*ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി*

*കണ്ടൊരു മിന്നാമിന്നിയെ*

*പൊൻപയർ മണിയെന്ന്* 

*തോന്നിച്ചെന്ന്*

*മീന്നാമിന്നി  കരഞ്ഞോതി*

*കഥ കേൾക്കൂ കണ്മണി*


*ഒഎൻവി* രചിച്ച്  യേശുദാസ് ആലപിച്ച   

ഈ  മനോഹരമായ പാട്ടുൾക്കൊള്ളുന്ന     

ഗാനരംഗം പ്രേക്ഷകർ കാണണമെന്ന്  എത്രയാഗ്രഹിച്ചാലും  നിരാശരാകുകയേയുള്ളു.

1981ൽ പ്രശസ്ത സംവിധായകൻ *ശശികുമാർ* 

നിത്യഹരിതനായകൻ, 

*പ്രേംനസീറിനെ* നായകനാക്കി

*ദേവദാസി* എന്നൊരു  ചിത്രത്തിന് തുടക്കമിട്ടു. 

ചിത്രീകരണമാരംഭിക്കുന്നതിന് 

മുമ്പ് ഗാനങ്ങൾ പുറത്ത്‌ വരികയും എല്ലാ ഗാനങ്ങളും  ശ്രോതാക്കളുടെ  ഹൃദയത്തിലലിയുകയും ചെയ്തു. 

ബംഗാളിൽ ജനിച്ച 

സംഗീത സംവിധായകായ 

*സലിൽ ചൗധരി*

ഈണം നല്കിയ 

ഈ ചിത്രത്തിലെ പാട്ടുകൾ ഇന്നും പാട്ട്  ഇഷ്ടപ്പെടുന്നവർക്ക് 

വളരെ പ്രിയങ്കരമാണ്.


ഒരു ഉത്തരേന്ത്യൻ സംഗീതസംവിധായകന് മലയാള ചലച്ചിത്ര സംഗീതലോകത്ത് 25 ഓളം ചിത്രങ്ങളിലായി 110 ലധികം സമ്മോഹനമായ ഗാനങ്ങൾ തീർക്കുവാൻ ഭാഗ്യമുണ്ടാകുക,

ഒരപൂർവ്വ വിശേഷമാണ്.


ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 25 സംവത്സരങ്ങൾ തികഞ്ഞിരിക്കുന്നു.

1965 ൽ *മട്ടാഞ്ചേരി*  സ്വദേശി *ബാബുസേഠും* സംവിധായകൻ *രാമുകാര്യാട്ടും* ചേർന്ന്

മലയാളത്തിന് പരിചയപ്പെടുത്തിയ *സലിൽ ചൗധരിയുടെ* ഈണത്തിൽ, 

ഗാനഗന്ധർവ്വൻ ആലപിച്ച

കുറച്ച് ഗാനങ്ങളെ വിശകലനം

ചെയ്യൂകയാണ് മഹാനായ കലാകാരന്റെ ഈ ഓർമ്മദിനത്തിൽ ....


*പുഷ്പകത്തോണിയേറി പോണോരെ* 

*നിങ്ങൾ പോയ് പോയ്*

*പോയ് വരുമ്പോൾ...* 


കരയിൽ മത്സ്യക്കച്ചവടത്തിന്  നിൽക്കുന്ന ഒരു

കാമുകനായ

ചെറുപ്പക്കാരന്റെ മനസ്സിനുള്ളിലെ ഭാവനകളും

മോഹങ്ങളും 

പുറത്ത് കൊണ്ടുവരികയാണ്

കവി. പ്രണയസാഗരത്തിൽ

വല വീശാനൊരുങ്ങി

നില്ക്കുന്ന നിത്യകാമുകൻ,

ഇവിടെ മത്സ്യകന്യകമാർ

പാലാഴിത്തിരയിൽ

സൂക്ഷിച്ചിരിക്കുന്ന മാണിക്യക്കല്ലും,

വെണ്ണിലാപ്പൊയ്കയിലെ

പൊൻപൂമീനും,

മായാവീട്ടിലെ മാടപ്രാവും,   

ദേവകന്യകമാരണിയുന്ന

ഓമൽപ്പൂത്താലിയും

കടലിനക്കരെ പോകുന്നവർ

കൊണ്ടുവരണമെന്ന്

കൊച്ച് മുതലാളി

ആഗ്രഹിക്കുന്നു.

ഇതെല്ലാം മാനസമൈനയ്ക്ക്

സമ്മാനിക്കണമെന്ന

മോഹം മാത്രമല്ലേയുള്ളൂ.

സലിൽദായുടെ ആദ്യ

ഗന്ധർവ്വഗാനത്തിന്റെ

മാറ്റിന്റെ പ്രഭ ഒരു കാലത്തും

പൊലിയുകയില്ല.


ഇന്ത്യൻ പ്രസിഡണ്ടിന്റെ സ്വർണമെഡൽ ലഭിച്ച *ചെമ്മീൻ* എന്ന ചിത്രത്തിന് ശേഷം *കൺമണി ഫിലിംസിന്റെ* ബാനറിൽ 

1968 ൽ ബാബുസേഠ്‌ 

*ഏഴ് രാത്രികൾ*

എന്നൊരു ചിത്രം നിർമ്മിച്ചു.

രാമുകാര്യാട്ട് സംവിധാനം ചെയ്ത ഈ ചിത്രം, തെണ്ടിനടന്ന് ജീവിതവൃത്തി കഴിച്ചുപോകുന്ന കുറച്ച്  മനുഷ്യരുടെ ദുഖങ്ങളുടെ കഥയായിരുന്നു.

ചലച്ചിത്ര സംവിധായകൻ

*ജേസിയാണ്* ഈ ഗാനരംഗത്തിൽ  പാടിയഭിനയിച്ചിരിക്കുന്നത്.

*വലചി* രാഗത്തിലുള്ള വയലാറിന്റെ വരികളിൽ ദുഖവും സങ്കടവും പ്രാർത്ഥനയും ഉണ്ട്. ഹാർമോണിയത്തിന്റെ മാസ്മരവീചികൾ സുവർണ്ണ രഥമായി പോകുന്നു.

*കാടാറ് മാസം നാടാറ് മാസം*

*കണ്ണീർക്കടൽക്കരെ താമസം*

ഇടയൻ എന്ന ഒറ്റപ്പദത്തിൽ "ഗോകുലപാലനേയും" 

"നബിയേയും" "കരുണാമയനേയും" ഒരു പോലെ ഗായകൻ അവിശ്വസിക്കുന്നു.

സഹായമർത്ഥിച്ച് കൊണ്ടുള്ള വിളികേൾക്കാത്ത ദൈവങ്ങളെ വിശ്വസിക്കാൻ ആർക്കും കഴിയില്ല,


*നീ വരൂ കാവ്യദേവതേ*

*നീലയാമിനി തീരഭൂമിയിൽ,*

വേർപിരിക്കാൻ സാധ്യമാകാത്ത കൂട്ട്കെട്ട്.

ഒഎൻവി സലിൽ ചൗധരി

ചങ്ങാത്തത്തിന്റെ 

സൗരയുഥയാത്ര

ആരംഭിക്കുന്നത് ഈ ഗാനത്തിലൂടെയായിരുന്നു.

1973 ൽ *തിരുവനന്തപുരത്തെ* _ശിവൻ സ്റ്റുഡിയോ_ ഉടമയും *യാഗം* എന്ന ചിത്രത്തിന്റെ സംവിധായകനുമായ 

 ശിവനാണ് *സ്വപ്നം* എന്ന ചിത്രം നിർമ്മിച്ചത്.

*പി. കേശവദേവിന്റെ* കഥയ്ക്ക് *തോപ്പിൽഭാസിയാണ്*

തിരക്കഥയും സംഭാഷണവും.

ഒഎൻവി കുറുപ്പ് രചിച്ച ഗാനങ്ങളെല്ലാം ഹൃദ്യമായി.

നീറിപ്പുകയുന്ന വിഷാദതരളമായ കാമുകന്റെ  ജീവിതത്തിന്  കുളിരേകാനാണ് കാവ്യദേവതയെ ക്ഷണിക്കുന്നത്. 


രണ്ട് വർഷങ്ങൾക്ക് മുമ്പ് ഫെബ്രുവരിയിൽ ഭർത്താവിനോടെപ്പം ദുബായിയിൽ എത്തിയ ബോളിവുഡ് ചലച്ചിത്ര നടി *ശ്രീദേവി* ദാരുണമായി ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ മൃതിയടഞ്ഞു.

1976 ൽ *എൻ ശങ്കരൻനായർ* സംവിധാനം ചെയ്ത *തുലാവർഷം* എന്ന ചിത്രത്തിലെ നായികയായിരുന്നു ശ്രീദേവി.

തുഷാരാർദ്ര ശില്പത്തെപ്പോലെയുള്ള കാമുകിയുടെ മനസ്സ് 

വജ്രപുഷ്പമായും കാമുകൻ സങ്കല്പിക്കുന്നു.

വയലാർ രാമവർമ്മ അവസാനമായി എഴുതിയ കവിതകളാണ് ചിത്രത്തിൽ

ചേർത്തത്.

*കേളീ നളിനം വിടരുമോ?*

*ശിശിരം പൊതിയും കുളിരിൽ നീ,*

പ്രശസ്ത  നോവലിസ്റ്റ് ശ്രീ

_സി. രാധാകൃഷ്ണന്റെ_ കഥയെ ചലച്ചിത്രമാക്കിയത്

*ശോഭനാ പരമേശ്വരൻനായർ.*

*കല്യാണി* രാഗത്തിന്റെ ഛായയാണ് പാട്ടിന്


*കാലമറിയാതെ  ഞാൻ അച്ഛനായ്*

*കഥയറിയാതെ നീ പ്രതിച്ഛായയായ്*

സലിൽദായുടെ തരളമധുരമായ ഈ 

താരാട്ടീണം കേൾക്കുമ്പോൾ 

വല്ലാത്തൊരു സുഖമാണ്.

സംഗീത ഉപകരണങ്ങളുടെ ബഹളമില്ല. 

1977 ൽ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ 

*ശശികുമാർ* ഒരുക്കിയ 

ഈ കളർചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് വലിയ കോളങ്ങളിൽ പത്രങ്ങളിൽ ദിവസവും പ്രത്യക്ഷപ്പെട്ട പരസ്യങ്ങളുടെ രൂപം മായാതെ മനസിലുണ്ട്.

വിഷുക്കണി തിരുവനന്തപുരം

ന്യൂ തിയേറ്ററിൽ ആദ്യ വാരത്തിൽ കാണാൻ പോയതും തൊട്ടടുത്തുള്ള

അമൃതാ ഹോട്ടലിൽ

ചിത്രത്തിൽ നെഗറ്റീവ് വേഷം

ചെയ്ത *എംജി സോമൻ*

എന്ന നടനുണ്ട് എന്ന വിശേഷമറിഞ്ഞ്

അദ്ദേഹത്തെ കാണാനായി

പോയതും എല്ലാം നല്ലൊരോർമ്മയാണ്.

ശ്രീകുമാരൻതമ്പിയുമായുള്ള 

സൗഹൃദം സലിൽദാ തുടങ്ങുന്നത്  *വിഷുക്കണിയിലൂടെയായിരുന്നു.*


*ശിവരഞ്ജിനി* രാഗത്തിലുള്ള ഒരു പാട്ട് സലിൽ ചൗധരിയുട മനസ്സിലുണ്ടാകുമെന്ന് സംഗീതാസ്വാദകർ ചിന്തിച്ചിരുന്നില്ല എന്ന് ചില ഗാനനിരൂപകർ 

അഭിപ്രായപ്പെട്ടിരുന്നു

*കെ. സുരേന്ദ്രന്റെ* കഥകൾ സിനിമയായാൽ കാതിന് കുളിരാകുന്ന ഗാനങ്ങൾ കേൾക്കാമെന്ന് മറ്റൊരു

വിഭാഗം ആസ്വാദകർ.

1978 ൽ ഭവാനി രാജേശ്വരിയുടെ 

*ഏതോ ഒരു സ്വപ്നം*

എന്ന ചിത്രത്തിലെ

*പൂമാനം പൂത്തുലഞ്ഞേ*

*പൂവള്ളിക്കുടിലിലെന്റെ കരളുണർന്നോ കിളീ*

എന്ന ഗാനം _വിവി.സ്വാമിയുടെ_ 

അന്തരംഗത്തിലെ  ചിന്തകളുടെ ഭാഷ്യമാണ്‌.

*ഭിക്ഷാംദ്വേഹി* എന്ന നോവലിലെ വിഷമം പിടിച്ച കഥാപാത്രാവിഷ്ക്കരണമായിരുന്നു സ്വാമി.

*ജയൻ* അവതരിപ്പിച്ച നല്ലൊരു വേഷം.


വീണ്ടുമൊരു *പൊന്നോണക്കാലം* സമാഗതമാകുകയും തെല്ലും

ആഹ്ളാദമോ ആർപ്പ് വിളികളോ പഴയ നേരിന്റെ

കണികകളോ കൂടാതെ

ഇലക്ട്രോണിക് സംവിധാനത്തിൽ വളരെ

വിഷമത്തോടെ കൊണ്ടാടി

എന്ന് പറയേണ്ടിയിരിക്കുന്നു.

ഓണത്തോടനുബന്ധിച്ച് പ്രശസ്തരുടെ ഗാനാവതരണത്തിൽ 

പ്രഥമസ്ഥാനത്തുള്ള ഗാനം.

കുട്ടനാടൻ പശ്ചാത്തലത്തിലുള്ള കഥകൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ സലിൽദായുടെ സംഗീത

പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ്

*ഓണപ്പൂവേ ഓമൽപ്പൂവേ!*

*നീ തേടും മനോഹര തീരം.*

കുട്ടനാടിലെ തോട്ടിലൂടെ ബോട്ടിൽ സഞ്ചരിക്കുന്ന

ഒരു മറുനാടൻ മലയാളി ആവേശത്താൽ പാടുകയാണ്.

*ഈ ഗാനം മറക്കുമോ?*

ഒരിക്കലും മറക്കുകയില്ല.

ഗാനങ്ങളുട അന്തസ്സ് പരിഗണിക്കുമ്പോൾ  

നൂറ് ശതമാനം

അന്വർത്ഥമാകുന്ന ടൈറ്റിൽ.  

അമൃതംപകരുന്ന തീരങ്ങളിൽ   സ്വപ്നമഞ്ജരികളാകാൻ ഇനിയും 

കാത്ത് നില്ക്കണോ?

അവധിക്കാലത്ത് 

ഒരു ബോട്ട് യാത്രയാകാം. 


 1990 ലാണ് 

"തോംസൺ ആഡിയോസ്" എന്ന കമ്പനി _അബുദാബിയിൽ_ 

*ഒഎൻവി കവിതകൾ*

ആലാപനം "യേശുദാസ്"

എന്ന കാസറ്റ് റിലീസ് ചെയ്യുന്നത്. 

മലയാള ചിത്രങ്ങളിലെ ഒഎൻവി രചിച്ച 22  പാട്ടുകളുടെ സമാഹാരമായി രുന്നു ഉള്ളടക്കം.

കാളിദാസമഹാകവിയുടെ *മേഘസന്ദേശമെന്ന* കാവ്യത്തെ ഓർമ്മിച്ചുകൊണ്ടുള്ളൊരു കവിത, കാസറ്റിന്റെ ബി സൈഡിൽ നാലാമതായി ഇടം പിടിച്ചു.

ഉത്തരേന്ത്യൻ രാഗമായ 

*ശ്യാം കല്യാണിയിൽ* യേശുദാസിന്റെ സ്വരം 

ഗംഭീരമായെങ്കിലും സിനിമയിലെ പാട്ട് സീൻ ഒട്ടും ശോഭിച്ചില്ല. പ്രകാശ് എന്ന നടന്റെ ഗാനരംഗത്തിലെ ചേഷ്ടകൾ കാണുമ്പോൾ പാട്ടിന്റെ സാഹിത്യ, ആലാപന സുഖത്തെ നഷ്ടപ്പെടുത്തിയില്ലേ 

എന്ന വിഷമം.

*എന്റെ ദേവി കേഴും ദൂര*

*മന്ദിരത്തിൽ പോയ് വരൂ*

*ശ്യാമമേഘമേ നീയെൻ പ്രേമ ദൂതുമായ്*

1978 ൽ പുതുമുഖ കലാകാരന്മാർ  അണിയിച്ചൊരുക്കിയതായിരുന്നു *സമയമായില്ലാ പോലും.* എന്ന സിനിമ.


*വിഷുപ്പക്ഷി ഏതോ കൂട്ടിൽ* 

*വിഷാദാർദ്രമെന്തേ പാടി?*

സന്തോഷത്താൽ മതിമറന്നാണ് സാധാരണ പക്ഷികൾ കൂകുന്നത്.

ഹിന്ദിയിൽ *ചിറ്റ് ചോർ* എന്ന സിനിമയുടെ അഭൂതപൂർവ്വമായ വിജയമാണ് 

_സറീനാ വഹാബ്_

എന്ന നടിക്ക് നിരവധി മലയാള സിനിമകളിൽ അഭിനയിക്കാൻ

ഇട നല്കിയത്.

എൻ ശങ്കരൻനായരുടെ കഥയിലെ

_എൽസ_ എന്ന കഥാപാത്രമായി _കമലഹാസനോടൊപ്പം_

*മദനോത്സവമാടിയെങ്കിലും* വിധിയുടെ ക്രൂരവിനോദം

അവരുടെ ജീവിതത്തിൽ തിരശ്ശീല താഴ്ത്തുകയായിരുന്നു.

*സാഗരമെ ശാന്തമാക നീ* 

*സാന്ധ്യരാഗം മായുന്നിതാ.* 

ഓഎൻവിയും സലിൽദായുടേയും ഒരു സൂപ്പർ ഹിറ്റ്‌ ഗാനം എന്ന്  നിസംശ്ശയം പറയാം.


*പ്രതീക്ഷ,*

അതാണല്ലോ സർവ്വരേയും ജീവിതത്തിൽ 

മുന്നോട്ട് കൊണ്ട് പോകുന്നത്‌!.

തീവണ്ടി നിലയത്തിലെ വണ്ടികളുടെ വരവ് അറിയിക്കുന്ന കാര്യത്തിലും ഒരു ലോഭവുമില്ല ഈ പദത്തിന്.

1979 ലാണ് പ്രണയപരാജിതരായവർക്ക് പാടി സങ്കടപ്പെടാനായി

ഒഎൻവി എന്ന കവി   

ഓർമ്മകൾക്ക്

കൈവള ചാർത്തിക്കൊടുക്കുന്ന പ്രേമം,

വിഷാദരാഗമാക്കിയത്.

തനത് ശൈലിയിൽ നിന്ന് മാറി സംഗീതസംവിധായകൻ പാട്ടിന്റെ ഓർക്കസ്ട്രേഷനിൽ കുറച്ച് പാശ്ചാത്യരീതി അവലംബിച്ചിട്ടുണ്ട്. 

*മധുപാത്രമെങ്ങോ ഞാൻ മറന്ന് പോയി*

*മനസ്സിലെ ശാരിക പറന്ന് പോയി.*

ശാരികയെത്തേടിയുള്ള അന്വേഷണമൊന്നും കാമുകർ ഇന്ന് തുടരുന്നില്ല.

"പോനാൽ പോകട്ടും പോടാ"


_പെരുമ്പടവത്തിന്റെ_ 

*ഒരു സങ്കീർത്തനം പോലെ* എന്ന സൗന്ദര്യാത്മകമായ നോവൽ

26 വർഷങ്ങൾ പൂർത്തിയാക്കിയത്

രണ്ട് ദിവസം മുമ്പായിരുന്നു.

ഈ നോവൽ സാധാരണ

പരന്ന വായനയുള്ള

നോവൽ കുതൂകികൾ

പലവട്ടം വായിച്ച് കഴിഞ്ഞു.

വായനാശീലമില്ലാത്ത

പുതുതലമുറ ഒരു

കാലത്തും 

ഈ നോവലിന്റെ സൗന്ദര്യവും

സുഗന്ധവും നുകരുകയില്ല.

1982 ൽ _ശ്രീധരന്റെ_ 

*അന്തിവെയിലിലെ പൊന്ന്* എന്ന നോവൽ അതേപേരിൽ ചലച്ചിത്രമാക്കി.

കമലഹാസനും ലക്ഷ്മിയുമായിരുന്നു പ്രധാന

അഭിനേതാക്കൾ.

*ശ്രാവണം വന്നു നിന്നെത്തേടീ,*

*ശ്യാമയാം ഭൂമിതൻ ചന്ദ്ര ശാലാങ്കണം*

ശ്രാവണമാഗതമായിട്ട്  ദിവസങ്ങളായി.

സംഗീത കൂട്ട്കെട്ടിലെ

അവസാന ഗാനമാണെന്ന് വിശ്വസിച്ച് വിഷമമുണ്ടായെങ്കിലും

ഒഎൻവിയും 

സലിൽ ചൗധരിയും 

1996 ൽ _ജയരാജിന്റെ_ 

*തുമ്പോളി കടപ്പുറം*

എന്ന ചിത്രത്തിൽ  

ഒരിക്കൽക്കൂടി സംഗമിച്ചു. 

വീണ്ടും ഇമ്പമേറിയ ഗാനങ്ങൾ 

അവർ സംഭാവന ചെയ്തു.


വരികൾക്കനുസരണമായി  പരമാവധി ഇണങ്ങിച്ചേർന്ന് ട്യൂണിടുന്ന രീതിയായിരുന്നു സലിൽദായും അവലംബിച്ചിരുന്നതെന്ന് 

ഒഎൻവി അഭിപ്രായപ്പെട്ടിട്ടുണ്ട്.

"മേലേ പൂമല താഴെ തേനല"

എന്ന ഗാനം വിസ്മരിക്കാതെയല്ല

മേൽ പ്രസ്താവന. 

നാദാന്തരൂപകമായ

സാനന്ദമാർന്ന വരികൾക്ക് 

നാദഭേരിതമൊരുക്കുമ്പോൾ അവ കർണ്ണാമൃതമാകണം.

അങ്ങിനെയാണല്ലോ കലാകാരന്മാർ ആഗ്രഹിക്കുന്നത്.?

ഉഷാദേവത ഉണരുകയും

വേണം...


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ