July_19_1991/ശ്രീ ചിത്തിര തിരുനാൾ

*കാലത്തിൻ കാലടികൾ കടന്നു നടന്നു പോകും*
*കോലാഹല സ്വരങ്ങളറിയാതെ...*

1931 നവംബർ ആറാം തീയതി
വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിനുളളിലെ 
ദർബാർ ഹാൾ  
അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
ഏഴ് വർഷക്കാലത്തെ
റീജന്റ് ഭരണത്തിന് ശേഷം തിരുവിതാംകൂറിൽ ഒരു മഹാരാജാവ് കിരീടമണിയുന്ന
മുഹൂർത്തം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് ചിത്തിര തിരുനാളും അനുജൻ
മാർത്താണ്ഡവർമ്മയും
ദർബാർ ഹാളിൽ
എത്തിക്കഴിഞ്ഞു.
നിയുക്ത രാജാവിനെ ദിവാൻ
സ്വീകരിച്ചാനയിച്ചപ്പോൾ
ഇരുപത്തിയൊന്ന്
ആചാരവെടികൾ മുഴങ്ങി.
തുടർന്ന് റസിഡന്റ് വൈസ്രോയിയുടെ വിളംബരം വായിച്ചു. 
19 വയസുള്ള കുമാരൻ മഹാരാജാവായി അധികാരമേറ്റ അവിസ്മരണീയമായ ചരിത്രസംഭവത്തിന് ദൃക്സാക്ഷികളായവർ,
തിരുവിതാംകൂറിന്റെ അവസാന അധ്യായത്തിന് പ്രാരംഭം കുറിക്കുകയാണെന്ന് സ്വപ്നേപി കരുതിയിരുന്നില്ല.
അന്ന് സായാഹ്നത്തിൽ നഗരവീഥിയിലൂടെയുളള മഹാരാജാവിന്റെ എഴുന്നള്ളത്ത് കാണാൻ പതിനായിരങ്ങൾ തിങ്ങിക്കൂടി.
ആറ് വെള്ളക്കുതിരകളെ ബന്ധിച്ച സ്വർണ രഥത്തിൽ കൂപ്പുകൈകളോടെ മഹാരാജാവ് പ്രത്യക്ഷപ്പെട്ട 
ആ ദൃശ്യം അപൂർവ്വം ചിലരുടെയെങ്കിലും ഹൃത്തിൽ ഇപ്പോഴും ജ്വലിച്ച് നില്ക്കുന്നുണ്ടാകും.

*അയിത്തമാം വിന്ധ്യനെ തൻ പദപ്രഹരത്താൽ,*
*താഴ്ത്തിയതാമീ നരവരനഗസ്ത്യകൽപൻ.*

സാമൂഹ്യ അസമത്വത്തിനറുതിവരുത്തിയ ആ  വിളംബരത്തെ മഹാകവി *ഉള്ളൂർ*
ഇങ്ങനെയാണ് വിശേഷിപ്പിച്ചത്.
"തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും മറവിയിലാണ്ടുപോയാലും
മഹാരാജാവിന്റെ ഈ ഒറ്റ പ്രവൃത്തിയെ വരും തലമുറകൾ നന്ദി പുരസ്സരം ഓർക്കുക തന്നെ ചെയ്യും."
രാഷ്ട്രപിതാവായ *മഹാത്മാഗാന്ധി* സൂചിപ്പിച്ച ആ പ്രവൃത്തി 
_ക്ഷേത്രപ്രവേശന വിളംബരം_ ആയിരുന്നു.
ഹിന്ദുമതത്തിന്റെ 
സഹസ്രാബ്ദങ്ങൾ നീണ്ട ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന്.
1936 നവംബർ 12 ന് 
അന്നുവരെ 
അയിത്തജാതിക്കാർക്ക്
അപ്രാപ്യമായിരുന്ന
ഹൈന്ദവക്ഷേത്രങ്ങൾ തുറന്നിട്ടുകൊണ്ട് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായ 
*ശ്രീ ചിത്തിര തിരുനാൾ* *ബാലരാമവർമ്മയാണ്*
മഹത്തായ ആശയം
സാമൂഹ്യവിപ്ലവത്തിന്റെ വിളംബരം പുറപ്പെടുവിച്ചത്.
അയിത്തജാതിക്കാരെന്ന് നൂറ്റാണ്ട്കളായി 
ഹിന്ദുസമൂഹം മുദ്രകുത്തി പീഡിപ്പിച്ച ദളിതജനങ്ങൾക്ക്
ക്ഷേത്രങ്ങളും 
പൊതുനിരത്തുകളും
തുറന്നു കൊടുക്കണമെന്നാവശ്യപ്പട്ട് നടന്ന ധീരോദാത്തമായ സമരങ്ങളുടെ ഫലമായിരുന്നു
ആ നടപടി.
ആ ജനാഭിലാഷത്തെ കാലവിളംബം കൂടാതെതന്നെ
നടപ്പാക്കിയതാണ് 
ചിത്തിരതിരുനാളിന്റെ മഹത്വം.
ഇന്ത്യയ്ക്കുതന്നെ അത് മാതൃകയായി.
തിരുവിതാംകൂറിൽ നടപ്പിലാക്കിയ മറ്റ് 
സാമൂഹ്യക്ഷേമ നടപടികളിലൂടെ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്പികളിലൊരാൾകൂടിയായി
മാറി.

1991 ജൂലൈ 19 വെള്ളിയാഴ്ച അർധരാത്രി 
_ചിത്തിരതിരുനാൾ_ നാടുനീങ്ങി. 
അദ്ദേഹത്തിന്റെയും കൂടി ശ്രമഫലമായി ആരംഭിച്ച അഖിലേന്ത്യാതലത്തിൽ
പ്രശസ്തമായ 
*ശ്രീ ചിത്രാ മെഡിക്കൽ സെന്ററിലാണ്*
അന്ത്യം സംഭവിച്ചത്.
ഒരു  ചെറിയ നാട്ടുരാജ്യമായിരുന്ന വേണാടിനെ വിസ്തൃതമായ തിരുവിതാംകൂറാക്കി മാറ്റിയ വിഖ്യാതനായ *അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ* മഹാരാജാവിന്റെ 
വംശപരമ്പരയിലെ അവസാന
കണ്ണിയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് ഒന്നരവ്യാഴവട്ടക്കാലം തിരുവിതാംകൂർ ഭരിച്ച പ്രജാവത്സലനായ ചിത്തിര തിരുനാളിന്റെ ഭരണകാലത്തെ, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ഏഴ് പതിറ്റാണ്ടിലേറെക്കാലം
നമ്മുടെ നാട് ഭരിച്ച 
വിവിധ രാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങളിൽപ്പെട്ട
ഭരണാധികാരികളുടെ കാലഘട്ടവുമായി ഒന്ന് താരതമ്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
_പട്ടവും പനമ്പിള്ളിയും_ _ഇഎംഎസ്സും കരുണാകരനും_
_നായനാരും ആന്റണിയും_
_പിണറായിയും_
സോഷ്യലിസ്റ്റ് പ്രഖ്യാപനവുമായി ഈ രാജ്യം ഭരിച്ചതിനെക്കാൾ
എത്രയോ മടങ്ങ് ജനാഭിലാഷത്തെ മാനിച്ച് രാജ്യത്തിന്റെ മുഖാകൃതി മാറ്റിയ, ഒട്ടേറെ 
ദുരാചാരങ്ങൾക്ക് അറുതി വരുത്തിയ ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം എക്കാലവും ആദരിക്കപ്പെടുകതന്നെ ചെയ്യും.

,*കിളിമാനൂർ*
 _രവിവർമ്മ കൊച്ചു കോയിത്തമ്പുരാന്റെയും_
മഹാറാണി _സേതുപാർവതിഭായിയുടേയും_ പുത്രനായി 
1912 നവംബർ 7 ന് തിരുവനന്തപുരത്തെ *കവടിയാർ* കൊട്ടാരത്തിൽ
ചിത്തിര നക്ഷത്രത്തിൽ
*ബാലരാമവർമ്മ* ജനിച്ചു.
ചിത്തിരയിൽ പിറന്നാൽ
അക്കുടി മുടിയും
എന്നൊരു ചൊല്ല് ചില
നികൃന്തന്മാർ പാടി നടന്നിരുന്നതായി കേട്ടിരിക്കുന്നു.

അഞ്ചാം വയസ്സിൽ ബാലരാമവർമ്മ വിദ്യാഭ്യാസമാരംഭിച്ചു.
ഡി ഡബ്ലിയു ഡോസ് വെൽ,
ക്യാപ്റ്റൻ സിഡിബി ഹാർലി
എന്നീ ഇംഗ്ലീഷ്കാരായിരുന്നു
രാജകുമാരന്റെ ട്യൂട്ടർമാർ.
സ്കൗട്ടിലും അദ്ദേഹം താല്പര്യം പുലർത്തി. ആ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ 
*ബേഡൻ പവൽ* തന്നെ
രാജകുമാരന്റെ 
സ്കൗട്ട് പ്രാവീണ്യത്തെ 
പുകഴ്ത്തിയിട്ടുണ്ട്.
1924 സെപ്റ്റംബർ 1 ന്
പന്ത്രണ്ട്കാരനായ ബാലരാമവർമ്മ സിംഹാസനമേറിയെങ്കിലും മകന് പ്രായപൂർത്തിയാകാത്ത
സാഹചര്യത്തിൽ റീജന്റായി ഭരണം നിർവഹിച്ചത് 
അമ്മമഹാറാണിയായിരുന്നു.
( അമ്മയുടെ ജ്യേഷ്ഠത്തി)
ബ്രിട്ടീഷ് സർക്കാരിന്റെ ഉപദേശപ്രകാരം ഭരണപരിചയം നേടുന്നതിനായി മൈസൂറിൽ താമസിച്ചു.
*പി.സി ദത്ത്* എന്ന ഐസിഎസ്
ഉദ്യോഗസ്ഥനാണ്  ഭരണകാര്യത്തിൽ അദ്ദേഹത്തിന്റെ ട്യൂട്ടറായി പ്രവർത്തിച്ചത്.
ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയും ഗവർണർ ജനറലുമായ *വെല്ലിംഗടൺ*
*പ്രഭുവിനെ* സന്ദർശിച്ച് ഭരണശേഷി ബോദ്ധ്യമാക്കിയ
ശേഷമായിരുന്നു അദ്ദേഹത്തിന്റെ കിരീടധാരണം.

1931 നവംബർ ആറിന് ചിത്തിരതിരുനാൾ തിരുവിതാംകൂർ മഹാരാജാവായി അധികാരമേറ്റു.
പണ്ഡിതനും ഭരണതന്ത്രജ്ഞനും അതേസമയം സ്വേച്ഛാചാരിയുമായ 
*ദിവാൻ സർ സിപി രാമസ്വാമി അയ്യരായിരുന്നു* രാജാവിന്റെ വഴികാട്ടി.
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ പ്രതിനായക പരിവേഷമുളള സിപി രാജ്യവികസനത്തിന് 
വേണ്ടിയുളള സ്തുത്യർഹമായ നിരവധി പ്രവർത്തനങ്ങൾ കൊണ്ടുവന്നു. _ചിത്തിരയുടെ_ കാലത്ത് തിരുവീതാംകൂർ കൈവരിച്ച വ്യാവസായിക പുരോഗതി അഭൂതപൂർവമായിരുന്നു.
ഇന്ത്യയിലാദ്യത്തെ സിമന്റ് ഫാക്ടറിയും തിരുവിതാംകൂറിലാരംഭിച്ചു.
1937 ൽ ആരംഭിച്ച റബ്ബർ വർക്സ് ഇന്ത്യയിലാദ്യത്തെ റബ്ബർ ഫാക്ടറിയായിരുന്നു.
ഇതേവർഷം ഒക്ടോബറിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്ഥിരമായ തപാൽ സർവ്വീസ് ആരംഭിച്ചു.
_തിരുവനന്തപുരം-- മുംബൈ_ യാത്രാ സർവ്വീസും തുടങ്ങി.1940 ൽ *പള്ളിവാസൽ* ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനം ദിവാൻ _സിപി_ ഉദ്ഘാടനം ചെയ്തത് വികസന ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി .
തുടർന്നാണ് ആദ്യത്തെ റോഡ് ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ ബസ്സ് _തിരുവനന്തപുരം_ *നാഗർകോവിൽ* പാതയിൽ ഓടിച്ചത്.
തിരുവനന്തപുരം നാഗർകോവിൽ സർവ്വീസ്
ആദ്യകാലങ്ങളിൽ
തക്കല പത്മനാഭപുരം
കുമാരകോവിൽ ക്ഷേത്രം
മുതലായ ചരിത്രമുറങ്ങുന്ന
സ്ഥലങ്ങൾ ബന്ധിച്ചായിരുന്നു
ഓടിയിരുന്നത്.
ഇന്നും രണ്ടും സംസ്ഥാന
സർക്കാരുകളുടേയും
ഉടമസ്ഥയിലുള്ള അത്യാകർഷകമായ
ശകടങ്ങൾ രാപകൽ ഭേദമില്ലാതെ
വൻ ജനബാഹുല്യത്തോടെ
സേവനനിരതമാണ്.
രണ്ടാമത്തെ സർവ്വീസ് *നെടുമങ്ങാട്ടേയ്ക്കായിരുന്നു.*

ചിത്തിരതിരുനാൾ നടപ്പാക്കിയ പരിഷ്ക്കരണങ്ങളിലെല്ലാം ചാലകശക്തിയായി പ്രവർത്തിച്ചത് *സിപി* ആയിരുന്നു. 
ആധുനിക കേരള സൃഷ്ടിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭരണം പരിഷ്കരണ നടപടികളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും നടന്നതും ചിത്തിരയുടെ കാലത്താണ്. 
നിയമാസഭാ പരിഷ്കരണ നിയമം കരം തീരുവയൂളള ജനവിഭാഗങ്ങൾക്ക് നിയമസഭയിൽ ഭൂരിപക്ഷം നേടാൻ അവസരമൊരുക്കി.
അടിസ്ഥാന വർഗങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു.
നിവർത്തന പ്രക്ഷോഭത്തിന് 
ഇത് വഴിയൊരുക്കി.
ജനായത്ത ഭരണത്തിന് വേണ്ടിയുളള 
ഉത്തരവാദിത്ത പ്രക്ഷോഭം 
ദിവാൻ സിപിയുടെ 
അടിച്ചമർത്തൽ നയംകൊണ്ട് 
നൂറ് കണക്കിന് തൊഴിലാളികൾ കൊല്ലപ്പെട്ട *പുന്നപ്ര വയലാർ* വിപ്ലവമുണ്ടായതും 
ഈ കാലത്താണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പായ ഘട്ടത്തിൽ 
1947 ജൂൺ 11 ന്‌ ദിവാൻ
സിപി തിരുവിതാംകൂർ സ്വതന്ത്ര പരമാധികാര രാഷ്ട്രമാവുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും അത് അല്പായുസ്സായിരുന്നു.
ആഗസ്റ്റ് 19 ന് സിപി 
ദിവാൻപദം ഒഴിഞ്ഞതോടെ ജനാധിപത്യ പ്രക്രിയയിലേയ്ക്കുള്ള പ്രയാണം മഹാരാജാവ് ആരംഭിച്ചു.
തിരുവായ്ക്കെതിർവായില്ലാത്ത ചക്രവർത്തിയിൽ നിന്നും പൗരനിലേക്കുള്ള പരിവർത്തനമായിരുന്നു അത്.

18 വർഷം തിരുവിതാംകൂറിന്റെ ഭരണസാരഥ്യം വഹിച്ച അദ്ദേഹം *തിരു-കൊച്ചി* രാജപ്രമുഖനായും 7 വർഷം ഭരണഭാരം നിർവ്വഹിച്ചു.
മുൻഗാമികളെല്ലാം മഹാരാജാക്കന്മാരായിരിക്കവേ നാടുനീങ്ങി.
ചിത്തിരയ്ക്കാകട്ടെ ജീവിച്ചിരിക്കുമ്പോൾ ത്തന്നെ
രാജ്യഭാരം നഷ്ടപ്പെട്ടു.
എങ്കിലും എല്ലാം ഉള്ളിലൊതുക്കി ജനഹിതത്തിനൊപ്പം നീങ്ങാൻ അദ്ദേഹത്തിന് സാധിച്ചു.
1948 മാർച്ച് 1 ന് *പട്ടം* ജനകീയ പ്രധാനമന്ത്രിയായി 
അധികാരമേറ്റെടുത്തപ്പോൾ എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായി.

മഹാരാജാവിന്റെ *പത്മനാഭ* ഭക്തി പ്രസിദ്ധമായിരുന്നു.
നാടുവാണിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞതിന് ശേഷവും ക്ഷേത്രദർശനം ഉദയംപോലെ മുടങ്ങാത്ത പ്രതിഭാസമായിരുന്നു.
അതു കഴിഞ്ഞേ അമൃതേത്തുണ്ടായിരുന്നുള്ളു.
അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ച ട്രസ്റ്റ് തന്നെ ക്ഷേത്രത്തിനോടുള്ള ഭക്ത്യാദരം എത്രയുണ്ടെന്നു വെളിവാക്കുന്നു
1987 ലെ ഒരു പ്രഭാതത്തിൽ കാറിൽ ക്ഷേത്രത്തിലേക്ക് പോയപ്പോൾ വണ്ടിക്ക് തകരാറുണ്ടായതും ആദ്യം കണ്ട മുച്ചക്രവാഹനത്തിൽ
(ആട്ടോ റിക്ഷാ) കയറി വടക്കേനടയിലെത്തിയതും വിശേഷപ്പെട്ട വാർത്തയായിരുന്നു.
1990 ൽ *ഏയ് ആട്ടോ* എന്ന ചിത്രത്തിൽ സംവിധായകൻ *വേണുനാഗവള്ളി* 
ഈ സംഭവം 
റിക്ഷാഡ്രൈവറായ സുധിയെക്കൊണ്ട് പറയിക്കുകയും ചെയ്തു.
1987 ൽ *തമ്പി കണ്ണന്താനം*
സംവിധാനം ചെയ്ത *ഭൂമിയിലെ രാജാക്കന്മാർ*
എന്ന ചിത്രത്തിൽ മഹാരാജാവിന്റെ അവലക്ഷണരൂപമാണ് *അടൂർ ഭാസിയിലൂടെ* പ്രേക്ഷകർ കണ്ടത്.

*രാജ്യം പോയൊരു രാജകുമാരൻ*
*രാജാർദ്രമാനസലോലൻ*
*ഒരു നോവിൻ വേനൽ ഉള്ളിലൊതുക്കി*
*ഒരു തണൽ തേടി നടന്നു.*

രാജ്യം വാണരുളുന്ന കാലത്ത് ചിത്തിരയുടെ പിറന്നാൾ ആട്ടപ്പിറന്നാളായി കൊണ്ടാടിയിരുന്നത് പഴമക്കാർ ഇപ്പോഴും അയവിറക്കാറുണ്ട്.
അന്ന് പള്ളിക്കൂടങ്ങളിൽ അദ്ധ്യായനമുണ്ടാകാറില്ല.
വിദ്യാർത്ഥികൾ രാജാവിന്റെ അപദാനങ്ങൾ പാടിസ്തുതിച്ച് നഗര പ്രദക്ഷിണം നടത്തുമായിരുന്നു.
സഹോദരങ്ങളായ  *കാർത്തികതിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടിയും* *ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മയും* 
നാട് നീങ്ങി. 
വഞ്ചിഭൂമിപതികൾക്ക് രാജകുല നിയമപ്രകാരം  ബാന്ധവം നിഷിദ്ധമാണ്.
മരുമക്കായ സമ്പ്രദായമനുസരിച്ചാണ് അവകാശവും അധികാരവും ചാർത്തപ്പെടുക.

അങ്ങേയറ്റം ജനപ്രിയനായ മഹാരാജാവായാണ് അദ്ദേഹം ജീവിതാന്ത്യംവരെയും കഴിഞ്ഞത്.
ജനായത്തകാലത്ത് 
രാഷ്ട്രീയക്കളികളും അധികാരവടംവലികളും പതിവായാപ്പോഴും 
പല നാട്ടുരാജ്യങ്ങളിലും മുൻരാജാക്കന്മാർ അധികാര രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും
അദ്ദേഹം നിശബ്ദനായിരുന്നു.
വിനയവും ലാളിത്യവും മുഖമുദ്രയായ ആ മുൻ മഹാരാജാവ് പുതിയ തലമുറയ്ക്ക് അത്ഭുതമായിരുന്നു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്  ഉടവാളുമേന്തി യാത്ര ചെയ്യുന്നത്  മാത്രമായിരുന്നു  
അദ്ദേഹം പങ്കെടുത്തിരുന്ന പൊതുചടങ്ങ്.

ലോകമെമ്പാടുമുളള ഭരണാധികാരികളുടെവരെ ആദരവാർജ്ജിച്ചിരുന്ന,
തിരുവിതാംകൂറിന്റെ ദിനരാത്രങ്ങളെ നിയന്ത്രിച്ചിരുന്ന, ശാന്തഗംഭീരനായ ആ രാജർഷി,
കഴിഞ്ഞ തലമുറയുടെ പൊന്നു തമ്പുരാൻ, 
എല്ലാ അർത്ഥത്തിലും രാജാക്കന്മാരുടെ രാജാവാണ്.
രാജകുലോത്തമനും.
വഞ്ചിരാജഭൂപതികളുടെ
ആകർഷകമായ
തിളക്കത്തിന്
പകരം തിളങ്ങാൻ
ജഗത്തിൽ അപര രത്നങ്ങളില്ല.

*കോലാഹലസ്വരങ്ങൾ*
*അനാവശ്യമായ*
*കാര്യങ്ങളിൽ ഈയിടെ*
*മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.*
 
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള