August_15_1990/കലാമണ്ഡലം കൃഷണൻ നായർ

 *സൗവർണ്ണഹംസം* *ചെയ്തൊരു സൗഹൃദമായതു*

*സൗഹൃദമേ.*


*എന്നു പറഞ്ഞു മറഞ്ഞു സഖാ.*


സ്വയംവരാനന്തരമുള്ള നളദമയന്തിമാരുടെ

ഒരു ദിനം. നവദമ്പതിമാർ

ഉദ്യാനത്തിൽ പരസ്പരം

സൗന്ദര്യത്തിൽ മയങ്ങിയും

സംഭോഗശ്യംഗാരത്തിലലിഞ്ഞും സമയം കളയുമ്പോഴാണ്

തങ്ങളെ ഇണക്കിച്ചേർത്ത

അരയന്നമന്നവനെ സ്മരിക്കുന്ന ഭാഗം ഭാഗവതന്മാർ ആലപിക്കുന്നത്.

വധുവരന്മാർ ഉപകാരസ്മരണയാൽ

മുകുളികൃതരാകുന്ന

രംഗം എത്രയോ വർഷങ്ങൾക്ക് മുമ്പ്

പണിമൂലപ്പറമ്പിൽ നിന്ന്

കൊതി തീരാതെ കണ്ട് മടങ്ങിയത് 

ഈ കുറിപ്പെഴുതുന്ന ആളിനും

ഇപ്പോൾ വേദനയുണ്ടാക്കുന്നു.

1976 ലെ ഉത്സവക്കളിയായിരുന്നു.

സാക്ഷാൽ *കലാമണ്ഡലവും*

*കുടമാളൂരുമായിരുന്നു*

അന്ന് നളദമയന്തിമാർ.


*കണ്ണൂർ* ജില്ലയിലെ *ചിറയ്ക്കലി* നടുത്തുള്ള വാരണക്കോട് മന. 

തൊണ്ണൂറു വർഷങ്ങൾക്ക് മുമ്പ് മനയിലെ കളരിയിൽ  കഥകളി പഠനം നടക്കുന്നു. മെയ്യഭ്യാസത്തിനിടയിൽ ഇരട്ടക്കരണം മറിഞ്ഞു കൊണ്ടിരുന്ന ഒരു ബാലൻ  വീണു കണങ്കാല് പൊട്ടി നിലവിളി തുടങ്ങി. തന്റെ കഥകളി പഠനം ഇതോടെ അവസാനിച്ചല്ലോ എന്ന് ആശങ്കപ്പെട്ട് ആ ബാലൻ വിഷമിച്ചു. എന്നാൽ കഥകളി അഭ്യസിപ്പിച്ച് കൊണ്ടിരുന്ന *ഗുരു ചന്തുപ്പണിക്കർ,*

ആ ബാലനെ 'ആശ്വസിപ്പിച്ചു.

*"കൃഷ്ണാ നീ വിഷമിക്കുന്നത് എന്തിനാണ് ? ഈ വീഴ്ചയും കാല് പൊട്ടലും സാരമാക്കേണ്ട!!*

*മോരിലെ വെണ്ണ പോലെ  കഥകളിയിലും  തിളക്കമുള്ള ഒരു കലാരത്നമായി നീ വിളങ്ങും"*

ഗുരുവിന്റെ സാന്ത്യന വാക്കുകളും അനുഗ്രഹവും അക്ഷരംപ്രതി ഫലിച്ചു.

ആ ബാലനാണ്. ലോകോത്തര കലയായ കഥകളിക്ക് പേരും, പെരുമയും, പ്രയത്നിക്കുന്ന കലാകാരന്മാർക്ക് അർഹിക്കുന്ന പ്രതിഫലവും നേടിക്കൊടുത്ത് കഥകളി എന്ന കലാരൂപത്തിന്റെ 

ഗിരിശൃംഗങ്ങൾ കീഴടക്കിയ സാക്ഷാൽ 

*പത്മശ്രീ കലാമണ്ഡലം* *കൃഷ്ണൻ നായർ.*


മുപ്പത് വർഷങ്ങൾക്ക് മുമ്പ്

1990 ആഗസ്റ്റ് പതിനഞ്ചിന് _തൃപ്പുണിത്തുറയിലെ_ മാധവിമന്ദിരത്തിൽ

ആ കളിവിളക്ക് അണഞ്ഞു. ഇന്നും കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പര്യായശബ്ദം _കൃഷ്ണൻനായർ_ തന്നെയാണ്.


കലാമണ്ഡലം ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്പനയ്ക്കായി  

*മണക്കുളം മൂകുന്ദരാജാവും മഹാകവി  വള്ളത്തോളും*

_കണ്ണൂർ_ ജില്ലയിലെ ചിറയക്കൽ *കടലാടി* ക്ഷേത്രത്തിൽ വന്നപ്പോഴാണ്  ഉത്സവക്കളിയിൽ _കിർമീരവധത്തിലെ_ ലളിതയായി ആടുന്ന കൃഷ്ണൻനായരെ ആദ്യം  കാണുന്നത്. അത് കൃഷ്ണൻനായരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി.

മഹാകവി, കൃഷ്ണൻനായരെ  കലാമണ്ഡലത്തിലേക്ക് വിദ്യാർത്ഥിയാകാൻ ക്ഷണിച്ചു. പത്തൊമ്പതാമത്തെ വയസിൽ കലാമണ്ഡലത്തിൽ വേഷ വിഭാഗത്തിൽ ചേരുകയും ചെയ്തു. പ്രശസ്ത നടന്മാരായ *പട്ടിക്കാംതൊടി രാവുണ്ണിമേനോൻ,* *കവളപ്പാറ* *നാരായണൻനായർ,*

*ഗുരു കുഞ്ചുക്കുറുപ്പ്* എന്നിവരായിരുന്നു ഗുരുക്കന്മാർ.

കൂടിയാട്ട ആചാര്യനായ പത്മശ്രീ *മാണി മാധവചാക്യാരിൽ* നിന്നും  നയനസാധകവും അഭ്യസിച്ചു. *ഗുരുഗോപിനാഥ്*

*ആനന്ദ് ശിവറാം*

എന്നിവർ

സഹപാഠിയായിരുന്നു.

_ചന്തുപ്പണിക്കർ_ മുമ്പ് ആശ്ലേഷിച്ച്‌

അനുഗ്രഹിച്ച പ്രകാരവും,   ഈശ്വരകൃപയാലും മറ്റ് ഗുരുക്കന്മാരുടെ അനുഗ്രഹത്താലും

കൂടുതലും സ്വാത്തിക കഥാപാത്രങ്ങളെ മാത്രം മിഴിവോടെ രംഗത്തവതരിപ്പിക്കുന്ന _തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങിയ_ പ്രശസ്തനായ വേഷക്കാരനായി

രൂപാന്തരപ്പെടുകയായിരുന്നു

കൃഷ്ണൻനായർ.

ഇന്ത്യയിലെ സുന്ദരകലകളെ

സംബന്ധിച്ച് പഠിക്കാനെത്തിയ

സ്റ്റാൻ ഹാർഡി എന്ന

വിദേശവനിതയുമായി

കണ്ട് മുട്ടാനുള്ള സന്ദർഭമുണ്ടായത് മറ്റൊരു

വഴിത്തിരിവായിരുന്നു.

മദാമ്മയെ കഥകളി പഠിപ്പിക്കാനുള്ള

അവസരം ആശാന് ലഭിച്ചു.

അവരോടൊപ്പം

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്യാനുള്ള അവസരം  അദ്ദേഹത്തിനുണ്ടായി.

ആ യാത്ര കൃഷ്ണൻനായർക്ക് സാമ്പത്തിക ലാഭവും ഉണ്ടാക്കിക്കൊടുത്തു.


*പൂതനാമോക്ഷം* കഥയിലെ ലളിതയെ ഇത്രയധികം ലാളിത്യത്തോടും  അനിതര സാധാരണമായ ഭാവവൈശിഷ്ട്യത്തോടും അവതരിപ്പിച്ച നടന്മാരില്ല. ആമ്പാടിഗൂണം വർണ്ണിപ്പാൻ വൻപനല്ല ഫണിരാജനും എന്ന് പറഞ്ഞതുപോലെ പൂതനാമോക്ഷത്തിലെ കൃഷ്ണൻനായരുടെ ലളിതയുടെ അഭിനയത്തെ വിവരിക്കാൻ സാധ്യമല്ല.

*പൂതനക്കൃഷ്ണൻ* എന്ന അപരനാമത്തിലും ആശാനറിയപ്പെട്ടു.

ദിവംഗതനായ

കലാമണ്ഡലം കൃഷ്ണൻകുട്ടി

പൊതുവാൾ എന്ന കഥകളിയിലെ ബഹുമുഖപ്രതിഭ, കൃഷ്ണൻനായരുടെ

മഹോന്നതമായ

പൂതന വേഷത്തെക്കുറിച്ച്

_പൂതനക്കൃഷ്ണൻ_

എന്നൊരദ്ധ്യായം തന്നെ രചിച്ചിട്ടുണ്ട്.

അമ്പാടി വർണ്ണനയിൽ തുടങ്ങി പൂതനയുടെ മരണം വരെ ബഹുഭാവതരംഗിതമായി

മുന്നോട്ട് നീങ്ങുന്ന കൃഷ്ണൻനായരുടെ അഭിനയം കഥകളി പ്രേക്ഷകർക്ക് ഒരു അനുഭവം തന്നെയായിരുന്നു.

അതി കേമിയായി 

ലാസ്യവതിയായ പൂതനയുടെ

വേഷം കഴിഞ്ഞ്

താണ്ഡവമാടുന്ന

രൗദ്രഭീമ വേഷത്തിലും

ഒരേ രാവിൽ

അരങ്ങ് തകർത്ത്

കൃഷ്ണൻനായർ ആയിട്ടുണ്ട്.



1914 മാർച്ച് 27 ന് 

 _കണ്ണൂർ__ ജില്ലയിലെ 

ചിറയ്ക്കലിൽ ആണ് കൃഷ്ണൻനായർ ജനിച്ചത്.

ചെറുതാഴം ദേശത്തെ പുതിയേടത്ത് വീട്ടിൽ _മാധവിയമ്മയുടെയും_ കാഞ്ഞിരക്കോട് 

_നാരായണൻനായരുടെയും_ മകനായി.

നാലാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളു.

വാരണക്കോട് മനവക അഞ്ചാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂളിലായിരുന്നു പഠനം.

അന്ന് ദേശത്തെ ഏറ്റവും സമ്പന്നമായ കുടുംബമായിരുന്ന വാരണക്കോട് മനയിൽ കഥകളി അഭ്യാസം പതിവുണ്ടായിരുന്നു. 

ഗുരു ചന്തുപ്പണിക്കരാണ് കഥകളി അഭ്യസിച്ചിരുന്നത്.

കഥകളി പാരമ്പര്യമുള്ള കുടുംബത്തിലല്ലാ  ജനിച്ചതെങ്കിലും

കൃഷ്ണൻനായർക്ക് കഥകളി പഠിക്കണമെന്ന ആഗ്രഹമുദിച്ചു.

താമസിയാതെ മനയ്ക്കലെത്തി ആഗ്രഹമുണർത്തിച്ചപ്പോൾ 

അനുവാദം കിട്ടിയതുകൊണ്ട് കൃഷ്ണൻനായർ അവിടെ താമസിച്ചു തന്നെ പഠനം ആരംഭിച്ചു. കർക്കശക്കാരനായ അധ്യാപകനായിരുന്നു

ചന്തുപ്പണിക്കർ.

ഈ കുറിപ്പിന്റെ

തുടക്കത്തിലുദ്ധരിച്ച

സംഭവം നടക്കുന്നത്

ഈ കാലത്തായിരുന്നു.

ശ്രദ്ധയോടെയുള്ള പരിചരണത്തിൽ കാല് വേഗം സുഖപ്പെട്ടു.

കൃഷ്ണൻനായർ പഠനം തുടരുകയും ചെയ്തു.

രണ്ട് വർഷത്തോളം നീണ്ടു നിന്നു ആ അഭ്യസനം. ആദ്യകാലങ്ങളിൽ

കൂടുതലും സ്ത്രീവേഷങ്ങൾ ആയിരുന്നു കൃഷ്ണൻനായർ അരങ്ങിൽ ആടിയിരുന്നത്.


പച്ചയും മിനുക്കുമായിരുന്നു ആശാന്റെ സ്ഥായിയായ വേഷം. *മാലിയുടെ* കർണശപഥത്തിലെ കർണനെ ആശാനായിരുന്നു 

പ്രശസ്തമാക്കിയത്.

കഥയ്ക്ക് ഇത്രത്തോളം പ്രസിദ്ധിയുണ്ടാക്കിയതു

ആശാനായിരുന്നു. 

1988 ൽ കർണശപഥത്തിലെ കുന്തിയായും വേഷം കെട്ടി.

*ആറ്റിങ്ങൽ* നഗരത്തിനടുത്തുള്ള

_കടുവയിൽ വെള്ളൂർക്കോണം_

ക്ഷേത്രത്തിൽ ഉത്സവക്കളിയിൽ

ശ്രീ _ഗോപിയായിരുന്നു_

കർണൻ. 


*"സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു മൃത്യുവിൽ നിന്നെന്നറിയുന്നോ?"* 

എന്ന കർണന്റെ സുപ്രധാന ചോദ്യത്തിന് മുന്നിൽ കൃഷ്ണൻനായരടെ കുന്തീദേവി വിഷണ്ണയാകുന്നത് വികാരഭരിതമാണ്.


 *ഹരിശ്ചന്ദ്രചരിതം* കഥയിൽ കൃഷ്ണൻനായർ _വിശ്വാമിത്രനായി_ അരങ്ങിൽ വന്ന് രതിവിരതിമാരെ നൃത്തം പഠിപ്പിക്കുന്ന രംഗം ഓർമ്മയിലുണ്ട്.

ഹരിശ്ചന്ദ്രന്റെ സത്യവ്രതത്തെ ഏത് വിധേനയും മുടക്കാനാണ് സുന്ദരിമാരായ രതിവിരതിമാരെ നടനം പഠിപ്പിച്ച് അയോധ്യയിലേക്ക് മഹർഷി അയക്കുന്നത്. തരുണിമാർ  അംഗോപാംഗമിളകിയാടിയും ചാരുകടാക്ഷവും മന്ദഹാസവും കൊണ്ട്   രാജാവിനെ വശീകരിച്ച് പാട്ടിലാക്കി രാജാവിന്റെ ധനത്തെ ദുർവ്യയം ചെയ്യിപ്പിച്ച് ദരിദ്രനാക്കുക ഇതാണ് മുനിയുടെ ഉദ്ദേശ്യം. 

കൃഷ്ണൻനായരുടെ  വിശ്വാമിത്രന്റെ  ഇളകിയാട്ടത്തിലുള്ള കലാശങ്ങൾ മാത്രം കണ്ടാൽ മതി ഒരാളെ കഥകളി ഭ്രാന്തനാക്കാൻ !! രതിവിരതിമാരെ നൃത്തച്ചുവടുകളും വശീകരികരണ മയക്ക് വിദ്യകളും ഓരോന്നായി പഠിപ്പിച്ച് മുനി തളരുന്നു  മഹർഷി മനസിൽ കാണുന്ന ഭാവമോ ലാസ്യമോ നർത്തകികൾക്കില്ലെന്നും

ഈ രീതിയിൽ രാജാവിന്റെ മുന്നിൽ നൃത്തമാടിയാൽ രാജാവ് ഐഹിക സുഖമുപേക്ഷിച്ച് കൊടുങ്കാട്ടിൽ തപസ്സിനു പോകുമെന്ന് 

ഹാസ്യരൂപത്തിൽ ആഗ്യം കാട്ടി അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ട എന്ന മട്ടിൽ  സുന്ദരിമാരെ പരിഹസിക്കുന്നു.

ദീർഘമേറിയ ഈ കഥ

എഡിറ്റ് ചെയ്ത്

ഒറ്റ രാത്രിയിൽ 

ആടാൻ പാകത്തിൽ

രൂപപ്പെടുത്തിയതിൽ

കൃഷ്ണൻനായർക്ക്

പങ്കുണ്ട്.


ഇതുപോലെയാണ് *സുഭദ്രാഹരണം* കഥയിലെ കൃഷ്ണനും ബലഭദ്രനും.

ഈ കൂട്ട് വേഷങ്ങൾ

*മാങ്കുളം വിഷ്ണുനമ്പൂതിരിയും* കൃഷ്ണൻനായരും കൂടിയാണ് അവതരിപ്പിക്കുന്നതെങ്കിൽ

ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും സർവ്വദിക്കിൽ നിന്നും ആസ്വാദകരെത്തുമെന്നാണ് പക്ഷം.

ബലഭദ്രർ, അർജ്ജുനന്

വിധിക്കുന്ന ശിക്ഷാരീതികൾ.

കൃഷ്ണൻ അതിന്

സ്വസഹോദരി അനുഭവിക്കാൻ

പോകുന്ന ദുർഘടങ്ങൾ.

*കലാമണ്ഡലം കേശവൻ*

ഇത് ചോദ്യോത്തരമായി

വിശദീകരിച്ചെഴുതിയിട്ടുണ്ട്. 


1974ലാണ് _പൂമാതിനൊത്ത ചാരുതന്_  *പത്മശ്രീ*  ലഭിക്കുന്നത്. എന്നോടെന്നോട് സന്നതാംഗിയിണങ്ങുമെന്ന  ആശയോടെയാണ് 

മംഗലഗാത്രിയായ *കല്യാണിക്കുട്ടിയമ്മയെ* പരിഗ്രഹിച്ചത്.

കലാമണ്ഡലത്തിൽത്തന്നെ

മോഹിനിയാട്ടം പഠിക്കുന്ന

കുറ്റിപ്പുറം സ്വദേശിനിയായ

കല്യാണിക്കുട്ടിയമ്മയെ

പ്രണയിച്ചതും പരിഗ്രഹിച്ചതും

ആശാൻ തന്നെ എഴുതിയിട്ടുണ്ട്.

മഹാകവിക്ക് ഈ വിവാഹബന്ധം ഇഷ്ടമായിരുന്നില്ല.

നല്ലത് നല്ലതിനോടേ ചേരണം എന്നത് പോലെ മേഘവാഹനനേക്കാൾ ബലവാനും മോഹനാംഗനവനതിഗുണവാനുമായ ഒരു സാഹസ പ്രിയനെയാണ് ഇണക്കം കലർന്ന് രമ്യതയോടെ 

നാൾകഴിക്കാൻ കല്യാണിക്കുട്ടിയമ്മയ്ക്ക് നിയോഗമുണ്ടായത്. മോഹിനിയാട്ടം അധ്യാപികയായിരുന്ന കല്യാണിക്കുട്ടിയമ്മ

*അസുരവിത്ത്, ഗന്ധർവ്വക്ഷേത്രം,* 

*രാരിച്ചൻ എന്ന പൗരൻ* തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1999 മേയ് 12 ന്

കല്യാണിക്കുട്ടിയമ്മ അന്തരിച്ചു.

ഈയിടെ ദിവംഗതനായ *കലാശാല ബാബു* മൂത്തമകനാണ്.


തിരുവനന്തപുരത്തും കുറച്ച് കാലം *മാർഗ്ഗിയിൽ* അധ്യാപകനായിരുന്നു.  കഥകളിയരങ്ങുകളെ രോമാഞ്ചമണിയിക്കുന്ന  സ്ത്രീസൗന്ദര്യധാമമായ 

ശ്രീ _മാർഗ്ഗി വിജയകുമാർ_ വത്സല ശിഷ്യനാണ്.


പ്രചുരപ്രചാരം നേടാത്ത കഥകളിലെ ചില അപ്രധാന വേഷങ്ങൾ ആശാൻ അവിസ്മരണീയമായി അവതരിപ്പിച്ച് പ്രശംസ നേടിയതായി കേട്ടിട്ടുണ്ട്

_പൗണ്ഡ്രകവധത്തിലെ_ 

*ബലരാമൻ*

 വിച്ഛിന്നാഭിഷേകത്തിലെ *മന്ഥര*

കംസവധത്തിലെ *ആനക്കാരൻ, അക്രൂരൻ*  എന്നിവ അതിൽ ചിലതു മാത്രമാണ്.

ആത്മകഥയായ

*എന്റെ ജീവിതം അരങ്ങിലും *അണിയറയിലും*

കലാകൗമുദി വാരികയിൽ 1987 മുതൽ ഖണ്ഡശ്ശ പ്രസിദ്ധികരിച്ചിരുന്നു.

1984 ൽ എറണാകുളത്തായിരുന്നു _ശംഖമദ്ദളമംഗലധ്വനിയോടെ_ സപ്തതിയാഘോഷിച്ചത്.


നളചരിതം, സന്താനഗോപാലം, രുക്മാംഗദചരിതം തുടങ്ങിയ നാടകാംശം മുറ്റിനില്ക്കുന്ന കഥകളിൽ മുഖസൗന്ദര്യവും അംഗോപാംഗ വിന്യാസങ്ങളും കൊണ്ട് ഭാവാഭിനയത്തിലും ഭാവനാസൃഷ്ടിയിലും കൃഷ്ണൻനായർ നേടിയെടുത്ത പ്രശസ്തി അസൂയാവഹമാണ്.

കാലകേയവധത്തിലെ സലജ്ജോഹം, സ്വർഗവർണന ഏന്നിവ അദ്ദേഹത്തിന്റെ അനന്യ സാധാരണമായ  അഭിനയ വൈശിഷ്ട്യം തെളിയിക്കുന്നു. 

പച്ച കത്തി കരി താടി മിനുക്ക് തുടങ്ങിയ വിഭാഗങ്ങളിൽ കൃഷ്ണൻനായരെക്കാൾ ആധിപത്യം സ്ഥാപിച്ച നടന്മാർ ഉണ്ടെങ്കിൽ ഈ മേഖലകളിലെല്ലാം സർവ്വാധിപത്യം സ്ഥാപിച്ചത്

കലാമണ്ഡലം

കൃഷ്ണൻനായരാണ്.

താൻ അവതരിപ്പിക്കുന്ന

വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയും

ഭാവാഭിനയത്തിൽ

പ്രത്യേകമായി ഓരോ വേഷത്തിന്റെയും അവതരണത്തിൽ സ്വന്തമായ ശൈലി ഉറപ്പിക്കുകയും

ചെയ്ത കലാമണ്ഡലം കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും  _കരുണാകടാക്ഷവും_  

_കനക്കുമർത്ഥവും_ _സുധകണക്കേ പദനിരയും_ ആ സാർവ്വഭൗമനെ നിനയ്ക്കുന്നവർക്കും ലഭിക്കുമെന്നാണ് വാഗ്ദേവതയുടെ വരം.....

അതു തന്നെ എന്നും ഭവിക്കട്ടെ....


*കെ.ബി. ഷാജി.*

*നെടുമങ്ങാട്*

9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള