August_29_1980/ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
*പ്രശാന്ത ലാവണ്യ മിയന്നഭൂവിൽ*
*വനാന്തലക്ഷ്മിക്കുടയോരൂമാറിൽ*
*കുതൂഹലത്തോടൊരു കുട്ടിമാനായ്,*
*കൂത്താടിയാലും മതിയായിരുന്നു.*
*പൂങ്കാവനപ്പൂച്ചെടിയിങ്കലീ ഞാൻ,*
*പൂവായ് പിറന്നാൽ മതിയായിരുന്നു....*
വർഷങ്ങൾക്ക് മുമ്പ്
നാലാംക്ലാസ്സിലെ മലയാള പുസ്തകത്തിൽ പഠിച്ച ചെറിയൊരു കവിതയിലെ അവസാന വരികളായിരുന്നു
മേല്പറഞ്ഞത്.
പാoത്തിന്റെ തലക്കെട്ട്
*"മതിയായിരുന്നു."*
*വെണ്ണിക്കുളം*
*ഗോപാലക്കുറുപ്പ്*
എന്ന പേരുള്ള മഹാകവിയുടെ
*കദളിവനം* എന്ന
കാവ്യസമാഹാരത്തിൽ നിന്നെടുത്ത ലാളിത്യവും സൗന്ദര്യവും തിളങ്ങിനില്ക്കുന്ന
ചെറുകവിതയ്‌ക്ക്ശേഷം
തുടർന്നുള്ള ഉയർന്ന ക്ലാസ്സുകളിൽ മഹാകവിയുടെ കവിതകൾ വളരെ വിരളമായേ പാഠഭാഗമായി കാണാനുണ്ടായിരുന്നുള്ളു.
സുവർണ്ണ സൗന്ദര്യമിയന്ന
കാവ്യരചനാ സാക്ഷാത്ക്കാരത്തിനായി രണ്ട് മഹാകവികൾ, ജീവിച്ചിരുന്ന കാലഘട്ടത്തിലെ സമകാലിനത,
സ്ഥലപ്പേരും
വ്യക്തിയുടെ പേരും ഈശ്വരനിയോഗംപോലെ പൊരുത്തപ്പെട്ടതിലെ പെരുമ,
(വെണ്ണിക്കുളം--ഇടശ്ശേരി) കാവ്യരചനയിൽ പുലർത്തിവന്ന ആർദ്രത, കവിതകളിൽ നിന്നുയരുന്ന സൗരഭം, കവിതകളിൽത്തിളങ്ങുന്ന
സദയത, ദേശീയത, ഗാന്ധിഭക്തി.
ലാളിത്യം, സൗന്ദര്യം , പ്രകൃതിസ്നേഹം എന്നിവയൊത്തിണങ്ങി നില്ക്കുന്ന മറ്റൊരു മഹാകവി, വെണ്ണിക്കുളത്തിനെപ്പോലെ *ഇടശ്ശേരി ഗോവിന്ദൻനായർ* മാത്രമെ ഉണ്ടായിട്ടുള്ളൂ എന്ന് ഈ
കുറിപ്പ് എഴുതുന്നയാൾ സംശയിച്ചിട്ടുണ്ട്.
*വിളിക്കേണ്ട വിളിക്കേണ്ട* *വിണ്ണിലേയ്ക്കില്ല ഞാൻ സഖേ..*
അസ്വാതന്ത്ര്യത്തേക്കാൾ വലിയ മരണമില്ല എന്നു വിശ്വസിച്ചിരുന്ന _മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്_
1980 ആഗസ്റ്റ് 29 ന് *പത്തനംതിട്ടയിൽ* നിര്യാതനായി.
*മുഗ്ദ്ധരാഗവിശേഷങ്ങൾ*
*മുളങ്കാടുകൾ മൂളവേ,*
കവിതയെ നിലാവ്പോലെ പരത്തുവാനും അതിനെ ആകർഷകമായൊരു വികാരമായി അനുഭവിപ്പിക്കുവാനും കഴിഞ്ഞ ശുദ്ധകവിതയുടെ പ്രയോക്താവായിരുന്നു "വെണ്ണിക്കുളം."
പ്രസന്നവും പ്രസാദപൂർണ്ണവുമാണ്
വെണ്ണിക്കുളത്തിന്റെ
കാവ്യശൈലി.
സമചിത്തതയോടെയും ശുഭപ്രതീക്ഷയോടെയും ജീവിതമുഹൂർത്തങ്ങളെ കാണാനും ആവിഷ്ക്കരിക്കാനുമായിരുന്നു അദ്ദേഹത്തിന് താല്പര്യം.
സാമൂഹികമായ അനീതികൾക്കെതിരെ ക്ഷുഭിതനാകുമ്പോഴും വാക്കിൽ സമനില തെറ്റാതിരിക്കുവാൻ വെണ്ണിക്കുളത്തിന് കഴിഞ്ഞു.
"ഒരു കുളുർമ, ഒരു മാർദ്ദവം, ഒരു മാധുര്യം"
വെണ്ണിക്കുളത്തിന്റെ കവിത വായിക്കുമ്പോൾ നമ്മുടെ ഹൃദയത്തിലുണ്ടാകുന്ന അനുഭവത്തെക്കുറിച്ച്
*എൻ. കൃഷ്ണപിള്ളയുടെ*
"കൈരളിയുടെ കഥയിൽ"
വിവരിക്കുന്നതിങ്ങനെയാണ്.
തെളിമയും പ്രസന്നതയുമുള്ള
ശൈലിയിലൂടെ മലയാള കവിതയിലെ സരളമായ
കാല്പനികതയുടെ പ്രതിനിധിയാണ് *വെണ്ണിക്കുളം.*
*വന്നു ചേരട്ടെ പോകട്ടെ*
*വളരെ ജന്മ നാളുകൾ.*
കവിത, കഥ, നാടകം, ജീവചരിത്രം, ആത്മകഥ, നിഘണ്ടു എന്നീ വിഭാഗങ്ങളിലായി 34 കൃതികൾ രചിച്ച *ഗോപാലക്കുറുപ്പ്*
1902 മേയ് 10 ന് തിരുവല്ല താലൂക്കിലെ വെണ്ണിക്കുളം കുടുംബത്തിൽ ലക്ഷ്മിക്കുഞ്ഞമ്മയുടേയും
ചെറുകാട്ട് മഠത്തിൽ
പത്മനാഭക്കുറുപ്പിന്റേയും മകനായി ജനിച്ചു.
മലബാറിൽ വെട്ടത്തുനാട്ടിലായിരുന്ന കുറുപ്പിന്റെ മൂലകുടുംബം ഹൈദരാലിയുടെ ആക്രമണകാലത്ത് തെക്കോട്ടോടി ഇടപ്പള്ളി രാജാവിനെ അഭയം പ്രാപിച്ചു.
നികുതി പിരിക്കേണ്ട ചുമതല നല്കി "അധികാരക്കുറുപ്പ്" എന്ന സ്ഥാനപ്പേരും ആയുധവിദ്യ പരിശീലിക്കാൻ കളരി നിർമ്മിച്ച് നല്കി "കളരിക്കുറുപ്പ്" എന്ന സ്ഥാനപ്പേരും ഇടപ്പള്ളി രാജാവ് ഈ കുടുബത്തിന് നല്കി.
എട്ട് സന്താനങ്ങളിൽ രണ്ടാമനായിരുന്ന ഗോപാലന്റെ സ്കൂളിലെ പേര് സിഎൻ ( ചെറുകാട്ട് മഠത്തിൽ നാരായണക്കുറുപ്പ്)
ഗോപാലക്കുറുപ്പ് എന്നായിരുന്നു.
മരുമക്കത്തായമനുസരിച്ചാണ് അമ്മാവനായ
നാരായണക്കുറുപ്പിന്റെ പേര് ഒപ്പം വന്നത്.
*മനുഷ്യ സേവനത്തിന്റെ*
*പാതയിൽപ്പദമൂന്നിയാൽ*
സംസ്കൃതത്തിലും ജ്യോതിശാസ്ത്രത്തിലും പണ്ഡിതനായ പിതാവായിരുന്നു ആദ്യ ഗുരു.
"സിദ്ധരൂപം," "ശ്രീരാമോദന്തം," "അമരകോശം," എന്നിവ പഠിച്ചതിന് ശേഷമാണ് സ്കൂളിൽ ചേർത്തത്.
*വള്ളംകുളം* മലയാളം സ്കൂളിൽ ചേർന്ന്
ഏഴാംക്ലാസ്സ് വരെ പഠിച്ച് വിജയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്കൂൾപഠനം നിർത്തി.ഒരു പ്രൈമറി സ്കൂളിൽ ആറ് രൂപ ശമ്പളത്തിന് പോലും ജോലിചെയ്തു.
ഒപ്പം പഠിത്തവും തുടർന്നു.
മലയാളം മുഖ്യ പരീക്ഷയും,
സംസ്കൃതം പഠിച്ച് _മദിരാശി_ സർവകലാശാലയുടെ
പരീക്ഷയും വിജയിച്ചു.
വെണ്ണിക്കുളം ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ മലയാളം പണ്ഡിറ്റായി ജോലി ലഭിച്ചു.
ഇവിടെ അധ്യാപകനായിരിക്കുമ്പോഴാണ് 1922 ൽ അദ്ദേഹം *ഭാഷാചന്ദ്രിക* എന്ന സാഹിത്യമാസിക ആരംഭിക്കുന്നത്.
പ്രമുഖരായ എഴുത്തുകാരെയൊക്കെ പരിചയപ്പെടാൻ ഇതുവഴി സാധിച്ചെങ്കിലും രണ്ട് വർഷം കൊണ്ട് നിലച്ച് പോയ മാസിക അദ്ദേഹത്തിനുണ്ടാക്കിയത് സാമ്പത്തിക ബാധ്യത മാത്രമാണ്.
1924 ൽ *തിരുവല്ല*
എംജിഎം
ഹൈസ്കൂളിൽ മലയാളം പണ്ഡിറ്റായി ജോലി ലഭിച്ചു.
*കണ്ടത്തിൽ കെ.എം. മാമ്മൻ മാപ്പിളയായിരുന്നു* സ്കൂൾ മാനേജർ.
ഇവിടെ അധ്യാപകനായിരിക്കുമ്പോൾ ഇംഗ്ലീഷും ഹിന്ദിയും പഠിച്ചു.
ഇക്കാലത്ത് _കെ.സി. മാമ്മൻ മാപ്പിളയുടെ_ ക്ഷണപ്രകാരം *മനോരമയിലെ* കാവ്യപരിശോധനാജോലിയും ചെയ്തുപോന്നു.
*മന്നിലെ സുഖദുഖങ്ങൾ*
*മനസാലേ മഥിച്ചു ഞാൻ.*
പതിനാറ് വയസുള്ളപ്പോൾ കാവ്യരചന ആരംഭിച്ചു.
ആദ്യമായി എഴുതിയത് ഒരു ഈശ്വരപ്രാർത്ഥനയായിരുന്നു.
അടൂരിൽനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന *യുവജനമിത്രം* മാസികയിൽ അത് അച്ചടിച്ചു വന്നു. തുടർന്ന് നിരന്തരമായ കാവ്യരചനയിലേർപ്പെട്ടു.
പ്രാസംഗികൻ എന്ന നിലയിലും പ്രസിദ്ധിനേടി.
1934 ൽ തിരുവല്ല _മേപ്രാൽ മങ്ങാട്ടുവീട്ടിൽ_ *മാധവിയമ്മയെ* വിവാഹം ചെയ്തു.
_തിരുവനന്തപുരം_ ഹസ്തലിഖിത ഗ്രന്ഥശാലയിൽ *ഭാഷാത്രൈമാസികം*
എന്ന ഗവേഷണ
പ്രസിദ്ധീകരണത്തിന്റെ പ്രവർത്തകരിലൊരാളായി
1949 ൽ ഉദ്യോഗം ലഭിച്ചു.
1955 ൽ മലയാളം ലെക്സിക്കൺ ഓഫീസിൽ സൂപ്പർവൈസർമാരിലൊരാളായി. തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് തമിഴും പഠിച്ചു.
1961 ജൂണിൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു. ചുറ്റുപാടുമുള്ള ജീവിതവും ചരിത്രവും ഐതിഹ്യവുമെല്ലാം കുറുപ്പ്
കാവ്യവിഷയമാക്കി.
ലളിതകോമള
പദാവലികളിലൂടെ സാമാന്യജനത്തിന് പ്രാപ്യമായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി.
*ചങ്ങമ്പുഴക്കവിതകളിലെ* സംഗീതാംശവും *വള്ളത്തോളിന്റെ* രചനാശില്പവും വെണ്ണിക്കുളത്തെ സ്വാധീനിച്ചിട്ടുണ്ട്.
ദേശീയതാ പ്രസ്ഥാനകാലത്ത് *ഗാന്ധിയുടെ* തത്വങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.
"ആരമ്മേ ഗാന്ധി,"
"ശാന്തിമണ്ഡലം,"
"ഗാന്ധി രാജ്യം,"
"സർവസ്വ ദാനം," "രാജഘട്ടം," "കർമ്മചന്ദ്രൻ"
തുടങ്ങിയ കവിതകൾ ഉദാഹരണം.
കുറേനാൾ ഗാന്ധിത്തൊപ്പി അദ്ദേഹം ധരിച്ചിരുന്നു.
1962 ൽ ഷഷ്ഠ്യാബ്ദ പൂർത്തിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ *കദളീവനത്തിൽ* ഉൾപ്പെടുത്തിയിട്ടുള്ള
"ആരമ്മേ ഗാന്ധിയിൽ" ഗാന്ധിജിയെ അവതരിപ്പിക്കുന്നതിങ്ങനെയാണ്.
*സത്യത്തെ ദൈവമായ്ക്കണ്ടു,*
*പൂജിച്ച പുരുഷോത്തമൻ.*
*പങ്കം തീണ്ടാത്ത കർമ്മത്താൽ,*
*തങ്കം പോലെ തിളങ്ങിയോൻ.*
വൈക്കം സത്യഗ്രഹകാലത്ത്
*സ്വരാജ്യഗീത* എഴുതി ആയിരം പ്രതി അച്ചടിച്ച് വിറ്റിരുന്നു.
*ദീന ദയാലോ രാമാ..... ജയ*
*സീതാ വല്ലഭ രാമാ...*
ആർഷഭാരതത്തിന്റെ മധുര ശബ്ദമായിരുന്നു _വെണ്ണിക്കുളം._
ഭാരതത്തിന്റെ വൈവിധ്യമാർന്ന തനിമ ഒരു ശുദ്ധജലതടാകംപോലെ ഉൾക്കൊണ്ട് അതിനെ
ദേശകാലാതിർത്തികളിലേക്ക്
പിന്നീടൊഴുക്കിപ്പരത്താനും
അദ്ദേഹത്തിന് കഴിഞ്ഞു.
സംസ്കൃതഭാഷയിൽ *വാല്മീകിമുനി* രചിച്ചുവെന്നു കരുതുന്ന ലോകത്തിലെ ആദികാവ്യമായ *രാമായണത്തെ* അധീകരിച്ച് ഹിന്ദിയിലുണ്ടായ *രാമചരിതമാനസം*
രചിച്ചത്
_ഉത്തർപ്രദേശിലെ_ *രാജാപ്പൂരിലെ*
ഒരു ബ്രാഹ്മണ
കുടുംബത്തിൽ ജനിച്ച *തുളസിദാസായിരുന്നു.*
ഭക്തിയുടെ പാരമ്യതയിൽ _ശ്രീരാമചന്ദ്രചരിതം_
ഭഗവദ് പാദാരാധനയ്ക്ക് ഉപയുക്തമാകാൻ തുളസി
ആദികാവ്യത്തിന്റെ സ്വതന്ത്ര വിവർത്തനമായ രാമചരിതമാനസത്തിൽ പരമാവധി ശ്രദ്ധിച്ചിരിക്കുന്നു. കഥാഗതിയിൽ തുളസിദാസൻ സാരമായ ഇഷ്ടാനിഷ്ടങ്ങൾ സ്വീകരിച്ചിട്ടുണ്ട്..
(ലക്ഷ്മണൻ, മാരീചന്റെ ദീനസ്വനം കേട്ട് പർണശാലയിൽ സീതാദേവിയെ തനിച്ചാക്കി പോകുന്ന വേളയിൽ രക്ഷയ്ക്കായി ദേവിയെ ചുറ്റി വൃത്തം വരച്ചിട്ട് പോകുന്നത് പോലെയുള്ള ഭാഗങ്ങൾ)
_രാമചരിതമാനസത്തിന്റെ_ സമ്പൂർണ്ണ പദ്യ വിവർത്തനമായിരുന്നു
1968 ൽ മഹാകവി നിർവ്വഹിച്ചത്.
സാഹിത്യ അക്കാഡമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാമായണം തർജ്ജമ നിരവധി അംഗീകാരങ്ങൾ കുറുപ്പിന് നേടിക്കൊടുത്തു.
കേരള ഹിന്ദി പ്രചാര സഭയുടെ *സാഹിത്യ കലാനിധി,*
ദേവസ്വംബോർഡിന്റെ *കലാരത്നം,*
ആദ്യത്തെ *ഓടക്കുഴൽ* അവാർഡ്, _കാൺപൂർ സർവ്വകലാശാലയുടെ_ ഡോക്ടറേറ്റ് എന്നിവയാണവ.
*മത്തകോകിലമെന്നോണം* *പാടേണം പലഗീതകം.*
സർ _എഡ്വിൻ ആർനോൾഡിന്റെ_ എട്ട് കാണ്ഡങ്ങളുള്ള
*ലൈറ്റ് ഓഫ് ഏഷ്യാ*
എന്ന കൃതിയുടെ അഞ്ച് കാണ്ഡങ്ങൾ *ബുദ്ധചരിതം*
എന്ന പേരിൽ *ആശാൻ*
പരിഭാഷപ്പെടുത്തിയിരുന്നു.
ആറ് ഏഴ് കാണ്ഡങ്ങൾ കുറുപ്പ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു.
1052 ൽ _തിരുവള്ളുവരുടെ_ *തിരുക്കുറൽ* പരിഭാഷപ്പെടുത്തി.
തമിഴ് ദേശീയകവി
*സുബ്രഹ്മണ്യഭാരതിയുടെ*
109 കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമിക്ക് വേണ്ടി തർജ്ജമ ചെയ്തു.
"പുഷ്പവൃഷ്ടി," "വസന്തോത്സവം,"
"ജഗൽ സമക്ഷം," "മാനസപുത്രി," "സരോവരം,"
"വെള്ളിത്താലം," "കേരളശ്രീ,"
"വെളിച്ചത്തിന്റെ അമ്മ,"
"സൗന്ദര്യപൂജ," "അമൃതാഭിഷേകം," "കദളീവനം," "മാണിക്യവീണ,"
"പൊന്നമ്പലമേട്," "കാമസുരഭി," "മണിവിളക്ക്,"
"സ്വർണ്ണ സന്ധ്യ,"
"കലയുടെ മണ്ണിൽ" എന്നിവ വെണ്ണിക്കുളത്തിന്റെ മുഖ്യ കവിതാ സമാഹാരങ്ങളാണ്.
*നീലജലത്തിലെ പത്മം,*
*വിജയരുദ്രൻ* എന്നീ നോവലുകൾ മനോരമയ്ക്ക് വേണ്ടി _കെ.എം സഖറിയായും_ ചേർന്ന് രചിച്ചവയാണ്.
1974 ൽ ആത്മകഥയായ
*ആത്മരേഖകൾ* പ്രസിദ്ധീകരിച്ചു.
_കഥാ നക്ഷത്രങ്ങൾ_
_ജാതക കഥകൾ_
തച്ചോളി ഒതേനൻ_
(കഥാ സമാഹാരങ്ങൾ)
_കാളിദാസന്റെ കണ്മണി._
_പ്രിയംവദ,_
_ഭർത്തൃപരിത്യക്തയായ ശകുന്തള_ (നാടകങ്ങൾ) എന്നിവ മറ്റ് കൃതികളിൽ ഉൾപ്പെടുന്നു.
*കൈരളി കോശം*
എന്നൊരു നിഘണ്ടുവും നിർമ്മിച്ചിട്ടുണ്ട്.
1949 ൽ *കൊച്ചി രാജാവിൽ* നിന്ന്
സാഹിത്യനിപുണ ബിരുദവും
സുവർണമുദ്രയും ലഭിച്ചു.
*മാണിക്യവീണയ്ക്ക്*
1966 ലെ കേരളസാഹിത്യ അക്കാദമി അവാർഡും *കാമസുരഭിക്ക്*
1974 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
*രമ്യഹർമ്മ്യങ്ങളെപ്പോലെ*
*രമ്യ ശൈലങ്ങൾ നിൽക്കവെ.*
വെണ്ണിക്കുളത്തിന്റെ മിക്ക കവിതകളും ദ്രാവിഡ വൃത്തതിലാണ്.
ആഴത്തിലുള്ള ഭാവഘടനയോ
ആശയങ്ങളോ ഭാവനകളോ
ആ കവിതകളിൽ കാണാനാവില്ല.
""പഴകിയ കാവ്യ സങ്കേതങ്ങളെ പുതുശോഭയോടുകൂടി പ്രയോഗിക്കാൻ നിപുണനാണ്""
വെണ്ണിക്കുളമെന്ന് പറയുന്ന
_എൻ കൃഷ്ണപിള്ള_
അദ്ദേഹത്തിന്റെ രചനാരീതിയെ വിവരിക്കുന്നതിങ്ങനെയാണ്.
""കുറുപ്പ് ചിലപ്പോൾ ജീവിതത്തിന്റെ വിഷമതലങ്ങളിൽ കണ്ണടയ്ക്കുകയും വേദനിപ്പിക്കുന്ന വൃത്താന്തങ്ങളിൽ കൈവയ്ക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ അവയുടെ തീക്ഷ്ണതയും ഉഗ്രതയും കാലുഷ്യവും ചോർത്തിക്കളഞ്ഞ്
പ്രശാന്തമായിട്ടേ അദ്ദേഹം
കവിതകൾ അവതരിപ്പിക്കുകയുള്ളു.
ചിന്താദന്തുരതയോ
നവംനവങ്ങളായ കല്പനകളുടെ ഘോഷയാത്രയോ ഇല്ല."
ആധുനിക ഭാരതത്തിന്റെ ശുഭ ഭാവിയെക്കുറിച്ച് മഹാകവിക്ക് തെല്ലും ആശങ്കയില്ലായിരുന്നു.
നവലോകത്തിന് നാന്ദി കുറിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഭാരതമുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.
കവി, സമൂഹത്തിനോട് പ്രതിജ്ഞാബദ്ധനായിരിക്കണം എന്ന വീക്ഷണമായിരുന്നു വെണ്ണിക്കുളത്തിന്റേത്.
സാമൂഹിക പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുവാനും
ധാർമ്മികമൂല്യങ്ങളെ അനുശാസിക്കാനും കവികൾ സന്നദ്ധരാകണം എന്ന് കവി വിശ്വസിച്ചു.
അത് പ്രവൃത്തി പഥത്തിൽ കൊണ്ട് വരികയും ചെയ്തു.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉച്ചാടനം
ചെയ്യാനും കവികൾ തൂലിക ചലിപ്പിക്കണം.
ഒരു നാടിന്റെ നാമം കവിതയുടെ പര്യായമായി മാറ്റിയ ഈ കവി കാവ്യകേരളത്തിന്റെ പ്രസന്ന മുഖമാണ്.
മധുരവും സൗമ്യവും ദീപ്തവുമായിരുന്നു മഹാകവിയുടെ സരസ്വതി.
കവിയുടെ കാവ്യത്തെളിനീരിൽ പ്രതിബിംബിക്കാത്ത വിഷയങ്ങളില്ല.
എട്ടാം തരത്തിൽ, മലയാള പുസ്തകത്തിൽ
*നാഴികക്കല്ലുകൾ*
എന്നൊരു കവിത പഠിച്ചതിന്റെ
സുഗന്ധംപരന്ന ദിനങ്ങൾ മായുകയില്ല.
അന്ന് ആ പാഠഭാഗം
വളരെ തന്മയത്തത്തോടെയും
രസകരമായും
പഠിപ്പിച്ച നെടുമങ്ങാട്
ബോയ്സ് ഹൈസ്കൂളിലെ
അധ്യാപകൻ
വിശ്വംഭരൻ സാറിനേയും
ആദരവോടെ സ്മരിക്കുകയാണ്.
*വയസ്സ് കൂട്ടുവാൻ വേണ്ടി വന്നെത്തും ജന്മതാരകം.*
*വൈരിയാണോ? സുഹൃത്താണോ?*
*വളരെ സംശയിപ്പൂ ഞാൻ.*
_സർവ്വരും സംശയിക്കുന്നതും_
_ഭീതിപ്പെടുന്നതും ഇത് തന്നെ....._
*കെ.ബി. ഷാജി നെടുമങ്ങാട്.*
9947025309
Comments
Post a Comment