June_12_1997/ Mihirsen

2011 ജൂലൈയിലാണ് പ്രശസ്ത സംവിധായകൻ 
ശ്രീ _ബ്ലസ്സി_ _അനുപംഖേർ_ എന്ന ഹിന്ദിനടനെ നായകനായും  _മോഹൻലാൽ_, _ജയപ്രദ_  
മുതലായവരെ ഉൾപ്പെടുത്തിയും *പ്രണയം*
എന്ന ചിത്രമൊരുക്കിയത്.
_തമിഴ്നാട്ടിലെ_
_രാമേശ്വരത്തിനടുത്ത_
*ധനുഷ്കോടി* യിലെ
കടൽക്കരയിലാണ്
 പ്രധാനരംഗങ്ങൾ ചിത്രീകരിച്ചത്.
മോഹൻലാൽ അഭിനയിച്ച ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യൂന്നതിനിടയിലാണ്  നാട്ടിലുള്ള അദ്ദേഹത്തിന്റെ വീടുകളിൽ സർക്കാർ പരിശോധന നടത്തിയത്.
ഷൂട്ടിംഗ് അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് പോകാമെന്ന് സംവിധായകൻ തീരുമാനിച്ചുങ്കിലും ലാൽ വഴങ്ങിയില്ല. ചിത്രീകരണം തടസ്സമില്ലാതെ തുടരട്ടെ എന്നാണഭിപ്രായപ്പെട്ടത്.

1989 ൽ _പ്രിയദർശൻ_ *വന്ദനം* എന്ന ചിത്രമെടുത്തയുടനെ _ലാൽ, ഗിരിജ_ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
*ധനുഷ്കോടി* 
എന്നൊരു ചിത്രം അനൗൺസ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ കടലാസ് പണിപോലും തുടങ്ങാതെ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു.

*കൊച്ചിയിൽ* നിന്നും   _മൂന്നാർ മധുര രാമനാഥപുരം_  _രാമേശ്വരം_വഴി കിഴക്കൻതീരത്ത് അവസാനിക്കുന്ന 
ദേശീയപാതയ്ക്ക് 
*കൊച്ചി - ധനുഷ്കോടി*
പാത എന്നാണ് പേരിട്ടിരിക്കുന്നത്.

*കൊണ്ടുവാ ചാപബാണങ്ങൾ നീ ലക്ഷ്മണ,*
*കണ്ടുകൊണ്ടാലും മമ ശര വിക്രമം.*

രാമായണത്തിൽ *സീതാദേവിയെ* വീണ്ടെടുക്കാൻ ലങ്കയിലേയ്ക്ക് പോകാൻ കടലിലൂടെ വഴിയൊരുക്കാത്ത സമൂദ്രദേവനായ *വരുണനെ* നിഗ്രഹിക്കുവാൻ കുപിതനായ *ശ്രീരാമചന്ദ്രൻ* ധനുസ്സ്(വില്ല്) ഊന്നിയ സ്ഥലമാണ് 
*ധനുഷ്കോടിയായത്*
എന്നൊരു പക്ഷം അഭിപ്രായപ്പെടുന്നു.
അതല്ല വാരിധിയിൽ ചിറകെട്ടാൻ *രാഘവൻ* വില്ലിനാൽ അടയാളപ്പെടുത്തിയ സ്ഥലമെന്നും ഒരു വിഭാഗം.
യുദ്ധത്തിൽ *രാവണനെ* നിഗ്രഹിച്ച് വാനരപ്പടയുമായ്  _പുഷ്പകവിമാനത്തിൽ_ അയോധ്യയിലേയ്ക്ക് മടങ്ങുമ്പോൾ കടലിൽ ഉള്ള സേതുവിന്റെ ലങ്കയിൽ തുടങ്ങുന്ന ഭാഗം   _രഘുവരൻ_ വിമാനത്തിലിരുന്ന് വില്ല്കൊണ്ട് തോണ്ടിമുറിച്ചത്,
രാക്ഷസർ ചിറയിലൂടെ ഇക്കരെ കടക്കാതിരിക്കാനണത്രേ.
1964 ഡിസംബറിൽ ഉണ്ടായ കൊടുങ്കാറ്റിനാലും കടൽത്തിരകളാലും  തീവണ്ടിപ്പാതവരെ ഉണ്ടായിരുന്ന ഈ ചെറുനഗരം നശിച്ച് നാമാവശേഷമായി.
ഇന്നും ജനവാസമില്ലാതെ വിനോദസഞ്ചാരികൾ മാത്രം വരുന്ന സ്ഥലം.
2004 ലെ കടൽക്ഷോഭം ഇങ്ങോട്ട് തിരിഞ്ഞ്നോക്കിയില്ല.
 2016 വരെ _ധനുഷ്കോടിയിലെത്താൻ_ രാമേശ്വരത്ത്നിന്ന്  പകുതി ദൂരത്തോളമേ സുഗമമായ പാതയുണ്ടായിരുന്നുള്ളു.
പകുതിവഴിയിലിറങ്ങി മണൽക്കാടിലൂടെ തദ്ദേശിയർ ഓടിക്കുന്ന പ്രത്യേക വാഹനത്തിൽ സഞ്ചരിക്കണം.
18 കി.മീ ദൂരവ്യത്യാസമാണ് ഈ സ്ഥലങ്ങൾ തമ്മിലുള്ളത്.

ഈ കടൽത്തീരത്താണ് *ശ്രീലങ്കയിലെ*   
ഏറ്റവുംവടക്കുള്ള  പ്രവിശ്യയായ
*തലൈമന്നാറിൽനിന്നും* 
*മിഹിർസെൻ* എന്ന സാഹസികനായ ലോകനേട്ടങ്ങൾ കൊയ്തെടുത്ത നീന്തൽക്കാരൻ  
1966 ഏപ്രിൽ 6 ന്  25 മണിക്കൂറും 36 മിനിട്ടും എടുത്ത് 
*പാക് കടലിടുക്ക്* നീന്തി കരയ്ക്കണഞ്ഞത്.
പഴയ പത്താംക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകത്തിൽ _മിഹിർസെന്നിന്റെ_ അത്ഭുതവിക്രമം
*ഓപ്പറേഷൻ ഇന്ത്യൻ ഓഷൻ* എന്ന പാഠത്തിൽ നമ്മൾ പഠിച്ചതാണ്. ഒരു രാത്രിയും പകലും കടൽ ജീവികളുടെ ആക്രമണത്തെവരെ ഭയക്കാതെ 30 കിമീ താണ്ടിയത്. 
ഇന്ത്യൻ നാവികസേനയുടെ 
2 ചെറുകപ്പലുകൾ  സെന്നിന് സഹായമായി പിന്നിലുണ്ടായിരുന്നു.

1997  ജൂൺ 12 ന് കൊൽക്കൊത്തയിൽ ദുരിതപൂർണ്ണമായ ജീവിതത്തിന് വിരാമമിട്ട ലോകപ്രശസ്തനായ  ഇന്ത്യാക്കാരനായ നീന്തൽക്കാരന്റെ കഥയാണ് ചുവടെ ചേർക്കുന്നത്,
*ഇംഗ്ലീഷ് ചാനൽ* നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യാക്കാരൻ.
ഒരു വർഷത്തിടെ നാല് കടലിടുക്കുകൾ നീന്തിക്കടന്ന് *ഗിന്നസ്സ് ബുക്കിൽ* ഇടം പിടിച്ച അതിസാഹസികൻ.
ഒടുവിൽ സ്മൃതിനാശരോഗം വന്ന് ദീർഘകാലം രോഗശയ്യയിൽ കിടന്ന് മരണത്തിന് കീഴടങ്ങിയ പോരാളി.
അഭിഭാഷകനായിരിക്കെ നീന്തലിനെ പ്രണയിച്ച 
*മിഹിർസെന്നിന്റെ* ജീവിതം ചുരുക്കത്തിൽ ഇങ്ങിനെ വരച്ചുകാട്ടാം.

1930 നവംബർ 16 ന് 
*പശ്ചിമബംഗാളിലെ* _പുരുലിയയിൽ_ 
_രമേഷ് സെൻ ഗുപ്ത_
_ലീലാബതി_ ദമ്പതികളുടെ പുത്രനായി ജനിച്ച 
_മിഹിർസെന്നിന്_ നീന്തൽ ജീവിതാഭിലാഷമായിരുന്നു.
_സെന്നിന്റെ_ അച്ഛൻ ഒരു ഡോക്ടറായിരുന്നുവെങ്കിലും മികച്ച ജീവിതസാഹചര്യങ്ങൾ ആയിരുന്നില്ല സെന്നിന് ബാല്യകാലത്ത് കിട്ടിയത്.
സെന്നിന്റെ മാതാവിന്റെ നിർബന്ധപ്രകാരം കുടുംബം *ഒഡീഷയിലെ* _കട്ടക്കിലേക്ക്_ കുടിയേറി.
പഠനത്തോടൊപ്പം നീന്തൽ പരിശീലനവും നടത്താൻ അവസരം കിട്ടിയ സെൻ അക്കാലത്ത് തന്നെ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
*ഉത്ക്കൽ* സർവ്വകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ബിരുദമെടുത്തു.
നീന്തലിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ പലപ്പോഴും ആഗ്രഹങ്ങൾക്ക് 
വിലങ്ങ്തടിയായി.

ഒഡീഷയിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന 
*ബിജു പട്നായിക്കിന്റെ*
സഹായത്താൽ
1950 കളിൽ *ലണ്ടനിലെത്തിയ* മിഹിർസെൻ 
നിയമപഠനത്തിനൊപ്പം നീന്തലും മുഖ്യലക്ഷ്യമായി കണ്ടു.
പഠനത്തെക്കാൾ നീന്തലിലൂടെ രാജ്യാന്തര പ്രശസ്തിനേടുകയായിരുന്നു ലക്ഷ്യം.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ പോർട്ടറായി പണിയെടുത്ത സെൻ
പഠിക്കാനും നീന്തലിനുമായി പകൽസമയം മാറ്റിവച്ചു.

യൂറോപ്പിലെ രണ്ട് വൻശക്തികളായ *ഫ്രാൻസിനേയും* *ഇംഗ്ലണ്ടിനേയും*  വേർതിരിക്കുന്ന
_ഇംഗ്ലീഷ് ചാനൽ_  നീന്തലുകാരുടെ ഒരു പ്രലോഭനമായിരുന്നു അക്കാലത്ത്. തെംസ് നദി ഈ കടലിലാണ് പതിക്കുന്നത്.
ഇംഗ്ലണ്ടിലെ ഡോയറിൽ നിന്നും ഫ്രാൻസിലെ കാലൈസ് വരെയുള്ള കടലിടുക്കിന് 38.5 കിലോമീറ്ററാണ് ദൈർഘ്യം.
അടിയൊഴുക്കും അതിശൈത്യവും വഴിമുടക്കുന്ന ഇംഗ്ലീഷ് ചാനലിലൂടെയുള്ള നീന്തൽ സാഹസിക പ്രവർത്തിയാണ്.
എന്നാൽ സാഹസികരായ നീന്തൽതാരങ്ങളെ ലഹരിപോലെ പിടികൂടിയ ഈ ദൗത്യത്തിലേക്ക് മിഹിർസെന്നും ആകൃഷ്ടനായി.
പക്ഷേ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഏറെ പണം വേണ്ടിയിരുന്നു.
ബ്രിട്ടനിലെ ഹൈക്കമ്മീഷണറായിരുന്ന 
*വികെ കൃഷ്ണമേനോന്റെ*
സഹായത്തോടെ മിഹിർസെന്നിന് തന്റെ ആഗ്രഹം സഫലമാക്കാനായി.
പ്രധാനമന്തിയായിരുന്ന *ജവഹർലാൽ നെഹ്റുവും* കേന്ദ്രമന്ത്രിയായിരുന്ന *ഹുമയൂൺ കബീറും* ആവശ്യമായ സഹായങ്ങൾ നല്കി.

ഇംഗ്ലീഷ് ചാനൽ അതിസാഹസികർക്കുപോലും എളുപ്പത്തിൽ വഴങ്ങിക്കൊടുക്കുന്ന ഒന്നായിരുന്നില്ല.
മൂന്ന് വർഷത്തിനിടെ നിരവധി തവണ മിഹിർസെന്നിന് ഇംഗ്ലീഷ് ചാനലുമായി പൊരുതേണ്ടിവന്നു.
ഒടുവിൽ 1958 സെപ്തംബർ 27 ന് മിഹിർസെന്നിന് മുന്നിൽ
കടലിടുക്ക്‌ കീഴടങ്ങി.
28 മത്തെ വയസ്സിൽ 14 മണിക്കൂറും 45 മിനിറ്റും നീന്തി മിഹിർസെൻ ഇംഗ്ലീഷ് ചാനൽ മറികടന്നു.
ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനായി മിഹിർസെൻ മാറി.

തന്റെ ജീവിതലക്ഷ്യം
_ഇംഗ്ലീഷ് ചാനലിന്_ കുറുകെ നീന്തിയതിൽ മാത്രം തന്റെ പ്രശസ്തിയൊതുക്കാൻ മിഹിർസെൻ തയ്യാറായില്ല.
കൂടുതൽ സാഹസികതയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അങ്ങിനെയാണ് 1966 ൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ സമുദ്രങ്ങൾ
(1966 ആഗസ്റ്റ് 26
ജിബ്രാൾട്ടർ കടലിടുക്ക്,
1966 സെപ്തംബർ 12 ദാർഡനെല്ലെസ്,
1966 സെപ്തംബർ 21
ബോസ്ഫറസ്,
1966 ഒക്ടോബർ29-30 പനാമാ കനാൽ.) നീന്തി ലോക റിക്കോർഡിട്ടത്.
ഈ അസാമാന്യ പ്രകടനത്തെ 1967 ൽ *പത്മഭൂഷൺ* നല്കി ഇന്ത്യ എതിരേറ്റു.
600 കിലോമീറ്ററിലേറെ ദൂരം സമുദ്രത്തിൽ താണ്ടിയ 
_മിഹിർസെൻ_ നീന്തലിന്റെ ചരിത്രത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തു.

ലണ്ടനിലെ താമസത്തിനിടെ പരിചയപ്പെട്ട *ബെല്ലാ വെംഗാർട്ടൻ* _സെന്നിന്റെ_ ജീവിതസഖിയായി.
*കൊൽക്കത്തയിലെ* _ആലിപ്പുരിൽ_ സ്ഥിരതാമസമാക്കിയ _സെൻ_ അറിയപ്പെടുന്ന അഭിഭാഷകനുമായി.

കൊൽക്കത്തയിൽ സിൽക്ക് വ്യവസായത്തിലും കയറ്റുമതിയിലും തിളങ്ങിനിന്നിരുന്ന മിഹിർസെൻ ഒരു കാലത്ത് ലക്ഷങ്ങൾ സമ്പാദിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം അദ്ദേഹത്തെ തളർത്തി.
1978 ലെ പക്ഷാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ കഷ്ടകാലമാരംഭിക്കുന്നത്.
തൊഴിൽ പ്രശ്നങ്ങളും പണിമുടക്കുകളും പതിവായതോടെ വ്യവസായം മുരടിച്ചു.1983 ഓടെ ഫാക്ടറി തകർച്ചയുടെ വക്കിലെത്തി.
*ജ്യോതിബസു* സർക്കാരിനെതിരെ നിരവധി കേസുകൾ നല്കിയ സെൻ
ബംഗാൾ മാധ്യമങ്ങൾക്ക് ചൂടേറിയ വിഷയമായി.
1988 ആയപ്പോഴേയ്ക്കും സെന്നിന്റെ മാനസികനില തകരാറിലായി. ഓർമ്മ പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന സെന്നിനെ അൽഷിമേഴ്സ് കടന്നാക്രമിച്ചു.
കേസുകളിൽ പലതിലും സെൻ തോറ്റു. വസ്തുക്കൾ ലേലം ചെയ്തുപോയി.
പാസ്പോർട്ട് കണ്ടു കെട്ടിയതോടെ വിദേശത്ത് നല്ല ചികിത്സപോലും നല്കാൻ നിർവ്വാഹമില്ലാതായി.
ഒടുവിൽ പാസ്പോർട്ട്‌ തിരിച്ചുകിട്ടിയശേഷം  അമേരിക്കയിൽ നാല് മാസത്തോളം ചികിത്സനടത്തി. ഒടുവിൽ രോഗത്തിന് ഒരു മാറ്റവുമില്ലാതെ തിരികെ കൊൽക്കത്തയിലെത്തി.

സാഹസികതയും പ്രശസ്തിയും അംഗീകാരങ്ങളും നിറഞ്ഞിരുന്ന ഭൂതകാലത്തിന്റെ ആനന്ദംപോലും സ്മരിക്കാതെ എത്രയോ ലവണജലനിധിയെ നീന്തിയാവേശമണഞ്ഞ 
ആ പതഗപതിരിവൻ സമാധാനമില്ലാതെയും  നിർവൃതിയോടെയല്ലാതെയും ആയിരിക്കാം അന്ത്യശ്വാസം വലിച്ചത് .

ഈ ഭാരതീയന്റെ  സാഹസികതയ്ക്കും  ധീരതയ്ക്കും മുന്നിൽ  കൈകൂപ്പുന്നു

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള