July_14_2015/ Msv (എം' എസ്.വിശ്വനാഥൻ)
*ഹൃദയവാഹിനീ ഒഴുകുന്നു നീ*
*മധുരസ്നേഹ തരംഗിണിയായ്.*
*കാലമാമാകാശ ഗോപുര നിഴലിൽ,*
*കല്പനതൻ കളകാഞ്ചികൾ ചിന്തി.*
*ചന്ദ്രകാന്തം*
*എസ്.കെ പൊറ്റക്കാട്ട്* എന്ന സാഹിത്യകാരന്റെ കോഴിക്കോടുളള വീട്ടുപേരല്ല
ഉദ്ദേശ്യിക്കുന്നത്.
1974 ൽ രാജശില്പിയുടെ ബാനറിൽ
ശ്രീ _ശ്രീകുമാരൻതമ്പി_ നിർമ്മിച്ച് സംവിധാനം ചെയ്ത സുന്ദരമായൊരു കുടുംബ ചിത്രം.
അത്തരം ചിത്രങ്ങളിലാണല്ലോ
കാലം നമിക്കുന്ന ഗാനങ്ങളുണ്ടാകുക!?
ചന്ദ്രകാന്തത്തിലെ എല്ലാ ഗാനങ്ങളും ഇന്നും കേൾക്കുന്തോറും വീണ്ടും കേൾക്കാനിഷ്ടപ്പെടുന്നവയാണ്.
തെന്നിന്ത്യയിലെ പ്രശസ്തനായ
സംഗീത സംവിധായകനും _ലളിതസംഗീതത്തിന്റെ രാജാവ്_ എന്നർത്ഥത്തിൽ
*മെല്ലിശൈ മന്നൻ*
എന്ന അപരനാമത്തിൽ സംഗീതലോകം ഇന്നും ഭക്ത്യാദരപൂർവ്വം ആരാധിക്കുന്ന മലയാളിയായ
*എം എസ്സ് വിശ്വനാഥനായിരുന്നു* ചന്ദ്രകാന്തത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.
രോമാഞ്ചജനകമായ രണ്ട് ഗാനങ്ങൾ അദ്ദേഹമാലപിക്കുകയും ചെയ്തു.
അതിൽ പ്രധാനമായതിന്റെ ആദ്യവരികളാണ് മുകളിൽ
എഴുതിയിരുന്നത്.
*വിശ്വനാഥം നിലച്ചു.*
2015 ജൂലൈ 15 ന് പുറത്തുവന്ന മനോരമ പത്രം
വിദ്യാധരസംഗീതമുയർത്തിയ,
മാനസ മരുഭൂമി മലർവാടിയാക്കിയ, കാലത്തിന്റെ കവിതയായ കനകതാരകം പൊലിഞ്ഞ വിവരം മാലോകരെ അറിയിച്ചത് ഈ തലക്കെട്ടിലായിരുന്നു.
1924 ജൂൺ 24 *പാലക്കാട്* ജില്ലയിലെ *എലപ്പുള്ളിയിൽ*
"മനയങ്കത്ത്" തറവാട്ടിൽ
_സുബ്രമണ്യൻ_ _നാരായണിക്കുട്ടി_ ദമ്പതികളുടെ മകനായി "വിശ്വനാഥൻ" ജനിച്ചു. ചെറിയ പ്രായത്തിലേ പിതാവിനെയും സഹോദരിയേയും നഷ്ടപ്പെട്ട വിശ്വന് ദാരിദ്ര്യവും ദുരിതങ്ങളും മാതാവിനോടൊപ്പം അനുഭവിക്കേണ്ടി വന്നു.
*കണ്ണൂർ* സെൻട്രൽ ജയിൽ ജീവനക്കാരനായ മുത്തച്ഛൻ, ഇവരെ *പള്ളിക്കുന്നിലേക്ക്* കൂട്ടിക്കൊണ്ട് പോയി.
*ഒരു ഗാനത്തിൻ മഴവിൽ ചിറകിൽ പ്രിയസഖീ നിന്നെ ഉയർത്താം ഞാൻ*
*തിരുവാഭരണം ചാർത്തി വിടർന്നു*
*വിശ്വസംഗീതത്തിന്റെ* ഇന്ദ്രജാലം
മലയാളി മനസ്സിനെ
തൊടുന്ന ചിത്രമാണ് *ലങ്കാദഹനം.*
*പ്രേംനസീറിന്റെ* _സിഐഡിപ്പടമാണെന്ന്_ പറഞ്ഞാൽ വീട്ടിൽനിന്നും സിനിമകാണാൻ ഒരിക്കലും അനുവാദം ലഭിക്കില്ല,
രാമായണകഥയാണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് *നെടുമങ്ങാട്* _ഭുവനേശ്വരിയിൽ_ പോയി ചിത്രം കണ്ടത്.
എന്നാൽ ചിത്രത്തിന്റെ
ആദ്യരംഗം കണ്ടപ്പോൾ ഒന്നന്ധാളിച്ചു. വാക്കുകൾക്ക് അറം പറ്റിയോ?
"രാവണൻ" സന്യാസിയായി വന്ന് "സീതയെ" കട്ടുകൊണ്ട്
പോകുന്ന സീൻ.
പിന്നീട് ഭയം മാറിയത് ആ രംഗം സിനിമയ്ക്കുള്ളിലെ സിനിമ എന്ന് മനസ്സിലായപ്പോഴാണ്.
ആ ചിത്രം വിജയിക്കാൻ കാരണം ഒന്നിനൊന്ന് മെച്ചപ്പെട്ട ഹൃദയം ആനന്ദത്തിലാറാടുന്ന മധുരതരംഗങ്ങളായ ഗാനങ്ങൾതന്നെ.
ചിത്രത്തിലെ
ആദ്യഗാനം തന്നെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതായിരുന്നു.
എക്കാലത്തും മലയാളികൾക്ക് "വിശ്വനാഥനെ" ഓർക്കാൻ
*ശിവരഞ്ജിനിയിൽ* മനോജ്ഞമാക്കിയ *ഈശ്വരനൊരിക്കൽ വിരുന്നിന് പോയി*
എന്ന സങ്കടമുയരുന്ന ഗാനം .
ശ്രീ _യേശുദാസും_
ശ്രി _പി ജയചന്ദ്രനും_
മത്സരിച്ചായിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയത്.
തമിഴ്നാട്ടിലെ *ഏർക്കാടുള്ള* വിശ്വനാഥന്റെ വസതിയിലായിരുന്നു ചിത്രത്തിലെ ഏഴ്
പാട്ടുകളുടെയും കമ്പോസിംഗ്
*ഇവൻ പേർ തമ്പി*
*ഇവനെൻ തമ്പി*
എംഎസ് പലപ്പോഴും തമ്പിയെക്കുറിച്ച് പറയുന്നത് ഇങ്ങിനെയായിരുന്നു.
_പള്ളിക്കുന്നിലെത്തിയ_ വിശ്വൻ അവിടെയുള്ള സ്കൂളിൽ ചേർന്നെങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കാരണം സ്കൂളിൽ പോകാതെ വീടിനടുത്തുള്ള *നീലകണ്ഠഭാഗവതരുടെ* സംഗീതക്ലാസ്സ്, പുറത്തുനിന്നു ശ്രദ്ധിച്ചിരുന്നു. ഭാഗതവർ ബാലനെ ശിഷ്യനായി സ്വീകരിച്ചു. ഭാഗവതരുട്ടെ വീട്ടുകാര്യങ്ങൾ നോക്കുകയും ഒഴിവുള്ള സമയത്ത് സിനിമാ കൊട്ടകകളിൽ കടല, വട വില്ക്കലുമായിരുന്നു വിശ്വനാഥന്റെ ജോലി. തിയേറ്ററുകളിൽ കച്ചവടം നടത്താൻ പോയിരുന്നത് പാട്ടുകൾ കേൾക്കാനും മനസിലാക്കാനുമായിരുന്നു.
പതിമൂന്നാം വയസ്സിൽ അരങ്ങേറ്റം.
നടനാകാൻ തമിഴകത്തേക്ക് വണ്ടികയറിയ വിശ്വൻ അഭിനയമല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.
*സ്വർണഗോപുര നർത്തകീ ശില്പം,*
*കണ്ണിന്*
*സായൂജ്യം നിൻരൂപം.*
1973 ൽ *ശശികുമാർ* സംവിധാനം ചെയ്ത *ദിവ്യദർശനം* എന്ന ചിത്രത്തിലെ മേല്പറഞ്ഞ ജയചന്ദ്രൻ പാടിയ ഗാനം കേൾക്കുമ്പോൾ കണ്ണുകൾക്കല്ല കർണ്ണങ്ങൾക്കാണ് സായൂജ്യം കൈവരുന്നത്.
*ജഗതി എൻകെ ആചാരി*
ഒരു വിശ്വാസത്തെ അടിസ്ഥാനമാക്കി എഴുതിയ കഥയിൽ പത്തിലധികം പാട്ടുകൾ, എല്ലാം ഹിറ്റാക്കാൻ _തമ്പിക്കും_ _വിശ്വനാഥനും._
കഴിഞ്ഞില്ല. എന്നാൽ
*ആകാശരൂപിണി*
*അന്നപൂർണ്ണേശ്വരി*
*കർപ്പൂരദീപത്തിൻ കാന്തിയിൽ* എന്നിവ പ്രസിദ്ധമായ ഗാനങ്ങളാണ്.
അഭിനയിക്കാൻ കഴിയാതെ തമിഴ്‌നാട്ടിൽ നിന്നും നാട്ടിലേക്ക് തിരിച്ച് വണ്ടികയറാൻ വിശ്വന് മനസ്സ് വന്നില്ല. *കോയമ്പത്തൂർ*
ജൂപ്പിറ്റർ പിക്ചേഴ്സിലെ ഓഫീസ് ബോയിയായി വിശ്വനാഥന് ജോലി ലഭിച്ചു. അന്നത്തെ സംഗീത സംവിധായകനായ
*സുബ്ബയ്യ നായിഡുവിന്റെ*
സംഗീതോപകരണങ്ങൾ തുടച്ച് വൃത്തിയാക്കുന്ന
ജോലികൂടിയായതോടെ വിശ്വന്റെ ഭാഗ്യനക്ഷത്രം തെളിഞ്ഞു.
ഒരിക്കൽ *വീരാ അഭിമന്യൂ*
എന്ന ചിത്രത്തിനായി പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ ഒരു ഗാനം എത്ര ട്യൂൺ ചെയ്തിട്ടും നായിഡുവിന്റെ മനസ്സിന് ബോധിക്കാതെവന്നു.
നിരാശനായ നായിഡു ഈ
പാട്ട് വേറൊരീണത്തിൽ പാടുന്ന വിശ്വനാഥനെ കണ്ടു.
ആ ഈണത്തിലാണ് പാട്ട് സിനിമയിൽ ചേർത്തതെങ്കിലും അതിന്റെ പ്രശസ്തി വിശ്വന്റെ പേരിലായിരുന്നില്ല. ജൂപ്പിറ്ററിന്റെ ആസ്ഥാനം മദ്രാസ്സിലേക്ക് മാറുന്ന സന്ദർഭത്തിലാണ് നായിഡു പാട്ടിന്റെ രഹസ്യം പരസ്യമാക്കിയത്.
ഇതോടെ വിശ്വനാഥൻ അറിയപ്പെട്ടു തുടങ്ങി.
തുടർന്നാണ് വയലിൻ വാദകനായ
*ടി.കെ. രാമമൂർത്തിയെ*
കണ്ടുമുട്ടുന്നത്.
ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ നിന്നാണ് 1951 ൽ *പണം* എന്ന ചിത്രത്തിലെ ഗാനങ്ങൾ പിറക്കുന്നത്.
1953 ൽ
*എം ജി രാമചന്ദ്രൻ* അഭിനയിച്ച റോമാരാജ്യത്തെ സങ്കല്പകഥയായ *ജനോവ*
എന്ന ചിത്രത്തിലെ പാട്ടുകൾക്ക്
*എംഎസ്--ടികെ* ദ്വയം ഈണമിട്ടു. അതിലെ പാട്ടുകൾ പ്രശസ്തമായില്ല. 1958 ൽ *ലില്ലി* എന്ന മലയാള സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ ഒരുക്കി.
*പട്ടം സദൻ* എന്ന ഹാസ്യതാരമാണ് മലയാളത്തിൽ ആദ്യമായി വിശ്വനാഥൻ ഈണം നല്കിയ ഒരു പാട്ടു പാടുന്നത്.
1965 ൽ രാമമൂർത്തിയും വിശ്വനാഥനും പിരിഞ്ഞു.
_എംജിആർ_ ചിത്രങ്ങൾക്കായി
എംഎസ് ഒരുക്കിയ ഗാനങ്ങൾ ആവേശത്തോടെയാണ് തമിഴ് ജനത നെഞ്ചിലേറ്റിയത്.
*കവിജ്ഞർ കണ്ണദാസന്റെ*
വരികളിൽ നിന്നാണ് വിശ്വനാഥന്റെ ക്ലാസ്സിക്ക് ഗാനങ്ങൾ മിക്കവയും പിറന്നത്.
അവയിൽ നല്ലൊരു ശതമാനത്തിനും ശബ്ദം പകർന്നത്
*ടി.എം സൗന്ദരരാജനും.*
സിനിമയിലെ കഥാസന്ദർഭങ്ങളുമായി ചേർന്നുനില്ക്കുക മാത്രമായിരുന്നില്ല ഈ ഗാനങ്ങളുടെ ദൗത്യം. കാലത്തിനപ്പുറത്തേക്ക് വളർന്ന ആ പാട്ടുകൾ തമിഴ് ജനതയുടെ ഹൃദയഗീതങ്ങളായി മാറി.
*വിഷാദവതീ നീ കൊഴിഞ്ഞു വീണപ്പോൾ*
*വിരഹമുണർത്തിയ വേദനകൾ*
*വീണപൂവേ കുമാരനാശാന്റെ*
*വെട്ടൂർ രാമൻനായരുടെ*
"ജീവിക്കാൻ മറന്നുപോയ സ്ത്രീ"
1974 ൽ ശ്രീ _സേതുമാധവൻ_ ചലച്ചിത്രമാക്കുന്നു.
പുതുമുഖങ്ങളായ *സോമൻ*
_മോഹൻശർമ്മ_ എന്നിവരെ അണിനിരത്തിയ ചിത്രത്തിൽ
ഗാനങ്ങൾ രചിച്ചത് *വയലാർ* ആയിരുന്നു.
മെല്ലിശൈ മന്നന്
ഗായകൻ _ജയചന്ദ്രനോടുള്ള_
പ്രത്യേകമായൊരടുപ്പം ഇവിടെയും പ്രേമത്തിന്റെ പൂപ്പന്തലൊരുക്കപ്പെട്ടു.
*അഷ്ടപദിയിലെ ഗായികേ യക്ഷഗായികേ*
എന്നയൊറ്റഗാനം മാത്രം പോരും ഇന്ദ്രധനുസ്സിനെ
പുരികക്കൊടിയാക്കാനും
ഇന്ദ്രജാലത്തിനെ പുഞ്ചിരിയാക്കാനും.
പുണ്യപുരാണ ചിത്രങ്ങളായാലും സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുടുംബ കഥയായാലും *വിശ്വനാഥൻ* സൃഷ്ടിക്കുന്ന ഗാനങ്ങളുടെ ഭാവസുരാമൃതധാരയ്ക്ക് ഒരീശ്വാരാധീനമുണ്ടോ?.
കാലവും ശാസ്ത്രവും അനുദിനം പുരോഗമിക്കുന്നു.
1972 ൽ വിശ്വം സംഗീതം നല്കി പാടിയ
*പണിതീരാത്ത വീട്* എന്ന സിനിമയിലെ *കണ്ണുനീർത്തുള്ളിയെ*
*സ്ത്രീയോടുപമിച്ച* എന്ന
ഗാനത്തിന്റെ ഓർക്കസ്ട്രായുടെ
മാന്ത്രികസ്പർശം അനുഭവവേദ്യമാകുന്നത് പോലെ വർത്തമാനകാലത്ത് അത്തരമൊരു നാദം പിറക്കുന്നുണ്ടോ?.
കഥകളുടെ ഗതിയോട് ബന്ധമുള്ള ഗാനവീചികൾ,
യാന്ത്രികോപകരണങ്ങളെക്കാൾ പക്കമേളങ്ങൾ ഉപയോഗിച്ചുള്ള നാദവിസ്മയം, പിന്നെ സാക്ഷാൽ വാഗ്വീശ്വരിയുടെ കടാക്ഷവും കൂടിയുണ്ടെങ്കിൽ
*സുപ്രഭാതം സുപ്രഭാതം*
പോലെയുള്ള പാട്ടുകൾ ഗൃഹാതുരപ്പുലർച്ചയുടെ പേരുകളാകും.
*ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം*
*പ്രണാമം പ്രണാമം പ്രണാമം*
1975 ൽ _ഉദയായുടെ_ *ധർമ്മക്ഷേത്രേ കുരുക്ഷേത്രേ*
എന്ന സിനിമാ പുറത്തിറങ്ങി.
*എംജിആർ* അഭിനയിച്ച്
തമിഴ്സിനിമാ ലോകം വാഴ്ത്തിയ
*നാളൈ നമതേ*
എന്ന ചിത്രത്തിന്റെ ആശയം ഉൾക്കൊണ്ട് *ശാരംഗപാണിയാണ്* കഥ
തിരക്കഥ, സംഭാഷണം രചിച്ചത്. *ചാരുകേശി* രാഗത്തിൽ
"എം.എസ്.വി" ചിട്ടപ്പെടുത്തിയ മേല്പറഞ്ഞ ഗാനമായിരുന്നു
മധുരമനോഹരമായ മാധവലഹരിയായത്.
സിനിമയുടെ കഥയ്ക്ക് ഭംഗിയായി ഇണങ്ങിയ
മറ്റൊരു ഗാനമായിരുന്നു
*മനസ്സൊരു സ്വപ്നസഖീ*
എലപ്പുള്ളിയിലെ മനയങ്കത്ത് തറവാടിന്റെ നിലംപതിക്കാത്ത ചുമരുകൾ കാണാൻ 2014 ൽ സംഗീതജ്ഞൻ, ഗുരുവായൂർ പോകുന്ന വഴിക്ക് എത്തിയിരുന്നു.
*അനുരാഗ സുരഭില നിമിഷങ്ങളെ*
*ആനന്ദപുളകങ്ങളെ*
1976 ൽ *മലയാറ്റൂരിന്റെ* കഥയെ ആസ്പദമാക്കി
ശ്രീ _ഹരിഹരൻ_ സംവിധാനം ചെയ്ത *പഞ്ചമി* എന്ന ചിത്രത്തിലെ ഫോറസ്റ്റ് റെയ്ഞ്ചർ സോമൻ,
അപകടത്തിൽ നിര്യാതനായ *ജയന്റെ* വഴിത്തിരിവായ ചലച്ചിത്രമായിരുന്നു.
*യൂസഫലി കേച്ചേരി* രചിച്ച ഗാനങ്ങൾ ജയചന്ദ്രനായിരുന്നു പാടിയത്.
എന്നാൽ ആ കാലങ്ങളിൽ പാട്ടുകാരനാകാനിറങ്ങിയ
ശ്രീ "ജോളി എബ്രഹാമിന്" കഥയുടെ മർമ്മഭാഗത്ത്
*രജനീഗന്ധി വിടർന്നു*
*അനുരാഗ സൗരഭ്യം പടർന്നു* എന്ന പാട്ടുപാടാൻ "വിശ്വനാഥൻ" അവസരം കൊടുത്തു.
നീലക്കാടിൻ രോമാഞ്ചം പോലെ ആ ഗാനവും ഗാനരംഗവും മികവുറ്റതായി.
മലയാളത്തിൽത്തന്നെ എത്രയെത്ര അഴകിന്റെ പ്രഭ തെളിയുന്ന സോമരസാമൃതങ്ങൾ അദ്ദേഹം ഒരുക്കിയിരിക്കുന്നു.
പിന്നെ തമിഴ് സിനിമാ സാമാജ്യത്തിലെ കഥകൾ പറയേണ്ട ആവശ്യമുണ്ടോ?
ആലയമണിയും സ്വർഗവും ആയിരത്തിൽ ഒരുവനും റിക്ഷാക്കാരനും ഒളിവിളക്കും
എല്ലാം ഈ സംഗീത ചക്രവർത്തിയെ തൊട്ടു വണങ്ങിയിട്ടേ ഓർക്കേണ്ടതുള്ളു.
എന്നാൽ മഹാനായ ആ സംഗീത സാമ്രാട്ടിനെ അധികാരികൾ അവഗണിച്ചു.
അദ്ദേഹത്തിന് കിട്ടാത്ത ദേശീയ പുരസ്ക്കാരങ്ങൾക്ക് എന്ത് വിലയാണുള്ളത്.?
അദ്ദേഹത്തിന് അതിൽ തീരെ ഭ്രമമുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
വീണയുടെ രഹസ്യവും
താളശ്രുതികളുടെ പൊരുളുകളും അറിയുന്നവർ ബ്രഹ്മാനന്ദം പ്രാപിക്കും.
*നിൻ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ?*
*കെ.ബി. ഷാജി. നെടുമങ്ങാട്*
Comments
Post a Comment