August_26_2000/ ബാലൻ.കെ.നായർ

 *കൊക്കാമന്തീ കോനാനിറച്ചി*

*ആരിക്ക് വേണം ആരിക്ക് വേണം?*

*കൊക്കാമന്തീ കോനാനിറച്ചി*

*ആരിക്ക് വേണം കോതക്ക് വേണം*

*കോതയെച്ചാടിപ്പിടിച്ചിട്ട് കോനാനെ*

*തോളത്തെടുക്കുവനാരാനുമുണ്ടെങ്കിൽ*

*വീരാ പേരൂപറയാമോ ?*


*ഞമ്മന്റെ ബാപ്പാ അബ്ദുൾ റസാക്ക്*

*ഞമ്മന്റെ ബാപ്പാ അബ്ദുൾ റസാക്ക്*


*ചിരിയോ ചിരിയിലെ*

_ബാലചന്ദ്രമേനോനെയും_ _മണിയൻപിള്ള രാജുവിനെയും_ മാത്രമല്ല

ഈ *അബ്ദുൾ റസാക്ക്* ഭയപ്പെടുത്തിയിരുന്നത്.

സിനിമാ ഹാളിനുള്ളിനുള്ളിൽ പ്രേക്ഷകർ ഈ നടന്റെ ഭാവങ്ങൾ ദർശിച്ച് പേടിച്ചരണ്ടിട്ടുണ്ട്.


*ഹിഡുംബൻ ചെല്ലപ്പൻ*


*യക്ഷിപ്പാറു* എന്ന ചിത്രത്തിലെ റൗഡിയും ഗജപോക്കിരിയുമായ  ചെല്ലപ്പന്റെ 

ചാരായ ഷാപ്പിലേക്കുള്ള ഒരു വരവുണ്ട്. ആ സീനൊന്നു

കാണുകതന്നെവേണം. ഒറ്റക്കണ്ണനായ ഹിഡുംബൻ, ഒടുവിൽ മനുഷ്യത്വമുള്ള 

നല്ല കഥാപാത്രമായി മാറുന്നു. 

_തീപ്പൊരി തങ്കപ്പൻ,_

_പട്ടാളം ചാക്കോ,_

_സഖാവ് കൃഷ്ണപിള്ള,_

_കണ്ണപ്പ ചേകവർ,_ 

_ചന്ത്രത്തിൽ പണിക്കർ,_

_ചുണ്ടപ്പൊയ്യിൽ മായൻകുട്ടി,_

_രാവണൻ,_

_മേല്പത്തൂർ ഭട്ടതിരി,_

_മൂത്ത മരയ്ക്കാർ._

_ബീരാൻ._


വ്യത്യസ്തതയുള്ള കുറച്ച് പേരുകൾ വെറുതെ കുറിച്ചതല്ല. 

*ബാലൻ കെ നായർ* എന്ന നാടക, ചലച്ചിത്രനടൻ

വേഷംകെട്ടി  സിനിമാസ്വാദകരിൽ വിസ്മരിക്കാനാവാത്തവിധം  അത്ഭുതവും, വിഭ്രമവും, സങ്കടവും, ദയയും 

ജനിപ്പിച്ച അനേകം കഥാപാത്രങ്ങളിൽ സൂക്ഷ്മതയില്ലാതെ പെട്ടെന്ന് തിരഞ്ഞെടുത്തതാണ് 

മുകളിൽ കണ്ടത്.


വില്ലനായിരുന്നു മലയാള സിനിമാപ്രേക്ഷകർക്ക് *ബാലൻ.കെ.നായർ.*

എന്നാൽ ജനപ്രിയ സിനിമയുടെ സ്ഥിരം വില്ലൻ ഇമേജിൽ തളച്ചിട്ടപ്പോഴും 

ഉന്നതമായ അഭിനയശേഷികൊണ്ട് അദ്ദേഹം മികച്ച നടന്മാരുടെ നിരയിൽ തന്റെ ഇടമുറപ്പിച്ചു.

നാടകത്തിലും സിനിമയിലും പരുക്കൻ ജീവിതഭാവങ്ങൾക്ക് പ്രകാശനം നൽകിയാണ്  അദ്ദേഹം മലയാളിയുടെ

പ്രിയനടന്മാരിലൊരാളായത്.


*നീണ്ട ഇരുപതാണ്ടുകൾ,*

*ഇരുപതാണ്ടുകൾ.*


സിനിമയിൽ കൈകാര്യം ചെയ്ത കഥാപാത്രങ്ങളുടെ ക്രൗര്യവും ദുഷ്ടതയും *ഈശ്വരനും* മറന്നില്ല.

അനാരോഗ്യം കാരണം അവശതയിൽ വലിയ രോഗങ്ങളുടെ പീഡയാൽ നരകതുല്യമായ ക്ലേശങ്ങൾ അനുഭവിച്ച് 2000

ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് 

സ്വകാര്യാശുപത്രിയിൽ അറുപത്തേഴാം വയസ്സിൽ

*ബാലൻ കെ നായർ* പരലോകപ്രാപ്തനായി.


*കോഴിക്കോട്* ജില്ലയിലെ *കൊയിലാണ്ടിയിൽ* ഇടക്കുളം കരിനാട്ട് വീട്ടിൽ 

_കുട്ടിരാമൻനായരുടെയും_

ദേവകിയമ്മയുടേയും മകനായി 1933 ലാണ് 

_ബാലൻ കെ നായർ_ എന്ന

ബാലകൃഷ്ണൻനായർ ജനിച്ചത്.

എട്ടാംക്ലാസ്സ് വരെ പഠിച്ചു.

പലചരക്ക് കച്ചവടവുമായി

അച്ഛൻ കോഴിക്കോട്ട്

വന്നപ്പോഴാണ് ബാലനും

കോഴിക്കോട്ടേക്ക് 

ചേക്കേറിയത്.

ഇളയച്ഛനായ അമച്വർ 

നാടകനടൻ *ചെറിയോമനനായരുടെ*

പാത പിന്തുടർന്നാണ്

കേവലം 14 വയസ്സുള്ളപ്പോൾ

അദ്ദേഹം അഭിനയരംഗത്തെത്തുന്നത്.

മലബാർ ക്രിസ്ത്യൻ കോളേജിനടുത്ത് മുത്തപ്പൻ

കാവിലും പരിസരങ്ങളിലുമായി 

ബാലൻ കെയും സുഹൃത്തുക്കളും നാടക പ്രവർത്തനങ്ങളാരംഭിച്ചു.

അന്ന് കോഴിക്കോട്ട് ശക്തി പ്രാപിച്ചിരുന്ന പ്രൊഫഷണൽ നാടകവേദിയലെ താരങ്ങളായ *കുഞ്ഞാണ്ടി,* *നെല്ലിക്കോട് ഭാസ്ക്കരൻ* തുടങ്ങിയവരോട് മത്സരിച്ച് മുന്നിലെത്താൻ അത്ര എളുപ്പമല്ലാഞ്ഞിട്ടും 

*സുഭാഷ് തിയേറ്റേഴ്സ്* എന്ന സമിതി സ്ഥാപിച്ച് അദ്ദേഹം നാടകങ്ങളവതരിപ്പിച്ചു.


അതോടൊപ്പം ജീവിക്കാൻ വേണ്ടി നഗരത്തിലെ പ്രശസ്തമായ _പാരഗൺ_ ഹോട്ടലിനരികെ ഒരു മോട്ടോർ വർക്ക്ഷോപ്പ് തുടങ്ങി.

പകൽ അവിടെ പണിയും രാത്രി നാടകവും നാടകറിഹേഴ്സലുകളുമായി 

തുടർന്നു. ഇതിനോടകം നടനെന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം മറ്റ് സമിതികളുടെ നാടകങ്ങളിലും

നടനാകാൻ അവസരം കിട്ടി.

1952 ൽ *തിക്കൊടിയന്റെ*

നേതൃത്വത്തിൽ സ്ഥാപിച്ച *ദേശപോഷിണി* കലാസമിതി

പുനരുജ്ജീവിപ്പിച്ചപ്പോൾ ബാലൻ കെ അതിലെ സജീവപ്രവർത്തകനായി.


എന്നാൽ സ്വതവേ തന്റേടിയും ആർക്കും വഴങ്ങാത്ത സ്വഭാവ പ്രകൃതവും മറ്റും 

നാടകസമിതികളിലെ പ്രവർത്തനങ്ങൾക്ക് ആദ്യമൊക്കെ അദ്ദേഹത്തിന് തടസ്സമുണ്ടാക്കി. 

പരിമിതികളും വഴക്കമില്ലായ്മയുമൊക്കെ ഉണ്ടായിട്ടും നിരന്തര സാധനയിലൂടെ _തിക്കൊടിയന്റെ_ _പ്രസവിക്കാത്ത അമ്മ,_, 

_കനകം വിളയുന്ന മണ്ണ്,_ 

*കെ.ടി.മുഹമ്മദിന്റെ* 

_ഇത് ഭൂമിയാണ്,_

_കറവറ്റ പശു,_ 

_മനുഷ്യൻ കാരാഗൃഹത്തിൽ_

_കാഫർ,_ _സൃഷ്ടി,_

*എകെ പുതിയങ്ങാടിയുടെ* 

_പ്രഭാതം ചുവന്നതെരുവിൽ_ 

*ടി ദാമോദരന്റെ* 

_ഉടഞ്ഞ വിഗ്രഹങ്ങൾ_

_ആര്യൻ അനാര്യൻ_

തുടങ്ങി ഒട്ടേറെ പ്രശസ്ത നാടകങ്ങളിൽ അതിശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച് മികച്ചനടനെന്ന നിലയിൽ അദ്ദേഹം സ്വയം  വാർത്തെടുത്തു.


കെടിയുടെ സൃഷ്ടി, _ഒഥല്ലോ_ ദാമോദരന്റെ ആര്യൻ അനാര്യൻ തുടങ്ങി ഏതാനും മികച്ച നാടകങ്ങൾ  നിർമ്മിച്ചങ്കിലും 

സുഭാഷ് തിയേറ്റേഴ്സ് 

ബാലൻ കെയ്ക്ക് ബാധ്യതയായി. എംടിയുടെ 

*മൂസാവരി ബംഗ്ലാവ്* എന്ന കഥയെ അധീകരിച്ച് എംടി, കെടി, തിക്കൊടിയൻ എന്നിവർ ചേർന്ന് രചിച്ച്,

*മ്യൂസിക്കൽ തിയേറ്റേഴ്സ്* നിർമ്മിച്ചവതരിപ്പിച്ച *കടലാസ് വിമാനം*

സിനിമാ സ്റ്റൈലിൽ നോട്ടീസൊക്കെ വിതരണം ചെയ്തും അവതരണത്തിലും അന്ന് കോഴിക്കോട്ട്‌ ചരിത്രമായി.

പിന്നീട് *സംഗമം, മലബാർ* തുടങ്ങിയ പ്രൊഫഷണൽ തിയേറ്റേഴ്‌സുകൾ സ്ഥാപിക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന് മുന്തിയ പരിഗണന കിട്ടി.

എന്നാൽ അറുപതുകളുടെ അവസാനമായപ്പോഴേക്ക് ബാലനിൽ സിനിമാ മോഹം അങ്കുരിച്ചിരുന്നു.

പ്രമുഖ ഹിന്ദിനടൻ *ദേവാനന്ദിന്റെ* ഡ്യൂപ്പായി

1969 ൽ _ശങ്കർമൂർത്തിയുടെ_ *സർഹദ്* എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്

ബാലൻ കെയുടെ ചലച്ചിത്രപ്രവേശം

അന്ന് കെടിയുടെ *കടൽപ്പാലം* _സേതുമാധവൻ_ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ അതിലൊരു റോളിന് പരിഗണിച്ചെങ്കിലും പിന്നീട് വിളിക്കാത്തത് അദ്ദേഹത്തിന് കടുത്ത മനോ വേദനയുണ്ടാക്കി.

അതേ കാലത്താണ് എംടിയുടെ *നിഴലാട്ടം* 

"എ വിൻസന്റും" 

*മാപ്പ് സാക്ഷി* 

"പിഎൻ മേനോനും" സിനിമയാക്കുന്നത്.

എംടിയുടെ താല്പര്യപ്രകാരം _നിഴലാട്ടത്തിൽ_ ചെറിയ വേഷമഭിനയിച്ചെങ്കിലും

1971 ൽ മാപ്പ്സാക്ഷിയിലായിരുന്നു ബാലൻ കെ മികച്ച കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടത്.


കഥാപാത്രത്തിനനുയോജ്യമായ ക്രൂരത പ്രകടിപ്പിച്ച മാപ്പ്സാക്ഷിയിലെ കഥാപാത്രത്തിലൂടെ  *ബാലൻ കെ നായർ* എന്ന അനുഗൃഹീത നടൻ മലയാള സിനിമയിൽ അട്ടഹസ്സിക്കുന്ന വില്ലൻ വേഷങ്ങളുടെ സ്ഥിരം ട്രാക്കിൽ വീണുപോവുകയായിരുന്നു.

ബാലൻ കെയുടെ ശക്തമായ ശാരീരിക ഘടന അദ്ദേഹത്തിന് ആവർത്തിച്ചാവർത്തിച്ച് വില്ലൻ കഥാപാത്രങ്ങളെ ലഭിക്കാൻ കാരണമായിരുന്നിരിക്കണം.

ഒരേ അച്ചിൽ വാർത്ത ഒട്ടേറെ കാമ്പില്ലാത്ത വില്ലൻ വേഷങ്ങളെ 

ആവർത്തിച്ചാവർത്തിച്ചവതരിച്ചപ്പോഴും ഒറ്റയ്ക്കും 

തെറ്റയ്ക്കും ചില അസാമാന്യ പ്രകടനങ്ങളിലൂടെ അദ്ദേഹം തന്റെ ജീനിയസ് കാട്ടുകയായിരുന്നെന്നും 

മറന്ന് കൂടാ.

കോഴിക്കോട്കാരിയായ

ശാരദയമ്മയെ വിവാഹം ചെയ്തതിന് ശേഷം അദ്ദേഹം സ്ഥിരതാമസം ഷൊർണ്ണൂരിന് സമീപമുള്ള *വാടാനാംകുറിശ്ശിയിലെ* _രാമങ്കണ്ടത്ത്_ വീട്ടിലായിരുന്നു.


*തീരില്ല... ഞാൻ.... ഞാൻ പിന്നെ വരില്ല* 

*അവനെ വിട്ട് നില്ക്കാൻ എനിക്കാവില്ല.*

*ഇവൻ.... ഇവനെന്റെ മകനാണ്*


1981 ൽ എംടി വാസുദേവൻനായരുടെ

*ഓപ്പോൾ* എന്ന ചിത്രത്തിലെ അവസാന രംഗം.

മാളു എന്ന കഥാപാത്രത്തിന്റെ ഈ വാക്കുകൾ കേട്ട 

ഭർത്താവ് ഗോവിന്ദൻകുട്ടിയുടെ മുഖത്തെ ഭാവങ്ങൾ.!

രോഷം, ദുഖം,  ധർമ്മസങ്കടത്തിലായ പരുക്കൻ പട്ടാളക്കാരൻ ഇളിഭ്യനായാണ് ആത്മസംതൃപ്തിയടയുന്നത്.

അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ബാലൻ കെ നേരിടേണ്ടിവന്ന അവഗണനയ്ക്ക് _സേതുമാധവനോട്‌_ മധുരമായി പ്രതികാരം ചെയ്യുകയായിരുന്നു 

_ഓപ്പോൾ_ എന്ന ചിത്രത്തിലൂടെ.

മധ്യവയസ്ക്കനായ മുൻ പട്ടാളക്കാരൻ, പരുക്കൻ ഗോവിന്ദൻകുട്ടി, 

ബാലൻ കെയുടെ അസാമാന്യമായ മേല്പറഞ്ഞ

ഒറ്റ സീനിലെ മുഖത്തെ ഭാവപ്പകർച്ചയിലൂടെ

*ഭരത് അവാർഡ്*  

മൂന്നാമതായി കേരളക്കരയിലേക്ക്.

_അപ്പു_ എന്ന ബാലനെ തോളിലേറ്റി മറയുന്ന, ഭാര്യയായ മാളുവിന്റെ മനസ് തിരിച്ചറിയുന്ന ഗോവിന്ദൻകുട്ടിയെ  അവതരിപ്പിച്ച

*ബാലൻ കെ* അതോടെ ചലച്ചിത്ര ലോകത്തെ ഒരു വിസ്മയമാവുകയായിരുന്നു.


*മരണത്തിന് മാത്രമെ എന്നെ തോല്പിക്കാൻ കഴിയുകയുള്ളൂ*


1980 നവംബർ 16 ഞായർ

*മദിരാശി* നഗരത്തിലെ പ്രാന്തപ്രദേശമായ *ഷോളാവാരം* മൈതാനം.


ധീരന്മാരായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംഘട്ടന രംഗങ്ങളിൽ 

ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം അഭിനയിക്കുന്ന അപൂർവ്വം ചില നടന്മാരിലൊരാളായിരുന്നു.

സാഹസികത ഇഷ്ടമായ ആ പ്രകൃതം ഒട്ടേറെ അപകടങ്ങളും അദ്ദേഹത്തിന് വരുത്തിവച്ചു.

സുഗുണാ സ്ക്രീനിന് 

വേണ്ടി *പിഎൻ സുന്ദരം* സംവിധാനം ചെയ്ത *കോളിളക്കം* എന്ന ചിത്രത്തിന്റെ നിർണായകമായ രംഗങ്ങളിലൊന്നായ കോപ്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന വില്ലൻ വേഷം ബാലൻ കെ നായർ ചെയ്തതിന്റെ പഴികൾ ഇന്നും തുടർക്കഥയാണ്‌.

*ജയനെ* ചവിട്ടിത്തള്ളിയിട്ട് കൊന്നതാണെന്ന് ഒരു പക്ഷം.

എന്ത് കൊണ്ട്

ബാലൻ കെയെ 

_വിജയാ ഹോസ്പ്പിറ്റലിൽ_ പ്രവേശിപ്പിച്ചില്ല

മറ്റൊരു പക്ഷം.

ഒരു പക്ഷേ _ജയന്റെ_ വിയോഗം ആശുപത്രി കിടക്കയിൽ കേട്ട് തരിച്ചിരുന്ന വാർത്ത മാത്രം ആർക്കും അന്ന് പറയാനുണ്ടായിരുന്നില്ല.


*"നീയ് കേൾക്കണണ്ടോ"?*

*"ഇനി വല്ലതും അധികാവുമ്പോൾ കുട്ട്യോളെ വിളിക്കേണ്ട."!*

*"അവർക്ക് നൂറ് തിരക്കാവും."* 

*"കമ്പീം ഫോണും വേണ്ട."*

*"കഴിഞ്ഞൂന്ന്  ഒറപ്പായാൽ അറിയിച്ചാൽ മതി."*


*ഐവി ശശി* എംടി കൂട്ടുകെട്ടിലെ മഹത്തായ സൃഷ്ടി.

*ആൾക്കൂട്ടത്തിൽ തനിയെ*

1985 ൽ സെഞ്ച്വറി ഫിലിംസ് നിർമ്മിച്ച ഈ ചിത്രം എംടിയുടെ 

*സ്വർഗ്ഗം തുറക്കുന്ന സമയം* എന്ന കഥയാണ്.

നല്ല നിലയിലുള്ള മക്കളുടെ അച്ഛനായ _"മാധവൻമാഷിനെ"_

മരിപ്പിക്കാൻ നടക്കുന്ന കുറെ മനുഷ്യരുടെ കഥ.

ശശിയുടെ ചിത്രങ്ങളിലെ ബാലൻ കെയുടെ ഉജ്ജ്വല കഥാപാത്രങ്ങളാണ്  അദ്ദേഹത്തിന് പ്രശംസയും പ്രസിദ്ധിയും നേടിക്കൊടുത്തത്.

*ആറാട്ട്*  എന്ന ചിത്രമാണ് തുടക്കം.

*അങ്ങാടി* *തുഷാരം* മുതലായവയിലെ വില്ലൻ വേഷവും *ഈനാടിലെ* _സഖാവ് കൃഷ്ണപിള്ള_

വേറിട്ട വേഷവുമാണ്.

ശ്രീ _ഹരിഹരൻ_ സംവിധാനം

നിർവ്വഹിച്ച *പഞ്ചമി* 

എന്ന ചിത്രത്തിൽ തുടങ്ങി _കണ്ണപ്പചേകവരായി_

 *ഒരു വടക്കൻ വീരഗാഥ* വരെ ഏഴോളം ചിത്രങ്ങളിലഭിനയിച്ചു.

തച്ചോളി കുഞ്ഞിഒതേനനെ പൊന്നിയം പടയിൽ ഒളിച്ചിരുന്ന് വെടിയുതിർത്ത് കൊന്ന വടക്കൻപാട്ടിലെ "ചുണ്ടപ്പൊയ്യിൽ മായൻകുട്ടിയെ" 

*തച്ചോളി അമ്പുവിൽ*  കഥാകൃത്ത് 

*എൻ ഗോവിന്ദൻകുട്ടി* നല്കിയ പ്രത്യേക പരിവേഷം നായർ അത്യുജ്ജ്വലമാക്കിയത് ഏറ്റവും നല്ല നടനുള്ള സംസ്ഥാന ബഹുമതിക്കർഹനാക്കി.

മുസ്ലീം കഥാപാത്രങ്ങളായി നിറഞ്ഞാടാനും അവരുടെ സംഭാഷണ ചാതുര്യം പകർത്താനും പ്രത്യേക 

സിദ്ധിവിശേഷം കൈവരിച്ച അഭിനേതാവാണെന്ന് 

സി. രാധാകൃഷ്ണന്റെ *അഗ്നി* എന്ന ചിത്രം മാത്രം മതിയാകും.

അവസാന ചിത്രമായ *കടവ്*

എന്ന ചിത്രത്തിലെ  തോണിക്കാരൻ *ബീരാൻ* 

മറ്റൊരു ഉദാഹരണം.

*പൊറ്റക്കാടിന്റെ* 

"കടവ്തോണി" എന്ന ചെറുകഥയെ എംടി 

കടവ് എന്ന പേര് നല്കി സ്വന്തം കഥയല്ലാത്ത ആദ്യ തിരക്കഥയാക്കുകയായിരുന്നു.


ബാലൻ കെ. നായരുടെ  അത്യുജ്ജ്വലമായ വേഷമെന്ന് ഈ കുറിപ്പെഴുതൂന്നയാൾ വിശ്വസിക്കുന്ന കഥാപാത്രം 

*ആലി മുസലിയാർ* ആണ് 

1981 ൽ "ശ്രീ സായ് പ്രൊഡക്ഷൻസിനായി" 

*എബി രാജ്* സംവിധാനം ചെയ്ത *അടിമച്ചങ്ങല* എന്ന ചിത്രത്തിൽ

ഫ്ലാഷ്ബാക്കിൽ തെളിയുന്ന

വള്ളുവമ്പ്രം ആലിമുസലിയാർ.

ബ്രിട്ടീഷ് കോടതി വധശിക്ഷ നടപ്പാക്കുന്ന സീൻ വിറയലോടെയായിരുന്നു കണ്ടത്.

എണ്ണിയാലൊടുങ്ങാത്ത വൈവിധ്യമാർന്ന പാത്രങ്ങളെ പ്രത്യേകമായി വിസ്തരിക്കുക പ്രയാസം.

1986 ൽ *ടി.പി. ബാലഗോപാലൻ എംഎ*

എന്ന ചിത്രത്തിൽ അർദ്ധരാത്രിക്ക് കുട പിടിക്കുന്ന കോൺട്രാക്ടർ

"രാഘവൻ പണിക്കരുടെ" വേഷം വലിയൊരു ചിത്രമാണ്. കാട്ടിയ കോപ്രായങ്ങൾ കണ്ട്‌.ചിരിച്ചിട്ടുണ്ട്.


നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളുടെ ഘടനയും, തന്മയത്വത്തോടെ അവതരിപ്പിച്ച് കൈയടി നേടിയതുമായ ചിത്രവിശേഷങ്ങൾ ധാരാളം ബാക്കി.

ഇരുപത് വർഷത്തെ ശൂന്യതയിൽ നിന്ന്

ബാലൻ കെ ഉപേക്ഷിച്ച് പോയ

കഥാപാത്രങ്ങളുടെ ഭാവഗംഭീരമായ അവതരണത്തിലെ ഔന്നത്യം

സിനിമാലോകത്തെ 

പുതിയ തമ്പുരാന്മാർ ഉൾക്കൊള്ളേണ്ടത്.


ഒരു മകൻ _മേഘനാഥൻ_

ചലച്ചിത്രരംഗത്ത്

സജീവമാണ്.

1988 ൽ പുറത്തിറങ്ങിയ

*അബ്കാരി* എന്ന

ചിത്രത്തിൽ വാസ്കോമാരുടെ

ചാരായ ഷോപ്പിൽ

വളരെ ഊർജ്ജിതമായി സാധനങ്ങൾ 

വിളമ്പുന്നതും വാസുവിന്റെ

ശകാരം കേൾക്കുമ്പോൾ

ഉണ്ടാകുന്ന ഭാവമാറ്റം

എത്ര തീവ്രതയോടെയാണ്

ബാലൻ.കെ അവിസ്മരണീയമാക്കിയത്.

ആ ഒരൊറ്റ കഥാപാത്രത്തിന്റെ

ദൈന്യതയും നിരാശയും തുളുമ്പുന്ന

ഭാവം ഇപ്പോഴും

ഓർക്കുന്നു.

*ഭരത് ബാലൻ. കെ. നായർക്ക്*

*പകരം????*


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള