July _05_2006/ തിരുനെല്ലൂർ കരുണാകരൻ
*കാറ്റേ നീ വീശരുതിപ്പോൾ,*
*കാറേ നീ പെയ്യരുതിപ്പോൾ,*
*ആരോമൽത്തോണിയിലെന്റെ*
*ജീവന്റെ ജീവനിരിപ്പൂ...*
2001 ൽ ശ്രീ _ശശി പരവൂർ,_
ശ്രി _ശശിധരൻപിള്ളയുടെ_ കഥയെ ആധാരമാക്കി
*കാറ്റ് വന്നു വിളിച്ചപ്പോൾ* എന്നൊരു ചിലവ് കുറഞ്ഞ ചലച്ചിത്രം സംവിധാനം ചെയ്തു പുറത്തിറക്കി.
ചിത്രം പരാജയപ്പെട്ടെങ്കിലും ശ്രിമതി _കെഎസ് ചിത്ര_ ആലപിച്ച ആദ്യംപറഞ്ഞ വരികളിലാരംഭിക്കുന്ന മനോഹരമായ സ്നേഹം തുളുമ്പുന്ന ഗാനം കേരളക്കരയാകെയുള്ള സംഗീതപ്രേമികൾകൾക്കും സിനിമാപ്രേക്ഷകർക്കും കേട്ട് കോരിത്തരിക്കാനായി.
മനോഹരമായ ഒരു കവിതയെ *എംജി രാധാകൃഷ്ണൻ*
എന്ന ഭാവോജ്ജ്വലനായ സംഗീതസംവിധായകൻ ഈണമിട്ട് ജീവന്റെ
തുടിപ്പേകുകയായിരുന്നു.
കവിത രചിച്ചത്
സാഹിത്യകുതുകികൾ, വളരെ പെട്ടെന്ന് മറന്നിടാത്ത കായൽക്കരയിൽ ജീവിച്ച കവി പ്രൊഫസ്സർ *തിരുനെല്ലൂർ കരുണാകരൻ.*
*ചെന്നപാരതയുടെ കൈകളിൽ പിടിക്കുവാ-*
*നെന്നപോൽ സമാന്തരം പായുന്ന പാളങ്ങളെ!.*
പഴയ ഒമ്പതാം ക്ലാസ്സിൽ മലയാള പാഠപുസ്തകത്തിൽ
*ആദ്യത്തെ തീവണ്ടി*
എന്നൊരു തിരുനെല്ലൂർ കവിത പഠിച്ചത് പലർക്കും സ്മരണയുണർത്തും.
ഒറ്റ നോട്ടത്തിൽ സന്ധിക്കുമെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും
ഒരിക്കലും കൂട്ടിമുട്ടാത്ത ഇരുമ്പ് പാളങ്ങളാകുന്ന പാതകൾ *പെരിനാടിന്*
അന്യമല്ലല്ലോ?.
"ഹാ നിമിഷങ്ങൾക്കിത്രവേഗമോ?
മുഴങ്ങുന്ന
പാലവും കടന്നാവിവണ്ടിദാ പറക്കുന്നു"
1976 ലെ ഒരു ഉത്സവക്കാലമാണ് .
ചരിത്ര പ്രസിദ്ധമായ *നെടുമങ്ങാട് അമ്മൻകൊട മഹോത്സവം* നടക്കുന്നു.
പ്രൊഫസ്സർ *സാംബശിവൻ* മുത്തുമാരിയമ്മൻ ക്ഷേത്രോത്സവവേദിയിൽ _തിരുനെല്ലൂരിന്റെ_ *റാണി* എന്ന ലഘുകാവ്യത്തെ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടുന്നു.
*"എങ്ങുനിന്നെങ്ങുനിന്നെങ്ങിനെ കിട്ടിയിപ്പെണ്ണിനിമ്മാതിരിച്ചന്തം"?*
_തിരുനെല്ലൂർ കരുണാകരൻ_ എഴുതി 1955 ൽ പ്രസിദ്ധികരിച്ച ഒരു പ്രേമദുരന്തകാവ്യമാണ് "റാണി." _തിരുനെല്ലൂരിന്റെ_ ഏറ്റവും കീർത്തികേട്ട രചനയായി പറയപ്പെടുന്ന കൃതിയും റാണിയാണ്.
*ചങ്ങമ്പുഴയുടെ* രമണന് ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും ചൊല്ലപ്പെട്ടതുമായ പ്രേമകാവ്യം എന്ന് റാണി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
1955 ൽ *കേരളകൗമുദി* ഓണപ്പതിപ്പിലാണ് _റാണി_ പ്രസിദ്ധീകരിച്ചത്.
_അഷ്ടമുടിക്കായലും_
അതിനെ ചൂറ്റിപ്പറ്റിയുള്ള ജീവിതങ്ങളുമാണ് കവി ചിത്രീകരിക്കുന്നത്. കായലിന്റെ വർണ്ണനയാണ് കവിത ശ്രദ്ധയാർജ്ജിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കഥയിൽ ചുരുക്കം ചില കഥാപാത്രങ്ങളേയുള്ളൂ.
അതിലൊന്ന് കായൽ തന്നെയാണെന്ന് നിരൂപകർ ചൂണ്ടിക്കാട്ടുന്നു.
കയർത്തൊഴിലാളിയായ _റാണിയും_ വള്ളക്കാരനായ _നാണുവും_ തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം.
പാവപ്പെട്ട തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളും കവി ശോകാതുരമായി വിവരിക്കുന്നു.
സഫലമാകാതെ പോകുന്ന സ്വപ്നവും പ്രതീക്ഷയും ദുരന്താന്ത്യവുമാണ് കാവ്യത്തിൽ കാണുന്നത്.
നാടകമായിട്ടും കഥാപ്രസംഗമായിട്ടും റാണി ജനകീയമാവുകയായിരുന്നു
ഒരു പക്ഷേ റാണിയുടെ ജനപ്രീതിക്ക് ഏറ്റവും കാരണമായത് സാംബശിവന്റെ കഥാപ്രസംഗ അവതരണത്തിലൂടെയാകാം.
""താമരയുടെ കുരുന്നിലയിൽ ഇറ്റുവീണ
ആകാശനീലിമയുടെ ഒരു തുള്ളിപോലുണ്ട് ഞങ്ങളുടെ അഷ്ടമുടിക്കായൽ.
പൂനിലാവൊഴുകുന്ന ശരത്ക്കാലരാത്രികളിൽ,
വെള്ളമേഘങ്ങളും
വെള്ളിനക്ഷത്രങ്ങളും
ആ മരതകക്കണ്ണാടിയിൽ മുഖംനോക്കി നിൽക്കുമ്പോൾ
ഉദാത്തമായ പ്രകൃതിസൗന്ദര്യം
ഘനീഭവിച്ചുകാണാം.
ജീവിതത്തിന്റെയും കയറുത്പ്പന്നങ്ങളുടേയും ഭാരം കയറ്റിയ കേവുവഞ്ചികൾ അപ്പോഴും ആ തിരമാലകളെ വേദനിപ്പിക്കുന്നുണ്ടാവും .
അഴുകിയ തൊണ്ടിൽനിന്ന്
പൊന്മാല തീർക്കുന്ന മനുഷ്യധ്വാനത്തിന്റെ മന്ത്രസംഗീതം ഉയരുകയും ചെയ്യും...."
"സാംബന്റെ" ആമുഖമാണ്.
ഹൃദയപാത്രത്തിൽ നിറഞ്ഞു നിന്ന കാവ്യസൗന്ദര്യവും ഭാഷാജ്ഞാനവും ആവോളം അർത്ഥപൂർണമായി അനുവാചകർക്ക് പകർന്നു നല്കിയ കാവ്യോപാസകൻ
_തിരുനെല്ലൂർ കരുണാകരൻ_
2006 ജൂലൈ 5 ന് സ്വവസതിയിൽ കാവ്യരചനയവസാനിപ്പിച്ച് യാത്രയായി.
1924 ഒക്ടോബർ 8 ന് *കൊല്ലം* ജില്ലയിലെ അഷ്ടമുടിക്കായൽത്തീര
ഗ്രാമമായ _പെരിനാട്_
_പികെ പത്മനാഭന്റെയും_
എൻ ലക്ഷ്മിയുടേയും മകനായി _തിരുനെല്ലൂർ_ ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസവും സംസ്കൃത പഠനവും ഒന്നിച്ചായിരുന്നു.
*പ്രാക്കുളം* _എൻഎസ്എസ്_ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് _എസ്എസ്എൽസിയും_ _കൊല്ലം_
എസ്എൻ കോളേജിൽനിന്നും
ബിഎ യും ജയിച്ചു.
ചരിത്രത്തിൽ ബിരുദം നേടിയ അദ്ദേഹം അതേ കോളേജിൽ ട്യൂട്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു.
ഒരു വർഷം അവിടെ സേവനം ചെയ്തശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എംഎ ബിരുദം നേടി.
ആ വർഷം തന്നെ കോളേജധ്വാപകനായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു.
ആദ്യത്തെ മൂന്ന് വർഷം ഗവൺമെന്റ് ആർട്സ് കോളേജിലും അതിനുശേഷം യൂണിവേഴ്സിറ്റി കോളേജിലും അധ്യാപകനായി.
കുറച്ചുകാലം കേരള പബ്ലിക് സർവ്വീസ് കമ്മീഷനംഗമായിരുന്നു.
1991 ൽ ഔദ്യോഗിക ജീവിതമവസാനിപ്പിച്ചു.
ഹൈസ്കൂൾ പഠനകാലത്ത്
ഇംഗ്ലീഷ് സാഹിത്യകാരൻ *ഒലിവർ ഗോൾഡ്സ്മിത്തിന്റെ*
ഒരു പദ്യം ക്ലാസ്സിൽ അധ്യാപകൻ
പഠിപ്പിക്കുമ്പോൾത്തന്നെ കഥാനായകൻ അത് മലയാള പദ്യരൂപത്തിലാക്കി എല്ലാവരെയും വിസ്മയിപ്പിച്ചു .
നിരവധി വിശ്വകവിതകൾ ക്ലാസ്സിലിരുന്നും അല്ലാതെയും വിവർത്തനം ചെയ്തത് *സമാഗമം* എന്ന പുസ്തകമായി പ്രസിദ്ധികരിച്ചിട്ടുണ്ട്.
കാവ്യ ജീവിതത്തിന്റെ തുടക്കവും ഇതായിരുന്നു.
കവിത്രയങ്ങളിൽ മഹാകാവ്യരചന നിർവ്വഹിക്കാത്ത മഹാകവി _കുമാരനാശാനോടായിരുന്നു_ കൂടുതൽ പ്രതിപത്തിയും ആദരവും.
*അല്ലല്ലെന്ത്*
*കഥയിത് കഷ്ടമെ*
*അല്ലലാലങ്ങ് ജാതി*
*മറന്നിതോ?*
ജാതി
അതിനൊർത്ഥവുമില്ല.
ഭഗവാൻ *ബുദ്ധന്റെ* മതമാണ്.
_ആശാന്റെ_ ഖണ്ഡകാവ്യമായ
*ചണ്ഡാലഭിക്ഷുകി*
ഭാരതീയർ മാത്രമല്ല ദേവന്മാരും മനസിലാക്കാൻ _കരുണാകരൻ_ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തു.
മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹം പലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ, കഥാപ്രസംഗങ്ങൾ, സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ ഇനിയും
പുസ്തകരൂപത്തിൽ കണ്ടിട്ടില്ല.
ഇന്ത്യൻ തത്വചിന്തയിലും
മാർക്‌സിസമൂൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ജീവിതാന്ത്യംവരെ കമ്യൂണിസ്റ്റാശയങ്ങളിൽ ഉറച്ച വിശ്വാസം പുലർത്തിയിരുന്നു.
ഭാരതീയ തത്വചിന്ത ആകമാനം ഭൗതികവാദപരമാണെന്നും *ഭഗവദ്ഗീതയേയും*
*ശങ്കരദർശനത്തെയും*
വിമർശനപരമായി വിലയിരുത്തേണ്ടതാണെന്നും അദ്ദേഹം വാദിച്ചു.
രാമായണത്തെ പുനർവ്യാഖ്യാനം ചെയ്യുന്ന 12 സർഗ്ഗങ്ങളുള്ള *സീത* എന്നൊരു കാവ്യം രചിക്കാൻ അദ്ദേഹം അവസാനകാലങ്ങളിൽ ശ്രമമാരംഭിച്ചു. കാവ്യം പൂർണ്ണമാകുന്നതിന് മുമ്പേ ആ ജീവിതമവസാനിച്ചു.
ചിന്താവിഷ്ടയായ സീതയിൽ നിന്ന് വ്യതിരിക്തമായതെന്ന് കവിതന്നെ പറഞ്ഞിരുന്ന ആ സീതാകാവ്യം പൂർത്തിയായിരുന്നെങ്കിൽ!?
ലഘുവായ ഭാവഗീതങ്ങൾ,
ദീർഘമായ ആഖ്യാനകവിതകൾ,
കുട്ടിക്കവിതകൾ,
നാടൻപാട്ടിന്റെ ലാളിത്യമുള്ള കവിതകൾ എന്നിങ്ങനെ വിവിധശൈലിയിലുള്ള കാവ്യപ്രപഞ്ചമാണ് തിരുനെല്ലൂരിന്റേത്.
*"റാണിയെന്നോമനപ്പേരി വിൾക്കേകിയ,*
*ഭാവനയാരുടേതാവാം"*
രാഷ്ട്രീയം എഴുത്തുകാരന്റെ ജീവിതവീക്ഷണമാണെന്നും രാഷ്ടീയമില്ലാതെ എഴുത്തുകാർക്ക് ജീവിതം തന്നെയില്ലെന്നും തിരുനെല്ലൂർ ദൃഢമായി വിശ്വസിച്ചു.
സിനിമാപ്പാട്ടെഴുതുന്നതിൽനിന്ന് പുറം തിരിഞ്ഞ്നിന്ന കവി പാവപ്പെട്ട സാധാരണ മലയാളിക്ക് നാവിലിട്ട് നുണയാൻതന്ന കുറച്ചു വരികളുണ്ട്.
അവയിലൊന്നാണ് _റാണിയിലെ_ മേല്പറഞ്ഞ വരി.
1988 ൽ തിരുനെല്ലൂരിന്റെ സമ്പൂർണ കൃതികൾക്ക് വയലാർ പുരസ്ക്കാരം ലഭിച്ചു.
ഗുരുനാഥനായ പ്രൊഫസ്സർ എൻ കൃഷ്ണപിള്ള വിടപറഞ്ഞ വർഷംതന്നെ പുരസ്ക്കാരം ഏറ്റുവാങ്ങിയതിന്റെ സങ്കടം
_തിരുനെല്ലൂരിന്_ ഉണ്ടായിരുന്നു.
കോളേജധ്യാപികയായ
മകൾ ഡോക്ടർ "അവനിബാലയുടെ"
അകാലമരണവും കവിയെ ഏറെ വിഷമിച്ചു.
കാളിദാസന്റെ *മേഘസന്ദേശവും* *അഭിജ്ഞാന ശാകുന്തളവും* തന്റേതായ ശൈലിയിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
കൊല്ലത്തുനിന്നു പ്രസിദ്ധീകരിക്കുന്ന *ജനയുഗം* ദിനപ്പത്രത്തിന്റെ പത്രാധിപരായി കുറച്ചുനാൾ പ്രവർത്തിച്ചു.
ഏറെനാൾ ശയ്യാവലംബിയായിരുന്നതിന് ശേഷമാണ് സ്വവസതിയിൽ 2006 ൽ കവി അന്തരിക്കുന്നത്.
ഗുരുശിഷ്യബന്ധത്തെ അളവറ്റ
സ്നേഹത്തോടും ആദരവോടും നോക്കിക്കണ്ട തിരുനെല്ലൂരിന്റെ വേർപാട് മലയാളികൾ മറന്നിരിക്കുന്നു.
കവിയുടെ വ്യക്തിത്വ വിശേഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ഓർമ്മകൾ തിരുവനന്തപുരത്തെ ആ കാലത്തെ വിദ്യാർത്ഥികൾക്ക് ഒരവസരമാകട്ടെ എന്ന് ചാരിതാർത്ഥ്യത്തോടെ.....
*"കാറ്റേ നീ വീശുകയിപ്പോൾ"*
*കെ.ബി.ഷാജി. നെടുമങ്ങാട്.*
Comments
Post a Comment