*തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധം ചെയ്യുന്ന* *സ്വദേശാഭിമാനി എന്ന വർത്തമാനപ്പത്രത്തെ അമർച്ച* *ചെയ്യുന്നതും ആ പത്രത്തിന്റെ മാനേജിംഗ്‌ പ്രൊപ്പൈറ്ററും എഡിറ്ററുമായ* 

*കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടിൽ നിന്ന് നീക്കം* *ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമെന്ന് നമുക്ക്* *ബോധ്യപ്പെട്ടിരിക്കുന്നതിനാൽ*

*മേല്പറഞ്ഞ* 

*കെ. രാമകൃഷ്ണപിള്ളയെ*

*ഉടനെ അറസ്റ്റ് ചെയ്ത് നമ്മുടെ*

*സംസ്ഥാനത്തിന്റെ* 

*അതിർത്തിക്ക് പുറത്താക്കുകയും നാം*

*വേറെ വിധം* *ആജ്ഞാപിക്കുന്നതുവരേക്കും മേല്പറഞ്ഞ*

*രാമകൃഷ്ണപിള്ള നമ്മുടെ*

*സംസ്ഥാനത്തിൽ തിരികെ* *വരുകയോ പ്രവേശിക്കുകയോ ചെയ്യുന്നതിനെ വിരോധിക്കുകയോ* *ചെയ്യണമെന്ന് നാം ഇതിനാൽ ആജ്ഞാപിക്കുന്നു.*


1991 ഡിസംബർ മാസത്തിലെ ഒരു സായാഹ്നം.

ഐക്യജനാധിപത്യമുന്നണി സംസ്ഥാനം ഭരിക്കുന്നകാലം.

ഗതാഗത വകുപ്പ്,

*സ്വദേശാഭിമാനിയുടെ*

സ്മരണ നിലനിർത്താൻ

*നെയ്യാറ്റിൻകരയിൽ* നിന്നും *കണ്ണൂർ* നഗരത്തിനടുത്തുള്ള *പയ്യാമ്പലത്തേക്ക്*

സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച പച്ചസാരിയിൽ നടുവിൽ കുറച്ച് ഭാഗം

മഞ്ഞനിറം കലർന്ന  എക്സ്പ്രസ്സ്

ബസ്സ് പുഷ്പ ഹാരങ്ങളും അണിഞ്ഞ് നിറയെ ചന്ദനവും

വാരിപ്പൂശി യാത്രയാകാൻ

സജ്ജമായി നില്ക്കുകയാണ്. സർവ്വീസ് ഉദ്ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയ

നെയ്യാറ്റിൻകര നിയമസഭാ സാമാജികനാണ്  രാമകൃഷ്ണപിള്ളയെ ആദരിച്ച് രാജ പ്രഖ്യാപനം 

ഒന്നുകൂടെ

ആവർത്തിച്ചത്.

രണ്ട് വർഷത്തെ ഓട്ടത്തിന് ശേഷം നഷ്ടത്തിലാണെന്ന് കാരണം കാണിച്ച് സർവ്വീസ് നിർത്തിവച്ചു.

തിരുവല്ലം - ഗോകർണം റൂട്ടിലുള്ള പച്ച

സുന്ദരിയുടെ യാത്രയും

അന്ത്യം കണ്ടു. 


രാജഭരണമാണ്.

*തിരുവായ്ക്ക് എതിർവായില്ല*

_തിരുവിതാംകൂർ_  വാണിരുന്ന *ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ*

കല്പനപ്രകാരം പത്രാധിപർ, *ആരുവായ്മൊഴി* കടന്ന്

മദിരാശിയിലേക്ക് പോയി.

പിന്നെ പാലക്കാട് വഴി

കണ്ണൂരേക്ക്.


*വക്കം,*

_ആറ്റിങ്ങൽ_ നഗരത്തിനടുത്ത ഒരു ഗ്രാമപ്രദേശം..

രണ്ടക്ഷരങ്ങൾ മാത്രമുള്ള ഈ സ്ഥലം ചരിത്രം പഠിക്കുന്നവർ മാത്രമല്ല കക്ഷിരാഷ്ടീയ ബോധമുള്ളവരും 

പത്രപ്രവർത്തകരും

കലാസ്വാദകരും നന്നായി അറിയുന്നു.

വക്കം ബി. പുരുഷോത്തമൻ( മുൻ മന്ത്രി, ഗവർണർ എംപി)

വക്കം ഷക്കീർ (നാടക കലാകാരൻ)

വക്കം നരേന്ദ്രൻ(കഥകളി നടൻ) മുതലായവർ വക്കത്ത് തക്കം പാർത്തിരുന്നവരാണ്.


കേരളചരിത്രത്തിൽ *വക്കം അബ്ദുൾഖാദറിനും* അദ്ദേഹത്തിന്റെ പിതാവിനും അനിഷേധ്യമായ സ്ഥാനമാണുള്ളത്.

അച്ഛൻ *സ്വദേശാഭിമാനി*

എന്ന പത്രം ആരംഭിച്ചു.

*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള* എന്ന വിഖ്യാതനായ 

പത്രപ്രവർത്തകനെ സൃഷ്ടിച്ചു. മകൻ അച്ഛന്റെ പാതതന്നെ പിന്തുടർന്നു.

പത്രപ്രവർത്തകനും 

സാഹിത്യനിരൂപകനുമായി.

അനേകം കൃതികൾ രചിച്ചു.

ചിത്രരചനയിലും 

തല്പരനായിരൂന്നു.

*വക്കം മൗലവി* എന്നറിയപ്പെടുന്ന _വക്കം_

_അബ്ദുൾഖാദർ മൗലവി_

എന്ന ധീഷണാശാലിയായ

സാമൂഹ്യനേതാവിന്റെയും ചിന്തകന്റെയും മകനാണ് *വക്കം അബ്ദുൾ ഖാദർ.*


1912 മെയ് 12 ന് 

_വക്കം മൗലവിയുടേയും_ കായിപ്പുറത്ത് ആമിനു ഉമ്മയുടേയും മകനായാണ് അബ്ദുൾഖാദർ ജനിച്ചത്.

അന്ന് കുടുംബം *ചിറയിൻകീഴിലെ* അയിരൂരിലായിരുന്നു താമസിച്ചിരുന്നത്.

വീടിനടുത്തുള്ള 

പ്രൈമറിസ്കൂളിലും  തുടർന്ന് *അഞ്ചുതെങ്ങിലെ* _സെന്റ് ജോസഫ്സ്_ ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു ഖാദറിന്റെ പഠനം.

*നെടുങ്ങണ്ട*  

_ശ്രീനാരായണവിലാസം_ ഇംഗ്ലീഷ് സ്കൂളിലും മൂന്ന് വർഷം പഠിച്ചു.

ഒമ്പതാംക്ലാസ്സിൽ പഠിക്കുമ്പോൾ പഠിപ്പ് നിർത്തി.

മതപരിഷ്ക്കരണശ്രമങ്ങളിലും 

സാമൂഹ്യപ്രവർത്തനങ്ങളിലും മുഴുകിയിരുന്ന അച്ഛന് മകന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല. 

*കോഴിക്കോട്,* _മദ്രസുത്തൽ മുഹമ്മദീയ_ ഹൈസ്കൂൾ മൗലവിയുടെ അനുയായികൾ ആയിടെ ആരംഭിച്ചിരുന്നു.

മകൻ ഹൈസ്കൂൾ വിദ്യാഭ്യസം പൂർത്തിയാക്കണമെന്നാഗ്രഹിച്ച അച്ഛൻ മകനെ  

ആ സ്കൂളിൽ ചേർത്തു.

പക്ഷേ എന്നിട്ടും പഠനം പൂർത്തിയാക്കിയില്ല.


പഠിത്തത്തിൽ ഉഴപ്പിയിരുന്നെങ്കിലും മറ്റ് ചില കാര്യങ്ങളിൽ ഖാദർ അസാമാന്യമായ പാടവം

പ്രദർശിപ്പിച്ചിരുന്നു.

ഖാദർ അക്കാലത്ത് നന്നായി ചിത്രം വരയ്ക്കുമായിരുന്നു.

ധാരാളം വായിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് വാസത്തിനിടെ ധാരാളം പുസ്തകങ്ങൾ വായിച്ചു. 

ഇംഗ്ലീഷ് സാഹിത്യവുമായുള്ള ഗാഢബന്ധം ആരംഭിക്കുന്നത് അക്കാലത്താണ്.

സ്വന്തം പ്രയത്നംകൊണ്ട്തന്നെ

ഇംഗ്ലീഷ്, തമിഴ്, ജർമൻ, അറബി, സംസ്കൃതം, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ പഠിച്ചു.

സാഹിത്യ പ്രവർത്തനങ്ങളും ആരംഭിച്ചു.

തിരുവനന്തപുരത്ത്നിന്നും

പ്രസിദ്ധീകരിച്ചിരുന്ന

*കഥാമാലയിൽ* ഖാദർ

ചെറുകഥകൾ എഴുതിയിരുന്നു.

സാഹിത്യരംഗത്തുളള പരിചയം

ഖാദറിനെ പത്രപ്രവർത്തനരംഗത്തെത്തിച്ചു. കോഴിക്കോട് നിന്ന് 1924 ഒക്ടോബറിൽ  കോൺഗ്രസ്

നേതാക്കളിലൊരാളായ 

*മുഹമ്മദ് അബ്ദുൾറഹ് മാൻ*

പ്രസിദ്ധീകരിച്ചിരുന്ന 

*അൽ അമീൻ* 

പത്രത്തിൽ1930 കളോടെ 

അബ്ദുൽഖാദർ പത്രാധിപരായി.

പത്രാധിപത്യസ്ഥാനത്തോടൊപ്പം  തന്നെ മറ്റ് പല ആനുകാലികങ്ങളിലും ഖാദർ രചനകൾ പ്രസിദ്ധീകരിച്ചിരുന്നു.

*മാതൃഭൂമി* വാരികയിൽ സ്ഥിരമായി ലേഖനങ്ങൾ 

പ്രസിദ്ധീകൃതമായി.

ഇതോടൊപ്പം തന്നെ കേരളത്തിലെ സാഹിത്യകാരന്മാരുടെ തൂലികാചിത്രവും 

അബ്ദുൾഖാദർ രചിച്ചു..


1941 ൽ അദ്ദേഹം 

*മാപ്പിള റിവ്യൂവിന്റെ*  പത്രാധിപരായി.

1943 ൽ *പരവൂർ* ആണ്ടുപ്പാറയിലെ 

*നബീസബീവിയെ* വിവാഹം ചെയ്തു.

മുസ്ലീങ്ങൾക്കിടയിലെ പുരോഗമനാശയക്കാരായിരുന്നു ബീവിയുടെ മാതാപിതാക്കൾ.

ആ നാട്ടിലെ മുസ്ലീം 

പെൺകുട്ടികൾക്കിടയിൽനിന്നും ആദ്യമായി ഹൈസ്കൂളിൽ പഠിച്ച കുട്ടിയായിരുന്നു അവർ.

1945 ൽ നബീസയും ഖാദറും

_തിരുവനന്തപുരത്ത്_ താമസമായി..

*മാത്യൂ എം കുഴിവേലിയുടെ*

"വിജ്ഞാനം"

പോപ്പുലർ എൻസൈക്ലോപീഡിയയുടെ പണിയിൽ സഹകരിക്കാനായിരുന്നു അത്. 

രണ്ട് വർഷം തിരുവനന്തപുരത്തും പിന്നീട് പരവൂരും *വർക്കലയിലും*

അവർ താമസിച്ചു.

ഇതിനിടെ *പെരുവാരൂരിൽ*

മജീദ് മരയ്ക്കാർ നടത്തിയിരുന്ന *അൻസാരിയുടെ* പത്രാധിപത്യം കുറച്ച് നാളത്തേക്ക് ഖാദർ ഏറ്റെടുത്തു.


*വിചാരവേദിയാണ്*

അബ്ദുൾഖാദറിന്റെ  ആദ്യ കൃതി.

വിവിധ ശാസ്ത്രവിഷയങ്ങളെ ആധാരമാക്കി മലയാളത്തിലുണ്ടായ വിജ്ഞാനഗ്രന്ഥങ്ങളിൽ 

പ്രഥമസ്ഥാനമുണ്ട് ഈ കൃതിക്ക്.

1947 ൽ അദ്ദേഹം *വിമർശനവും വിമർശകന്മാരും* എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

സാഹിത്യവിമർശനത്തെയും വിമർശകന്മാരെയും കുറിച്ചുള്ള പഠനഗ്രന്ഥമാണ് അത്. ഇതേ വർഷംതന്നെ മഹാകവി _ജിയെപ്പറ്റി_ 

*ജിയും ഭാഷാകവികളും*

എന്ന കൃതി ഖാദർ പ്രസിദ്ധീകരിച്ചു. *പ്രതിഭാശാലികൾ* എന്ന കൃതിയായിരുന്നു അടുത്തത്ത്.

രണ്ട് ഭാഗങ്ങളുള്ള ഈ കൃതി ജീവചരിത്ര 

വിഭാഗത്തിൽപ്പെടുന്നു.

സാഹിത്യ പ്രവർത്തനത്തോടൊപ്പംതന്നെ സാംസ്ക്കാരിക പ്രവർത്തനങ്ങളിലും ഊർജ്ജസ്വലതയോടെ ഖാദർ പങ്കെടുത്തിരുന്നു.

1950 ൽ അദ്ദേഹം _വർക്കല_

കേന്ദ്രമാക്കി

*നവയുഗസാംസ്ക്കാരികസമിതി* രൂപീകരിച്ചു.

_പുനലൂരിൽ_ *ഇക്ബാൽ* സ്റ്റഡീസർക്കിൾ രൂപീകരിച്ചതും അദ്ദേഹമാണ്.

പിതാവ് പ്രസിദ്ധീകരിച്ചിരുന്ന *സ്വദേശാഭിമാനി* പത്രം 1910 ൽ രാജഭരണം കണ്ട്കെട്ടിയത്

തിരിച്ചു കിട്ടാനുള്ള ശ്രമത്തിൽ ഖാദർ മുഴുകിയ കാലമായിരുന്നു പിന്നീട്.

പത്രമാസികകളിൽ തുടർച്ചയായി അദ്ദേഹമെഴുതി.

*ഡി.സി. കിഴക്കേമുറിയോടൊപ്പം*

*മുണ്ടശേരിയുടെ*

സഹായത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 

1958 ൽ *കമ്യൂണിസ്റ്റ് 'സർക്കാരിന്റെ* കാലത്ത് അച്ചുകൂടം ഖാദറിന് വിട്ട്കൊടുത്തു.

1958 ജനുവരി 26 നാണ് പ്രസ്സ് വിട്ട്കൊടുക്കുന്ന ചടങ്ങ് നടന്നത്. യോഗത്തിൽ 

*മുണ്ടശേരിയായിരുന്നു*  അധ്യക്ഷൻ.  

ആ ആഘോഷപരിപാടിയിൽ

അബ്ദുൾഖാദർ രചിച്ച 

_സ്വദേശാഭിമാനി_ നാടകം അവതരിക്കപ്പെട്ടു.

പത്രം നടത്തുവാൻ 

_വക്കം മൗലവി_ _രാമകൃഷ്ണപിള്ളയെ_

തിരഞ്ഞെടുത്തത് മുതൽ

നാട്കടത്തൽവരെയുളള

കഥയായിരുന്നു പ്രതിപാദ്യം.

*ആര് ജീവിക്കുന്നു*

എന്നൊരു നാടകംകൂടി അദ്ദേഹം എഴുതിയിട്ടുണ്ട്.


ജീവചരിത്രശാഖയ്ക്ക് അബ്ദുൽഖാദറിന്റെ മറ്റൊരു

സംഭാവനയാണ്

1964 ൽ പ്രസിദ്ധീകരിച്ച

*തേജസ്വികൾ.*

1975 ൽ പ്രസിദ്ധീകൃതമായ

*മഹാമനീഷികളും*

ജീവചരിത്രഗ്രന്ഥമാണ്.

*ഇക്ബാൽ,*

*ആൽബർട്ട് ഷെറ്റ്സ്വർ,*

*തൂലികാചിത്രങ്ങൾ.*

*ചിത്രദർശിനി,* *ചിത്രമണ്ഡലം,* എന്നിവയും ഇതേ ശാഖയിലേയ്ക്ക് അദ്ദേഹത്തിന്റെ കനപ്പെട്ട സംഭാവനകളാണ്.

*മനുഷ്യാവകാശങ്ങൾ*

*അതുല്യനായ മനുഷ്യൻ*

എന്നീ കൃതികളും

*സാഹിത്യരൂപങ്ങൾ*

കവിതാസമാഹാരമായ 

*രാഗവീചി*

എന്നിവയുമാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ.


പത്രാധിപരംഗത്ത് പിതാവിനെപ്പോലെത്തന്നെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അബ്ദുൾഖാദർ.

*അംശി നാരായണപിള്ളയുടെ*

ഉടമസ്ഥതയിലുള്ള 

*ദക്ഷിണഭാരതി,* 

_കെ.പി. തയ്യിലിന്റെ_ ഉടമസ്ഥതയിലുള്ള  *പ്രകാശം* വാരിക,

_മലബാറിൽ_ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 

_മാപ്പിള റിവ്യൂ,_

പുനലൂരിലെ ക്രെസന്റ് പബ്ലിക്കേഷൻസിന്റെ *ഭാരതചന്ദ്രിക,*

കൊല്ലത്ത്നിന്ന് 

*തങ്ങൾകുഞ്ഞ് മുസലിയാർ.*

നടത്തിവന്നിരുന്ന *പ്രഭാതം,*

_അത് അമീൻ,_ _പ്രതിധ്വനി,_

_അൻസാരി_

സ്വന്തം മാസികയായ 

*സുബോധിനി* *തൂലിക*

എന്നിവയിലൊക്കെ പത്രാധിപരായിരുന്നു അദ്ദേഹം. 1968 ൽ 

*കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്* 

സ്ഥാപിതമായപ്പോൾ 

അതിന്റെ ഗവേണിംഗ് ബോർഡംഗമായി.

കുറച്ച് കാലം സാഹിത്യ അക്കാദമിയംഗമായി പ്രവർത്തിച്ചു.

സർവ്വവിജ്ഞാനകോശത്തിന്റെ ഉപദേശകസമിതിയിൽ അംഗമായിരുന്നു.

നന്നായി ചിത്രം വരയ്ക്കുമായിരുന്ന ഖാദർ പല സാഹിത്യകാരന്മാരുടേയും രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്.

ജ്യോതിഷം, സംഗീതം എന്നിവയിലും തല്പരനായിരുന്ന

അദ്ദേഹം 1976 ആഗസ്റ്റ് 23 ന് ഇഹലോകവാസം വെടിഞ്ഞു.


പ്രൊഫസർ _ജോസഫ് മുണ്ടശേരിയുടെ_ ആത്മകഥയായ 

*കൊഴിഞ്ഞ ഇലകൾ*

എന്ന പുസ്തകത്തിൽ

"വക്കം ഖാദറും  അച്ചുകൂടവും" എന്നൊരധ്യായം തന്നെയുണ്ട്.

മൂലം തിരുനാളിന്റെ ഭരണകാലത്ത് ദിവാൻ _പി.രാജഗോപാലാചാരി_

പ്രസ്സ്  ജംഗമവസ്തുക്കൾ എന്നിവ കണ്ട്കെട്ടി  റെവന്യൂ ഓഫീസിൽ സൂക്ഷിച്ചിരുന്നത്,

വീണ്ടെടുക്കാൻ ഖാദർ

ഭഗീരഥപ്രയത്നം നടത്തിയത് പിതാവിന്റെ സ്മരണ നിലനിറുത്താൻ മാത്രമായിരുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്.4

1985 ൽ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ ഖാദറിനെ സംബന്ധിച്ച ഒരു ഫുൾ പേജ് ലേഖനം  ശ്രീ എം കെ സാനു എഴുതിയിരുന്നു.

പുതിയ തലമുറ ഈ മനീഷിയെ എത്രമാത്രം മനസിലാക്കിയിരിക്കുന്നു എന്ന് പഠിക്കേണ്ടിയിരിക്കുന്നു.

 

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള