*ഇന്ന് ഞമ്മടെ മോൻ പഠിക്കണ കോളേശിൽ ഞാൻ പോയെടീ...*

*എന്ത് വലിയൊരു കെട്ടിടം കണ്ട് ബാ പൊളിച്ച് പോയ്...*


കായലരികത്ത് വലയെറിഞപ്പോൾ...

എന്ന ട്യൂണിൽ മേല്പറഞ്ഞ വരികൾ ഒന്ന് ചൊല്ലി നോക്കുക,

1978--79 വർഷം.

പ്രശസ്ത നടൻ _മോഹൻലാൽ_

ഗായകൻ _കാവാലം ശ്രീകുമാർ_

നടൻ _സന്തോഷ്_ എന്നിവർ *തിരുവനന്തപുരം* 

_മഹാത്മാഗാന്ധി കോളേജിൽ_ വിദ്യാർത്ഥികളായിരിക്കുന്ന കാലം.

ആർട്സ് ക്ലബ്ബിന്റെ കോളേജ് മാഗസീൻ പുറത്തുവന്നു.

നിരവധി വിഭവങ്ങൾ.

നടുത്താളിൽ ബി.എ.

രണ്ടാംവർഷ വിദ്യാർത്ഥിയായ ജയകുമാർ രചിച്ച ഒരു ലഘു കവിത _എംജി കോളേജിനെ_

പ്രകീർത്തിക്കുന്നതായിരുന്നു.

ഒരു കോഴിക്കോടൻ മാപ്പിള മകൻ പഠിക്കുന്ന കോളേജ് സന്ദർശിച്ച്, ബീവിയോട് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതാണ് ഉള്ളടക്കം.


*"ചൂടൻ രാമചന്ദ്രനെക്കുറിച്ച് അറിയണമെങ്കിൽ നീയൊക്കെ* 

*"എംജി കോളേജിലും"*

*ആർട്‌സ് കോളേജിലുമൊക്കെ*

*പോയി ചോദിച്ച് നോക്കെടാ"* 


1987 ൽ പുറത്ത് വന്ന _സെവൻ ആർട്‌സിന്റെ_ _പ്രിയദർശൻ_ ചിത്രമായ 

*ചെപ്പിലെ* _മോഹൻലാലിന്റെ_ 

ഒരു ഗംഭീരം ഡയലോഗ്.


_എം ജി. കോളേജിനെ_ പരാമർശിക്കുന്ന കാര്യങ്ങളായിരുന്നു മുകളിലെ

രണ്ട് പ്രതിപാദ്യങ്ങളിലും.

_തിരുവനന്തപുരം_ നഗരത്തിലെ *കറ്റച്ചൽക്കോണം*

(ഇന്നത്തെ  കേശവദാസപുരം)

എന്ന സ്ഥലത്ത് 

1948 ൽ *രാഷ്ട്രപിതാവിന്റെ* നാമത്തിൽ

*നായർ സർവ്വീസ് സൊസൈറ്റിയുടെ*

(എൻഎസ്സ്എസ്സ്)  ഉടമസ്ഥതയിലാരംഭിച്ച  കലാലയം ഉദ്ഘാടനം ചെയ്തത് 

*ജവഹർലാൽ നെഹ്റു.*

സമുദായാചാര്യൻ *മന്നവുമായി* ചേർന്ന് സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കങ്ങൾക്ക് (പ്രത്യേകിച്ച് എം ജി കോളേജ്,) ക്ഷീണമറിയാതെ പരിശ്രമിച്ച 

*കളത്തിൽ വേലായുധൻനായർ,*

ഒരു പക്ഷേ പുതുതലമുറ കേട്ടിട്ടില്ലാത്ത ഒരു പൊതുപ്രവർത്തകനാകാം.


എഞ്ചിനീയറിംഗ് പഠിക്കാനുള്ള തീരുമാനം മാറ്റി വക്കുമ്പോൾ താൻ കേരള രാഷ്ടീയത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നതെന്ന് 

കളത്തിൽ വേലായുധൻനായർ

എന്ന മിടുക്കൻ വിദ്യാർത്ഥി വിചാരിച്ചിരുന്നില്ല.

1930 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ

നിന്ന് ഒന്നാമതായി ഇന്റർമീഡിയറ്റ് ജയിച്ച വേലായുധന് *ബനാറസ്* സർവകലാശാലയിൽ

എഞ്ചിനീയറിംഗ് പ്രവേശനം

കിട്ടിയതാണ്.

പക്ഷേ വീട്ടിലെ സാമ്പത്തിക കുഴപ്പവും ബനാറസിലെ

സ്വാതന്ത്ര്യ സമരാന്തരീഷവും കാരണം അത് നീട്ടിവച്ച് വേലായുധൻനായർ യൂണിവേഴ്സിറ്റി കോളേജിൽ സയൻസ് ബിഎയ്ക്ക് ചേർന്നു.

1932 ൽ ബിഎ യും 

1934 ൽ നിയമ ബിരുദവും നേടിയ അദ്ദേഹം അഭിഭാഷകനും രാഷ്ട്രീയനേതാവുമായി

ജ്വലിച്ചുയർന്നു.

തിരുക്കൊച്ചിയിലെ മന്ത്രി.

എൻഎസ്എസ് പ്രസിഡണ്ട്

എന്നീ നിലകളിലും 

ഒരു താല്ക്കാലിക പ്രതിഭാസമായിരുന്ന 

*നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി*

(എൻഡിപി) ചെയർമാനായും അദ്ദേഹം കേരളത്തിന്റെ പൊതുജീവിതത്തിൽ നിറഞ്ഞു നിന്നു.


*കോട്ടയം* ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള 

*പെരുന്നയിലെ* 

_കളത്തിൽ_ വീട്ടിൽ 

1912 ജനുവരി 12 ന് വേലായുധൻനായർ ജനിച്ചു.

സാമൂഹിക പരിഷ്ക്കർത്താവായിരുന്ന *കൈനിക്കര ഗോവിന്ദപ്പിള്ളയുടെ* മകൾ 

_ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു_ മാതാവ്.

*പാറശാല* സ്വദേശിയും ഹെഡ്മാസ്റ്ററുമായ 

_സിആർ കൃഷ്ണപിള്ള_ അച്ഛനും.

ഒമ്പത് മക്കളിൽ എട്ടാമനായിരുന്ന വേലായുധൻനായർ അച്ഛന്റെ സ്ഥലംമാറ്റമനുസരിച്ച് *നാഗർകോവിൽ*

മുതൽ *ചെങ്ങന്നൂർ*

വരെയുള്ള വിവിധ സ്‌കൂളുകളിൽ പഠിച്ചു.

സ്കോളർഷിപ്പും 

സ്വർണ്ണമെഡലുകളും നേടിയ

ആ വിദ്യാർത്ഥി കലാലയ പഠനത്തിലും ആ നിലവാരം

കാത്ത് സൂക്ഷിച്ചു.


1934 ആഗസ്റ്റിൽ നായർ, തിരുവനന്തപുരത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

*തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്* നിലവിൽ വന്നതോടെ അദ്ദേഹം

രാഷ്ട്രീയ രംഗത്തേക്കിറങ്ങി.

ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ അറസ്റ്റിലായ അദ്ദേഹം

സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു.

ഒന്നരവർഷമായിരുന്നു

ശിക്ഷ. പക്ഷേ *മഹാരാജാവിന്റെ* പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച്

രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചതിനാൽ 35 ദിവസം കഴിഞ്ഞ് വേലായുധൻനായർ

മോചിതനായി. അക്കാലത്ത്,

ജയിൽശിക്ഷ കഴിഞ്ഞ വക്കീലന്മാർക്ക് പ്രാക്ടീസ് തുടരാൻ പാടില്ല എന്ന നിയമമുണ്ടായിരുന്നു.

സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ വേലായുധൻനായർ സജീവമായി.

പ്രാക്ടീസ് നിരോധന കാലയളവ് കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും അഭിഭാഷകക്കുപ്പായമണിഞ്ഞു. *പുന്നപ്രവയലാർ*

സമരത്തെത്തുടർന്ന് പല *കമ്യൂണിസ്റ്റ്* നേതാക്കൾക്കും വേണ്ടി കോടതിയിൽ വാദിച്ചത് 

വേലായുധൻനായരായിരുന്നു.

1949 ൽ തിരുവിതാംകൂറും 

കൊച്ചിയും സംയോജിപ്പിച്ച് തിരുക്കൊച്ചി സംസ്ഥാനം രൂപവത്ക്കരിച്ചപ്പോൾ വേലായുധൻനായർ

*എറണാകുളത്തെ* ഹൈക്കോടതിയിലേയ്ക്ക് പ്രവർത്തനം മാറ്റി.

ആ വർഷം 

"പിഎം.സരോജിനിദേവിയെ"

അദ്ദേഹം വിവാഹം ചെയ്തു.


1948 ൽ തിരുവിതാംകൂർ നിയമസഭാംഗമായി വേലായുധൻനായർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1952 ൽ തിരുക്കൊച്ചി നിയമസഭാ തെരഞെടുപ്പിൽ *പട്ടാഴി* മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു.

*എജെ ജോണിന്റെ*

നേതൃത്വത്തിലുണ്ടായ ആറംഗ മന്ത്രിസഭയിൽ ഗതാഗതം, പൊതുമരാമത്ത്, വൈദ്യുതി എന്നിവയുടെ മന്ത്രിയാവുകയും ചെയ്തു.

രണ്ട് വർഷമേ മന്ത്രിസഭ നിലനിന്നുള്ളു.

1954 ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ *പത്തനാപുരത്ത്* 

കമ്യൂണിസ്റ്റ് നേതാവായ 

*എംഎൻ ഗോവിന്ദൻനായരെ* തോല്പിച്ചു.

കേരള സംസ്ഥാനം നിലവിൽ വന്നശേഷം ഒരുതവണ ലോകസഭയിലേയ്ക്കും രണ്ട് തവണ നിയമസഭയിലേയ്ക്കും മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടു.


കളത്തിലിന്റെ പ്രധാന പ്രവർത്തന മണ്ഡലങ്ങളിലൊന്ന് 

എൻഎസ്എസ് ആയിരുന്നു.

തടക്കത്തിൽ സ്റ്റേറ്റ് കോൺഗ്രസിനെതിരായിരുന്നു 

എൻഎസ്എസ്.

സ്ഥാപകനായ _മന്നം._

ആ രാഷ്ട്രീയനയം മാറ്റണമെന്ന് ആഗ്രഹിച്ചിരുന്ന

സംപൂജ്യനായിരുന്നു. എൻഎസ്എസ് പ്രതിനിധി സഭാംഗമായതുമുതൽ കളത്തിലും അത് ആവശ്യപ്പെട്ടിരുന്നു.

1947 ൽ സൊസൈറ്റി നയം മാറ്റി കോൺഗ്രസിനോട് താല്പര്യം കാണിച്ചു.

1948 ൽ ബോർഡംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1948 - 52 കാലത്ത്  സൊസൈറ്റിയുടെ എഡ്യൂക്കേഷൻ കമ്മീഷണറായിരുന്ന അദ്ദേഹം കോളേജുകൾ 

സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.


1968 ഡിസംബർ 15 ന് എൻഎസ്എസ് പ്രസിഡന്റായി വേലായുധൻനായർ

തിരഞ്ഞെടുക്കപ്പെട്ടു.

മരണംവരേയും അദ്ദേഹം ആ

സ്ഥാനത്ത് തുടർന്നു.


ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 1969 ൽ

ഉണ്ടായ പിളർപ്പ് പലരുടേയുമെന്നപോലെ

വേലായുധൻനായരുടെ

രാഷ്ട്രീയ നിലപാടുകളിലും മാറ്റമുണ്ടാക്കി.

സംഘടനാ കോൺഗ്രസ്സിൽ ഉnച്ച് നിന്ന അദ്ദേഹം പിന്നീട് സജീവ രാഷ്ടീയം വിട്ടു.

പക്ഷേ 1973 ൽ 

എൻഎസ്എസിന്റെ നേതൃത്വത്തിൽ *എൻഡിപി*

രൂപവത്ക്കരിച്ചപ്പോൾ 

അതിന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്ത്കൊണ്ട്

അദ്ദേഹം രാഷ്ടീയരംഗത്ത് തിരിച്ചുവന്നു.


അഭിഭാഷകൻ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ മികച്ച നേട്ടങ്ങളാണ് 

വേലായുധൻനായരുടേത്.

മികച്ച അഭിഭാഷകനായിരുന്ന അദ്ദേഹം ആന്ധ്രാ അരി അഴിമതിക്കേസ്, 

*വിആർ കൃഷ്ണയ്യരുടെ* തെരഞ്ഞെടുപ്പ് കേസ്,

മലങ്കര സഭയുടെ പള്ളിക്കേസുകൾ തൂടങ്ങിയ പ്രശസ്തങ്ങളായ നിരവധി വ്യവഹാരങ്ങൾ വാദിച്ചു.

എൻഎസ്എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ ദീർഘകാലം സാരഥ്യം വഹിച്ച അദ്ദേഹം കേരള സർവ്വകലാശാലയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു.

സൊസൈറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന *കേരള സർവ്വീസ് ബാങ്ക്*

സിൻഡിക്കേറ്റ് ബാങ്കിൽ

1972 ൽ ലയിച്ചപ്പോഴാണ് അദ്ദേഹം *മണിപ്പാൽ*

ആസ്ഥാനമായുള്ള  ബാങ്കിന്റെ  ഡയറക്ടർ ബോർഡംഗമായത്.


*എന്റെ സഞ്ചാരപഥങ്ങൾ*

എന്ന കളത്തിലിന്റെ രസകരവും ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രവും

സന്ദേശങ്ങളും വിളമ്പുന്ന 

ആത്മകഥാ പുസ്തകം സമർപ്പിച്ചിരിക്കുന്നത് 

സമുദായാചാര്യനാണ്.

സ്വാതന്ത്ര്യസമരം കത്തിക്കാളുന്ന ഘട്ടത്തിൽ തിരുവനന്തപുരത്തെ  *തൈക്കാടുള്ള* കളത്തിലിന്റെ 

*സിആർ ലോഡ്‌ജ്*

പോരാളികളുടെ അഭയകേന്ദ്രമായിരുന്നു.

അക്കാലത്ത് ജീവിച്ചിരുന്ന

രാഷ്ട്രീയ പോരാളികൾ

തങ്ങളുടെ തേരോട്ടങ്ങളുടെ

കഥകൾ പറഞ്ഞപ്പോൾ

ലോഡ്ജിന്റെ ചരിത്രം

പറയാതെ പോയിട്ടില്ല. 


കഴിഞ്ഞ തലമുറയ്ക്ക് വിസ്മരിക്കാനാവാത്ത

ആ ക്രാന്തദർശി

1976 സെപ്തംബർ 1 ന് 

കഥാവശേഷനായി.

മഹാത്മാഗാന്ധി കോളേജ് 

ലൈബ്രറി മുറിയിലെ ചുമരിൽ പുഞ്ചിരി തൂകുന്ന ഛായാചിത്രം ഇന്നും സ്ഥാനചലനം കൂടാതെയിരിപ്പുണ്ട്.

പുതുതലമുറയിലെ പഠിതാക്കൾ അവിടേക്ക് എത്തിനോക്കുകതന്നെ വിരളം.!


പിന്നെയാണോ ???


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ