June_02_1988/ രാജ് കപൂർ

*ഇതാണ് നമ്മുടെ* *സമൂഹത്തിന്റെ ദോഷം*.
*കള്ളനെ പോക്കറ്റടിക്കാരനെ നല്ല വേഷമണിഞ്ഞു കണ്ടാൽ മാന്യന്മാരായി സമൂഹം* 
*മുദ്രകുത്തും*.
*എല്ലുമുറിയെ പണിയെടുക്കുന്നവരാണ്* *അവരുടെ നോട്ടത്തിൽ കള്ളന്മാർ*

1951 ൽ പ്രദർശനത്തിനെത്തിയ 
*ആവാരാ* എന്ന 
ഹിന്ദി ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട സൗമ്യനായ *കള്ളൻ രാജു* തന്റെ 
സാമൂഹ്യരോഷം പ്രതിഫലിപ്പിച്ചതിങ്ങനെയായിരുന്നു.
തന്റെ വിധിയും തെരുവുനായയുടെ വിധിയും ഒന്നാണെന്ന് ആ കള്ളൻ തുടർന്നു പറഞ്ഞു.
*നീയും നാടോടി ഞാനും നാടോടി.*
""എന്തൊരു രസമുള്ള കാര്യമാണിത്,
നീയും തെണ്ടി
ഞാനും അങ്ങനെതന്നെ,
നിനക്ക് വീടില്ല.
എനിക്കും.
സ്നേഹത്തിനായി നീ
കൊതിക്കുന്നു
എന്നെപ്പോലെ.
നമ്മൾ തമ്മിലുള്ള 
ഏകവ്യത്യാസം നീ മൃഗവും ഞാൻ
മനുഷ്യനാണെന്നതുമാണ്.
മനുഷ്യൻ... ഹാ..."""

തെണ്ടിയും തെരുവുതെമ്മാടിയും കള്ളനുമായ രാജുവിനെ പ്രേക്ഷകർ നെഞ്ചേറ്റുകതന്നെ ചെയ്തു.
ഹിന്ദി ചലച്ചിത്രലോകത്തിൽ 
അന്നുവരെ ദർശിക്കാത്ത പുത്തൻ തരംഗത്തിന് തുടക്കമായി ആ സിനിമ.
തെണ്ടിയുടെ വേഷപ്പകർച്ച അനായാസമായി കൈകാര്യം ചെയ്യാൻ അന്ന്
ഹിന്ദി സിനിമയിൽ ഒരാളേ ഉണ്ടായിരുന്നുള്ളു.
*രാജ്കപൂർ എന്ന നടൻ*
ചലച്ചിത്രനടൻ, സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളിൽ പ്രശസ്തനാണ് ഹിന്ദി ചലച്ചിത്രലോകത്തെ ഷോമാനായ *രാജ്കപൂർ.*

1987-88 ലാണ് *തിരുവനന്തപുരത്ത്* ആദ്യമായി ഭാരതസർക്കാർ ഒരു ഫിലിമോത്സവം സംഘടിപ്പിക്കുന്നത്.
ഇത് ഫിലിമോത്സവ് 88 എന്ന് പില്ക്കാലത്ത് അറിയപ്പെട്ടു.
ഉദ്ഘാടനത്തിന് ആദ്യം നിശ്ചയിച്ചിരുന്നത് 
_രാജ് കപൂറിനെയായിരുന്നു._
എന്നാലൊടുവിൽ _കപൂറിന്റെ_ അനാരാഗ്യേകരമായ അവസ്ഥ പരിഗണിച്ച്  അദ്ദേഹത്തെ മാറ്റി നിറുത്തി പ്രശസ്ത നടൻ
 *ദിലീപ് കുമാറിനെ* വരുത്തുകയായിരുന്നു.

1992 ൽ ശ്രീ _കമൽ_ സംവിധാനം ചെയ്ത *വിഷ്ണുലോകം* എന്ന ചിത്രത്തിലെ സൈക്കിൾ യജ്ഞം നടത്തുന്ന _മോഹൻലാലിന്റെ_  
*ശങ്കുണ്ണി* എന്ന കഥാപാത്രം
""ആവാര ഹും"" എന്ന പാട്ടുപാടുന്ന രംഗം ചിലരെങ്കിലും ഓർക്കാതിരിക്കില്ല.
_ആവാരയിലെ_ പ്രശസ്തമായ ഗാനമാണിത്.
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ 
*കെ.എ അബ്ബാസ്സിന്റെ*
കഥയെ അടിസ്ഥാനമാക്കിയുള്ള
 _ആവാരയിൽ_ കപൂറിന്റെ മുത്തച്ഛൻ, പിതാവ്, ഇളയ അനുജൻ ശശികപൂർ എന്നിവരും നടിച്ചിരുന്നു.
ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷം കപൂറിനെ ഭാരത ചാപ്ളിൻ എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

*മെയിൻ ഷാർ ദോ നഹീ*
*മഗർ യേ ഹാസി*
*ജബ് സേ ദേഖാ*
*മേം തുഛ്കോ മുഛ്കോ*

ഈ ഗാനം കേൾക്കാത്ത ഒരു സിനിമാ സ്നേഹികളും കാണാനിടയില്ല.
എന്തിന് ആകാശവാണിയിൽ സമയം ഫിൽ ചെയ്യാൻ ഇടയ്ക്കിടെ
*എസ്സ് എ സ്വാമി* ഈ ഗാനം ഗിത്താറിൽ മീട്ടിയത് കേൾക്കാത്തവരില്ല.

1973 ലാണ് കപൂർ 
ഇളയപുത്രൻ 
*ഋഷി കപൂറിനെ* നായകനാക്കി *ബോബി* എന്ന ഹിറ്റ്‌ ചിത്രം സംവിധാനം ചെയ്തത്. 
കൗമാര പ്രണയത്തിന്റെ പുതിയൊരു മുന്നോടിയായിരുന്നു ഈ ചിത്രം. 16 വയസ്സുള്ള 
_ഡിംപിൾ കപാഡിയ_  എന്ന നടിയുടെ ആദ്യ ചിത്രമാണിത്.
ടൈറ്റിൽ റോളായ ബോബി ബ്രഗൻസ് എന്ന കഥാപാത്രമായാണ് അവർ വേഷമിട്ടത്.
ബോളിവുഡിൽ ഹരമായി മാറിയ _ഡിംപിൾ_ പ്രശസ്ത നടനായ *രാജേഷ് ഖന്നയുടെ* ഭാര്യയായിരുന്നു.
 *ലക്ഷ്മികാന്ത് പ്യാരേലാലിന്റെ*
സംഗീതത്തിൽ 
*ശൈലേന്ദ്ര സിംഗാണ്* ആദ്യം പറഞ്ഞ ഹിറ്റ് ഗാനം പാടിയത്.

1988  ഏപ്രിൽ മാസമായിരുന്നു 
_രാജ് കപൂറിന്_,  സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള  *ദാദാസാഹിബ് ഫാൽകേ* പുരസ്ക്കാരം സമ്മാനിക്കാൻ തീരുമാനിച്ചത്.
*ഡൽഹിയിലെ* ഒരു വേദിയിൽ സമ്മാനം ഏറ്റുവാങ്ങാനെത്തിയത് അവശനായിട്ടാണ്.
ബന്ധുക്കളുടെ അകമ്പടിയോടെ വേദിയിലേയ്ക്ക് നീങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയും ചെയ്തു.
തുടർന്ന്
ആസ്തമാ രോഗത്തിന് *എയിംസിൽ* പ്രവേശിക്കപ്പെട്ട ഇന്ത്യകണ്ട ഏറ്റവും മികച്ച ഷോമാൻ ഒരു മാസത്തോളം മരണവുമായി മല്ലിട്ട് 1988 ജൂൺ 2 ന് ഇതിഹാസമായി.
 
ഹിന്ദി ചലച്ചിത്രലോകത്തെ താരകുടുംബസംഗമത്തിന് തുടക്കം കുറിച്ച 
_പൃഥിരാജ് കപൂർ_ _രമാദേവി_
എന്നിവരുടെ സീമന്തപുത്രനായാണ്
1924 ഡിസംബർ 24 ന് _രാജ്കപൂർ_ ഇന്ന് _പാകിസ്ഥാനിൽപ്പെടുന്ന_ *പെഷവാറിൽ* ജനിച്ചത്.
രൺബീർ രാജ്കപൂർ എന്നായിരുന്നു മുഴുവൻ പേര്
പത്താംക്ലാസ്സ് പരീക്ഷയിൽ തോറ്റതോടെ രാജ്കപൂർ 
ബോംബെ ടാക്കീസിന്റെ ആദ്യ ദിലീപ്കുമാർ ചിത്രമായ ജ്വാർട്ടോയുടെ സെറ്റിലെത്തി.
ഇവിടെ നിലം തൂത്തുവാരുന്നത് മുതൽ ക്ലാപ്പർ ബോയിയുടെ പണിവരെ ചെയ്ത _രാജ്കപൂർ_
ഒടുവിൽ *കിദാർശർമ്മയുടെ* കനിവിന്റെ പുറത്ത്, നായകനായുള്ള ആദ്യ ചിത്രത്തിലഭിനയിച്ചു.
1947 ൽ പുറത്തിറങ്ങിയ
*നീൽ കമൽ* ആയിരുന്നു ചിത്രം. അതിന് മുമ്പ് ചില ചെറുകിട വേഷത്തിലഭിനയിച്ചിരുന്ന രാജ് കപൂർ *വാല്മീകി* എന്ന ചിത്രത്തിൽ _നാരദന്റെ_ വേഷത്തിലായിരുന്നു  ആദ്യം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

നടനായി തിളങ്ങുന്നതിനിടയിൽത്തന്നെ സംവിധാന രംഗത്തും ശ്രദ്ധ പതിപ്പിക്കാൻ _രാജ് കപൂറിന്_ കഴിഞ്ഞു.
1948 ൽ സംവിധാനം ചെയ്ത *ആഗ്* ആണ് ആദ്യ ചിത്രം.
നേരേ ചൊവ്വേ കഥ പറയുന്ന ആഖ്യാന രീതി ഉപേക്ഷിച്ച ആ ചിത്രത്തിൽ കാണികളുടെ സഹതാപത്തിന് പാത്രമാവുന്ന കഥാപാത്രങ്ങളേയില്ലായിരുന്നു.അടുത്ത വർഷം _രാജിന്റെ_ അഭിനയശേഷിക്ക് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രവുമായി
*മെഹബൂബ് ഖാൻ* രംഗത്തുവന്നു. 
*നർഗീസ്സ്* നായികയായുള്ള 
*അന്ദാസ്* ആയിരുന്നു ചിത്രം.  അന്ന് അരങ്ങ് തകർത്തഭിനയിച്ചിരുന്ന 
*ദിലീപ് കുമാർ* ചിത്രത്തിലുണ്ടായിരുന്നിട്ടും
നായികയുടെ സംശയാലുവായ ഭർത്താവിന്റെ റോൾ 
_രാജ് കപൂർ_ അവിസ്മരണീയമാക്കി.
ഇതേ വർഷം തന്നെ 
സംഗീതപ്രധാനമായ ചിത്രം,
*ബർസാത്ത്* സംവിധാനം ചെയ്തഭിനയിച്ചുകൊണ്ട് _ദിലീപ് കുമാർ_, *ദേവാനന്ദ്*
എന്നീ വൻ താരങ്ങൾക്കൊപ്പം രാജ് കപൂറും സ്ഥാനം പിടിച്ചു.

1951 ലെ രാജ് കപൂറിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായ *ആവാര* 1954 ൽ *സോവിയറ്റ് റഷ്യയിൽ*
*ബ്രോദിഗയ* എന്ന പേരിൽ റിലീസ് ചെയ്തു.
ഇതിലെ ""ആവാര ഹൂം
ഗർദിഷ് മേ ഹൂം
ആസ്മാൻ കാ താരാ ഹും""
എന്നത് സൂപ്പർഹിറ്റ് ഗാനമായിത്തീർന്നു.
തന്റെ ഇഷ്ട ചലച്ചിത്രമായി ചൈനീസ് വിപ്ലവനേതാവ് *മാവോ സേതൂങ്* പോലും പറഞ്ഞിട്ടുള്ളത് _ആവാര_ എന്നാണ്.
പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ച _നർഗ്ഗീസുമായി_ 
_രാജ് കപൂറിന്റെ_ പേരു ചേർത്ത് പറയപ്പെട്ടിരുന്നെങ്കിലും  ആ ബന്ധം സുദൃഢമായില്ല.
_നർഗീസ്സ്_ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയതിന് ശേഷവും _രാജ് കപൂർ_ പല മികച്ച ചിത്രങ്ങളും സംവിധാനം ചെയ്യൂകയും അഭിനയിക്കുകയും ചെയ്തു.
*അനാഡി* (1959), 
*ജിമ്പ് ദേശ് മേം ഗംഗാ  ബഹ്തി ഹോ*(1961),
*മേരാ നാം ജോക്കർ* (1970) എന്നിവ ശ്രദ്ധേയങ്ങളായി.
1959 ൽ രാജ് കപൂറിന്റെ
*ജാഗത് രഹോ* എന്ന ചിത്രം 
_ഗ്രാൻഡ്‌പി_ അവാർഡിനർഹമായി.
ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഭാരതീയ നടനും സംവിധായകനുമാണ്
_ രാജ് കപൂർ_.

താൻ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും
 _രാജ് കപൂർ_ തന്നെയാണ് നായകനായി അഭിനയിച്ചിട്ടുള്ളത്.
മനുഷ്യവികാരങ്ങളെ യഥാർത്ഥമായി ആവിഷ്ക്കരിക്കുന്നതിലും
കഥാപാത്രമായി ഇണങ്ങിച്ചേർന്നഭിനയിക്കുന്നതിലും കപൂർ വിജയിച്ചു.
തന്റെ ചിത്രങ്ങളിൽ സ്ത്രീകൾക്ക് സവിശേഷമായ സ്ഥാനം നല്കാനും അദ്ദേഹം തയ്യാറായി.
ഇന്ത്യൻ സ്ത്രീത്വത്തിന് പ്രത്യേക പരിഗണന നല്കാൻ രാജ് കപൂർ യത്നിച്ചതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
""നമ്മൾ ഇന്ത്യാക്കാർ കാപട്യക്കാരാണ്""
"ഒരു വശത്ത് മാതൃത്വത്തിന്റെ
*ഉജ്ജ്വല പ്രതീകമെന്ന *നിലയിൽ നാം സ്ത്രീകളെ വാഴ്ത്തും".
"ദേശത്തിന് ആദരവർപ്പിക്കേണ്ട സമയത്ത് നമ്മൾ *ഭാരതമാതാവ്* എന്നാണ് സംബോധന ചെയ്യുന്നത് തന്നെ."
പക്ഷേ പ്രായോഗിക "ജീവിതത്തിൽ സ്ത്രീക്ക് നാം അങ്ങേയറ്റം മ്ലേച്ഛമായ സ്ഥാനമാണ് കല്പിക്കുന്നത്".
"അവരെ നാം ജീവനോടെ കത്തിക്കും. അടിമകളായി തരം താഴ്ത്തും. പല വീടുകളിലും വളർത്തുമൃഗങ്ങൾക്ക് സ്ത്രീകളെക്കാൾ മാന്യമായ സ്ഥാനം നമ്മൾ കല്പിച്ചു കൊടുക്കാറുണ്ടായിരുന്നു."
"വേറെ ഏതെങ്കിലും രാജ്യത്ത് ഇത്രയധികം ബലാൽസംഗങ്ങളും സ്ത്രീപീഡനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?"
"നമ്മുടെ കുടുംബങ്ങളിൽ പെൺകുട്ടിയുടെ ജനനം ശാപമായാണ് കണക്കാക്കപ്പെടുന്നത്.."
"എന്ത് കൊണ്ട്?."
എന്നെ സംബന്ധിച്ച് സ്ത്രീത്വം,
സ്നേഹം, ഊഷ്മളത, അടുപ്പം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. സ്ത്രീയെ ആദരിക്കേണ്ടതാണ്.
സ്ത്രീയുടെ സന്തോഷം എന്ന അവകാശത്തിന് വേണ്ടിയുള്ള സമരമാണ് എന്റെ സിനിമകൾ""

ഫിലിം ഫെയർ അവാർഡുകളും സംസ്ഥാന സർക്കാരിന്റെ അവാർഡുകളും നിരവധി തവണ കപൂറിനെത്തേടിവന്നു.
*ബർലിനിലും*(1960) *മോസ്ക്കോയിലും* (1969)
നടത്തപ്പെട്ട ചലച്ചിത്രമേളകളിൽ ജൂറിയംഗമായിരുന്നു അദ്ദേഹം. നാലാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 
ജൂറിപാനൽ ചെയർമാനായിരുന്നു.
*ആർ കെ ഫീലിംസ്* എന്ന പേരിൽ ബോംബെയിൽ ഒരു കമ്പനി സ്ഥാപിച്ച അദ്ദേഹം അതിന്റെ ഡയറക്ടറായിരുന്നു.
1976 ൽ *പത്മഭൂഷൺ* ബഹുമതിയും1981 ൽ *സോവിയറ്റ് ലാൻഡ് നെഹ്റു* അവാർഡും ലഭിച്ചു.

നാല് ദിവസം മുമ്പ് പിതാവ് _പൃഥിരാജ് കപൂറിനെ_ അനുസ്മരിച്ചപ്പോൾ കപൂർ സഹോദരന്മാരുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞിരുന്നു.
ബഹുമാന്യരായ വായനക്കാർ അതോർക്കുമല്ലോ??
*രാജ് കുമാർ, രാജേന്ദ്രകുമാർ* എന്നിങ്ങനെ രണ്ട് നടന്മാരും അക്കാലത്തുണ്ടായിരുന്നു.

ഇന്ത്യൻ സിനിമയുടെ പ്രശസ്തിയും പ്രൗഢിയും വിശ്വമാകെ വ്യാപരിപ്പിച്ച മഹാനായ കലാകാരന് മുപ്പത്തിമൂന്നാം 
ചരമവാർഷികദിനത്തിൽ
പ്രണാമമർപ്പിക്കുന്നു.

*കെ.ബി.ഷാജി. നെടുമങ്ങാട്.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള