Sept_29_2004/ ബാലാമണിയമ്മ
*വിട്ടയക്കുക കൂട്ടിൽനിന്നെന്നെ ഞാ-*
*നൊട്ടുവാനിൽപ്പറന്ന് നടക്കട്ടെ*
*കാൺമതുണ്ടതാ തെല്ലകലത്തിലെൻ,*
*ജന്മഭൂമിയാം കാനനം മോഹനം.*
*താമരമലർക്കൈയാൽത്തടാകങ്ങൾ,*
*പ്രേമമോടെന്നെ മാടിവിളിക്കുന്നു.*
*പുൽത്തളിരുകൾ പൂന്തുകിൽ നെയ്യുന്നു.*
*പുഷ്പരാജികൾ പുഞ്ചിരിക്കൊള്ളുന്നു.*
*വിട്ടയക്കുക......*
രണ്ടാംക്ലാസ്സിലെ മലയാള പുസ്തകത്തിലെ ചെറുകവിതയാണ് *വിട്ടയക്കുക.*
പ്രശസ്ത കവയത്രി *ബാലാമണിയമ്മയുടെ*
*കളിക്കൊട്ട* എന്ന
കവിതാസമാഹാരത്തിൽ നിന്നാണ് വളർത്ത് തത്തയുടെ
ആത്മഗതമുണരുന്നത്.
മാതൃത്വത്തിന്റെ കവയത്രി എന്ന വിശേഷണമാണ് *ബാലാമണിയമ്മയെപ്പറ്റി* സാഹിത്യചരിത്രങ്ങളും നിരൂപണങ്ങളും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ആ വിശേഷണത്തിന്റെ അതിരുകൾ ലംഘിച്ച് നിൽക്കുന്നതാണ് അവരുടെ കവിത. പുരുഷ കേന്ദ്രിതമായ മലയാള കാവ്യലോകത്ത് സ്ത്രീയുടെ അനുഭവ ലോകത്തിന്റെ സങ്കീർണതകളും
സ്ത്രീ സ്വാതന്ത്ര്യവും ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യ മലയാള കവയത്രിയാണ് *നാലപ്പാട്ട് ബാലാമണിയമ്മ.*
പരമ്പരാഗതമായി സ്ത്രീയെപ്പറ്റി ഉറപ്പിച്ചിട്ടുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു കർത്തൃത്വം നിർമ്മിക്കാനുള്ള ശ്രമമായിരുന്നു അവരുടെ കാവ്യങ്ങൾ.
പ്രത്യക്ഷത്തിൽ പാരമ്പര്യ നിഷേധിയോ സ്ത്രീവാദപരമോ അല്ലെങ്കിൽ സ്ത്രൈണാനുഭവ കേന്ദ്രിതമായ കാവ്യരചന അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.
ആ കവിതകളിൽ മാതൃത്വം,
ഗാർഹികത, വാത്സല്യം, തുടങ്ങിയ സ്ത്രൈണാനുഭവങ്ങൾക്കൊപ്പം ഭക്തി, ദേശീയത, ദാർശനികത, പ്രേമം തുടങ്ങിയ ഭാവങ്ങളും നിറഞ്ഞ് നില്ക്കുന്നു.
"അനുഭൂതികൾ സ്മരണയുടെ ഊഷ്മളതയിൽ
തിളച്ച് കുറുകിയുണ്ടാകുന്ന
മധുരസത്തയാണ്"
സ്വന്തം കവിതയെന്ന് ബാലാമണിയമ്മ വിലയിരുത്തിയിട്ടുണ്ട്.
മലയാള
സാഹിത്യത്തിലെത്തന്നെ തറവാടുകളിലൊന്നായ *പുന്നയൂർക്കുളത്തെ* നാലാപ്പാട്ട് വീട്ടിൽ
1909 ൽ ജൂലൈ 19ന് ബാലാമണിഅമ്മ ജനിച്ചു. കവിയും വിവർത്തകനും പണ്ഡിതനുമായ
*നാലപ്പാട്ട് നാരായണമേനോന്റെ* സഹോദരി
കൊച്ചുകുട്ടിയമ്മയും ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ചുണ്ണിരാജായുമായിരുന്നു മാതാപിതാക്കൾ.
വീട്ടിലിരുന്നായിരുന്നു പഠനം.
സംസ്കൃതവും ഇംഗ്ലീഷും അങ്ങനെ വശമാക്കി. നാലാപ്പാട്ട് നാരായണ മേനോന്റെ ഗ്രന്ഥശാല ആയിരുന്നു മറ്റൊരു പാഠശാല. *മഹാകവി വള്ളത്തോളിന്റെ* പ്രോത്സാഹനവും ചെറുപ്പത്തിൽത്തന്നെ ബാലാമണിയമ്മയ്ക്ക്
ലഭിച്ചു.1928 ൽ ബാലാമണിയമ്മയും
*വിഎം നായരുമായുള്ള* വിവാഹം നടന്നു. *കൊൽക്കത്തയിൽ*
ബ്രിട്ടീഷ് കമ്പനിയിൽ ഉദ്യോഗസ്ഥനും പിന്നീട് മേലധികാരിയുമായ
വിഎം നായർ ഭാര്യയുടെ
കാവ്യജീവിതം പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. വിവാഹാനന്തരം കൊൽക്കത്തയിൽ ഏറെക്കാലം അവർ താമസിച്ചു.
പിൽക്കാലത്ത് വിഎം നായർ *മാതൃഭൂമിയുടെ* മാനേജിങ് എഡിറ്ററും
മാനേജിങ് ഡയറക്ടറുമായി. ആ ദമ്പതിമാരുടെ മക്കളാണ് എഴുത്തുകാരായ *മാധവിക്കുട്ടി,* (കമലാ സുരയ്യ ) ഡോക്ടർ *സുലോചനാ നാലപ്പാട്ട്* എന്നിവർ.
മോഹൻദാസ്,
ഡോ. ശ്യാംസുന്ദർ എന്നിവരാണ് മറ്റ് മക്കൾ.
1977 ൽ വിഎംനായർ അന്തരിച്ചു.
പതിനാറാം വയസ്സിൽ *വിലാപം* എന്ന കവിത പ്രസിദ്ധീകരിച്ചത് മുതൽ തുടങ്ങുന്നു ബാലാമണിയമ്മയുടെ കാവ്യജീവിതം. ബാലാമണിയമ്മയുടെ ആദ്യ കവിതയായ *കൂപ്പുകൈ* ഇറങ്ങുന്നത് 1930-ലാണ്.
ആദ്യ സമാഹാരം പുറത്തുവന്നതോടെ അവർ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
കൊച്ചി മഹാരാജാവായിരുന്ന *പരീക്ഷിത്ത് തമ്പുരാനിൽ* നിന്ന് 1947-ൽ _സാഹിത്യനിപുണ_ ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് .
അബ് വർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ അന്തരിക്കുന്നത്.
2004 സെപ്റ്റംബർ
29 ന് *എറണാകുളത്തായിരുന്നു* മരണം.
അമ്മ, കുടുംബിനി,
ധർമ്മമാർഗ്ഗത്തിൽ,
സ്ത്രീഹൃദയം, പ്രഭാങ്കുരം,
ഭാവനയിൽ, ഊഞ്ഞാലിന്മേൽ,
കളിക്കൊട്ട, വെളിച്ചത്തിൽ,
അവർ പാടുന്നു, പ്രണാമം,
ലോകാന്തരങ്ങളിൽ, സോപാനം, മുത്തശ്ശി,
മഴുവിന്റെ കഥ, അമ്പലത്തിൽ,
നഗരത്തിൽ,
വെയിലാറുമ്പോൾ, അമൃതംഗമയ, സന്ധ്യ,
നിവേദ്യം, മാതൃഹൃദയം,
സഹപാഠികൾ,
കളങ്കമറ്റ കൈ, എന്നിവയാണ് അവരുടെ പദ്യകൃതികൾ.
ജീവിതത്തിലൂടെ,
അമ്മയുടെ ലോകം
എന്നിവയാണ് അവരുടെ ഗദ്യ
കൃതികൾ.
*മുത്തശ്ശി* എന്ന കൃതിക്ക്
1964 ൽ കേരള സാഹിത്യ അക്കാദമി അവാർഡും
1965 ൽ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ് 1981 ൽ *അമൃതംഗമയയ്ക്ക്* ലഭിച്ചു.1987 ൽ *പത്മഭൂഷൺ* ബഹുമതി.
1988 ൽ *മൂലൂർ* അവാർഡ് *നിവേദ്യത്തിന്* ലഭിച്ചു.
ആശാൻ പുരസ്കാരം,
ലളിതാംബികാ അന്തർജ്ജന പുരസ്കാരം,
വള്ളത്തോൾ പുരസ്കാരം,
കേന്ദ്രസാഹിത്യഅക്കാദമി ഫെലോഷിപ്പ് ,
എഴുത്തച്ഛൻ പുരസ്കാരം, മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക്
സരസ്വതീ സമ്മാനം
എന്നിവയും ലഭിച്ചു.
*പാഞ്ഞണഞ്ഞിരുകൈകളാൽച്ചങ്ങല-*
*യാഞ്ഞമർത്തിപ്പിടിച്ചു ധൃതൗത്സുക്യം*
*ഉറ്റുനോക്കിനാൻ തൊട്ടിലിനുള്ളിലേ*
*ക്കൊട്ടുനേരമനങ്ങാതെ ബാലകൻ.*
1972 ൽ പത്താംക്ലാസ്സിലെ മലയാള പുസ്തകത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്ന
*കളങ്കമറ്റ കൈ* എന്ന
ലഘുകാവ്യത്തിൽ നിന്നും എടുത്ത അതേ പേരിലുള്ള കവിത.
കുട്ടികളുടെ നിഷ്ക്കളങ്കമായ സൗഭാത്ര പ്രകടനത്തെ നിരീക്ഷിക്കുന്ന ഒരു അമ്മയുടെ ഒരനുഭവം
ഇക്കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നു.
_തൊട്ടിലാട്ടും_ _ജനനിയെപ്പെട്ടെന്ന്_
_തട്ടി നീക്കി രണ്ടോമനക്കയ്യുകൾ_
കൊച്ചനുജത്തിയായ അമ്മുവിനെക്കാണാൻ മുറ്റത്ത് മണ്ണ് വാരിക്കളിച്ച് നിന്ന ബാലകൻ ഓടിവരുന്ന
ഭാവമാണ് അമ്മയുടെ മനസ്സിൽ.
_നന്ദനന്റെ വലംകൈ വിളയാടി_
_നന്ദനന്റെ പൂവലംഗങ്ങളിൽ._
അമ്മുവിന്റെ പൊന്നുമേനി നിന്റെ ചളിക്കൈയ്യ് കൊണ്ട് തൊടരുത് എന്ന സ്നേഹത്തോടെയുള്ള കണ്ണുകളിൽ ആനന്ദബാഷ്പം പൊടിയുന്ന ശാസനയും അമ്മയുടെ മൊഴിയായ് വരുന്നുണ്ട്.
അമ്മയുടെ ശാസന കേട്ട് മകന്റെ മുഖം വാടുന്നു.
ആത്മഗതമെന്നോണം മാതാവിന്റെ മനസ് മന്ത്രിക്കുന്നു
ചെളി പുരണ്ടതാണെങ്കിലും പൊന്ന് മോന്റെ കയ്യോളം കളങ്കമറ്റ കൈ മറ്റാർക്കുണ്ട്.?
*ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ*
*നാശമരികളാലുണ്ടാകയില്ല തേ.*
*എന്നെ മറന്ന് പോകാതെ നിരൂപിച്ച്*
*പുണ്യജനാധിപനായ് വസിച്ചീടെടോ!*
മാതൃത്വത്തിന്റെ സ്നേഹവും
മഹത്ത്വവും ഉദ്ഘോഷിക്കുന്നവയാണ് ബാലാമണിയമ്മയുടെ കവിതകളിൽ ഭൂരിഭാഗവും. എന്നാൽ പ്രണയമാധുര്യവും പ്രണയകദനവും പ്രണയോന്മാദവും
എല്ലാം അവരുടെ കവിതകൾക്ക് വിഷയങ്ങളായി. ആർഷജീവിത ദർശനങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങി അതിനനുഗുണങ്ങളായ വിധത്തിൽ പുരാണകഥാപാത്രങ്ങളെ ചിത്രീകരിക്കാനും ബാലാമണിയമ്മയ്ക്ക് കഴിഞ്ഞു.
കവിതാരചനയുടെ മൂന്ന് ഘട്ടങ്ങളാണ് ബാലാമണിയമ്മയ്ക്കുള്ളത്. 1930 ൽ തുടങ്ങി
1949 വരെയുള്ള ഒന്നാംഘട്ടം, മാതൃസ്നേഹത്തെക്കുറിച്ച് പാടുന്ന കവിതകളുടെ
കാലമാണ്.
കൂപ്പുകൈ, സ്ത്രീഹൃദയം, ഊഞ്ഞാലിൽ, കളിക്കൊട്ട മുതലായ കൃതികൾ
ഈ കാലഘട്ടത്തിൽ രൂപംകൊണ്ടതാണ്.
മാനുഷികതയുടെ
അന്തർസംഘർഷങ്ങളും മൂല്യബോധവും പ്രതിപാദിക്കുന്ന കവിതകളാണ്
1968 വരെയുള്ള രണ്ടാം കാലഘട്ടത്തിൽ ഉൾപ്പെടുന്നത്.
വെളിച്ചത്തിൽ, മുത്തശ്ശി, നഗരത്തിൽ, തുടങ്ങിയ കൃതികൾ ഇതിൽ ഉൾപ്പെടുന്നവയാണ്.
രചനയുടെ മൂന്നാംഘട്ടത്തിൽ ഇതിഹാസങ്ങളേയും പൗരാണിക കല്പനകളെയുമാണ്
അവർ കവിതയ്ക്ക് വിഷയമാക്കിയത്.
മഴുവിന്റെ കഥ, വിഭീഷണൻ, തുടങ്ങിയ കൃതികൾ ഈ ഘട്ടത്തെ കുറിക്കുന്നു. അവരുടെ മറ്റ് രചനകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്
മഴുവിന്റെ കഥ.
അമ്മയെ കൊന്ന *പരശുരാമന്റെ* ആത്മഗതത്തിന്റെ രൂപത്തിലുള്ള ഈ കാവ്യം ആ പുരാവൃത്തത്തിന്
കാലാനുപ്രസക്തി നൽകാനുള്ള ശ്രമമാണ്.
*ഉത്തരരാമായണത്തിലെ*
രാവണാദികളുടെ
ഉത്ഭവകഥയിൽ നിന്നാണ്
ശ്രീരാമഭക്തനായ *വിഭീഷണന്റെ* കഥ തെരഞ്ഞെടുത്തത്.
കൊടും തപസ്സ് കൊണ്ട് വിരിഞ്ചനെ പ്രത്യക്ഷനാക്കിയെങ്കിലും
ആവശ്യമുള്ള വരംനേടാൻ കഴിയാത്ത ഭ്രാതാവിന്റെ സങ്കടമായിരുന്നു
കൈകസി പുത്രന്റെ മനസ്സിൽ.
കല്പാന്തകാലത്തോളം ഭാഗവതോത്തമനായി വാഴണമെന്ന വരം മാത്രമാണ് വിഭീഷണൻ ആവശ്യപ്പെട്ടത്. ആത്മീയതയും ദാർശനികതയും അവരുടെ പിൽക്കാല കവിതകളിലെ സുപ്രധാന ഭാവങ്ങളാണ്. മലയാള കാല്പനിക കവിതയിൽ അനന്യമായ
ഒരിടമാണ് ബാലാമണിയമ്മയുടെ കവിതകൾക്കുളളത്.
അതിനാലാണല്ലോ
പ്രശസ്ത സംവിധായകൻ
ശ്രീ രഞ്ജിത് ബാലകൃഷ്ണനും
മനോഹരമായ ആ നാലക്ഷരമുള്ള പേര്
2002 ൽ തന്റെ പ്രശസ്തമായ ചിത്രത്തിലെ നായികയ്ക്ക് നല്കിയത്.
*എടി ബാലാമണിയേ.....*
*കെബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment