Sept_02_1976/ വിഷ്ണു സഖാറാം ഖാണ്ഡേക്കർ

 *ചൊല്ലെഴും യയാതിയാം ഭൂപതി തന്റെ മക്കളല്ലയോ* *യദു മുതൽ നാൽവരുമിരിക്കവേ*

*പൂരുവല്ലയോ പണ്ട് പാരിന് പതിയായ*

*താരുമേയറിയാതെയല്ലിവയിരിക്കുന്നു.*


_തൂഞ്ചത്തെഴുത്തച്ഛന്റെ_ 

*ശ്രീമഹാഭാരതം* കിളിപ്പാട്ടിലെ ഉദ്യോഗപർവ്വത്തിലെ ഒരു ഭാഗമാണ് *ഭഗവത്ദൂത്‌*.

ഒരു നിയോഗം പോലെ 

ഏഴാംക്ലാസ്സിലെ മലയാള പുസ്തകത്തിൽ ഒരു പാഠമായി.

ഗോപാലൻസാറാണ്

*നെടുമങ്ങാട്* ബിയുപിഎസിലെ മലയാളം സാർ.

പാഠം തുടങ്ങുന്നതിന്  മുന്നോടിയായി ഭാരതകഥ തുടക്കം മുതൽ പറഞ്ഞു തുടങ്ങി.

അന്നേ മനസ്സിൽ പതിഞ്ഞ ഒരു പേര്. *യയാതി.*

പുത്രരിൽ അഞ്ചാമനായ പൂരുവിന്റെ ദാക്ഷിണ്യത്താൽ 

ലൗകിക ജീവിതത്തിന്റെ സൗന്ദര്യാത്മകതയിൽ മുഴുകിയിട്ടും കൊതിയടങ്ങാതെ വിഷാദത്തോടെ തന്റെ ജരാനരകൾ തിരികെ ശർമിഷ്ഠയുടെ ഇളയമകനിൽ

നിന്നും സ്വീകരിച്ച

_നഹുഷപുത്രനായ_

യയാതി മഹാരാജാവിന്റെ കഥ, റേഡിയോ നാടകത്തിലൂടെയും കഥാപ്രസംഗ രൂപേണയും മഹാഭാരതം വായിച്ചും 

കൂടുതൽ ഹൃദിസ്ഥമാക്കി.


1977 കാലഘട്ടമാണ്.

*കോട്ടയം* ചങ്ങനാശ്ശേരി

എൻഎസ്എസ് കോളേജിലെ യുവാവായ ഒരു ഹിന്ദി അധ്യാപകൻ *മാതൃഭൂമി* ആഴ്ചപ്പതിപ്പിലേക്ക് ഒരു കത്തെഴുതി.


പ്രിയപ്പെട്ട ശ്രീ _എംടി:_


*ജ്ഞാനപീഠ* പുരസ്കാരം നേടിയ *ഖാണ്ഡേക്കറുടെ*

*യയാതി* എന്ന നോവൽ ഞാൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്തുകൊണ്ടിരിക്കുകയാണ്. മാതൃഭൂമിയിൽ സീരിയലൈസ് ചെയ്താൽ കൊള്ളാമെന്നുണ്ട്.

താല്പര്യമാണെങ്കിൽ മറുപടി

എഴുതുമല്ലോ?


                  സ്നേഹംപൂർവം


                 പി. മാധവൻപിളള


മൂന്നോ നാലോ ദിവസങ്ങൾക്കകം മറുപടി

വന്നു.

പ്രിയ മാധവൻപിള്ള;


മാതൃഭൂമിക്ക് താല്പര്യമുണ്ട്.

മാറ്റർ അയച്ച് തരിക.

                             എംടി                                       

                                

*കൊല്ലം* ജില്ലയിലെ  *മൈനാഗപ്പള്ളി* സ്വദേശിയായ 

_പി.മാധവൻപിള്ള_  ചങ്ങനാശ്ശേരി എൻഎസ്എസ്

കോളേജിൽ അധ്യാപകനായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട അവസരത്തിലാണ് ധൈര്യപൂർവ്വം മാതൃഭൂമിക്ക് കത്തെഴുതിയത്. 

മാതൃഭൂമിയുടെ റിപ്പബ്ലിക്ദിന പ്രത്യേക പതിപ്പിലേക്ക് ഹിന്ദി ചെറുകഥകൾ വിവർത്തനം ചെയ്തയച്ചു 

കൊടുക്കുകയും അവ പ്രസിദ്ധപ്പെടുത്താറുമുണ്ടായിരുന്നു. എംടിയുടെ മറുപടി വന്നയുടൻ തർജ്ജമചെയ്ത ഭാഗങ്ങൾ അയച്ചുകൊടുത്തു.

എഴുതിത്തീരുന്ന മുറയ്ക്ക് ബാക്കി അധ്യായങ്ങൾകൂടി അയച്ചുതരിക എന്ന കത്ത് വീണ്ടുംവന്നതോടെ ആത്മവിശ്വാസമേറി.

എഴുത്തിന് ആക്കംകൂടി.

വൈകിട്ട് കോളേജ് വിട്ടുവന്നാൽ  _ഖാണ്ഡേക്കർക്ക്_ മുന്നിൽ ഒരേ തപസ്സായി.

ഏതാണ്ട് ആറ് മാസത്തിനുള്ളിൽ തർജ്ജമ പൂർത്തിയായി.

വാക്കുകൾക്ക് പകരം വാക്കുകൾ നിരത്തിവയ്ക്കുന്ന 

ഒരു സാധാരണ പ്രക്രിയയായിരുന്നില്ല അത്.

ഖാണ്ഡേക്കർ എന്ന മഹാനുഭാവനായ എഴുത്തുകാരന്റെ ദർശനലോകത്തെയും യയാതി എന്ന നോവലിന്റെ സൗന്ദര്യസാകല്യത്തേയും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വലിയ സാക്ഷാത്കാരമായിരുന്നു ആ വിവർത്തനം.

പുസ്തകം നാഷണൽ ബുക്സ് സ്റ്റാൾ പ്രസിദ്ധീകരിക്കുകയും 

ചെയ്തു.


മാതൃഭൂമി പത്രത്തോടൊപ്പം ഞായറാഴ്ചയെത്തുന്ന വാരാന്തപ്പതിപ്പിൽ 

1986 കളിൽ

ശ്രീ _കെ.രാധാകൃഷ്ണന്റെ_ 

*നഹുഷപുരാണം* എന്ന

രാഷ്ട്രീയകോമരങ്ങളുടെ ഉറഞ്ഞ്തുള്ളൽ വരച്ച് കാട്ടിത്തന്ന നോവൽ പര്യവസാനിച്ച നാൾ സത്യവും ശുദ്ധമായ ഒരു ചിത്രം

*ആർട്ടിസ്റ്റ് നമ്പൂതിരി* വരച്ചിട്ടുണ്ടായിരുന്നു.

ഇന്ദ്രപദവി ലഭിച്ച  ചന്ദ്രവംശപരമ്പരയിലെ

നഹുഷ മഹാരാജാവ് ശചീദേവിയുടെ അന്തപ്പുരത്തിലേക്ക് തിടുക്കത്തിൽ മുനിമാർ ചുമക്കുന്ന പല്ലക്കിൽ എഴുന്നള്ളുന്ന പാടും സംക്ഷിപ്തമായ ആഖ്യാനവും ലേഖനം ചെയ്തിരുന്നത് 

ഓർക്കുന്നവരും ഇത് വായിക്കുന്നുണ്ടാവും.

ധനം, അധികാരം, മാനിനി

ഈ ഘടകങ്ങൾ എത്തിപ്പിടിക്കാൻ മാനവൻ

ഏത് നീചമായ കർമ്മവും

ചെയ്യും.  

പല്ലക്കിന് വേഗത പോരാ

എന്ന വേവലാതിയിൽ

കുറിയവനായ

അഗസ്ത്യമഹർഷിയെ

കാലാൽ തൊഴിക്കുന്നത്

അതിനാലാണ്.


""എന്റെ നോവലിലെ  *യയാതി* മഹാഭാരതത്തിലെ യയാതിയല്ല.

എന്റെ *ദേവയാനിയും ശർമിഷ്ഠയും*'

മഹാഭാരതകഥയിൽനിന്ന് വ്യത്യസ്തമാണ്.

വ്യക്തികൾ രാഷ്ട്രത്തിനും മാനവരാശിക്കും വേണ്ടി ത്യാഗം ചെയ്യാൻ തയ്യാറാവണം.

അതാണ് _യയാതിയുടെ_ സന്ദേശം""

1974 ലെ ജ്ഞാനപീഠ പുരസ്ക്കാരം നേടിയ യയാതി എന്ന മറാഠി നോവലിനെക്കുറിച്ച് അതിന്റെ കർത്താവായ 

*വിഷ്ണു സഖാറാം ഖാണ്ഡേക്കറുടെ* വാക്കുകളാണിവ 

നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും വിമർശകനും നാടകകൃത്തും തിരക്കഥാകൃത്തും വിവർത്തകനും കവിയുമൊക്കെയായി അമ്പതോളം ഗ്രന്ഥങ്ങളിലൂടെ 

മറാഠി സാഹിത്യത്തിലും 

അതുവഴി ഇന്ത്യൻ സാഹിത്യത്തിലും 

നിറഞ്ഞ്നിന്ന എഴുത്തുകാരനാണ്

*ഖാണ്ഡേക്കർ*


*മഹാരാഷ്ട്രയിലെ* സാംഗ്ലിയിൽ

_ആത്മാറാം പന്ത് ഖാണ്ഡേക്കറുടെ__ പുത്രനായി 

1898 ജനുവരി 19 ന് പിറന്ന ഗണേഷ് ആത്മാറാം ഖാണ്ഡേക്കറാണ് കോളേജ് പഠനകാലത്ത് 

വിഷ്ണു സഖാറാം ഖാണ്ഡേക്കർ എന്ന് പേരു മാറ്റിയത്.

സാംഗ്ലി സംസ്ഥാനത്ത് മുൻസിഫായിരുന്നു പിതാവ്.

നാട്യ കലാദികളുടെ കേന്ദ്രമായിരുന്നു സാംഗ്ലി.

നാടകാവതരണങ്ങളിൽ ഖാണ്ഡേക്കർ കുട്ടിക്കാലത്തേ 

തല്പരനായി.

ശ്രീപാദകൃഷ്ണ കോൽഹട്ക്കറുടെ നർമ്മം തുളുമ്പുന്ന 

സാമൂഹികാക്ഷേപഹാസ്യങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു.

1911 ൽ പിതാവ് മരണമടഞ്ഞു.


1913 ൽ മെട്രിക്കുലേഷൻ ജയിച്ചു.

അമ്മാമന്റെ രക്ഷാകർത്തൃത്വത്തിൽ ഫെർഗൂസൺ കോളേജിൽ ചേർന്ന് ഇന്റർമീഡിയേറ്റ് പഠിച്ചു. തുടർന്ന് പഠിക്കാതെ ഗോവയ്ക്കടുത്ത് കൊങ്കണിലെ ഷിറോഡാ 

ഗ്രാമത്തിൽ ഒരു ഹൈസ്കൂളധ്യാപകനായി

ഉദ്യോഗം നേടി.

അമ്മാവന് കൊങ്കണിൽ കുറച്ച് കൃഷിഭൂമിയുണ്ടായിരുന്നു.

1920 ൽ ഷിറോഡയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.

പുരോഗമനവാദങ്ങളുടേയും ദേശീയതാ വീക്ഷണങ്ങളുടേയും കേന്ദ്രമാക്കി സ്കൂളിനെ മാറ്റി.

18 കൊല്ലം ആ സ്കൂളിലെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു.

കൊങ്കൺ തീരത്തെ

പ്രകൃതിമനോഹാരിത 

ഖാണ്ഡേക്കറെ കഥാകൃത്തും നോവലിസ്റ്റുമാക്കി മാറ്റി.


പ്രശസ്ത മറാഠി സാഹിത്യകാരൻ 

ജിടി മഡ്ഖോൽക്കറുടെ

സാഹിത്യരചനകളെക്കുറിച്ച് 1916 ൽ *നവയുഗിൽ*

പ്രസിദ്ധീകരിച്ച ഒരു നിരൂപണ പഠനവുമായാണ് ഖാണ്ഡേക്കർ 

സാഹിത്യരംഗത്തേക്ക് കടന്ന് വരുന്നത്. സുഹൃത്തുക്കൾ ചേർന്നാരംഭിച്ച *വൈനതേയ* വാരികയുടെ സഹപത്രാധിപരായി പ്രവ൪ത്തിച്ചു.

ഉദ്യാൻ, നവയുഗ് എന്നിവയിൽ സാമൂഹികാക്ഷേപഹാസ്യങ്ങൾ എഴുതി.

ചെറുകഥയും ഗദ്യകവിതയും ചേർന്ന ഒരു തരം രചന നവയുഗിലും രത്‌നാകറിലും പ്രസിദ്ധപ്പെടുത്തി.

തന്റെയുള്ളിലെ എഴുത്തുകാരനെ സ്വയം

കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹമെഴുതി.

""1919 ൽ ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഞാനൊരു കഥയെഴുതി.

കഥയെഴുത്ത് എന്റെ രംഗമല്ലെന്ന് കരുതി ഞാനത് പ്രസിദ്ധികരിക്കാതെ വെച്ചു.

1923 ൽ ഒരു മാസികയുടെ വാർഷികപ്പതിപ്പിൽ അയച്ചു കൊടുക്കാൻ മറ്റൊന്നും ഇല്ലാതെ വന്നപ്പോൾ ഭയത്തോടെ ഞാൻ ആ കഥ അയച്ചു കൊടുത്തു.

അത് പത്രാധിപർക്ക് വളരെ ഇഷ്ടപ്പെട്ടു.

എങ്കിലും എനിക്ക് ആത്മവിശ്വാസം വന്നില്ല.

ഭാഗ്യവശാൽ എന്റെ 

സാഹത്യാചാര്യൻ ആ കഥ വായിക്കാനിടയായി.

അദ്ദേഹം അതിനെപ്പറ്റി വളരെ ഉയർന്ന അഭിപ്രായം പ്രകടിപ്പിച്ചു.

അതോടെ എന്റെയുള്ളിലെ എഴുത്തുകാരനെ ഞാൻ പുതുതായി കണ്ടെത്തി."""


1930 ൽ പ്രസിദ്ധപ്പെടുത്തിയ 

*ഹൃദയ ചിചാങ്ക്* (ഹൃദയത്തിന്റെ വിളി)

ആണ് ആദ്യ നോവൽ.

"സുഖത്തിന്റെ പിന്നാലെ"

"കാഞ്ചൻ മൃഗ്, ഉൽക്ക,"

"പഹിലേ പ്രേം,"

"ജലാലേല മൊഹൊർ,"

"ക്രൗഞ്ച വധ്", "അശ്രു,"

"അമൃത് വേൽ",

എന്നിവയാണ് ഖാണ്ഡേക്കറുടെ പ്രധാന നോവലുകൾ.


സാഹിത്യരംഗത്ത് കൂടുതൽ ഏകാഗ്രമായി ശ്രദ്ധിക്കുന്നതിനും ആരോഗ്യപരമായ കാരണങ്ങളാലും 1939 ൽ അധ്യാപകവൃത്തിയുപേക്ഷിച്ച് ഷിറോഡാ ഗ്രാമം വിട്ട് *കോൽഹാപ്പുരിലെ*

രാജാറാംപുരിയിൽ *നന്ദാദീപ്* എന്ന വസതിയിൽ താമസമാക്കി.

ഒരു പുത്രനും മൂന്ന് പുത്രിമാരും അദ്ദേഹത്തിന് ജനിച്ചു.

ഭാര്യ നേരത്തേ മരണമടഞ്ഞു.


ഉപ്പ് നിയമ ലംഘനകാലത്ത്

സത്യാഗ്രഹസമരത്തിന്റെയും നിയമലംഘനത്തിന്റേയും ഒരു പ്രധാനകേന്ദ്രമായിരുന്നു ഷിറോഡാ. അവിടെയുള്ള, സർക്കാർ ഉപ്പ് ഡിപ്പോകൾ

കൈയേറിയ കോൺഗ്രസ്സ് പ്രവർത്തകർ പോലീസിന്റെ ലാത്തിയടിയേൽക്കുന്നത് ഖാണ്ഡേക്കർ കണ്ടു.

ദേശീയതയേയും രാഷ്ടീയ സ്വാതന്ത്ര്യത്തെയുംകുറിച്ച് 

കൂടുതലായി ചിന്തിച്ചു.

ക്രമേണ ഗാന്ധിയൻ ജീവിതദർശനത്തിലാകൃഷ്ടനായി. *ഗാന്ധിയുടെ* തത്വചിന്തകൾ ആഴത്തിൽ പഠിച്ചു.

എന്നാൽ പിൽക്കാലത്ത് അദ്ദേഹത്തിന്റെ വീക്ഷണത്തിൽ മാറ്റങ്ങളുണ്ടായി.

ഗാന്ധിയൻ ചിന്തകൾ സോഷ്യലിസ്റ്റായങ്ങൾക്ക് വഴിമാറി.

സമൂഹത്തിന് മോചനം വേണമെങ്കിൽ വ്യക്തിയല്ല, സമൂഹംതന്നെ സമരം ചെയ്യണമെന്ന കാഴ്ചപ്പാടിന്റെ കലാപരമായ  

ആവിഷ്കരണമായിരുന്നു

*സുഖത്തിന്റെ പിന്നാലെ* എന്ന നോവൽ.

സമൂഹം സ്ത്രീക്ക് നേരേ പുലർത്തുന്ന മർദ്ദന മനോഭാവത്തെ  

തുറന്നുകാട്ടുന്നതാണ്

*വെറും കോവിൽ.*


ഭാവനാസമ്പന്നമായ ശൈലി

പരമ്പരാഗതമൂല്യങ്ങളോടുള്ള

പ്രേമം. സാമൂഹിക പ്രതിബദ്ധതയും ആദർശനിഷ്ഠയും എന്നിവ ഖാണ്ഡേക്കർ രചനകളുടെ സവിശേഷതകളാണ്.

മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്കിറങ്ങുന്ന രചനാശൈലിയായിരുന്നു

അദ്ദേഹത്തിന്റേത്.

മനുഷ്യജീവിതങ്ങളും പ്രകൃതി പ്രതിഭാസങ്ങളും ആ രചനകൾക്ക് മിഴിവേകി.


*പൂരുവും*

*തൃപ്തനാക്കീടിനാൻ താതന് തന്നുടെ*

*യൗവ്വനം നല്കി ജരാനരയും വാങ്ങി.*


1959 ലാണ് ഖാണ്ഡേക്കർ "യയാതി" എന്ന നോവൽ പൂർത്തിയാക്കുന്നത്.

മഹാഭാരതത്തിലെ 

ആദിപർവ്വത്തിലെ ഒരുപപർവ്വമായ *സംഭവപർവ്വത്തിൽ* നിന്നെടുത്ത വളരെ ലഘുവായ ഒരേടാണ് യയാതിയുടെ കഥ.

അസാമാന്യമായ ധൈര്യവും

അജയ്യമായ യുദ്ധ സാമർത്ഥ്യവുമുള്ള യയാതി തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ശുക്ര മഹർഷിയുടെ മകളായ 

ദേവയാനിയെ പാണിഗ്രഹണം ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ദാമ്പത്യജീവിതം തികച്ചും പരാജയമായിരുന്നു.

ദേവയാനിയിൽ നിന്ന് ലഭിക്കാത്ത സ്നേഹം 

ശർമ്മിഷ്ഠയിൽ നിന്ന്

അദ്ദേഹത്തിന് ലഭിച്ചു.

ക്രുദ്ധയായ ദേവയാനിയോടുള്ള പ്രതികാരം

നിർവ്വഹിക്കാൻ വേണ്ടി അദ്ദേഹം സ്വീകരിച്ച മാർഗ്ഗം

സ്വന്തം ആത്മനാശത്തിന് വഴിതെളിച്ചു 

രണ്ട് സുന്ദരിമാരുടെ പകയും അസൂയയും തൻപോരിമയും

വർദ്ധിച്ചത് കാരണം നഹൂഷപുത്രനായ യയാതി ശുക്രാചാര്യരുടെ ശാപമേറ്റ് വശം കെടുന്നു.

സുഖാന്വേഷിയായ

മഹാരാജാവ് മദ്യത്തിലും മദിരാക്ഷിയിലും മുങ്ങി സ്വയം നശിക്കുന്ന കാഴ്ച

ഞെട്ടലോട് കൂടി മാത്രമേ നോക്കി കാണുവാൻ കഴിയൂ.

ഭൗതിക സുഖങ്ങളുടെ പിന്നാലെ പായുന്ന

മനുഷ്യൻ എന്നും അസംതൃപ്തനാണെന്നും  അനുനിമിഷം അധപതനത്തിന്റെ അഗാധഗർത്തത്തിലേക്ക് വീണുകൊണ്ടിരിക്കുമെന്നും യയാതി ഒരിക്കൽ കൂടി തെളിയിക്കുന്നു.

പടുകുഴിയിൽ നിന്ന് മോചിതനാകുന്ന  യയാതിയെ കാണുമ്പോൾ നമുക്ക് ആശ്വാസവും ആഹ്ലാദവും ഉണ്ടാകുന്നു.

ദാർശനികാപരമായ ചിന്തകളിലൂടെ കഥാപാത്രങ്ങൾ വിശ്വമാനവികതയുടെ അകങ്ങളിലേക്ക് കടന്നുകയറുന്ന

തരത്തിലുള്ള ആഖ്യാനം. സർഗ്ഗശേഷിയുടെ 

മൗലികത വിളിച്ചോതുന്ന

നോവലായ യയാതി  ഇതുവരേയും  വായിച്ചിട്ടില്ലാത്ത സാധാരണ ഒരു മലയാളി വായനക്കാരൻ

ആദരണീയനാകാൻ 

മാധവൻപിളളയുടെ ഏറ്റവും

ഉത്കൃഷ്ടമായ വിവർത്തനം

സാധ്യമാക്കുമെന്നാണ്

ഒരു നിരൂപകൻ  അഭിപ്രായപ്പെട്ടിരിക്കുന്നത്.

(ഖണ്ഡികയുടെ മുകളിൽ

അധ്യാത്മാരാമായണം 

അയോധ്യാകാണ്ഡത്തിലെ

_വിച്ഛിന്നാഭിഷേകം_

എന്ന അധ്യായത്തിലെ

ചില വരികൾ)


മഹാരാഷ്ട്ര സർക്കാരിന്റെയും

കേന്ദ്രസാഹിത്യ  അക്കാദമിയുടേയും അവാർഡും ജ്ഞാനപീഠ 

പുരസ്ക്കാരവും ഈ കൃതിക്ക് ലഭിച്ചു. ഖാണ്ഡേക്കറുടെ പല കഥകളും നോവലുകളും ചലച്ചിത്രമാക്കിയിട്ടുണ്ട്.

അവയുടെ തിരക്കഥ രചിച്ചതും അദ്ദേഹം തന്നെയാണ്.

1968 ൽ *പത്മഭൂഷൺ* ബഹുമതി ലഭിച്ചു.

1976 സെപ്തംബർ 2 ന് 

തലച്ചോറിലെ രക്തസ്രാവം മൂലം *ഇസ്ലാംപൂരിൽ* അദ്ദേഹം കഥാവശേഷനായി.


യയാതി മഹാരാജാവിന്റെ ഹൃദയാന്തരീഷം തമസ്സിലൂടെയും പ്രകാശത്തിലൂടെയും പ്രതിസ്ഫുരിക്കുന്ന ഉത്തുംഗമായ കാവ്യാത്മകത,

ഉദാത്തമായും സൗന്ദര്യാത്മകമായും  പ്രതിഷ്ഠിച്ച

മറാഠാ രചയിതാവിന്റെ  അമൃതജ്ഞാനമാകുന്ന

മഹിമ എന്നും പ്രശോഭിതമാകട്ടെ.....


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള