August_30_2015/ പി.ജി.രാധാകൃഷ്ണൻ

 *ഉല്ലാസത്തോടു* 

*ശാസ്ത്രമഭ്യസിക്കുമ്പോൾ* *മല്ലാസ്ത്രകളികളൊന്നും*

*ഇല്ലാതെയിരിക്കയെന്നല്ലോ* *ഗുർവനുവാദം*

*നല്ലാർമൗലിമാണിക്കക്കല്ലേ!* *നീ ക്ഷമിക്കേണം.*


1982 ലെ ഒരുത്സവക്കാലമാണെന്നാണ് ഓർമ്മ. (മീനമാസം) *തിരുവനന്തപുരം* ജില്ലയിലെ 

_പിരപ്പൻകോട്_ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്റെ  അഞ്ചാംദിനം,

*കോലിയക്കോട് വള്ളത്തോൾ സ്മാരക കഥകളിയോഗം* അവതരിപ്പിക്കുന്ന 

മേജർസെറ്റ് കഥകളിയാണ് പ്രധാന സ്റ്റേജ് പരിപാടി. കഥകൾ *ദേവയാനിചരിതം , നരകാസുരവധം* കഥകളിയുടെ ചടങ്ങുകൾ അവസാനിച്ച് കഥ തുടങ്ങി. സാധാരണ തെക്കൻ ദിക്കിൽ *താഴവന ഗോവിന്ദനാശാന്റെ* ഈ കഥയ്ക്ക് 

*ദേവയാനിചരിതം* എന്നാണ് പറയുക.

രണ്ടാമത്തെ രംഗം  ആരംഭിച്ചു.

കചൻ, ശുക്രാചാര്യർ ഉപദേശിച്ച് കൊടുത്ത ശാസ്ത്രങ്ങൾ ജാഗരൂകനായി  ഒരിടത്തിരുന്ന് പഠിച്ചു മനസിലാക്കാൻ ശ്രമിക്കുന്നു. ശുക്രമഹർഷിയുടെ പുത്രി *ദേവയാനി* അനുരാഗ വിവശയായി കചന്റെ മനസ്സിളക്കി തന്നിൽ കാമപരിതപ്തനാക്കാൻ ശ്രമം നടത്തുന്നു.

 *ഭൈരവി* രാഗത്തിലെ പതിഞ്ഞ പദം

*രാമണീയ ഗുണാകരാ! കാമ കോമളാകാര!* കേട്ടിട്ടും മതിവരാത്ത വല്ലാത്തൊരാലാപന ശൈലി എത്ര ഉച്ചസ്ഥായിയിൽ പാടുന്നതിനും പതർച്ചയില്ലാത്ത ഗായകൻ, ദേവയാനിയെക്കൊണ്ട് പൊറുതിമുട്ടിയ കചന്റെ താണു വീണുള്ള അപേക്ഷയായ

*നല്ലാർമൗലീ മാണിക്യക്കല്ലേ ക്ഷമിക്കേണം* എന്ന് ആവർത്തിച്ച്‌  ഉച്ചസ്ഥായിയിൽ പാടി നിറുത്തിയപ്പോൾ സദസ്സ് ആകമാനമിളകി. സന്തോഷത്താലുള്ള കരഘോഷം മുഴങ്ങിയപ്പോൾ ചേങ്ങിലയും കോലും സഹഗായകനെ ഏല്പിച്ച് അണിയറയിലേക്ക് പോയത് പ്രശസ്ത കഥകളി ഗായകനായ *കലാമണ്ഡലം രാധാകൃഷ്ണനായിരുന്നു.*


ഇന്ന് കലാമണ്ഡലം 

*പി.ജി രാധാകൃഷ്ണന്റെ* അഞ്ചാം 

ചരമദിനവാർഷികമാണ്. തിരുവനന്തപുരം *കൊല്ലം* ജില്ലകളിലെ ചില കഥകളി പ്രേമികൾ ഒരു പക്ഷേ അദ്ദേഹത്തെ  ഓർക്കുമായിരിക്കും. 

2015 ലെ നാലാംഓണദിവസം *മടവൂർ* 

വേമൂട് ജംഗ്ഷനിലെ 

വാടകവീട്ടിലാണ് അറുപത്തിരണ്ടാം വയസ്സിൽ

അനുപമനായ കഥകളി ഗായകൻ അരങ്ങൊഴിഞ്ഞത്.


പ്രശസ്ത കഥകളി വിചക്ഷണനും നിരൂപകനുമായ മൺമറഞ്ഞ *പ്രൊഫസർ അയ്മനം കൃഷ്ണക്കൈമൾ,*

1986 ൽ പ്രസിദ്ധികരിച്ച റഫറൻസ് ഗ്രന്ഥമായ *കഥകളി വിജ്ഞാനകോശ* ത്തിൽ കഥകളി കലാകാരന്മാർ എന്ന ഭാഗത്ത് _രാധാകൃഷ്ണനെ_ സംബന്ധിച്ച് 'ചെറിയൊരു വിവരണം മാത്രമെ 'നല്കിയിട്ടുള്ളു. _അനുപമനായ ഈ കഥകളി ഗായകൻ കലാമണ്ഡലം ഗംഗാധരന്റെ ശിഷ്യനാണ്_ എന്ന് മാത്രം.


സാക്ഷാൽ *ഗുരു ചെങ്ങന്നൂരും* ഇന്ത്യൻ സിവിൽ സർവ്വീസിലെ ഉദ്യോഗസ്ഥനുമായിരുന്ന യശ്ശശരീരനായ

*എംകെകെ നായരും* ചേർന്നാണ് 

*കപ്ളിങ്ങാടൻ* സമ്പ്രദായം കളരിയിൽ പരിശീലിപ്പിക്കാൻ *കിളിമാനൂരിനടുത്ത്*

പള്ളിക്കൽ പഞ്ചായത്തിലെ  _പകൽക്കുറിയിൽ_ *കലാഭാരതി കഥകളി അക്കാദമി* സ്ഥാപിക്കുന്നത്. _രാധാകൃഷ്ണൻ_  ഇവിടത്തെ അധ്യാപകനായിരുന്നു.


*ഭൂമിപാലകബാലൻതന്നെക്കണ്ടവർകളും*

*ആനന്ദാംബുധിതന്നിൽ*

*വീണുടൻ മുഴുകിനാർ.*


*കൊല്ലം* _കുണ്ടറ_ ഇളമ്പള്ളൂർ ക്ഷേത്രത്തിന് സമീപം പറങ്കിമാംവിള വീട്ടിൽ പരേതനായ _ഗോപാലപിള്ളയുടെയും_ _ഗൗരിക്കുട്ടിയമ്മയുടെയും_ 

എട്ട് മക്കളിൽ നാലാമനാണ് 

പിജി രാധാകൃഷ്ണൻ.

കുടുംബത്തിൽ ആർക്കും കഥകളിയുമായോ സംഗീതവുമായോ ബന്ധമുണ്ടായിരുന്നില്ല.

കുട്ടിക്കാലത്ത് ഇളമ്പള്ളൂർ ക്ഷേത്രത്തിൽ പുരാണ പാരായണം നടത്തിയ _രാധാകൃഷ്ണന്റെ_ 'ശബ്ദമാധുര്യം തിരിച്ചറിഞ്ഞ നാട്ടുകാരാണ് കലാമണ്ഡലത്തിലേക്കുള്ള വഴി തുറന്നത്.

കലാമണ്ഡലത്തിൽ *നീലകണ്ഠൻ നമ്പീശൻ,  ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കലാമണ്ഡലം ഗംഗാധരൻ*

*ശിവരാമൻനായരാശാൻ* എന്നിവരുടെ ശിഷ്യനായി കഥകളി സംഗീതമഭ്യസിച്ചു.


പത്തൊമ്പതാം വയസിൽ കളിയരങ്ങുകളിൽ പാടാൻ തുടങ്ങി. പദങ്ങളുടെ ഭാവം ജീവശ്വാസത്തിലാവാഹിച്ച് 

പിജി പാടുമ്പോൾ ആസ്വാദകർ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത  പുതുരസങ്ങൾ നുണയാൻ തുടങ്ങി. ഉയർന്നസ്ഥായിയിൽ പാടാനുള്ള കഴിവ് രാധാകൃഷ്ണനെ കഥകളി സംഗീതലോകത്ത് വേറിട്ടതാക്കി. *മാണിക്യക്കല്ലേ നീ ക്ഷമിക്കേണം* ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഒരാൾ മരണംവരെ അതു മറക്കുകയില്ല.

മാണിക്കക്കല്ലിന്റെ ദൈർഘ്യം

രാധാകൃഷ്ണൻ

നീട്ടിയത് പോലെ

മറ്റൊരു ഗായകനും

നീട്ടി ആലപിച്ചതായി കേട്ടിട്ടില്ല.


*ശക്തിയുള്ള പാട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പാട്ടിന് കിട്ടിയ വിശേഷണം*


പാട്ടിലെ ഈ തൻപോരിമ അരങ്ങുകൾക്ക്  പ്രിയപ്പെട്ടവനായി

പിജിയെ മാറ്റി. 

*കീചകവധം* കഥയിലെ 

_തമ്പിയുടെ_ 

അതി വിശിഷ്ടമായ കീചകന്റെ

ശൃംഗാര രംഗത്തിലെ  _ഹരിണാക്ഷി ജന മൗലിമണേ_ എന്ന പദം  *കാംബോജി* രാഗത്തിൽ 

പിജി പാടുന്നത് കേൾക്കാൻ ആസ്വാദകർ വേദികൾ 

തേടിയെത്തുമായിരുന്നു.

അസാധാരണമായ കഴിവുകളായിരുന്നു 

പിജിയുടെ സമ്പാദ്യം. കഥകളിയരങ്ങിലെ നാദവിസ്മയമായിരുന്നു രാധാകൃഷ്ണൻ. 

പ്രഗല്ഭരായ കഥകളി സംഗീതജ്ഞരോടൊത്ത് അരങ്ങുകളിൽ പാടാൻ ധൈര്യം കാണിച്ച കലാകാരനായിരുന്നു.


കഥകളി സംഗീതത്തിന് ആണത്തത്തിന്റെ കരുത്ത് പകർന്ന കലാകാരൻ, കഥകളിപ്പദങ്ങൾക്ക് സംഗീതത്തിനേക്കാളുപരി ഭാവത്തിനാണ് പ്രാധാന്യമെന്ന്  വിശ്വസിക്കുകയും അരങ്ങുകളിൽ അത് തെളിയിക്കുകയും  കഥകളിപ്പദങ്ങളെ ക്ലാസ്സിക്കൽ സംഗീതത്തിന്റെ പ്രൗഢിയോടെ കച്ചേരികളിൽ  അവതരിപ്പിക്കാനും മിടുക്കു കാട്ടി.


കലാമണ്ഡലം _കൃഷ്ണൻകുട്ടി_ എന്ന ഗായകനുമായിച്ചേർന്ന്  *മഞ്ജുതര* എന്ന ചടങ്ങിലെ രാഗവിസ്താരം,  അത്ഭുതത്തോടെ മാത്രമെ കണ്ടിരിക്കാവൂ.  

_കലാമണ്ഡലം രാധാകൃഷ്ണൻ_  

*വിഹിത പത്മാവതി* ആലപിക്കുമ്പോൾ തന്നെ സദസ് നിശബ്ദമാകും.  അനർഗളമായി വരുന്ന

ആ രാഗവിസ്താരം  അവസാനിച്ഛ് *മംഗളശതാനി* ചൊല്ലുമ്പോൾ അവാച്യമായ അനുഭൂതിയോടെ ആനന്ദാശ്രുക്കൾ തുടച്ചാണ് പ്രേക്ഷകർ മേളപ്പദം ആസ്വദിക്കാനൊരുങ്ങുന്നത്.  


എല്ലാവർഷവും തുളസിവന സംഗീത പരിക്ഷത്തിന്റെ (നവംബറിൽ തിരുവനന്തപുരം കോട്ടയ്ക്കകത്തു 

നടത്തിവരാറുളള) ദശദിന *കഥകളി മഹോത്സവത്തിൽ* പുതിയ കഥകൾ പാടിയിരുന്നത് രാധാകൃഷ്ണനായിരുന്നു.

*വെള്ളായണി നാരായണൻ  നായരുടെ*

_ശ്രീഅയ്യപ്പചരിതം_ കഥ _രാധാകൃഷ്ണനാണ്_ ആദ്യം രംഗത്ത് അവതരിപ്പിച്ചത്.

അതിൽ പന്തളരാജ്ഞിയെ ഉദരരോഗത്തിന്  ചികിത്സിക്കാനെത്തുന്ന വൈദ്യന്റെ പദം ആലപിച്ചത് ഇന്നും ഓർമയിലുണ്ട്.

*കുമ്പളങ്ങാ രസായനം അമ്പഴങ്ങാ പ്രമാണത്തിൽ ഒമ്പത് നാൾ കഴിച്ചെന്നാൽ കുമ്പ ചാടും മെലിഞ്ഞോനും.*

1986 ൽ നീലമ്പേരൂർ

രാമകൃഷ്ണൻനായർ

രചിച്ച *കർണവിജയം*

വിജെടി ഹാളിൽ

അരങ്ങേറുമ്പോഴും

പിജിയായിരുന്നു ഗായകൻ


പത്ത് വർഷം മുമ്പുവരെ കേരളത്തിലങ്ങോളമുള്ള കളിയരങ്ങുകളിൽ സജീവമായിരുന്നു പി ജി. *നെടുമങ്ങാട് കഥകളിക്ലബ്ബിലെ* സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

2015 മാർച്ചിൽ മടവൂർ വിളയ്ക്കാട് അഞ്ച് മൂർത്തി ക്ഷേത്രത്തിലെ അരങ്ങിൽ ദുര്യോധനവധത്തിനായിരുന്നൂ അവസാനമായി പാടിയത്.


കഥകളിയരങ്ങിൽ നിന്ന് _കലാമണ്ഡലം രാധാകൃഷ്ണൻനായർ_ *ധനാശി* പാടി പടിയിറങ്ങി. അദ്ദേഹം ഒഴിച്ചിട്ട ശൂന്യതയെ പൂരിപ്പിക്കാൻ

ഇനിയാര് എന്ന ചോദ്യമാണ് ആസ്വാദക മനസ്സിൽ ഇന്നുമുയരുന്നത്.!!!


കേരളത്തിൽ കഥകളി

അരങ്ങുകൾ ഏറ്റവും അധികം

ലഭിക്കുന്ന കൊല്ലം

തിരുവനന്തപുരം ജില്ലകളിലെ

ആട്ട വേദികളിൽ

നീലോല്പലകാന്തിയോടെ

നിറഞ്ഞ് നിന്ന ഈ

അതുല്യ കലാകാരനെ

വടക്കൻ അരങ്ങുകൾക്ക്

അധികം ദർശിക്കാനായില്ല.

പറഞ്ഞറിയിക്കാൻ

കഴിയാത്ത

പരമാനന്ദം അവർ പാരമാഗ്രഹിച്ചതുമില്ല.


ഒരു പക്ഷേ ഈ കുറിപ്പെഴുതിയ ആളിന് തോന്നിയിട്ടുണ്ട്, സംഗീതത്തിന്റെ ഏത് മേഖലയിൽ നിന്നായാലും

ഒരു കലാകാരനുപോലും രാധാകൃഷ്ണന്റെ കലാവൈഭവത്തിന്റെ ഏഴയലത്തെത്താൻ ജന്മങ്ങൾ ഇനിയും ജനിക്കേണ്ടി വരുമെന്ന്.


അതുല്യനായ കഥകളി ഗായകന്റെ സ്മരണയ്ക്ക് മുന്നിൽ അതീവ ദുഖത്തോടെ......


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള