*കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി*
*ഇന്ന് നിൻ മാരൻ വന്നോ*
*മധുരം തന്നോ?*
*ആതിരക്കുളിരിൽപ്പോലും*
*മനസ്സിൽ ചൂട്.*
*കൊഞ്ചും കുയിൽ പോലെ കവിത പാട്.*
പ്രശസ്ത സംഗീതജ്ഞൻ
ശ്രീ പെരുമ്പാവൂർ
ജി രവീന്ദ്രനാഥ്, 1998 ൽ
*യൂസഫലി കേച്ചേരിയുടെ* കവിതപോലെയുള്ള വരികൾക്ക് സംഗീതസംവിധാനം
നിർവ്വഹിക്കുകയുണ്ടായി.
എംടി വാസുദേവൻനായരുടെ
രചനയിൽ കാണുന്നത് പോലെ ചില ക്ഷയിച്ച
നായർത്തറവാടുകളിലെ ദുഖങ്ങളും, ദാരിദ്ര്യവും, തകർന്നടിഞ്ഞ പ്രണയത്തിന്റെയും സാമ്യമുള്ള
ഒരു കഥയായിരുന്നു
*ടി.എ. റസ്സാക്*
ശ്രീ ജയരാജിനായി പറഞ്ഞ *സ്നേഹം* എന്ന ചലച്ചിത്രം.
കേരളീയ വനിതകളുടെ
വസന്തോത്സവമായ
തിരൂവാതിര ധനുമാസത്തിലെ തിരുവാതിര നാളിലാണ്
ആചരിക്കുന്നത്.
ആതിരവ്രതമെടുക്കുന്ന
പെൺമണികൾ കുളിച്ച് കുറിയിട്ട് നൃത്തം ചെയ്തും ഊഞ്ഞാലാടിയും ആഹ്ളാദിക്കുന്നു. .
കൈകൊട്ടിക്കളി എന്ന് കൂടി പേരുള്ള ഈ സംഘനൃത്തത്തിന്
ദേവീസ്തുതികളോ
ആട്ടക്കഥകളിലെ പദങ്ങളോ
ആയിരിക്കും പാടുന്നത്. എന്തായാലും സ്ത്രീകൾക്ക് ചൊല്ലിയാടിക്കളിക്കുവാൻ
സാമാന്യം സമ്പന്നമായൊരു ഗാനസാഹിത്യം മലയാളത്തിലുണ്ട്.
അത്തരത്തിലുള്ള ഒരു മനോഹരമായ ഒരു തിരുവാതിരനൃത്തവും പാട്ടുമായിരുന്നു "സ്നേഹം" എന്ന സിനിമയിൽ കാണാൻ സാധിച്ചത്.
ടെലിവിഷനോ മൊബൈൽ ഫോണുകളോ ഇല്ലാതിരുന്ന പഴയകാലത്ത് സിനിമാ ഗാനങ്ങളെ ശ്രോതാക്കൾ പരിചയപ്പെട്ടിരുന്ന മാധ്യമം റേഡിയോയായിരുന്നു. ചലച്ചിത്രഗാന പരിപാടിയിൽ ഒരു ഗാനം കേൾപ്പിക്കുമ്പോൾ ചിത്രം, രചന, സംഗീതം, ഗായകരുടെ വിവരങ്ങൾ എന്നിവകൂടി അനൗൺസർ പറയാറുണ്ടായിരുന്നു.
സംഗീതത്തിന്റെ കാര്യം അറിഞ്ഞതിന് ശേഷമേ ഗാനം പൂർണമായും കേൾക്കണമോ വേണ്ടായോ എന്ന്കൂടി ചില പ്രേക്ഷകർ ചിന്തിച്ചിരുന്നുള്ളു.
ചലച്ചിത്ര ഗാനങ്ങൾക്ക് അഴകും മിഴിവും നല്കുന്നത് സംഗീത സംവിധായകരാണ് എന്നൊരു സങ്കല്പവുമുണ്ടായിരുന്നു.
ധാരാളം ലളിത ഗാനങ്ങൾ പാടി സിനിമാ പിന്നണി ഗായികയായ
രാധികാതിലകായിരുന്നു ആദ്യം കുറിച്ചിട്ട തിരുവാതിര
ഗാനം പാടിയത്.
*എഴുതിരി വിളക്കിന്റെ മുന്നിൽ ചിരിതൂകി*
*മലർത്താലം കൊണ്ടു വന്നതാര്??*
*കനകമഞ്ചാടി പോലെ*
*അഴക് തൂകുമീനേരം!!*
1991 ൽ *ഒറ്റയാൾ പട്ടാളം* എന്ന ചിത്രത്തിൽ
ശ്രീ ജി വേണുഗോപാൽ
എന്ന ഗായകനോടൊപ്പം മന്ദസ്മിതത്തോടെ,
കുയിൽനാദത്തോളം മധുരതരമോടെ,
അഴക്‌തൂകിയ രാധികയുടെ
ശ്രദ്ധേയമായ ഗാനത്തിന്റെ ചരണത്തിലെ ചിലവരികളാണ് മുകളിൽ കണ്ടത്.
പ്രശസ്ത സംഗീതസംവിധായകൻ *കണ്ണൂർരാജന്റെ* മരുമകൻ ശ്രി ശരത് ആയിരുന്നു
രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ
ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
ഗാനത്തിന്റെ പല്ലവി ഇങ്ങനെയായിരുന്നു.
_മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളെ,._
ഗാനവും ചിത്രവും വളരെ പോപ്പുലറായി.
*തിരുകൊച്ചിയുടെ*
ആദ്യ മുഖ്യമന്ത്രിയായിരുന്ന
*പറവൂർ* *ടി കെ നാരായണപിള്ളയുടെ* കുടുംബത്തിൽ പിറന്ന രാധികാതിലകിന്റെ മാതാപിതാക്കൾ, ശ്രീകണ്ഠത്ത് വീട്ടിൽ
പിജെ തിലകും
പരേതയായ ഗിരിജാദേവിയുമാണ്.
സംഗീത പാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നു
*എറണാകുളം* രവിപുരത്തുളള
ശ്രീകണ്ഠത്ത് കുടുംബം.
ചിന്മയാവിദ്യാലയം,
സെന്റ് തെരേസാസ് കോളേജ്
എന്നിവിടങ്ങളിലാണ് രാധിക
വിദ്യാഭ്യാസം പൂർത്തിയാക്കിയത്. _മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി_ യുവജനോത്സവത്തിൽ
ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു.
സംഗീതവേദികളിലേയ്ക്കുളള രാധികയുടെ ആദ്യ കാൽവയ്പ്.
പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാസെറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളികളുടെ മനസ്സിൽ
ഇടംപിടിച്ചു. അടുത്ത ബന്ധുക്കളായ ഗായിക
_സുജാതമോഹന്റെയും,_
പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ രാധികയുടെ ആദ്യ ഗാനത്തിന് (മായാമഞ്ചലിൽ) പല്ലവി പാടിയ വേണുഗോപാലിന്റേയും സ്വാധീനത്തിൽ, യേശുദാസ്,
എംജി ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ
പങ്കെടുക്കാൻ കഴിഞ്ഞു.
ലളിതഗാനരംഗത്ത് നിന്നാണ്
രാധിക സിനിമാരംഗത്ത്
എത്തുന്നത്. ആകാശവാണിയിലൂടെയും നിരവധിഗാനങ്ങൾ രാധിക ആലപിച്ചിട്ടുണ്ട്. 1989 ൽ *സംഘഗാനം* എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിലെ
_പുൽക്കൊടിത്തുമ്പിലും_
എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടില്ല.
*കോഴിക്കോട്*
_മലബാർ മഹോത്സവത്തിൽ_ യേശുദാസിനോടൊപ്പം ഗാനമേളയിൽ പാടാൻ കഴിഞ്ഞതാണ് രാധികയുടെ
കലാജീവിതത്തിൽ നിർണ്ണായകമായത്.
ഗൾഫിലും യൂറോപ്പിലും
അമേരിക്കയിലും ധാരാളം വേദികളിൽ രാധികയ്ക്ക് യേശുദാസിനോടൊപ്പം പാടാൻ കഴിഞ്ഞിട്ടുണ്ട്.
*എവിടെ നിൻ മധുര ശീലുകൾ?*
1997 ൽ ശ്രീ രാജിവ് അഞ്ചലിന്റെ *ഗുരു* എന്ന ചിത്രത്തിൽ, ഇളയരാജയും
കവി _എസ് രമേശൻനായരും_ ഒന്നിച്ചപ്പോഴുണ്ടായ മനോഹര ഗാനങ്ങൾ മറക്കാനാകില്ല.
1992 ലാണ് ചില സംഗീത പരീക്ഷണങ്ങൾ നടത്തി
ഇശൈജ്ഞാനി ആദ്യമായി ഒരു സിംഫണി സൃഷ്ടിച്ചെടുത്തത്. അതിലെ ഒരംശമാണ് _ദേവസംഗീതം നീയല്ലേ_ എന്ന ഗാനത്തിൽ ചരണത്തിന് മുന്നിലുള്ള ഓർക്കസ്ട്രേഷനിൽ ചേർത്തിരുന്നത്.
രാധിക രണ്ട് ഗാനങ്ങൾ യേശുദാസിനോടൊപ്പം
ഗുരു എന്ന സിനിമയ്ക്കായി ആലപിച്ചു. ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റുകളാകുകയും ചെയ്തു.
*മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.*
*മനസ്സിനുള്ളിൽ,..*
*രവീന്ദ്രൻ* എന്ന സംഗീത സംവിധായകൻ ഖരഹരപ്രിയയുടെ ഛായയിൽ ഒരുക്കിയ ഗാനം.
ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഗാനരംഗത്തിൽ ഈ ഗാനം പാടിയിരിക്കുന്നത് യേശുദാസാണ്.
എന്നാൽ *കന്മദം* എന്ന ചിത്രത്തിന്റെ ആഡിയോ കാസ്സറ്റിൽ രാധികാതിലകും
ഈ മൂളിപ്പാട്ട് പാടിയിരിക്കുന്നു.
*ഗിരീഷ് പുത്തഞ്ചേരി* രചിച്ച
_തിരുവാതിര തിരനോക്കിയ_
_മിഴിവാർന്നൊരു ഗ്രാമം_
എന്ന *ആരഭി* രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം
എംജി ശ്രീകുമാറിനോടൊപ്പം രാധിക പാടിയിരിക്കുന്നത് ചിത്രത്തിൽ കേൾക്കാം.
ദയ, ദീപസ്തംഭം മഹാശ്ചര്യം, നന്ദനം, കാതര, പ്രണയനിലാവ്, സംഘഗാനം,
സുന്ദരപുരുഷൻ, രാവണപ്രഭു മുതലായ ചിത്രങ്ങളിലൂടെ രാധിക എഴുപതോളം പാട്ടുകൾ പാടിയിട്ടുണ്ട്.
നിരവധി ഹിന്ദു ഭക്തി ഗാനങ്ങളും ആൽബങ്ങളും അവരുടെ പേരിലുണ്ട്.
ഏഷ്യാനെറ്റിന്റെ സംഗീതപരിപാടിയായ സരിഗമയുടെ അവതാരകയുമായിരുന്നു.
2015 സെപ്തംബർ 20 ന് പാട്ടിന്റെ ലോകത്ത് നിന്നും ആ മന്ദസ്മിതക്കാരി യാത്രയായി.
അർബുദരോഗബാധയെത്തുർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു.
രോഗബാധയെത്തുടർന്ന് കുറച്ച് നാളുകളായി സംഗീതരംഗത്ത് നിന്ന് വിട്ട് നില്ക്കുകയായിരുന്നു.
ബിസിനസ്സ്കാരനായ
സുരേഷ് കൃഷ്ണയാണ് രാധികയുടെ ഭർത്താവ്.
ഏക മകൾ ദേവിക.
അർഹിക്കുന്ന അവസരങ്ങൾ കിട്ടാതെ പോയ കുയിലായിരുന്നു രാധിക.
ആ സ്വരമാധുരിക്ക് അർഹിച്ച പ്രോത്സാഹനം പലപ്പോഴും
ലഭിച്ചില്ലെന്നാണ് കാലം തെളിയിച്ചത്.
സിനിമയ്ക്കായി രാധിക പാടിയ പാട്ടുകൾ പലപ്പോഴും സിനിമയിൽ വന്നിരുന്നില്ല.
കാസെറ്റിൽ മാത്രമായി താൻ
ഒതുങ്ങിേപ്പോകുകയാണോയെന്ന് രാധിക പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. രോഗബാധിതയായെങ്കിലും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ.
പക്ഷേ ആ സ്വരം നിലച്ചു.
പാടിക്കൊതിതീരാതെ
യാത്രയായ മധുരസ്വരത്തിന്റെ ഉടമയായ അവരെ ഓർക്കാൻ
ഒരു അഭിമുഖത്തിൽ അവർ സന്തോഷത്തോടെ പങ്കിട്ട ഒരനുഭവസൗന്ദര്യ സ്മരണയുണ്ട്.
വിഖ്യാതയായ ഹിന്ദി ഗായിക
ശ്രീമതി _ആശാ ഭോൺസ്ലേ_ എന്നവരോടൊപ്പം ദുബായിയിൽ പാടാൻ കഴിഞ്ഞതിൽപ്പരം ധന്യോഹമായൊരു
പരമാനന്ദമായൊരുസന്ദർഭം ഈ സദയമയിക്ക് ഉണ്ടായിട്ടില്ലെന്നുള്ളത്....
*കെ.ബി. ഷാജി നെടുമങ്ങാട്*
9947025309
Comments
Post a Comment