Sept_24_2012/ തിലകൻ(സുരേന്ദ്രനാഥ തിലകൻ)
*അച്ചൂ..*
*പുത് എന്ന നരകത്തിൽ* *നിന്നും അച്ഛനെ ത്രാണനം* *ചെയ്യുന്നവൻ പുത്രൻ.*
*സ്വർഗവും നരകവും ഈ ഭൂമിയിൽത്തന്നെയാണെന്ന്* *വിശ്വസിക്കുന്നവനാണ് ഞാൻ.*
*നീ എന്നെ നരകത്തിൽനിന്ന് കരകയറ്റിയവനാണ്.*
*ഈ നിമിഷമെനിക്ക് അഹങ്കാരമാണ് തോന്നുന്നത്.*
*നിന്നെപ്പോലൊരു മകനുണ്ട് എന്നതിൽ ഞാനഹങ്കരിക്കുന്നു.*
*മഹാപരധമാണ് ചെയ്തത്.*
*പക്ഷേ വിധിയോ,* *പ്രപഞ്ചശക്തിയോ, കാലമോ*
*എന്നെ നിന്റെ* *മുന്നിൽക്കൊണ്ടുവന്ന്* *നിർത്തി,*
*ഒരു കുറ്റവാളിയുടെ* *വേഷമണിയിച്ച്.*
*ഇന്ദുകല മുടിയിൽ ചൂടിയ മഹേശ്വരന്റെ മുന്നിലാണ് ഞാൻ നില്ക്കുന്നത്.*
*ഞാൻ... ഞാൻ.... നിന്റെ കാലിലൊന്ന് തൊട്ടോട്ടെ?...*
കെട്ടിച്ചമച്ച ഒരു കൊലക്കേസ്സിൽ നിന്നും അച്ഛനെ രക്ഷിച്ച ഒരു മകൻ.
മകനെ സാക്ഷാൽ
മഹേശ്വരനായി നിരൂപിച്ച് കാലിണതൊട്ട് വണങ്ങാൻ
പിതാവ് തുനിയുന്നു.
1999 ൽ റിലീസായ *നരസിംഹം* എന്ന ചിത്രത്തിലെ മേല്പറഞ്ഞ സംഭാഷണവും ആ സീനും ഒരു സൂപ്പർ നടന് അതിഭാവുകത്വവും സ്വർണ്ണത്തിളക്കവുമേകാനാണെന്ന് ഒരു ഫിലിം മാസികയിൽ അറിയപ്പെടുന്ന ലേഖകനാണ്
എഴുതിയിരുന്നത്.
ആ ലേഖകനോട് യോജിക്കാനേ കഴിയൂ.
കാല് പിടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം.
2012 സെപ്തംബർ 24.
ഒരു നനുത്തപ്രഭാതം. അനന്തപുരിയുടെ മുകളിലുള്ള ആകാശവും കറുത്തിരുളാൻ വെമ്പുന്നു. ടെലിവിഷൻ ചാനലുകളിലെ സുപ്രഭാതത്തിലെ വാർത്തകളിൽ, മലയാളികളുടെ മനസ്സിന്റെ നൈർമ്മല്യത്തെ
ചുട്ട്പൊള്ളിക്കുന്ന അശുഭകരമായ
വാർത്താശകലങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. *മഹാനടൻ വിടപറഞ്ഞു*
*പെരുന്തച്ചന്റെ പതനം*
*അഭിനയകുലപതി അരങ്ങൊഴിഞ്ഞു.*
മുതലായ തലക്കെട്ടുകളിൽ. വെള്ളിത്തിരയിലും രംഗവേദിയിലും അഭിനയത്തിന്റെ അലൗകിക മാതൃകകൾ പൊലിപ്പിച്ചെടുത്ത *തിലകൻ* ചായവും ചമയവുമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു.
*തിരുവനന്തപുരം*
കിംസ് ആശുപത്രിയിൽ ഒന്നരമാസത്തോളം മൃത്യൂവിനോട് പൊരുതി ( *"മരണമിഹവരുവതിന് മൊരുകഴിവ് കണ്ടീല"* എന്ന് പ്രിയ ബന്ധുക്കൾ ചിന്തിച്ചിരുന്നെങ്കിൽ കൂടി)
തീവ്രപരിചരണ വിഭാത്തിലായിരുന്ന നടനചാതുരിക്ക് പരലോകത്തേക്കുള്ള പ്രയാണത്തിന് അനുവാദം ലഭിക്കാൻ കാലതാമസമുണ്ടായതിലും രണ്ടുപക്ഷം.!!?
*പത്തനംതിട്ട* ജില്ലയിലെ *അയിരൂർ* എന്ന സ്ഥലത്ത് ജനിച്ച് വളർന്ന *സുരേന്ദ്രനാഥ തിലകൻ* എന്ന ശരാശരി കേരളീയനായ കറുത്ത് കുറിയ ശരീരപ്രകൃതന് കഥാപാത്രത്തിന്റെ
പ്രത്യക്ഷസത്തയും
ആന്തരികസ്വഭാവവും സന്നിവേശിപ്പിക്കാനും നിരവധി സിനിമകളിലെ അത്ഭുതാകാരമായ ഓജസ്സാർന്ന വേഷങ്ങൾ തന്മയത്തത്തോടെ
പ്രേക്ഷകമനസിൽ ആയുഷ്ക്കാലം കുടിയിരുത്തുന്നതിനും സാധ്യമായതിൽ
_ഈശ്വരാനുഗ്രഹവും_ ഉണ്ടായിരുന്നിരിക്കാം!!?.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരംഭിച്ച അഭിനയസപര്യ പിൽക്കാലത്ത് *കമ്യൂണിസത്തിന്റെ* ആദ്യകാല ഭാവനകൾകൂടി കലർത്തിയപ്പോൾ ആ യുവാവ് തികഞ്ഞ വിപ്ലവകാരിയും റിബലുമായി. കമ്യൂണിസത്തിന്റെ ബാലപാഠങ്ങൾ മാത്രമല്ല *മാർക്സിസത്തിന്റെ* വേദപുസ്തകങ്ങൾ വരെ വായിച്ചവഗാഹം നേടിയിരുന്നു. തന്റെ സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും തിലകൻ പരുക്കൻ മാനങ്ങളുള്ള നിക്ഷേധവ്യക്തിത്തമായി രൂപാന്തരപ്പെട്ടു.
ഈ സ്വഭാവ വൈചിത്ര്യം കലാകാരന്മാരുടെ ഇടയിൽ മാത്രമല്ല മറ്റ് ജീവിത സന്ദർഭങ്ങളിലും വൈരികളെ സമ്പാദിക്കുന്നതിന് നിഷ്പ്രയാസം കഴിഞ്ഞു.
1987 ൽ ശ്രീ പ്രതാപ് പോത്തൻ
തോംസൺ ഫിലിംസിനായി എംടിയുടെ ഒരു
കഥ, *ഋതുഭേദം* എന്ന പേരിൽ സിനിമയാക്കി.
എംടിയായിരുന്നു തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ഏറ്റവും നല്ല രണ്ടാമത്തെ നടൻ എന്ന ദേശീയ ബഹുമതി തിലകൻ ഈ ചിത്രത്തിലൂടെ നേടി. അദ്ദേഹത്തിന്റെ
മൂപ്പിൽനായർ എന്ന കഥാപാത്രം വിനീതിന്റെ (കേശു) കമ്പിപ്പാരയാൽ കുത്തേറ്റ് മരിക്കുന്നത്
ഉജ്ജ്വലമായ അവസാനമായി.
ആശുപത്രിയിൽ നിന്നും അഭിനയ പ്രതിഭയുടെ ഉടൽ _പുളിമൂട്ടിലെ_ ഫ്ലാറ്റിലും തുടർന്ന് പ്രേക്ഷകജനാവലിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ *വി.ജെ.ടി*. ഹാളിലുമെത്തിച്ചു.
ആടിത്തിമിർത്ത വേഷങ്ങളോട്,
അതിരറ്റ സ്റ്റേഹത്തോടെ മകന്റെയും മരുമകന്റെയും ശിഷ്യന്റെയും ചമയങ്ങളണിഞ്ഞ കൂട്ടുവേഷക്കാർ അനേകം.
എന്നിട്ടും..... സഹപ്രവർത്തകരായ
*സൂപ്പർസ്റ്റാർ ദ്വന്ദവും* *രണ്ടാംനിര നായകന്മാരും*
അനന്തപുരിയിലെ ചരിത്രസ്മൃതികൾ പേറിയ മന്ദിരത്തിൽ കണ്ണാടിക്കൂടിൽ ചമയങ്ങളണിയാതുറങ്ങുന്ന തിലകന്റെ ഭൗതികശരീരം അവസാനമായി വന്നു കാണുന്നതിനോ
തൊട്ടുവന്ദിച്ച് ഒരു കണ്ണീർക്കണമുതിർക്കുവാനോ ഒരുമ്പെട്ടില്ല. എല്ലാവരും സിനിമയുടെ തിരക്കിലായിരുന്നു.
തൊട്ട് സമീപത്തെ യൂണിവേഴ്സിറ്റി കോളേജ് മൈതാനത്ത് കമലിന്റെ
സെല്ലുലോയ്ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി
വയ്ക്കുകയും ചിലർ വേറെയെങ്ങോ പോവുകയും ചെയ്തു. ശ്രീ കമൽ
ഏതോ ദിക്കിലൂടെ ശാന്തികവാടത്തിൽ വൈകുന്നേരം ചിതയൊരുക്കുന്നത് കാണാനെത്തിയിരുന്നു.
ഈ കാട്ടാളത്ത പ്രവൃത്തി കലാകേരളം ഒരുകാലത്തും പൊറുക്കില്ല.
*ഇന്നു ഞാൻ നാളെ നീ*
*ഇന്നു ഞാൻ നാളെ നീ* എന്ന പ്രതിധ്വനി എല്ലാവർക്കും ബാധകം എന്ന അർത്ഥവത്തായ സത്യത്തെ
അഹങ്കാരികളായ നായകന്മാൻ മറന്നു.
_"ഹെഡ് കോൺസ്റ്റബിൾ_
_അച്യുതൻനായർ."_
പോലീസ്കാരനായാൽ അച്യുതൻനായരെപ്പോലെ
ആയിരിക്കണം.
*കിരീടം, ചെങ്കോൽ* എന്നീ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങൾ മാത്രമല്ല, ഒരുവിധപ്പെട്ട പോലീസുകാരെല്ലാം അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.
അഭിനയത്തിന്റെ അജ്ഞാത ദേശങ്ങൾ തേടിയുള്ള തിലകന്റെ യാത്ര തുടങ്ങുന്നത് എഴുപതുകൾക്ക് ശേഷമാണ്. സാങ്കേതികതയും ഭാവനയും കുതിച്ചൊഴുകുന്ന സിനിമയിൽ മനോനില തകർന്ന ഒരു യുവാവിന്റെ വേഷമവതരിപ്പിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ തിലകനാദ്യമായി എത്തുന്നത്. *പി.ജെ. ആന്റണി* സംവിധാനം ചെയ്ത *പെരിയാർ* എന്ന ചിത്രമായിരുന്നു അത്.
ഒരു വർഷം മുമ്പ് അന്തരിച്ച *വെട്ടുർ പുരുഷന്റെയും* ആദ്യ ചിത്രമായിരുന്നു പെരിയാർ.
തുടർന്ന് _ഉദയായുടെ_ *ഗന്ധർവ്വക്ഷേത്രം* എന്ന
ചിത്രത്തിലെ അതിഥിതാരം.
ആ വേഷത്തിന്ശേഷം നാടകരംഗത്ത് സജീവമായി കാലുറപ്പിച്ച തിലകൻ 1979 ൽ
കെ.ജി.ജോർജ്ജിന്റെ *ഉൾക്കടലിലൂടെ* തിരിച്ചുവന്നു. തുടർന്നുള്ള മൂന്ന് പതിറ്റാണ്ട് മലയാള സിനിമയിൽ തിലകന്റെ സർഗാത്മകതയുടെ ചരിത്രം കൂടിയാണ്.
1982 ൽ കരോലിന ഫിലിംസിന്റെ *യവനിക*
എന്ന ചിത്രം പുറത്തുവന്നു.
*എസ്എൽ പുരം സദാനന്ദൻ* രചിച്ച നാടകകലാകാരന്മാരുടെ ആത്മസംഘർഷങ്ങളും, കഷ്ടതകളും, കുറ്റാന്വേഷണവും പ്രമേയമായ സിനിമയിലെ
ഭാവനാ തിയേറ്റേഴ്സ് ഉടമയായ വക്കച്ചനിലൂടെയാണ് നല്ലൊരു ശതമാനം പ്രേക്ഷകർ
തിലകനെ അറിയൂന്നത്.
നാടകത്തിലെ അഭിനയ സങ്കല്പം സിനിമയിൽ ബോധപൂർവ്വം തിരസ്ക്കരിക്കുകയും സിനിമയിലെ ക്യാമറയ്ക്ക് മുന്നിലെ അഭിനയത്തെ, സാങ്കേതികതയെ ബഹുമാനിച്ചുകൊണ്ടുതന്നെ ജീവിത പരിസരങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും സൂക്ഷ്മനിരീക്ഷണത്തിലൂടെ നേടിയ സ്വഭാവ സവിശേഷതകൾ ഉപയോഗപ്പെടുത്തി കഥാപാത്രങ്ങൾക്ക് തിലകൻ നല്കിയ ഭാവഭംഗി അനുപമമായിരുന്നു.
*സ്ഫടികം* എന്ന ചിത്രത്തിലെ "ചാക്കോമാസ്റ്റർ"
എന്ന കഥാപാത്രം, സ്വപിതാവിന്റെ ശീലങ്ങളിൽ നിന്നും അകവുംപുറവും
തരംതിരിച്ച് സ്വാംശീകരിച്ചെടുത്തതായിരുന്നു എന്നൊരിക്കൽ തിലകൻ പറഞ്ഞിരുന്നു.
പിജെ ആന്റണി എന്ന വലിയ കലാകാരൻ, തിലകന് ഗുരുതുല്യനാണ്. എറണാകുളം
പി.ജെ. തിയേറ്റേഴ്സിന്റെ നാടകങ്ങൾ മിക്കതും ആന്റണി രചിച്ചതാണ്.
1983 ലാണ് തിലകൻ പ്രധാന വേഷമണിഞ്ഞ
പ്രസിദ്ധ നാടകം *തീ* കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളിൽ ദിവസവും മൂന്ന് കളികൾവരെ ബുക്ക് ചെയ്തിരുന്നതും യഥാസമയത്ത് നാടകസംഘക്കാർ വേദികളിലെത്താതെ അത്യന്തം സംഘർഷാവസ്ഥ നേരിട്ട സന്ദർഭങ്ങളും ഉണ്ടായത്.
ഉൾക്കടലിന് ശേഷം ജോർജ്ജിന്റെ അടുത്ത ചിത്രമായ *കോലങ്ങൾ* ഒന്ന് കണ്ടു നോക്കൂ!!! ആന്റണിയുടെ
*ഒരു ഗ്രാമത്തിന്റെ ആത്മാവ്* എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കരണം.
തിലകന് ലഭിച്ച കഥാപാത്രമോ ?
കള്ളുവർക്കി... കമ്പ്രഷൻവർക്കി... എന്നീ പേരുകളുള്ള കുടിയനും നിഷ്ഠുരനുമായ ഒരു നീചന്റെ റോൾ.
തിലകന്റെ കള്ളുവർക്കി എന്ന കഥാപാത്രം കാണികളെ അതിശയിപ്പിച്ചിരുന്നു. "മേനക" എന്ന നടിയുടെ ആദ്യമലയാളചിത്രവും
കോലങ്ങൾ ആയിരുന്നു.
അച്ഛൻ വേഷങ്ങൾക്കും പുരോഹിതവേഷങ്ങൾക്കും സിനിമയിൽ തിലകൻ പുതിയൊരാട്ടപ്രകാരം നല്കി. രൗദ്രവും ഹാസ്യവും ശൃംഗാരവും തിലകന് അനായാസം
ആടിയമ്പരിക്കാവുന്ന രസങ്ങളായി. നിയന്ത്രിതമായ വികാരപ്രകടനങ്ങളിലൂടെ പരമാവധി പ്രഭാവം കഥാപാത്രങ്ങൾക്കേകുവാൻ അദ്ദേഹത്തിനായി.
ശബ്ദവിന്യാസവൈഭവവും അതിന്റെ പലതരം സ്വരഭേദങ്ങളും ഇത്രമേൽ സൂക്ഷ്മമായി പ്രയോഗിച്ച ഒരു നടനുണ്ടോ എന്നു സംശയമാണ്. ചലനംകൊണ്ട് ശബ്ദത്തെയും ശബ്ദംകൊണ്ട് ചലനത്തെയും എത്രമേൽ പോഷിപ്പിക്കാമെന്നദ്ദേഹം തെളിയിച്ചു.
തിലകന്റെ വിവിധ ചിത്രങ്ങളിലെ സമ്മോഹനങ്ങളായ കഥാപാത്രങ്ങളെത്തേടി ഒരനന്തയാത്രയുടെ ആവശ്യകത സൃഷ്ടിക്കേണ്ടതില്ല. മതിമറന്ന് പൊട്ടിച്ചിരിക്കാനും, ഇങ്ങിനെയൊരച്ഛന്റെ
തനയന്മാരാകാൻ അടുത്ത ജന്മത്തിലെങ്കിലും ഭാഗ്യം സിദ്ധിക്കണേ എന്നാഗ്രഹിക്കുന്ന
വാത്സല്യഭാവത്തിന്റെ തേൻകനിവുകൾ മനസിലൂറാനും ക്രൗര്യവും കുടിലതയും നിഷ്ഠുരതയും മനസിലും ശരീര ചലനങ്ങളിലും ആവേശിപ്പിച്ച ക്രൂരകഥാപാത്രങ്ങളായി കാഴ്ചക്കാരുടെ അപ്രീതി സമ്പാദിപ്പിക്കാനും തിലകൻ നൂറ് ശതമാനം ശ്രമിച്ചിരുന്നു.
അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
താരസംഘടന, സാങ്കേതിക വിദഗ്ദരുടെ സംഘടന എന്നതിലെ ഉന്നതന്മാരൂടെ അഭിപ്രായങ്ങളോട് വിയോജിപ്പും ശക്തമായ പോരാട്ടവും ചെറുത്തുനില്പും തിലകന് പുല്ലായിരുന്നു. "അമ്മയോട്" മാപ്പിരക്കാത്ത തിലകന് അഭിനയം എന്ന തൊഴിൽ നിഷേധിക്കാൻ നിയമങ്ങൾ ഭാരതത്തിലുണ്ടോ എന്നുവരെ നിയമജ്ഞന്മാരുമായി കൂടിയാലോചിക്കാൻ
ചില തല്പരകക്ഷികൾ തുനിഞ്ഞിരുന്നു.
*ഐത്യഹ്യമാലയിൽ* നിന്നുമടർത്തിയെടുത്ത കഥയെ ആസ്പദമാക്കി എംടിയുടെ തിരക്കഥ
*തോപ്പിൽഭാസിയുടെ* പുത്രൻ *അജയൻ*
1991 ൽ *പെരുന്തച്ചൻ* എന്നപേരിൽ മനോഹരമായ ഒരഭ്രകാവ്യമാക്കി.
ടൈറ്റിൽ റോളിൽ തിളങ്ങാനും അസാമാന്യമായ അഭിനയശേഷിയാലും ഒരു തച്ചുശാസ്ത്ര വിദഗ്ദ്ധനായ ആശാരിയുടെ ഭാവവും രൂപവും പകർത്തിയിട്ടും
ഭരത് അവാർഡ് പുരസ്കാരം തൊട്ടരികിലെത്തി തൊടാതെ പോയി.
*അഗ്നിപഥ്* എന്ന ചിത്രത്തിലൂടെ
ശ്രീ അമിതാബ് ബച്ചൻ,
ആ വർഷത്തെ നല്ല നടനുള്ള അവാർഡ് കൊണ്ട്പോയി
അന്നത്തെ ജ്യൂറി ചെയർമാൻ *അശോക് കുമാർ* ഇതിൽ വിഷമിച്ചിരുന്നു.
നടനതിലകത്തിന്റെ അത്ഭുതവും അമ്പരപ്പും ജനിപ്പിക്കുന്ന അനേകം വേഷങ്ങളുടെ ഇടയിൽനിന്നും ക്രൗര്യവും ക്ഷോഭവും പകയും തെല്ല് കലർന്നിട്ടുണ്ടെങ്കിലും സൗമ്യത, സ്നേഹം, വാത്സല്യം എന്നിവ നിറഞ്ഞുനിന്ന, തിലകനെ തിലകമാക്കിയ
പത്ത് വേഷങ്ങളുടെ പട്ടികയിൽ, വ്യത്യസ്തരായ പത്ത് സംവിധായകർ, തിലകനെ
ഒരു അതുല്യനടനായി വാർത്തെടുത്തത് എങ്ങനെയാണെന്ന് നോക്കാം
*രാമേട്ടൻ*
ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലെ പെട്ടെന്നാർക്കും മനസ്സിലാക്കാൻ സാധിക്കാത്ത വേഷം. (1986)
ചെറുമകൻ പാച്ചുവിന് അന്ത്യോദകമർപ്പിക്കാൻ
ആഴിയിലേക്കാഴ്ന്ന് പോകുന്ന സ്നേഹനിധിയായ *മുത്തശ്ശൻ*
പത്മരാജന്റെ മൂന്നാംപക്കം എന്ന ചിത്രത്തിലാണ് ഉജ്ജ്വലമായ
ഈ കഥാപാത്രത്തെ
നമ്മൾ കണ്ടത്.(1988)
_ആർക്ക് വേണമെടാ ഈ ഐഎഎസ്സ്?_
_വലിച്ചെറിയെടാ മൂന്നക്ഷരത്തെ._
ലോഹിതദാസിന്റെ തിരക്കഥയിൽ ഐവി ശശി
ഒരുക്കിയ മുക്തി എന്ന ചിത്രത്തിലെ
*കുടിയൻ വാസുപിള്ളയുടെ* അലർച്ചയാണ്.(1988)
അധികാരത്തിന്റെ സുഖലോലുപതയിൽ മതിമറന്ന ഒരു മുഖ്യമന്ത്രി
*മാധവമേനോൻ,*
1989 ഓണക്കാലത്ത് വന്ന ചാണക്യൻ,
ടികെ രാജീവ്കുമാറിന്റെ ചിത്രത്തിൽ ആദ്യമായി
ഉലകനായകനും..
എത്ര വലിയ പദവിയിലിരിക്കുന്ന വ്യക്തികളെക്കുറിച്ചായാലും
അവരെ സംബന്ധിച്ച് പരാമർശിക്കുമ്പോൾ എനിക്കവരെ അറിയാം ഇന്നലെയും കൂടി സംസാരിച്ചതേയുള്ളു എന്ന അബദ്ധവാക്കുകൾ പറയുന്ന
നാടുവാഴികളിലെ നിർദ്ദോഷിയായ *ശങ്കരൻ*
1989 ൽ ജോഷിയുടെ ചിത്രത്തിൽ പ്രത്യക്ഷനായി.
എസ്എൽ പുരത്തിന്റെ *കൊച്ചുവാവ*
കാട്ടുകുതിര എന്ന നാടകം
*പിജി വിശ്വംഭരൻ* അതേ പേരിൽ
ചലച്ചിത്രമാക്കിയപ്പോൾ
നാടകത്തിൽ അരങ്ങുതകർത്ത
*രാജൻ പി ദേവാണോ* ചലച്ചിത്രത്തിൽ നിറഞ്ഞാടിയ തിലകനാണോ മുന്നിലെന്ന് പ്രേക്ഷകർക്കിപ്പോഴും സംശയം?!. (1990)
എത്ര കണ്ടാലും മതിയാകാത്ത ഫാസിലിന്റെ മണിച്ചിത്രത്താഴ്.
*ബ്രഹ്മദത്തൻ തിരുമേനിയും* സണ്ണിക്കുട്ടിയും കണ്ട് മുട്ടുന്ന
ഉദ്വേഗജനകമായ സീൻ ആരാണ് മറക്കുക? (1993)
അഞ്ഞൂറാന്റെ ഏതാജ്ഞയും ശിരസ്സാവഹിച്ച് അത് നിറവേറ്റാൻ ഒരുമ്പെടുന്ന മൂത്തമകൻ *ബാലരാമൻ.*
സ്വന്തം സഹോദരനെ ജീവനോടെ കൊണ്ട് വരണോ അതോ......
1993 ലെ ഗോഡ് ഫാദർ.
സംവിധാനം സിദ്ധിക്ക്ലാൽ.
നല്ല നടനുളള സംസ്ഥാന പുരസ്ക്കാരം ലഭിച്ച
ഗമനത്തിലെ *ചെറിയാച്ചൻ* കൊലപ്പുള്ളിയായി
തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും വെറുക്കപ്പെട്ടപ്പോഴും അടങ്ങാത്ത സ്നേഹം ഉള്ളിലൊതുക്കി ജീവൻ വെടിഞ്ഞ കഥാപാത്രം
ഭരത് ഗോപിയുടെ സംവിധാനത്തിൽ ശോഭിച്ചു.
(1994)
ഇൻകം ടാക്സിലെ ഉദ്യോഗത്തിൽ നിന്നും വിരമിച്ച മൂന്ന് പെൺമക്കളുള്ള
സ്നേഹവാരിധിയായ
അച്ഛൻ *ശേഖരമേനോൻ.*
സത്യൻ അന്തിക്കാട് ലാളിത്യത്തിന്റെ തനിമ പൂശിയെടുത്ത ഒരാൾ മാത്രം
എന്ന സിനിമയിലെ വേഷം.
(1997)
തിലകൻ ഒഴിച്ചിട്ട എട്ട് സംവത്സരങ്ങളുടെ ശൂന്യത മലയാള സിനിമയ്ക്ക് നഷ്ടം വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമില്ല.!! ഒരിക്കൽ ഒരു സംഭാഷണ മധ്യേ തിലകൻ പറഞ്ഞിരുന്ന ഒരു ഇഷ്ടകഥാപാത്രം ഓർമ്മവരുന്നു.
*ഗ്രീസിൽ* ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന താന്തോന്നിയും അപ്രിയസത്യങ്ങൾ
പൊതുജനമധ്യത്തിൽ വിളിച്ചോതുകയും ചെയ്തിരുന്ന *സോക്രട്ടീസ്.*
എംടിയുടെ ഭാവനയിൽ അത്തരമൊരു കഥാപാത്രം രൂപാന്തരം പ്രാപിച്ചാൽ,
അർപ്പണ ബോധത്തോടെ
തന്മയത്വമായി ഗ്രീക്ക് ചിന്തകനെ അവതരിപ്പിച്ച് വിജയംനേടാൻ മറ്റൊരു *തിലകം* തൊട്ടെ മതിയാകൂ......
*വാതിൽ തുറക്കൂ നീ കാലമേ!!*
*കണ്ടോട്ടേ സ്നേഹസ്വരൂപനെ....*
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment