July_02_2004/ പൊൻകുന്നം വർക്കി.
*തങ്കത്താഴികക്കുടമല്ല*
*താരാപഥത്തിലെ രഥമല്ല*
*ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ*
*സ്വർണമയൂരമല്ല..*
1969 ജൂലൈ മാസം ചന്ദ്രനിൽ മനുഷ്യപാദസ്പർശമേറ്റതിനെത്തുടർന്ന് പ്രശസ്തകവി
*വയലാർരാമവർമ്മ* ഒരു ചലച്ചിത്ര ഗാനത്തിലൂടെയാണ് ഉപഗ്രഹത്തെ സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്തിയത്.
1970 ൽ പുറത്തുവന്ന _ഉദയായുടെ_ *പേൾവ്യൂ* എന്ന ചിത്രം
രണ്ട് സ്നേഹിതന്മാരുടെ കുടുംബകഥയായിരുന്നു.
ചിത്രത്തിന്റെ പേര് അന്വർത്ഥമാക്കുന്നത് ഒരു ബംഗ്ലാവിന്റെ പേരാണ്.
*പൊൻകുന്നം വർക്കി* കഥ തിരക്കഥ സംഭാഷണം നിർവ്വഹിച്ച ചിത്രം _കുഞ്ചാക്കോയായിരുന്നു_ സംവിധാനം ചെയ്തത്.
ആദ്യം പറഞ്ഞ ഗാനം ചിട്ടപ്പെടുത്തിയത് ദേവരാജനും ഗായകൻ യേശുദാസുമാണ്.
കഥയെഴുതിയതിന് കൽത്തുറുങ്കിലടയ്ക്കപ്പെടുക.
ആ അനുഭവം നേരിട്ട ആദ്യത്തെ മലയാള സാഹിത്യകാരനാണ് "പൊൻകുന്നം വർക്കി"
തിരുവിതാംകൂറിൽ
സ്വാതന്ത്ര്യസമരവും കമ്യൂണിസവും ശക്തമായ 1940 കളിൽ ദിവാൻ
*സിപി രാമസ്വാമിഅയ്യരുടെ*
സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ എഴുതിയ കഥകളാണ് 1946 ൽ
വർക്കിയെ ജയിലിൽ എത്തിച്ചത്.
ഭരണകൂടത്തിന്റെയും മതത്തിന്റെയും
സ്വേച്ഛാധിപത്യത്തിനെതിരെ
ജനകീയതയുടെ സ്വരം ഉയർത്തിപ്പിടിച്ച കഥാകൃത്തായിരുന്നു _വർക്കി._
2004 ജൂലൈ 2 ന് കഥാവശേഷനായ ആ സാഹിത്യകാരന്റെ ജീവിതരേഖയെങ്ങനെയായിരുന്നുവെന്നു നോക്കാം.
1908 ജൂലൈ 1ന് *ആലപ്പുഴ* ജില്ലയിലെ _എടത്വായിൽ_ കട്ടപ്പുറത്ത് വീട്ടിൽ _ജോസഫ് അന്നമ്മ_ ദമ്പതിമാരുടെ മകനായി _വർക്കി_ ജനിച്ചു. വർക്കിയുടെ ആറാം വയസ്സിൽ അച്ഛൻ മരിച്ചു. തുടർന്ന് ആ കുടുംബം അമ്മയുടെ വീടായ *കോട്ടയത്തെ* _പൊൻകുന്നത്തുള്ള_ വാഴേപ്പറമ്പിൽ
വീട്ടിലേക്ക്മാറി. കടുത്ത ദാരിദ്ര്യമനുഭവിച്ച് _വർക്കി_ വളർന്നു.
പള്ളിയും പട്ടക്കാരും ജന്മിമാരും പാവപ്പെട്ടവരെ ദ്രോഹിക്കുന്നത്കണ്ട് അമർഷംകൊണ്ടു.
കഠിനാധ്വാനം കൊണ്ടാണ് വർക്കി മലയാളം വിദ്വാൻ പരീക്ഷ ജയിച്ചത്. തുടർന്ന് പൊൻകുന്നത്ത് ഒരു കത്തോലിക്കാ സ്കൂളിൽ അധ്യാപകനായി.
പക്ഷേ പള്ളിമേധാവികളുമായി യോജിക്കാനാവാതെ
ആ ജോലിയുപേക്ഷിച്ചു.
താമസിയാതെ _പാമ്പാടി_ സർക്കാർ സ്കൂളിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലും
സ്വാതന്ത്ര്യസമരത്തിലും സജീവമായതോടെ ആ ജോലിയും ഉപേക്ഷിച്ചു.
1939 ൽ പ്രസിദ്ധീകരിച്ച *തിരുമുൽക്കാഴ്ച* എന്ന ഗദ്യ കവിതയുമായാണ് _പൊൻകുന്നം വർക്കി_ സാഹിത്യരംഗത്ത് പ്രവേശിച്ചത്. അക്കാലത്ത് പ്രചാരത്തിലുള്ള സാഹിത്യരൂപമായിരുന്നു കാവ്യാത്മക ഗദ്യത്തിലുള്ള ഗദ്യകവിത.
_മദ്രാസ് സർവ്വകലാശാലയുടെ_ സമ്മാനവും _തിരുമുൽക്കാഴ്ചയ്ക്ക്_ ലഭിച്ചു.
കഥയായിരുന്നു വർക്കിയുടെ വഴി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെയും സാമൂഹിക ചരിത്രത്തിലെയും ഏറ്റവും സമര തീക്ഷ്ണമായ ദശകങ്ങളിൽ എഴുതപ്പെട്ട ആ കഥകൾ യാഥാസ്ഥിതികവും കാവ്യകേന്ദ്രിതവുമായ സാഹിത്യ പാരമ്പര്യത്തെ ലംഘിച്ചുകൊണ്ട് റിയലിസിസത്തിന്റെ സന്ദേശങ്ങൾ മലയാളത്തിലേക്ക് കൊണ്ടുവന്നു.
സമരതീവ്രമായ ഒരു കാലഘട്ടത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ
അവയിലെ യാഥാർത്ഥ്യം മോചനത്തിനായി നിലവിളിക്കുന്ന ഒരു ജനതയുടെ യാഥാർത്ഥ്യങ്ങളുടെ ആവിഷ്ക്കാരമായി.
സാഹിത്യരൂപം എന്ന നിലയിൽ ചെറുകഥ മലയാളത്തിൽ വേരുറച്ചതുതന്നെ _വർക്കി_ *തകഴി, ദേവ്* എന്നിവരുടെ രചനകളിലൂടെയാണ്.മലയാള ചെറുകഥയുടെ സുവർണകാലം എന്ന് വിശേഷിപ്പിക്കാവുന്ന 1930- 50 കാലയളവിലാണ് വർക്കിയുടെ
പ്രധാന കഥകളെല്ലാം രചിക്കപ്പെട്ടത്.
ഇരുണ്ട മുപ്പതുകളിലും അസ്വസ്ഥമായ നാല്പതുകളിലും കേരളം
കടന്നുപോന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികൾ വർക്കിയുടെ കഥകളിൽ ആവിഷ്ക്കരിക്കപ്പെടുന്നു.
ഭരണകൂടത്തിന്റെ സർവ്വാധിപത്യസ്വഭാവവും
സാമൂഹികാനീതികളും
സാമ്പത്തികാസമത്വവും പട്ടിണിയും നിറഞ്ഞുനിന്ന ഈ കാലത്തെ കേരളത്തിന്റെ സാമൂഹികചരിത്രത്തെ
ഈ കഥകളിൽ നിന്ന് ഒഴിവാക്കാനാവില്ല.
ലാവണ്യസവിശേഷതകളെക്കാൾ രാഷ്ട്രീയദർശനത്തിന്
ഊന്നൽ നല്കിക്കൊണ്ടാണ് വർക്കി എഴുതിയത്.
സാമൂഹികവും മതപരവും രാഷ്ടീയവുമായ എല്ലാ അധികാരസ്ഥാപനങ്ങൾക്ക് മെതിരെയുള്ള തുറന്ന കലാപമായിരുന്നു _വർക്കിക്ക്_ കഥാ രചന.
തന്റെ തലമുറയിലെ മറ്റ് കഥാകൃത്തുക്കളെക്കാൾ റിയലിസ്റ്റ് സാഹിത്യത്തിന് രാഷ്ട്രീയസ്വഭാവം നല്കിയത് അദ്ദേഹത്തിന്റെ കഥകളായിരുന്നു.
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യപൂർവ്വദശകങ്ങളിലെ
സാമൂഹിക ജീവിതമാണ് _പൊൻകുന്നം വർക്കിയുടെ_ മിക്ക കഥകളുടേയും പശ്ചാത്തലം.
സർവ്വാധിപത്യമായ
ദിവാൻഭരണവും ഉദ്യോഗസ്ഥ മേധാവിത്വവും മതപൗരോഹിത്യവും മേൽക്കോയ്മ പുലർത്തിയതായിരുന്നു തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യപൂർവ്വകാലം.
വർക്കി വസിച്ചിരുന്ന പൊൻകുന്നം ഗ്രാമം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ
ക്രിസ്തുമത പൗരോഹിത്യത്തിന്റെ ദുഷ്പ്രഭുത്വവും ജന്മിത്തവും കൊടികുത്തി വാണിരുന്നു.
പട്ടിണിക്കാരായ ദരിദ്രകർഷകർ നിറഞ്ഞ സമൂഹത്തെ മതവും അധികാരവും ഒന്നു പോലെ ദ്രോഹിക്കുന്നതിന്റെയും ദേശീയ സ്വാതന്ത്ര്യത്തിനും തിരുവിതാംകൂറിൽ സ്വയംഭരണത്തിനും വേണ്ടിയുള്ള സമരങ്ങളെയും ഭരണകൂടം നിർദ്ദയം അടിച്ചമർത്തുന്നതിന്റെയും കാഴ്ചകൾ വർക്കിയുടെ ഭാവനയെ സമരതീക്ഷ്ണമാക്കി.
കാല്പനികമായ ഗദ്യകവിതകളിൽനിന്ന്
റിയലിസത്തിലേക്ക് അദ്ദേഹത്തിന്റെ ഭാവന പരിവർത്തിച്ചത് ഈ പശ്ചാത്തലത്തിലാണ്.
1930 കളിലും നാല്പതുകളിലും കേരളത്തിൽ ശക്തമായിത്തീർന്ന ഇടതുപക്ഷ രാഷ്ട്രീയവും മാർക്സിയൻ പ്രത്യയശാസ്ത്രവും ഈ ഭാവനാ പരിവർത്തനത്തിൽ വലിയ പങ്ക് വഹിച്ചു.
*മാണിക്യവീണയുമായെൻ* *മനസിന്റെ*
*താമരപ്പൂവിലുണർന്നവളെ*
*കാട്ടൂപൂക്കൾ.*
പ്രശസ്ത നടൻ _മധു_
നൈറ്റ്ഗൗണും ധരിച്ച് സിഗററ്റും പുകച്ച്, അനാഥമന്ദിരത്തിൽ കുരുന്നുകളെ പോറ്റുന്ന _ആനിയെ_ ഉദ്യേശിച്ച് പാടിയ ഗാനം.
1965 ൽ *കെ. തങ്കപ്പൻ* സംവിധാനം ചെയ്ത കുടുംബചിത്രവും വർക്കിയുടെ ഭാവനയിൽ വിടർന്നതാണ്.
_മാത്യൂവിന്റെ_(മധു) അമ്മയുടെ കുത്തുവാക്കുകൾ കേട്ട് മനംനൊന്ത _ആനിയുടെ_ ആത്മഹത്യ നടപടി ക്രൂരമായിപ്പോയി.
മത മേലാളന്മാരോടും കഥകളിലൂടെ വെല്ലുവിളി ഉയർത്താൻ അദ്ദേഹം മടിച്ചില്ല
_വർക്കിയുടെ_ കഥാലോകത്ത് വ്യക്തമായും വേർതിരിച്ചെടുക്കാവുന്ന ചില പ്രമേയധാരകൾ കാണാം.
രാഷ്ട്രീയപ്രവർത്തനവും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അവതരിപ്പിക്കുന്ന കഥകളാണ്
അവയിൽ ഒരു വിഭാഗം.
പട്ടിണിക്കാരായ കർഷകരുടെയും തൊഴിലാളികളുടേയും വേദനാകരമായ ജീവിതസമരമാണ് മറ്റൊരു വിഭാഗം കഥകളിലെ പ്രമേയം.
*ശബ്ദിക്കുന്ന കലപ്പ,* *ഇടിവണ്ടി,
*അച്ഛൻ കൊമ്പത്തേ,*
*ആ വാഴ വെട്ട്,*
*തൊഴിലാളി, റേഷൻ* തുടങ്ങിയ കഥകൾ ഇതിനുദാഹരണമാണ്.
ആദ്യ വിഭാഗത്തിൽപ്പെടുന്ന രാഷ്ട്രീയകഥകളാണ് _വർക്കിയെ_ തടവറയോളമെത്തിച്ചത്.
മൂന്നാമതൊരു വിഭാഗം കഥകളിൽ ക്രൈസ്തവ
പൗരോഹിത്യത്തിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും
പരിഹാസത്തിന്റെ നിശിതമായ വാളിനാൽ അംഗവസ്ത്രങ്ങൾ കീറിക്കളയുകയും ചെയ്യുന്നു.
*പാളേങ്കോടൻ,* *അന്തോണി നീയുമച്ചനായോടാ,*
*കുറ്റസമ്മതം* മുതലായവ
പ്രശസ്ത മാതൃകകളാണ്.
ആ കഥകളിൽ പുലർത്തിയ ധീരമായ മതനിന്ദയുടേയും
പൗരോഹിത്യ വിമർശനത്തിന്റെയും നിലപാടുകളിൽനിന്ന്
ജീവിതത്തിലൊരിക്കലും വർക്കി വ്യതിചലിച്ചിട്ടില്ല'
ഈ വിഭാഗങ്ങളിലൊന്നും പെടാത്ത രചനകളിൽ അന്നത്തെ നിലവാരത്തിൽ തീർച്ചയായും ചീത്ത കഥകൾ തന്നെയായ നിരവധി കഥകളുണ്ട്.
രതിയും പ്രേമവും വഞ്ചനയും വ്യഭിചാരവും പച്ചയായിത്തന്നെ പറഞ്ഞുവച്ച ആ കഥകൾ
തങ്ങളുടെ ലാവണ്യരാഹിത്യത്തിലൂടെ
സമൂഹത്തിന്റെ
അടക്കിപ്പിടിച്ചുവച്ച ആർത്തികളുടേയും സ്വകാര്യങ്ങളുടേയും
തുറന്നുവിടലായിമാറി.
*ട്യൂഷൻ, ആ കത്ത്, ഭാര്യ*, *നെഴ്സ്, പ്രേമം* തുടങ്ങിയ കഥകളിൽ വിലക്കപ്പെട്ട ഒരു ലോകത്തിന്റെ ബഹിർഗമനം കാണാം. യഥാതഥ സാഹിത്യം സ്വതന്ത്രമാക്കിയ ആ വൈകാരികലോകം പിൽക്കാല കഥയ്ക്ക് സ്വയം നവീകരിക്കാനും വ്യക്തമായ ഗുണപാഠങ്ങൾ ആർജ്ജിക്കാനും വഴിയൊരുക്കുകകൂടി ചെയ്തു.
മലയാളത്തിലെ ഏറ്റവും വിലപ്പെട്ട ചെറുകഥകളിലൊന്നായി വിലയിരുത്തപ്പെടുന്ന രചനകളിലൊന്നാണ് *ശബ്ദിക്കുന്ന കലപ്പ*
മനുഷ്യനും മൃഗവും തമ്മിലുള്ള
ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ധർമ്മസങ്കടങ്ങളും കർഷക ജീവിതത്തിന്റെ ദുരിതവും
സ്ത്രീധനം പോലെയുള്ള സാമൂഹികാനീതികളുടെ കെടുതിയും ഈ കഥയിലൂടെ വെളിപ്പെടുത്തുന്നു. കർഷകനായ _ഔസേപ്പിന്റെയും_ _കണ്ണനെന്ന_ കാളയുടേയും
അവസ്ഥകളുടെ സാത്മീകരണമാണ് ഈ കഥയിലെ സാമൂഹികതലം സൃഷ്ടിക്കുന്നത്.
പ്രശസ്ത സംവിധായകൻ
_ശ്രീ ജയരാജ്_ ഈ കഥയെ ഫിലിമിലാക്കിയുണ്ട്.
മകളുടെ വിവാഹം നടത്തുന്നതിനാണ് മകനെക്കാളുപരി സ്നേഹിച്ച കണ്ണനെ വില്ക്കുന്നത്.
ചന്തയിൽ സാധനങ്ങൾ വാങ്ങാൻപോയ ഔസേപ്പ് അറവുശാലയിൽ കണ്ണനെ കാണുന്നതും മടിക്കെട്ടിൽ ഉണ്ടായിരുന്ന കണ്ണനെ വിറ്റുകിട്ടിയ തുക തിരികെക്കൊടുത്ത് കാളയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും ജന്തു സ്നേഹത്തിന് മാതൃകയാണെങ്കിലും മകളുടെ കെട്ട് മുടങ്ങിയതിലെ മാനവധർമ്മം മറന്നതിലെ സ്വയംനിന്ദ കഥാകാരൻ വെളിവാക്കുന്നില്ല.
*മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനെ...*
*ഓ മുക്കുവനേ...*
*മുന്നാഴി മുത്ത് കടം തരുമോ?.*
*കടം തരൂമോ??.*
1951 ൽ *നവലോകം* എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചുകൊണ്ടായിരുന്നു വർക്കിയുടെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്
സ്ത്രീ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത
"കുറുപ്പ് കൊച്ചങ്ങുന്നിന്റെ" കഥയായിരുന്നു _നവലോകം_.
തുടർന്ന്
*ടിഇ വാസുദേവൻ* നിർമ്മിച്ച *ആശാദീപം*
*സ്നേഹസീമ* _ഉദയായുടെ_ *കടലമ്മ* നീലായുടെ
*അൾത്താര* വിജയശ്രീ അവസാനമഭിനയിച്ച *വണ്ടിക്കാരി*
അദ്ദേഹം നിർമ്മിച്ച *ചലനം, മകം പിറന്ന മങ്ക*
മുതലായ ചിത്രങ്ങൾക്ക് രചന നടത്തുകയുണ്ടായി.
2004 ൽ വർക്കിയുടെ വിയോഗത്തിന് ഏതാനം മാസങ്ങൾക്ക് മുമ്പാണ്
നടൻ _മമ്മൂട്ടി_ അദ്ദേഹവുമായി പത്രങ്ങളിലൂടെ വാഗ്വാദങ്ങൾ ഉണ്ടാക്കിയിരുന്നത്. ഉത്തമമായ
സാഹിത്യസൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല എന്നൊരു അഭിപ്രായം _മമ്മൂട്ടിയിൽ_ നിന്നുണ്ടായി. ഏറ്റു പിടിക്കാൻ കുറെപ്പേരും.
*എഴുത്തച്ഛൻ* പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ച വർക്കിയെ നേരിൽ കാണാൻ മമ്മൂട്ടി പാമ്പാടിയിലെ വസതിയിലെത്തിയിരുന്നു.
*എന്റെ വഴിത്തിരിവ്* എന്ന ആത്മകഥ ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
_കോട്ടയത്ത്_
*നാഷണൽ ബുക്ക് സ്റ്റാൾ* സ്ഥാപനത്തിന് *ഡിസി* യോടൊപ്പം വർക്കിയുമുണ്ടായിരുന്നു.
_സാഹിത്യ അക്കാഡമി_, _സാഹിത്യ പ്രവർത്തക സഹകരണ സംഘം_ അധ്യക്ഷ പദവികൾ വഹിച്ചിരുന്നു.
120 ലധികം ചെറുകഥകളാണ്
അദ്ദേഹത്തിന്റെ പേരിലുള്ളത്.
അദ്ദേഹത്തിന്റെ വിയോഗത്തിന് പതിനാറാണ്ടാകുന്നു ഇന്ന്.
വായനക്കാരെ അത്ഭുത പരതന്ത്രരാക്കുന്ന കഥകളിലൂടെയല്ലാതെ ദുരന്തപൂർണമായ സാഹചര്യങ്ങൾ സന്നിവേശിപ്പിക്കാൻ കരുത്തുകാട്ടിയ രചയിതാവ് നീതിയും നെറിയും പുലർത്താത്തവരെ നിഷേധസ്വരത്തിന്റെ കാഹളം മുഴക്കി പേടിപ്പെടുത്തിയിരുന്നു. അനശ്വര കഥാകാരന് പ്രണാമം.
*പാതിരാപ്പൂവൊന്നു കൺതുറക്കാൻ*
*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309
Comments
Post a Comment