July_04_2978/ അമ്മൂ സ്വാമിനാഥൻ

*ജയ ജയ ജയ ജന്മഭൂമി*
*ജയ ജയ ജയ ഭാരത ഭൂമി*
*ആകാശഗംഗയൊഴുകി വന്ന ഭൂമി*
*ശ്രീകൃഷ്ണഗീതയമൃത് തന്ന ഭൂമി*
*വേദാന്തസാരവിഹാര പുണ്യഭൂമി*
*ഭാസുരഭൂമി ഭാരതഭൂമി*

*പാലക്കാട്* ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് 
സ്ഥിതിചെയ്യൂന്ന *ആനക്കര* പഞ്ചായത്ത്.
ദേശവിശേഷങ്ങളാലും പ്രസിദ്ധമായ *പന്നിയൂർ വരാഹപ്പെരുമാൾ* ക്ഷേത്രത്താലും  സ്വാതന്ത്ര്യസമരചരിത്തത്തിന്റെ ഭാഗമായ 
*വടക്കത്ത് തറവാടിനാലും* പുകൾ പൊങ്ങിയ കര.
പണ്ടൊരാന മദമിളകി ഓടിയെത്തിയത് ഇന്നത്തെ കുറ്റിപ്പുറം നഗരത്തിൽ .
മിടുക്കന്മാരായ ചില ആന പാപ്പാന്മാർ ഗജത്തെ തളച്ച് ഒരു ഇരുമ്പ് കുറ്റിയിൽ ബന്ധിച്ചതിന്‌ ശേഷം രാത്രി ഉറങ്ങാനായി വീടുകളിലേക്ക് പോയത്രേ.
പിറ്റേന്ന് പ്രഭാതത്തിൽ ആനയെ തളച്ച ചങ്ങലയും കുറ്റിയും ഇപ്പുറത്തും ആന ഭാരതപ്പുഴ നീന്തിക്കടന് അക്കരയുമെത്തിച്ചേർന്നു.
കുറ്റി ഇപ്പുറവും ആന അക്കരയും എന്ന വായ്മൊഴി ലോപിച്ചുണ്ടായ രണ്ട് സ്ഥലനാമങ്ങളാണ് ഇന്നത്തെ *കുറ്റിപ്പുറവും* ( മലപ്പുറം ജില്ല) പാലക്കാട് ജില്ലയിലെ *ആനക്കരയും*
_ചേകന്നൂർ മൗലവിയുടെ_ തിരോധാനം ആനക്കരയ്ക്ക് കുപ്രസിദ്ധിയും നേടിക്കൊടുത്തു.
1988 ൽ പ്രസിദ്ധ സംവിധായകൻ 
_സത്യൻ അന്തിക്കാട്_  തന്റെ വിജയചിത്രമായ *പൊന്മുട്ടയിടുന്ന താറാവ്* എന്ന ചിത്രത്തിന്റെ ചിത്രീകരണം _ആനക്കരയിലും_ _ചേകന്നൂരും_ നിർവ്വഹിക്കാൻ
ഇറങ്ങിപ്പുറപ്പെട്ടത് ഇക്കാരണത്താലായിരിക്കാം.

*നേതാജി സുഭാഷ്ചന്ദ്രബോസ്* സ്ഥാപിച്ച വിമോചന സൈന്യമായ 
*ഐഎൻഎ* യിൽ ക്യാപ്ടനും ഡോക്ടറുമായി സേവനമനുഷ്ഠിച്ച
*ക്യാപ്ടൻ ലക്ഷ്മിയെ*  നമ്മൾ കേട്ടിട്ടുണ്ട്.
പ്രശസ്ത നർത്തകി *മൃണാളിനി സാരാഭായിയെപ്പറ്റിയും*
നമ്മളറിഞ്ഞിരിക്കുന്നു.
വ്യത്യസ്ത ചേരികളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ രണ്ട് വനിതകൾക്കും ജന്മം നല്കിയ മഹതിയും അപൂർവ്വ വ്യക്തിത്തത്തിനുടമയിരുന്നു.
അവരാണ് പ്രഗത്ഭയായ സാമൂഹ്യരാഷ്ട്രീയ പ്രവർത്തകയായ 
*അമ്മു സ്വാമിനാഥൻ.*
1978 ജൂലൈ 4 ന് ചെന്നൈയിൽ നിര്യാതയായ    അമ്മു സ്വാമിനാഥനെക്കുറിച്ചുള്ള കഥകളൊന്നും പാഠപുസ്തകങ്ങളിൽ മികവാർന്ന രീതിയിൽ കണ്ടിട്ടില്ല.

1894 ഏപ്രിൽ 27 ന് _ആനക്കരയിലെ_ 
വടക്കത്ത്  തറവാട്ടിൽ *പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും* _അമ്മു അമ്മയുടേയും_ മകളായാണ് 
അമ്മു ജനിച്ചത്.
"അമ്മു അമ്മ" എന്നു തന്നെയായിരുന്നു 
_അമ്മു സ്വാമിനാഥന്റെയും_ പേര്. ബ്രിട്ടീഷ്കാരുമായി  ദൃഢമായ ബന്ധമുണ്ടായിരുന്നു തറവാടിന്. അമ്മുവിന്റെ പിതാവ് തരക്കേടില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു.
പതിനാലാം വയസ്സിൽ _പാലക്കാട്_ സ്വദേശി ഡോക്ടർ *സ്വാമിനാഥൻ* എന്ന തമിഴ് ബ്രാഹ്മണനെ വിവാഹം കഴിച്ചതിന് ശേഷമാണ് _അമ്മു അമ്മ_ _അമ്മു സ്വാമിനാഥനായത്._
_അമ്മു_ വീട്ടിലിരുന്നാണ് പഠനം നടത്തിയത്.
സാമാന്യവിദ്യാഭ്യാസം നേടാനേ
അന്ന് കഴിഞ്ഞുള്ളു.
വിവാഹം കഴിഞ്ഞ് ഭർത്താവൊന്നിച്ച് _ചെന്നൈയിൽ_ പോയ _അമ്മു_ ഭർത്തൃഗൃഹത്തിൽ വസിച്ചെങ്കിലും ഭവനത്തിൽത്തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെട്ടില്ല.
സാമൂഹ്യപ്രവർത്തനങ്ങളിൽ അവർ പങ്കെടുക്കാൻ തുടങ്ങി.
_ചെന്നൈയിൽ_ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന ഭർത്താവ് ഭാര്യയുടെ പൊതുപ്രവർത്തനങ്ങളെ വിലക്കിയതുമില്ല.
ആ പ്രോത്സാഹനം 
_അമ്മു സ്വാമിനാഥന്_ വലിയൊരനുഗ്രഹമായി. 

ഇരുപത്തിരണ്ട് വർഷത്തെ ദാമ്പത്യജീവിതമേ അമ്മുവിന് ലഭിച്ചിരുന്നുള്ളു.
1930 ൽ ഡോ _സ്വാമിനാഥൻ_ മരിച്ചു.
അപ്പോഴേയ്ക്കും അവർക്ക് നാല് മക്കൾ ജനിച്ചിരുന്നു.
ലക്ഷ്മി, മൃണാളിനി, ഗോവിന്ദൻ, സുബ്ബരാമൻ.
ഭർത്തൃവിയോഗം തളർത്തിയെങ്കിലും കർമ്മരംഗത്ത് നിന്ന് പിന്മാറാൻ അവർ തയ്യാറായില്ല.
മാത്രമല്ല വിധവകൾക്ക് ഏകാന്തവാസം എന്ന അനാചാരത്തോടും അവർ യോജിച്ചില്ല.
സാമൂഹികപ്രവർത്തനം പൊതു പ്രവർത്തനമാക്കുന്നതിന്റെ ഭാഗമായി അവർ ഇന്ത്യയിലെ ആദ്യകാല വനിതാ സംഘടനകളിലൊന്നായ "മദ്രാസ് വിമൻസ് അസോസിയേഷന്റെ" പ്രവർത്തകയായി.
തുടർന്ന് ഉപാധ്യക്ഷയായും അധ്യക്ഷയായും അവർ സേവനമനുഷ്ഠിച്ചു.
അഖിലേന്ത്യാ തലത്തിൽ വനിതകളെ സംഘടിപ്പിക്കാനുള്ള യത്നത്തിൽ അവർ
*രാജ്കുമാരി അമൃത്‌ കൗറുമായി* സഹകരിച്ചു.
അങ്ങനെ രൂപമെടുത്ത സംഘടനയിൽ പ്രസിഡണ്ട് _അമൃത്കൗറും_ 
സെക്രട്ടറി അമ്മു സ്വാമിനാഥനുമായിരുന്നു.

1934 ൽ _മദ്രാസ്_ സിറ്റി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അമ്മു സ്ഥാനാർത്ഥിയായി.
കൗൺസിലറായി അവർ തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയായ അവർ 1939 വരെ ആ സ്ഥാനത്ത് തുടർന്നു.
_മദ്രാസ്, ബോംബെ, ഒറീസ ബീഹാർ_ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ
_ഇന്ത്യൻനാഷണൽ കോൺഗ്രസ്സിന്_ ഭൂരിപക്ഷം കിട്ടിയ ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം ഇന്ത്യയിലുടനീളം അമ്മു സഞ്ചരിച്ചു.
കോൺഗ്രസ്സിൽ അംഗമായ ശേഷം നടന്ന വാർഷിക സമ്മേളനങ്ങളിലെല്ലാം അമ്മു മുടങ്ങാതെ പങ്കെടുത്തിരുന്നു.
1942 ആഗസ്റ്റിൽ കോൺഗ്രസ്സ്
*ക്വിറ്റ് ഇന്ത്യാ* പ്രമേയം അംഗീകരിച്ചപ്പോൾ കൂട്ട അറസ്റ്റ് നടന്നു.
*ഗാന്ധിജി, നെഹ്റു, പട്ടേൽ, ആസാദ്* എന്നിവരൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടു.
ചെന്നൈയിൽ അമ്മുവും അറസ്റ്റിലായി.
രണ്ട് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു.
1945 ൽ നടന്ന തെരഞ്ഞെടുപ്പി മദ്രാസ് സിറ്റി നിയോജക മണ്ഡലത്തിൽനിന്നും അമ്മു കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1947 രൂപീകൃതമായ _കോൺസ്റ്റിറ്റ്യുവന്റ് 
അസംബ്ലിയിലും_ അംഗമായിരുന്നു അവർ.
അഖിലേന്ത്യാ വനിതാ സംഘടനയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,  വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ച അവർ 1948 ൽ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ച സൗഹാർദ്ദ സംഘത്തിൽ അംഗമായിരുന്നു. 
*എത്യോപ്യ* സന്ദർശിക്കാനുള്ള അവസരവും അമ്മുവിന് ലഭിച്ചു. 1949 ൽ *ജനീവയിൽ* നടന്ന _യുനെസ്ക്കോ_ 
സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു 
_അമ്മൂ സ്വാമിനാഥൻ._
അതേ വർഷം *കോപ്പൻഹേഗനിൽ*
നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ ഇന്ത്യയെ പ്രതീനിധീകരിച്ചതും അമ്മുവായിരുന്നു.
1952 ൽ ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ *ദിണ്ടുക്കൽ*
ലോകസഭാമണ്ഡലത്തിൽ നിന്ന് അമ്മു വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച പല വിദഗ്ദ്ധ ഉപദേശകസമിതികളിലും അംഗമായിരുന്ന അമ്മു പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.
1953 ൽ *ജപ്പാന്നും* 1954 ൽ *ചൈനയും* അവർ സന്ദർശിച്ചു.
*ആവഡിയിൽ* നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിന്റെ വിജയത്തിന് അക്ഷീണം യത്നിച്ചവരിൽ അമ്മുവുമുണ്ടായിരുന്നു.
1956 ൽ കേരളസംസ്ഥാനം നിലവിൽ വന്നെങ്കിലും തട്ടകം ചെന്നൈയിൽ നിന്ന് മാറ്റാൻ അവർ ആഗ്രഹിച്ചില്ല.
1957 ലെ തിരഞ്ഞെടുപ്പിൽ അവർ മത്സരിച്ചില്ല. എന്നാൽ രാജ്യസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.
*1975* അന്താരാഷ്ട്ര വനിതാ വർഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് അവരെ ആ വർഷത്തെ _അമ്മയായി_ തിരഞ്ഞെടുത്തു.
1978 ൽ മദ്രാസിലായിരുന്നു അവരുടെ അന്ത്യം.

*""ഞങ്ങള് പഠിച്ച തത്വശാസ്ത്രത്തിൽ* *സ്നേഹം.... ഈശ്വരനാണ്.*
*സ്നേഹം പാടില്ലെന്ന് നിന്റെ* *പുസ്തകത്തില് പറേണില്ലല്ലോ""*

1986 ൽ _ഹരിഹരൻ_ സംവിധാനം ചെയ്ത _എംടിയുടെ_ തിരക്കഥയായ *പഞ്ചാഗ്നിയിലെ*  _ലക്ഷ്മിക്കുട്ടിയമ്മ_ എന്ന സ്വാതന്ത്ര്യസമരസേനാനി, _അമ്മു സ്വാമിനാഥന്റെ_ സഹോദരിയായ *എം.വി.കുട്ടിമാളു അമ്മയുടെ* പ്രതിരൂപമാണ്.
ഭാരതപ്പുഴയുടെ തീരത്തുള്ള വാസുദേവൻനായരുടെ *കൂടല്ലൂർ* ഗ്രാമവും _ആനക്കരയ്ക്ക്_ സമീപമാണ്‌.

*ആ മൃണാള മൃദുലാംഗുലിയിലെ പ്രേമ പല്ലവിയാകാൻ കൊതിച്ചു*

പ്രശസ്ത നർത്തകിയും അഹമ്മദാബാദിലെ *ദർപ്പണാ* കലാകേന്ദ്ര സ്ഥാപകയുമായ *മൃണാളിനി* അമ്മുവിന്റെ ഏറ്റവുമിളയമകൾ. 
തിരുവനന്തപുരം *തുമ്പ* 
ടേൾസിലെ  ശാസ്ത്രജ്ഞനായ 
*വിക്രം സാരാഭായിയെ*
കോളേജ് പഠനകാലത്ത് പ്രണയിച്ച് പരിണയിച്ചു.
1971 ൽ സാരാഭായി തിരുവനന്തപുരത്ത് അന്തരിച്ചു..
2016 ൽ ഗുജറാത്തിൽ മൃണാളിനിയും. പുത്രിയും 
നർത്തകിയുമായ _മല്ലിക_ ദർപ്പണ അക്കാദമിയുടെ നടത്തിപ്പിലും കലയിലും ജാഗരൂകയാണ്.

2002 ൽ കേന്ദ്രം ബി.ജെ.പി. ഭരിക്കുന്ന കാലം.
ശാസ്ത്രജ്ഞൻ എപിജെ *അബ്ദുൾകലാമിനെ* 
രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻഡിഎ മത്സരിപ്പിച്ചപ്പോൾ ഇടതുപക്ഷ കക്ഷികൾ *ക്യാപ്ടൻ ലക്ഷ്മിയെ* സ്ഥാനാർത്ഥിയാക്കി.
അമ്മുവിന്റെ മൂത്ത പുത്രിയായ *ലക്ഷ്മി* 
ഉത്തർപ്രദേശിലെ വൻ  നഗരമായ *കോൺപൂരിലാണ്*
സ്ഥിരതാമസം ,
_പ്രേംകുമാർ സൈഗാളായിരുന്നു_ ഭർത്താവ് .
ഏകമകൾ _സുഭാഷിണി അലി_
മുതിർന്ന *സിപിഎം* പ്രവർത്തകയും കേന്ദ്രകമ്മിറ്റി അംഗവുമാണ്.
ഇവരുടെ ഭർത്താവ് 
_മുസ്സാഫിർ അലി_ 
ഹിന്ദി സിനിമയിലെ  പ്രമുഖ സംവിധായകനാണ്.

അമ്മൂവിന്റെ പുത്രന്മാർ പ്രശസ്തരായിരുന്നില്ല.
വടക്കത്ത് വീടും കാലത്തിന്റെ  വേഗതയിൽ നിലം പൊത്താറായ അവസ്ഥയിലാണ്.
എന്നാലും ആനക്കരയുടെ പേര് വിശ്രുതമാകാൻ നിദാനമായ വടക്കത്ത് വീടും വീട്ടുകാരും മലയാളികൾക്ക്
സുന്ദരമായ സ്മൃതികളാണ്.

*കെബി ഷാജി. നെടുമങ്ങാട്*
9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള