July_06_1986/ ജഗജീവൻ റാം
*ബഹുഗുണ പോയേ ഗുണവും പോയേ.*
*ജഗജ്ജീവൻ പോയേ ജീവനും പോയേ*
*ഇന്ദിരഗാന്ധി മൊട്ടച്ചി നിന്നുടെ ഭരണം വേണ്ടേ വേണ്ട!....*
1976-77 കാലഘട്ടം.
രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയുടെ നാളുകളിലൂടെ പോയിക്കൊണ്ടിരിക്കുന്നു.
അഞ്ചാം ലോകസഭയുടെ കാലാവധി 1976 മാർച്ചിൽ അവസാനിച്ചിട്ടും സഭ പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് നടത്താതിരുന്നതിൽ പ്രതിപക്ഷ രാഷ്ടീയകക്ഷികളിലംഗമായിരുന്ന ജനങ്ങൾ രഹസ്യമായി പറഞ്ഞു നടന്നിരുന്ന ആദ്യം കുറിച്ചിട്ട ചില മുദ്രാവാക്യങ്ങൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാനമെങ്ങും ഉച്ചത്തിൽ മുഖരിതമായി.
1975 ൽ *ഇന്ദിര* രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയതിൽ പ്രധിഷേധിച്ച് കോൺഗ്രസ്സിലെ തലമുതിർന്ന ചില നേതാക്കളായ *ഹേമവതി നന്ദൻ ബഹുഗുണ*
*ബാബു ജഗജ്ജീവൻ റാം* എന്നിവർ _ഇന്ദിരയുടെ_ മന്ത്രിസഭയിൽനിന്നും കോൺഗ്രസ്സിൽനിന്നും രാജിവച്ചു.
അടുത്ത തിരഞ്ഞെടുപ്പിൽ _ഇന്ദിരയും_ _അവലക്ഷണപ്പുത്രനും_ _കോൺഗ്രസ്സും_ തകർന്ന് തരിപ്പണമാകണമെന്ന ദൃഢനിശ്ചയത്തോടെ പ്രതിപക്ഷം വിളിച്ചു നടന്നിരുന്ന മുദ്രാവാക്യങ്ങൾ
അന്വർത്ഥമാകാൻ അധികനാളുകൾ
വേണ്ടിവന്നില്ല.
സ്വാതന്ത്ര്യസമര സേനാനിയും
രാജ്യതന്ത്രജ്ഞനും
രാഷ്ടീയപ്രവർത്തകനും ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയും അധസ്ഥിത സമുദായത്തിന്റെ സമുന്നത നേതാവുമായിരുന്ന
*ജഗജ്ജിവൻറാമിന്റെ* മുപ്പത്തിയഞ്ചാം
ചരമദിനവാർഷികമാണ് ഇന്ന്.
1971 ഡിസംബറിൽ അന്നത്തെ
പ്രതിരോധമന്ത്രിയായ
ജഗജ്ജിവൻ റാം ലോകസഭയിൽ
*കിഴക്കൻ പാകിസ്ഥാൻ*
(ഇന്നത്തെ ബംഗ്ലാദേശ്) സ്വാതന്ത്ര്യം പ്രാപിച്ചവിവരം
അറിയിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകൾ പ്രധാനമായ വാർത്തയായിരുന്നു.
*ബംഗ്ലാദേശിന്റെ* വിമോചനത്തിനായി
ആയുധമടക്കമുള്ള സൈനിക സഹായങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത് റാമിന്റെ മിടുക്കായിരുന്നു.
*ബീഹാറിലെ* ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ദാരിദ്ര്യവും സാമൂഹികാസമത്വവും അനുഭവിച്ച് വളർന്ന്
സ്വതന്ത്ര ഇന്ത്യയിൽ ഉപപ്രധാനമന്ത്രിപദംവരെ
അലങ്കരിക്കാൻ നിയോഗം ലഭിച്ചിരുന്നതും,
1979 ൽ _ദേശീയസർക്കാർ_ രൂപീകരണത്തിന് പ്രസിഡണ്ട് ക്ഷണിക്കപ്പെട്ട വ്യക്തിയുമായിരുന്നു.
1946 ലെ _നെഹ്റുവിന്റെ_ ഇടക്കാല മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞയാളും തൊഴിൽമന്ത്രിയുമായിരുന്ന
*ബാബുജി* എന്നു വിളിച്ചിരുന്ന
ജഗജ്ജീവൻ റാം _ബീഹാറിലെ_ *ആരാ* എന്ന സ്ഥലത്ത് 1908 ഏപ്രിൽ 5 ന് ദളിതജാതിയായ ചാമർ വിഭാഗത്തിൽ ജനിച്ചു.
ജഗന്റെ പിതാവ് സോബിറാം ബ്രിട്ടീഷ് പട്ടാളത്തിലെ ഒരുദ്യോഗസ്ഥനായി _പാകിസ്ഥാനിലെ_ *പെഷവാറിൽ* ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് പട്ടാളസേവനമിഷ്ടപ്പെടാതെ സ്വദേശത്ത് കാർഷികവൃത്തിയിലേർപ്പെട്ടൂ.
പിതാവിന്റെ പെട്ടെന്നുണ്ടായ അന്ത്യത്തോടെ ജഗനും മാതാവ് _വാസന്തിദേവിയും_
ഒറ്റപ്പെടുകയും കൊടിയ ദാരിദ്ര്യമനുഭവിക്കുവാൻ ഇടവരുകയുമുണ്ടായി.
അവിടെയുള്ള അഗർവാൾ മിഡിൽസ്കൂളിലും പിന്നീട് _ആരായിലെ_
ടൗൺ സ്കൂളിലുമായാണ് വിദ്യാഭ്യാസം നേടിയത്.
ആംഗലേയ ഭാഷ ആദ്യമായി മാധ്യമമായി ഏർപ്പെടുത്തിയ സ്കൂളിൽ അനാചാരങ്ങളും നിലവിലുണ്ടായിരുന്നു.
എല്ലാ വിദ്യാർത്ഥികൾക്കുമായി ദാഹജലം സൂക്ഷിച്ചിരുന്നത് ഒരു കുടത്തിലായിരുന്നില്ല.
ഹിന്ദു, മുസ്ലീം, ഹീനജാതി എന്നിവർക്കായി പ്രത്യേകം കുടങ്ങളിലായിരുന്നു നീർ നിറച്ചുവച്ചിരുന്നത്.
ഇതിൽ എതിർപ്പും ക്ഷോഭവുമുണ്ടായ _ജഗൻ_ കുടങ്ങൾ തകർത്തുകളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
മെട്രിക്കുലേഷന് പഠിക്കുന്ന വേളയിൽ സ്കൂൾ സന്ദർശിച്ച *പണ്ഡിറ്റ് മദൻമോഹൻ മാളവ്യയുടെ*
അഭിപ്രായപ്രകാരമാണ് _ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ_ സ്കോളർഷിപ്പോടെ ബിരുദത്തിന് ചേർന്നത്.
ഹിന്ദുകോളേജിലും നീചജാതികളായ വിദ്യാർത്ഥികളോട് കാട്ടിയിരുന്ന വിവേചനങ്ങളിലും അസമത്വങ്ങളിലും അസംതൃപ്തനായ ജഗൻ _ബനാറസ്_ വിട്ട് 1931 ൽ _കൊൽക്കൊത്ത സർവ്വകലാശാലയിൽ_ ചേർന്ന് സയൻസ് ബിരുദം നേടി.
സ്വാതന്ത്ര്യസമരത്തിലും സമുദായ സേവന പ്രവർത്തനങ്ങളിലും ചെറുപ്പത്തിലേ ഏർപ്പെട്ട ജഗൻ കോൺഗ്രസ്സിൽ സജീവാംഗമായി.
ഹരിജനങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്നു വാദിച്ച *അംബേദ്ക്കർക്കെതിരെ*
കോൺഗ്രസ്സിലെ
ദേശീയവാദികൾ മുന്നിൽ നിർത്തിയത് റാമിനെയാണ്.
1936 - 46 കാലത്ത് അഖിലേന്ത്യാ അധകൃതസമുദായ ലീഗിന്റെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീനിലകളിൽ പ്രവർത്തിച്ചു.
1935 ലെ ഭരണ പരിഷ്ക്കാരമനുസരിച്ച് പട്ടികജാതിക്കാർക്ക് നിയമസഭയിൽ പ്രാതിനിധ്യം അനുവദിച്ചു.
_ബീഹാർ_ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാം ദേശീയവാദികൾക്കൊപ്പം നിലകൊണ്ടു.
ജലസേചനനികുതി പ്രശ്നത്തിൽ അംഗത്വം രാജിവച്ചു.
1937 ൽ _ബീഹാർ_ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
_ബീഹാറിലെ_ കോൺഗ്രസ്സ് മന്ത്രിസഭയിൽ
പാർലമെന്ററി സെക്രട്ടറിയായി.
1940 ലെ വ്യക്തി സത്യാഗ്രഹത്തിലും
1942 ലെ *ക്വിറ്റ് ഇന്ത്യാ*
സമരത്തിലും റാം മുന്നണിപ്പോരാളിയായിരുന്നു.
1940 - 46 കാലത്ത് _ബീഹാർ_ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.
1946 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് _ബീഹാറിൽ_ മന്ത്രിയായി.
1946 ൽ രൂപീകരിച്ച ഭരണഘടനാ നിർമ്മാണസഭയിൽ അധകൃതർക്കായി വാദിക്കാനും നിയമങ്ങൾ ഉണ്ടാക്കാനും ജഗന് സാധിച്ചു.
കോൺഗ്രസ്സിന്റെ നേതൃപദവിയിലൂടെ അധസ്ഥിതവർഗ്ഗത്തിന്റെ ശക്തനായ വക്താവായി മാറിയ റാം 1947,50,57 വർഷങ്ങളിൽ അന്താരാഷ്ട്ര തൊഴിൽകാര്യ സമ്മേളനങ്ങളിൽ
കേന്ദ്ര തൊഴിൽമന്ത്രിയെന്ന നിലയിൽ ഇന്ത്യൻ
പ്രതിനിധിസംഘം നേതാവായി.
*കാമരാജ് പദ്ധതി* അനുസരിച്ച്
രാജിവയ്ക്കുംവരെ കേന്ദ്രമന്ത്രിയായിരുന്നു.
1966 ൽ വീണ്ടും
കേന്ദ്രമന്ത്രിസഭയിലംഗമായി.
കോൺഗ്രസ്സിൽ
1969 ൽ ഉണ്ടായ പിളർപ്പിൽ _ഇന്ദിരയുടെ_ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷത്തിനൊപ്പം നിന്ന _ജഗജീവൻ_ "കോൺഗ്രസ്സ്" പ്രസിഡണ്ടായി.
1971 വരെ
ഔദ്യോഗികപക്ഷത്തിന്റെ പ്രസിഡണ്ടായിരുന്നു.
ആഭ്യന്തര അടിയന്തിരാവസ്ഥയിൽ ഇന്ദിരയോടുള്ള
പ്രതിക്ഷേധമാണ് രാജിയിൽ കലാശിച്ചത്.
1977 ഫെബ്രുവരിയിൽ
*കോൺഗ്രസ്സ് ഫോർ ഡെമോക്രസി* എന്ന സംഘടന രൂപീകരിച്ചു.
1977 ലെ അടിയന്തിരാവസ്ഥയെത്തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ജയിച്ച്
*മൊറാർജി ദേശായിയുടെ*
നേതൃത്വത്തിലുള്ള
_ജനതാസർക്കാരിൽ_ ആദ്യം പ്രതിരോധമന്ത്രിയും പിന്നെ ഉപപ്രധാനമന്തിയുമായി.
റാമിന്റെ പാർട്ടിയെ ജനതാപാർട്ടിയിൽ ലയിപ്പിച്ചു.
1979 ൽ
"ജനതാസർക്കാരിന്റെ" പതനത്തെത്തുടർന്ന് പ്രസിഡണ്ട് പുതിയ സർക്കാർ രൂപവൽക്കരിക്കാൻ ക്ഷണിച്ച മൂന്ന് പേരിൽ ഒരാൾ റാമായിരുന്നു.
*എസ് ചന്ദ്രശേഖർ,*
*ചൗധരി ചരൺസിംഗ്*
എന്നിവരാണ് മറ്റ് രണ്ട് പേർ.
_ചരൺസിംഗ്_ കോൺഗ്രസ്സിന്റെ പിന്തുണയോടെ ഗവൺമെന്റ് രൂപീകരിച്ചപ്പോൾ വീണ്ടും ഉപപ്രധാനമന്ത്രിപദം
റാമിനെ തേടിയെത്തി.
എന്നാൽ
വിശ്വാസവോട്ടെടുപ്പിന് ലോകസഭയിലെത്താതെ _ചരൺസിംഗ്_ രാജിവച്ചതോടെ _ജീവൻറാമിന്റെ_ 1949 മുതലുള്ള ഔദ്യോഗിക സ്ഥാനങ്ങൾ അവസാനിക്കുകയായിരുന്നു.
1980 ലും _ബീഹാറിലെ_ *സസ്റം* സംവരണ മണ്ഡലത്തിൽ
നിന്നും തെരഞ്ഞെടുക്കപ്പെട്ട റാം "ജനതാപാർട്ടിയിൽ" നിന്ന് തെറ്റി _കോൺഗ്രസ്സ് ജെ_ സ്ഥാപിച്ചു.
ഒരു കാലത്ത് _ഇന്ദിരയുടെ_ വലങ്കൈയായിരുന്ന റാം ലോകസഭയിൽ നിശബ്ദനായിരുന്നു.
1984 ലും അദ്ദേഹം തുടർച്ചയായ
ഒമ്പതാംതവണയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആ ടേമിൽ കാലാവധി പൂർത്തിയാക്കാതെ
1986 ജൂലൈ 6 ന്
*ഡൽഹിയിൽ* അന്തരിച്ചു.
*രാജീവിന്റെ* വിദേശ സന്ദർശന വേളയിൽ _ബാബുജി_ അന്തരിച്ചത്
ജൂലൈ 4 നായിരുന്നുവെന്നും
പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മരണത്തിയതിയിൽ കൃത്രിമം കാണിച്ചതായും വിവാദങ്ങളുയർന്നിരുന്നു.
പ്രജാക്ഷേമതാല്പര്യവും അധസ്ഥിതവർഗത്തിന്റെ ഉന്നമനവും ലക്ഷ്യമാക്കി സേവനമനുഷ്ഠിച്ച കർമ്മപുത്രന് _പരമോന്നത_ പുരസ്ക്കാരം സമ്മാനിക്കണമെന്ന _ബീഹാർ_ ജനതയുടെ ആവശ്യം തുടർന്ന് അധികാരത്തിലെത്തിയ ഭരണസാരഥികൾ തിരസ്ക്കരിക്കുകയാണുണ്ടായത്.
ജഗജീവൻറാമിന്റെ ഭാര്യ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ചരമം പ്രാപിച്ചു. അതിൽ ഒരു മകനുണ്ട്. "സുരേഷ്."
തുടർന്നാണ് അദ്ദേഹം
1935 ൽ
*ഇന്ദ്രാണിദേവിയെ* പുനർവിവാഹം ചെയ്തത്.
ആ ബന്ധത്തിൽ ജനിച്ച ശ്രീമതി _മീരാകുമാർ_
"സസ്റം" മണ്ഡലത്തിലെ പ്രതിനിധിയായി ലോകസഭയിൽ എത്തുകയും രണ്ടാം *യുപിഎ* സർക്കാരിന്റെ കാലത്ത് ലോകസഭയുടെ അധ്യക്ഷയാവുകയും ചെയ്തു.
2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഈ മകൾ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചു.
2019 ലെ പൊതുതിരഞ്ഞെടുപ്പിൽ "മീര" "സസ്റം" മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജിതയായി.
റാമിന്റെ ആദ്യ ഭാര്യയിലെ മകന്റെ പുത്രിയും *ഹരിയാണയിൽ* മന്ത്രിയായിരുന്നു.
രാഷ്ട്രസേവനത്തിന്
ആപൽശങ്കകളും വിലക്കും തടസ്സവും വകവയ്ക്കാതെയുള്ള അദ്ദേഹത്തിന്റെ കർമ്മനിരത അംഗീകരിക്കാതെയിരിക്കാൻ നിർവ്വാഹമില്ല.
ബനാറസ് ഹിന്ദു സർവ്വകാലശാല സ്ഥാപിച്ച റാമിന്റെ പേരിലുള്ള *The Study of Untouchability*
വിഭാഗം ഈ ഭാരതപുത്രന്റെ സ്മരണ എന്നുമുണ്ടാകാനാകും......
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment