Oct_19_2011/ ജോർജ് വർഗീസ് കാക്കനാടൻ

 *നന്ദസുതാവര തവജനനം,*

*വൃന്ദാവന ശുഭപുളിനം.*

*ചിന്തകളിൽ തേൻകിനിയും കാവ്യം,*

*എന്തൊരാലോചനാമൃതകാവ്യം.*


ശ്രീമതി _വാണിജയറാം_ ആലപിച്ച _ശ്രീരാഗത്തിലുള്ള_ ഒരു കീർത്തനത്തിലെ പല്ലവിയിലെ വരികളാണ് മുകളിൽ കണ്ടത്.

1981ൽ മാതൃഭുമി പത്രത്തിലെ അവസാന പേജിൽ ഒരു സിനിമയുടെ പരസ്യം കണ്ടു.

പ്രശസ്ത സാഹിത്യകാരൻ *_കാക്കനാടന്റെ_* *അടിയറവ്*

എന്ന നോവൽ *ഭരതൻ* ചലച്ചിത്രമാക്കുന്നു.

സിനിമയുടെ പേര്  *പാർവതി* എന്നാണെന്ന്    അപ്പോളറിയിച്ചിരുന്നില്ല. അത്ഭുതകരമായ വേറൊരു സത്യം *പ്രേംനസീർ,* ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ 

_ഉറുമീസ് മുതലാളിയെ_ അവതരിപ്പിക്കുന്നു എന്നുള്ളതായിരുന്നു.

ഏതായാലും ഓണത്തിന് _പാർവ്വതി_ പുറത്തിറങ്ങി. 

ഹിന്ദി ചിത്രങ്ങൾ മാത്രം  വിതരണം ചെയ്യുന്ന *ജീജി മൂവിസ് റിലീസ്* ആണ് ഈ മലയാള ചലച്ചിത്രം വിതരണം

ചെയ്തത്. യശ്ശരീരനായ *ജോൺസൺ മാസ്റ്ററുടെ*  ആദ്യകാല ചിത്രത്തിലെ  സൗന്ദര്യം തികഞ്ഞ മൂന്ന് ഗാനങ്ങൾ രചിച്ചത്

ശ്രീ _എംഡി രാജേന്ദ്രനായിരുന്നു._ 

*കൊട്ടാരക്കര,* ലത,

രാജ്കുമാർ, ലളിത മുതലായവരഭിനയിച്ച ചിത്രം,

മൂലകഥയിൽ നിന്ന് തെല്ലും വ്യതിചലിക്കാതെ ഭരതൻ മനോഹരമായി ഒപ്പിയെടുത്തു.

നസീറിന് ഭരതൻ ചിത്രങ്ങളിലെ വേഷങ്ങൾ ഇണങ്ങുമെന്നും തെളിയിച്ചു.

സാമ്പത്തികമായി ക്ഷയിച്ച ഒരു കോവിലകത്തെ തമ്പുരാട്ടിക്കുട്ടി, ദാരിദ്ര്യത്താൽ, സമ്പന്നമായ

ഒരു ക്രൈസ്തവ

കുടുംബത്തിലെ കുട്ടികളെ

സംഗീതമഭ്യസിക്കാനായി എത്തുന്നതോടെയാണ് കോവിലകത്ത് വിഷമതകൾ

കൂടുതലാകുന്നത്. 

ഞെട്ടിക്കുന്ന തരത്തിലുള്ള 

കഥാസന്ദർഭത്തോടെ ചിത്രമവസാനിക്കുമ്പോൾ രചയിതാവ് നോവലിന് നല്കിയ പേര് എത്ര അന്വർത്ഥമാകുന്നുവെന്ന് മനസിലാകും.


_"ഞൊണ്ടിപ്പണിക്കാരുടെ  ചായക്കടയുടെ പിന്നിലെ_ _കുപ്പത്തൊട്ടിയാണ്, കുട്ടപ്പനെ_ _പ്രസവിച്ചത്. അല്ലെങ്കിൽ അവന്_ _ഓർമ്മവച്ചതുമുതൽ അവന്റെ വീടും അപ്പനും_ _അമ്മയും എല്ലാം ആ കുപ്പത്തൊട്ടിയായിരുന്നു._

( *കമ്പോളം* ) എന്ന നോവൽ   ആരംഭിക്കുന്നത് ഈ വരികളിലാണ്.


അരാജകവാദിയായ എഴുത്തുകാരൻ എന്നാണ് ലോകം കാക്കനാടനെ വിശേഷിപ്പിച്ചത്. കലാപകാരിയായ  എഴുത്തുകാരനായിരുന്നു കാക്കനാടൻ. ദാർശനിക തലത്തിലും പ്രത്യയശാസ്ത്ര പരിസരത്തും മാത്രമല്ല അവനവനോട്പോലും

അദ്ദേഹം കലഹിച്ചിരുന്നു. രാത്രിയുടെ  മഹാമൗനത്തിലേക്ക് ഇരമ്പിയാർക്കുന്ന 

മഹാസാഗരങ്ങളെ അക്ഷരങ്ങളിൽ ആവാഹിച്ച് മലയാളസാഹിത്യത്തിന് ചൈതന്യം വർധിപ്പിച്ച കാക്കനാടന്റെ ജീവിതത്തിലെ കാവ്യഭംഗികൾക്കും കൗതുകമുണർത്തുന്ന സ്വകാര്യ നിമിഷങ്ങൾക്കും അവസാനമില്ല. 

മഹാനദിക്ക് 

സമാനമായിത്തീർന്ന   

ഈ സർഗധനന്റെ രചനകളിൽ _പുണ്യവും പാപവും_ വേർതിരിക്കാൻ കഴിയാത്തവിധം വിലയിച്ചു കിടക്കുന്നു. മലയാളസാഹിത്യത്തിൽ,

കാക്കനാടൻ, _പുണ്യാളനോ_ _പാപിയോ.?_

ഇരുവരേയും ഒന്നായി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്ത

കഥാകാരനെ സഹൃദയലോകത്തിൽ കുറച്ചധികം പേർ രണ്ടാമത്തെ വിഭാഗത്തിൽ കണ്ടു ശപിച്ചു.

    

1935 ഏപ്രിൽ 23 ന്  *തിരുവല്ലയിൽ* ജനിച്ച *ജോർജ് വർഗീസ് കാക്കനാടന്റെ* പിതാവ് കോട്ടയം _ഈരാറ്റുപേട്ട_ തമ്പലക്കാട് _ജോർജ് കാക്കനാടൻ_ ക്രിസ്ത്യൻ മിഷണറി പ്രവർത്തകനായിരുന്നു. മാതാവ് പാലാ സ്വദേശിനിയായ _റോസമ്മ._

*ബേബി* എന്ന വിളിപ്പേരുള്ള കാക്കനാടൻ ബാല്യം ചിലവിട്ടത് കൊട്ടാരക്കരയ്ക്കടുത്തുള്ള മൈലത്തായിരുന്നു.1955 ൽ 

കൊല്ലം എസ്എൻ കോളേജിൽനിന്നും കെമിസ്ട്രി 

ഐച്ഛിക വിഷയമായെടുത്ത് ബി എസ് സി പാസായശേഷം  വർഗീസ് രണ്ടുവർഷം സ്വകാര്യ സ്കൂൾ അധ്യാപകനായി. 1957 മുതൽ നാല് വർഷം സതേൺറെയിൽവേയിലും (ഈറോഡ്) 1967 വരെ റെയിൽവേ മന്ത്രാലയത്തിലും ജോലി ചെയ്തു. 

അതിനിടെ ആഗ്ര യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള *ഗാസിയാബാദ്* എംഎംഎച് കോളേജിൽ എംഎ ഇക്കണോമിക്സിന് ചേർന്നു.1967 ൽ *ജർമനിയിലേക്ക്* പോയി ആറ് മാസം ലിപ്സിഗിൽ ഭാഷാപഠനം. ആറ് മാസം യൂറോപ്പ് മുഴുവനും സഞ്ചരിച്ചു. പിന്നീട് കേരളത്തിൽ മടങ്ങിയെത്തി. 1971 -73 കാലത്ത് കൊല്ലത്ത്,

_എസ്സ് കെ. നായരുട_ *മലയാളനാട്* എന്ന വാരികയുടെ 

പത്രാധിപസമിതിയംഗമായി.

ഈ വാരികയിലാണ് അദ്ദേഹത്തിന്റെ നിരവധി കൃതികൾ വെളിച്ചം കണ്ടത്.

*കാമ്പിശ്ശേരി,* *തെങ്ങമം*

എന്നിവരുമായുള്ള ഉത്തമ സൗഹൃദവും കഥാകാരന്റെ  

രചനകളെ പരിപോഷിപ്പിച്ചു.

1965 ൽ *ഡൽഹിയിൽ* നഴ്‌സായിരുന്ന തിരുവല്ല തടിയൂർ സ്വദേശിനി അമ്മിണിയെ വിവാഹം കഴിച്ചു. രാജനും രാധയും ഋഷിയുമാണ് മക്കൾ.

പ്രശസ്ത സാഹിത്യകാരൻ, *വൈക്കം ചന്ദ്രശേഖരൻനായരുടെ* മകൻ, ഗിരിധരനാണ് രാധയുടെ ഭർത്താവ്.

*ഒറോത*

തെക്കൻകേരളത്തിൽനിന്ന്  മലബാറിലേക്കുള്ള ക്രിസ്ത്യാനികളുടെ 

കുടിയേറ്റത്തിന്റെ കഥ പറയുന്ന പ്രശസ്തമായ നോവൽ. 1984 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

2005 ൽ *ജാപ്പാണപുകയില* എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

*ഉഷ്ണമേഖല* എന്ന നോവലിന് 1996 ൽ

_മുട്ടത്ത് വർക്കി_ അവാർഡ്

ലഭിച്ചു.

ഡൽഹിയുടെ പശ്ചാത്തലത്തിൽ 1986 ൽ രചിച്ച *ബർസാത്തി* എന്ന നോവലിൽ സിക്ക് കൂട്ടക്കൊലയുടെ നിലവിളിയുയരുന്ന ചില അധ്യായങ്ങളുമുണ്ട്.


മലയാള സാഹിത്യത്തിന് അപരിചിതമായിരുന്ന ഒരു പുതിയ സൗന്ദര്യലോകവും ദാർശനികമനസ്സും സ്വന്തം കൃതികളിലൂടെ സൃഷ്ടിച്ചെടുത്ത കഥാകാരനാണ് *ജോർജ് വർഗീസ് കാക്കനാടൻ* ജീവിതത്തിന്റെ അസ്തിത്വവും

സങ്കീർണ പ്രശ്നങ്ങളുമെല്ലാം രചനയുടെ

ഉൾക്കരുത്താക്കിമാറ്റിയ കാക്കനാടൻ ഒരു നിഷേധിയുടെ വേറിട്ട സ്വരവുമായിട്ടാണ്  സമൂഹത്തോട് കലഹിച്ചത്.

കഥയിലും നോവലിലും കലാപം സൃഷ്ടിച്ച് നിലവിലുള്ള സാഹിത്യ സങ്കല്പങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയ കാക്കനാടൻ കൃതികൾ വായനക്കാരന്റെ ആസ്വാദനശീലത്തെത്തന്നെ 

വാർത്തുടയ്ക്കുന്നതിന് കാരണമായി.

കാക്കനാടനെപ്പോലെ ഏറെ പ്രശംസിക്കപ്പെടുകയും 

അത് പോലെ വിമർശിക്കപ്പെടുകയും

അതിലുമേറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരൻ മലയാളത്തിൽ അപൂർവ്വം.

പിതാവായ

*ജോർജ് കാക്കനാടനാണ്,* ജോർജ് വർഗീസ് കാക്കനാടന്റെ എഴുത്തിലും ദർശനത്തിലും ആദ്യമായി സ്വാധീനം ചെലുത്തിയ വ്യക്തി. ജീവിതത്തിന്റെ അവസാനനിമിഷം വരെയും

*റിബലിന്റെ* മനസ്സ് സൂക്ഷിക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ ശക്തമാക്കിയതും ഈ സ്വാധീനമാണ്. 

വായനയുടെ ലോകത്തേക്ക്

വാതായനം തുറന്ന് കൊടുത്തതും

ജോർജ്ജ് കാക്കനാടന്റെ പുസ്തകശേഖരമാണ്. *സുവിശേഷത്തിന്റെയും,*

*കമ്യൂണിസത്തിന്റെയും* ദ്വന്ദ്വവ്യക്തിപ്രഭാവമുണ്ടായിരുന്ന ജോർജ്ജ് കാക്കനാടൻ, ജോർജ്ജ് വർഗീസ് കാക്കനാടൻ എന്ന എഴുത്തുകാരന്

*ബാബേൽഗോപുരം* പോലെ ഉയർന്ന് നിൽക്കാൻ നിമിത്തമായതിന്റെ ആധാരശിലയാണ്.

ജോർജ്ജ് കാക്കനാടന്റെ മകനായ ജോർജ്ജ് വർഗീസ് കാക്കനാടൻ, *കാക്കനാടനായി* 

ചിരപ്രതിഷ്ഠ നേടിയതിന് പിന്നിൽ

പിതൃപുത്രബന്ധത്തിന്റെ പുണ്യവും പാരമ്പര്യവും ഉണ്ട്. *"അച്ഛന്റെ ജീവിതവും വിപുലമായ ലൈബ്രറിയും*  *എനിക്ക് വലിയ ശക്തിയും പ്രചോദനവും ആയിരുന്നു."* കാക്കനാടൻ സ്വകാര്യ സംഭാഷണങ്ങളിൽ പലപ്പോഴും പറഞ്ഞിട്ടുള്ളതാണിത്. പ്രത്യേകിച്ച് ജോർജ്ജ് കാക്കനാടന്റെ  _സുവിശേഷവും കമ്യൂണിസവും_ എന്ന പുസ്തകത്തെക്കുറിച്ച് അദ്ദേഹം വാചാലനാകുമായിരുന്നു.

1963 ലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായത്.  


*ജലലീലാ. ജലലീലാ. ജലലീലാ.* *രാഗയമുനാ ജലലീലാ രാധാമാധവലീല.* 


കാക്കനാടന്റെ *കൊല്ലം* _ഇരവിപുരത്തെ_ വീടായ *അർച്ചനയിലെ* ഒരു സന്ദർശകനായിരുന്നു 

പ്രശസ്ത സംവിധായകൻ _ഭരതൻ._

പാർവ്വതി എന്ന ചിത്രം ചിത്രീകരിക്കുമ്പോൾത്തന്നെ 

*പറങ്കിമല* എന്ന നോവലിൽ  ഒരു കണ്ണുണ്ടായിരുന്നു ഭരതന്.

1982 ൽ _മഞ്ഞിലാസിന്റെ_ ബാനറിൽ ചിത്രം പുറത്തിറങ്ങി. "കാക്കനാടനും ഭരതനും ഒരു നുകത്തിൽ തളയ്ക്കാവുന്ന കാളകൾ."

പറങ്കിമല തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ പ്രശസ്തനായ ഒരു ചലച്ചിത്ര നിരൂപകൻ പറഞ്ഞതിപ്രകാരമാണ്.

കലാസ്വാദനത്തിനായി സിനിമയെ മോശമാക്കരുതേ എന്നൊരു അപേക്ഷ മാനിച്ചാണ് പിന്നീടുള്ള ചിത്രങ്ങളിൽ ലൈംഗികതയുടെ

അതിപ്രസരം ലേശം ഒഴിവാക്കിത്തുടങ്ങിയത്.


യാഥാസ്ഥിതികമായ എഴുത്തിനോട്  കലഹിച്ചുകൊണ്ട് മലയാള സാഹിത്യത്തിലേക്കുള്ള  കാക്കനാടന്റെ വരവ് കൊടുങ്കാറ്റ് സൃഷ്ടിച്ചു. കഥയിലും നോവലിലും കലാപം സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ അത്ഭുതത്തിന്റേയും അനന്യമായ അനുഭൂതികളുടേയും

ലോകത്തേക്ക്  കൊണ്ടുപോയി കാക്കനാടൻ. മലയാളത്തിൽ ആധുനികതാ പ്രസ്ഥാനം ശക്തമായി മാറുന്ന സമയത്ത് അറുപതുകളുടെ ആദ്യം മുതൽക്കേ കാക്കനാടൻ തന്റെ രചനകളുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിക്കഴിഞ്ഞു. 1962 ൽ *മാതൃഭൂമി* ആഴ്ചപ്പതിപ്പിൽ

*കാലപ്പഴക്കം* എന്ന കഥ എഴുതിയതോടെ കാക്കനാടൻ ശ്രദ്ധേയനായി. പിന്നീട് കൊടുങ്കാറ്റുപോലെ, വന്യമായ സൗന്ദര്യംപോലെ കാക്കനാടന്റെ രചനകളും ഭാഷയും തുടലൂരിപ്പാഞ്ഞു. കലാപത്തിന്റെ അനുബന്ധമായ റിബലിയൻ മനസ്സ് ജീവിതാവസാനംവരെ സൂക്ഷിച്ചു എന്നതാണ്

കാക്കനാടനിലെ പച്ചമനുഷ്യന്റെ കരുത്ത്. എഴുപതുകൾ തുടങ്ങിയപ്പോൾതന്നെ കാക്കനാടൻ ആധുനികതയുടെ ആചാര്യനായി അവരോധിക്കപ്പെട്ടു.

അറുപതുകളും  എഴുപതുകളുമാണ് കാക്കനാടന്റെ സജീവ രചനാകാലം. കൃത്യമായി പറഞ്ഞാൽ 1965 മുതൽ 1980 വരെയാണ് കാക്കനാടന്റെ പ്രതിഭ കത്തിജ്ജ്വലിച്ച്  പ്രകാശം പരത്തിയത്.

പിന്നീടദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാണാം.


കരളിൽ വലിഞ്ഞുവീഴുന്ന വേദനകളും അതിൽ നിറയുന്ന ജീവിതങ്ങളും അക്ഷരങ്ങളിലേക്ക് പറിച്ചുവയ്ക്കുന്ന കാക്കനാടൻ എന്ന എഴുത്തുകാരന് എന്നും നാട്ട് ചൂരിന്റെ  നിറവുണ്ടായിരുന്നു. കണ്ണിലും കാതിലും കൊണ്ടവയെ കയ്യടക്കത്തോടെ അടുക്കിപ്പെറുക്കി നോവലും കഥകളുമാക്കി മാറ്റുന്ന

കൈക്രിയ. അതിന്റെ പേരിൽ എഴുത്തെന്ന

അപൂർവ്വസൗധത്തിലെ അന്തേവാസിയാക്കി അകറ്റിനിർത്താനും നിൽക്കാനും കഴിയാത്ത കാക്കനാടൻ. കാക്കനാടൻ എങ്ങനെ മണ്ണിൽ തൊട്ടു നിൽക്കുന്ന എഴുത്തുകാരനായി എന്ന കാക്കനാടന്റെ

ഹൃദയംതൊട്ടറിയാതെ അക്ഷരങ്ങളിലൂടെ ആരാധിക്കുന്നവർക്ക് അറിയണമെങ്കിൽ *കാക്കനാടൻ നമ്മുടെ ബേബിച്ചായൻ* എന്ന ഡോക്യുമെന്ററി കണ്ടാൽമതി.

 അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു നോവൽ *ഏഴാംമുദ്ര*

ശ്രീ _കെ ജി .ജോർജ്ജ്_

ചലച്ചിത്രമാക്കാനായി തുനിഞ്ഞ് പ്രാരംഭ പ്രവൃത്തികൾ തുടങ്ങുകയുണ്ടായി.

കാലദോഷത്താൽ സംരംഭം 

ദീപ്തമായില്ല.

കഥയെഴുത്തിന്റെ ആദ്യകാലത്ത് സൃഷ്ടിക്കപ്പെട്ട *ചിതലുകൾ* എന്ന കഥ

1989 ൽ ശ്രീ _കമൽ,_

*ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്സ്മസ്* എന്ന പേരിൽ സിനിമയാക്കുകയുണ്ടായി.

വേറേയും കഥകൾ സിനിമകളായിട്ടുണ്ട്.


*കാക്കനാടൻ കഥാവശേഷനായി.*

20.10.2011 ന്  പുറത്തിറങ്ങിയ വർത്തമാനപത്രങ്ങളിലെ തലക്കെട്ട്.

2011 ഒക്ടോബർ 19 ന് രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ, കഥാകാരൻ അന്ത്യശ്വാസം വലിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

പോളയത്തോട് മാർത്തോമാ പള്ളി സെമിത്തേരിയിലാണ് 

*കുടജാദ്രിയുടെ സംഗീതം*

മൂളാതെ അദ്ദേഹമുറങ്ങുന്നത്.


*ക്ഷത്രിയൻ* എന്ന 

മാസ്റ്റർപീസ് നോവൽ എഴുതിത്തീരുമ്പോൾ മരിച്ച് പോകുമെന്ന് വിശ്വസിച്ചിരുന്ന കാക്കനാടന് അതെഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു തുടക്കം മാത്രം എഴുതി വച്ചു. അദ്ദേഹത്തിന്റെ മറ്റൊരു ഡ്രീം പ്രോജക്ട് *ചിന്നൻ പറയൻ* എന്ന നോവലായിരുന്നു.

കിഴക്കൻ മേഖലയിലെ പിതാവിന്റെ കുടുംബവും ജന്മി കുടിയാൻ കാലത്തിന്റെ പശ്ചാത്തലവുമായിരുന്നു നോവലിൽ പ്രതിപാദ്യമാക്കാൻ തീരുമാനിച്ചിരുന്നത്. ചിന്നൻ പറയൻ എന്ന കഥാപാത്രത്തെ മനസ്സിൽ കൊണ്ട് നടന്നിട്ട് അത് സാക്ഷാത്ക്കരിക്കാനായില്ല.

സഹധർമ്മിണി *അമ്മിണിയും* ബേബിച്ചായനെ പരിചരിക്കാനായി ഒരു വർഷം മുമ്പ് യാത്രയായി.

കഥാകാരന്റെ ഇളയ സഹോദരന്മാരും പ്രശസ്തരായിരുന്നു.

*രാജൻ കാക്കനാടനാണ്* _അരവിന്ദന്റെ_ *എസ്തപ്പാനിൽ* വേഷമിട്ടത്. രാജന്റെ അകാലത്തിലുള്ള മരണം

ജ്യേഷ്ഠനെ വളരെ വിഷമപ്പെടുത്തിയിരുന്നു.

പാർലമെന്റംഗമായിരുന്ന *പി.എ സോളമന്റെ* ഭാര്യ _അമ്മിണി_ സഹോദരിമാരിലൊരാൾ.


"ഞാനെഴുതിയ ഓരോ കഥയും എന്റെ സാഹിത്യജീവിതത്തിലെ ഓരോ നാഴികക്കല്ല് തന്നെയാണെന്ന് ഞാൻ വിചാരിക്കുന്നു"

നായകൻ ഒരിക്കൽ പറഞ്ഞതാണ്.

_അശ്വത്ഥാമാവിന്റെ ചിരി,_

_ശ്രീചക്രം,_

_യൂസഫ് സരായിലെ ചരസ് വ്യാപാരി_

മുതലായ കഥകളെക്കുറിച്ച് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതാണ്.

എന്തിനാണ് അങ്ങ് എഴുതുന്നത് എന്ന ചോദ്യത്തിന് നിരവധി അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കാക്കനാടൻ അവയോടൊന്നും പൊരുത്തപ്പെട്ടിട്ടില്ല.

അനുഭവങ്ങളിലൂടെയുള്ള

*വസൂരിയും* ഡൽഹിയിലെ 

ജീവിതത്തിൽ നിന്നുള്ള *സാക്ഷിയും* സമ്മാനിച്ച 

സ്വാർത്ഥതയില്ലാത്ത പച്ചമനുഷ്യന്റെ  സ്വപ്നങ്ങളും ഐശ്വര്യവും തിരോധാനം ചെയ്തത് വായനക്കാരുടെ ഉള്ളിൽ എന്നും ദുഖമായിത്തന്നെ നിലനില്ക്കും.


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള