July_10_1979/ ഉറൂബ്
*അനഘ സങ്കല്പ ഗായികേ മാനസ*
*മണി വിപഞ്ചികാ വാദിനി നിന്നുടെ*
*മൃദു കരാംഗുല സ്പർശനാലിംഗന*
*മദ ലഹരിയിലിന്റെ കിനാവുകൾ*
1978 ൽ _മഞ്ഞിലാസിന്_ വേണ്ടി *ഭരതൻ* അണിയിച്ചൊരുക്കിയ *അണിയറ* എന്ന ചലച്ചിത്രം പ്രശസ്ത സാഹിത്യകാരൻ *ഉറൂബിന്റെ* അതേ പേരിലുള്ള നോവലിനെ ആധാരമാക്കിയുള്ളതായിരുന്നു. തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ നിർവ്വഹിച്ചു.
*പി ഭാസ്ക്കരന്റെ*
മനോഹരമായ കവിതകൾക്ക്
*ദേവരാജൻ*
ഈണം നല്കി.
ചക്രവാളങ്ങളിൽ വൈകാരികാനുഭൂതികളുടെ കൊടുങ്കാറ്റിളകിയ അണിയറയുടെ അഭ്രാവിഷ്ക്കരണം.
സ്നേഹാർദ്രമായ ഭാവം കൊണ്ട് ജ്വലിക്കുന്ന മനുഷ്യമനസ്സിന്റെ
ലൈംഗികവികാരമോഹത്തെ
പിരിമുറുക്കത്തോടെ വ്യക്തമാക്കുന്ന കലാസുന്ദരമായ മഞ്ഞിലാസ് ചിത്രം..
സോമനും മുരളിമോഹനും ശങ്കരാടിയും മമതയും അഭിനയിച്ച ചിത്രം പരാജയമായിരുന്നു.
1954 ൽ _ചന്ദ്രതാരാ_ ഫിലിംസിനായി "രാമുകാര്യാട്ടും"
"പി.ഭാസ്ക്കരനും" ചേർന്ന് സംവിധാനം ചെയ്ത *നീലക്കുയിൽ*
എന്ന ചിത്രത്തിന് ആദ്യമായി പ്രസിഡണ്ടിന്റെ വെള്ളിമെഡൽ ലഭിച്ചു.
മനുഷ്യൻ പരിഷ്ക്കൃതനായെങ്കിലും ജാതിവ്യവസ്ഥ പ്രായോഗിക സാമൂഹിക ജീവിതത്തിൽനിന്ന്
മായുന്നില്ല എന്ന് തെളിയിക്കുന്ന
"ഉറൂബ്" രചിച്ച കഥയെ "നീലക്കുയിൽ" എന്ന പേരിൽ ചലച്ചിത്രമാക്കിയത്
*ടി.കെ. പരീക്കുട്ടിയാണ്.*
*സത്യൻ* "ശ്രീധരൻനായർ" എന്ന അധ്യാപകനായും *കുമാരി* "നീലി" എന്ന പുലയക്കിടാത്തിയുമായി അഭിനയിച്ച ചിത്രത്തിൽ പി.ഭാസ്ക്കരനും അഭിനയിച്ചിട്ടുണ്ട്.
*"എന്റെ ഗുരുവായൂരപ്പാ"*
"അതൊരു പ്രാർത്ഥനയായിരുനില്ല."
"ഒരു ഞരക്കം."
_ഉറൂബിന്_ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച
*സുന്ദരികളും സുന്ദരന്മാരും* എന്ന നോവൽ ആരംഭിക്കുന്നത് ഇങ്ങനെയാണ്.
_സുന്ദരികളും സുന്ദരന്മാരും_
മലയാളനോവലിലെ ഒളിമങ്ങാത്ത പേരുകളിലൊന്ന്.
ഇതിഹാസ സമൃദ്ധിയുള്ള ആ ഒറ്റ നോവൽ മതി ഉറൂബ് എന്ന തൂലികാനാമത്തിൽ
വിശ്രുതനായ
*പി.സി.കുട്ടിക്കൃഷ്ണനെ* മലയാളി നിത്യവും ഓർമിക്കാൻ.
വിരൂപങ്ങളും വിധ്വംസകങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്ദർഭങ്ങളിൽപ്പോലും
വികാരോഷ്മളങ്ങളായ ഹൃദയങ്ങളെക്കൊണ്ട് സുന്ദരികളും സുന്ദരന്മാരുമായിത്തോന്നിയ കുറെ കഥാപാത്രങ്ങൾ.
കവിത തുളുമ്പുന്ന ശീർഷകങ്ങളും കാവ്യാത്മകമായ ഭാഷയും അനുഗൃഹീത നോവലിസ്റ്റായ ഉറൂബിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിനാണ്
കേരളസാഹിത്യഅക്കാഡമി രജതജൂബിലി പുരസ്ക്കാരം ലഭിച്ചത്.
1920 ലെ ഖിലാഫത്ത് പ്രസ്ഥാനം,
ദേശീയസ്വാതന്ത്ര്യസമരം,
മലബാർ കലാപം,
*കമ്യൂണിസ്റ്റ് മുന്നേറ്റം*,
രണ്ടാം ലോകയുദ്ധം
തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ
മലബാർ കേന്ദ്രമാക്കി നിരവധി വ്യക്തികളുടെ ജീവിതങ്ങളിലൂടെ
രാഷ്ട്രീയ സാമൂഹിക
കുടുംബബന്ധങ്ങളിൽ വന്ന
വമ്പിച്ച മാറ്റങ്ങൾ അവതരിപ്പിക്കുന്ന നോവലാണ്
_സുന്ദരികളും സുന്ദരന്മാരും._
*മലപ്പുറം* ജില്ലയിലെ
_പൊന്നാനിക്കടുത്ത്_ *പള്ളിപ്രം*
ഗ്രാമത്തിൽ 1915 ജൂൺ1ന്
*പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടിക്കൃഷ്ണൻ* ജനിച്ചു.
_കരുണാകരമേനോൻ_
_പാറുക്കുട്ടിയമ്മ_ ദമ്പതിമാരായിരുന്നു അച്ഛനമ്മമാർ.
_പൊന്നാനി_ എവി. ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം.
ചെറുപ്പത്തിൽത്തന്നെ
പ്രായംകൊണ്ട് മുതിർന്ന കവി
*ഇടശ്ശേരി*
*ഗോവിന്ദൻനായരുമായി* സൗഹൃദത്തിലായി.
അവരുടെ നേതൃത്വത്തിൽ "കൃഷ്ണപ്പണിക്കർ" സ്മാരക വായനശാലയും സ്ഥാപിച്ചു.
ഇടശ്ശേരിയായിരുന്നു
മരണംവരെ അതിന്റെ പ്രസിഡന്റ്.
പത്താംക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കുട്ടിക്കൃഷ്ണൻ കവിതയെഴുതിത്തുടങ്ങി.
*മാതൃഭൂമി* വാരികയിൽ കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു.
പൊന്നാനിയിലെ വായനശാലാ സദസ്സിൽ കവിയായി അറിയപ്പെട്ടെങ്കിലും ആ സദസ്സിലെ ഒരാൾ കുട്ടിക്കൃഷ്ണന്റെ കവിതയെ അംഗീകരിച്ചില്ല.
*കുട്ടിക്കൃഷ്ണമാരാർ.*
ഒരു ദിവസം *വേലക്കാരിയുടെ ചെക്കൻ* എന്ന പേരിൽ കുട്ടിക്കൃഷ്ണൻ ഒരു കഥയെഴുതിയപ്പോൾ മാരാർ അംഗീകരിച്ചുവെന്നുമാത്രമല്ല
ഇനി കഥയെഴുത്ത് മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ആ കന്നിക്കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു.
നിരന്തരമായ വായനയും സാഹിത്യ സൗഹൃദങ്ങളും കുട്ടിക്കൃഷ്ണനിലെ എഴുത്തുകാരനെ വളർത്തിയെടുത്തു.
അങ്ങനെയിരിക്കെയാണ് 1934 ൽ കുട്ടിക്കൃഷ്ണൻ
നാട് വിട്ടത്.
തുടർന്നുള്ള ആറ് വർഷം ഇന്ത്യയുടെ പല ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു.
പല തൊഴിലുകൾ ചെയ്തു
തമിഴും കന്നഡയും പഠിച്ചു.
*നീലഗിരിയിലെ* ഒരു തേയിലത്തോട്ടത്തിലും *കോഴിക്കോട്ടെ* ഒരു ബനിയൻ കമ്പനിയിലും രണ്ട് വർഷം വീതം ക്ലാർക്കായും പണിയെടുത്തു.
1948 ൽ അദ്ദേഹം ഇടശ്ശേരിയുടെ ഭാര്യാസഹോദരി *ദേവകിയമ്മയെ* വിവാഹം കഴിച്ചു..
"കോഴിക്കോട്"
കെ.ആർ ബ്രദേഴ്സ് പ്രസിദ്ധീകരണശാല,
*മംഗളോദയം* മാസിക കോഴിക്കോട് ആകാശവാണി .
എന്നിവിടങ്ങളിലും കുട്ടിക്കൃഷ്ണൻ ജോലി ചെയ്തു.
കുങ്കുമം, മലയാള മനോരമ
വാരികകളുടെ പത്രാധിപർ,
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.
1975 ൽ ആകാശവാണിയിൽ
നിന്ന് പ്രൊഡ്യൂസറായി അദ്ദേഹം വിരമിച്ചു.
അതിന്ശേഷമാണ് "കുങ്കുമം"
പത്രാധിപരായത്.
1976 ൽ "മനോരമ" പത്രാധിപത്യം ഏറ്റെടുത്തു.
ആ സ്ഥാനത്തിരിക്കെ 1979
ജൂലൈ 10 ന് കോട്ടയത്ത് "ഉറൂബ്" കഥാവശേഷനായി.
"ഉറൂബ്" എന്ന തൂലികാ നാമത്തിലാണ് "പി.സി.കുട്ടിക്കൃഷ്ണൻ" പ്രശസ്തനായത്.
_"യൗവനം നശിക്കാത്തവൻ"_
എന്നർത്ഥമുളള അറബി വാക്കാണത്.
1952 ൽ ആകാശവാണിയിൽ ജോലിചെയ്യുമ്പോൾ സഹപ്രവർത്തകനായ സംഗീതസംവിധായകൻ _കെ.രാഘവനെക്കുറിച്ച്_ ഒരു ലേഖനമെഴുതി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.
സ്വന്തംപേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം വാങ്ങണം എന്ന സർക്കാർ ഉത്തരവും അതിന് പ്രേരണയായി.
"നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ആദ്യത്തെ കൃതി.
ഗോപാലൻനായരുടെ താടി,
രാച്ചിയമ്മ, റിസർവ് ചെയ്യാത്ത ബർത്ത്, ലാത്തിയും പൂക്കളും
മുതലായവ ചില പ്രധാന കഥകളാണ്.
*രാച്ചിയമ്മ* റേഡിയോ നാടകമായും ടെലിവിഷനിലും പ്രേക്ഷകർ ആസ്വദിച്ചിരിക്കുന്നു.
അനന്തമായ മനുഷ്യജീവിത
വൈചിത്ര്യമാണ് ഉറൂബിന്റെ പ്രിയപ്പെട്ട വിഷയം.
മനുഷ്യജീവിത മഹത്വത്തെ ഓരോ കഥയിലും അദ്ദേഹം വാഴ്ത്തുന്നു.
യഥാതഥ നോവലിന്റെ പരന്ന
യാഥാർത്ഥ്യാവിഷ്ക്കാരത്തെ ചടുലവും മനസ്സിന്റെ ലോകത്തേക്കുള്ള
സൂക്ഷ്മസഞ്ചാരവുമാക്കി മാറ്റാൻ ഉറൂബിന് കഴിഞ്ഞു.
*പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ വച്ച്,*
*പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു.*
1970 ൽ പുറത്തിറങ്ങിയ *കുരുക്ഷേത്രം* എന്ന
ചിത്രത്തിന്റെ കഥയും സംഭാഷണവും ഉറൂബിന്റേതായിരുന്നു.
_രാമു_ എന്ന കഥാപാത്രമായി *സത്യൻ* അഭിനയിച്ച ചിത്രത്തിൽ *കൊട്ടാരക്കരയുടെ* വേഷമാണ് കൂടുതൽ തിളങ്ങിയത്.
അഹങ്കാരിയും നിർഘൃണനുമായ ഒരു പിതാവ്
ഉപേക്ഷിച്ച സാധാരണക്കാരനായ പുത്രൻ
സ്വസാമർത്ഥ്യത്താൽ ഉന്നതനാകുന്നതും പിതാവിന്റെ നാശകാലത്ത് താങ്ങാകുന്നതുമാണ് കഥ.
പഴയ ഒമ്പതാംക്ലാസ്സിലെ മലയാള പുസ്തകത്തിൽ *അഭിപ്രായഭേദം* എന്നൊരു ചെറുകഥ പഠിച്ചിരുന്നത് ഓർക്കുന്നുണ്ടോ?
രാവിലെ കോഴിക്കോട് നിന്ന് ഉദ്യോഗത്തിനായി പോകുന്ന സാഹിത്യകാരൻ യാത്ര ചെയ്ത തീവണ്ടിയിലെ ഒരു മുറിയിൽ വ്യത്യസ്തരായ യാത്രക്കാർ കൂട്ടുന്ന
കോലാഹലങ്ങളാണ് ആ കഥയിൽ.
*എവിടെനിന്നെത്തിയെന്നറിവീല*
*ഏതാണ് ലക്ഷ്യമെന്നറിവീല*
*മാനവ സുഖമെന്ന മായ മൃഗത്തിനെ*
*തേടൂന്ന പാന്ഥൻ ഞാൻ.*
*ഏകാന്ത പഥികൻ ഞാൻ*
ഒരു സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെ അഗാധമായ ഉൾക്കാഴ്ചയോടെ ചിത്രീകരിക്കുന്ന ഉറൂബിന്റെ
ഏറ്റവും പ്രശംസിക്കപ്പെട്ട *ഉമ്മാച്ചു* (1954)എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരവും ഗംഭീരമായി.
"മായനെ" സ്നേഹിക്കുകയും അയാളുടെ ഘാതകനായ _ബീരാനെ_ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത "ഉമ്മാച്ചു" എന്ന സ്ത്രീയുടെ കഥയാണ്
1971 ൽ "പി.ഭാസ്ക്കരൻ" സിനിമയാക്കിയത്.
"മധുവും" *നെല്ലിക്കോട് ഭാസ്ക്കരനും* "ഷീലയുമാണ്" തൊട്ടുമുമ്പ് പറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
"ജയചന്ദ്രന്റെ" ഗാനശേഖരത്തിലെ പവിഴമുത്താണെന്ന് ശ്രോതാക്കൾ ഒന്നടങ്കം അംഗീകരിച്ച മേല്പറഞ്ഞ ഗാനത്തിന്റെ ശില്പികൾ "ഭാസ്ക്കരനും" *രാഘവനുമാണ്.*
"രാരിച്ചൻ എന്ന പൗരൻ,"
"നായരു പിടിച്ച പുലിവാൽ"
"മിണ്ടാപ്പെണ്ണ്" മുതലായ
ചലച്ചിത്രങ്ങളുടെ കഥയും ഉറൂബിന്റേതാണ്.
രണ്ട് തലമുറകളുടെ വികാസ പരിണാമങ്ങളുടേയും മൂന്നാമത്തെ തലമുറയുടെ അങ്കുരത്തിന്റേയും ആവിഷ്കരണം.
പ്രതിജന
ഭിന്ന വിചിത്രമാർഗ്ഗമായ
മനുഷ്യജീവിതത്തിന്റെ വർണ്ണശബളമായ ചിത്രങ്ങൾ
മർത്ത്യതയെ പ്രേമിച്ചുകൊണ്ട്
കാൻവാസുകളിൽ വരയ്ക്കുന്നത് വീക്ഷിക്കുമ്പോൾ നമ്മുടെ വികാരവിചാരങ്ങളിൽ സൗമ്യമായ പ്രകാശവും ആർദ്രതയും കലരാതിരിക്കില്ല.
*കെ.ബി.ഷാജി. നെടുമങ്ങാട്*
9947025309
Comments
Post a Comment