May_27_1979/ P കുഞ്ഞിരാമൻ നായർ സർ

*ആണ്ടലോണ്ടേ നേരേ കണ്ണിലു*
*ചന്തിരന്റെ പുലാലാണേ*
*കണ്ട പാടേ നാണം കൊണ്ടേ  ഓ...*

*ആരോമലാമ്പല മൊട്ടിന് പൂന്തേനിറ്റാ*
*നല്ലി വിരിഞ്ഞേ ഓ ഓ ഓ*

*കാവാലത്തിന്റെ* വരികളാണ്.
2012 ജൂലൈയിൽ പുറത്തിറങ്ങിയ 
*ഇവൻ മേഘരൂപൻ* എന്ന ചിത്രത്തിലെ 
ശ്രീമതി "രമ്യാ നമ്പീശൻ" പാടിയ നാടൻ ഗാനത്തിന് കവിയുടെ കാല്പാടുകളുടെ ചാരുത. 
*പിയുടെ* 30 വയസ് മുതലുള്ള ജീവിതം തൊട്ട് മരണം വരെയുള്ള യാത്രയാണ് സിനിമയിൽ നിറയുന്നത്.
പ്രണയവും വിവാഹവും രതിയും കവിതയെഴുത്തും 
പുസ്തകം പ്രസിദ്ധീകരിക്കലും
അക്കാഡമി അവാർഡ് നേടലുമൊക്കെയായി നീങ്ങുന്ന കവിയുടെ ജിവിതത്തിലെ ചെറു സ്പന്ദനങ്ങൾ ഓരോരുത്തരിലും നിറയ്ക്കുകയാണ് ഈ ചിത്രം.

മഹാകവി 
*പി കുഞ്ഞിരാമൻനായരുടെ*
ജീവിതത്തിലേക്കിറങ്ങി ജീവിതാനുഭവങ്ങളെ അതുപോലെ പകർത്തുകയായിരുന്നില്ലായെന്ന്  തിരക്കഥാകൃത്തും സംവിധായകനുമായ 
ശ്രീ _പി ബാലചന്ദ്രൻ_ പറയുന്നുണ്ടെങ്കിലും പി എന്ന കവിയുടെ ജീവിതം അതിന്റെ സംഘർഷങ്ങൾ 
കെ.പി. മാധവൻനായർ എന്ന കവിയിലൂടെ അതു പോലെ പകർത്തുകയാണിവിടെ.
പ്രകൃതിയിലൂടെ നടന്നു നീങ്ങുന്ന കവി മാമ്പൂവിനെയും മഞ്ഞിനെയും മലയേയും പുൽനാമ്പുകളെയും അളവറ്റ് സ്നേഹിക്കുന്നതിലൂടെയാണ് ദൃശ്യങ്ങൾ വളരുന്നത്.

 

കവി കളിയച്ഛനായ കഥയുടെ ആദ്യ രൂപം മലയാള 
ചലച്ചിത്രലോകത്ത് സിനിമയാക്കാൻ രചയിതാവും നടനുമായ ശ്രീ 
_പി ബാലചന്ദ്രന്_ അനായാസം കഴിഞ്ഞു. കവിയായി വേഷമിട്ടത്  നിർമ്മാതാവും നടനുമായ
 ശ്രീ _പ്രകാശ്ബാരെയായിരുന്നു_


നാടോടിയായ കവി _തിരുവനന്തപുരത്തെ_ _തമ്പാനൂരിലെ_ പ്രസിദ്ധമായ 
*സിപി സത്രത്തിലെ* പതിനാലാം നമ്പർ മുറിയിൽ കവിത രചിക്കലിന് വിരാമമിട്ടതിന്റെ ഓർമ്മ പുതുക്കാൻ ഇതാ ഒരു 
മെയ് 27 കൂടി.
 മലയാളത്തിന്റെ നിത്യകാമുകനായ മഹാകവി *പി കുഞ്ഞിരാമൻനായരുടെ* പാദമുദ്രകൾ വസുന്ധരയിൽ നിന്ന് മറഞ്ഞിട്ട് 41 വർഷം തികയുന്നു. 


അര നൂറ്റാണ്ട് മുമ്പ് ഡൽഹിയിലെ വിജ്ഞാൻഭവനിൽ താമരത്തോണി എന്ന കൃതിക്ക് ലഭിച്ച അക്കാദമി പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ കവിക്ക് പതിനായിരം രൂപയുടെ ചെക്ക് സമ്മാനിക്കുമ്പോൾ രസീതിൽ മലയാളത്തിൽ കൈയൊപ്പിട്ടപ്പോൾ അക്കാദമി ജീവനക്കാർ ഇംഗ്ലീഷിൽത്തന്നെ ഒപ്പു വേണമെന്ന് കവിയോടഭ്യർത്ഥിച്ചു.
ഉടനെ കവിയുടെ രൂപവും ഭാവവും മാറി.
കയ്യിലിരുന്ന ചെക്കടങ്ങിയ കവർ ജീവനക്കാരന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിത്തെറിച്ചു. മലയാളത്തിൽ തെറി 
വിളിച്ചുകൊണ്ട് ഉറഞ്ഞു തുള്ളാൻ തുടങ്ങി.
""ഈ അക്ഷരം കൊണ്ടാണ് ഞാനിവിടെയെത്തിയത്.
മലയാളത്തിലാണ് എന്റെ കയ്യൊപ്പ്. ഇതു വേണ്ടെങ്കിൽ ഈ സർക്കാർ നക്കാപ്പിച്ച എനിക്കാവശ്യമില്ല.""
അന്ന് കൂടെയുണ്ടായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ *മാധവൻകുട്ടിയും* ഇയ്യങ്കോട് ശ്രീധരനും മറ്റുള്ളവരും ചേർന്ന് കവിയോട് കേണുവീണപേക്ഷിച്ചു സമാധാനിപ്പിച്ചു.
പിറ്റെ ദിവസം രാവിലെ അക്കാദമി സെക്രട്ടറി ക്ഷമാപണം പറഞ്ഞ് മഹാകവിയുടെ മലയാളത്തിലുള്ള ഒപ്പ്  ചെക്കിൽ വാങ്ങിയപ്പോൾ പാരിതോഷികം സ്വീകരിച്ചു.



കേരളിയതയുടെ കവിയാണ് 
പി. കവിതയും ഗദ്യവുമായി ഏതാണ്ട് 80 ൽ പരം കൃതികൾ രചിച്ച അദ്ദേഹം മലയാള കവിതയിലെ  ഏകാന്തപഥികനായിരുന്നു.
കേരളീയതയുടെ ആഴങ്ങൾ തേടുകയും സൗന്ദര്യത്തിന്റെ നിത്യകന്യകയെ ആരാഞ്ഞലഞ്ഞ് നിത്യസഞ്ചാരിയാവുകയും ചെയ്ത 
*കുഞ്ഞുരാമൻനായർക്ക്* ഇരുപതാംനൂറ്റാണ്ടിലെ മലയാള കവിതയിൽ സുപ്രധാനമായ ഇടമുണ്ട്.
കേരളീയ ഭൂപ്രകൃതിയോടുള്ള ഗാഢാനുരാഗവും ഭൂതകാലാരഗ്നയും ദേശീയതയും ഭക്തിയും ഏകാന്തതയും പ്രണയവും വിഷാദവുമെല്ലാം സമൃദ്ധമായി നിറഞ്ഞതായിരുന്നു ആ കാവ്യലോകം. *വൈലോപ്പിള്ളി ഇടശ്ശേരി* എന്നിവർക്കൊപ്പം മലയാള കാല്പനിക കവിതയിൽ പരിവർത്തനം വരുത്തുന്നതിൽ *പിയും* മഹത്തായ പങ്ക് വഹിച്ചു.



"കാസർകോടിനടുത്തുള്ള* *കാഞ്ഞങ്ങാട്* വെള്ളിക്കോത്ത് പനയന്തട്ട തറവാട്ടിൽ 1906 ഒക്ടോബറിൽ  *പി*. ജനിച്ചു.
പുറവങ്കര കുഞ്ഞമ്പുനായരും കുഞ്ഞമ്മയമ്മയുമാണ് മാതാപിതാക്കൾ. അഞ്ചു വയസ്സാകുന്നതിന് മുമ്പുതന്നെ കുഞ്ഞിരാമനെ സ്കൂളിൽ ചേർത്തു. നാട്ടെഴുത്തച്ഛന്മാരാണ് പഠിപ്പിച്ചിരുന്നത്. തുടർന്ന് വെള്ളിക്കോത്ത് സർക്കാർ ഗ്രാന്റ് സ്കൂളിൽ ചേർത്തു.
അച്ഛൻ സംസ്കൃത പണ്ഡിതനായിരുന്നു.
അമ്മ കീർത്തനങ്ങൾ ധാരാളം രചിച്ചിട്ടുണ്ട്.




അതുകൊണ്ട് തന്നെ മകൻ സംസ്കൃതം പഠിക്കട്ടെ  എന്നായിരുന്നു പിതാവിന്റെ തീരുമാനം
*പട്ടാമ്പിയിൽ* പുന്നശേരി നമ്പി നീലകണ്ഠശർമ്മയായിരുന്നു ആദ്യ ഗുരു.അവിടെയായിരുന്നു 
പിയുടെ  ആദ്യ കവിത ജനിക്കുന്നത്. പതിനാലാം വയസ്സിൽ രചിച്ച *പ്രകൃതിഗീതം* എന്ന കവിത ഒരു സുഹൃത്ത് കണ്ടെടുത്ത് മാസികയിൽ പ്രസിദ്ധീകരിച്ചു.



*നേടിയാപ്പാട്ടിന്റെ പട്ടടയാകുമീ-*
*ക്കൂടിന്റെ ചുറ്റഴി വേർപെടുത്തി*
*പാട്ടിലലിഞ്ഞലിഞ്ഞേകാന്ത ശാന്തമാം* 
*കാട്ടിൻ മടിയിൽക്കിടന്നു ചാവാൻ!*

നമ്മൾ പത്താം പാഠപുസ്തകത്തിൽ പഠിച്ച *പിയുടെ* പ്രസിദ്ധമായ *താമരത്തോണി* എന്ന കവിതാസമാഹാരത്തിൽ നിന്നെടുത്ത 
*കാടിന്റെ മടിയിൽ* എന്ന തലക്കെട്ടോടുകൂടിയുള്ള  പാഠ ഭാഗത്തിലെ അവസാന ഭാഗമാണ് മേലുദ്ധരിച്ചത്.



കേരളീയവും ഭാരതീയവുമായ പൂർവ്വകാല സംസ്കാരത്തിൽ തികഞ്ഞ അഭിമാനാദരങ്ങൾ, ആധുനിക ജീവിതത്തിലെ കൃത്രിമ പരിഷ്ക്കാരപകിട്ടുകളോട് കടുത്ത അവജ്ഞാവമാനങ്ങൾ ഇവയാണ് കവിതയിലെ മുഖ്യമായ അന്തർധാരകൾ.



വർത്തമാനകാലത്ത് വിദ്യാർത്ഥികൾ പഠിക്കുന്ന പത്താം പാഠ പുസ്തകത്തിലും താമരത്തോണിയിൽ നിന്നടർത്തിയ ഒരു പാഠമുണ്ട്
*വിവേകാനന്ദപ്പാറയിൽ*

ആ പാഠഭാഗത്തിൽ കവി  യോഗീന്ദ്രനായ വിവേകാനന്ദതെ സ്മരിക്കുന്നത് ഇപ്രകാരമാണ്.

*ഓർക്കുവിൻ* *സൂരോദയത്തോടൊപ്പമനശ്വര*
*സംസ്കാരത്തിടമ്പിനെ ജീവിത നേതാവിനെ*
*ഈ വീരയുവാവിനെ ക്ഷണിക്കൂ സമുന്നത*
*ജീവിതസൗധശിലാസ്ഥാപനത്തിന് നിങ്ങൾ!*
വിവേകാനന്ദസ്വാമിയോടുള്ള അടങ്ങാത്ത ആദരവും ബഹുമാനവുമാണ് ഇവിടെ തിളങ്ങുന്നത്.
കവിയുടേയും നരേന്ദ്രന്റെയും ജീവിതചക്രത്തിലെ സാമ്യങ്ങളാണ് ഇത്തരത്തിലേക്ക് ഉരുത്തിരയാൻ കാരണം.



കവിതയെഴുത്തിൽ ശ്രദ്ധാലുവായ *പി* പഠനം ഉഴപ്പി.
മാത്രമല്ല വട്ടോളി കുഞ്ഞിലക്ഷ്മി എന്ന പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. അച്ഛനോട് പ്രണയം തുറന്നു പറയാൻ ധൈര്യം കാട്ടാതെ പരീക്ഷയ്ക്ക് പണമടയ്ക്കാതെ  *പി* *പട്ടാമ്പി* വിട്ടു. 
വീട്ടുകാർ അദ്ദേഹത്തെ *തഞ്ചാവൂരിലേയ്ക്ക്* സംസ്കൃത പഠനത്തിന് വീണ്ടും പറഞ്ഞു വിട്ടു. മൂന്നു വർഷത്തെ വിദ്യാപീഠത്തിലെ പഠനം മുഴുമിക്കാതെ പി നാട്ടിലെത്തി.
അനന്തിരവൾ ജാനകിയെ പരിണയിക്കാൻ പിതാവ് പ്രേരണയും പണവും നല്കിയെങ്കിലും ആജ്ഞ ധിക്കരിച്ച് പട്ടാമ്പിയിലെ കുഞ്ഞുലക്ഷ്മിയെ വേട്ടു.
തുടർന്നായിരുന്നു കവിയുടെ ദേശാടനം തുടങ്ങുന്നത്.
_കണ്ണൂർ കോഴിക്കോട് തൃശൂർ_ എന്നിവിടങ്ങളിലെ പല പ്രസാധകർക്കും പുസ്തകമെഴുതിക്കൊടുത്തു ജീവിക്കുകയായിരുന്നു കവി.
തുടർന്ന് തൃശൂരിലെ ഭാരതവിലാസം പ്രസ്സിൽ കുറെ നാൾ ജോലി ചെയ്തു.
*ഒലവക്കോട്ടെ*
 "ശബരി ആശ്രമത്തിലും" കുറച്ചു നാൾ ഉണ്ടായിരുന്നു.
പിന്നീട് കണ്ണൂരിലെത്തി *നവജീവൻ* എന്ന പ്രതിപക്ഷ പത്രം തുടങ്ങി.
സ്വാതന്ത്ര്യസമരകാലമായിരുന്നു അത്.
ദേശീയ ബോധം ജ്വലിച്ചു നില്ക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം നവജീവനിലെഴുതി.
ദേശാടനം നടത്തി നാടോടിയായി സാഹിത്യരചനയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന *കുഞ്ഞിരാമൻനായർ*
ഒരിക്കൽ *തിരുവില്വാമലയിലെത്തി.*
അവിടെ കണ്ടു പരിചയപ്പെട്ട കാർത്ത്യായനിയമ്മയെ വിവാഹം കഴിച്ചു.
നിളാ തീരത്തെ ഈ വാസകാലത്താണ് പ്രകൃതിയെ പ്രണയിക്കാൻ കവി നിയുക്തനായത്. പ്രകൃതിയെ പ്രണയിച്ച് വസുന്ധരയുടെ സൗന്ദര്യം മുഴുവൻ ്് കോരിക്കുടിച്ചൂ. 
പുഴകളുടെയും 
 കുന്നുകളുടെയേയും നിളയുടെ ഭ്രഷ്ടകാമുകനായി സ്വപ്നം കണ്ടു..
ഒരു കുഞ്ഞുണ്ടായപ്പോൾ കാർത്ത്യായനിയമ്മയെ പരിത്യജിച്ച് വീണ്ടും ദേശാടനത്തിറങ്ങി.
*ഗുരുവായൂരമ്പലനടയിൽ* ഒരു നാൾ പശ്ചാത്താപ വിവശനായി തൊഴുത് നില്ക്കുമ്പോൾ  അച്ഛനമ്മമാരെ ഓർത്ത് കൈക്കലുണ്ടായിരുന്ന തുക ഭണ്ഡാരത്തിൽ നിക്ഷേപിച്ചു.
അക്കാലത്ത് അദ്ദേഹം ഭക്തിപ്രധാനമായ അനേകം കൃതികൾ രചിച്ചു.
"അനന്തൻ കാട്ടിൽ", "ഭദ്രദീപം","താമരമാല"," നിറമാല" മുതലായവയാണ് അക്കാലത്തെ രചനകൾ.



ഇതിനിടയിൽ _കണ്ണൂരിലെ_ *കൂടാളി* എന്ന സ്ഥലത്ത് അധ്യാപകനായി നിയമനം ലഭിക്കുകയും ആദ്യഭാര്യയും കുട്ടികളുമായും അവിടെ സ്ഥിരതാമസമാവുകയും ചെയ്തു. അധ്വാപകനായിരിക്കുമ്പോൾ
*മദ്രാസ് സർവ്വകലാശാലയുടെ* വിദ്വാൻ പരീക്ഷ _കുഞ്ഞിരാമൻനായർ_ എഴുതി. 
എഴുത്തച്ഛനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മാത്രം 40 പേജിൽ ഉത്തരമെഴുതി.
മറ്റൊരു ചോദ്യത്തിനും ഉത്തരമെഴുതാതെ കവി പരിക്ഷയിൽ തോറ്റു.



1949 ൽ *നീലേശ്വരത്ത്* നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ _കുഞ്ഞിരാമൻനായർക്ക്_
_നീലേശ്വരം രാജാവ്_ *ഭക്തകവി* എന്ന ബഹുമതി നല്കി.
ഇതിനിടയിൽ പിതാവും രണ്ടാം ഭാര്യയും യാത്രയായി. പിതാവിന്റെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്കായി ചിതാഭസ്മവുമായി ഉത്തരേന്ത്യയിലെ പുണ്യതീർത്ഥങ്ങൾ തേടിയലഞ്ഞു.
12 വർഷത്തെ കൂടാളി വാസത്തിനു ശേഷമാണ് *പാലക്കാട്‌* _കൊല്ലങ്കോട്ടെ_ *രാജാസ്‌ ഹൈസ്കൂളിലെത്തുന്നത്*.
ഇവിടെ അത്യാപകനായിരിക്കുമ്പോഴാണ് 1967 ൽ *കൊച്ചി* _പരീക്ഷിത്ത്തമ്പുരാനിൽ_ നിന്നും *സാഹിത്യ നിപുണ*
സ്ഥാനം ലഭിക്കുന്നത്.
1967 ൽ ഷഷ്ഠ്യാബ്ധപൂർത്തിയാഘോഷം _കൊല്ലങ്കോടാണ്_ നടന്നത്.
1959 ൽ *കളിയച്ഛൻ* എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം.
1968 ൽ *താമരത്തോണിക്ക്* കേന്ദ്ര അക്കാദമി പുരസ്ക്കാരം.



1978 ൽ *തിരുവനന്തപുരം* സന്ദർശനം യാദൃശ്ചികം മാത്രമായിരുന്നു.
സ്ഥിരം തങ്ങാറുള്ള 
സത്രമുറിയിൽ ഉറങ്ങുമ്പോഴായിരുന്നു  കവിഹൃദയം ചേതനയറ്റ് നിശ്ചലമായത്.
കവിയുടെ ദേഹം അത്യാദരവ് നിറഞ്ഞ യാത്രയായാണ് കാമുകിയായ *നിളയ്ക്ക്* പുണരാൻ കൈമാറിയത്.



നിസംഗതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
എഴുതിയ കവിതകൾ എത്രയെന്നോ, പകർപ്പവകാശം ആർക്കെന്നോ, ഏതൊക്കെ പ്രസാധകന്മാർ പണം തരാനുണ്ടെന്നോ ഒന്നും ഓർത്തു വയ്ക്കാത്ത ആളായിരുന്നു മഹാകവി .



ജുബ്ബയുടെ രണ്ടു പോക്കറ്റുകളിൽ മിഠായിയും മധുര പലഹാരങ്ങളും കവിതകളുമായി ഒരവധൂതനെപ്പോലെ നാടുകൾ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു കവി. മാതൃഭൂമി വാരികയിൽ ഭാര്യ കുഞ്ഞിലക്ഷ്മിയുടെ പേരിൽ ലേഖനങ്ങളും എഴുതിയിരുന്നു. വിവാഹ ബന്ധങ്ങൾ എത്രയാണെന്ന് കവിക്ക് ഒരു തിട്ടവുമില്ല.
വീട്ടിൽ നിന്ന് ദേശാടനത്തിന് പോയി തിരികെയെത്തുമ്പോൾ കവിക്കൊപ്പം ഒരു കന്യയുമുണ്ടാകും.
അംഗനമാരുടെ സൗന്ദര്യത്തിൽ മയങ്ങി വീണ മറ്റൊരു കവി മലയാളത്തിലുണ്ടോ എന്ന് സംശയം.?
സുന്ദരികളായ സ്ത്രീകൾക്ക് കവി ഉറ്റ തോഴനായിരുന്നു



മലയാള സാഹിത്യത്തിൽ ഒറ്റയാനായ കവി അത് *പി* മാത്രം. ജീവിതം ഒരു കടങ്കഥ പോലെ 
പിന്തിരിപ്പൻകവിയെന്നും 
ബൂർഷ്വാകവിയെന്നും വിളിച്ചാക്ഷേപിച്ചു. പലരും.
മലയാളത്തിൽ ആഴത്തിൽ വേരൂകളാഴ്ത്തി ആകാശ നീലിമയിലേക്ക് പടർന്ന് അപൂർവ്വാനുഭൂതി പകർന്ന് നില്ക്കുന്ന മഹാ ബോധിവൃക്ഷമായ് *പി* നില്ക്കുന്നു.


*കവിയുടെ കാല്പാടുകൾ* എന്ന ഗദ്യവും പദ്യവും കലർന്ന ആത്മകഥ മാത്രമല്ല കവിയുടെ സ്മരണകൾ നിറയുന്ന പുസ്തകം!.
*എന്നെ തിരയുന്ന ഞാൻ,* 
*നിത്യകന്യകയെത്തേടി*
*കളിയച്ഛൻ* എന്നിവയലിലെല്ലാം സ്വന്തമനുഭവങ്ങൾ തുടിക്കുന്നുണ്ട്.



ഇന്നലെ *മാതൃഭൂമിയിൽ* വന്ന _എസ്സ് രമേശൻനായരുടെ_
ചെറിയ ലേഖനത്തിലും 
കവിമാഷിന് ജ്ഞാനസ്വരൂപിണി അനുഗ്രഹം ചൊരിഞ്ഞ  നിമിഷങ്ങൾ കാവ്യരൂപത്തിൽ കാണാം.



*കൊല്ലങ്കോടാണ്* കവിക്ക് ആരാധനയും പ്രാർത്ഥനയും പൂജയുമെല്ലാം ഇന്നും 
കൊല്ലംതോറും രണ്ടു തവണ നടന്നു വരുന്നത്.
താമരത്തോണി ചിലമ്പൊലി മുതലായ കവിതകളിലെ ചില ഭാഗങ്ങൾ പാഠ പുസ്തകത്തിൽ പഠിച്ചത്കൊണ്ട് ഇന്നു വരെ ഒരു പഠിതാവും *പിയെ* അടുത്തറിയുന്നില്ല.
ആരും ശ്രമിക്കുന്നുമില്ല.
അദ്ദേഹം അവസാനമുറങ്ങിയ സത്രമുറി  റെയിൽവേ ജീവനക്കാർ നിഷ്ക്കരുണം യന്ത്രങ്ങളാൽ  മാന്തിക്കുഴിച്ചപ്പോൾ ഒരു 
കാവ്യസ്നേഹിയും അത് തകർക്കരുതേ എന്ന് മുറവിളിച്ചില്ല.


*" ഭാസുരഭാവിക്ക് രാഹുവാണീ ഭക്തിഭാവം*
*തളിക്കാത്തൊരുന്മത്ത ഗൗരവം."*
*"ദേശീക ശാപത്തിൽ നട്ട കളിപ്പന്ത*
*ലോരോന്നുമോരോ നരക ദുർഗങ്ങളും"*


ഇങ്ങിനെയായിരിക്കുമെന്ന് മഹാകവി കണ്ടിരിക്കാം.



*കെ.ബി. ഷാജി. നെടുമങ്ങാട്*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ