കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള അയ്യപ്പന്റെ കവിതകളുടെ യഥാർത്ഥമാനം കണ്ടെത്തുന്നത്‌ ഇങ്ങിനെയാകാം.

പാരമ്പര്യ വായനാരീതികളോട് അനുസരണ കാണിക്കുന്നവരും നിലവിലുള്ള ആഖ്യാന ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ നല്കുന്നവരുമായിരുന്നു ആധുനികതവരെയുള്ള കവികൾ.

കുട്ടികളുടെ മുന്നിൽ അത്തരം കവിതകൾ വായിച്ച് വ്യാഖ്യാനിച്ച് സ്വന്തമറിവ് തുറന്നിട്ട് അഭിമാനിച്ചിരുന്ന അധ്യാപകരുടെ മുന്നിലേയ്ക്കാണ് ആധുനിക കവിതകൾ വന്നത്. അതു കൊണ്ട്തന്നെ ആധുനിക കവിതകൾ നിഷേധികളായിമാറി.

അക്കൂട്ടരുടെയിടയിൽ അയ്യപ്പന്റെ കവിതകളുണ്ടാക്കിയ  കുരുത്തക്കേടുകൾ ചെറുതല്ല.

ജീവിതത്തിന്റെ ആഖ്യാനമോ വ്യാഖ്യാനമോ ആണ് കവിതയെന്നു വിശദീകരിക്കുകയും  അതിനുദാഹരണങ്ങളായി മറ്റുള്ളവരുടെ പ്രിയപ്പെട്ട 

കവികളുടെ രചനകൾ ഉദാഹരിക്കും ചെയ്യുന്നിടത്തേക്ക് കവിതതന്നെയാണ് ജീവിതമെന്ന് പറഞ്ഞെത്തിയ  ആധുനിക കവിതകളുണ്ടാക്കിയ അങ്കലാപ്പ് അത്രചെറുതല്ല.

അയ്യപ്പന്റെ കവിതകൾ കൂടുതൽ പ്രശ്നമായിത്തുടങ്ങിയതിന് കാരണം ഒളിച്ചുവയ്ക്കുന്ന അർത്ഥപ്പെട്ടകമല്ല കവിതയെന്നും തുറന്നിടുന്ന ജീവിതാനുഭവങ്ങളാണ് അതെന്നും  ജിവിതസാക്ഷ്യങ്ങളാണെന്ന വാക്കുകളിലൂടെ അയ്യപ്പൻ പറഞ്ഞുവെന്നതാണ്.


ലൗകികജീവിതവും സർഗാത്മകജീവിതവും തമ്മിലുള്ള അതിർവരമ്പ് കൃത്യമായി നിർവചിച്ച് വരച്ച് രണ്ടും തമ്മിൽ കലരാനനുവദിക്കാതെ  ജീവിക്കുന്നവരാണ് എഴുത്തുകാരിൽ ബഹുഭൂരിപക്ഷവും. ഇതിലൊന്ന് കപടമാണെന്ന് യാതൊരു തർക്കത്തിന്  സാധ്യതയില്ലാതാനും.

ഈ രണ്ട് ജീവിതവും അന്തരമില്ലായിരുന്നു എന്നിടത്താണ് അയ്യപ്പൻ വേറിട്ട് നില്ക്കുന്നത്.

ലൗകികജീവിതം അടയാളപ്പെടുന്നത് 

ശരീരം കൊണ്ടും പ്രവർത്തികൾകൊണ്ടുമാണ്.

സർഗാത്മകജീവിതം ഭാഷ കൊണ്ടാണ് വെളിപ്പെടുന്നത്.

തന്റെ ജീവിതം താനെഴുതുന്ന കവിതകൾതന്നെയാണെന്ന് തെളിയിച്ച അയ്യപ്പൻ കവികളുടെ ഇടയിൽ സ്വതന്ത്രനും പാരമ്പര്യവായനക്കാരുടെയിടയിൽ  തിരസ്കൃതനുമായിരുന്നു.


വ്യാഖ്യാനത്തിന് നിന്ന് തരാതെ താൻതന്നെയാണ് വ്യാഖ്യാതാവും വ്യാഖ്യാനവുമെന്ന് അയ്യപ്പൻകവിതകൾ തുറന്ന് പറയുന്നു. ആദ്യകാലത്ത്  അയ്യപ്പൻ എഴുത്തുകാരുടെ നിലവിലുള്ള സ്വഭാവത്തോട് തോളൊത്ത് പോകുന്നയാളായിരുന്നു.

അതുകൊണ്ടാണ് *സരസ്വതി* എന്നപേരിൽ കവിതകളെഴുതി 

അയച്ചുകൊണ്ടിരുന്നത്. അയ്യപ്പനായിനിന്ന് രചനനടത്താൻ പത്രാധിപർ പറഞ്ഞപ്പോഴാണ് താൻ മാറിയതെന്ന് അയ്യപ്പൻ പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ അതേവരെയുള്ള മലയാളകവിതയുടെ 

പൊതുസ്വഭാവം പങ്ക് വയ്ക്കുന്നവതന്നെയായിരുന്നു

.

*കൊഴിഞ്ഞാൽപോലും വീണ്ടും*

*കുരുത്തു നില്പൂ ഭൂവിൽ*

*മുഗ്ദ്ധത തന്നെ ദുഖം*

*ഒടുങ്ങാത്തൊരുത്പൃഷ*

*വിടർത്തിനില്പൂ പത്തീ*

*കൊത്തുവാനൂണ്ട് മോഹം*

*കൊച്ചൊരു ഹർഷത്തിനേ!!*.


എന്ന് *അന്തസംവേദന പുഷ്പം* എന്ന കവിതയിലെഴുതിയ അയ്യപ്പൻ

*ബലിക്കുറിപ്പുകൾ* മുതൽ വായനയിൽ 

അപരിചിതസ്വഭാവം പുലർത്തുന്നവനായിത്തീർന്നു. 


*കറുത്തമുഖങ്ങളെ പെറുക്കി മാറ്റുന്നു*

*സുഹൃത്തിന്റെ കണ്ണിലെ കരട് മാറ്റുന്നു*

*മഴയെല്ലാം നനയുന്നു വെയിലെല്ലാം കൊള്ളുന്നു*

*സർപ്പങ്ങളെന്റെ ചവിട്ടേറ്റ് ചാകുന്നു.*


കവിത വായിക്കുക എന്ന ശീലത്തിൽ നിന്ന് മാറി കാണുക, അനുഭവിക്കുക എന്ന വഴിയിലേക്കെത്തുന്നത് ഇവിടം മുതലാണ്. 

കവിത കാഴ്ചയായി മാറുന്നു എന്നതാണ് അയ്യപ്പന്റെ രചനകളിൽ ഇവിടം മുതലുണ്ടാകുന്ന മാറ്റം.

ഏതൊരുകാര്യവും പറഞ്ഞറിയിക്കുന്നതിനേക്കാൾ വ്യാഖ്യാനിച്ചറിയിക്കുന്നതിനേക്കാൾ തീവ്രമായിത്തീരുന്നത് നേരിട്ടറിയുമ്പോൾ മാത്രമാണല്ലോ??.

അയ്യപ്പൻ അനുഭവങ്ങളെ ദൃശ്യങ്ങളാക്കിത്തീർക്കുകയായിരുന്നു. വായനക്കാർ കാഴ്ചക്കാരായി മാറുകയും  അനുഭവം നേരിട്ടായിത്തീരുകയും ചെയ്യുന്ന ആഖ്യാന സവിശേഷതയാണ് അയ്യപ്പന്റെ രചനകളിൽ  പിന്നീട് കാണുന്നത്. ഈ ഘട്ടം മുതലാണ് അയ്യപ്പന്റെ ജീവിതവും കവിതയുമൊന്നായിത്തീരുന്നത്. അയ്യപ്പന് വാക്കുകൾ അർത്ഥവ്യാഖ്യാനത്തിനോ 

ചമൽക്കാരസാധ്യതയ്ക്കോ ഉള്ളതല്ല. വാക്കുകൾ അവിടെ അനുഭവങ്ങളായിത്തന്നെത്തീരുകയാണ്. കല്ല് വച്ചനുണകൾ  മാത്രംകേട്ട് ശീലിച്ച മലയാളികൾക്ക് 

കല്ല് വച്ചസത്യങ്ങൾ അയ്യപ്പൻ പരിചയപ്പെടുത്തി. ശീലങ്ങളുടെ നേർരേഖാ സഞ്ചാരത്തിനെതിരെയുള്ള ഉയർന്ന് നില്പായിരുന്നു ഇത്.


*ആർപ്പു വിളികൾക്കിടയിലെ പാവം കുമിളകൾ*

*കോമാളിയായ് കോടതി ചിരിച്ചു ചിരിച്ചു*

*മരിക്കാൻ വിധിക്കുന്ന കല്പനകൾ*

*ഇല്ലാത്ത ദുഖത്തിന്റെ ഊതിവീർപ്പിച്ച*

*മുഖങ്ങളുമായി* 

*ഉത്സവച്ചന്തയിൽ*

*പുത്തൻ ബലൂണുകളെത്തിയിരിക്കുന്നു* 


എന്ന് *കല്ലുവച്ചസത്യത്തിൽ*

അദ്ദേഹമെഴുതി.

അർത്ഥങ്ങൾ നല്കുന്നതിനെക്കാൾ കാലങ്ങളിലൂടെ ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങളായി വാക്കുകൾ മാറുന്നത് ഇത്തരമനുഭവങ്ങളിലൂടെയാണ്. കവിത ജീവിതമാണെങ്കിൽ വ്യക്തിബന്ധത്തിന്റെ 

എല്ലാതലങ്ങളും 

അതിൽ വരേണ്ടതാണ്.

അടുപ്പം അകലം എന്ന രണ്ട് സാധ്യതകൾക്കിടയിലാണ് മനുഷ്യബന്ധത്തിന്റെ എല്ലാ അടരുകളും ബലമുള്ളതോ  ഇല്ലാതെയോയായിത്തീരുന്നത്. *വാത്സല്യം, പ്രണയം* *സ്നേഹം* എന്നിവയടുപ്പത്തെയാണ് കാണിക്കുന്നതെങ്കിൽ *പ്രതിഷേധം, വെറുപ്പ്* അകൽച്ചയേയും സൂചിപിക്കുന്നു, ഈ  മാനസികാവസ്ഥകളെയെല്ലാം അയ്യപ്പന്റെ കവിതയിലെ മറയോ മടിയോ ഇല്ലാത്ത ജീവിതമായിത്തീരുന്നുണ്ട്. ഇത്തരമനുഭവതലങ്ങളെല്ലാം അറിഞ്ഞയാൾക്ക് മാത്രമെ കവിതാ ഭാഷയെ തീവ്ര  അനുഭവമാക്കി മാറ്റാനാവു.

അനുഭവമില്ലാത്തവരുടെ ഭാഷാപ്രയോഗത്തെക്കുറിച്ച് 

*ഈശവാസം* എന്ന കവിതയിലിങ്ങനെയെഴുതി.


*വീടില്ലാത്തൊരുവനോട്*

*വീടിനൊരു പേരിടാനും*

*മക്കളില്ലാത്തൊരുവനോട്‌*

*കുട്ടിക്കൊരു പേരിടാനും*

*ചൊല്ലവേ നീ കൂട്ടുകാരാ* 

*രണ്ട്മില്ലാത്തോരെന്റെ*

*നെഞ്ചിലെത്തി നീ കണ്ടുവോ??*


ഈ ഓട്ടത്തിനും വേട്ടയ്ക്കുമിടയിലാണ് അയ്യപ്പന്റെ കവിത, ജീവിതം കണ്ടെത്തിയിരുന്നത്. കാവ്യങ്ങളോ ഖണ്ഡകാവ്യങ്ങളോ രചിക്കാതെ വൃത്തവും, അലങ്കാരവും തൊട്ട് തീണ്ടാതെ ചെറിയ കവിതകളിലൂടെ മഹോന്നതനായ അയ്യപ്പന്റെ ക്രാന്തദർശിതമാർന്ന ചിലവാക്കുകൾ 

സാഹിത്യ ഗോപുരത്തിലെ ചില  സ്ഥിരസ്ഥിതരുടെ കസേരകളെ ഉലച്ചിരുന്നു.

മേൽവിലാസക്കാരനില്ലാത്ത കവിയെന്ന് തപാൽ അധികൃതരും, കവികളുടെ ഇടയിൽ വ്യക്തമായ വിലാസം

സ്ഥാപിച്ചെടുത്ത മഹോന്നതനായ കാവ്യഭാവനെന്ന് കവിതാകമ്പക്കാരും

വാദിക്കുന്നു.


തിരുവനന്തപുരം _പബ്ലിക് ലൈബ്രറി കോമ്പൗണ്ടിലുളള_ *അയ്യപ്പൻകല്ലിൽ* ഇന്ന് സായാഹ്നത്തിൽ, അദ്ദേഹത്തെ ഓർക്കാനും അദ്ദേഹത്തിന്റെ

കവിതകളിലൂടെ വാക്കുകളുടെ വജ്ര ഖനികളിലേക്ക് ആഴ്ന്നിറങ്ങാനും കവികൾ സംഗമിക്കുന്നു.

ഇന്ന് മാത്രമല്ല 2011 തൊട്ടുള്ള

എല്ലാ ഒക്ടോബർ 21നും 

സംഗമിക്കാറുണ്ടായിരുന്നു.

ഗൂഢവും അഗാധവുമായ

വഴികളിലൂടെ ഒറ്റയാനായി നിലവിളിക്കുകയും രുചിഭേദമനുസരിച്ച് ചില്ല് പാത്രങ്ങളിൽനിന്ന് 

ഓരോ കവിൾ, ചോരയും, കണ്ണ് നീരും  കവിൾക്കൊണ്ടിരുന്ന

കവിയുടെ ആർദ്രതയുള്ള 

ഹൃദയത്തിന്റെ തുടിപ്പുകളുടെ ശബ്ദം ശ്രവിക്കാതിരുന്ന 

പുരവാസികൾക്ക്......

ഇല്ല...

 

*"ശാന്തമായ ചന്ദ്രികയിൽ, ശാരദാക്ഷി നിൻമടിയിൽ,* *സകലതും മറന്നു മയങ്ങാൻ സദയം നീയേയനുവദിക്കൂ..."*


*കെ.ബി.ഷാജി. നെടുമങ്ങാട്.*

9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള