August_31_2007/ ബി.എ.ചിദംബരനാഥ്

 *വെള്ളാരങ്കല്ല് പെറുക്കി ഞാനങ്ങൊരു* 

*വെണ്ണക്കൽ കൊട്ടാരം കെട്ടീ.* 

*ഏഴ് നിലയുള്ള* *വെണ്മാടക്കെട്ടിൽ ഞാൻ*

*വേഴാമ്പൽ പോലെ ഇരുന്നു.*


*നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ*

*സ്വപ്നത്തിൻ കളിയോടം കിട്ടി.*


ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ അഭിമുഖത്തിനെത്തിയ വിഖ്യാത വയലിൻ വാദകനും മ്യൂസിക്ക് ഫ്യൂഷൻ എന്ന സംഗീത വിസ്മയ പരിപാടിയിൽ പ്രഗത്ഭനുമായിരുന്ന, രണ്ട് വർഷങ്ങൾക്ക് മുമ്പ് മൺമറഞ്ഞ

*ബാലഭാസ്ക്കർ*

എന്ന സംഗീത പ്രതിഭയോട് അഭിമുഖം നടത്തിയയാൾ 

ഒരു നിർദ്ദേശം വച്ചു.

അങ്ങ് വയലിനിൽ സമകാലീനമായ പല  ഗീതങ്ങളും വായിച്ച് പ്രേക്ഷകരെ കോരിത്തരിപ്പിച്ചു

കൊണ്ടിരിക്കുന്നു.

എന്തു കൊണ്ടാണ് പഴയ ഈണങ്ങളെ വയലിൻ വാദനത്തിൽ നിന്നകറ്റി നിറുത്തിയിരിക്കുന്നത്.?

പഴയ ചലച്ചിത്ര ഗാനങ്ങൾ ഇന്നും നെഞ്ചോട്‌ ചേർത്തുവയ്ക്കുന്ന മലയാളികളെ വിമർശന

ബുദ്ധിയോടെ കണ്ടിരുന്ന _ഭാസ്ക്കർ_ പെട്ടെന്ന് വയലിനെടുത്ത് മേല്പറഞ്ഞ വിഷാദഗാനത്തിന്റെ ഈരടികൾ  അതിമനോഹരമായി ആലപിച്ചു.

*എറണാകുളത്ത്* നടന്ന ഈ അഭിമുഖം അദ്ദേഹത്തിന്റെ വിയോഗനാളിൽ പുനസംപ്രേക്ഷണം ചെയ്തിരുന്നു.

കാമുകനാൽ വഞ്ചിതയായ

മാലതി(ശാരദ) യുടെ ആത്മഗതമാണ് 

ശ്രീമതി എസ്സ് ജാനകി  ശ്രോതാക്കളുടെ കണ്ണീർ ചിന്തുവാനായി *പകൽക്കിനാവ്*

എന്ന ചിത്രത്തിനായി 

പാടിയത്.


*കരയുന്നോ പുഴ ചിരിക്കുന്നോ?*

*കണ്ണീരുമൊലിപ്പിച്ച്* 

*കൈവഴികൾ പിരിയുമ്പോൾ:*

*കരയുന്നോ പുഴ ചിരിക്കുന്നോ?*


ഭാരതപ്പുഴയുടെ പശ്ചാത്തലത്തിൽ

_നിത്യഹരിത നായകൻ_ *പ്രേംനസീറിന്റെ* മുഖം.

നിസ്സഹായതയുടേയും വേർപാടിന്റെയും വേദനയുടേയും ഒരു ശോകഗാനം.

1965 ൽ പുറത്തുവന്ന *മുറപ്പെണ്ണ്* എന്ന ചിത്രത്തിൽ പ്രണയിച്ച സ്വന്തം മുറപ്പെണ്ണിനെ അമ്മാവന്റെ നിർബന്ധപ്രകാരം അനുജന് വിവാഹം കഴിച്ച് കൊടുക്കേണ്ടി വരുന്ന _ബാലൻ_ എന്ന ചെറുപ്പക്കാരന്റെ വേദന പ്രേക്ഷകർക്ക്, ശ്രോതാവിന് പകർന്നു തരുന്ന അനിതരസാധാരണ ഗാനം.

എംടിയുടെ കഥയും തിരക്കഥയും, *വിൻസന്റിന്റെ* സംവിധാനം.

*ഭാസ്ക്കരൻ* മാസ്റ്ററുടെ വരികൾ. *പഹാഡി* രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ഇങ്ങിനെ തുടരുന്നു.


*മറക്കുവാൻ പറയാനെന്തെളുപ്പം?*

*മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം!.*


എത്ര മറക്കാൻ ശ്രമിച്ചാലും നമ്മെ പിന്തുടരുന്നു ഈ ഗാനം, ഈ ഈണം ഒരുക്കിയ അതുല്യ പ്രതിഭ മറ്റാരുമല്ല.

ഭൂതപ്പാണ്ടി അരുണാചലം ചിദംബരനാഥ് എന്ന 

*ബി.എ. ചിദംബരനാഥാണ്.*

മലയാള ചലച്ചിത്ര ഗാനശാഖയുടെ  ചരിത്രമെഴുന്ന ഒരാൾക്ക് 

ഒരു നിയോഗമനുഷ്ഠിക്കുന്ന മനസ്സുമായി കൗതുകത്തോടെ

ചെന്നെത്തുന്ന ശൃംഗങ്ങളിലല്ല 

ചിദംബരനാഥിന്റെ ഇരിപ്പിടം.

ഒരു സംഗീത സംവിധായകനായി ഹിറ്റ് ഗാനങ്ങൾ ഒന്ന് രണ്ടാഴ്ചയോളം ഹൃദയങ്ങളിൽ തങ്ങിനില്ക്കുന്ന രീതിയിൽ സൃഷ്ടിക്കുവാൻ വർത്തമാനകാലത്തിലെ സംഗീത വിദ്വാന്മാർ നവീനങ്ങളായ തന്ത്രങ്ങളുപയോഗിച്ച് തോറ്റ് പിന്മാറുന്നു. മാത്രമല്ല കർണ്ണശൂലാഭമായ മുഖരിതങ്ങൾ വരികളുടെ സാഹിത്യഗുണങ്ങൾ വിസ്മരിക്കുകയും ചെയ്യുന്നു

 

കുറച്ച് നാളുകൾക്ക് മുമ്പ്

നമ്മെ വിട്ട് പിരിഞ്ഞ സംവിധായകൻ 

*ബാബുനാരായണൻ*

1996 ൽ കൂട്ടുകാരനായ അനിൽകുമാറുമായി ചേർന്ന് സംവിധാനം ചെയ്ത 

ജയറാം നായകനായി അഭിനയിച്ച *അരമനവീടും അഞ്ഞൂറേക്കറും* എന്ന ചിത്രത്തിനായി പുത്രൻ *രാജാമണിയുമൊത്ത്* ഗാനങ്ങളൊരുക്കിയ ചിദംബരനാഥ് 

2007 ആഗസ്റ്റ് 31 ന് ആരും കാണാത്ത കരയിൽ ചെന്നെത്തി.

അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 13 വർഷങ്ങൾ.

 

*നെടുമങ്ങാട്* നിന്ന് തമിഴ്നാട്ടിലെ _കുലശേഖരം_

എന്ന സ്ഥലം വഴി (പണകുടി) തിരുനെൽവേലിയിലേക്ക് പോകുന്ന പാതയിലാണ് അഗസ്ത്യകൂട പർവ്വതനിരയ്ക്ക് സമീപമുള്ള പ്രകൃതിഭംഗിയനുഗ്രഹിച്ച   മനോഹരമായ *ഭൂതപ്പാണ്ടി* എന്ന ഗ്രാമം.

1924 മാർച്ച് 19 ന് സംഗീത വിദ്വാനായ _അരുണാചലം അണ്ണാവിയുടേയും_ _ദേവമ്മാളിന്റേയും_  മകനായി ചിദംബരനാഥ് ജനിച്ചു.

കർണ്ണാടക സംഗീത വിദ്വാനായിരുന്ന പിതാവിൽ നിന്നും ബാല്യത്തിൽത്തന്നെ സംഗീതമഭ്യസിച്ചു.

പിന്നീട് *മുത്തയ്യാ ഭാഗവതരിൽ* നിന്ന് സംഗീതവും മൃദംഗവും അഭ്യസിച്ചു. ഭാഗവതരുടെ കച്ചേരികൾക്ക് മൃദംഗം വായിക്കുകയും ചെയ്തു.

"നാഗമണി മാർത്താണ്ഡൻ നാടാർ," "കുംഭകോണം രാജമാണിക്കൻപിളള" എന്നിവരിൽ നിന്നും വയലിനും

അഭ്യസിച്ചു. 

പ്രശസ്ത സംഗീത വിദ്വാനായിരുന്ന  

*എംഎം ദണ്ഡപാണി ദേശികരുടെ* കച്ചേരിക്ക് 

വയലിൻ വായിക്കുന്ന

ചിദംബരനാഥിനെ

സംഗീതസംവിധായകൻ

*സിഎൻ പാണ്ഡുരംഗൻ* ശ്രദ്ധിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ

വഴിത്തിരിവായി.

1948 ൽ പുറത്ത് വന്ന 

*ഗോകുല ദാസി,*

*ജ്ഞാനസൗന്ദരി*

എന്നീ തമിഴ് ചിത്രങ്ങളിൽ

പാണ്ഡുരംഗന്റെ സഹോയിയായി.


1949 ൽ *കുഞ്ചാക്കോയും  കെവി. കോശിയും* _ഉദയായുടെ_ ആദ്യ ചിത്രമായ *വെള്ളിനക്ഷത്രം* നിർമ്മിച്ചു. _മിസ് കുമാരി_ നായികയായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ടാണ് ചിദംബരനാഥ് മലയാള സിനിമാ രംഗത്തെത്തുന്നത്.

അതിനടുത്ത വർഷം *സ്ത്രീ* എന്ന ചിത്രത്തിന് വേണ്ടിയും 

സംഗീതം നിർവ്വഹിച്ചു. ചിത്രങ്ങൾ വിജയമായിരുന്നുവെങ്കിലും

ഈ രണ്ട് ചിത്രങ്ങളിലേയും ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല.

കുറച്ച് വർഷങ്ങളിൽ നാഥിന്  മലയാളത്തിൽ ചിത്രങ്ങൾ ലഭിക്കുകയുണ്ടായില്ല.

അങ്ങനെ താൽക്കാലികമായി സംഗീതസംവിധാനം നിലച്ചു.

തുടർന്നാണ് ""ആൾ ഇന്ത്യാ റേഡിയോവിൽ" ഉദ്യോഗം ലഭിക്കുന്നത്.

"പി. ഭാസ്ക്കരനെ" ആകാശവാണിയിലെ ജീവിതകാലത്ത് പരിചയപ്പെട്ടത് വീണ്ടും 

സംഗീതലോകത്തേക്കുള്ള വാതിൽ അദ്ദേഹത്തിന്റെ മുന്നിൽ തുറന്നിടുകയായിരുന്നു.

1965 ൽ *ആർഎസ്സ് പ്രഭു*

നിർമ്മിച്ച് സംവിധാനം ചെയ്ത *രാജമല്ലി* എന്ന "പ്രേംനസീർ"

ചിത്രത്തിലൂടെയായിരുന്നു ചിദംബരനാഥിന്റെ 

രണ്ടാംവരവ്. 

"ചന്ദ്രതാരാ ഫിലിംസ്" വിതരണം ഏറ്റെടുത്ത രാജമല്ലിയിലെ ശാലീനവും ലളിതവുമായ വരികൾ ഉൾക്കൊള്ളുന്ന ഭാസ്ക്കരന്റെ  ഗാനങ്ങൾക്ക് 

അതിനെക്കാൾ മധുര ഈണങ്ങൾ നൽകി ചിദംബരനാഥ്‌ സംഗീത  സംവിധായകൻ എന്ന നിലയിലെ തന്റെ സ്ഥാനം മലയാള സിനിമയിലുറപ്പിച്ചു.


*കുന്നിന്മേലേ നീയെനിക്ക് കുടിലൊന്ന് കെട്ടീ,*

*കന്നിപ്പെണ്ണായ് കടന്നു ഞാൻ.*


ശാലീനതയുടെ പര്യായമായ

എസ് ജാനകിയുടെ നേർത്ത ശബ്ദത്തിൽ മേല്പറഞ്ഞ ഗാനം മലയാളികളിൽ ഒരു വല്ലാത്ത മധുരദുഖം പകർന്നു.

രാജമല്ലി എന്ന ചിത്രവും ഗാനങ്ങളും നല്ലതായിരുന്നുവെങ്കിലും 

"കുന്നിന്മേലേ" എന്നു തുടങ്ങുന്ന ഗാനം വേറിട്ട് നില്ക്കുന്നു.

ചിദംബരനാഥ്‌ വിശ്വവിേമോഹനനായ  ഈണങ്ങളുടെ പിതാവാണ് എന്ന് തെളിയിച്ച ചിത്രമാണ്

1966 ൽ എംടിയുടെ കഥയെ ആസ്പദമാക്കി 

എസ്എസ് രാജൻ സംവിധാനം ചെയ്ത *പകൽക്കിനാവ്.*

എംടിയുടെ തിരക്കഥയ്ക്ക് ഭാസ്ക്കരൻ രചിച്ച എല്ലാ ഗാനങ്ങളും ഏറെ പ്രിയപ്പെട്ടതായി.

അഭിനയ ചക്രവർത്തി _സത്യൻ_ ബാബു എന്ന സുഖലോലുപനും ധൂർത്തനുമായ ഒരു കഥാപാത്രത്തെയായിരുന്നു പ്രതിനിധാനം ചെയ്തത്.


*നൂപുരമിട്ടൊരു തിരകൾ കടലിൻ*

*ഗോപുരനടയിൽ വന്നല്ലോ*


*പകൽക്കിനാവിൻ പാലാഴിക്കരയിൽ,*


യേശുദാസിന്റെ സ്വർഗ്ഗീയ സുഗന്ധമുള്ള തരളമധുരമായ ശബ്ദത്തിൽ സത്യനും ശാരദയും അഭിനയിച്ച പകൽക്കിനാവിലെ സുന്ദരമായ ഗാനത്തിന്റെ ചില വരികൾ.ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് കൂടി പരാമർശിക്കാതെ പകൽക്കിനാവ് കാണരുതല്ലോ?

മോഹനം, സാരംഗം, ശ്രീരാഗം 

രാഗങ്ങളിലെ ഒരു ഗാനമാലിക.


*പീലിച്ചുരുൾമുടിയും  നീലത്തിരുവുടലും*

*ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ.*


എസ് ജാനകി എന്ന ഗായികയുടെ ഏറ്റവും നല്ല ഭക്തിഗാനം. സത്യന്റെ 

മുഖം ഷോട്ടിൽ തുടങ്ങിക്കൊണ്ടാരംഭിക്കുന്ന ഈ ശ്രീകൃഷ്ണ ഭക്തിഗാനം കേട്ടുണരാത്ത വിഷുപ്പുലരികൾ മലയാളികൾക്കന്യമാണ്.

ഈ ചിത്രത്തിലെ തന്നെ 

അതിമനോഹരമായ ഒരു താരാട്ട് പാട്ടും ഭഗവദ് സ്മരണ ഉണർത്തുന്നതായിരുന്നു.

പാട്ടിന്റെ സ്വരം കേട്ട് പാൽക്കടൽ മാനിനിയും പാർവ്വണ ചന്ദ്രികയെപ്പോലെ വരുമെന്ന് കുട്ടിയെ പാടിച്ച്

കേൾപ്പിക്കുന്നു.

വിഷാദ ഛായ തുളുമ്പുന്ന അവസാന വരികൾ ഇങ്ങിനെ പോകുന്നു.


*അന്ന്തൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ*

*മണ്ണും മനുഷ്യരും താരങ്ങളും.*


ഗോകുലം ഫിലിംസിന്റെ ബാനറിൽ 

ശ്രീ ഗോകുലം ഗോപാലൻ

രണ്ട് വർഷം മുമ്പാണ് കോടികൾ ചിലവിട്ട് തസ്ക്കരന്റെ കഥ ആധുനിക 

സാങ്കേതിക വിദ്യകളുപയോഗിച്ച് പറഞ്ഞത്.

കള്ളൻ കൊച്ചുണ്ണി എന്നു കേൾക്കുമ്പോൾത്തന്നെ മാലോകരുടെ മനസിൽ തെളിയുന്ന രൂപം 

മീശ ചുരുട്ടിയ സത്യന്റെ 

മുഖമാണ്. "കുടുംബിനി" പോലെയുള്ള

കുടുംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച

തോമസ് പിക്ചേഴ്സും നിർമ്മാതാവ് പി.എ തോമസും.

1966 ൽ തോമസ് സംവിധാനം

ചെയ്ത *കായംകുളം കൊച്ചുണ്ണിയിലും*

ഭാസ്ക്കരൻ ചിദംബരനാഥ് ഒന്നിക്കുകയായിരുന്നു.

ഗാനഗന്ധർവ്വൻ നാദമായും രൂപമായും ഉഷാകുമാരി എന്ന നടിയോടൊപ്പം 

കനകത്താൽ തീർത്തൊരു കളിത്തേരിലേറി പ്രണയസാമ്രാജ്യമായ അരമനയിലാണല്ലോ വന്നിറങ്ങിയത്.

യമുനാകല്യാണി രാഗത്തിലൊരുക്കിയ ഈ ഗാനത്തിന്റെ സൗരഭം 

പ്രേമപഞ്ചമിരാത്രിയിൽ  മാത്രമല്ല

ഇന്നും എന്നും 

ഒഴുകിവരുന്നു.

തസ്ക്കര കഥയായിരുന്നുവെങ്കിലും 

ഗാനങ്ങൾ പാടാനും ആടാനും അവസരമുണ്ടായത് ഗന്ധർവ്വനായിരുന്നു.

_ആറ്റ് വഞ്ചിക്കടവിൽ വച്ച്_

_നല്ല സുറുമ നല്ല സുറുമ_

തുടങ്ങിയ ഗാനരംഗങ്ങളിലും 

യേശുദാസ് പ്രത്യക്ഷനാകുന്നു.


ശ്രീ_പി. ജയചന്ദ്രൻ._

_എറണാകുളത്തെ_ "ചേന്ദമംഗലത്തിനടുത്ത" *പാലിയം* തറവാട്ടിലെ 

ഒരു തമ്പുരാൻ.

വേദിയിൽ ഗാനമാലപിക്കുന്ന ഈ ഗായകന്റെ ഭാവങ്ങൾ

ശ്രദ്ധിക്കുന്നവർക്ക് പൂർണ്ണമായി ബോധ്യമാകുന്ന ഒരു പ്രത്യേകത, ഈ ഗായകൻ പാടുന്ന ഗാനത്തിലെ വരികളിലുളള

സാഹിത്യത്തോടും ഭാവവുമായും പരമാവധി ഇഴുകിച്ചേർന്നുകൊണ്ട് 

സദസ്യരെ പിടിച്ചിരുത്തുന്ന രീതിയാണ്. .

ചലച്ചിത്രഗാന പിന്നണിയിൽ 

അമ്പത്തിമൂന്ന് വർഷങ്ങളായി പരിലസിച്ച് നില്ക്കുന്ന

ഈ ഭാവഗായകന്റെ അരങ്ങേറ്റം ചിദംബരനാഥിന്റെ ചിത്രത്തിലൂടെയായിരുന്നു.

മദിരാശിയിൽ ഒരു കമ്പനിയിൽ കെമിസ്റ്റായി ജയചന്ദ്രൻ ജോലി ചെയ്യുന്ന 

കാലം. *എംബിഎസ്സിന്റെ* ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു ഗാനമേള, നഗരത്തിൽ നടക്കുന്നു.

ഗാനഗന്ധർവ്വൻ മേളയിൽ വരാമെന്നേറ്റിരുന്നെങ്കിലും 

വന്നെത്തിയില്ല.

സന്ദർഭവശാൽ ജയചന്ദ്രൻ 

"പഴശിരാജയിലെ" 

*ആർകെ ശേഖർ* ഈണം നല്കിയ *ചൊട്ടമുതൽ ചുടലവരെ* എന്ന ഗാനം പാടുന്നു.  അന്നവിടെയുണ്ടായിരുന്ന "ശേഖർ" ഈ പുതിയ ഗായകനെ പിന്നണി ഗാനരംഗത്തേക്ക് 

ആനയിക്കുകയായിരുന്നു.

1967 ൽ _ചന്ദ്രതാരാ_ ഫിലിംസിനായി

_എസ്സ്എസ്സ് രാജൻ_ സംവിധാനം ചെയ്ത ചരിത്രകഥയായ 

*കുഞ്ഞാലിമരയ്ക്കാറിലെ*

"ഒരു മുല്ലപ്പൂമാലയുമായ്

നീന്തി നീന്തി നീന്തി വന്നേ"

എന്ന ഗാനം മറ്റൊരു ഗായികയായ പ്രേമലതയുമൊത്താണ് ആലപിച്ചത്.

തുടർന്ന് ചിദംബരനാഥിന്റെ ചിത്രങ്ങളിൽ പാടാനവസരം ജയചന്ദ്രന് ലഭിച്ചില്ല.

1968 ൽ *ശശികുമാർ* സംവിധാനം ചെയ്ത *വിദ്യാർത്ഥി* എന്ന ചിത്രത്തിലെ *വയലാറിന്റെ*

വരികളായ

"വാർതിങ്കൾ കണിവയ്ക്കും രാവിൽ, 

വാസനപ്പൂവുകൾ വിരിയും രാവിൽ"

ശ്യാമരാഗത്തിലുള്ള ഈ പ്രണയഗാനം  ബി.വസന്തയുമൊത്തായിരുന്നു പാടിയത്.

*പൊന്നാമ്പലേ നിൻ ഹൃദയം* 

*സിന്ദൂരചന്ദ്രനായ് ഞാനുണർത്തും*

(അരമനവീട് )

എന്ന ഗാനത്തിലായിരുന്നു ചിദംബരനാഥും ജയചന്ദ്രനും

ഒടുവിൽ ഒന്നിച്ചത് .


29 ഓളം ചിത്രങ്ങൾ.

160 ൽ പരം സിനിമാ ഗാനങ്ങൾ

ഈണമിട്ടവയിൽ എല്ലാം പേരെടുത്തില്ലെങ്കിലും ജീവിതം സംഗീതത്തിനായി സമർപ്പിച്ച 

ചിദംബരനാഥിനെ പെട്ടെന്ന്  മറക്കാനാകുമെന്ന് തോന്നുന്നില്ല.

മകൻ *രാജാമണി* പിതാവിന്റെ പാതയിലൂടെ നടന്ന് അത്ഭുതങ്ങൾ കാട്ടിത്തുടങ്ങിയെങ്കിലും കാലം കണ്ണടച്ചു.

2016 ൽ അക്കരെനിന്ന് വന്ന കൊട്ടാരം പോലെയുള്ള കപ്പലിൽ രാജാമണിയും യാത്രയായി.


"പത്തേമാരിയിൽ താലപ്പൊലിയുമായി  വന്നുവിളിക്കാനാണോ ?? ....."


*കെബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള