July_10_1988/ എൻ കൃഷ്ണപിള്ള
*"കൊച്ചണ്ണനും കൊമരനും പപ്പനാപുരത്ത്* *ഓടിയിരിക്കണാര്;*
*എന്തരിനെന്ന്*
*എക്കറിഞ്ഞൂ കൂടാ*
*ഇവിടെക്കിടന്നു പുത്താനിക്കണം*
*ഞാനിതാ അനത്താനോ കാച്ചാനോ പോണേൻ".*
*സിവിയുടെ* പ്രശസ്തമായ ഒരാഖ്യായയിലെ സംഭാഷണമാണ് മുകളിൽ.
തെക്കൻതിരുവിതാംകൂറിൽ *കുഴിത്തുറയ്ക്ക്* തെക്ക് തമിഴ്നാടിനോടൊപ്പം വ്യവഹാരത്തിലിരിക്കുന്ന മലയാളഭാഷയുടെ
പ്രാദേശികരൂപമാണ്.
കൊച്ചണ്ണൻ കുമാരൻ എന്നിവർ *പത്മനാഭപുരത്ത്* പോയിരിക്കുന്നു എന്നതാണ് ആദ്യത്തെ വാക്യത്തിന്റെ സാധാരണ സാരം.
സിവിയുടെ നാല് ആഖ്യായകളിലും സങ്കല്പിക്കപ്പെട്ടിട്ടുള്ള സംഭാഷണങ്ങളിലെ വ്യാകരണപരമായും ശബ്ദവിഷയകമായും വ്യവഹാരഭാഷയ്ക്കുള്ള പ്രത്യേകതകളുടെ സ്ഥൂലവും സൂക്ഷ്മവുമായ പഠനം മലയാള ഭാഷയ്ക്ക് ഒരു മികച്ച ഗ്രന്ഥം ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചു.
*പ്രതിപാത്രം ഭാഷണഭേദം*
1987 ലെ *വയലാർ* പുരസ്ക്കാരം ലഭിച്ച പ്രസ്തുത പുസ്തകത്തിന്റെ കർത്താവ് *പ്രൊഫസ്സർ*
*എൻ കൃഷ്ണപിള്ളയുടെ* ഓർമ്മയ്ക്ക് മുപ്പത്തിരണ്ടാണ്ട്.
ചുരുക്കം കഥാപാത്രങ്ങൾ.
നീറിപ്പുകയുന്ന കുടുംബാന്തരീഷം.
കുറിക്കുകൊള്ളുന്ന സംഭാഷണം,
ഇടത്തരക്കാരന്റെ
ഗാർഹികപ്രശ്നങ്ങൾ.
ഇവയൊക്കെ അരങ്ങത്ത് യാഥാർത്ഥ്യമായപ്പോൾ
1940 കളിലെ ശരാശരി മലയാളി പ്രേക്ഷകന്റെ നെറ്റി
ആദ്യം ചുളിഞ്ഞു.
അരങ്ങത്തെ രാജാവ് കോമാളിച്ചിരിയേ ചിരിക്കാവു
എന്ന പ്രഹസനതത്വത്തെ ധിക്കരിച്ച് യഥാതഥമായ അന്തരീഷം
*എൻ കൃഷ്ണപിള്ള* ആവിഷ്ക്കരിക്കുകയായിരുന്നു. അവിടെ പൊട്ടിച്ചിരിക്കാൻ വേണ്ടി ഗോഷ്ഠികാണിക്കലല്ല എന്ന പരമാർത്ഥം അതോടെ മലയാളി പ്രേക്ഷകൻ അംഗീകരിച്ചു.
സ്വീകരണമുറിയെ
ജീവിതനാടകവേദിയാക്കിയ
നോർവീജിയൻ നാടകകൃത്ത്
*ഹെൻട്രിക് ഇബ്സനെ*
മനസ്സിൽ പ്രതിഷ്ഠിച്ച _കൃഷ്ണപിള്ള_ പിന്നീടെഴുതിയ ഓരോ നാടകങ്ങളും ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങൾ അനാവരണം ചെയ്യുന്നവയായിരുന്നു
അധ്യാപകൻ, വാഗ്മി, നാടകകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധൻ.
മലയാള നാടകത്തിന്റെ പുരോഗതിയിൽ ഗണനീയമായ ഒരു മാറ്റത്തിന് തുടക്കംകുറിച്ച *കൃഷ്ണപിള്ള*
വിശ്വനാടകസാഹിത്യത്തിലെ ആധുനിക
സാങ്കേതികമാർഗങ്ങൾ അവലംബിച്ച്
കേരള കലാവേദിയിൽ പുതിയ വെളിച്ചം വീശുന്നതിന് യത്നിച്ച പണ്ഡിതൻ.
*വർക്കലയ്ക്കടുത്ത* _ചെമ്മരുതിയിൽ_
ചെക്കാലവിളാകത്ത് വീട്ടിൽ ആറ്റിങ്ങൽ കക്കാട്ട്മഠത്തിൽ _കേശവരുടേയും_ _പാർവ്വതിയമ്മയുടേയും_ മകനായി 1916 സെപ്തംബർ 22 നാണ് _കൃഷ്ണപിള്ളയുടെ_ ജനനം.
*ശിവഗിരിയിലേയും* *ആറ്റിങ്ങലിലേയും* സ്കൂളുകളിലായിരുന്നു പ്രാരംഭപഠനം.
*ശ്രീ നാരായണഗുരു* സ്ഥാപിച്ച ശിവഗിരി മിഡിൽ സ്കൂൾ,
*നടരാജഗുരുവിന്റെയും*
*ആർ. ശങ്കറിന്റെയും* കീഴിലുള്ള പ്രാഥമിക വിദ്യാഭ്യാസവും
_ഗുരുദേവനിൽ_ നിന്ന് മധുര പലഹാരത്തോടൊപ്പം ലഭിച്ച അനുഗ്രഹവും ആ ജീവിതത്തിന്റെ ബലിഷ്ഠമായ
അടിത്തറയായി.
ഗുരുശിഷ്യബന്ധം പവിത്രമായി കരുതുകയും അധ്യാപനത്തെ മോക്ഷമായി ഉപാസിക്കുകയും ചെയ്ത
ഗുരുശ്രേഷ്ഠരായിരുന്നു
കൃഷ്ണപിള്ളയുടെ വ്യക്തിത്വം കരുപ്പിടിപ്പിച്ചത്.
ഡോ കെ ഗോദവർമ്മ,
ഇളംകുളം കുഞ്ഞൻപിള്ള,
എൻ കുഞ്ഞിരാമൻപിള്ള,
കോന്നിയൂർ മീനാക്ഷിഅമ്മ
എൻ ഗോപാലപിള്ള,
പി.അനന്തൻപിളള എന്നിങ്ങനെ മലയാളം കണ്ട മഹാ ഗുരുക്കന്മാരുടെ
ശിഷ്യനാകാൻ അദ്ദേഹത്തിന് സാധിച്ചു.
1933 ൽ *തിരുവനന്തപുരം* മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നു.
അദ്ദേഹത്തിന്റെ ശ്രദ്ധ നാടകത്തിലേക്ക് തിരിയുന്നത് അക്കാലത്താണ്.
കോളേജ് വാർഷികത്തിനും മറ്റും അവതരിപ്പിച്ച ചില നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
*വിനീതൻ* എന്ന തൂലികാനാമത്തിൽ ചില കഥകളും കവിതകളും അദ്ദേഹം എഴുതുകയുണ്ടായി.
1934 ൽ മലയാളഭാഷയിൽ ബിഎ ഓണേഴ്സ് പരീക്ഷ അദ്ദേഹം ജയിച്ചു.
തുടർന്ന് 1940 വരെ ശിവഗിരി മലയാളം സ്കൂളിൽ അധ്യാപകനായി
ജോലിനോക്കി.
പിന്നീട് മൂന്ന് വർഷം
കേരള സർവ്വകലാശാലയിൽ ഗവേഷണം നടത്തി.
ഗവേഷണത്തോടൊപ്പം
സിറ്റി ട്യൂട്ടോറിയലിൽ അധ്യാപകന്റെ മേലങ്കിയും അദ്ദേഹമണിഞ്ഞു.
1943 ൽ *തിരുനെൽവേലി* ഹിന്ദു കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന അവസരത്തിൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളം ലക്ചറർ നിയമനം ലഭിച്ചു.
1952 വരെ അവിടെ തുടർന്ന _കൃഷ്ണപിള്ള_
*തലശ്ശേരി* ഗവ ബ്രണ്ണൻ കോളേജിൽ പ്രൊഫസറായി.
എൻ. കൃഷ്ണപിള്ളയുടെ
സാഹിത്യ സംഭാവനകൾ പ്രധാനമായും നാടകം, നിരൂപണം, സ്മരണകൾ, സാഹിത്യചരിത്രം എന്നീ മേഖലകളിൽപ്പെടുന്നു.
നാടകരംഗത്ത് അദ്ദേഹം ചെയ്ത വിലയേറിയ പരിശ്രമങ്ങൾ തന്നെയാണ്
ഇവയിൽ പ്രഥമഗണനീയം.
*ചെഖോവിന്റെയും*
*ഓസ്കാർ വൈൽഡിന്റെയും*
ഇബ്സന്റെയുമൊക്കെ
പ്രശസ്തമായ നാടകങ്ങളുടെ മലയാള പരിഭാഷകൾ യാഥാർത്ഥ്യമായ
1940-50 കാലഘട്ടങ്ങളിലാണ്
കൃഷ്ണപിള്ള നാടകമെന്ന
തട്ടകം സ്വീകരിച്ച് മലയാളത്തിന്റെ അരങ്ങിലെത്തുന്നത്.
പ്രഹസനങ്ങൾ അരങ്ങ് തകർത്തിരുന്ന ഒരു നാടകവേദിയായിരുന്നു
അതിന് തൊട്ടുമുമ്പുവരെ
മലയാളിയുടെ മുതൽക്കൂട്ട്.
ഇവയുടെ ആകെ സംഭാവന ഒരുതരം കോമാളിച്ചിരിമാത്രം.
നാടകമെന്നാൽ ഗൗരവതരമായ മറ്റു പലതുമാണെന്ന്
പ്രേക്ഷകരോടാഹ്വാനം ചെയ്യുകയും ക്രിയാത്മകമായ
പ്രവർത്തനങ്ങളിലൂടെ
അത് സാക്ഷാത്കരിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ നാടക സംഭാവന.
പാശ്ചാത്യ നാടകത്തിന്റെ
മുഖ്യാചാര്യനായ
*ഹെൻറിക് ഇബ്സന്റെ* രചനാകൗശലത്തെ
സ്വായത്തമാക്കിയാണ് അദ്ദേഹം ഈ ലക്ഷ്യം കൈവരിച്ചത്.
ഇബ്സന്റെ രചനാപരമായ സവിശേഷതകളെയാണ് അദ്ദേഹം ഉൾക്കൊണ്ടത്.
*വസന്തലീലാതിലകം ചാർത്തിയ വയലേലകളിൽ*
*കെ.പി.എ.സി.*
*കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ്.*
ആസ്ഥാനം *കായംകുളം*
1960 കളുടെ മധ്യത്തിലാണ് കൃഷ്ണപിള്ളയുടെ
*ഭഗ്നഭവനം* എന്ന നാടകം അരങ്ങിലെത്തിക്കുന്നത്.
*പി.കെ. വിക്രമൻനായരെപ്പോലെയുള്ള* പ്രതിഭാധനന്മാരാണ് നാടകമവതരിപ്പിച്ചത്.
മലയാള നാടക ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി
പരിഗണിക്കപ്പെടുന്ന _ഭഗ്നഭവനം_ സ്ത്രീയുടെ സത്യാന്വേഷണത്തെയും
സാമൂഹ്യമായി അവൻ നേരിടുന്ന അടിമത്തത്തെയും
പ്രതിപാദിക്കുന്നു.
മാധവൻനായരുടെ മൂന്ന്
പുത്രിമാർ രാധ, സുമതി, ലീല.
മൂത്തമകൾ *രാധയെ* കേന്ദ്രീകരിച്ചാണ് നാടകം
വികസിക്കുന്നത്.
കാമുകന്റെ ഭാവിക്ക് താൻ
പ്രതിബന്ധമാകരുത് എന്ന് കരുതി രാധ
ജനാർദ്ദനൻപിള്ളയെ പരിണയിക്കുന്നു.
മാധവൻനായരുടെയും മൂന്ന്
പെൺമക്കളുടെയും ജീവിതം അപ്രതീക്ഷിതമായ ദുരന്തങ്ങളിൽപ്പെട്ട്
വീണടിയുന്ന ചിത്രമാണ് ഈ നാടകം ഇതിവൃത്തമാക്കുന്നത്.
കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള പൊരുത്തവും
വിട്ടുവീഴ്ചാ മനോഭാവത്തിന്റെ
ആവശ്യകതയും
അതില്ലായെങ്കിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും
നാടകം ചൂണ്ടിക്കാട്ടുന്നു.
1985 കാലഘട്ടങ്ങളിൽ ഈ നാടകം സമിതി പുനരവതരിപ്പിച്ചു.
1944 ൽ _എൻ. കൃഷ്ണപിള്ള_ രചിച്ച *കന്യക* മലയാളത്തിലെ ഒരേയൊരു പ്രശ്നനാടകമാണെന്ന്
*ജി. ശങ്കരപ്പിള്ള* വിലയിരുത്തുന്നു.
ഇബ്സന്റെ *പാവവീടും*
*പ്രേതങ്ങളും* മറ്റും പ്രചരിച്ചത് പോൽ
പാശ്ചാത്യനാടകലോകത്ത്
വേരുപിടിച്ച ഒരു സാങ്കേതിക പദമാണ് പ്രശ്നനാടകം.
നാടകത്തിൽ മറ്റെന്തിനെക്കാൾ പ്രാധാന്യം പ്രശ്നത്തിന് കൈവരികയാണിവിടെ.
_കന്യകയിലെ_ *ദേവകിക്കുട്ടിയുടെ* ഇറങ്ങിപ്പോക്ക് എന്ന പ്രശ്നം നാടകത്തിന്റെ കേന്ദ്രമാകുന്നു.
ഈ നാടകങ്ങൾക്ക്ശേഷം
അദ്ദേഹം രചിച്ച ബലാബലം,
ദർശനം, അനുരഞ്ജനം
മുടക്ക് മുതൽ, അഴിമുഖത്തേക്ക്,
ചെങ്കോലും മരവുരിയും,
കുടത്തിലെ വിളക്ക്,
മരുപ്പച്ച എന്നിവ ഇബ്സണിസ്റ്റ് നാടകസാങ്കേതികരീതി സമർത്ഥമായി ഉപയോഗിച്ചിട്ടുള്ളവയാണ്.
നാടകങ്ങളിലെ പൂർവ്വകഥാ പുനരാഖ്യാനരീതിയും ഇബ്സന്റെ സമ്പ്രദായത്തിലേതുതന്നെ.
മലയാള നാടകത്തിൽ കൃഷ്ണപിള്ളയ്ക്ക്ശേഷം
ഇബ്സന്റെ സങ്കേതങ്ങൾ പുനരാവിഷ്ക്കരിക്കാൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല എന്നതും അദ്ദേഹത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.
*കേരള ഇബ്സൻ* എന്ന അപരനാമവും പിള്ളയ്ക്കുണ്ട്.
കൃഷ്ണപിള്ളയുടെ രചനകളിൽ പലതുെകാണ്ടും സവിശേഷതയാർന്ന ഗ്രന്ഥമാണ് *കൈരളിയുടെ കഥ.* അക്ഷരാർത്ഥത്തിൽ ഒരു സാഹിത്യചരിത്ര ഗ്രന്ഥമാണിത്.
വിമർശനവും ഗവേഷണവും ചരിത്രവും ഇഴപിരിച്ച് ചേർത്ത്
നോവൽപോലെ സുഗമമായി വായിച്ചുപോകാവുന്ന തരത്തിൽ സാഹിത്യചരിത്രം
രചിക്കാമെന്ന് നാം
ആദ്യമറിയുന്നത്
കൈരളിയുടെ
കഥയിലൂടെയാണ്.
ചരിത്രത്തിന്റെ വരണ്ട മുഖങ്ങൾ ഒഴിവാക്കി ശരിക്കുമൊരു കഥപോലെ പറഞ്ഞുപോകുന്ന ആഖ്യാനരീതി ഇതിനെ വ്യതിരിക്തമാക്കുന്നു.
1958 ൽ സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നിരവധി പതിപ്പുകൾ ഇതിനകം വിറ്റഴിഞ്ഞു.
1943 ൽ അദ്ദേഹം സരസ്വതിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു.
*കൗമുദി ബാലകൃഷ്ണനുമായി*
കറപുരളാത്ത
സുഹൃത്ബന്ധമുണ്ടായിരുന്നു.
സ്വന്തം ജീവിതത്തെയും സാഹിത്യ സംഭാവനകളെയും സമഗ്രമായി അവലോകനം ചെയ്തുകൊണ്ട് ശിഷ്യനുമൊത്ത് തയ്യാറാക്കിയ *അനുഭവങ്ങൾ അഭിമതങ്ങൾ* എന്ന ഭാഷണ പരമ്പര
*കലാകൗമുദിയിൽ* ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരികെയാണ് അദ്ദേഹം അരങ്ങൊഴിയുന്നത്..
1989 ൽ ശിഷ്യരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന്
രൂപം കൊടുത്ത പ്രൊഫസ്സർ എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സമാനതകളില്ലാത്ത സാംസ്കാരിക സ്ഥാപനമായി തലസ്ഥാനത്ത് നിലകൊള്ളുന്നു.
*കെ.ബി, ഷാജി. നെടുമങ്ങാട്.*
Comments
Post a Comment