Sept_07_1899/ ഒ.ചന്തുമേനോൻ

 *ഇന്ദുലേഖേ ഇന്ദുലേഖേ*

*ഇന്ദ്ര സദസ്സിലെ നൃത്തലോലേ*

*ഈ രാത്രി* *നിന്നെക്കണ്ടിട്ടെനിക്കൊരു*

*തീരാത്ത തീരാത്ത മോഹം.*


കഥകളി ഭ്രാന്തനായ  എഴുപതിലധികം 

പ്രായം കഴിഞ്ഞ 

*സൂരി നമ്പൂതിരിപ്പാടിന്* 

പതിനേഴ്കാരിയായ  *ഇന്ദുലേഖ* എന്ന സുന്ദരിയോട് കലശലായ  പ്രേമം. ഒരു ദിവസം ഈ തരുണിയോടൊപ്പം അന്തിയുറങ്ങാൻ അവരുടെ ഭവനത്തിലെത്തുകയും ചെയ്തു. 

നമ്പൂതിരിയുടെ ഇംഗിതത്തിന്

വഴങ്ങാതെ ഇന്ദുലേഖ

ആ കഥകളി ഭ്രാന്തനെ

ഓടിക്കുകയായിരുന്നു.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ, ഋതുമതികളായ

നായർ യുവതികളുമായി രഹസ്യ ബാന്ധവത്തിന്  നമ്പൂരാശ്ശാന്മാർ രാത്രികാലങ്ങളിൽ ചൂട്ടുവെളിച്ചത്തിൽ അപഥസഞ്ചാരം നടത്തുന്ന  അംഗീകരിക്കാനാകാത്ത

ഒരേർപ്പാട് മലയാള രാജ്യത്തിൽ നിലവിലുണ്ടായിരുന്നത്രേ. 

സമൂഹത്തിലെ ഉപരിവർഗ്ഗമായ നമ്പൂതിരി സമുദായം കൈയ്യടക്കി 

വച്ചിരുന്ന സ്ഥിരമല്ലാത്ത നായർസ്ത്രീബാന്ധവത്തിന് വിവാഹപദവി ഉണ്ടാകണമെന്ന് ആഗ്രഹിച്ച് ആ പ്രേരണകൾ  നോവലിലൂടെ  വെളിപ്പെടുത്താൻ പരിശ്രമിച്ച

*ഓ ചന്തുമേനോൻ* 

എന്ന മലയാളത്തിലെ

ആദ്യത്തെ ലക്ഷണമൊത്ത

നോവൽ രചയിതാവ്

1899 സെപ്തംബർ 7 ന് നിര്യാതനായി.


"വീട്ടിൽ സാധാരണ സംസാരിക്കുന്ന മലയാള ഭാഷയിൽ ആ പുസ്തകം എഴുതിക്കൊണ്ട് 

_ഒ ചന്തുമേനോൻ_ മലയാള സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നിന് നാന്ദി കുറിച്ചു." 

*നോവൽ വിപ്ലവം.*

ഒരു മലയാള പണ്ഡിതൻ

ഒരു വാരികയിൽ

കൊടുത്ത അഭിപ്രായമായിരുന്നു.

ഒരു നോവൽ ബുക്ക് ഇംഗ്ലീഷ് നോവൽ ബുക്കുകളുടെ മാതൃകയിൽ എഴുതാമെന്ന് നിശ്ചയിച്ച് ചന്തുമേനോൻ രചിച്ച ഇന്ദുലേഖയോടെയാണ്

മലയാള നോവൽ ജനിച്ചത്.

നോവലിന്റെ ഛായയിൽ  ചില പുസ്തകങ്ങൾ അതിന് മുമ്പുണ്ടായെങ്കിലും അവയ്ക്കൊന്നും നോവലിന്റെ ഗണനാമത്തിന് അർഹതയുണ്ടായിരുന്നില്ല.

എന്നാൽ *ഇന്ദുലേഖ* ചരിത്രം കുറിച്ചു.

1890 ജനുവരി ആദ്യം വില്ക്കാൻ തുടങ്ങിയ നോവൽ 

മാർച്ച് 30 ന് മുമ്പ് എല്ലാ പ്രതികളും വിറ്റ് തീർന്ന് മലയാളത്തിലെ ആദ്യത്തെ ബെസ്റ്റ് സെല്ലർ കൂടിയായി.

പത്രങ്ങൾ അതിനെ പ്രശംസ കൊണ്ട് മൂടി.

രണ്ടാം പതിപ്പിന് പിന്നാലെ ഇംഗ്ലീഷ് വിവർത്തനവുമുണ്ടാ 

യി. ജനകീയ സാഹിത്യരൂപമായ നോവലിന്റെ ആ പുറപ്പാട് എല്ലാ അർത്ഥത്തിലും രാജകീയം തന്നെയായിരുന്നു.

1889 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഇന്ദുലേഖയോട് കൂടിയാണ്  മലയാള നോവലിന്റെ ചരിത്രം തുടങ്ങുന്നത്.

ആദ്യത്തെ മലയാള നോവൽ എഴുതി എന്നത് മാത്രമല്ല ചന്തുമേനോന്റെ പ്രത്യേകത.

എക്കാലത്തേയും മികച്ച മലയാള നോവലുകളിലൊന്ന് സൃഷ്ടിച്ചു എന്നത് കൂടിയാണ്.

*ശാരദ* എന്ന അപൂർണ്ണ നോവൽ കൂടി അദ്ദേഹം എഴുതിയെങ്കിലും ഇന്നും

ചർച്ചചെയ്യപ്പെടുന്നത്

കന്നിക്കൃതിയായ ഇന്ദുലേഖ തന്നെയാണ്.


തലശ്ശേരിക്കടുത്ത് നടുവണ്ണൂരിൽ 1847 ജനുവരി 9 ന് ഒയ്യാരത്ത് ചന്തുമേനോൻ ജനിച്ചു. പോലീസ് ആമീനും പിന്നീട് തഹസീൽദാരുമായ എടപ്പാടി ചന്തുനായരും കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് വീട്ടിലെ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ.

പരമ്പരാഗത രീതിയിൽ സംസ്കൃത വിദ്യാഭ്യാസം നേടിയ ചന്തുമേനോന് പത്ത്

വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയും.

തലശ്ശേരിയിലെ ബാസൽ മിഷൻ സ്കൂളിൽ പഠനം തുടര്ന്ന അദ്ദേഹം പതിനേഴാമത്തെ വയസ്സിൽ സിവിൽ സർവ്വീസ് പരീക്ഷയും മെട്രിക്കുലേഷനും ജയിച്ചു.

1864 ൽ തലശ്ശേരി കോടതിയിൽ ഗുമസ്തനായി ജോലി ലഭിക്കുകയും ചെയ്തു.

അന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു മലബാർ.

തലശ്ശേരിയിൽ സബ്ബ് കളക്ടറായി എത്തിയ 

*വില്യം ലോഗന്റെ*

(മലബാർ മാന്വലിന്റെ കർത്താവ്) കീഴിൽ 1867 ൽ ഗുമസ്തനായി ചന്തുേമേനോൻ നിയമിതനായി. മലബാർ കളക്ടറേറ്റിലെ പ്രധാന ഗുമസ്തനായി മാറിയ അദ്ദേഹത്തിന് 1874 ൽ : മുൻസിഫായി കയറ്റം കിട്ടി.

പട്ടാമ്പി, മഞ്ചേരി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മുൻസിഫായി  ജോലി ചെയ്ത ചന്തുമേനോൻ 1892 ൽ 

സബ് ജഡ്ജിയായി.

തിരുനെൽവേലിയിലായിരുന്നു

ആദ്യ നിയമനം.

തുടർന്ന് മംഗലാപുരത്തും കോഴിക്കോട്ടുമെത്തി.

1897 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് 

*റാവു ബഹാദൂർ* സ്ഥാനം നല്കി.


*ഇന്ദുലേഖതൻ പൊൻകളിത്തോണിയിൽ*

*ഇന്നലെ ഞാൻ നിന്നെ കൊണ്ട് പോയി,*


മലയാള ഭാഷയിലെ ആദ്യത്തെ നോവൽ?

_അപ്പു നെടുങ്ങാടിയുടെ_ *കുന്ദലത.*

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ചന്തുമേനോന്റെ *ഇന്ദുലേഖ*

*നെടുമങ്ങാട്* 

_പ്രിൻസ് ട്യൂട്ടോറിയൽ  കോളേജിൽ_

പത്താംക്ലാസ്സ് വെക്കേഷൻ ക്ലാസ്സിൽ മലയാളം അധ്യാപകൻ 

ശ്രീ തങ്കസ്വാമി എന്ന പണ്ഡിതൻ 

*റായി ബഹാദൂർ*

*ഒ ചന്തുമേനോൻ* എന്ന പാഠം തുടങ്ങുന്നതിന് മുമ്പ് ആമുഖമായുള്ള ഒരവതരണം നടത്തുമ്പോൾ യഥാർത്ഥത്തിൽ "കുന്ദലത" "ഇന്ദുലേഖ" പേരുകൾ മനസ്സിനെ കുഴക്കി. 

അപ്പൻ തമ്പുരാൻ

മംഗളോദയത്തിൽ

എഴുതിയ ഒരു ലഘു ലേഖനമാണ്

പത്താം ക്ലാസ്സുകാർക്ക്

പഠിക്കാനുണ്ടായിരുന്നത്.

പ്രണയ പരാജയം സംഭവിക്കുമെന്നുള്ള ഭീതിയാൽ മാധവൻ

നാട് വിട്ട് പോയതിന്റെ

സാംഗത്യത്തെ തമ്പുരാൻ

വിമർശിച്ചിട്ടുമുണ്ട്.

പ്രീഡിഗ്രിക്ക് രണ്ടാംവർഷം മലയാളം രണ്ടാംഭാഷയായി എടുത്തവർക്ക് 

ഗദ്യ വിഭാഗത്തിൽ 

*സൂരി നമ്പൂതിരിപ്പാടിന്റെ* 

*പുറപ്പാട്* എന്നൊരു 

പാഠമുണ്ടായിരുന്നു.

നോവലിലെ ഒരധ്യായം.

പഞ്ചുമേനോനെയും  മാധവനെയും ഒക്കെ മനസിലാക്കാൻ ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായന തുടങ്ങി.

ഇംഗ്ലീഷ് നോവലുകളുടെ കഥാസാരം പ്രിയജനങ്ങൾക്ക് പറഞ്ഞുകൊടുത്ത് മടുത്താണ് താൻ മലയാളത്തിൽ നോവലെഴുതാൻ നിശ്ചയിച്ചതെന്ന്  ചന്തുമേനോൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

1889 ജൂൺ 11 മുതൽ  ആഗസ്റ്റ് 17 വരെയുള്ള ദിവസങ്ങൾകൊണ്ട് ഇന്ദുലേഖ എഴുതി പൂർത്തിയാക്കി.

ഡിസംബറിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചമ്പാടിയോട്ട് പൂവള്ളി എന്ന തറവാട്ടിലെ  യാഥാസ്ഥിതികനായ കാരണവർ പഞ്ചുമേനോനും അനന്തരവൻ മാധവനും തമ്മിലുള്ള ഏറ്റ്മുട്ടലും പുരോഗമനവാദികളായ മാധവനും മുറപ്പെണ്ണ് ഇന്ദുലേഖയുമായുള്ള പ്രേമബന്ധവുമാണ് നോവലിന്റെ ഇതിവൃത്തം.


1891 ന് നായർ സമുദായത്തിലെ വിവാഹരീതി പരിഷ്ക്കരിക്കുന്നതിന് വേണ്ടി.

*സർ. സി. ശങ്കരൻനായർ* 

_മദ്രാസ് നിയമസഭയിൽ_ അവതരിപ്പിച്ച

 ""നായർവിവാഹ ബില്ലിനെപ്പറ്റി"" അഭിപ്രായരൂപീകരണം നടത്താൻ നിയോഗിച്ച മലബാർ മാര്യേജ് കമ്മീഷനിൽ

ചന്തുമേനോനും അംഗമായിരുന്നു.

ഇന്ദുലേഖ എന്ന നോവലിൽ നമ്പൂതിരി സംബന്ധത്തെ എതിർത്ത ചന്തുമേനോൻ സംബന്ധ സമ്പ്രദായത്തിന് നിയമപ്രാബല്യം നല്കി വിവാഹപദവി നല്കണമെന്നാണ് ആ കമ്മിറ്റിയിൽ വാദിച്ചത്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മേന്മ, നായർ സമുദായത്തിലെ നമ്പൂതിരി സംബന്ധത്തിന്റെ അനാശാസ്യത , ആധുനികതാ വാദം, യുക്തിവാദം,

ഇന്ത്യൻനാഷണൽ കോൺഗ്രസ്സ് , ഡാർവിന്റെ പരിണാമവാദം,,

കൂട്ട്‌ കുടുംബം,

അണുകുടുംബം തുടങ്ങിയ നിരവധി വിഷയങ്ങൾ 

ഇന്ദുലേഖ ചർച്ചചെയ്യപ്പെടുന്നു.

കോളനിവാഴ്ചയുടേയും 

ഇന്ത്യൻ നവോത്ഥാനത്തിന്റെയും ഫലമായ ആധുനികതയുടെ വരവ് കേരളീയ ഉപരിവർഗ്ഗ സമുദായങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഈ നോവലിൽ അവതരിപ്പിച്ചത്.

ചന്തുമേനോന്റെ രണ്ടാമത്തെ നോവലായ ശാരദയുടെ 

ഒന്നാംഭാഗം 1892 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ചു. 

രണ്ടും മൂന്നും ഭാഗങ്ങൾ വർഷാവസാനംതന്നെ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.  *വൈത്തിപ്പട്ടർ* എന്ന കഥാപാത്രമാണ് ശാരദയുടെ ഒന്നാം ഭാഗത്ത് കാണുന്ന പ്രധാന കഥാപാത്രം.

മേനോന്റെ മകളായ ശാരദയുടെ പേര് നോവലിന് കല്ലിച്ചത് യാദൃശ്ചികം മാത്രം.

ഒന്നാം ഭാഗത്തിൽ എട്ടധ്യായങ്ങൾ  മാത്രമേ ഉണ്ടായിരുന്നുള്ളു.

അത് കഴിഞ്ഞുള്ള മൂന്നദ്ധ്യായങ്ങൾ ചന്തുമേനോൻ പറഞ്ഞ് 

*മൂർക്കോത്ത് കുമാരൻ* എഴുതിയെടുത്തിരുന്നു.

എന്നാൽ ഇന്നും നോവലിന് പൂർണ്ണതയുണ്ടായിട്ടില്ല.


*സൽക്കലാദേവിതൻ*

*ചിത്രഗോപുരങ്ങളെ*

*സർഗ്ഗ സംഗീതമുയർത്തൂ*


മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന് ചലച്ചിത്രഭാഷ്യം വേണ്ടേ?

തീർച്ചയായും 

*കലാനിലയം കൃഷ്ണൻനായർ*

(തനിനിറം) ആദ്യം സ്റ്റേജിൽ നാടകരൂപത്തിലും തുടർന്ന് സിനിമയിലും നോവലിനെ അവതരിപ്പിച്ചു.

*വൈക്കം ചന്ദ്രശേഖരൻനായരാണ്*

തിരക്കഥ സംഭാഷണം രചിച്ചത്. പരിചിതരായ നടീനടന്മാരുടെ സാന്നിദ്ധ്യം സിനിമയിലില്ലായിരുന്നു.


*തിരിച്ചടി* 

*അനാഥ*

എന്നീ ചിത്രങ്ങളിലെ ഗാനങ്ങളുടെ പല്ലവിയാണ് മുകളിൽ ഖണ്ഡികകളുടെ ആമുഖമായി കൊടുത്തിരിക്കുന്നത്.


കുറച്ച് ലേഖനങ്ങളും മേനോൻ  അന്നത്തെ പത്രങ്ങളിൽ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. മലബാർ കളക്ടറായിരുന്ന *ഡ്യൂമെർഗാണ്* 

ഇന്ദുലേഖയുടെ ഇംഗ്ലീഷ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്.

ശാരദ എന്ന നോവൽ സമർപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.

ഫലത്തിൽ ഒന്നേകാൽ നോവൽ മാത്രമേ ചന്തുമേനോൻ എഴുതിയിട്ടുള്ളു. 

അത്രയുംകൊണ്ടുതന്നെ മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ സിംഹാസനം അദ്ദേഹം കരസ്ഥമാക്കി.


*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള