Sept_26_1966/ സർ സി.പി രാമസ്വാമി അയ്യർ

 *ആർ യു പോലീസ് ഓഫീസേഴ്സ് ഓർ പോലീസ് ഡോഗ്സ്?.*

*ഇവിടെ അത് നടക്കുന്നു*

*അവിടെ ഇത് നടക്കുന്നു*

*നാണമില്ലേ നിങ്ങൾക്ക്?*.

*രഹസ്യങ്ങൾ മണത്തറിയുന്ന പോലീസ് പട്ടികളാകനല്ല*

*ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നത്*

*നിയമം നടപ്പിലാക്കാനാണ്.*

*I Want the Law to Enforce at any cost*

*ട്രാവൻകൂർ ഒരു ഇൻഡിപ്പെൻഡന്റ് രാജ്യമാണ്*.

*Iam the ruler.*

*ഞാൻ പറയുന്നതാണ് നിയമം.*

*അത് നടപ്പായിരിക്കണം.* 

*ദിവാൻ ഭരണത്തിനെതിരെ ആരും ശബ്ദിക്കാൻ പാടില്ല.*

*ശബ്ദിച്ചാൽ ആ ശബ്ദം ഇല്ലാതാക്കണം.*

*You Should Crush them*


*സർ സിപി രാമസ്വാമിഅയ്യരുടെ*

ഗർജ്ജനമാണ്.

1998 ൽ ചെറിയാൻ കല്പകവാടിയുടെ കഥയെ അവലംബിച്ച് *വേണുനാഗവള്ളി*  സംവിധാനം നിർവ്വഹിച്ച 

*രക്തസാക്ഷികൾ സിന്ദാബാദ്* എന്ന ചിത്രത്തിന്റെ ആരംഭത്തിലാണ് സിപിയുടെ 

ക്രോധാജ്ഞാ പ്രകടനം.

2018 ലെ *വയലാർ* പുരസ്ക്കാരം കരസ്ഥമാക്കിയ

ശ്രീ _കെവി.  മോഹൻകുമാറിന്റെ_

*ഉഷ്ണരാശി* എന്ന നോവലിലൂടെ 

കടന്നുപോകുന്ന ഒരു വായനക്കാരന് മനസ്സിൽ ഉദ്വേഗം സൃഷ്ടിക്കാൻ ഇരുൾ മൂടിയ ഒരു ചരിത്രകാലഘട്ടത്തിലേക്ക് സത്യത്തിന്റെ രജതരേഖകൾ 

പായിക്കാൻ വിപ്ലവത്തിന്റെ കാഴ്ചപ്പാടുകളെ നോവലിസ്റ്റ് , 

തേജസ്സാർന്ന

ഒരാഖ്യാനമായി മാറ്റിയത് 

തീരെചെറിയ കാര്യമല്ല. 


കേരള ചരിത്രത്തിൽ   പ്രതിനായകൻ വേഷമാണ് സിപി രാമസ്വാമി അയ്യർക്ക്. തിരുവിതാംകൂർ 

ദിവാനായിരിക്കുമ്പോൾ കൈകൊണ്ട ജനവിരുദ്ധ നയങ്ങളും സർവാധിപത്യ  പ്രവണതയുമാണ് സർ സിപിയെ വില്ലനാക്കിയത്.

അതിനുമുന്നിൽ അദ്ദേഹം  നടപ്പാക്കുകയും നേതൃത്വം നൽകുകയും ചെയ്ത മഹത്തായ നേട്ടങ്ങൾ വിസ്മരിക്കപ്പെട്ടു. കേരളത്തിന് പുറത്ത് സിപിക്കുള്ള ഉജ്ജ്വല വ്യക്തിത്വവും പാണ്ഡിത്യവും വേണ്ടവിധം കേരളത്തിൽ വിലയിരുത്തപ്പെട്ടതുമില്ല.

അങ്ങനെ ഇരുളും വെളിച്ചവും ഒരു പോലെ നിറഞ്ഞ വ്യക്തിത്തമായാണ്

സിപി രാമസ്വാമിഅയ്യർ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ* ആദ്യകാല നേതാവും  ഒന്നാംകിട അഭിഭാഷകനും 

ഭരണതന്ത്രജ്ഞനും

തികഞ്ഞ പണ്ഡിതനും വാഗ്മിയും നയതന്ത്രജ്ഞനും ആയിരുന്നു സിപി.

ഇന്ത്യാ ചരിത്രത്തിലെ  സംഭവബഹുലവും  

വിധിനിർണായകവുമായ  ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന സിപി രാമസ്വാമിഅയ്യരുടെ രാഷ്ട്രീയ സമീപനം മറ്റൊരു വിധത്തിലായിരുന്നെങ്കിൽ അദ്ദേഹം *ജവഹർലാൽ നെഹ്റുവിനും* *ഡോക്ടർ എസ് രാധാകൃഷ്ണനും* സമശീർഷനാകുമായിരുന്നു. 


*തമിഴ്നാട്ടിലെ*  ആർക്കാട്ടിലുള്ള  

*വാണ്ടിവാഷിൽ* 1829 നവംബർ 12ന് പ്രശസ്ത അഭിഭാഷകനായ 

_സിആർ പട്ടാഭിരാമഅയ്യരുടെയും_ 

_സീതാലക്ഷ്മിഅമ്മാളിന്റേയും_ മകനായി

സിപി രാമസ്വാമിഅയ്യർ ജനിച്ചു.

ചെന്നൈയിലെ വെസ്ലിയൻ മിഷൻ സ്കൂളിലും പ്രസിഡൻസി കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. നിരവധി സമ്മാനങ്ങൾ നേടി മികവുറ്റ വിദ്യാർഥിയായി 

1896 ൽ സിപി ബിരുദം നേടി. അതിനുശേഷം മദിരാശി

ലോ കോളേജിൽനിന്ന്  നിയമബിരുദവും  കരസ്ഥമാക്കി.

ചെന്നൈ കോടതിയിൽ പ്രവർത്തനമാരംഭിച്ചു.  അധികം വൈകാതെ ഏറ്റവും മികച്ച അഭിഭാഷകൻ എന്ന പേര് നേടി. തത്വചിന്തകനായ *ജിദ്ദു കൃഷ്ണമൂർത്തിയുടെ* രക്ഷാകർത്തൃത്ത്വത്തെ ചൊല്ലി അദ്ദേഹത്തിന്റെ പിതാവ് നാരായണമൂർത്തിയും   *ആനിബസന്റും* തമ്മിൽ നടന്ന കേസിൽ നാരായണമൂർത്തിയുടെ വക്കീലായിരുന്നു.  ആനീബസന്റും അവരുടെ *ഹോംറൂൾ* പ്രസ്ഥാനവുമായി സിപി അടുക്കാൻ ഇതിടയാക്കി. ദേശീയ പ്രസ്ഥാനത്തിലേക്ക് ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ആകൃഷ്ടനായി.

1911ൽ സിപി ഇന്ത്യൻ  നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആ വർഷം *കൽക്കത്തയിൽ* നടന്ന  കോൺഗ്രസ്സ് സമ്മേളനത്തിലും പങ്കെടുത്തു. 

*കറാച്ചി* സമ്മേളനത്തിൽ ജുഡീഷ്യൽ, എക്സിക്യൂട്ടീവ് വിഭജനത്തെക്കുറിച്ചുള്ള  പ്രമേയം ആദ്യം അവതരിപ്പിച്ചതും സിപി ആണ്. 1917 ൽ കോൺഗ്രസ്സ് സെക്രട്ടറിമാരിൽ ഒരാളായി. കോൺഗ്രസ്സിൽ തീവ്രവാദി

മിതവാദി വിഭാഗങ്ങൾ രൂപപ്പെട്ടതോടെ അദ്ദേഹം 

സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞുമാറി അഭിഭാഷകവൃത്തിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.


1920 ൽ സിപിക്ക് അഡ്വക്കേറ്റ്സ് ജനറൽ പദവി ലഭിച്ചു. മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം (1923-28)

വൈസ് പ്രസിഡന്റ് (1925) വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം (1931-32) തുടങ്ങിയ

പദവികളും അദ്ദേഹം വഹിച്ചു. 1919 ലെ റിഫോംസ് ആക്ട്  അനുസരിച്ച് ഇന്ത്യയിൽ നിയമനിർമ്മാണത്തിന് ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ സമിതിയിലും, 1931 ൽ *ഇംഗ്ലണ്ടിൽ* നടന്ന _വട്ടമേശ സമ്മേളനത്തിലും_ സിപി പങ്കെടുത്തു. അഭിഭാഷകൻ എന്ന നിലയിലുള്ള ഭരണഘടനാ വൈദഗ്ധ്യവും തികഞ്ഞ പാണ്ഡിത്യവും കർമ്മശേഷിയുമാണ് സിപിയെ ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തിയത്.

ഭരണപരമായ പ്രശ്നങ്ങളിൽ 

തിരുവിതാംകൂറിനും കൊച്ചിക്കും സിപി 

നിയമോപദേശങ്ങൾ നൽകിയിരുന്നു.

1931 ൽ അദ്ദേഹത്തെ തിരുവിതാംകൂർ മഹാരാജാവ് *ചിത്തിരതിരുനാൾ ബാലരാമവർമ്മ* തന്റെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ അഡ്വൈസറായി

നിയമിച്ചു.

ഭരണകാര്യങ്ങളിൽ  ശക്തമായി ഇടപെട്ടിരുന്ന സിപിയ്ക്കെതിരേ അക്കാലത്തുതന്നെ  തിരുവിതാംകൂറിലെ ജനനേതാക്കൾ എതിർപ്പുയർത്തിയിരുന്നു. എന്നാൽ രാജകുടുംബം സിപിയിൽ വിശ്വാസമർപ്പിച്ചു.

1938 ഒക്ടോബർ എട്ടിന് സിപി ദിവാനായി ചുമതലയേറ്റു


സിപിയുടെ  ഭരണത്തിന്റെ  ആദ്യ രണ്ട് വർഷങ്ങൾ താരതമ്യേന ശാന്തമായിരുന്നു. 

ക്ഷേത്രപ്രവേശനവിളംബരം

(1936)

തിരുവിതാംകൂർ സർവകലാശാല (ഇന്ന് കേരള സർവകലാശാല 1937) എന്നിവ ഇക്കാലത്താണുണ്ടായത്.

1938 മേയിൽ സിപിയെ അഞ്ച് വർഷത്തേക്ക്കൂടി   ദിവാനായി നിയമിച്ചു.

ഉത്തരവാദഭരണത്തിനുവേണ്ടി  തിരുവിതാംകൂറിൽ 

ജനകീയസമരം ശക്തമായ ഘട്ടമായിരുന്നു അത്.

തനിക്കെതിരായ ജനവികാരം  അതിജീവിച്ച് തിരുവിതാംകൂർ വികസനം ലക്ഷ്യമാക്കി നിരവധി നടപടികൾ സിപി  കൈക്കൊണ്ടു.

*പള്ളിവാസൽ*  ജലവൈദ്യുതപദ്ധതി ട്രാൻസ്പോർട്ട് ദേശസാൽക്കരണം എന്നിവ നടപ്പാക്കി.

*മുല്ലപ്പെരിയാർ*  നദീജലോപയോഗവുമായി ബന്ധപ്പെട്ട മദ്രാസ്മായുള്ള തർക്കത്തിൽ സിപി  തിരുവിതാംകൂറിനുവേണ്ടി ശക്തിയായി വാദിച്ചു.

(ഈ തർക്കം ഇന്നും തീർന്നിട്ടില്ല.) 

1942 ൽ കുറച്ചുകാലം  വൈസ്രോയിയുടെ എക്സിക്യൂട്ടീവ്  കൗൺസിലിൽ, കൗൺസിലർ ആയപ്പോൾ സിപിക്ക്  തിരുവിതാംകൂറിൽനിന്ന്

വിട്ടുനിൽക്കേണ്ടി വന്നു.

1942 ൽ കൗൺസിലിൽ നിന്നും രാജിവെച്ചു.

കോൺഗ്രസും

ബ്രിട്ടീഷ് സർക്കാരും തമ്മിൽ ഒത്തുതീർപ്പിനുള്ള സാധ്യത ആരായാൻ *ആഗാഖാൻ* കൊട്ടാരത്തിൽ തടവുകാരനായി കഴിയുന്ന *ഗാന്ധിജിയെ* സന്ദർശിക്കാൻ  അനുവദിക്കണമെന്ന അപേക്ഷ വൈസ്രോയി നിരാകരിച്ചതായിരുന്നു രാജിക്ക് കാരണം.


സിപി തിരുവിതാംകൂറിൽ തിരിച്ചെത്തിയപ്പോഴും  രാഷ്ട്രീയസ്ഥിതി  പ്രക്ഷുബ്ധമായിരുന്നു. ജനങ്ങൾക്ക് പങ്കുള്ള ജനാധിപത്യഭരണമാണ് രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ട്കൊണ്ടിരുന്നത്.  രണ്ടാംലോകയുദ്ധം

കാരണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ തീവ്രത കുറഞ്ഞിരുന്നെങ്കിലും രാജകൊട്ടാരത്തിന്റെ പിന്തുണയോടെ രാഷ്ട്രീയ സമരങ്ങൾ അടിച്ചമർത്താനുള്ള  നടപടികളാണ് സിപി സ്വീകരിച്ചത്.

1946 ജനുവരിയിൽ *അമേരിക്കൻമോഡൽ*  ഭരണപരിഷ്കാരപദ്ധതി 

സിപി പ്രഖ്യാപിച്ചു. മഹാരാജാവിന്റെ പരമാധികാരവും

ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള ജനാഭിലാഷവും പൊരുത്തപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

പക്ഷേ ദിവാന് അമേരിക്കൻ പ്രസിഡന്റിന്റേതിന് തുല്യമായ അധികാരങ്ങൾ നൽകുന്ന  ഒരു വകുപ്പ് പദ്ധതിയിലുണ്ടായിരുന്നു. സ്വാഭാവികമായും ജനങ്ങൾഎതിരായി. "_അമേരിക്കൻമോഡൽ അറബിക്കടലിൽ_" 

എന്ന മുദ്രാവാക്യം നാടെങ്ങുമുയർന്നു.

1946 ൽ ആലപ്പുഴയിലെ *പുന്നപ്രയിൽ* കമ്യൂണിസ്റ്റ് നേതൃത്വത്തിലുണ്ടായ  ജനകീയപ്രക്ഷോഭത്തെ പട്ടാളത്തെ ഉപയോഗിച്ച് സിപി അടിച്ചമർത്തി.

നൂറ് കണക്കിന് കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടു. 

ജനരോഷം ആളിക്കത്തി. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയന് പുറത്തുള്ള ഒരു സ്വതന്ത്രരാജ്യമാക്കാനുള്ള പദ്ധതിയും സിപി അവതരിപ്പിച്ചു. രാജകുടുംബത്തിന്റെ പദ്ധതിയായിരുന്നു അതെന്നും സിപി അതിന്റെ അപകടങ്ങൾ മഹാരാജാവിനെ

ധരിപ്പിക്കുകയാണുണ്ടായതെന്നും പിൽക്കാലത്ത് ലഭിച്ച രേഖകൾ തെളിയിക്കുന്നുവെന്നാണ് പ്രശസ്ത ചരിത്രകാരനായ 

*എ ശ്രീധരമേനോൻ* അഭിപ്രായപ്പെടുന്നത്.  സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ സിപി

1946 ഡിസംബർ 7 ന് 

ദിവാൻപദവി  രാജിവച്ച് തിരുവിതാംകൂർ വിട്ടു. എന്നാൽ മഹാരാജാവിന്റെ അഭ്യർത്ഥന മാനിച്ച് ഡിസംബർ 20ന് രാജി 

പിൻവലിച്ച് അദ്ദേഹം തിരിച്ചെത്തി.

വിവാദമായ സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി നിലകൊള്ളേണ്ടിവരികയും ചെയ്തു.1947 ജൂലൈയിൽ ഡൽഹിയിൽ

*മൗണ്ട്ബാറ്റൺ* പ്രഭുവുമായി നടന്ന ചർച്ചയിൽ സിപി സ്വതന്ത്ര തിരുവിതാംകൂർ വാദം ശക്തിയായി അവതരിപ്പിച്ചു.

1947 ജൂലൈ 25 ന്

തിരുവനന്തപുരത്തെ 

സ്വാതിതിരുനാൾ സംഗീത കോളേജിൽ നടന്ന ഒരു ചടങ്ങിൽ *കെസിഎസ് മണി* എന്ന യുവരാഷ്ട്രീയ പ്രവർത്തകൻ സിപിയെ   വെട്ടിപ്പരിക്കേൽപിച്ചു.


സ്വാതതിരുനാൾ മ്യൂസിക്‌ അക്കാഡമിയുടെ  വാർഷികോത്സവം അക്കാഡമി ആഡിറ്റോറിയത്തിൽ ഗംഭീരമായി ആഘോഷിക്കുന്ന ഒരു സായാഹ്നം.

*ശെമ്മാങ്കുടിയുടെ*

കച്ചേരിയോട്കൂടി സമാരംഭിച്ച പരിപാടി മഹാരാജാവിന്റെ സാന്നിധ്യംകൊണ്ട് കൂടുതൽ ശോഭയേകി. 

സംഗീതക്കച്ചേരിയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ രാജാവ് തിരിച്ചെഴുന്നള്ളി. 

സിപി സമ്മേളനപ്പന്തലിൽ അപ്പോഴും ഉപവിഷ്ടനായിരുന്നു.

പിന്നീടദ്ദേഹം പുറത്തിറങ്ങി.

അപ്രതീക്ഷിതമായി എന്തോ സംഭവിച്ച പ്രതീതി. 

വൈദ്യൂതദീപങ്ങളെല്ലാം നിമിഷത്തിനുള്ളിൽ അണഞ്ഞു..

നിറഞ്ഞ അന്ധകാരം.

സമ്മേളന ഹാളിലാകെ ബഹളം. ജനങ്ങൾ 

അമ്പരന്ന്നില്ക്കേ

സർ സിപിയെ ആരോവെട്ടി 

എന്ന വാർത്ത സദസ്യരെ വിഭ്രാന്തിയിലാഴ്ത്തി. തുടർന്ന് നടത്തേണ്ട ജീവചരിത്രഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം മുടങ്ങി. 

ഒരു ചരിത്രകാലഘട്ടത്തിന്റെ 

അവസാന അധ്യായത്തിന് തിരശീല വീണു.

ഹിനമായ നടപടിയിൽ ശക്തമായ പ്രതിഷേധം 

*പട്ടം താണുപിള്ള*

പ്രകടമാക്കി.

സർ സിപിയുടെ നേരേയുണ്ടായ ആക്രമണത്തെ അദ്ദേഹത്തെ ചികിത്സിച്ച 

"ഡോ. ആർ കേശവൻനായർ" വിവരിക്കുന്നതിപ്രകാരമാണ്.


_"കവിളിലും കഴുത്തിലും_ _കൈവിരലുകളിലും മുറിവുകളുമായി ജനറൽ_ _ആശുപത്രിയിൽ കൊണ്ടുവന്ന സിപിയെ_ _ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു._

_അദ്ദേഹത്തിന്റെ പല്ലുകളും നാക്കുമെല്ലാം പുറത്ത്_ _കാണാമായിരുന്നു._

_ഇന്നും പലരും പറയുന്നത്  പോലെ അദ്ദേഹത്തിന്റെ_ _മൂക്കിന്  മുറിവ് പറ്റിയിരുന്നില്ല._

_പൾസ് മോശമായതിനാൽ അനസ്തേഷ്യാ കൊടുക്കാൻ_ _മടി തോന്നി._

_ഡോക്ടർമാർ തമ്മിലുള്ള ഈ സംഭാഷണം കേട്ട്  സിപി അനസ്തേഷ്യാ കൂടാതെ_ _ഓപ്പറേഷൻ നടത്താൻ നിർദ്ദേശിച്ചു._ 

_അനസ്തേഷ്യാ ഇല്ലാതെയാണ് പിന്നീട് ഓപറേഷനും_

_കുത്തിക്കെട്ടുമെല്ലാം നടന്നത്._

_വേദന സഹിക്കാൻ തനിക്കുള്ള കഴിവ് 35 വർഷമായി താൻ ചെയ്ത്_ _വരുന്ന യോഗാഭ്യാസം കൊണ്ടാണെന്ന് സിപി പറയുകയുണ്ടായി."_


*കെഎസ്പി*  എന്ന രാഷ്ട്രീയകക്ഷിയുടെ സജീവ പ്രവർത്തകനായിരുന്നു മണി. 

ജൂലൈ 25 മുതൽ ഓഗസ്റ്റ് 19 വരെ സിപി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞു.

ഇന്ത്യൻയൂണിയനിൽ ചേരാൻ ഉപദേശിച്ചുകൊണ്ട് ജൂലൈ

28 ന് മഹാരാജാവിന് സിപി കത്തയച്ചു.

ആഗസ്റ്റ് 13 ന് തിരുവിതാംകൂർ ഇന്ത്യൻയൂണിയനിൽ ചേരാനള്ള സമ്മതമറിയിച്ചു.

_ഓഗസ്റ്റ് 19 ന് സിപി തിരുവനന്തപുരം വിട്ടു._ 

ദിവാൻപദം ഒഴിയുന്നതറിഞ്ഞ് *ഇൻഡോറിലെ* മഹാരാജാവ്  *യശ്വന്ത്റാവു*

*ഹോൾക്കർ* സിപിക്ക് തന്റെ പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തുവെങ്കിലും അത് സ്വീകരിച്ചില്ല.

1939 ൽ സിപിയുടെ അർധകായ പ്രതിമ, സെക്രട്ടറിയേറ്റ് അസംബ്ലി ചേംബറിൽ മഹാരാജാവ് അനാച്ഛാദനം ചെയ്തിരുന്നു.  *പറവൂർ ടികെ നാരായണപിള്ള* മന്ത്രിസഭ (1948-51) അത് നീക്കം ചെയ്തപ്പോൾ പ്രതിഷേധ സൂചകമായി സിപി തനിക്ക്  മുമ്പ് ലഭിച്ചിരുന്ന  "സചിവോത്തമ," "ലെഫ്റ്റനന്റ് ജനറൽ" ബഹുമതികൾ തിരിച്ചുനൽകി.


തിരുവിതാംകൂർ വിട്ടശേഷം  *ബനാറസ്, അണ്ണാമല* സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി സിപി സേവനമനുഷ്ഠിച്ചു. ക്ഷേത്രപ്രവേശന 

വിളംബരത്തിന്റെ രജതജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനും തിരുവിതാംകൂർ സർവ്വകലാശാലയുടെ രജതജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനും പിന്നീട് സിപി തിരുവനന്തപുരം സന്ദർശിച്ചു. 1966 സെപ്റ്റംബർ 26ന് ലണ്ടനിൽ അദ്ദേഹം അന്തരിച്ചു. ആത്മകഥാ രചനയുമായി ബന്ധപ്പെട്ടായിരുന്നു അവസാനകാലം ശീമയിലെത്തിയത്.

കേന്ദ്ര നിയമസഹമന്ത്രിയായിരുന്ന   

 *സിആർ പട്ടാഭിരാമൻ* സിപിയുടെ മൂത്തമകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്,

ടൈറ്റാനിയം ഫാക്ടറി  തുടങ്ങിയവയെല്ലാം സിപിയുടെ സൃഷ്ടികളായിരുന്നു. ഭരണകർത്താവും

വികസനശില്പിയും 

എന്നനിലയിൽ സിപിയുടെ പ്രഭാവം കേരളചരിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്തി.

പ്രശസ്ത സാഹിത്യകാരൻ *വൈക്കം ചന്ദ്രശേഖരൻനായർ*

ഒരിക്കൽ മദ്രാസിൽ സിപിയെ

സന്ദർശിച്ചു.

സർ സിപി പറഞ്ഞ ഒരു വാക്യം വൈക്കം ഉദ്ധരിക്കുന്നു

"തിരുവിതാംകൂർകാരോട് എനിക്ക് പ്രത്യേക സ്നേമാണ്.

അവർ എന്നെ ഓർമ്മിക്കും.-

ഒരു ഇരുപത് വർഷം കഴിഞ്ഞ്."

ശരിയാണെന്ന് പിന്നീട് വൈക്കത്തിന് തോന്നി.

"ഒരു ദിവാന്റെ സ്ഥാനത്ത് പത്തൊമ്പതോ ഇരുപതോ മന്ത്രിമാരുണ്ടായിട്ടും ശരിയാകുന്നില്ലല്ലോ?."

*തമ്പാനൂരിൽ* സ്ഥിതി ചെയ്തിരുന്ന 

*സിപി സത്രം.*

2014 ൽ ഭാരതറെയിൽവേ അധികാരികൾ പൊളിച്ച് നിരത്തി. സത്രത്തിന്റെ മാനേജരുടെ മുറിയിൽ സൂക്ഷിച്ചിരുന്ന അയ്യരുടെ പ്രതിമയുടെ ശിരസ്സിന്റെ ഭാഗവും പൊടിഞ്ഞ് പോയി.

സത്രത്തിന് മുന്നിൽ സ്ഥിതി ചെയ്തിരുന്ന പ്രതിമ പണ്ടൊരിക്കൽ  കോൺഗ്രസ്സിന്റെ ഒരു റാലി നടന്ന സമയത്താണ് തകർത്ത് കളഞ്ഞത്.

സിപി സത്രം ലോകമുള്ളകാലത്തോളം അവിടെത്തന്നെ സ്ഥിതിചെയ്യണമായിരുന്നു 

എന്ന് മനസ്സാ ആഗ്രഹിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈയുള്ളവനും....


*കെ ബി ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള