*കരളെരിഞ്ഞാലും*
*തലപുകഞ്ഞാലും*
*ചിരിക്കണ, മതേ വിദൂഷക ധർമ്മം*
*വിഷാദമാത്മാവിൽ വിഷം വിദൂഷകാ*
*വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി.*
*അണിയറയിൽ* എന്ന കവിതയിൽ *സഞ്ജയൻ*
എഴുതിയ ചില വരികളാണ്
മുകളിലുദ്ധരിച്ചത്.
*പ്രീപബ്ളിക്കേഷൻ സൗജന്യ*
*ബുക്കിംഗ്* *ഉടനെയാരംഭിക്കുന്നു.*
*സഞ്ജയൻ 4 ഭാഗങ്ങൾ*
_മാതൃഭൂമി_ പത്രത്തിൽ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട
ഈ പരസ്യം കാണാത്തവർ കുറവായിരിക്കും.!
മലയാള ഭാഷയ്ക്ക് ലഭിച്ച അപൂർവ്വ സാഹിത്യസർവ്വസ്വം.
മാതൃഭൂമി ബുക്ക് ഡിപ്പോകളിൽ ഇന്നും പുസ്തകം സുലഭം.
സ്വന്തം ദുഖങ്ങൾ മറച്ച് വച്ച് കൊണ്ട് മുന്നിലിരിക്കുന്നുവരെ
ചിരിപ്പിക്കുകയാണ് വിദൂഷകൻ ചെയ്യൂന്നത്.
ഈ തത്വം കാവ്യ രൂപത്തിലവതരിപ്പിച്ച ചിരിയുടെ തമ്പുരാൻ സഞ്ജയൻ കരളെരിഞ്ഞുകൊണ്ടുതന്നെയാണ് വരികളിലൂടെ ചിരിപ്പിച്ചത്.
കരച്ചിലിനെ ചിരിയാക്കി മാറ്റി ചിരിക്കുകയാണ് വേണ്ടതെന്ന് ഉദ്ബോധിപ്പിച്ച സഞ്ജയൻ സമുദായ വിമലീകരണത്തിന് ഹാസ്യത്തെ ഉപയോഗിച്ചു.
*തോലനിൽ* നിന്നാരംഭിച്ച് *കുഞ്ചൻനമ്പ്യാരിലൂടെ* പടർന്ന് പന്തലിച്ച മലയാള
ഹാസസാഹിത്യത്തിന്റെ ഉയർന്ന ശ്യംഗങ്ങളിലൊന്നാണ്
_സഞ്ജയൻ_ എന്ന *എംആർനായർ*
1903 ജൂൺ 13 ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ തലശ്ശേരി മിഷൻ സ്കൂളിൽ സംസ്കൃതാധ്യാപകനായിരുന്ന
മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടേയും പാറുവമ്മയുടേയും മകനായാണ്
സഞ്ജയൻ ജനിച്ചത്.
യഥാർത്ഥ പേര് മാണിക്കോത്ത്
രാമുണ്ണിനായർ എന്നായിരുന്നു.
*താടകാസ്വയംവരം* ഓട്ടൻതുളളൽ രചിച്ച
മാടാവിൽ വലിയ കുഞ്ഞിരാമൻ വൈദ്യരുടെ അനന്തരവനായിരുന്നു അച്ഛൻ കുഞ്ഞിരാമൻ.
*ശ്രീരാമോദന്തം* പുതുക്കി രചിച്ച വൈദ്യർ "ഗോവിന്ദചരിതം" എന്നൊരു സംസ്കൃതകാവ്യവും രചിച്ചിട്ടുണ്ട്.
അമ്മാവന്റെ സാഹിത്യതാല്പര്യം
അനന്തരവിനിലും അതുവഴി രാമുണ്ണിനായരിലും പകർന്ന് കിട്ടിയെന്ന് വേണം കരുതാൻ.
എട്ടാം വയസ്സിൽ അച്ഛൻ മരിച്ചു. പിന്നീട് അമ്മയുടെ ഉത്തരവാദിത്തത്തിൽ വളർന്ന രാമുണ്ണിനായർ, തലശ്ശേരി ബ്രാഞ്ച് സ്കൂൾ, ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്
ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
1919 ൽ അദ്ദേഹം പാലക്കാട് വിക്ടോറിയാ കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു.
പഠനകാലത്ത് തന്നെ സാഹിത്യരംഗത്ത് തിളങ്ങിയ അദ്ദേഹം തന്നെയാണ് അവിടത്തെ ഹോസ്റ്റൽ മാഗസീന് "വിക്ടോറിയാ കോളേജ് ഹോസ്റ്റൽ മാഗസീൻ" എന്ന പേര് നല്കിയത്.
മലയാളത്തിലെന്നപോലെതന്നെ ഇംഗ്ലീഷ് ഭാഷയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു രാമുണ്ണിനായർക്ക്.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് 1922 ൽ ഇംഗ്ലീഷിൽ ഓണേഴ്‌സ് ജയിച്ച രാമുണ്ണിനായർ *കോഴിക്കോട്* ഹജൂരാഫീസിൽ കുറച്ച് കാലം ജോലി നോക്കി.
ഇതിനിടയിൽത്തന്നെ എഴുതിത്തുടങ്ങിയിരുന്നു.
ചുരുങ്ങിയ കാലത്തെ സർക്കാരുദ്യോഗം അദ്ദേഹത്തിന്റെ മനംമടുപ്പിച്ചുവെന്നുവേണം പറയാൻ.
*കേരളപത്രികയുടെ*
പത്രാധിപരോട് പറയുന്ന രീതിയിൽ തന്റെ സർക്കാരുദ്യോഗത്തെപ്പറ്റി
*സലാം* എന്ന ലേഖനം അദ്ദേഹം എഴുതി.
പിന്നീട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് ലക്ചററായി.
ഇതിനിടയിൽ അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു.
കാർത്ത്യായനിയമ്മയായിരുന്നു വധു. താല്ക്കാലിക നിയമനമായിരുന്നു കോളേജിൽ.1928 ൽ തിരുവനന്തപുരം ലോ കോളേജിൽ അദ്ദേഹം
നിയമപഠനത്തിന് ചേർന്നു.
ഇവിടത്തെ വാസക്കാലത്താണ് അദ്ദേഹം കവിയായും നിരൂപകനായും അറിയപ്പെട്ട് തുടങ്ങിയത്.
1930 ൽ *തിലോദകം* രചിച്ചു. ഭാഷാപോഷിണിയിൽ രചിച്ച *രാക്ഷസമദാപഹരണം*
എന്ന ലേഖന പരമ്പരയായിരുന്നു മറ്റൊന്ന്.
വിദൂഷകൻ എന്ന മാസികയിൽ
*ഉന്മത്ത കിങ്കരം* എന്ന നാടകം രചിച്ചതും ഇക്കാലത്താണ്.
നാടകത്തിന്റെ ആമുഖത്തിൽ അദ്ദേഹമിങ്ങനെയെഴുതി.
""ഈ നാടകത്തിലെ ഗാനങ്ങൾ മഹാകവി ചർച്ചിലിന്റെയും ശ്ലോകങ്ങളും ഗദ്യവും വെറും മഹാകവി എമ്മാറെന്റെയുമാകുന്നു.
പകർപ്പവകാശം പടച്ചവനു
മാത്രമുളളതും
പ്രകടനാധികൃതന്റെ ഒപ്പ്, മുദ്ര, ഫോട്ടോ ഇവയില്ലാത്ത പ്രതി വ്യാജനിർമ്മിതമായതും പ്രകടനാധികൃതൻ ആരെന്ന് വിവരമില്ലാത്തതുമാകുന്നു.
ഈ നാടകത്തെ വിമർശിക്കാനുളള സർവ്വ അധികാരവും
കവിരാക്ഷസനും ആ വിദ്വാന്റെ മരണശേഷം ലോകത്തിൽ ഏറ്റവും വലിയ ഭ്രാന്തനെന്ന ഭ്രാന്തശാലക്കാർ സർട്ടിഫിക്കറ്റ് കൊടുക്കുന്ന ആൾക്കും ഉളളതാണെന്ന് അറിയിച്ചാൽ എല്ലാം കഴിഞ്ഞു.""
ഹാസ്യം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനുളള കഴിവറിയാൻ ഈ ഒരൊറ്റ
പ്രസ്താവം വായിച്ചാൽ മതിയാകും.
നിയമപഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല.
ഭാര്യയുടെ ക്ഷയരോഗമൂർച്ഛയും മരണവുമായിരുന്നു കാരണം.
1930 ലാണ് ഭാര്യ മരിച്ചത്.
തുടർന്ന് 1932 ൽ പഠനം പൂർത്തിയാക്കണമെന്ന
ദൃഢനിശ്ചയത്തോടെ തിരുവനന്തപുരത്തെത്തിയെങ്കിലും വിധി അദ്ദേഹത്തെ തടഞ്ഞു. ലോ കോളേജിൽ പഠനം തുടങ്ങി അധികം കഴിയുന്നതിന് മുമ്പുതന്നെ ക്ഷയരോഗലക്ഷണങ്ങൾ രാമുണ്ണിനായരിൽ കണ്ടുതുടങ്ങി.
രോഗം വഷളായ അദ്ദേഹത്തെ മദനപ്പള്ളിയിലെ *ആരോഗ്യവരം* സാനിട്ടോറിയത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ചികിത്സാകാലത്തിനിടയ്ക്ക് *ഭഗവദ്ഗീത* വായിക്കുന്നതിന് സമയം കണ്ടെത്തി.
രോഗം ക്രമേണ ഭേദമായെങ്കിലും ഏക മകൻ ബാബുവിന്റെ രോഗവിവരം അദ്ദേഹത്തെ വീണ്ടും ദുഖിപ്പിച്ചു.
സാനിട്ടോറിയത്തിൽ പരിചയപ്പെട്ട് പിന്നീട്
കുഞ്ഞുപെങ്ങളായി സ്വീകരിച്ച *നന്ദിനിക്കും* സുഹൃത്ത്
*സിഎച്ച് കുഞ്ഞപ്പയ്ക്കും*
എഴുതിയ കത്തുകളിൽ ഈ ദുഖം അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.
സാനിട്ടോറിയത്തിൽനിന്ന് വീട്ടിലെത്തിയ നായർ എഴുത്തും വായനയുമായി കഴിച്ചുകൂട്ടി.
പിന്നീട് കുറച്ചുകാലം അദ്ദേഹം
കേരളപത്രികയുടെ പത്രാധിപസമിതിയംഗമായി.
_കൈരളി, കലാകൗമുദി,_
_ജനരഞ്ജിനി,_ _ഭാഷാപോഷിണി,_ _സാഹിത്യചന്ദ്രിക,_ _മലയാളമനോരമ,_ _സ്വാഭിമാനി, ഗജകേസരി,_ _സമുദായദീപിക,_
_വിദൂഷകൻ, മാതൃഭൂമി_
തുടങ്ങിയ
ആനുകാലികങ്ങകളിൽ
നിരൂപണവും കവിതയുമെഴുതിയിരുന്ന അദ്ദേഹത്തെ സ്വന്തമായൊരു പ്രസിദ്ധീകരണം തുടങ്ങാൻ പ്രേരിപ്പിച്ചത്
കേരളപത്രികയുമായുള്ള ബന്ധമാണ്. സഞ്ജയൻ മാസിക തുടങ്ങിയത്
അങ്ങനെയാണ്. ചങ്ങലംപരണ്ട പാറപ്പുറത്ത് സഞ്ജയൻ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം അതിലെഴുതിയത്.
എങ്കിലും എംആർ നായരും സഞ്ജയനും ഒന്നുതന്നെയാണെന്ന് സമ്മതിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
അത് വിശദീകരിച്ച്കൊണ്ട് പലതവണ സഞ്ജയനിൽ എഴുതുകയുണ്ടായി.
സഞ്ജയന് മറ്റൊരു വേഷവുമുണ്ടായിരുന്നു.
ദേവപ്പാ കുക്കിലിയാ പ്രശസ്ത ബ്രിട്ടീഷ് ഹാസ്യ മാസികയായിരുന്ന *പഞ്ചിന്റെ* കെട്ടിലും മട്ടിലും ശൈലിയിലുമാണ് എംആർ നായർ സഞ്ജയനെ അണിയിച്ചൊരുക്കിയത്.
1936 ഏപ്രിൽ മാസത്തിൽ സഞ്ജയന്റെ ആദ്യലക്കം പുറത്തിറങ്ങി. അനാരോഗ്യവും ദുഖവും അലട്ടിയത് കാരണം
മാസികയുടെ പല ലക്കങ്ങളും മുടങ്ങി.1939 ൽ ഏക മകൻ
ബാബു മരിച്ചു. തുടർന്ന്
1940 ആഗസ്റ്റ് മാസത്തിൽ
എംആർ നായരുടെ പത്രാധിപത്യത്തിൽ *വിശ്വരൂപം* പ്രസിദ്ധീകരിക്കപ്പെട്ടു.
1941 ഡിസംബർ ലക്കത്തോടെ അതും മുടങ്ങി.
നായരുടെ ആരോഗ്യനില തീർത്തും വഷളായതിനാലാണ് മാസിക നിർത്തിവയ്ക്കേണ്ടി വന്നത്.
*1943 സെംപ്തംബർ 13 ന്*
*എംആർ നായർ അന്തരിച്ചു.*
മരിക്കുമ്പോൾ നാല്പത് വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം.
മുഖം നോക്കാതെ ഉളള കാര്യം തുറന്ന് ഫലിതരസം കലർത്തി പറയാൻ അദ്ദേഹം കാണിച്ച
ധൈര്യം നിസ്തുലമാണ്.
പതിനൊന്ന് പുസ്തകങ്ങളായിട്ടാണ് സഞ്ജയന്റെ കൃതികൾ പ്രകാശിതമായിട്ടുള്ളത്.
അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് ഒരു പുസ്തകവും മരണാനന്തരം പത്ത് പുസ്തകങ്ങളും.
ആ ഒറ്റപ്പുസ്തകമാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം കൃതിയായിരുന്നതുമില്ല.
*ഷേക്സ്പിയറുടെ* _ഒഥല്ലോ_ നാടകത്തിന്റെ
വിവർത്തനമായിരുന്നു അത്.
മറ്റ് പുസ്തകങ്ങൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരം
_സിഎച്ച് കുഞ്ഞപ്പ_ പിന്നീട് പ്രസാധനം
ചെയ്യുകയായിരുന്നു.
_ആദ്യോപഹാരം_
_സാഹിത്യനികഷം_
_ഹാസ്യാഞ്ജലി_
സഞ്ജയൻ (ആറ് ഭാഗങ്ങൾ)
എന്നിവയാണവ.
എംആർ നായരുടെ കൃതികളിൽ അധികവും
ഹാസ്യകൃതികളാണ്.
പദ്യകൃതികളും ഗദ്യകൃതികളും
മിശ്രകൃതികളുമുണ്ടതിൽ.
മിശ്രകൃതികൾ മാത്രംതന്നെ
42 എണ്ണമുണ്ട്.
കഥാകഥനം, പാഠപുസ്തകം,
കത്ത്, പൊതുയോഗ റിപ്പോർട്ട്,
നാടകം, ഉപന്യാസം, പ്രസംഗം തുടങ്ങിയ സാഹിത്യരൂപങ്ങളെ
അദ്ദേഹം ഹാസ്യസാഹിത്യത്തിന് ഉപയോഗിച്ചു.
സാഹിത്യരംഗത്ത് പ്രവർത്തിച്ചിരുന്നവരെ നിയന്ത്രിക്കുന്നത് സമൂഹത്തോടുളള ബാധ്യതയായി അദ്ദേഹം
കണക്കാക്കിയിരൂന്നു.
_കലയോ സദാചാരമോ_
_വള്ളത്തോളും ദാസിയാട്ടവും_
_അവരുടെ മട്ട്_
_അങ്ങനെ വേണം_
_സഞ്ജയന്റെ കോപവും
ഷാരടിയുടെ താപവും_
തുടങ്ങിയ ലേഖനങ്ങൾ
ഉത്തമകവിയെന്ന് താൻതന്നെ ഗണിച്ച *വള്ളത്തോളിന്* നേർക്കുളള പരിഹാസശരങ്ങളാണ്.
വൈദ്യം, ജ്യോതിഷം തുടങ്ങിയ
വിഷയങ്ങളിലും കളരിപ്പയറ്റിലുമൊക്കെ അറിവുണ്ടായിരുന്നു സഞ്ജയന്.
ഈ വിഷയങ്ങളിലും അദ്ദേഹം
ഹാസ്യലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിപ്ലവക്കമ്പം,
മുതലാളിത്ത മനോഭാവം,
കമ്യൂണിസപ്ലേഗ്,
തുടങ്ങിയവയായിരുന്നു
അദ്ദേഹം ചികിത്സിച്ച പ്രധാന രോഗങ്ങൾ.
കോൺഗ്രസിന്റെ ഗ്രഹനില
പറഞ്ഞുകൊണ്ടായിരുന്നു
അദ്ദേഹം സഞ്ജയനിൽ
ജ്യോതിഷപംക്തി ആരംഭിച്ചത്.
ലോകരാഷ്ട്രീയരംഗവുമായി
ബന്ധപ്പെട്ട നിരവധി രചനകളും അദ്ദേഹം നടത്തി.
പത്രാധിപക്കുറിപ്പായ സഞ്ജയഭാഷണം
വിശ്വവീക്ഷണം
എന്നീ പംക്തികളിൽ യുദ്ധകാര്യം ചർച്ചചെയ്യുന്നതിനാണ് അദ്ദേഹം മുക്കാൽപങ്കും നീക്കിവച്ചിരുന്നത്.
പത്രസ്ഥലം ഉപയോഗശൂന്യമായി പോകാതിരിക്കത്തക്കവിധത്തിൽ ഒഴിവ് വരുന്ന സ്ഥലങ്ങളിൽ ഫലിതങ്ങളും ഫലിതകഥകളും
വാർത്താവീക്ഷണങ്ങളും അദ്ദേഹം സഞ്ജയനിൽ ചേർത്തിരുന്നു.
ഇവയിൽനിന്ന് നൂറെണ്ണം സഞ്ജയൻ ആറ് ഭാഗങ്ങളിലും കൂടി പ്രകാശിതമായിട്ടുണ്ട്.
മുപ്പത്തിയൊന്നാം വയസ്സുവരെ കവിതകളായിരുന്നു അദ്ദേഹം ഭൂരിഭാഗവും രചിച്ചിരുന്നത്.
ഹാസ്യത്തിന്റെ മേമ്പൊടിയില്ലാത്ത കവിതകൾ അവയിൽനിന്ന് തിരഞ്ഞെടുത്തതാണ്
*ആദ്യോപഹാരത്തിലുള്ളത്.* വിവിധ ആനുകാലികങ്ങളിൽ സഞ്ജയൻ എഴുതിയിരുന്ന ഹാസ്യകവിതകളിൽനിന്ന്
തിരഞ്ഞെടുത്ത 61 കവിതകളുടെ സമാഹാരമാണ്
*ഹാസ്യാഞ്ജലി.*
*കലാകാരന്റെ ലോകം*
ഈയൊരു തലക്കെട്ട്
എത്രപേർ ഓർക്കുന്നുണ്ട്.?
പഴയ പത്താംക്ലാസ്സിലെ മലയാള പുസ്തകത്തിൽ
എംആർ നായരെക്കുറിച്ച് അറിഞ്ഞത് ഈ അധ്യായത്തിൽക്കൂടിയായിരുന്നു. "സാഹിത്യനികഷം"
എന്ന പുസ്തകത്തിലെ ചെറിയൊരധ്യായം,
മനുഷ്യന്റെ ഭാവനയെ ആനന്ദിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന കലയുടെ ഉദ്ദേശ്യത്തെയാണ് മനസ്സിലാക്കിത്തരുന്നത്.
*പൂന്തിങ്കളിൽപ്പങ്കമണച്ചധാതാ-*
*വപൂർണ്ണതയ്ക്കേ വിരചിച്ചു വിശ്വം.*
*കെബി. ഷാജി. നെടുമങ്ങാട്.*
9947025309.
Comments
Post a Comment