July_17_2014/ ശശികുമാർ
*കനകം മൂലം ദുഖം കാമിനി മൂലം ദുഖം*
*കണ്ണില്ലാഞ്ഞിട്ടും ദുഖം കണ്ണുണ്ടായിട്ടും ദുഖം*
*ദുഖമയം ദുഖമയം ദുഖമയം ജീവിതം*
1973 ൽ _എവർഷൈൻ_ പ്രോഡക്ഷൻസിന് വേണ്ടി *തിരുപ്പതി ചെട്ടിയാർ* നിർമ്മിച്ച് *എസ് എസ് പുരം* കഥ തിരക്കഥ സംഭാഷണം നിർവ്വഹിച്ച *ഇന്റർവ്യൂ*
എന്ന ചലച്ചിത്രം കണ്ടയോർമ്മയിലാണ് ഇന്ന് ഈ അനുസ്മരണം തയ്യാറാക്കിയത്.
വളരെ മനോഹരമായ കുടുംബചിത്രമായിരുന്നു അത്.
130 ഓളം മലയാള സിനിമകൾ സംവിധാനം ചെയ്ത *ശശികുമാറിനേ* ഒരു കുടുംബചിത്രമെടുത്ത് വിജയിപ്പിക്കാനാകൂ.
ചിത്രത്തിന്റെ അവസാന രംഗത്തിന്റെ മാസ്മരികതയാണ് അന്ന് പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയത്.
മേൽപ്പറഞ്ഞ അർത്ഥവത്തായ ഗാനം രചിച്ചത് *വയലാർ രാമവർമ്മയും* ചിട്ടപ്പെടുത്തിയത് *ദക്ഷിണാമൂർത്തിയും* പാടിയത് *ബ്രഹ്മാനന്ദനുമായിരുന്നു.*
_ആലപ്പുഴക്കാരൻ_ *ജോണിനെ*
മലയാള ചലച്ചിത്രലോകം അറിയില്ല.
എന്നാൽ *ശശികുമാറിനെ* അറിയും.
സിനിമാ കൊട്ടകയിൽ നിറഞ്ഞ കയ്യടികളോടെ മാത്രം
മിന്നിത്തെളിഞ്ഞ പേരാണ് _ശശികുമാറിന്റേത്._
കാലത്തിന്റെ വെള്ളിത്തിരയിൽ ഒരു സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് _ശശികുമാർ._
2014 ജൂലൈ 17 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശശികുമാർ അന്തരിച്ചു.
തിരശ്ശീലയിൽ വില്ലനായെത്തി.
തിരശ്ശീലയ്ക്ക് പിന്നിൽ തിരക്കഥാകൃത്തും സംവിധായകനുമായി
നിറഞ്ഞാടിയ ജീവിതമാണ്
ശശികുമാറിന്റേത്.
130 മലയാള ചിത്രങ്ങളുടെ സംവിധായക മേലങ്കി.
മലയാളത്തിന്റെ _നിത്യഹരിത നായകൻ_ പ്രേംനസീറിന്റെ സിനിമാകാന്തിക്ക് ശോഭയേറ്റിയതിൽ നിർണായക പങ്ക് വഹിച്ചത് ശശികുമാറാണ്.
84 പടങ്ങളാണ് നസീറിനെ
നായകനാക്കി അദ്ദേഹം സംവിധാനം ചെയ്തത്.
ഒരു വർഷം13 പടങ്ങൾ സംവിധാനം ചെയ്ത അപൂർവ്വ ബഹുമതിയുമുണ്ട്.
ആലപ്പുഴ ജില്ലയിൽ പൂന്തോപ്പിൽ ഇടത്തരം വീട്ടിൽ
മില്ലുടമ എൻഎൽ വർക്കിയുടെയും
മറിയാമ്മയുടെയും എട്ട് മക്കളിൽ മൂന്നാമൻ.
1927 ൽ വിജയദശമി നാളിൽ
ഒക്ടോബർ 14 ന് ജനനം.
ജോൺ എന്നായിരുന്നു പേര്.
മൂത്ത സഹോദരി സ്കൂളിൽ നിന്നെത്തി കവിതകൾ ഉറക്കെച്ചൊല്ലുന്നത് കേട്ട്
പഠിച്ചു തുടങ്ങി.
പൂന്തോപ്പിൽ നിന്ന്
ആലപ്പുഴയ്ക്ക് താമസം മാറിയതോടെ
ലിയോ തേർട്ടീന്ത് സ്കൂളിൽ ചേർന്നു. ഫിഫ്ത്തിൽ പഠിക്കുമ്പോൾ
*ഫാ മൈക്കിൾ പ്രോ*
എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകം
ഉൾപ്രേരകമായി.
തുടർന്ന് *ജീവാർപ്പണം*
എന്ന നാടകമെഴുതി.
അത്
അവതരിപ്പിക്കപ്പെട്ടപ്പോൾ
എങ്ങും പ്രശംസ.
പിന്നീട് *മാന്നാനം*
സെന്റ് എഫ്രേംസിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ കൂടുതൽ സജീവമായി.
കോളേജ് വിദ്യാഭ്യാസം *തേവരയിൽ.*
അവിടെ *പിസി ദേവസ്യയുടെ*
പ്രോത്സാഹനത്തിൽ *ഒഥല്ലോ* പോലുള്ള നാടകങ്ങൾ ചെയ്തു.
ഈ സമയം
ആലപ്പുഴയിൽ
*എസ് ഡി കോളേജ്* ആരംഭിച്ചപ്പോൾ
ബിഎ ധനതത്വശാസത്രം പഠിക്കാനായി ചേർന്നു.
നാടകത്തിനൊപ്പം ഫുട്‌ബാളിലും തിളങ്ങി.
സർവ്വകലാശാലാ തലത്തിൽ വിജയിച്ചതിനാൽ പോലീസിൽ ചേരാൻ അവസരം കിട്ടി.
വീട്ടുകാർ അനുവദിച്ചില്ല.
ഇതിനകം പ്രൊഫഷണൽ നാടകരംഗത്ത് സജീവമായി.
*അടൂർപങ്കജത്തിന്റെയും* മറ്റും ചുമതലയുള്ള
_അടൂർ പാർത്ഥസാരഥി തിയേറ്റേഴ്സിൽ_
*ജഗതി എൻകെ ആചാരിയുടെ* നാടകത്തിൽ വേഷമിട്ടു.
*ഉദയാ* സ്റ്റുഡിയോ ഉടമ _ചാക്കോച്ചന്റെ_ ( *കുഞ്ചാക്കോ*) കുടുംബവുമായി ജോണിന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നു.
_കെആൻഡ്കെ പ്രൊഡക്ഷൻസിന്റെ_ ബാനറിൽ
*മുതുകുളം രാഘവൻപിള്ള*
തിരക്കഥയെഴുതിയ *വിശപ്പിന്റെ വിളിയിൽ*
_പ്രേംനസീർ_ നായകൻ.
അന്ന് അദ്ദേഹം
_അബ്ദുൽഖാദറാണ്._
ജോൺ വില്ലനും.
നായിക *കുമാരി തങ്കം.*
നായകന്റെയും വില്ലന്റെയും പേരുകൾക്ക് സുഖം പോരെന്ന് തോന്നിയപ്പോൾ നിർമ്മാതാക്കൾ
*തിക്കുറിശ്ശിയെ* സമീപിച്ചു.
അദ്ദേഹം പല പേരുകൾ
എഴുതി കുറിയിട്ടു.
ചാക്കോച്ചൻ കുറിയെടുത്തു.
അബ്ദുൽ ഖാദർ അങ്ങനെ
പ്രേംനസീറായി.
ജോൺ ശശികുമാറും.
അച്ഛന്റെ മരണത്തോടെ സിനിമയിൽ നിന്ന് വിട്ട് നില്ക്കേണ്ടി വന്നു.
ഇതിനോടകം തിരമാല, ആശാദീപം, വേലക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
അച്ഛന്റെ മരണശേഷം മില്ലിന്റെ ചുമതല നാല് കൊല്ലം വഹിക്കേണ്ടി വന്നു.
ഇതിനിടെ *കിടപ്പാടം* എന്ന സിനിമയെടുത്ത ഉദയായുടെ കിടപ്പാടം വരെ പോകുമെന്ന അവസ്ഥയായി.
കുഞ്ചാക്കോ സിനിമാ മേഖലയുപേക്ഷിച്ച് മലബാറിലേക്ക് ചേക്കേറി.
പുതിയ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ടി.വി. തോമസ്സ് പ്രത്യേക താല്പര്യമെടുത്ത് ഉദയായെ കരയ്ക്ക് കയറ്റാൻ ചാക്കോച്ചനെ സഹായിച്ചു.
_ഉദയായുടെ_ അടുത്ത ചിത്രം *മൊയ്തു പടിയഞ്ഞിന്റെ* കഥയെ അടിസ്ഥാനമാക്കിയെടുത്ത
*ഉമ്മ* എന്ന ചിത്രമായിരുന്നു.
ഉമ്മർ സ്നേഹജാൻ എന്ന പേരിൽ അഭിനയിച്ച ചിത്രത്തിൽ രാജകുമാരിയായിരുന്നു നായിക. ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ "ശശികുമാർ" ഹിന്ദിയിൽ ഇറങ്ങിയ *രാമരാജ്യം* എന്ന ചിത്രം
ഉദയായ്ക്ക് വേണ്ടി *സീത* എന്ന പേരിൽ ചലച്ചിത്രമായപ്പോൾ അതിലും പ്രവർത്തിച്ചു.
ഉമ്മ, സീത എന്നീ ചിത്രങ്ങൾ നൂറ് ദിവസത്തിലധീകം കളിച്ചിരുന്നു.
പിന്നീട് നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ പരാജയപ്പെടാനായി ഒരു ചിത്രം പിടിക്കാൻ ചാക്കോച്ചൻ തീരുമാനിക്കുന്നു.
*ബഹദൂർ* നായകനായ
*നീലിസാലിയുടെ* കഥ അതായിരുന്നു..
ഈ സമയം പ്രേംനസീർ അറിയപ്പെടുന്ന ഒരു നടനായി മാറിക്കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോ ഉടമ
*സുബ്രമണ്യത്തെ*
പോയിക്കാണുന്നതിന് നസീർ നിർദ്ദേശിക്കുന്നു.
"നീലായുടെ"
ടി.കെ. ബാലചന്ദ്രൻ നായകനായ *ക്രിസ്സ്മസ്സ് രാത്രിയിൽ*
എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ശശികുമാർ
എത്തുന്നത്. അവിടെ എല്ലാ
ജോലിയും ചെയ്യണമായിരുന്നു.
ചിത്രത്തിൽ നായകന്റെ മുഖത്ത് കഥയുടെ ഭാഗമായി ഒരു ചെറിയ മുറിവുണ്ടാകുന്നതും പഞ്ഞി മുഖത്തുകാണുന്ന ചില ഷോട്ടുകൾ ഒഴിവാക്കിയതിലെ അപാകം മുതലാളി മനസ്സിലാക്കുകയും ചെയ്തു.
ഇതിൽ സുബ്രമണ്യം കുപിതനായി പായ്ക്കപ്പ് പറഞ്ഞു.
പിറ്റെ ദിവസം സ്റ്റുഡിയോവിനുള്ളിൽ ശശികുമാറിനെ കടത്തിവിട്ടില്ല.
ജോലി നഷ്ടപ്പെട്ടെന്നു കരുതി തിരികെ നാട്ടിലേക്ക് പോകാൻ
കുമാർ ഉറച്ചു.
ന്യൂ തിയേറ്ററിന് സമീപമുള്ള വാസസ്ഥലത്ത് വന്ന് പെട്ടിയും പടുക്കയുമെടുത്ത് പോകാന്
തുടങ്ങുമ്പോൾ
മുതലാളി അത് തടയുകയും
കൂടെ ഉണ്ടാകണമെന്ന് പറയുകയും ചെയ്തു.
ഈ സംഭവം അദ്ദേഹം ജീവിതത്തിൽ എപ്പോഴും ഓർക്കുമായിരുന്നു.
നഷ്ടപ്പെട്ട പിതാവിനെ തിരികെ കിട്ടിയെന്നാണ്
ഈ സംഭവത്തെക്കുറിച്ച്
ശശികുമാർ
പറഞ്ഞിരുന്നത്.
*തോമസ് പിക്ചേഴ്സ്*
നിരവധി കുടുംബ ചിത്രങ്ങൾ
മലയാളികൾക്ക് സമ്മാനിച്ച ബാനർ.
അതിന്റെ ഉടമ *തോമസ്,*
*ഒരാൾകൂടി കള്ളനായി*
എന്ന ചിത്രത്തിന്റെ സ്വതന്ത്ര സംവിധാന ചുമതല ശശികുമാറിനെ ഏല്പിക്കുന്നു
ഇതോടൊപ്പം അവരുടെ *കുടുംബിനി* എന്ന ചിത്രവും തുടങ്ങുന്നു
ആദ്യ ചിത്രത്തിന് മുമ്പേ രണ്ടാമത്തെ ചിത്രം
പുറത്തുവന്നു.
കവിയൂർ പൊന്നമ്മ എന്നവരുടെ ആദ്യ ചിത്രമായ കുടുംബിനി മികച്ച വിജയം നേടി. തുടർന്നാണ് അദ്ദേഹത്തിന്റെ *ജൈത്രയാത്ര* ആരംഭിക്കുന്നത്.
*ചെകുത്താൻ കയറിയ വീട്*
*ചിരിയ്ക്കാത്ത വീടിത്*
*ചിലയ്ക്കാത്ത കൂടിത്*
സ്വന്തം ചിത്രങ്ങളിൽ ശശികുമാറിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം
1965 ൽ പുറത്തിറങ്ങിയ
*തൊമ്മന്റെ മക്കൾ*
ആയിരുന്നു.
സാധാരണ ഒരു കുടുംബത്തിലെ ജ്യേഷ്ഠാനുജന്മാരുടെ പത്നിമാർ വ്യത്യസ്ത നിലകളിൽ നിന്ന് വന്നു കയറിയതിന്റെ ദോഷഫലങ്ങൾ മാത്രം അനുഭവിക്കുന്ന പിതാവിനെ ഇതിൽ കാണാം.
*സത്യനും* മധുവും മക്കളായും
*കൊട്ടാരക്കര*
അച്ഛനായും വേഷമിട്ട ഈ
ചിത്രത്തിന്റെ റീമേക്ക്
1984 ൽ അദ്ദേഹം
*സ്വന്തമെവിടെ ബന്ധമെവിടെ* എന്ന പേരിൽ സംവിധാനം ചെയ്തു.
ചേട്ടനുമനുജനുമായി
ലാലു അലക്സും മോഹൻലാലും.
അച്ഛനായി
*ജോസ് പ്രകാശ്.*
വിചിത്രമായ സംഗതി
രണ്ട് ചിത്രങ്ങളിലും അമ്മവേഷങ്ങൾ ചെയ്തത് കവിയൂർ പൊന്നമ്മയായിരുന്നു.
*മനുഷ്യരുധിരം വീണ ഛംബലിൽ,* *വിയർപ്പുമുത്തുകൾ മിന്നുന്നു.*
1975 ലാണ് _ശശികുമാറിന്റെ_ എക്കാലത്തേയും ഹിറ്റ് ചിത്രമായ
എംഎസ് പ്രൊഡക്ഷൻസിന്റെ *പിക്നിക്* പ്രദർശനത്തിനെത്തുന്നത്.
കഥ, ഗാനങ്ങൾ, സംഗീതം,
ഛായാഗ്രഹണം, സംഘട്ടനം
എന്നുവേണ്ട മികച്ചൊരു സംഘാടനമായിരുന്നു ആ ചിത്രം.
തിരുവനന്തപുരത്തിന് സമീപമുള്ള *കോട്ടൂർ,* _കൊല്ലം_ ജില്ലയിലെ *തെന്മല* എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പ്രശസ്തനായ ബസ്സ് ട്രാൻസ്പോർട്ട് മുതലാളി
ആർകെവിയുടെ
തൈകൾ വളർന്ന്
വരുന്ന റബ്ബർ പ്ലാന്റേഷനിൽ
ചെറു തൈകളെ തൊട്ട് തലോടിയും ഇലകൾ
നുള്ളിയും നിത്യഹരിത നായകൻ എക്കാലത്തേയും
ഹിറ്റ് ഗാനം പാടിയഭിനയിച്ചത്
നേരിൽക്കാണാനുള്ള
ഭാഗ്യമുണ്ടായത്
സന്തോഷത്തോടെ
ഓർക്കുന്നത് ഒരു സുഖമാണ്.
ഈ കുറിപ്പെഴുതുന്നയാളിന്റെ
മാതാവിന്റെ ജനനസ്ഥലവും
തറവാടും കോട്ടൂരാണ്.
തിരുവനന്തപുരം *ശക്തി* തിയേറ്ററിൽ 150 ദിവസത്തിലധികം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ഈ ചിത്രം
1989 ൽ ശശികുമാർ *നാഗപഞ്ചമി* എന്ന പേരിൽ
_സുരേഷ് ഗോപിയേയും_ _ശോഭനയേയും_ മുഖ്യറോളുകളിൽ അവതരിപ്പിച്ച് പുനസൃഷ്ടിച്ചു..
വലിയ പരാജയത്തിൽ കലാശിച്ചു _നാഗപഞ്ചമി ._
പ്രേംനസീറിനോടുള്ള ഇഷ്ടമാണോ ആരാധനയാണോ ഇത്രയും ചിത്രങ്ങളിൽ ഒന്നിക്കാൻ കാരണം എന്നു ചോദിച്ചാൽ ശശികുമാറിന് ഒരുത്തരമേയുള്ളു.
*നസീറിന്റെ ഹൃദയവിശുദ്ധി*
*അസാമാന്യ മനുഷ്യത്വം*
അതുള്ള മറ്റൊരാളെ കണ്ടിട്ടിട്ടില്ലാ എന്നാണഭിപ്രായം
വ്യത്യസ്തമായ 84 ചിത്രങ്ങൾ.
1982 ൽ രാജപുഷ്പ നിർമ്മിച്ച *പോസ്റ്റ്മോർട്ടം* എന്ന ചിത്രത്തിലെ നസീറിന്റെ പള്ളീലച്ചൻ വേഷമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത് എന്നും പറഞ്ഞിട്ടുണ്ട്.
മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ *ബാലനിലെ* നായകൻ *കെ.കെ. അരൂരിൽ*
തൂടങ്ങി ഇളംതലമുറക്കാർവരെ ശശികുമാറിന്റെ കഥാപാത്രങ്ങളായി.
*പത്മിനി* അഭിനയിച്ച *ഡോളർ* ആയിരുന്നു അവസാന ചിത്രം.
മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ താല്പര്യമില്ലായിരുന്നു.
എന്നാൽ *എം. ആർ രാധയുടെ* അവസാന ചിത്രം ശശികുമാറായിരുന്നു സംവിധാനം.
കുടുംബകഥകൾ പറഞ്ഞ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്താനും നിർമ്മലമായ മനുഷ്യസ്നേഹത്തിന്റെ കഥകൾ പറഞ്ഞ് പിണങ്ങിയ ഹൃദയങ്ങളെ സേതുബന്ധിപ്പിക്കാനും
കുടെകുടെ ചിരിപ്പിക്കുന്ന നർമ്മരംഗങ്ങളും കൂട്ടിയിണക്കാൻ ശശികുമാറിനെപ്പോലെ വിരുത് മറ്റുള്ളവരെക്കാൾ കൂടുതലായിരുന്നു.
*ചട്ടമ്പിക്കല്യാണി* പോലെയുള്ള സിനിമകൾ ദൃഷ്ടാന്തമാണ്.
ഭാര്യ ത്രേസ്യാമ്മ 2001 ലും ഒരേയൊരു മകൻ ജോൺ 2006 ലും അനശ്വരനായ കലാകാരന്റെ കുടുംബത്തിന് നഷ്ടമായി.
രണ്ട് പെൺമക്കളിൽ ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ വിദേശത്തുമാണ്.
മലയാള സിനിമയുടെ വളർച്ചയുടെ നിർണ്ണായക ഘട്ടങ്ങളിൽ ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര സംവിധാന കലയിൽ സ്വയം അടയാളപ്പെടുകയും ചെയ്ത അദ്ദേഹത്തെ തേടി ഡാനിയൽ പുരസ്ക്കാരമെത്തിയതു മാത്രമായിരുന്നു
മികച്ചൊരംഗീകാരം.
പ്രേംനസീറിനോടൊപ്പം
*ഗിന്നസ് ബുക്കിന്റെ* സിനിമാ റെക്കോർഡുകൾ ചേർക്കുന്ന പുസ്ത്കത്തിൽ ശശികുമാറിന്റെയും പേര് കാണാം.
_ജയിക്കാനായി ജനിച്ചവൻ ഞാൻ,_
_എതിർക്കാനായി വളർന്നവൻ ഞാൻ._
എന്നൊരു ചിത്രത്തിൽ അദ്ദേഹം കഥാപാത്രത്തെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്.
അഹങ്കാരമല്ല.
അവിടെ വൈഭവത്തിന്റെ പൂന്തേനരുവിയാണ് ഒഴുകുന്നത്.
*കാലം അഭിനന്ദിക്കട്ടെ*
*ആ കലാകാരനെ...*
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment