August_21_2010/ കലാമണ്ഡലം പന്തളം കേരളവർമ്മ

 *ആരിഹ    വരുന്നതിവനാരുമെതിരില്ലയോ*

*പാരമിയലുന്ന മദമാർന്ന* 

*വിപിനേ?* 


*മധ്യമാവതി* രാഗത്തിന്റെ ഏറ്റവും മനോഹരമായ ഭാവത്തിൽ *കലാമണ്ഡലം ഹൈദരാലിയുടെ*  തെളിമയാർന്ന ശാരീരമൊഴുകിവരികയാണ്.

കലാസദനത്തിലെ കഥകളി പഠിപ്പിക്കുന്ന കളരിയിൽ 

*ജഗന്നാഥവർമ്മ* എന്ന കഥകളിആശാൻ *കോട്ടയത്ത് തമ്പുരാന്റെ* 

"കല്യാണസൗഗന്ധികം" കഥയിലെ ഹനുമാന്റെ ചൊല്ലിയാട്ടരംഗങ്ങൾ പദാനുപദമായി ശിഷ്യർക്ക് അഭ്യസിപ്പിച്ചു കൊടുക്കുകയാണ്.

കളരിയിൽ ചൊല്ലിയാട്ടത്തിന് സാഹിത്യം പാടിയഭിനയിച്ചത്‌ 

ഈയിടെ നൂറ്റിയഞ്ച് വയസ്സ് പിന്നിട്ട ഉത്തരകേരളത്തിലെ ആദരണീയനായ കഥകളി ആചാര്യൻ _ഗുരു ചേമഞ്ചേരി ._

ആയിരുന്നു.


വിസി ഫിലിംസ് ഇന്റർനാഷണൽ

1985 ഡിസംബറിൽ

_എം ടി വാസുദേവൻനായരുടെ_

തിരക്കഥയെ അവലംബിച്ച്  

*ഐവി ശശി* സംവിധാനം നിർവ്വഹിച്ച *രംഗം*

എന്ന ചിത്രം പുറത്തിറക്കി.

സിനിമയിലെ ഒരു ചെറിയ സീനിന്റെ വിശേഷണമാണ് മുകളിൽ പ്രസ്താവിച്ചത്.

ഈയിടെ

ഗുരു ചേമഞ്ചേരിയുടെ 

പിറന്നാൾ വേളയിൽ 

ചലച്ചിത്ര നടൻ 

ശ്രീ _മോഹൻലാൽ,_

_കുഞ്ഞിരാമൻനായരെക്കുറിച്ച്_

ഒരു ചെറിയ ആശംസാ സന്ദേശം ആഡിയോ രൂപത്തിൽ സമർപ്പിച്ചത്

കൂട്ടുകാർ ശ്രവിച്ചിട്ടുണ്ടാകുമെന്നു

തോന്നുന്നു.


അചഞ്ചലമായ ശ്രീരാമഭക്തിയിൽ സർവ്വവും മറന്ന് കദളീവനത്തിൽ

ധ്യാനലീനനായ ജഗൽപ്രാണനന്ദനന്റെ  ഏകാഗ്രതയ്ക്ക് ഭംഗമുണ്ടാകുകയും തപസ്സിൽ

നിന്നുണരാനിടയായ കോലാഹലത്തിന്റെ കാരണം തിരയുന്നഭാഗമാണ് 

"ആരിഹ വരുന്ന" പദത്തിലൂടെ 

കഥകളിയിൽ ചൊല്ലിയാടുന്നത്.


*ദാക്ഷായണി* *ഗർഭപാത്രസ്ഥനായൊരു*

*സാക്ഷാൽ* *മഹാദേവബീജമല്ലോ ഭവാൻ!.*


ശ്രീഹനുമാൻ മുഖ്യ കഥാപാത്രമായി വരുന്ന 

മൂന്ന് കഥകൾ മാത്രമാണ് സാമാന്യേന കഥകളിയിൽ അവതരിപ്പിച്ച് വരുന്നത്.  *തോരണയുദ്ധം*

(കൊട്ടാരക്കര തമ്പുരാൻ)

"കല്യാണസൗഗന്ധികം"

(കോട്ടയം തമ്പുരാൻ)

*ലവണാസുരവധം*

(പാലക്കാട്‌ അമൃതശാസ്ത്രികൾ)

മുൻഗാമികളായ  കഥകളി പരിഷ്ക്കർത്താക്കൾ,

വാനരന്മാരായ ബാലിസുഗ്രീവന്മാർക്ക്   ചുവന്നതാടി വേഷവും അനിലാത്മജന് വട്ടമുടിയോട് കൂടിയ *വെള്ളത്താടി* വേഷവും കല്പിച്ചത് 

എന്തടിസ്ഥാനത്തിലാണ് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. പ്രത്യേകരീതിയിലുള്ള മുഖത്തെഴുത്തും വട്ടമുടിയും  മർക്കടശ്രേഷ്ഠനായ 

സമീരണപുത്രന് അലങ്കാരമായി ഭവിച്ചു.

പൂർവ്വികരായ പ്രശസ്ത ആട്ടക്കാർ  വിഭിന്ന സ്വഭാവത്തിലുള്ള ഈ മൂന്ന് ഹനുമാൻ വേഷങ്ങളും ആചാരനിഷ്ഠയോടെയും പാത്രബോധത്തോടെയും ചടുലമായി രംഗത്ത്

ആടിത്തിമിർത്തിരുന്നെങ്കിലും ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ 

മൂന്ന് കഥകളിലേയും ഹനുമാൻ അവതരണത്തിന് പ്രത്യേക സിദ്ധിയും ഭാവദീപ്തിയും പരിചരണവും അവതരണപാടവും കൈവരിച്ച മൂന്ന്  വിശിഷ്ട നടന്മാരെ, കഥകളിനിരൂപകർ ഭാവപൂർണിമയോടെ കഥകളി പ്രേക്ഷകർക്ക് ആസ്വാദനത്തിനും വിലയിരുത്താനും 

വഴിതിരിച്ച് വിട്ടു.

കല്യാണസൗഗന്ധികത്തിലെ ശ്രീരാഘവഭക്തനും സഹജനെ പരീക്ഷിക്കാൻ 

ജരാനരബാധിച്ച വൃദ്ധവാനരവേഷത്തിൽ *കീഴ്പടം കുമാരൻനായർ* 

സ്വാംശീകരിച്ചിട്ടുള്ള 

അഭിനയരീതി സഹൃദയലോകത്തിന് വ്യത്യസ്തമായ അനുഭവമായിരുന്നു.

സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി 

സീതാദേവിദർശനവും കഴിഞ്ഞ് പരപുരിയിലൊരു നൃപതിയുടെ കാര്യസാദ്ധ്യത്തിന് എത്തിച്ചേർന്ന രാമദൂതന്റെ  പാടവമാണ് "തോരണയുദ്ധം" 

കഥയിൽ കലാമണ്ഡലം രാമൻകുട്ടിനായർ

സമുജ്ജ്വലമായി ആവിഷ്ക്കരിച്ചത്.   

രാവണസന്നിധിയിലെത്താൻ 

ഹൃദയചതുരതയോടെ ആരാമമൊക്കെ പൊടിച്ച്കളയുന്നതും

രാക്ഷസസ്ത്രീകളെ പേടിപ്പെടുത്തുന്നതും വാനരചാപല്യവും 

മഹാവീര്യപരാക്രമവും തോരണയുദ്ധം കഥയിൽ 

രാമൻകുട്ടിനായർ

അരങ്ങ് തകർത്താടിയിട്ടുണ്ട്.

ഉത്തരരാമായണം കഥയിലെ 

സീതാപരിത്യാഗ സമയത്താണ്

ലവണാസുരവധത്തിലെ ഹനുമാനെ നാം കാണുന്നത്. 

ഹനുമത് സീതാ പുനർദർശനഭാഗത്തെ ഹനുമാന് വീണ്ടും കൈവന്ന സീതാദർശനത്തിൽ മുദിതനായി ആ പാദങ്ങളിൽ ഭക്തിപൂർവ്വകം  നമസ്ക്കരിച്ച്

കൊണ്ട് കുശലാന്വേഷണം നടത്തുന്ന ഭാഗത്ത് രാമായണ കഥയുടെ മുഴുവൻ 

വിഷാദധ്വനികളും പ്രശംസനീയതയോടെ 

പുലർത്തുന്ന 

*കലാമണ്ഡലം പന്തളം* *കേരളവർമ്മ* 

എന്ന സൗഭാഗ്യം ആസ്വാദകവൃന്ദത്തിന്റെ രോമാഞ്ചമായി പരിലസിച്ചു.


2010 ആഗസ്റ്റ്‌ 21 ന് 

പ്രശസ്ത കഥകളിനടൻ  _കലാമണ്ഡലം പന്തളം കേരളവർമ്മ_ എൺപത്തിരണ്ടാംവയസ്സിൽ *കൊടുങ്ങല്ലൂരിൽ* അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളാൽ മകളുടെ വീടായ ചിറയ്ക്കൽ കോവിലകത്താണ് മഹാനടന്റെ വിയോഗമുണ്ടായത്.


അഞ്ച് പതിറ്റാണ്ടോളം കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥകളിഅരങ്ങുകളെ 

വിവിധകഥകളിലെ ഹനുമാൻ വേഷങ്ങൾകൊണ്ട് ഭാവസമ്പുഷ്ടമാക്കിയും അത്ഭുതപ്പെടുത്തിയും 

വിരാജിച്ച് നിന്ന 

പ്രശസ്തനടനായ 

"പന്തളംകേരളവർമ്മ,"

*കോട്ടയം* കുമാരനല്ലൂർ ഇളയിടത്ത് _നീലകണ്ഠൻ നമ്പൂതിരിയുടേയും_ _പന്തളം_ കൊച്ചുകോയിക്കൽ താഴെക്കുഴിയിൽ അനിഴം തിരുനാൾ  _അംബാലികത്തമ്പുരാട്ടിയുടേയും_ മകനായി 1929 ഡിസംബറിൽ ജനിച്ചു.

*മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ*

ശിഷ്യൻ എന്ന നിലയിൽ കഥകളിയഭ്യാസം ആരംഭിച്ചു.

അരങ്ങേറ്റത്തിന് ശേഷം 

ഇടത്തരം വേഷങ്ങളിലും

ആദ്യസ്ഥാന വേഷങ്ങളിലും പരിചയം നേടി.

അനന്തരം ഉപരിപഠനത്തിനായി കേരള കലാമണ്ഡലത്തിൽ ചേർന്നു.

രാമൻകുട്ടിനായരായിരുന്നു മുഖ്യ അധ്യാപകൻ.

സദസ്സറിഞ്ഞാടുവാനുള്ള 

വൈദഗ്ദ്ധ്യവും 

മനോധർമ്മ ചാതുരിയുമാണ് ഈ നടന്റെ പ്രത്യേകത.

"ദുര്യോധനവധത്തിൽ" 

സഭാപ്രവേശ സന്ദർഭത്തിൽ കൗരവർക്കുണ്ടാകുന്ന 

സ്ഥലജലഭ്രാന്തി അവതരിപ്പിക്കുമ്പോൾ

ഈ നടൻ കാണികളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

ലോകധർമ്മിയുമായി ബന്ധപ്പെട്ട അഭിനയം കാഴ്ചവയ്ക്കേണ്ട ചില പ്രത്യേകവേഷങ്ങളും കേരളവർമ്മയ്ക്ക് ഇണങ്ങും.

"ബകവധത്തിലെ" ആശാരി,

"നിഴൽക്കുത്തിലെ' മന്ത്രവാദി,

"ബാണയുദ്ധത്തിലെ" വൃദ്ധ,

"വിച്ഛിന്നാഭിഷേകത്തിലെ" മന്ഥര

തുടങ്ങിയ വേഷങ്ങളുടെ അവതരണത്തിൽ കേരളവർമ്മയ്ക്ക് പ്രത്യേകമായ ചില ചിട്ടയും ക്രമങ്ങളൂമുണ്ട്.

കേരളവർമ്മയ്ക്ക് ഇരുത്തം വന്ന ഒരു കഥകളി ആചാര്യൻ എന്ന ഖ്യാതി നേടിക്കൊടുത്ത വേഷങ്ങളാണ് 

"സ്വീതാസ്വയംവരത്തിലെ" പരശുരാമനും മേല്പറഞ്ഞ മൂന്ന് ഹനുമാൻ കഥകളിലെ ഹനുമാൻ വേഷവും.


*സുഖമോ ദേവീ സുഖമോ ദേവീ*

*സുഖമോ ദേവീ*

*സുഖമോ സുഖമോ??*


കൂട്ടുകാർ തെറ്റിധരിക്കണ്ട.

പ്രശസ്ത നടനും സംവിധായകനുമായ 

*വേണുനാഗവള്ളി*

ആദ്യമായി സംവിധാനം ചെയ്ത് 1986 ഓണത്തിന് റിലീസ് ചെയ്ത *സുഖമോ ദേവി* എന്ന ചിത്രത്തിലെ മേല്പറഞ്ഞ വരികൾ ഗാനരചയിതാവ്

കണ്ടെടുത്തത് *ലവണാസുരവധം* ആട്ടക്കഥയിൽ നിന്നായിരുന്നു.

ഒരു കുശലം ചോദിക്കലാണ് 

ആ രണ്ട് ചെറിയ പദങ്ങളിൽ.

ഉൾക്കൊണ്ടിരിക്കുന്നത്.

അയോധ്യാധിപതിയായ രാമരാജാവ് ഗുരുവരന്മാരുടെ

ഉപദേശപ്രകാരം _അശ്വമേധ_

_മഹായാഗം_ നടത്തുന്നു.

യാഗാശ്വാത്തിന്റെ അനുസ്യൂത പ്രയാണത്തെ തടയുന്നവരെ എതിരിടാൻ സജ്ജമായ സൈന്യവുമായി ശത്രുഘ്നന്റെ  നേതൃത്വത്തിൽ ദിഗ്വിജയത്തിനായി തുരഗത്തെ പിന്തുടരുന്നു..

വിവിധദേശങ്ങൾ പിന്നിട്ട് അശ്വം വാല്മീകി മഹർഷിയുടെ ആശ്രമോപാന്തേ സഞ്ചരിക്കുമ്പോൾ സീതയുടെ  പുത്രന്മാരായ ലവകുശന്മാർ കുതിരയെ ബന്ധിക്കുന്നു.

ശത്രുഘ്നനും ലക്ഷ്മണനും 

അശ്വത്തെ മോചിപ്പിക്കാൻ  കഴിയാതെ കുമാരന്മാരുടെ മുന്നിൽ പരാജിതരായി.

രാഘവൻ യുദ്ധത്തിനെത്തിയെങ്കിലും പോരിനില്ലെന്ന് തീരുമാനിച്ച് 

ഹനുമാനെ യുദ്ധത്തിനയക്കുന്നു.

സീതയുടെ മക്കൾ  വായുപുത്രനായ ഹനുമാനെ യുദ്ധത്തിൽ സാഹസികമാംവണ്ണം ബന്ധിപ്പിച്ചിട്ട് മഹാജ്ഞാനിയായ 

ആ വാനരശ്രേഷ്ഠനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവന്നു.

സീതയാകട്ടെ 

അത്ഭുതപരാക്രമശാലിയും തന്റെ ഭർത്താവിന്റെ ഭക്തന്മാരിൽ പ്രഖ്യാതനായ വാനരപുംഗവനെ ബന്ധനസ്ഥനായിക്കണ്ടിട്ട് അത്യധികം സങ്കോചത്തോടെ

പറയുന്നു.

"എന്റെ പിതാവ് ജനകമഹാരാജാവാണെങ്കിലും

എന്റെ പ്രാണനെ പരിപാലിച്ച 

ജനകൻ ഈ ഹനുമാനാണ്.

വന്ദനീയനായ ഹനുമാനെ ബന്ധിച്ചത് മഹാപാപമായിപ്പോയി

ഉടൻ ബന്ധമോചനം ചെയ്ക""

തനയന്മാർ തങ്ങളുടെ തെറ്റ് മനസ്സിലാക്കി ക്ഷമാപണത്തോടെ ഹനുമാനെ മോചിപ്പിക്കുന്നു.

"സുഖമോ ദേവീ?"

'സാമ്പ്രതമിഹ"

"സുകൃതനിധേ!"

"ജാതം സുദിനം."

ഭാവതീവ്രത അത്യധികം പ്രകടമാകുന്ന അനന്യസാധാരണമായ ഒരു സന്ദർഭമാണ് ഈ  കുശലാന്വേഷണ രംഗം.

ഈ കഥയിലെ ലവകുശന്മാരോടുള്ള യുദ്ധരംഗത്തും ഹനുമാന് പരാക്രമികളായ ആ ബാലന്മാരോട് തോന്നുന്ന വാത്സല്യഭാവം സന്നിവേശിപ്പിച്ചുകൊണ്ടുള്ള നൃത്തരംഗത്ത് പന്തളത്തിന്റെ അപാരമായ പ്രത്യേകതകൾ കാണാനാകും.

*സിവിയുടെ*  പ്രശസ്ത ചരിത്യാഖ്യായയായ 

*രാമരാജബഹദൂർ* _കൈനിക്കര സഹോദരന്മാർ_ 

നാടകരൂപത്തിലാക്കിയപ്പോൾ

വൈകാരികത തുടിക്കുന്ന ഒരു രംഗത്തിന് ഭാവം പകരാൻ 

_സുഖമോ ദേവി_ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പെരിയാറിന്റെ വടക്കേക്കരയിൽ തിരുവിതാംകൂർ രാജ്യം കീഴടക്കാൻ  മൈസൂർ പുലി ടിപ്പുവിന്റെ പട പാളയമടിച്ചെന്ന വാർത്ത ഞെട്ടലോടെ കേട്ട ധർമ്മരാജാവ് ദിവാൻ കേശവപിള്ളയോട് 

*കേശവാ*

കേശവപിള്ള

*അടിയൻ* 

എന്നിങ്ങനെ രണ്ട് വാക്കിൽ ഭീതിയും സമാധാനവും 

മുഖത്ത് സ്ഫുരിക്കാൻ കഥകളിയിലെ സുഖമോ ദേവി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് *പത്മനാഭപിള്ള* സ്മരിച്ചിട്ടുണ്ട്.


*ആരെടാ നടന്നീടുന്നു രാമനോടാ മൂഢാ*


1983 ലെ ഒരുത്സവക്കാലത്താണ് *നെടുമങ്ങാട്* കരിപ്പൂര് 

ശ്രീഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാലാംദിവസത്തെ സ്റ്റേജ് പരിപാടികളിൽ "കോലിയക്കോട്" _വള്ളത്തോൾ സ്മാരക കഥകളിയോഗം_ അവതരിപ്പിച്ച *സീതാസ്വയംവരം*

കഥ കണ്ടതിന്റെ 

അനുഭവവേദ്യത വലിയൊരു സുഖമുള്ള ഓർമ്മയാണ്.

അന്ന് പന്തളമായിരുന്നു ഭാർഗവരാമന്റെ വേഷത്തിൽ അരങ്ങിൽ നിറഞ്ഞതാടിയത്.

*ധരണീസുതനാം നിന്നെക്കൊൽവാനരുതെന്നിഹ* 

എന്ന രാമവാക്യം കേട്ട് 

പ്രകമ്പിതനായ പന്തളത്തിന്റെ പരശുരാമവേഷം അവതാരലക്ഷ്യം പൂർത്തിയാക്കി മോക്ഷത്തെ പ്രാപിക്കുന്നത് അസാധാരണമായ വൈദഗ്ദ്ധ്യത്താൽ കാഴ്ചക്കാരെ കോരിത്തരിപ്പിച്ചിരുന്നു.

ഒരു പക്ഷേ ഇത്തരം സിദ്ധികൾ ഗുരുനാഥനായ രാമൻകുട്ടിനായരാശാനിൽ നിന്ന് ഉൾക്കൊണ്ടതാവാം.


ഭാര്യ _ചന്ദ്രികതമ്പുരാട്ടി_

മക്കൾ _രേണുകവർമ്മ_.

_ശ്രീകാന്ത് വർമ്മ,_ 

_രോഹിണിവർമ്മ_


*പന്തളം കേരളവർമ്മയെ* കഥകളിലോകം അർഹിക്കുന്ന പ്രാധാന്യത്തോടെ  ആദരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ മറുപടി ഇല്ല.

അദ്ദേഹത്തിന് ലഭിച്ച അരങ്ങുകൾ തെക്ക് ഭാഗങ്ങളിൽ മാത്രമൊതുങ്ങിപ്പോയി

എന്നൊരു പോരായ്മയുണ്ട്.

വർമ്മയുടെ മികച്ച മറ്റൊരു വേഷമായ "ബാലിവിജയത്തിലെ" *രാവണനെ* സമകാലീനരായ മറ്റ് കലാകാരന്മാർ നിഷ്പ്രഭമാക്കിയതും  

ഹനുമാൻ വേഷത്തിൽ  ഒതുങ്ങിക്കൂടാനിടയായി.

കഥകളി ലോകം വേണ്ടത്ര

പരിഗണന കൊടുക്കാത്ത മൺമറഞ്ഞ ഈ കലാകാരൻ ഓർമ്മിക്കപ്പെടുന്നത്‌ ഇത്തരം ലഘു അനുസ്മരണങ്ങളിലൂടെ മാത്രമാണെന്നുള്ളത് 

വേദനയാണ്.


2009 ൽ പാലക്കാട് 

ചെർപ്പുളശ്ശേരിക്കടുത്ത്

ചില കഥകളി പ്രേമികൾ ഒരുക്കിയ 

*കുറുവട്ടൂർ താടിയരങ്ങ്*

കഥകളി ലോകത്ത്

അത്യധികം പ്രചാരമോ

പ്രശസ്തിയോ ലഭിക്കാതെ പോയി. അന്ന് താടി അരങ്ങിൽ പങ്കെടുക്കാൻ

അവസരം ലഭിച്ച ഈ ലഘു കുറിപ്പ് എഴുതുന്നയാൾ,

പന്തളത്തെയൊ

യശ്ശശരീനായ 

*കീരിക്കാട് മുരളീധരൻപിള്ളയെയോ*

(മാർഗ്ഗി മുരളി)

താടിവേഷക്കാരുടെ

പട്ടികയിൽ പ്രമുഖസ്ഥാനത്ത്

ഉൾപ്പെടുത്താതെ

ആമുഖ പ്രസംഗം

അവതരിപ്പിച്ചത്

അങ്ങേയറ്റം നികൃഷ്ടമായി പോയേന്നേ പറയു....


മഹാനുഭാവനായ  വെളളത്താടിവേഷക്കാരന്

*പ്രണാമം.*


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള