May_31_2009/ കമല സുരയ്യ

*മനോരഥമെന്നൊരു രഥമുണ്ടോ?*
*അറിഞ്ഞൂടാ!*
*മന്മഥനെന്നൊരു ദേവനുണ്ടോ?.*
*അറിഞ്ഞൂടാ*

*ശകുന്തള* എന്ന ചിത്രത്തിലെ *വയലാറിന്റെ* വരികളാണ്.
ആശ്രമകന്യയാണെങ്കിലും _ശകുന്തള_ മനോരഥത്തിൽ മന്മഥനെയാണ് തിരയുന്നത്!
അറുപത്തിയഞ്ചാം വയസ്സിലും ഒരു പുരുഷനെ കാമുകനായോ കൂട്ടുകാരനായോ കമിതാവായോ ഒരു വിധവ ആഗ്രഹിക്കുന്നതിൽ അസാന്മാർഗികത കാണുന്ന സാധാരണ മാനവരുടെ അവസ്ഥയെ സധൈര്യം പുച്ഛിച്ച് തള്ളിയ  
*കമലാ സുരയ്യ* ഒരു ജീനിയസ്സാണെന്ന് അഭിപ്രായപ്പെട്ടത് പ്രശസ്തനായ 
ഒരു നിരൂപകനാണ്.

ഒരു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയായിരുന്നു
*കമല സുരയ്യ*
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടികൾ കവിത,
ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1999 ൽ ഇസ്ലാംമതം സ്വീകരിക്കുന്നതിന് മുമ്പ് മലയാള രചനകളിൽ *മാധവിക്കുട്ടിയെന്നും*
ഇംഗ്ലീഷ് രചനകളിൽ *കമലാദാസ്* എന്ന പേരിലുമാണ് രചനകൾ നടത്തിയിരുന്നത്.
ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം *സുരയ്യ* എന്ന നാമം സ്വീകരിച്ചു. ഇംഗ്ലീഷിൽ കവിതയെഴുതുന്ന പ്രമുഖ ഇന്ത്യക്കാരിയായിരുന്നു അവർ. എന്നാൽ കേരളത്തിൽ _മാധവിക്കുട്ടി_ എന്ന തൂലികാനാമത്തിലെഴുതിയ ചെറുകഥകളിലൂടെയുമാണ് അവർ പ്രശസ്തയായത്.
1984 ൽ സാഹിത്യത്തിനുള്ള *നോബൽ* സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടു.
അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി
*ലോക് സേവാ ചാരിറ്റബിൾ ട്രസ്റ്റ്* എന്ന സംഘടനയാരംഭിച്ചു.
നാലപ്പാട്ടെ തന്റെ തറവാട്  വീട് കേരളസാഹിത്യ അക്കാദമിക്ക് ഇഷ്ടദാനം കൊടുത്തു.
സ്ത്രീകളുടെ ലൈംഗീക അവകാശങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച്
സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി _മാധവിക്കുട്ടിക്കാണെന്ന്_ പല എഴുത്തുകാരും കരുതുന്നു
അവരുടെ ചില കൃതികളിലെ സദാചാരബോധം പാടെ മറന്നുള്ള, തുറന്നുള്ള 
സാഹിത്യബോധം രൂക്ഷമായ വിമർശനങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്.

*മാധവിക്കുട്ടിയുടെ* 
*എന്റെ കഥ* എന്ന  ആത്മകഥാംശം ഉൾക്കൊള്ളുന്ന സ്മരണകൾ വായനക്കാർക്കായി വർഷങ്ങൾക്കു് മുമ്പ് _കൊല്ലത്തുനിന്ന്_
*എസ് കെ നായരുടെ* പത്രാധിപത്യത്തിലുള്ള
*മലയാള നാട്* വാരികയിലാണ് പ്രസിദ്ധികരിച്ചു വന്നത്.
ചില ലക്കങ്ങളില ഭാഗങ്ങൾ വായിക്കുവാൻ കൊള്ളില്ലായെന്നുള്ളൊരു ശ്രുതി അക്കാലത്ത് പരന്നിരുന്നു.
പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോഴും *മാധവിക്കുട്ടി* തന്നെ ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം നിർവ്വഹിച്ചപ്പോഴും ധാരാളം ആക്ഷേപങ്ങൾ അവർക്ക് നേരേ എഴുത്തുകാരിൽ നിന്നും സാധാരണക്കാരിൽ നിന്നുമുണ്ടായി.
പതിനഞ്ച് വയസ്സുള്ള ഒരു ബാലികയുടെ മനസായിരുന്നെങ്കിലും സാഹസികയും ചപലയുമായിരുന്നു കമല.
പ്രായോഗിക പ്രേമങ്ങളെയും ഔപചാരിക ദാമ്പത്യങ്ങളെയും മടുപ്പോടെ നോക്കി കമല പൊട്ടിച്ചിരിക്കുമായിരുന്നു.
കമല എന്നും കൂട്ടത്തിൽ ഒറ്റപ്പെട്ടു നിന്നവളാണ്.
സ്വതന്ത്രയും നിർഭയയും.
അതുകൊണ്ട് തന്നെ അവർ നിർദയത്വവും കാട്ടി.

1995 ൽ *വേണുനാഗവള്ളി*
കഥയെഴുതി സംവിധാനം ചെയ്ത *അഗ്നിദേവൻ* എന്ന ചിത്രം കണ്ടിറങ്ങിയപ്പോൾ *പുന്നയൂർക്കുളത്തെ* നാലാപ്പാട് തറവാട്ടിലെ ചില മുഖങ്ങളെ ഓർമ്മ വന്നു. _ബാലാമണിയമ്മയും_ (രോഹിണി ഹട്ടങ്കടി)
_വി.എം നായരും_
(ഭരത് ഗോപി) _മാധവിക്കുട്ടിയും_(കവിത) *മോനുവും* _md nalappatt_ (ദേവൻ) നമുക്ക് സുപരിചിതമായ ജീവിച്ചിരുന്ന വ്യക്തികൾ.
സ്വാതന്ത്ര്യസമരം ദേശത്ത് തിളച്ചു മറിയുന്ന കാലത്താണ് സമരത്തിന് ഊക്ക് കൂട്ടാൻ കോഴിക്കോട് കേന്ദ്രമായി 1923 ൽ മാതൃഭൂമി പത്രമാരംഭിക്കുന്നത്.
1987 ൽ *മാതൃഭൂമി* പത്രത്തിന്റെ പകുതിയിൽ കവിഞ്ഞ ഓഹരികൾ  ബോംബെയിലെ *ബെന്നറ്റ്‌ കോൾമാൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്*(Times of India)
വില്പനയ്ക്ക് നാലാപ്പാട്ട് തറവീട്ടിലെ ചില ഓഹരിയുടമകൾ തുനിഞ്ഞതും പത്രസ്നേഹികളുടെ വൻ എതിർപ്പുകാരണം കോലാഹലമൊടുങ്ങിയതും അത്ഭൂതകരമായ വാർത്തകളായിരുന്നു.

മലയാളത്തിൽ  എന്നല്ല ഒരിന്ത്യൻ ഭാഷയിൽ  പ്രമുഖ വനിതാസാഹിത്യകാരിയുടെ ആത്മകഥയായ
*എന്റെ കഥ* വായിച്ചവരുടെ അഭിപ്രായങ്ങൾ വിവിധ ആനുകാലികങ്ങളിൽ വന്നിട്ടുള്ളതും ചില എഴുത്തുകാരുടെ പച്ചയായ വിമർശനങ്ങൾ വായിച്ചിരുന്നതും ഓർക്കുകയാണ്. തന്റെ ബാല്യം തൊട്ടുള്ള ജീവിത യാഥാർത്ഥ്യങ്ങൾ 50 അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു.
എഴുത്തിന്റെയും ലൈംഗികതയുടേയും ഭർത്താവുമൊത്തുളള
ക്രൂരമായ ബന്ധങ്ങൾ,
പുത്രരുടെ ജനനങ്ങൾ,
വിവാഹേതരബന്ധങ്ങൾ
മുതലായവ ആത്മകഥയിലെ പ്രതിപാദ്യ വിഷയങ്ങളാണ്.
ഈ ആത്മകഥ ഒരു സാഹിത്യ സംവേദനം സൃഷ്ടിച്ചു എന്നു മാത്രമല്ല _മാധവദാസ്സിന്റെ_ കുടുംബക്കാർ പുസ്തകത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി.
പതിനഞ്ചോളം ഭാഷകളിൽ പുസ്തകത്തിന് പരിഭാഷയുണ്ട്.

"" എനിക്ക് വീണ്ടുമൊരു 
ജന്മം കിട്ടുമെങ്കിൽ ഞാൻ എല്ലാ രാത്രിയും നക്ഷത്രങ്ങൾക്കിടയിൽക്കിടന്നു മാത്രമുറങ്ങും.
മാൻപേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തിൽ ഞാൻ താമസിക്കും. വെയിൽ പൊന്തുന്ന സമയം നദിയിൽ നീന്തുകയും ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും.
എന്റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട് യാതൊരു സാദൃശ്യവുമുണ്ടാകില്ല.
ഞാൻ സുഗന്ധവാഹികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ച് ആ ശയ്യയിൽ കിടക്കും.

അവരുടെ ഭാവനാ ചിത്തത്തിന്റെ തേരോട്ടമാണ് സാഹിത്യമായത്.

ഇന്ന് 2020 മെയ് 31.
പതിനൊന്നാണ്ടുകൾക്ക് മുമ്പ് ഇതേ ദിനത്തിലാണ് *കമല സുരയ്യ* എന്ന ഇന്ത്യയിലെ പേരുകേട്ട ഇംഗ്ലീഷ് എഴുത്തുകാരി ( *മാധവിക്കുട്ടി*) _പൂനെയിലെ_ ഒരു സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശരോഗം പിടിപെട്ട് അന്ത്യയാത്രയായത്.

തൃശൂർ ജില്ലയുടെ വടക്കൻ പ്രദേശമായ *പുന്നയൂർക്കുളത്താണ്*
പേരുകേട്ട നാലാപ്പാട്ട് തറവാട്.
*നാലാപ്പാട്ട് നാരായണമേനോന്റെ* അനന്തിരവളായ
പ്രശസ്ത കവയത്രി *ബാലാമണിയമ്മയുടെയും* മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ 
*വടക്കേക്കര മാധവൻ  നായരുടേയും* മൂത്ത മകളായി പുന്നയൂർക്കുളത്ത് നാലാപ്പാട്ട് തറവാട്ടിൽ
1934 മാർച്ചിലാണ് കമല ജനിച്ചത്.
പുന്നയൂർക്കുളത്തെ ഒരു സാധാരണ സർക്കാർ സ്കൂളിൽ ഏഴാം വയസ്സിൽ 
ഒന്നാം ക്ലാസ്സിലിരുത്തി.
തുടർന്ന് തൃശൂർ നഗരത്തിലെ ബോർഡിംഗ് സൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നു. മലയാളത്തെ മറക്കാൻ പഠിപ്പിക്കുന്ന ഈ സ്കൂളിലെ അത്യന്തം കർശനമായ ഇംഗ്ലീഷ് പഠനമാണ് ഇംഗ്ലീഷ് പദ്യമെഴുത്തിന് ഉപയോഗപ്പെട്ടതെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
*കൽക്കത്തയിൽ* പിതാവ്  *വാൾഫോർഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ* ഒരു സീനിയർ ഓഫീസറായിരുന്നതിനാൽ _കമലയുടെ_ തുടർന്നുള്ള  ബാല്യകാലം _കൽക്കത്താ_ നഗരത്തിലായിരുന്നു.
ആംഗലേയ ഭാഷയിൽ മികച്ച പ്രാവീണ്യവും സാഹിത്യാഭിരുചിയും ഉണ്ടാകാൻ കൽക്കത്തയിലെ വാസം സഹായമായി.
_വി. എം  നായർ_ സഹധർമ്മിണിയായ _ബാലാമണിയമ്മയുടെ_ സാഹിത്യരചനയെ അത്യന്തം പ്രോത്സാഹിപ്പിച്ചിരുന്നതും കമലയ്ക്ക് എഴുത്തിനോടുള്ള
അഭിനിവേശം വർദ്ധിക്കാൻ
കളമൊരുക്കി.

പ്രായപൂർത്തിയാകുന്നതിന് മുമ്പേ  _കമല_ _ലോകബാങ്കിലെ_ ഉന്നത ഉദ്യോഗസ്ഥനായ 
*തൃശൂർ* സ്വദേശി *മാധവദാസ്സിന്റെ* പ്രണയിനിയായി.
വിവിധ ദേശങ്ങളിലെ ഭർത്താവുമൊത്തുള്ള വാസവും അന്നത്തെ രാഷ്ട്രീയവും സാമൂഹ്യവുമായ സാഹചര്യങ്ങളും പുസ്തക രചനയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.
തറവാട്ടിൽ മക്കളുടെ ശൈശവദശയിൽ
കുടുംബഭരണവും 
സാഹിത്യരചനയും
ഒന്നിച്ചുകൊണ്ടുപോയതും
പിൽക്കാലത്ത് ഓർത്തിട്ടുണ്ട്.
1992 ൽ ഭർത്താവ് യാത്രയായി.
ചരാചരങ്ങളോടുള്ള പ്രേമം മാധവിക്കുട്ടിയിലപ്പോഴുമുണ്ടായിരുന്നു.
തുടർന്നുള്ള കാലത്താണ് ഉജ്ജ്വലവാഗ്മിയായ 
ഒരു ഇസ്ലാം പണ്ഡിതനുമായി സങ്കോചമില്ലാത്ത അടുപ്പമുണ്ടാകുന്നത്. അവരുടെ മിക്ക രചനകളും പുസ്തകങ്ങളായി വായനക്കാർക്ക്‌ ലഭിച്ചു.
പുസ്തകങ്ങളിലെ തുറന്നെഴുത്ത് ഇതിനകം സ്വസമുദായത്തിൽത്തന്നെ സ്ത്രീകളടക്കമുള്ള ജനത ഇവരെ ഹനിക്കണമെന്ന വാശിയിലായിരുന്നു.
ഈ തേജോവധശ്രമങ്ങളെ ചെറുക്കാനും അദമ്യമായ ജീവിതാവേശവും ഇസ്ലാം മതപരിവർത്തനത്തിന് ആരെയും കുറ്റപ്പെടുത്താതെ സന്തോഷപൂർവ്വം അവർ  വിധേയയായി.
1999 മുതൽ കൊച്ചിയിലെ മകന്റെ ഫ്ലാറ്റിൽ പർദയിട്ട ജീവിതം. 
ആചാരങ്ങൾ മുറുകെപ്പിടിച്ചവർക്ക് 
ചുട്ട മറുപടിയായി _കമലയുടെ_
മതംമാറ്റം.

*"നീർമാതളപ്പൂവിനുള്ളിൽ*
*നീഹാരമായി വീണകാലം"*

മലയാളത്തിലെ പ്രശസ്ത സംവിധായകനായ ശ്രി _കമൽ_  2016 ലാണ് _മാധവിക്കുട്ടിയുടെ_ കഥ അഭ്രപാളികളിലാക്കുന്നതിന് തീരുമാനിച്ചത്.
മലയാളിയായ *ബോംബെയിൽ* സ്ഥിരതാമസമായ ശ്രീമതി _വിദ്യാബാലൻ_ എന്ന നടിയെയായിരുന്നു 
*കമലയായി* അഭിനയിക്കാൻ കരാറൊപ്പിടുവിച്ചത്.
എന്നാൽ ചിത്രീകരണത്തിന്റെ നാളുകളായപ്പോൾ _വിദ്യ_ പിന്മാറി.
തുടർന്നാണ്  _മഞ്ജുവാര്യരെ_ നിശ്ചയിക്കുന്നത്. 
ചിത്രത്തിൽ കമലയുടെ ആരാധനാ മൂർത്തിയായ
ഭഗവാൻ കൃഷ്ണന്റെ വേഷമണിയാമെന്ന് വാക്കുറപ്പിച്ചിരുന്ന _പൃഥിരാജും_
ഒടുവിൽ ഷൂട്ടിംഗിന് എത്തിയില്ല.
തുടർന്ന് പുതുമുഖ നടനായ _ടൊവിനോ തോമസ്സിനെ_ കാസ്റ്റ്
ചെയ്യുകയായിരുന്നു.
പ്രശസ്ത നടൻ 
*കൊടിയേറ്റം ഗോപിയുടെ* മകൻ _മുരളി ഗോപിയാണ്_ കമലയുടെ ഭർത്താവായ *മാധവദാസ്സായി* അത്യൂജ്ജ്വലമായ അഭിനയം കാഴ്ചവച്ചത്.
*ആമി* എന്ന പേരിലാണ് ചിത്രം പുറത്തു വന്നത്.

1983 ൽ ഭർത്താവിനോടൊത്ത് ബംഗ്ലാദേശിലെ *ധാക്കയിൽ*
താമസിക്കുമ്പോൾ ശ്രീലങ്കയിലുണ്ടായ വംശീയ സംഘർഷങ്ങളെ ആസ്പദമാക്കി *മനോമി*
എന്നൊരു നോവൽ രചിക്കുകയുണ്ടായി.
ഇതിന്റെ സിനിമാവിഷ്ക്കരണം
സംഭാവ്യമാക്കാൻ 
_ശ്രീ ശ്യാമപ്രസാദ്_  ഒരുങ്ങിയെങ്കിലും  പിന്നീടത്  നിലച്ചു.

2009 ജൂൺ ഒന്നിന് കമലയുടെ ഭൗതികദേഹം വിമാനമാർഗം കൊച്ചിയിലേയ്ക്കും തുടർന്ന് റോഡ് മാർഗം തിരുവനന്തപുരത്തേക്കും കൊണ്ടു വന്നു. 
സെനറ്റ് ഹാളിൽ ആരാധകരുടെ അശ്രുപൂജയേറ്റ് വാങ്ങിയശേഷം 
പാളയം ജുമാമസ്ജിദിലെ ഗുൽമോഹർ മരങ്ങൾക്കിടയിലെ ഖബറിടത്തിൽ മതാചാരപ്രകാരം അടക്കം ചെയ്തു.

1984 ൽ തിരുവനന്തപുരത്ത് താമസിക്കുമ്പോൾ 
_ലോക് സേവാ_ എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി _തിരുവനന്തപുരം_ ലോകസഭാമണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടു.

*തേൻകിനാക്കൾ നന്ദനമായി*
*നളിന നയനാ...*

2000 ൽ പ്രശസ്ത സംവിധായകൻ
*ലെനിൻരാജേന്ദ്രൻ* 
സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്കിയെടുത്ത *മഴ* 
എന്ന ചിത്രം _കമലയുടെ_ *നഷ്ടപ്പെട്ട നീലാംബരി* എന്ന കഥയിലെ ആശയമുൾക്കൊണ്ടാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിൽ കോളേജ് പഠനകാലത്ത് സംഗീതത്തോടും സംഗീതാദ്ധ്യാപകനോടുമുള്ള പ്രണയം ശാശ്വതമല്ലായിത്തീരുന്നതും
പിന്നീട് അവരൊരു ഡോക്ടറായി 
കമ്പ്യൂട്ടർ എഞ്ചിനിയറുടെ ഭാര്യയാകുന്നതോടെ തീവ്ര ദുഖിതയാകുന്നതുമാണ് ഇതിവൃത്തം. 
_ഒ.വി. ഉഷയുടെ_ കവിതയും _ആശ_ എന്ന പുതിയ ഗായിക സംസ്ഥാന പുരസ്ക്കാരം ആദ്യ ഗാനത്തിന്  നേടിയതും പ്രസിദ്ധമാണ്.

_പുന്നയൂർക്കുളത്തെ_ നാലാപ്പാട്ട് തറവാട് 
സാഹിത്യ അക്കാദമിക്ക് സൗജന്യമായി കൈമാറിയെങ്കിലും ചില അസ്വാരസ്യങ്ങൾ ഉണ്ടായി. അന്നത്തെ പ്രസിഡന്റും 
പ്രസിദ്ധ കവിയും 
ഗാന രചയിതാവുമായ *യൂസഫലി കേച്ചേരിയുമായുള്ള* 
വാദ കോലാഹലങ്ങൾ മലയാളികൾ മറന്നിരിക്കും.

_മാധവിക്കുട്ടിയുടെ_ മൂത്ത പുത്രൻ, ശ്രീ _മാധവദാസ്സ്_ _നാലാപ്പാട്_
( *എംഡി നാലാപ്പാട്*)
_തിരുവിതാംകൂർ കൊട്ടാരത്തിലെ_ 
*കാർത്തികതിരുനാൾ* തമ്പുരാട്ടിയുടെ മകളായ 
_പൂയം തിരുനാൾ ഗൗരി പാർവ്വതിഭായിയുടെ_
 പുത്രി _തിരുവാതിര തിരുനാൾ ലക്ഷ്മിഭായിയെയാണ്_.
പരിഗ്രഹിച്ചത്.
_കമലാദാസിന്റെ_ തിരുവനന്തപുരം നഗരത്തിലെ
വാസ സമയത്താണ് കൊട്ടാരവുമായി ഈ സംബന്ധം ഉണ്ടാകുന്നത്‌.
_മുംബെയിൽ_ 
*ടൈംസ് ഓഫ് ഇന്ത്യയുടെ*
മുഖ്യ പത്രാധിപരാണ് 
_എംഡി നാലാപ്പാട്._
മറ്റ് രണ്ട് പുത്രരായ 
_ചിന്നൻ ദാസ്, 
_ജയസൂര്യാദാസ്_ എന്നിവർ _എറണാകുളത്താണ്‌._
കമലദാസിന്റെ ഇളയ സഹോദരി _സുലോചനദാസ്സും_ ചെറിയൊരു എഴുത്തുകാരിയും സാംസ്ക്കാരിക മേഖലയിൽ സാന്നിദ്ധ്യവുമറിയിച്ചിട്ടുണ്ട്.

കാനഡക്കാരിയായ "മെർലി" എന്ന മദാമ്മയുമായുള്ള ദീർഘനാളത്തെ  സൗഹൃദം, 
_മാധവിക്കുട്ടിയുടെ_ ജീവചരിത്ര രചനയ്ക്ക് _മെർലിക്ക്_ പ്രചോദനമേകി.  മദാമ്മ മക്കളോടൊത്ത് നാലാപ്പാട്ട് തറവാട്ടിൽ താമസിച്ചാണ്  രചന നിർവ്വഹിച്ചത്. എന്നാൽ പുസ്തകം പൂർണ്ണമായതായറിയില്ല.

രാജ്യത്ത് സാഹിത്യത്തിന് നല്കിവരുന്ന *ജ്ഞാനപീഠമോ* 
_പത്മ പുരസ്ക്കാരമോ_ അവരെ തിരിഞ്ഞു നോക്കിയില്ല.
സംസ്ഥാന സർക്കാരിന്റെ *എഴുത്തച്ഛൻ* പുരസ്ക്കാരവും *വയലാർ* അവാർഡും അവർക്ക്‌ ലഭിച്ചിരുന്നു.

*ഞാൻ ഇതിലും ചെറിയ കവി*
*ആയാൽ മതിയായിരുന്നു.*
*ഇതിലും മികച്ച സ്ത്രീയും.*
*എവിടെയാണ് പിഴച്ചതെന്നോ* 
*എന്താണ് പിഴച്ചതെന്നോ*
*എനിക്കോർമ്മയില്ല*

_കമല സുരയ്യയുടെ_ അവസാനത്തെ സൃഷ്ടി എന്നു കരുതപ്പെടുന്ന, അവരുടെ മരണക്കിടക്കയിൽ, മകൻ 
_എംഡി നാലാപ്പാട്_ കുറിച്ചെടുത്ത കവിത.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള