*ചിത്രാംഗണത്തിലെ കാവിൽ പൊൻനാളമാടി നിന്നു,*
*കാടാറുമാസപൊരുളിലും നാടാറുമാസമായി*
*ശ്യാമാംബരം നീളെ മണിമുകിലിൻ*
മഹാജ്ഞാനിയായ കൈതപ്രത്തിന്റെ വരികളാണ്
മുകളിൽ. വരികൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മാധുര്യത്തോടെയുളള ഓർക്കസ്ട്രേഷന്റെ ലാവണ്യസുഖമാണ് ഇന്നുമതിശയപ്പെടുത്തുന്നത്.
സർവ്വവും പരിത്യജിച്ച്
മരണദേവനെ പുണരാൻ റെയിൽപ്പാളങ്ങളിൽ തലവച്ച് കാത്തിരുന്ന
_ബെൻ നരേന്ദ്രൻ_
എന്ന പത്രപ്രവർത്തകനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന രണ്ട് സുഹൃത്തുക്കൾക്ക് മോക്ഷസാഫല്യമുണ്ടാകുന്ന
_അർത്ഥസമ്പുഷ്ടമായ_ വരികൾ..
ഹൃദയമന്ത്രച്ചിന്ത് പോലും കേട്ട് മനമലിയുമെന്നാണ് വരികളിൽ കാണുന്നത്.
1989 ൽ
_സത്യൻ അന്തിക്കാട്_
"തിരുവനന്തപുരം" ലൊക്കേഷനാക്കി സംവിധാനം ചെയ്ത *അർത്ഥം* എന്ന ചിത്രത്തിലെ, തുഷാരമേഘങ്ങൾ പെയ്തിറങ്ങുന്നത്പോലെയുള്ള കുളിരമൃതായ ഈ ഗാനം യേശുദാസും ചിത്രയും ആലപിച്ചിരിക്കുന്നു.
*പാതിമെയ്മറഞ്ഞുനിന്ന സൗഭാഗ്യതാരം*
_നിത്യഹരിത_ നായകൻ *പ്രേംനസീറിന്* മകനായ ശ്രീ _ഷാനവാസിനെ_ ചലച്ചിത്രാഭിനയത്തിലേയ്ക്ക്
കൊണ്ടുവരണം.
1981 ൽ
ശ്രീ _ബാലചന്ദ്രമേനോൻ_
ഒരു ചിത്രം സംവിധാനം ചെയ്തു. _മിത്ര_ ഫിലിംസിന്റെ
*പ്രേമഗീതങ്ങൾ.*
_നസീറിന്റെ_ ശുപാർശ പ്രകാരം ഷാനവാസിനെ മേനോൻ ചിത്രത്തിലെ നായകനാക്കി.
ഒരു പുതിയ നായകന്റെയും പുതിയ സംഗീത സംവിധായകന്റെയും അരങ്ങേറ്റമായിരുന്നു _പ്രേമഗീതങ്ങൾ._
ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.
*ദേവരാജൻ* എന്ന പ്രശസ്ത സംഗീതസംവിധായകന്റെ കീഴിൽ അക്കോർഡിയൻ വാദകനായിരുന്ന തൃശൂർ സ്വദേശിയായ ജോൺസണായിരുന്നു
ആ പുതിയ സംഗീതസംവിധായകൻ.
*ചെങ്കനൽക്കൂട്ടിൽ കിളിയുടെ ദുഖരാശിയിൽ,*
2011 ആഗസ്റ്റ് 18 ന് മഴത്താളം മാഞ്ഞു. പാട്ടുകളിലൂടെ മലയാളം കീഴടക്കിയ *ജോൺസൺ*
കണ്ണീർച്ചൂടുളള ഓർമ്മയായി.
മലയാളികളുടെ മനസ്സ് കവർന്ന ജോൺസന്റെ അന്ത്യം *ചെന്നൈ* പോരൂരിനടുത്തുള്ള കാട്ട്പാക്കത്തെ വീട്ടിലായിരുന്നു.
*മഞ്ചാടിമണികൊണ്ട് മാണിക്യക്കുടം നിറഞ്ഞു*
*തൃശൂർ* ചേലക്കോട്ട്കര തട്ടിൽ വീട്ടിൽ
_ആന്റണി മേരി_ ദമ്പതികളുടെ പുത്രനായി
1953 മാർച്ച് 26 നാണ് ജോൺസന്റെ ജനനം.
തൃശൂർ സെന്റ്
സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രാർത്ഥനയ്ക്ക്, ഹാർമോണിയം വായിച്ചുകൊണ്ടാണ്
സംഗീതജീവിതത്തിന് തൂടക്കമിടുന്നത്.
തുടർന്ന് തൃശൂരിലെ
"വോയിസ് ഓഫ് തൃശൂർ" എന്ന ട്രൂപ്പിൽ ചേർന്നു.
പള്ളിയിലെ ഹാർമോണിയം വാദകനായി സംഗീത ജീവിതം തുടങ്ങി. പ്രതിഭയുടെ ധാരാളിത്തം കൊണ്ട് സംഗീതത്തിന്റെ ദേവാങ്കണമേറിയ
ചരിത്രമായിരുന്നു ജോൺസന്റേത്.
മൂന്നാംക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ജോൺസൺ പാടുമായിരുന്നു.
സംഗീതം ശാസ്ത്രിയമായി അഭ്യസിക്കാത്ത ഈ ബാലൻ, മനസ്സും കാതുകളും നല്ല സംഗീതത്തിന് നേർക്ക് തിരിച്ചു.
എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ സെമി പ്രൊഫഷണലായി ഹാർമോണിയം വായനക്കാരനായി.
ഒമ്പതാം ക്ലാസ്സിൽ ഒരു ഗാന മത്സരത്തിൽ സമ്മാനം ലഭിച്ചതോടെ സഹപാഠികൾക്കിടയിൽ ഹീറോയായി.
അപ്രേം പള്ളിക്ക് മുന്നിലെ ഇരുമ്പ്ഗേറ്റിൽ താളം പിടിച്ച് പാടുന്ന പതിനൊന്ന്കാരനെ ഹാർമോണിയം, ഫ്ലൂട്ട് എന്നിവ വായിക്കാൻ പഠിപ്പിച്ചതും
വി.സി. ജോർജ്ജ് മാഷായിരുന്നു.
ഇവർ പിന്നീട് പലപ്പോഴും തോപ്പ് സ്റ്റേഡിയത്തിനടുത്തുള്ള സെമിനാരിയിൽ ഓടക്കുഴൽ വായനയിൽ പരിശീലനത്തിന് എത്തിക്കൊണ്ടിരുന്നു.
ആ സമയം ഒരാൾ സെമിനാരിയിലെ
ജനലിലൂടെ ശ്രദ്ധിച്ച്
എത്തിനോക്കാറുണ്ടായിരുന്നു.
അച്ചൻ പട്ടത്തിന് പഠിക്കുകയായിരുന്ന
_ഔസേപ്പച്ചൻ.._
അദ്ദേഹം പിന്നീട്
അതുപേക്ഷിച്ച് സംഗീത ലോകത്തെത്തി.
ഔസേപ്പച്ചനും ജോൺസണും ഏതാണ്ട് ഒരേ കാലത്താണ് മദ്രാസിലെത്തിയത്.
*അമരകിരീടവും*
*രജതരഥങ്ങളും*
*അപരന് നല്കിയ*
_ഔസേപ്പച്ചൻ_ റീ റിക്കോർഡിംഗിൽ പ്രത്യേക ശൈലി രൂപപ്പെടുത്തി.
അതേസമയം ഏറ്റവും കുറഞ്ഞ സംഗീതോപകരണങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ റിസൽട്ട് ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു
ജോൺസൺ.
*മണിച്ചിത്രത്താഴിൽ* വീണയുടെ ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകരെ ഞെട്ടിക്കാൻ
പോന്നവിധം രംഗം വാർത്തെടുത്തതിൽ ആ സംഗീതപ്രതിഭയുടെ മികവ് കാണാം.
കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം.
ചിലവുകൾക്കുള്ള വഴി കണ്ടെത്തിയത് പാട്ടിന്റെ വഴികളിലൂടെ.
ശാസ്ത്രീയഗാനങ്ങളെക്കാൾ ലളിതഗാനങ്ങളാണ് ജോൺസൺ പഠിച്ചതും പാടിയതും.
നിക്കറിട്ട് തന്റെനാട്ടിൽ ഗാനമേളയ്ക്കെത്തുന്ന ജോൺസനെയാണ് *അർജ്ജുനൻ മാസ്റ്റർക്ക്* ഓർമ്മയുള്ളത്.
അത്ര ചെറുപ്പത്തിൽത്തന്നെ തുടങ്ങിയിരുന്നു ജോൺസന്റെ ഗാനമേളകൾ.
"വോയിസ് ഓഫ് ട്രിച്ചൂർ" എന്ന ഗ്രൂപ്പിന് വേണ്ടി പാടാനെത്തിയ
ശ്രീ. "പി.ജയചന്ദ്രൻ" വഴിയാണ്
"ദേവരാജനെ" പരിചയപ്പെടുന്നത്.
1974 മുതൽ അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ച ശേഷം1981 ലാണ് സ്വതന്ത്രമായി *ഇണയെത്തേടി* എന്ന ചിത്രത്തിന് സംഗീതം പകരുന്നത്.
പ്രസ്തുത ചിത്രം പുറത്ത് വരുന്നതിന് മുമ്പ് "പ്രേമഗീതങ്ങൾ" റിലീസായി.
*ആകാശഗോപുരം പൊൻമണി മേടയായ്*
*അഭിലാഷഗീതകം സാഗരമായ്*
പിന്നീടങ്ങോട്ട് പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളുമായി സഹകരിക്കാനായി.
*പത്മരാജനുമായുള്ള*
ബന്ധമാണ് ജോൺസൺ എന്ന സംഗീതസംവിധായകനെ ഏറെ പ്രശസ്തനാക്കിയത്.
*കൂടെവിടെ* എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ പതിനേഴോളം ചിത്രങ്ങൾക്കും ജോൺസൺ സംഗീതം പകർന്നു.
വരികൾ വായിച്ചു നോക്കിയശേഷം സംഗീതം പകരുന്ന രീതിയായിരുന്നു ഇഷ്ടം. "ദേവരാജന്റെ" പ്രൗഢിയും പ്രതാപവും നിറഞ്ഞ കാലത്തിനുശേഷം മെലഡിയെ തിരിച്ചുകൊണ്ടുവന്ന പാട്ടുകൾ ജോൺസൺ ജീവൻ കൊടുത്തവയായിരുന്നു.
1981മുതൽ 2000 വരെയുള്ള വർഷങ്ങൾ മലയാള
ചലച്ചിത്രഗാന ചരിത്രത്തിൽ ജോൺസന്റെ കാലമെന്ന് വിശേഷിപ്പിക്കാം.
250 ലേറെ ചിത്രങ്ങൾക്കായി എണ്ണൂറിലധികം ഗാനങ്ങൾ.
_കൈതപ്രം തിരുമേനിയുടെ_ വരികളാണ്
_മഴവില്ലിൻ നിറമേഴും ചാലിച്ച് പൊൻപീലിയായ്_ വീശിയത്.
ശ്രീ _പൂവച്ചൽ ഖാദറാണ്_ രണ്ടാംസ്ഥാനത്ത്,
_കരളിൽവിരിഞ്ഞ പൂക്കളുമായെത്തിയത്._
*കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കുന്നേരം*
*പിന്നിൽ വന്ന് കണ്ണ് പൊത്തും*
മലയാള സിനിമകൾ പതിവായി കണ്ടുവരുന്ന ഒരു സാധാരണ പ്രേക്ഷകനെ
കണ്ണ്കെട്ടിച്ച്
_സത്യൻ അന്തിക്കാടിന്റെ_ ഒരു പുതിയ ചിത്രം കാണിച്ച് നോക്കൂ...
തീർച്ചയായും ടൈറ്റിലുകൾ തെളിയുമ്പോൾത്തന്നെ
കണ്ണ്മൂടിയ പ്രേക്ഷകൻ അത് തിരിച്ചറിയും.
വിരിഞ്ഞ് സൗരഭം പരത്തുന്ന പുഷ്പങ്ങളോടാണ്
_സത്യൻ അന്തിക്കാടിന്റെ_ ചിത്രങ്ങളെ നിരൂപകർ വിശേഷിപ്പിക്കുന്നത്.
ഗ്രാമീണമായ കഥകളാണെങ്കിൽ പിന്നെ വിശേഷണം തീരെവേണ്ട.
_സത്യൻ ജോൺസൺ_
കൂട്ട്കെട്ട്.
1988 ൽ
*പൊന്മുട്ടയിടുന്ന താറാവ്*
എന്നതിൽ തുടങ്ങി
2003 ൽ
*യാത്രക്കാരുടെ ശ്രദ്ധയ്ക്ക്*
അവസാനിക്കുമ്പോൾ
ഇരുപതിലധികം ചിത്രങ്ങൾ.
മാധുര്യമേറുന്ന മെലഡികൾ.
അട്ടഹാസങ്ങളോ ബഹളങ്ങളോ തീരെയില്ലാത്ത
_തൂമഞ്ഞിൽ നെഞ്ചിലൊതുങ്ങുന്ന മുന്നാഴിക്കനവുകൾ._
ഇവരുടെ ഒരുമിച്ചുള്ള ചില ചിത്രങ്ങളിലെ ഗ്രാമീണത തുളുമ്പുന്ന നാടൻ സംഘഗാനങ്ങൾ,
_മാനം നിറയെ പവിഴം വിതറും മത്താപ്പ് കത്തിച്ചത്_ പോലെയുള്ള ഭംഗി വിടർത്തുന്നതായിരുന്നു.
1982 ൽ തന്നെ
_ഏതോ ജന്മകല്പനയിലെന്നവണ്ണം_
*ഭരതനുമായി* ഇണങ്ങാൻ തുടങ്ങി.
_മൗനത്തിൻ ഇടനാഴിയിൽ_
_തുറന്ന ജാലകം_ പോലെ
മലയാളമുള്ള കാലത്തോളം *ഓർമ്മയ്ക്കായ്* നിലനില്ക്കും.
_മന്ദാരച്ചെപ്പുമായി_ വന്ന
"ശ്രീകുമാർ" _പീലിക്കണ്ണഴുതി അഴകിൽ നിന്ന_
"ജി. വേണുഗോപാൽ"
മുതലായവരുടെ
ശബ്ദശുദ്ധിയും
ദേവാമൃതഗീതമായി...
*പൊൻതൂവലെല്ലാമൊതുക്കി ഒരു നൊമ്പരം നെഞ്ചിൽപ്പിടഞ്ഞു*
മരണത്തിന് ശേഷവും വിധി നിർദ്ദാഷിണ്യം അദ്ദേഹത്തിന്റെ കുടുംബത്തെ വേട്ടയാടിയത് വലിയൊരു ക്രൂരതയെന്നല്ലാതെ എന്ത് പറയാൻ.?
മകൻ *ഷാൻ* 2012 ൽ റോഡപകടത്തിലും മകൾ
*റെൻ* 2016 ൽ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിലും മൃതരായി.
നിരവധി ശോകഗാനങ്ങൾ സിനിമയ്ക്കായി കമ്പോസ് ചെയ്ത ജോൺസൺ മാസ്റ്ററുടെ സ്വപ്നസൗധം മൃദുലമായൊരു തെന്നലിൽ
ഉടഞ്ഞ് പോകുകയായിരുന്നു.
_പാലപ്പൂവേ നിന്റെ മാംഗല്യത്താലിതരൂ_
എന്നത്പോലെയുള്ള ഗാനങ്ങൾ അരുതെന്നാണ് ഒരു ഗാനനിരൂപകന്റെ അഭിപ്രായം.
*ഒരു കുടന്ന നിലാവിന്റെ കുളിര് കോരി*
*നിറുകയിൽ അരുമയായ് കുടഞ്ഞതാരോ?.* .
1993 _സൗദി അറേബ്യയിലെ_
പ്രശസ്ത മൂസിക്
കമ്പനിയായ *RAFA*
( Personal Best of KJ Jesudas) യേശുദാസ് പാടിയ പതിനെട്ട് ഗാനങ്ങളുടെ ആഡിയോ കാസറ്റ്
പുറത്തിറക്കി...
കാസറ്റ് ലിസ്റ്റ് പരിശോധിച്ചാൽ അതിൽ രണ്ട് ഗാനങ്ങൾ ജോൺസൺ മാസ്റ്ററുടേതാണെന്ന് കാണാം.
(1) *ബ്രഹ്മകമലം ശ്രീലകമാക്കിയ*
(സവിധം 1992)
(2) *ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി*.(കുടുംബസമേതം1993,
*തങ്കനൂപുരമോ*
*ഒഴുകും മന്ത്രമധുമൊഴിയോ?.*
ഒരിക്കൽ _തിരുവനന്തപുരം_ *ദൂരദർശനിൽ* ഒരഭിമുഖത്തിൽ
പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്വന്തം ഗാനങ്ങൾ ഏതൊക്കെയാണെന്നുള്ള ചോദ്യത്തിന് മറുപടി
ഇതായിരുന്നു.
*എന്റെ മൺവീണയിൽ കൂടണയാൻ*
(നേരം പുലരുമ്പോൾ യേശുദാസ്)
*ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ*
(ഞാൻ ഗന്ധർവ്വൻ യേശുദാസ്)
*സ്വർണ്ണമുകിലേ*
(ഇത് ഞങ്ങളുടെ കഥ ജാനകി)
*മെല്ലെ മെല്ലെ മുഖപടം തെല്ലുയർത്തി*
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം യേശുദാസ്)
*ആടി വാ കാറ്റേ പാടി വാ കാറ്റേ*
(കൂടെവിടെ ജാനകി)
*കണ്ണീർപ്പൂവിന്റെ കവിളിൽ*
(കിരീടം ശ്രീകുമാർ)
*രാജഹംസമേ മഴവിൽ*
(ചമയം ചിത്ര)
*ഏതോ ജന്മ കല്പനയിൽ*
(പാളങ്ങൾ ജാനകി)
*അനുരാഗിണീ ഇതാ എൻ*
(ഒരു കുടക്കീഴിൽ യേശുദാസ്)
*പൊന്നിൻ കുളിച്ചു നിന്ന*
(സല്ലാപം യേശുദാസ് ചിത്ര)
അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന പത്ത് ഗാനങ്ങൾ.
*താന്തമാണെങ്കിലും*
*സ്വപ്നവേഗങ്ങളിൽ,*
*വീഴാതെ നില്ക്കുമെന്റെ ചേതന.*
സംഗീതത്തിലെ അകൃത്രിമത്വം
ജീവിതത്തിൽ ജോൺസൺ എന്നും നിലനിർത്തി.
അകവും പുറവും ഒരു പോലെയെന്ന് പറയുന്ന വ്യക്തിത്വം ജോൺസനെ വ്യത്യസ്തനും നിഷ്കളങ്കനുമാക്കി.
ഒരു നീലനിശാവസ്ത്രം കണക്കെ ജോൺസൺ എന്ന സർഗ്ഗധനനും സൗമ്യപ്രകൃതിയുമായ
സംഗീതസംവിധായകൻ
അനേകമനേകം ഗാനങ്ങൾ നമ്മെ ഏല്പിച്ചിട്ട് മുന്നറിയിപ്പില്ലാതെ,
യാത്ര പറയാതെ,
പോയ് മറഞ്ഞു.
വിളക്ക് അണഞ്ഞുപോയിട്ടും
വെളിച്ചം ബാക്കി നില്ക്കുംപോലെ
ആ ഗാനങ്ങളിതാ നമ്മളോടൊപ്പം തന്നെയുണ്ട്.
തനിക്കുള്ളതെല്ലാം നമുക്ക് നല്കി ജോൺസൺ ആകസ്മിക മൃത്യുവിന് വഴങ്ങി.
മരണം അനിവാര്യമെങ്കിലും നാം ദുഖിക്കുന്നു.
ആ ദുഖംകൊണ്ട് ഇരുണ്ട രാത്രിമൗനത്തിന്റെ വിതാനത്തിൽ ആ ഗാനങ്ങൾ
നക്ഷത്രകാന്തിയോടെ ഉദിച്ച് നില്ക്കുന്നു.
അതിനുമപ്പുറമുള്ള
ഗന്ധർവ്വലോകത്തിന്റെ അഴകുള്ള സോപാനത്തിലിരുന്ന് ജോൺസണായി പിറന്ന് മടങ്ങിയെത്തിയ ആത്മാവ്
പ്രകാശകാരമാർന്ന്
ഗുഹാതുരതയോടെ പാടുന്നുണ്ടാവണം,,,,
*ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ താരകം*
*സായാഹ്നസാനുവിൽ*
*വിലോലമേഘമായ്.*
*കെ.ബി.ഷാജി. നെടുമങ്ങാട്.*
Comments
Post a Comment