*പ്രസാദം വദനത്തിങ്കൽ*

*കാരുണ്യം ദർശനത്തിലും*

*മാധുര്യം വാക്കിലും ചേർന്നുള്ളവനേ*

*പുരുഷോത്തമൻ.*


പഴയ അഞ്ചാം ക്ലാസ്സ് 

മലയാള പാഠപുസ്തകത്തിലെ  താളുകൾ മറിക്കുമ്പോൾ 

ഒരു കവിതയുടെ തലക്കെട്ടു കാണാം. 

*ആരാണ് മഹാൻ?.*  പത്തോളം ഗീതകങ്ങൾ മാത്രമുള്ള ലാളിത്യമാർന്ന 

ഈ വരികൾ ഒരു തലമുറയ്ക്ക് മുഴുവൻ കാണാപ്പാഠമായിരുന്നു

*കേശവീയം* മഹാകാവ്യത്തിലൂടെയും 

*സദാരാമ* 

സംഗീതനാടകത്തിലൂടെയും പ്രസിദ്ധനായ 

"സരസഗായകകവിമണി" *കെസി കേശവപിള്ളയുടെ*

"സുഭാഷിതരത്നാകരത്തിലെ" ഒരു സുഭാഷിതമാണിത്.

സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ചൊല്ലുകളെ അടിസ്ഥാനപ്പെടുത്തി രച്ചിച്ച ഈ കൃതിക്ക് 

*ശ്രീമൂലംതിരുനാൾ* മഹാരാജാവിൽനിന്ന് 

വീരശൃംഖല ലഭിച്ചിട്ടുണ്ട്.

 

1868 ൽ *കൊല്ലം* ജില്ലയിലെ *പരവൂർ* കേനേത്ത് വീട്ടിലെ _ലക്ഷ്മിയമ്മയുടേയും_ 

പാർവത്യകാരായ 

വലിയ വെളിച്ചത്ത് _രാമൻപിളളയുടേയും_ ദ്വിതീയ സന്താനമായി 

കേശവൻ ജനിച്ചു.

കോനേത്ത് കുടുംബക്കാർക്ക് പണ്ട് മുതൽക്കേ 

"കണക്ക് ചെമ്പകരാമൻ" എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. കുടുംബപ്പേരിന്റെ ആദ്യാക്ഷരങ്ങളായിരുന്നു *കെ.സി.*

അഞ്ചാം വയസ്സിൽ എഴുത്തിനിരുത്തി. 

പരവൂർ 

കേശവനാശാനിൽനിന്ന് സംസ്കൃതത്തിൽ പ്രാഥമിക

പാഠങ്ങൾ അഭ്യസിച്ചു. 

പരവൂർ സർക്കാർ പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് പരവൂരിൽ  ഹൈസ്കൂളില്ലാത്തതിനാൽ തുടർന്ന് പഠിക്കാനായില്ല.   

രാമായണവും ഭാഗവതവും ഭാരതവും കിളിപ്പാട്ടുകൾ

പലരാഗങ്ങളിൽ വായിച്ചിരുന്ന

കേശവപിള്ളയെ നാട്ടുകാർ രാമായണം വായിക്കാനായി

ക്ഷണിക്കാറുണ്ടായിരുന്നു.


*ക്ലേശക്ഷോഭം സഹിച്ചീടാ*

*നുത്തമൻതന്നെ ശക്തനാം*   

 

കുട്ടിക്കാലത്തേ *കഥകളിയിൽ* ഭ്രമമുണ്ടായിരുന്ന കേശവപിള്ള, പരവൂരും 

സമീപ പ്രദേശങ്ങളിലും

നടന്നിരുന്ന കഥകളികളെല്ലാം കണ്ടു. ഈ ആവേശംകൊണ്ട്

പതിനഞ്ചാമത്തെ വയസ്സിൽ

*പ്രഹ്ളാദചരിതം* 

എന്ന പേരിൽ ഒരു

ആട്ടക്കഥ രചിച്ചു.

സംസ്കൃതജ്ഞാനം കുറവായിരുന്ന കേശവപിള്ളയുടെ കൃതി വായിച്ച പരമുആശാനും

പരവൂർ കേശവനാശാനുമാണ് 

കൂടുതൽ സംസ്കൃതം പഠിക്കാനായി പിള്ളയെ ഉപദേശിച്ചത്.

പരവൂർ ആശാനിൽനിന്നു തന്നെ

കേശവപിള്ള സംസ്കൃതപഠനം തുടർന്നു.

കാവ്യനാടകങ്ങളും

അലങ്കാരശാസ്ത്രവും പഠിച്ചു.

എണ്ണയ്ക്കാട്ട് രാജരാജവർമ്മയിൽനിന്ന്

കൂടുതൽ സംസ്കൃതം അഭ്യസിച്ചു. ഇതിനിടെ ഒരു സർക്കാർ ഉദ്യോഗസ്ഥനിൽനിന്ന് ഇംഗ്ലീഷും പഠിച്ചുതുടങ്ങി.

പതിനാറാം വയസ്സിൽ 

പ്രഹ്ളാദചരിതം ആട്ടക്കഥ മാറ്റിയെഴുതി *ഹിരണ്യാന്നുരവധം* എന്ന പേരിൽ പുനർസൃഷ്ടിച്ചു.

എന്നാൽ ഇന്നും വളരെ പ്രചാരമില്ലാത്ത ഈ കഥ *പ്രഹ്ളാദചരിതം* എന്ന പേരിൽത്തന്നെയാണ് അരങ്ങുകളിൽ അവതരിപ്പിച്ചു കാണുന്നത്. നാരായണഭക്തിയാൽ

ആത്മചൈതന്യ സാക്ഷാത്ക്കാരം ലഭിക്കുന്ന ഒരു പുരാണ 

കഥയായിരുന്നിട്ടുപോലും

ഈ കഥ വിരളമായേ  അരങ്ങുകളിൽ ആടി കണ്ടിട്ടള്ളു.

ഇരു കരങ്ങളിലേയും വിരലുകളിൽ  ഘോരനഖങ്ങളണിഞ്ഞ ഒരേയൊരു കഥകളിവേഷം  ഈ കഥയിലെ *നരസിംഹം*  എന്ന അവതാര മൂർത്തിയാണ്.

*വെച്ചൂരും ചമ്പക്കുളവുമായിരുന്നു*  ഈ 

കഥാപാത്രാവതരണത്തിൽ പ്രശസ്തരായിരുന്നത്.

ഇരുപത് വയസിനുള്ളിൽത്തന്നെ 

*ശൂരപത്മാസുരവധം* *ശ്രീകൃഷ്ണവിജയം* എന്നീ രണ്ടാട്ടക്കഥകൾ കൂടി പ്രസിദ്ധപ്പെടുത്തി. 

പരവൂരും സമിപപ്രദേശങ്ങളിലുമുള്ള കളിയോഗക്കാർ അക്കാലത്ത് ഈ മൂന്ന് കഥകളും ആടിയിട്ടുണ്ട്.


പരവൂരിനടുത്തുള്ള പെരിനാട്ട് 

1889 ൽ കേശവപിള്ള സ്വന്തമായി ഒരു സംസ്കൃത പാഠശാല ആരംഭിച്ചു.

സർക്കാരിൽ നിന്ന് അതിന് ഗ്രാന്റ് ലഭിച്ചിരുന്നു.

പിന്നീട് പാഠശാല പരവൂരേക്ക് മാറ്റി.1890 ൽ പരവൂർ പടിഞ്ഞാറേവീട്ടിൽ

കല്യാണിയമ്മയെ

വിവാഹം ചെയ്തു.

1892 ൽ അവർ അകാലത്തിൽ അന്തരിച്ചു. അച്ഛന്റെ ഭാഗിനേയി നാണിക്കുട്ടിയമ്മയെ

1895 ൽ വിവാഹം ചെയ്തു.

സാഹിത്യകാരനായ 

പ്രൊഫ കെ.എൻ ഗോപാലപിള്ള ആട്ടക്കഥാകാരനായ

കെ.എൻ നാരായണപിള്ള എന്നീ പുത്രന്മാരും ഒരു പുത്രിയും ഇവർക്ക് ജനിച്ചു.

പുത്രിയുടെ ഭർത്താവായത് 

സാഹിത്യചരിത്രകാരനായ

ആർ നാരായണപ്പണിക്കരാണ്.

1897 ൽ കൊല്ലത്ത് സർക്കാർ മലയാളം സ്കൂളിൽ പിള്ളയ്ക്ക് ജോലി ലഭിച്ചു. 1902 ൽ ഇംഗ്ലീഷ് സ്കൂളിൽ മുൻഷിയായി സ്ഥാനക്കയറ്റം ലഭിച്ചു.1903 ൽ

ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ മകൻ വേലായുധൻതമ്പിയുടെ അധ്യാപകനായി  നിയമിക്കപ്പെട്ട പിളള  തിരുവനന്തപുരത്തേക്ക്

താമസം മാറ്റി. പിന്നീട് ജീവിതാന്ത്യംവരെ അവിടെത്തന്നെയായിരുന്നു. 


കോട്ടയത്ത് നിന്ന് 1891 ൽ *മലയാള മനോരമ* ആരംഭിച്ചത്‌ മുതൽക്കേ കെസി അതുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

കവിതകളും സമസ്യാപൂരണങ്ങളൂമൊക്കെ

അതിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കോട്ടയത്ത്

കവിസമാജം ആരംഭിച്ചിരിക്കുന്നത് 

1891 ലാണ്.

ആ വർഷം ഘടികവീംശതി

കവിതാചാതുര്യ പരീക്ഷ എന്നിവയിൽ പ്രമുഖരോടെതിരിട്ട് കെസി

ഒന്നാംസ്ഥാനം നേടി.

*കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ*

തമ്പുരാനെപ്പോലെയുള്ള

പ്രഗത്ഭരെ തോല്പിച്ച് മുന്നിലെത്തിയ കെസി

*കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ* ഇഷ്ടപാത്രമായി.

കേരളവർമ്മയുടെ 

അമ്പതാം പിറന്നാൾ 'പ്രമാണിച്ച് 1892 ൽ സംസ്കൃതത്തിൽ 

*കേരളവർമ്മ വിലാസം*

എന്ന ഖണ്ഡകാവ്യം രചിച്ചു.

1904 ൽ കോയിത്തമ്പുരാന്റെ

ഷഷ്ഠ്യാബ്ധ പൂർത്തിക്ക് മലയാളത്തിലും കാവ്യം രചിച്ചു. കേരളവർമ്മയുടെ സംസ്കൃത കാവ്യമായ *ആംഗലസാമ്രാജ്യം*

1907 ൽ കെസി.

മലയാളത്തിലാക്കി.


*ആസന്നമരണചിന്താശതകം* (1895) തത്വചിന്താപരമായ ഒരു 

കാവ്യമാണ്.

വാർധക്യത്തിലെത്തി  

രോഗംബാധിച്ച് മരണത്തെ മുന്നിൽക്കാണുന്നയൊരാൾ, താൻ പിന്നിട്ട കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോഴുള്ള   

വികാര വിചാരങ്ങളുടെ  ആവിഷ്കരമാണ് 

ആത്മഗീതസ്വഭാവമുള്ള 

ഈ കൃതി.

1894 ൽ പ്രസിദ്ധീകരിച്ച

*ലക്ഷ്മികല്യാണം* സാമുദായിക സംഗീതനാടകമാണ്.

മാനവിക്രമ ഏട്ടൻ തമ്പുരാൻ

ഈ കൃതി സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കെസിയുടെ പ്രസിദ്ധമായ സംഗീതനാടകം *സദാരാമ*

(1904) തമിഴ് സംഗീതനാടക

സംഘക്കാർ, കേരളത്തിൽ അവതരിപ്പിച്ച *സദാറാം*

എന്ന നാടകത്തിന്റെ കഥയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി രചിച്ചതാണ്.

രാഘവമാധവം(1895),

വിക്രമോർവശീയം(1906)

എന്നിവയാണ് മറ്റ് 

സംഗീതനാടകങ്ങൾ.


*മേല്പത്തൂരിന്റെ*  "നാരായണീയത്തിന്"  

കെസിയുടെ വിവർത്തനമാണ്    *ഭാഷാനാരായണീയം*

(1892)           .

ശ്ലോകങ്ങൾ, സമസ്യാപൂരണങ്ങൾ

ചിത്രപ്രശ്നങ്ങൾ,

സ്തോത്രങ്ങൾ എന്നിങ്ങനെ 350 പദ്യങ്ങളുടെ സമാഹാരമാണ്

*സാഹിത്യവിലാസം*

നിരവധി സംസ്കൃത കൃതികളും കെസി രചിച്ചിട്ടുണ്ട്.

സ്തവരത്നാവലി 

സംഗീതമഞ്ജരി 

ഈശ്വരസ്തോത്രം

രാഗമാലിക സംഗീതമാലിക

രാഗമുദ്രാഷൾക്കം

പലവകഗാനങ്ങൾ എന്നീ വിഭാഗങ്ങളിലായി വിവിധ

രാഗതാളങ്ങളിലുള്ള 

167 ഗാനങ്ങളുടെ സമാഹാരമാണ് കെസിയുടെ

സമ്പൂർണ്ണ

സംഗീത കൃതികൾ.


കേരളവർമ്മയുടെ അധ്യക്ഷതയിൽ  

1908 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന സാഹിത്യ സമാജത്തിൽ കെസി അവതരിപ്പിച്ച *ഭാഷാകവിത*

എന്ന പ്രബന്ധം മലയാള കവിതാരംഗത്ത് കുറച്ച് കാലത്തേയ്ക്കെങ്കിലും 

വാദപ്രതിവാദങ്ങൾ സൃഷ്ടിച്ചു.

പ്രാസത്തെക്കുറിച്ചുള്ള 

*എആർ രാജരാജവർമ്മയുടെ*

ആശയപക്ഷത്തെ വിശദീകരിച്ച ഈ പ്രബന്ധം പിന്നീട് *ഭാഷാപോഷിണിയിൽ*

അച്ചടിച്ചതോടെ ആരംഭിച്ച വിവാദം രണ്ട് വർഷത്തോളം നീണ്ടുനിന്നു.


*സ്യമന്തകം കാരണമെത്ര കഷ്ടം*

*കുമാരനും കൂടെ മരിച്ചിതല്ലോ?*


*നമ്പ്യാരുടെ*

_ശ്രീകൃഷ്ണചരിതം മണിപ്രവാളം_ എന്ന കൃതിയിലെ രണ്ട് വരികൾ

ഇവിടെ ഉദ്ധരിച്ചത്  *കേശവീയം*   

എന്ന മഹാകാവ്യത്തെ പരിചയപ്പെടുത്താൻ വേണ്ടിയാണ്. ദ്വാപരയുഗത്തിൽ.

_സത്രാജിത്ത്_ എന്നൊരു യാദവൻ തപസ്സ് ചെയ്ത്  സൂര്യഭഗവാനിൽനിന്നും

കരസ്ഥമാക്കിയ _സ്യമന്തകം_

എന്ന സൂര്യപ്രഭ വിതറുന്ന അതീവകാന്തിയോട് കൂടിയ രത്നവും ധരിച്ച് അനുജൻ _പ്രസേനൻ_ വേട്ടയാടാനായി വനത്തിലെത്തുന്നു.

വനത്തിനുള്ളിൽ കുമാരൻ 

ഒരു സിംഹവുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നു

*ഭാഗവതം* ദശമസ്കന്ധത്തിലെ 56,57 അധ്യായങ്ങളിലുള്ള *സ്യമന്തകം* കഥയെയാണ്  പന്ത്രണ്ട് സർഗ്ഗങ്ങളിലായി തനതായശൈലിയിൽ കേശവീയം എന്ന മഹാകാവ്യമായി രചിച്ചിരിക്കുന്നത്. 

സന്ദർഭ സന്നിവേശത്തിലും ഭാവാവിഷ്ക്കരണത്തിലും വസ്തുവർണ്ണനകളിലും തികഞ്ഞ ഔചിത്യം "കേശവീയ" കർത്താവ് പ്രദർശിപ്പിക്കുന്നു എന്ന് നിരൂപകർ വാഴ്ത്തിയ ഈ മഹാകാവ്യത്തിന്റെ രചന

1912 ലാണ് ആരംഭിച്ചത്.

നിരർത്ഥകപദങ്ങൾ പ്രയോഗിക്കാതെയും

പ്രാസത്തിൽ ഭ്രമിക്കാതെയും

കൃത്രിമ കല്പനകൾ ഒഴിവാക്കിയും അനുചിതവർണ്ണനകൾ  ഉപേക്ഷിച്ചും നിർമ്മിച്ചിട്ടുള്ള 

ഒരു കൃതിയാണിത്.

പ്രസേനനെക്കൊന്നത് ശ്രീകൃഷ്ണനാണെന്ന അപവാദം നാട്ടിൽപ്പരന്നപ്പോൾ അത് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഭഗവാൻ കാട്ടിലെത്തുന്നു.

വയർപിളർന്ന് കുടൽമാല പുറത്ത്ചാടിയ പ്രസേനന്റെ മൃതശരീരം കാണുന്ന സന്ദർഭത്തെ ഇങ്ങിനെ വർണിച്ചിരിക്കുന്നു.


*കടുനിണമൊഴുകിപ്പടർന്നു ചുറ്റും*

*കഠിനതപൂണ്ടു കറുത്തു നിന്നിരുന്നു.*

*സ്ഫുടരുചിതടവും വിശാലവക്ഷ*

*സ്തടമവഗാഢതരം പിളർന്നിരുന്നു.*


മഹാകാവ്യം പ്രൂഫ് തിരുത്തി അച്ചടിക്കാൻ പ്രസ്സിൽ കൊടുക്കാനേ മഹാകവിയ്ക്ക് കഴിഞ്ഞുള്ളൂ. 

കാവ്യം പുസ്തകരൂപത്തിൽ പുറത്തുവരുന്നതിനുമുമ്പേ

1913 സെപ്തംബർ 4 ന് 

കേശവപിള്ള ഇഹലോകവാസം വെടിഞ്ഞു.


മലയാള 

കാവ്യസാഹിത്യശാഖയിൽ

അഭിമാനകരമായ രൂപ പരിണാമത്തിന്റെ ആദ്യശില്പി എന്ന നിലയിൽ സമാദരണീയനായ 

കെസി കേശവപിള്ള കേശവീയം എന്ന മഹാകാവ്യത്തിലൂടെ കാവ്യസാഹിത്യശാഖയിൽ 

ഒരത്ഭുത പ്രതിഭാസമാണ്.

കവിത്രയത്തിന് മുമ്പ് തന്നെ അത്യുന്നതങ്ങളിൽ വിരാജിച്ച 

ഈ കവിസാർവ്വഭൗമന്റെ

സാഹിത്യ സംഭാവനകൾ ഭാഷയും സാഹിത്യവും 

ഉള്ളകാലത്തോളം നിലനില്ക്കുകതന്നെ ചെയ്യും.


*ഗുണവാനോട് ചേർന്നീടിൽ*

*വലുപ്പംവരുമല്പനും,*

*പൂമാലയിൽ കലർന്നുള്ള*

*നാരും മേവുന്നു മൗലിയിൽ.*


ഇത്തരമാശയങ്ങൾ

ആരെങ്കിലും

മനസ്സിലാക്കുന്നുണ്ടോ?


*കെബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ