July_21_2001/ ശിവാജി ഗണേശൻ

*ഓ..ഓ..ഓ.*.
*പൊട്ട്രി പാടെടി പെണ്ണേ...*
*തേവർ കാലെടി നന്നേ...*
*തെക്ക് തെശ ആണ്ട* 
*മന്നർ ഇനം താൻ ഹോ...*
*മുക്കുലത്ത് ശേർന്ത*
*തേവർ മകൻ താൻ ഹോ...*

*പൊട്ട്രി പാടെടി പെണ്ണേ*

1992 ലാണ്  *ഭരതൻ*
എന്ന മലയാളത്തിലെ മികച്ച
ക്രാഫ്റ്റ്മാൻ,  
തമിഴിൽ _കമലഹാസ്സനെ_ മുഖ്യ കഥാപാത്രമാക്കി ഒരു ചലച്ചിത്രം അണിയിച്ചൊരുക്കാൻ തീരുമാനിച്ചത്. കമലഹാസന്റെ സ്വന്തം ചലച്ചിത്ര നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ രചിച്ച കഥയായിരുന്നു
*തേവർ മകൻ.*
നിരവധി ദേശീയ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിൽ ശക്തിവേൽ എന്ന കമലിന്റെ കഥാപാത്രത്തിന്റെ അച്ഛനായിട്ടായിരുന്നു തമിഴകം
ആരാധിച്ചിരുന്ന 
*നടികർ തിലകം* 
*ശിവാജി ഗണേശൻ* നടിച്ചത്.
*പൊള്ളാച്ചിക്ക്* സമീപം *രംഗസമുദ്രം* എന്ന 
സ്വച്ഛശാന്തത നടമാടുന്ന, സൗന്ദര്യം തൂളുമ്പുന്ന ഗ്രാമത്തിലാണ് ചിത്രീകരണം നടന്നത്. 
"പെരിയതേവർ"   കുട്ടികളുമൊത്ത് പാടുന്ന ഗാനത്തിലെ ആദ്യ വരികളാണ് നമ്മൾ മുകളിൽ കണ്ടത്.
*കവിജ്ഞർ വാലിയും*
ഇളയരാജയും ചേർന്നാണ് പാട്ടൊരുക്കിയത്.

ഒരു പക്ഷേ ലോകം ഇത്തരമൊരു  അഭിനേതാവിനെ കണ്ടിട്ടുണ്ടായിരിക്കാനിടയില്ല.
"വില്ലുപുരം ചിന്നയ്യ മന്നരായർ ഗണേശമൂർത്തി" എന്ന തഞ്ചാവൂർക്കാരൻ സാക്ഷാൽ *ശിവാജി ഗണേശനായതിൽ* 
ഒരത്ഭുതമാണെന്നോ അപ്രതീക്ഷിത സംഭവമാണെന്നോ സിനിമാലോകം വിശേഷിപ്പിച്ചിരിക്കില്ല.
ചരിത്ര പുരുഷനായ 
*ഛത്രപതി ശിവജിയെ*
ഒരു നാടകത്തിൽ മികവാർന്ന രീതിയിൽ അവതരിപ്പിച്ചത് കണ്ട പെരിയോർ
ഇവി. രാമസ്വാമി നായ്ക്കരാണ് ഒരു പൊതുചടങ്ങിൽ ഗണേശനെ 
*ശിവാജി ഗണേശനെന്ന്* സംബോധന ചെയ്തത്.
ചലച്ചിത്രാഭിനയം തുടങ്ങാൻ കാരണമായതും പെരിയോർ തന്നെ.എം കരുണാനിധിയുടെ തിരക്കഥയായ *പരാശക്തിയാണ്*
ഗണേശന്റെ ആദ്യ ചിത്രം.
രണ്ടാം ലോകയുദ്ധകാലത്ത് ഒരു തമിഴ് കുടുംബം നേരിട്ട ദുരനുഭവങ്ങളാണ് ചിത്രത്തിൽ
ദർശിക്കുക
1952 ൽ റിലീസായ ചിത്രത്തിൽ ഗണേശൻ "ഗുണശേഖരൻ" എന്ന കഥാപാത്രത്തെയാണ് 
വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.

*സോതനൈ മേൽ സോതനൈ പോതുമെടാ സാമി*

ഈശ്വരന്റെ  പരീക്ഷണങ്ങൾക്ക്  ഒരറുതിയില്ലേ??
നിയമപാലകനായ ഒരച്ഛൻ
വഴിപിഴച്ച ഏക മകന്റെ ദുരവസ്ഥയിൽ   വിലപിക്കുന്നതാണ് വരികളുടെ പൊരുൾ.
1974 ൽ *പി.മാധവൻ* സംവിധാനം ചെയ്ത ചിത്രമാണ്. *തങ്കപ്പതക്കം.*
അരവർഷത്തോളം തിയേറ്ററുകൾ നിറഞ്ഞോടിയ കുടുംബകഥയിൽ ഗണേശനും കെ.ആർ വിജയയും ശ്രീകാന്തുമാണ് മുഖ്യവേഷങ്ങളിണഞ്ഞത്.
ഗംഭീരമായ മുഖഭാവങ്ങളുടെ ഒരു ഘോഷയാത്രയാണ്  ശിവാജിയുടെ പോലീസ് വേഷത്തിൽ കണ്ടത്.
സ്നേഹനിധിയായ
മനൈവി.
പാശവും നേശവും 
അളവില്ലാതെ കൊടുത്ത്
പോറ്റിയ പയ്യൻ.
നെടുമങ്ങാട് ഭൂവനേശ്വരി
ടാക്കീസിലാണ് ചിത്രം
വർഷങ്ങൾക്ക് മുമ്പ്
കളിച്ചത്.

1979 ൽ തങ്കപ്പതക്കം, *അഗ്നിപർവ്വതം* 
എന്ന പേരിൽ 
ശ്രീ _പി.ചന്ദ്രകുമാർ _
മലയാളം വെർഷൻ സംവിധാനം ചെയ്തിരുന്നു
_മധു_ *ശ്രീവിദ്യ* _സത്താർ_ മുതലായവർ അഭിനയിച്ചിരുന്നു.

*പരുന്തിങ്കൽ കാവിൽ പണിക്കർ*

പൊന്നിയം പടയിൽ ഗുരുനാഥനായ 
*കതിരൂർ ഗൂരുക്കളുടെ* തലയറുത്ത് വിജയശ്രീലാളിതനായി മാണിക്കോത്തേക്ക് ആർപ്പുവിളിയും ആവേശവുമായി പോകുന്ന *തച്ചോളി കുഞ്ഞി ഒതേനൻ,*  പോരിനിടയിൽ മടിയിൽ നിന്നു വീണ കത്തി തിരിച്ചെടുക്കാൻ അങ്കത്തട്ടിലെത്തുമ്പോൾ ഗുരുക്കളുടെ ചങ്ങാതി _പരുന്തിങ്കൽ പണിക്കർ_ ചതിയിൽ ഒതേനന്റെ തിരുനെറ്റിയിൽ ചുണ്ടപ്പൊയ്യിൽ മായൻകുട്ടിയുടെ ഉന്നം പിഴയ്ക്കാത്ത തോക്കിനാൽ വകവരുത്തുന്നു.
1978 ൽ നവോദയയുടെ 
ആദ്യ ചലച്ചിത്രം,
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം.
*തച്ചോളി അമ്പു*
തിരുവനന്തപുരം സെൻട്രൽ തിയേറ്ററിലാണ് പ്രദർശനത്തിന് വന്നത്.
ഫ്ലാഷ് ബാക്കിൽ തിളങ്ങുന്ന കഥാപാത്രമാണ് _ഒതേനൻ_
ഒരിക്കൽ അനശ്വര നടൻ *സത്യൻ* ഉജ്ജ്വലമാക്കിയ കഥാപാത്രം.
ശിവാജി ഗണേശൻ സ്നേഹപൂർവ്വം വിളിക്കുന്ന പ്രേമി എന്ന *പ്രേംനസീറിന്റെ* 
നിർബന്ധപ്രകാരമാണ്  ഒതേനന്റെ വേഷമണിയാമെന്ന് 
നടികർ തിലകം ഉറപ്പു നല്കിയത്.
ഇടുക്കി ഡാമിന് സമീപം *കുളമാവിൽ* പ്രത്യേകം സെറ്റിട്ട അങ്കത്തട്ട്.
ഗുരുക്കളുടെ റോളിൽ വന്ന കെ.പി. ഉമ്മറിന്റെ ഉറുമി വീശലിൽ ഗണേശന് പരിക്കേറ്റ്
പ്രിയപ്പെട്ട താരത്തിന് പറ്റിയ പരിക്ക് നിസ്സാരമായി തള്ളാൻ തമിഴ് സിനിമാലോകം തയ്യാറായില്ല.
മദിരാശിയിലെ ഉമ്മറിന്റെ വീട്ടിന് നേരേ ആക്രമണം,
കല്ലേർ, കോലം കത്തിക്കൽ,
ഒതേനൻ സകലവിധ ആഡംബരത്തോടും 
പ്രൗഢിയോടും വെള്ളിത്തിരയിൽ നിറഞ്ഞ് നിന്നു.

*കാക്കാലക്കണ്ണമ്മാ കൺമിഴിച്ച് പാരമ്മാ*
*കന്നിമാനം ചോന്നിട്ടാറേ..*

1995 ൽ *സ്വർണ്ണച്ചാമരം* എന്നൊരു ചലച്ചിത്രം സംവിധാനം ചെയ്യാൻ നടനും സംവിധായകനുമായ 
പ്രതാപ് പോത്തൻ ആലോചിക്കുന്നു.
ശിവാജി ഗണേശനും മോഹൻലാലിനും പ്രധാന റോളുകൾ ഉള്ളതായിരിക്കണമെന്ന് കഥാകൃത്ത് _ജോൺപോളുമായി_ തീരുമാനിക്കുന്നു.
ഈ രണ്ട് നടന്മാരുടെയും 
കാൾഷീറ്റുകൾ ഒരുമിച്ച് ലഭിക്കാതിരുന്ന സാഹചര്യവും മറ്റ് ചില പ്രധാന പ്രശ്നങ്ങളും കാരണം "സ്വർണ്ണച്ചാമരം" വീശാനായില്ല.
ആദ്യം തീരുമാനിച്ചിരുന്ന കഥയിൽ ചില വ്യതിയാനങ്ങൾ വരുത്തിക്കൊണ്ട്
 ശ്രീ _എസ്. പ്രിയദർശൻ_
മെനഞ്ഞെടുത്ത കഥയാണ്
1997 ൽ പുറത്ത് വ ന്ന *ഒരു യാത്രാമൊഴി*
എന്ന ചലച്ചിത്രം. 
തന്റെ അജ്ഞാതനായ പിതാവിനെ ഇല്ലാതാക്കാൻ പകയോടെ
ഭൂമിമലയാളമാകെ
തിരഞ്ഞ് നടക്കുന്ന 
_ഗോവിന്ദൻകുട്ടിയുടെയും_ 
_അനന്തസുബ്രഹ്മണ്യൻ_ എന്ന വ്യാപാരിയുടേയും കഥ.
ഒടുവിൽ താൻ ഉദ്ദേശ്യിക്കുന്ന
മനുഷ്യനാണ് പിതാവെന്നറിയുമ്പോൾ ആ പുത്രൻ സ്നേഹത്തിന്റെയും
വാത്സല്യത്തിന്റെയും വികാരവായ്പിന് 
കീഴടങ്ങിക്കഴിഞ്ഞിരുന്നു.
നദിയുടെ തീരത്ത് മണൽ കോൺട്രാക്ടറായി *പെരിയവർ* എന്ന കഥാപാത്രത്തെയാണ് ശിവാജി ഗണേശൻ പ്രൗഢി നല്കിയത്.

1999 ൽ കെ.എസ് .രവികുമാർ സംവിധാനം ചെയ്ത
*പടയപ്പയിൽ* ആണ് ഗണേശൻ ഏറ്റവുമവസാനം അഭിനയിച്ചത്.
പടയപ്പയുടെ പിതാവായിട്ടാണ്  വേഷം. ആദർശ ധീരനായ കുടുംബനാഥൻ സകല സ്വത്തുക്കളും അനുജന്മാർക്ക് കൈമാറുന്നു
ജീവിതകാലം മുഴുവൻ സന്തോഷത്തോടെ വസിക്കാമെന്നു കരുതിയ ബംഗ്ലാവിൽ നിന്നിറങ്ങുന്ന സീൻ കാണികളെ വിഷമിപ്പിക്കുകതന്നെ ചെയ്യും.
ആ വലിയ ഗൃഹത്തിന്റെ ഉമ്മറത്തെ കൂറ്റൻ തൂണിൽ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ കഥാപാത്രത്തിന്റെ ജീവശ്വാസം നിലയ്ക്കുന്നു

2001 ജൂലൈ 21ന് യഥാർത്ഥ ജീവിതത്തിലും അത് സംഭവിച്ചു.
ദൈവത്തിന് പോലും ചിലയവസരങ്ങളിൽ ഒരു നടനാകേണ്ടി വന്നാൽ ഗണേശനൊപ്പം നടമാടാൻ സാധിക്കുകയില്ലെന്നു ആസ്വാദകർ വിശേഷിപ്പിച്ചിട്ടുണ്ട്.
അറുപത് വർഷത്തെ അഭിനയ ജീവിതം.
258 ചിത്രങ്ങൾ.
മക്കൾ തിലകത്തിനൊപ്പം
കുണ്ടുക്കിളിയിലും അഭിനയിച്ചു.
1997 ൽ ഫാൽകെയും 
2000 ൽ ഷെവലിയർ പദവിയും.
മകൻ _പ്രഭു ഗണേശ്_ 
*ഇളയതിലകം* എന്ന പേരിൽ പ്രശസ്തൻ.

പേരെടുത്ത അഭിനയ ചക്രവർത്തിമാർ വിടവാങ്ങുന്നതും പുതിയവർ രംഗത്തെത്തുന്നതും സ്വാഭാവികമാണ്.
എന്നാൽ കട്ടബൊമ്മനായും പട്ടാക്കത്തി വൈരവനായും കർണ്ണനായും വേഷമിട്ടു വരാൻ സാമർത്ഥ്യമുള്ള പുതിയ തലമുറയുടെ വൈഭവം കണ്ടുതന്നെയറിയണം.

*കെ.ബി. ഷാജി. നെടുമങ്ങാട്*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള