Sept_12_2010/ സ്വർണ്ണലത

 *പോവാമോ ഊർകോലം*

*ഭൂലോകം എങ്കെങ്ങും*

*ഓടും പൊന്നിയാറും*

*പാടും ഗാനനൂറും*


1991 ന്റെ പകുതിയിലാണ് 

ഈ തമിഴ്ഗാനം ജനഹൃദയങ്ങളിൽ ചേക്കേറിയത്. തമിഴ് ഗാനമാണെങ്കിലും പെൺസ്വരം മലയാളിയുടേത്.  പെൺസ്വരമാകുന്ന

ആ *മധുചന്ദ്രിക* അണഞ്ഞിട്ട് പത്ത് സംവത്സരങ്ങൾ തികയുന്നു. 

പാലക്കാട് നിന്ന് തമിഴ് ചലച്ചിത്ര ഗാനലോകത്തിലെത്തിയ 

*സ്വർണ്ണലത* യാണ്  

എസ്പി ബാലസുബ്രമണ്യത്തോടൊപ്പം ഇളയരാജയുടെ സംഗീതത്തിൽ എക്കാലത്തേയും  സൂപ്പർഹിറ്റായ *ചിന്നതമ്പി* എന്ന ചിത്രത്തിന് വേണ്ടി  മേൽവരികളിൽ തുടങ്ങുന്ന ഗാനമാലപിച്ചത്. 


തമിഴ് വേഗപ്പാട്ടുകളിലൂടെ

തെന്നിന്ത്യയുടെ മനം കവർന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സ്വർണ്ണലത, ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 

ചെന്നൈയ്ക്കടുത്തുള്ള  അഡയാറിലെ മലർ ആശുപത്രിയിൽ 

2010 സെപ്തംബർ 12 ന് 

നിര്യാതയായി.


*പാലക്കാട്* നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയിൽ കൊഴിഞ്ഞാമ്പാറയ്ക്ക്

മൂന്ന് കിലോമീറ്റർ മുന്നേയാണ് *അത്തിക്കോട്.* ഇതുവഴിയാണ് 

ചിറ്റൂർ- കോയമ്പത്തൂർ പാത

കടന്ന് പോകുന്നത്. അത്തിക്കോടിന് സമീപം കിഴക്കേപാറയിലാണ്

സംഗീതത്തെ  ആദരിച്ചിരുന്നതും ഇഷ്ടപ്പെട്ടിരുന്നതുമായ ഒരു സാധാരണ കുടുംബത്തിൽ, എലപ്പുള്ളി കെ.സി ചെറുകുട്ടിയുടേയും കല്യാണിയുടേയും  ഇളയപുത്രിയായി സ്വർണ്ണലത

1973 ജനുവരിയിൽ ജനിച്ചത്.

ലതയുടെ ബാല്യകാലത്ത് തന്നെ ജീവിതവൃത്തിക്കായി കുടുംബം കർണാടകയിലെ *ഭദ്രാവതിയിലേക്ക്* കുടിയേറി. ഈ കാലത്ത് *ഷിമോഗയിലെ* ഒരു സദസ്സിൽ യശ്ശശരീരനായ മഹാഗായകൻ 

*പിബി. ശ്രീനിവാസി* നോടൊപ്പംപാടാൻ  

ഏഴ് വയസ്സ്കാരി ലതയ്ക്ക് അവസരം ലഭിച്ചു. 


കടമിഴിയിൽ കമലദളവുമായി നട നടന്ന് പുലരിമഴ കൊണ്ടും  കൗമാരകാലത്ത്തന്നെ ലത പിതാവിന്റെ ഹാർമോണിയം വായിച്ച്‌ പഠിക്കാൻ തുടങ്ങി. കീബോർഡിലെ കട്ടകൾ ഓടിച്ചോടിച്ചമർത്തി ട്യൂണുകൾ മാന്ത്രികമായി സൃഷ്ടിക്കാൻ ബാലികയ്ക്ക് സാധിച്ചു. സംഗീതത്തിനോടുള്ള അഭിനിവേശം'

മനസിലാക്കിയ ലതയുടെ

*ഉടൻപിറപ്പാണ്* (സരോജ) ആദ്യ ഗുരുവായി സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ അഭ്യസിപ്പിച്ചത്.

ലോകത്ത് ഇന്നുപയോഗത്തിലുള്ള  ഏറ്റവും പഴക്കമേറിയ ഭാഷയായ *തമിഴ്* സംഗീത സാഹിത്യത്താലനുഗൃഹീതയാണ്. .

തമിഴ്ചലച്ചിത്ര ഗാനങ്ങളും അർത്ഥവത്താണ്. ഗാനശാഖയും സമ്പന്നമാണ്. പാട്ടുകളില്ലാത്ത തമിഴ് ചലച്ചിത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം.


ഭദ്രാവതിയിൽ നിന്നും ലതയുടെ കുടുംബം *ചെന്നൈയിലേക്ക്* വന്നതോടെയാണ് ലതയ്ക്ക് ചലച്ചിത്ര പിന്നണിഗായികയായി  സ്ഥാനം പിടിക്കാനായത്. 

ഇശൈജ്ഞാനി ഇളയരാജ തമിഴ് സംഗീത രംഗം കയ്യടക്കിയിരിക്കുന്ന കാലം. കെ.എസ് ചിത്ര, എസ് ജാനകി, പി.സുശീല മുതലായ ഗായികമാർ കഴിയുന്നത്ര ചാൻസുകൾ നഷ്ടപ്പെടുത്താതിരിക്കുന്ന  സംഗീതലോകം.

1987 ലാണ് 

"കന്നിപ്പുമാനത്തെ വെള്ളിക്കിണ്ണവുമായി" 

ഗാനഗന്ധർവ്വനോടൊപ്പം ഒരു ഗാനം ലത പാടുന്നത്.  ആദ്യകാലഗാനങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കപ്പെട്ടില്ല. 

*ശ്രവണയുഗളാമൃതം കേനമേ ശ്രാവിതം* എന്നത് പോലെയായിരുന്നു ലതയുടെ ശാരീരം. 

കേൾക്കാൻ സുഖകരമായ വാർത്തകൾ കഠോരമായാലും

കേട്ട് പൂർണമാകുമ്പോൾ  മനക്ലേശമൊഴിഞ്ഞ് പോകും. 

കുയിൽനാദത്തിൽ അപ്രിയമായ ദോഷകരമായ സംഗതികൾ കേൾക്കുമ്പോൾ  ശ്രവണസുഖമാണെങ്കിലും മനക്ലേശം കലുഷിതമാകും.


1990 ൽ വിജയകാന്ത് നായകനായ *ക്ഷത്രിയൻ* എന്ന ചിത്രത്തിലെ

"മാലയിൽ യാരോ മനതോട് ശേർന്ത്" എന്ന ഗാനമാണ് തമിഴിൽ ഇങ്ങിനെയൊരു ഗായിക ഉദയം ചെയ്തിരിക്കുന്നതായി  കലാലോകമറിയുന്നത്.


1991 ലെ മണിരത്നം ചിത്രമായ *ദളപതിയിലാണ്* 

"അടി റാക്കമ്മാ കയ്യെത്തട്ട്" എന്ന ഗാനം 

എസ്പിബിയോടൊപ്പം സ്വർണ്ണലത പാടുന്നത്. 

മലയാളത്തിൽ നിന്നും മമ്മൂട്ടിയും 

മനോജ്കെജയനുമഭിനയിച്ച  ദളപതി വമ്പൻ വിജയമായിരുന്നു.

സെമിക്ലാസ്സിക്കൽ 

മെലഡിഗാനങ്ങൾ പാടാൻ അവസരം ലഭിക്കാത്തതിനാലാണോ   പാടാൻ കഴിയാത്തതിനാലാണോ എന്തോ ലതയുടെ സ്വരം വേഗപ്പാട്ടുകളായി മാറി.

1989 ൽ 

തേനിശൈതെൻട്രൽ ദേവയും 1982 ൽ എആർ റഹ്‌മാനും  രംഗത്ത് എത്തിയതോടെ ഈ വേറിട്ട ശബ്ദക്കാരിക്ക് പാട്ടുകൾ യഥേഷ്ടം ലഭിച്ചുതുടങ്ങി.

1993 ലെ ശങ്കറിന്റെ *ജെന്റിൽമാൻ* എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ച്,

1994 ലെ *കാതലൻ* എന്ന    സിനിമയിലെ മുക്കാല മുക്കാബലാ ഒ ലൈലാ ഗാനങ്ങൾ അടങ്ങിയ ആഡിയോ കാസ്സറ്റുകൾ 

ക്യൂ പാലിച്ച് നിന്ന് വാങ്ങിയ സന്ദർഭവുമുണ്ടായിട്ടുണ്ട്. 


റഹ് മാന്റെ തന്നെ *കറുത്തമ്മയിലെ*  "പോരാലെ പൊന്നുത്തായ്" ഗാനം ശ്രദ്ധിക്കുക!!  

അതീവശോകമാണ്  ഗാനത്തിന്. അവരുടെ ശബദത്തിന്റെ മാസ്മരികതയും ആകർഷകത്വവും  റിഥമനുസരിച്ച് പാടാനുള്ള കഴിവും ഇതിൽ വ്യക്തമാകും.  ഈ ഗാനം 1994 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.

വിവിധ ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അവിവാഹിതയായിരുന്നു.       മണിമുകിലായി പൊഴിഞ്ഞ ലതയുടെ വിയോഗം

സംഗീതലോകത്തിന് തീരാനഷ്ടമാണ്.


_മധുചന്ദ്രികേ നീ മറയുന്നുവോ_

(സാദരം)

_കടമിഴിയിൽ കമലദളം_

(തെങ്കാശിപ്പട്ടണം)

_വാർത്തിങ്കൾ തെല്ലല്ലേ_

( ഡ്രീംസ്)

_അല്ലിപ്പൂവിൻ കല്യാണം_

(പഞ്ചാബി ഹൗസ്)

_പൊട്ട് കുത്തെടീ പുടവ ചുറ്റെടീ_

(രാവണപ്രഭു)

__മണിമുകിലേ നീ പൊഴിയരുതേ_

(കൂബേരൻ)

തുടങ്ങിയവ ലത പാടിയ പ്രമുഖ മലയാള ഗാനങ്ങളാണ്.


അവർ പാടിയ കുറച്ച് തമിഴ് സിനിമാ ഗാനങ്ങളെ പരിചയപ്പെടുത്താതെ പോകുന്നത് ഭംഗിയല്ല.

_കാതൽ കടിതം_

(ചേരൻ പാണ്ഡ്യൻ)

_മലൈ കോവിൽ വാസനെ_

( വീരാ)

_ഉന്നൈ തൊട്ട് അള്ളിക്കൊണ്ട്_

(ഉന്നൈ നിനച്ചേൻ പാട്ട് പഠിച്ചേൻ)

_അന്തിയിലേ വാനം_ 

(ചിന്നവർ)

_കാലൈയിൽ കേട്ടത് കോയിൽമണി_

( ചെന്തമിഴ് പാട്ട്)

_കാട്ട്ക്കുയിൽ പാട്ട് കേട്ട്_

(ചിന്ന മാപ്പിളൈ)

_രാജാധിരാജനുക്കും തന്തിറങ്ങൾ_

(മന്നൻ)

_കാതലുക്ക് കൺകൾ ഇല്ലേ മാനേ_

(നാടോടിപ്പാട്ടുകാരൻ)

_കാനകരുങ്കുയിലേ കച്ചേരിക്ക്_

(പാണ്ടിദുരൈ)

_നൻട്രി ശൊല്ലവേ  ഉനക്ക്_

(ഉടൻപിറപ്പ്)


*മെല്ലിശൈമന്നൻ*  

*എംഎസ് വിശ്വനാഥൻ,* 

ഹിറ്റ്മേക്കർ

ശ്രീ പി.വാസു എന്നീ സർഗ്ഗധനരായ കലാകാരന്മാരെ തമിഴിന്  സമ്മാനിച്ച *എലപ്പുള്ളി* എന്നഗ്രാമം മറ്റൊരു *സാമന്തിപ്പൂവിനും* വിരിഞ്ഞ് സൗരഭം പടർത്തി പരിലസിക്കാൻ

വളക്കൂറുള്ള മണ്ണായി 

മാറിയത്കൊണ്ട്  ആശ്ചര്യപ്പെടേണ്ടതില്ല!!.


*നീ എങ്കേ എൻ അൻപേ*

*മീണ്ടും മീണ്ടും മീണ്ടും*

*നീ താൻ ഇങ്ക് വേണ്ടും*


*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള