Sept_06_1995/ മാവേലിക്കര പൊന്നമ്മ

 *ആത്മവഞ്ചനയാലേ ഞാൻ ചെയ്തോരപരാധം*

*ആത്മജാ പൊറുക്കൂ*

*ധർമ്മാത്മജാഗ്രജാ, പോരൂ..*


മഹാഭാരതം കഥയിൽ പാണ്ഡവമാതാവ് *കുന്തീദേവി* സ്വപുത്രരോടൊപ്പം നിന്ന് യുദ്ധം ചെയ്യാൻ കർണ്ണനെ ക്ഷണിക്കുകയാണ്.

മാലി മാധവൻനായരുടെ

വിഖ്യാതമായ ആട്ടക്കഥയായ

കർണശപഥത്തിൽ

നിന്നെടുത്തൊരു 

പദമാണ് മുകളിൽ.


ടെലിവിഷൻ പരമ്പരകളും ചലച്ചിത്രങ്ങളും ഇത്രയധികം ജനകീയമാകുന്നതിന് മുമ്പ് *ആകാശവാണി* കേരള

നിലയങ്ങൾ പ്രക്ഷേപണം 

ചെയ്തുവന്നിരുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകങ്ങൾ ശ്രോതാക്കളെ  

വളരെ ആകർഷിച്ചിരുന്നു. 

ചരിത്രനാടകങ്ങളും പുരാണനാടകങ്ങളും ഇക്കൂട്ടത്തിൽ ധാരാളം കേൾക്കാമായിരുന്നു .

*മഹാഭാരതത്തെ* അടിസ്ഥാനമാക്കി *നാഗവള്ളിയും ,ജഗതി എൻകെ ആചാരിയും* രചിച്ച നാടകങ്ങളിൽ കുന്തീദേവി എന്ന രാജമാതാവിന് ശബ്ദവും, ഓജസ്സും ,മിഴിവും നല്കി ജനമനസ്സുകളിൽ,  

ഒരമ്മയുടെ നിസ്സഹായവസ്ഥ

വേദനയോടെ തുളുമ്പി നിന്ന ഭാവം ശക്തിയോടെ പകർന്നുതന്ന,

ഒരു കലാകാരിയുണ്ടായിരുന്നു. കുലീന കുടുബത്തിൽ നിന്നും എതിർപ്പുകൾ അവഗണിച്ച് കലാരംഗത്തേക്ക് ഇറങ്ങിവന്ന 

*മാവേലിക്കര പൊന്നമ്മ,* 

ശബ്ദംകൊണ്ട് വേറിട്ട് നിന്ന 

വലിയൊരു കലാകാരി.  


1995 സെപ്തംബർ 6 ന്  

അവർ നിര്യാതയായി..  


നൂറ്റാണ്ടുകൾക്ക് പിറകിൽ *മാവേലിക്കര* 

വേണാട്രാജാവിന് കപ്പം കൊടുത്തിരുന്ന ഒരു ചെറിയ സാമന്തരാജ്യമായിരുന്നു. 

ആ മാവേലിക്കര രാജവംശത്തിലെ 

ഒരു തായ് വഴിയിൽ പിറന്ന പൊന്നമ്മ മെട്രിക്കുലേഷനും ടീച്ചർ ട്രെയിനിംഗും ജയിച്ച് സർക്കാർ അധ്യാപികയായി. 

അക്കാലത്ത് ചലച്ചിത്രങ്ങൾ

പുറത്ത് വന്ന് തുടങ്ങിയിരുന്നെങ്കിലും ജനങ്ങൾക്ക് വിനോദിക്കാനും ആസ്വദിക്കാനുമുള്ള ഒരേയൊരുപാധി സ്റ്റേജ് നാടകങ്ങളായിരുന്നു.  എന്നാൽ സ്ത്രീ കഥാപാത്രങ്ങളെ സ്റ്റേജിൽ അവതരിപ്പിക്കാൻ നടിമാരെ കിട്ടാതിരുന്ന കാലവും.

*ഓച്ചിറവേലുക്കുട്ടിയെ*

പോലെയുള്ള നടന്മാർ ഈ സാഹചര്യങ്ങളിൽ മേക്കപ്പിട്ട്‌ സ്ത്രീ കഥാപാത്രങ്ങളെ  അവതരിപ്പിച്ചിരുന്നു എന്നു പറഞ്ഞാൽ ഇന്നത് തെല്ലതിശയോക്തിയാവും.


അഭിനയത്തിലും നൃത്തത്തിലും എങ്ങിനെയോ വാസനപൂണ്ട പൊന്നമ്മ എതിർപ്പുകളെ അവഗണിച്ച്  നാടകാഭിനയം തുടങ്ങി. അറിയപ്പെടുന്ന നടന്മാരോടൊപ്പം നാടിന്റെ നാനാഭാഗങ്ങളിലെ സ്റ്റേജുകളിൽ മികച്ച അഭിനയം കാഴ്ചവച്ച് പ്രശസ്തയായി. അന്നൊക്കെ നാടകങ്ങളിൽ അഞ്ചിൽ കുറയാത്ത ഗാനങ്ങൾ നിർബന്ധമായിരുന്നു. പക്കമേളവും ഗാനാലാപനവും ഇന്നുള്ളത്പോലെ   റിക്കോർഡ് 

ചെയ്ത്കൊണ്ടുവന്ന്  കേൾപ്പിക്കുകയല്ല പതിവ്. 

സ്റ്റേജിന്റെ വലതുഭാഗത്ത് വാദ്യോപകരണങ്ങളുമായി മേളക്കാരും ഗായകരും   രംഗങ്ങൾക്കനുസരിച്ച് സംഗീതം പൊഴിക്കുന്നതിനും പാടുന്നതിനും  ഒരുങ്ങിയിരിക്കുന്നത് കാണാമായിരുന്നു. പൊന്നമ്മയും ഗായികയായി സന്ദർഭത്തിനനുസരിച്ച് 

പാടുമായിരുന്നു.

ഇത് പൊന്നമ്മയ്ക്ക് ചലച്ചിത്ര ഗാനശാഖയിലും ഒരു ഗായികയാകാൻ കാരണമായി.1940 ൽ പുറത്തുവന്ന *ജ്ഞാനാംബിക* എന്ന ചിത്രത്തിൽ പാടുവാനുള്ള അവസരം ലഭിച്ചു.

1963 ൽ ചലച്ചിത്രാഭിനയത്തിനും തുടക്കമായി. 

"ഉദയായുടെ" *കടലമ്മ* യിൽ *സത്യൻ* എന്ന നടനോടൊപ്പം 

പ്രധാനറോളിൽത്തന്നെ അഭിനയിച്ചു. തുടർന്ന് 

സ്വഭാവനടിയായും ക്രൂരയായ അമ്മായിയമ്മ വേഷങ്ങളിലും മുപ്പത്തിയഞ്ചിലധികം ചിത്രങ്ങളിൽ വേഷമിട്ടു.

കമലിന്റെ *ഉള്ളടക്കം*

മുകേഷ് ,മധുബാല അഭിനയിച്ച ദിലീപിന്റെ

 ആദ്യ ചിത്രമായ 

*എന്നോടിഷ്ടം കൂടാമോ?*

മുതലായ ചിത്രങ്ങളിലെ വിവിധ വേഷങ്ങൾ 

സിബിമലയിലിന്റെ *വളയം*

എന്ന സിനിമയിലെ പ്രകൃതം കൊണ്ട് അറപ്പ് തോന്നുന്ന  _ചായക്കടക്കാരി അമ്മിണി_

*ആകാശക്കോട്ടയിലെ സുൽത്താൻ*  എന്ന ചിത്രത്തിലെ സാധുവായ അമ്മ, എന്നിവ  എടുത്ത് പറയേണ്ട വേഷങ്ങളാണ്. 

*വൈക്കം *മുഹമ്മദ്ബഷീറിന്റെ* 

"ശശിനാസ്"  

എന്ന കഥ 1994 ൽ  സിനിമയായപ്പോൾ 

അശോകനോടൊപ്പം 

അവസാനമായി അഭിനയിച്ചു.


മലയാള  ചലച്ചിത്രരംഗത്ത് *പൊന്നമ്മമാർ* നിരവധിയുണ്ട്.   സ്നേഹത്തിന്റെ നിറകുടങ്ങളായി, മാതൃവാത്സല്യം' ചൊരിഞ്ഞിരുന്ന 

*ആറന്മുള പൊന്നമ്മ,* ഇപ്പോഴും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന കവിയൂർപൊന്നമ്മ,

എന്നാൽ 

മാവേലിക്കര പൊന്നമ്മ 

സ്ത്രീ കഥാപാത്രമെന്ന  നിലയിൽ തനിക്ക്  ലഭിച്ചിരുന്ന എല്ലാ വേഷങ്ങളും  സ്വീകരിച്ചിരുന്നു. ചിലപ്പോൾ പേര് അന്വർത്ഥമാക്കുന്നത് പോലെ *പൊന്നമ്മയായി*

മാറിയിട്ടുണ്ടാവുകയില്ല.

എന്നാലും പ്രേക്ഷകർ ഒന്നടങ്കം അതംഗീകിരിച്ചിട്ടുമുണ്ട്. മാവേലിക്കര പൊന്നമ്മയുടെ ശബ്ദത്തിന്റെ പ്രത്യേകതയാകാം

ഈ ഒരിഷ്ടത്തിന് നിദാനമായത്.


റേഡിയോ നിലയങ്ങൾ,

ഓർമ്മ പുതുക്കാൻ ചിലയവസരങ്ങളിൽ പഴയ ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകങ്ങൾ പുനപ്രക്ഷേപണം ചെയ്യാറുണ്ട്.

അത്തരമവസരങ്ങൾ എന്നെന്ന് കണ്ടെത്തി കാതോർത്തിരിക്കുക.


ഒരിക്കൽകൂടി ആ 

ഘനഗംഭീരസ്വരം കേട്ട് .....


*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള