Sept_22_1914/ കേരളവർമ്മ വലിയകോയിത്തമ്പുരാൻ
*കൊല്ലം* *കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ കൊതിച്ചി-*
*ട്ടില്ലം വേണ്ടെന്നത് പറയുമെന്നുള്ള* *ചൊല്ലുള്ളതത്രേ*
*കൊല്ലംതോറും പലപല പരിഷ്ക്കാരമേറ്റപ്പൂരം*
*കേളുല്ലംഘിക്കുന്നഹഹ*
*വിഭവംകൊണ്ടു താം രാജധാനീം.*
1974 ൽ *എബി രാജ്* സംവിധാനം
ചെയ്ത *രഹസ്യരാത്രി* എന്ന ചിത്രം കണ്ടിട്ടുളളവർ
*മയൂരസന്ദേശം* എന്ന പദം
മറക്കുകില്ല.
_മേഘസന്ദേശം,_ _ഉണ്ണിനീലിസന്ദേശം_ തുടങ്ങിയ സന്ദേശകാവ്യങ്ങൾ പോലെ മലയാളഭാഷയിലെ ഒരു കൃതിയാണ് *മയൂരസന്ദേശം.*
പ്രസ്തുതകാവ്യത്തിൽ, അനന്തപുരിയിലേക്ക് പോകുന്നമാർഗ്ഗം മയിലിനോട് വിവരിക്കുമ്പോൾ *കൊല്ലം* നഗരത്തിന്റെ ചില വിശേഷങ്ങളാണ്
മുകളിൽ
പഴയകാലത്തെ മലയാള പുസ്തകങ്ങളിൽ മയൂരസന്ദേശത്തിലെ ചില വരികൾ പാഠഭാഗമായുണ്ടായിരുന്നു. .
മഹത്വത്തിന്റെ മാനദണ്ഡം ഒരേ കണക്കിലല്ല. ചിലർ ജനനാൽത്തന്നെ മഹാന്മാരായി ഗണിക്കപ്പെടുന്നു. അവരുടെ മഹത്ത്വം അവരുടെ കാലത്തോട്കൂടി കഴിയുകയും ചെയ്യും. ചിലർക്ക് ഭാഗ്യവശാൽ മഹത്ത്വം
ദാനമായി കിട്ടുന്നു. അല്ലെങ്കിൽ മഹത്ത്വം അവരുടെ മേൽ ചിലർ വച്ച് കെട്ടുന്നു. ഇതും ക്ഷണ ഭംഗുരമാണ്. ചിലർ
ലോകോപകാരപ്രദമായ കർമ്മംകൊണ്ട് മഹത്ത്വം സമ്പാദിക്കുന്നു. ഇത് ശ്ലാഘ്യവും സ്ഥിരവുമാണ്.
ജന്മംകൊണ്ടും പിന്നെ ഉൽകൃഷ്ടങ്ങളായ അനേകം കർമ്മങ്ങൾ കൊണ്ടും മഹത്ത്വം സമ്പാദിക്കുന്ന അപൂർവം ചില മഹാപുരുഷന്മാരുണ്ട്.
ആ മഹത്ത്വം സുസ്ഥിരവും സർവ്വഥാ ശ്ലാഘ്യവുമാണെന്ന് ആർക്കും സമ്മതിക്കാതെ കഴികയില്ല. അത്തരത്തിലുള്ള മഹത്ത്വം സിദ്ധിച്ച ഒരു വിശിഷ്ട പുരുഷനായിരുന്നു *കേരളവർമ്മ വലിയകോയിത്തമ്പുരാൻ.*
*മഹാനായ ഒരു മലയാള സാഹിത്യകാരൻ.*
കേരളവർമ്മയെക്കുറിച്ച് നാം ഒമ്പതാം ക്ലാസിൽ പഠിച്ച പാഠഭാഗത്തിന്റ തലക്കെട്ടാണ്.
ആ പാഠത്തിന്റെ ആദ്യ ഖണ്ഡികയാണ് തൊട്ട് മുകളിൽ എഴുതിയിരുന്നത്.
കാളിദാസമഹാകവിയുടെ *അഭിജ്ഞാനശാകുന്തളം* നാടകത്തിന് ആദ്യമായി ഭേദപ്പെട്ട ഒരു മലയാള വിവർത്തനം അദ്ദേഹം കൈരളിക്ക് സമ്മാനിക്കുകയുണ്ടായി.
*കേരളകാളിദാസൻ* എന്ന അപരനാമവും അദ്ദേഹത്തിനുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ മലയാള സാഹിത്യത്തിൽ,
വടവൃക്ഷംപോലെ നിറഞ്ഞ് നില്ക്കുകയായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ.
സാഹിത്യസാർവ്വഭൗമൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളവർമ്മ കാല്പനികപൂർവ്വ മലയാള കവിതയുടെ
നായകരൂപമായിരുന്നു.
ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സാക്ഷ്യപത്രമായിരുന്നു, ഒരാൾ കവിയായി അംഗീകരിക്കപ്പെടാനുള്ള യോഗ്യതപോലും.
മലയാളത്തിലും സംസ്കൃതത്തിലുമായി നിരവധി കൃതികൾ രചിച്ച അദ്ദേഹം നിയോക്ലാസിക് കാവ്യരൂപത്തെയാണ്
ഉയർത്തിപ്പിടിച്ചത്.
തികഞ്ഞ പണ്ഡിതനും
ഒപ്പം യാഥാസ്ഥിതികനുമായിരുന്ന
അദ്ദേഹത്തിന്റെ പ്രഭാവം നിറഞ്ഞുനിന്ന ആ കാലഘട്ടത്തെ *കേരളവർമ്മയുഗം* എന്നാണ് ചില സാഹിത്യചരിത്ര രചയിതാക്കൾ വിശേഷിപ്പിക്കുന്നത്.
സംസ്കൃത പക്ഷപാതത്തിന്റേതല്ലാത്ത മറ്റൊരു മുഖവും കേരളവർമ്മയ്ക്കുണ്ടായിരുന്നു. തിരുവിതാംകൂർ പാഠപുസ്തകക്കമ്മിറ്റി അധ്യക്ഷനായിരുന്ന്കൊണ്ട് അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ആധുനിക മലയാള ഗദ്യത്തിന്റെ രൂപപ്പെടലിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.
1845 ഫെബ്രുവരി 19 ന് *ചങ്ങനാശ്ശേരി* ലക്ഷ്മിപുരത്ത് കൊട്ടാരത്തിൽ ( നീരാഴിക്കൊട്ടാരം) ദേവിയംബ തമ്പുരാട്ടിയുടേയും *തളിപ്പറമ്പ്* മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടേയും മകനായാണ് കേരളവർമ്മ ജനിച്ചത്.
ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പിതാവായ ലക്ഷ്മിപുരത്ത് രാജരാജവർമ്മയുടെ സഹോദരിയായിരുന്നു ദേവിയംബത്തമ്പുരാട്ടി.
അഞ്ചാംവയസ്സ് മുതൽ കേരളവർമ്മ തിരുവാർപ്പിൽ രാമവാരിയർക്ക് കീഴിൽ നാല് വർഷം സംസ്കൃതം പഠിച്ചു.
1855 ൽ കേരളവർമ്മയെ
അമ്മാവൻ രാജരാജവർമ്മ
കോയിത്തമ്പുരാൻ തിരുവനന്തപുരത്തേക്ക്
കൊണ്ട് വന്നു.
കൊട്ടാരത്തിൽ
ആശ്രിതനായിക്കഴിഞ്ഞിരുന്ന തിരുവിതാംകൂറിന്റെ ആദ്യ ചരിത്രകാരനായ *വൈക്കം*
*പാച്ചുമൂത്തതിന്റെ* കീഴിൽ
*അഷ്ടാംഗഹൃദയം* അഭ്യസിച്ചു.
ചങ്ങനാശേരിയിൽ
തുടങ്ങിവച്ച ഇംഗ്ലീഷ്
ഭാഷാധ്യാപനം കൊട്ടാരം
ഫിസിഷ്യനായിരുന്ന
ഡോ. വെയറിങ്ങിൽനിന്ന്
വീണ്ടും തുടങ്ങി.
അണ്ണാജിരാജർ എന്ന അധ്യാപകനിൽനിന്നും
കുറേക്കാലം ഇംഗ്ലീഷ് പഠിച്ചു.
ഇതോടൊപ്പംതന്നെ ഹിന്ദുസ്ഥാനി, തെലുങ്ക്, കന്നഡ, മറാഠി, തമിഴ് ഭാഷകളിലും അദ്ദേഹം
അറിവ് നേടി.
*വധൂവരന്മാരിവർ തമ്മിലീവിധം*
*മുദാ* *ഘടിക്കാതെയിരുന്നുവെങ്കിലോ*
ശ്രീമൂലംതിരുനാളിനെ പ്രസവിച്ചശേഷം
അമ്മമഹാറാണി മരിച്ചതിനാൽ രാജകുടുംബത്തിൽ
സ്ത്രീസന്താനങ്ങളുണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനായി
1858 ൽ *മാവേലിക്കര* കൊട്ടാരത്തിൽ നിന്ന്
*ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ*
രണ്ട് കുമാരിമാരെ ദത്തെടുത്തു. ഇവരിൽ മൂത്തവളായ
_ലക്ഷ്മിഭായിയെയാണ്_
കേരളവർമ്മ വിവാഹം ചെയ്തത്.
1861 ൽ പിതാവ് മരിച്ചു. കുടുംബത്തിലുണ്ടായ
ചില അന്തഛിദ്രങ്ങൾ കാരണം വർമ്മയുടെ മാതാവ്, ലക്ഷ്മിപുരമുപേക്ഷിച്ച് *കാർത്തികപ്പള്ളി* കോവിലകത്ത് താല്ക്കാലിക വാസമാരംഭിച്ചു.
വർമ്മയുടെ അഭ്യർത്ഥനപ്രകാരം കാര്യങ്ങൾ മനസിലാക്കിയ *ആയില്യംതിരുനാളാണ്* കോവിലകം താമസത്തിന് വിട്ട് കൊടുത്തത്.
വിവാഹാനന്തരം വർമ്മ _ഗോമതിദാസൻ_ എന്നും പേരുള്ള *ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ* കീഴിൽ
വേദാന്തം പഠിച്ചു.
തുടർന്ന് തർക്കശാസ്ത്രം,
വ്യാകരണം, ജ്യേഷ്ഠസഹോദരനായ
മകംതിരുനാൾ തമ്പുരാനിൽ നിന്ന് വീണവായന എന്നിവയും അഭ്യസിച്ചു.
ആട്ടക്കഥകൾ രചിച്ച് കൊണ്ടാണ് അദ്ദേഹം സാഹിത്യരംഗത്ത് പ്രവേശിച്ചത്.
"ഹനുമദുത്ഭവം",
"മത്സ്യവല്ലഭവിജയം", "പ്രലംബവധം", "ധ്രുവചരിതം,"
"പരശുരാമവിജയം" എന്നിവയാണ് പ്രധാനമായവ.
സംസ്കൃതപദബഹുലമായ ആട്ടക്കഥകൾ രചിക്കുന്നതിനിടയ്ക്കാണ് വർമ്മ, മലയാള ഗദ്യവികാസത്തിന് കാരണക്കാരനായത്.
*സർ. ടി. മാധവറാവു* ദിവാനായിരുന്ന കാലത്ത് നടത്തിയ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ ഫലമായി
പുതിയ പാഠപുസ്തകങ്ങളുടെ ആവശ്യമുണ്ടായി.
അപ്പോഴാണ് മലയാള ഗദ്യത്തിന്റെ അപര്യാപ്തി ബോധ്യമാകുന്നത്.
വർമ്മയെ ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയിലംഗമാക്കി.
കേരളവർമ്മയുടെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമാണ് അറസ്റ്റും തടങ്കൽ ജീവിതവും.
കലാകാരന്റെ സൗമ്യ സ്വഭാവത്തോടൊപ്പം ഭരണാധിപന്റെ കാർക്കശ്യവുമുള്ളയാളായിരുന്നു ആയില്യംതിരുനാൾ.
അദ്ദേഹവും അനുജൻ വിശാഖംതിരുനാളും ഭരണകാര്യങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ചെങ്കിലും ജ്യേഷ്ഠന്റെ ധനാർജ്ജനഭ്രമവും സേവകപക്ഷപാതവും സഹിക്കാൻ കഴിയാതെ അനുജൻ അകന്നു.
ലക്ഷ്മിറാണി മുതലായ അടുത്ത സ്വജനങ്ങളെ രാജാവിനെതിരെ
തിരിച്ചുനിർത്താനും പ്രധാന ഉദ്യോഗസ്ഥന്മാരിൽ ഒരു വിഭാഗത്തെ കൂടെ നിർത്താനും ദിവാനെത്തന്നെ സ്വാധീനിക്കാനും അനുജൻ ശ്രമിച്ചു. മാധവറാവുവിന് വിശാഖംതിരുനാളിനോടുണ്ടായിരുന്ന അടുപ്പവും ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലാതാക്കി.
ഹജൂർട്രഷറിയിൽ നടന്ന ഒരു ധനാപഹരണക്കേസിൽ സ്വജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കാലാവധിക്ക് മുമ്പ് ദിവാന് രാജിവച്ചൊഴിയേണ്ടിവന്നു.
പുതിയ ദിവാനായ *ശേഷയ്യശാസ്ത്രിക്ക്*
ഒരു ഊമക്കത്ത് ലഭിച്ചു.
_മഹാരാജാവ് ദിവാനെ അപായപ്പെടുത്തുമെന്നും_
ദിവാൻപദം ഒഴിഞ്ഞ് _പോകണമെന്നുമായിരുന്നു_
_കത്തിലെ ഉള്ളടക്കം._
രാജാവും ദിവാനും തമ്മിൽ ഭരണകാര്യങ്ങളിൽ ചില തർക്കങ്ങൾ നിലനില്ക്കുന്ന സാഹചര്യത്തിലാണ് കത്ത് കിട്ടുന്നത്.
ആ കത്തയച്ചത് കേരളവർമ്മയായിരുന്നു.
രാജാവും സിൽബന്തികളും ചേർന്നുള്ള ഒരു മദ്യപാനവേളയിൽ ദിവാനെക്കുറിച്ചുള്ള രാജാവിന്റെ സംസാരം കേട്ടതിന്റെ പ്രതികരണമായിരുന്നു ഊമക്കത്ത്.
നാട് വാഴുന്ന രാജാവ് ദിവാനെ
വധിക്കാൻ ശ്രമിക്കുന്ന വാർത്ത അങ്ങാടിപ്പാട്ടായി.
അഭിമാനം സംരക്ഷിക്കാൻ മഹാരാജാവ് കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.
മദ്രാസിലെ ബ്രിട്ടീഷ് ഗവർണറെ കാര്യങ്ങൾ ധരിപ്പിച്ചു.
രാജകുടുംബത്തിലെ പ്രബലാംഗമായിരുന്ന്കൊണ്ട് വിധ്വംസകപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് കേരളവർമ്മ ചെയ്യുന്നതെന്നായിരുന്നു
ഗവർണർക്കുള്ള കത്തിലെ പരാതി. സ്വന്തം ഭാഗിനേയിയുടെ ഭർത്താവായ കേരളവർമ്മയ്ക്കെതിരായ നീക്കം തടയാൻ
വിശാഖംതിരുനാൾ ജ്യേഷ്ഠനോട് മാപ്പപേക്ഷിച്ചു.
പക്ഷേ മദ്രാസ് സർക്കാരിന്റെ അനുവാദത്തോടെ
കേരളവര്മ്മയെ
1875 ൽ അറസ്റ്റ് ചെയ്ത് ആദ്യം *ആലപ്പുഴ* കൊട്ടാരത്തിലും പതിനഞ്ച് മാസം കഴിഞ്ഞ് *ഹരിപ്പാട്ട്* കൊട്ടാരത്തിലും തടവിൽ പാർപ്പിച്ചു.
പ്രഗല്ഭനായ പോലീസ് ഉദ്യോഗസ്ഥൻ
ടി വിക്രമൻതമ്പിയാണ്
കേരളവർമ്മയെ അറസ്റ്റ് ചെയ്തത്.
ആയില്യംതിരുനാളിന് വർമ്മയോട് വിരോധം തോന്നാനിടയായ വേറെ രണ്ട് കഥകൾകൂടി പ്രചാരത്തിലുണ്ട്.
ഏകാന്തവാസക്കാലത്തെ
കേരളവർമ്മയുടെ വരിഷ്ഠ
രചനയാണ് *മയൂരസന്ദേശം.*
മലയാളകവിതയ്ക്ക് അനുപേക്ഷണീയം എന്ന് അദ്ദേഹം കരുതിയിരുന്ന സജാതീയ ദ്വിതീയാക്ഷരപ്രാസത്തിൽ ആയിരുന്നു കാവ്യരചന. *ഒ.ചന്തുമേനോന്റെ*
പീഠികയോടുകൂടി *മംഗലാപുരം*
_ബാസൽമിഷൻ_ പ്രസ്സിൽ അച്ചടിച്ച ഈ കൃതി രാജശാസനപ്രകാരം സ്വപത്നിയുമായി വേർപിരിഞ്ഞ്
ഹരിപ്പാട് കൊട്ടാരത്തിൽ താമസിക്കുന്ന നായകൻ, അവിടത്തെ ക്ഷേത്രത്തിലെ _ദേവവാഹനമായ_ "മയിലിനെ" ഒരു സന്ദേശവുമായി _തിരുവനന്തപുരത്തേക്ക്_ അയക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥമായ മാർഗ്ഗനഗര വർണ്ണനകളും
സ്വാനുഭവതീക്ഷ്ണമായ വികാരാവിഷ്കരണവും
ഈ കാവ്യത്തിലുണ്ട്.
1905 ൽ
*എസ് രാമനാഥൻഅയ്യരുടെ* ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചു.
1880 ജൂണിൽ
ആയില്യംതിരുനാൾ നിര്യാതനായി. വിശാഖംതിരുനാൾ മഹാരാജാവായി സ്ഥാനമേറ്റു. അതിനുശേഷമാണ് കേരളവർമ്മയ്ക്ക് ബന്ധനത്തിൽനിന്ന് മോചനം ലഭിച്ചത്. 1901 ൽ
ഭാര്യ മരിച്ചത് കേരളവർമ്മയ്ക്ക് താങ്ങാനായില്ല.
1914 സെപ്തംബറിൽ വർഷംതോറും നടത്തിവരാറുള്ള
*വൈക്കം* ക്ഷേത്ര ദർശനത്തിനായി കേരളവർമ്മ യാത്രതിരിച്ചു.
ഭാഗിനേയനായ *എആർ രാജരാജവർമ്മയുടെ* കാറിലായിരുന്നു യാത്ര. തിരുവനന്തപുരത്തേക്ക് മടങ്ങവേ സെപ്തംബർ 21ന് കായംകുളത്തിനടുത്ത്
കാർ മറിഞ്ഞു. കേരളവർമ്മയുടെ വലത് നെഞ്ച് നിലത്തിടിച്ചു. സാരമായി മുറിവേറ്റു. വർമ്മയെ മാവേലിക്കര കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ഡോക്ടർ വല്യത്താനാണ് അദ്ദേഹത്തെ ചികിത്സിച്ചത്.
പിറ്റേന്ന് രാവിലെ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അന്തരിച്ചു.
കേരളവർമ്മയും
എആർ രാജരാജവർമ്മയും ഇരുഭാഗങ്ങളിലായിനിന്ന പ്രാസവാദം, മലയാളത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട
സാഹിത്യസംവാദങ്ങളിൽ ഒന്നായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ നിയോക്ലാസിക് കാവ്യപാരമ്പര്യത്തിന്റെ മുഖമുദ്രയായിരുന്നു ദ്വിതീയാക്ഷരപ്രാസം.
മലയാളകവികളുടെ ദ്വിതിയാക്ഷരപ്രാസഭ്രമത്തെ വിമർശിച്ചുകൊണ്ട്
1891 ൽ മനോരമ പത്രത്തിൽ ഒരാൾ പേര് വെളിപ്പെടുത്താതെ എഴുതിയ ലേഖനമാണ് സംവാദം തുടങ്ങിവച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും കത്തുകളും ലേഖനങ്ങളും ഉണ്ടായി. താൽക്കാലികമായി കെട്ടടങ്ങിയ സംവാദം വീണ്ടും സജീവമായത്
1903ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസമാജത്തിൽ രാജരാജവർമ്മയുടെ പക്ഷക്കാരനായ കവി
*കെ സി കേശവപിള്ള* ഒരു പ്രഭാഷണം നടത്തിയതോടെയാണ്. സജാതീയ ദ്വിതീയാക്ഷരപ്രാസത്തെ കൈരളീവനിതയുടെ മംഗല്യസൂത്രം പോലെയാണെന്ന് കേരളവർമ്മ വാദിച്ചു. ദ്വിതീയാക്ഷരപ്രാസം ഉപേക്ഷിക്കണം എന്നായിരുന്നു രാജരാജവർമ്മയുടെ വാദം. ഇരുഭാഗത്തും സാഹിത്യകാരന്മാർ അണിനിരന്നു. പത്രമാസികകളിൽ സംവാദം തുടർന്നു.
ദ്വിതീയാക്ഷരപ്രാസം വേണോ വേണ്ടയോ എന്ന തർക്കം കാവ്യരചനയെ സംബന്ധിച്ച് ചർച്ചകൾക്കും പാരമ്പര്യ വിരുദ്ധമായ എഴുത്തിനും വഴിതുറന്നു.
അക്ഷരോപയോഗത്തെക്കുറിച്ചുള്ള യാന്ത്രികമായ ചർച്ചയായിരുന്നു തുടക്കത്തിൽ പ്രാസവാദം. എന്നാൽ പിന്നീടത് സാമ്പ്രദായിക രീതിയിൽനിന്ന് വ്യത്യസ്തമായ കവിതയിലേക്ക് നീങ്ങാൻ പ്രേരകമായി. സംസ്കൃത മേൽക്കോയ്മയിൽ നിന്നുള്ള വിടുതൽ, ശൈലീപരമായ മലയാളീകരണം,
ഭാവാർത്ഥ പ്രാധാന്യം,
പുതിയ രൂപബോധം തുടങ്ങിയവ കവിതയിൽ കടന്നുവരാൻ
അത് കാരണമായി.
എആറിന്റെ അഭ്യർത്ഥനപ്രകാരം
1909 ൽ ദ്വിതിയാക്ഷരപ്രാസം ഉപേക്ഷിച്ച് കേരളവർമ്മ *ദൈവയോഗം* എന്നകാവ്യം രചിക്കുകയും ചെയ്തു.
സംസ്കൃതത്തിൽ മുപ്പതിൽപ്പരവും മലയാളത്തിൽ പതിനഞ്ചിലേറെയും
പദ്യകൃതികളും ഇരുപതോളം ഭാഷാഗദ്യലേഖനങ്ങളും കേരളവർമ്മ രചിച്ചിട്ടുണ്ട്. താൻ ചെയ്തതായി പറയപ്പെടുന്ന അപരാധത്തിന് മാപ്പ്തരണമെന്ന്
ആയില്യംതിരുനാൾ മഹാരാജാവിനോട്
അപേക്ഷിച്ച്കൊണ്ട് രചിച്ച *ക്ഷമാപണസഹസ്രം,*
ആ അപേക്ഷകൊണ്ട് പ്രയോജനമില്ലെന്ന്കണ്ട് മഹാരാജാവിനെ തിരിച്ചുവിളിക്കാൻ അന്തകനോട് അഭ്യർത്ഥിച്ചുകൊണ്ട് എഴുതിയ *യമപ്രണാമശതകം,* വിശാഖംതിരുനാളിന്റെ ജീവിതത്തെയും
രാജ്യഭാരത്തെയും
വർണിച്ച്കൊണ്ട്
ഇരുപത് സർഗങ്ങളിൽ രചിച്ച *വിശാഖവിജയം* മഹാകാവ്യം എന്നിവയാണ് കേരളവർമ്മയുടെ പ്രമുഖ സംസ്കൃതകാവ്യങ്ങൾ.
*കേരളീയ ശാകുന്തളം,* *അമരുകശതകം*, *അന്യാപദേശശതകം* എന്നീ കൃതികളുടെ വിവർത്തനങ്ങളും "മയൂരസന്ദേശം" കാവ്യവുമാണ് അദ്ദേഹത്തിന്റെ ഭാഷാകവിതകളിൽ പ്രമുഖമായത്.
*പിഎ ബാൺലിംബർഗ് ബ്രൗവർ*
എന്ന ഡച്ച് സാഹിത്യകാരൻ 1872 രചിച്ച *അക്ബർ* എന്ന ചരിത്രാഖ്യായികയുടെ ഇംഗ്ലീഷ് വിവർത്തനത്തെ ആശ്രയിച്ച് മലയാള പരിഭാഷയും കേരളവർമ്മ നടത്തിയിട്ടുണ്ട്. സംസ്കൃത പദബഹുലമായ ആ പരിഭാഷ കേരളവർമ്മയ്ക്ക് പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ നൽകി. കവി എന്ന നിലയിൽ കേരളവർമ്മയുടെ സ്ഥാനം ഇന്ന് അത്രയേറെ വിലമതിക്കപ്പടുന്നില്ല.
എന്നാൽ മലയാള ഗദ്യത്തിന്റെ വികാസത്തിന് അദ്ദേഹം നൽകിയ ശ്രേഷ്ഠസംഭാവന അമൂല്യമാണ്.
*കെബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment