May_30_1981/ പാലക്കാട് മണി അയ്യർ

*മൃദംഗത്തിൻ പാലക്കാട്ട് മണി നെയ്ത*
*ലയ താള തരംഗങ്ങൾ ഉണർന്നെങ്ങും* 
*പ്രതിധ്വനിച്ചു.*
*നാലമ്പത്തിനുള്ളിൽ ,*
*നാടകശാലയ്ക്കുള്ളിൽ,* *നിശബ്ദരായ് ജനം*
*സ്വയം മറന്നു നിന്നു.*


മലയാളിയുടെ  താളബോധത്തിൽ  
ഒരു മൃദംഗവാദകനുള്ള  സ്ഥാനമെന്തെന്ന് വ്യക്തമാക്കുന്ന മേല്പറഞ്ഞ വരികൾ
1977 മുതൽ 
സംഗീത സ്നേഹികളെ രാഗസുധാസാഗരത്തിൽ ആറാടിപ്പിച്ചു കൊണ്ടിരിക്കുന്നു. 
*എ. ഭീംസിംഗ്*  (നടി സുകുമാരിയുടെ ഭർത്താവ്) കഥയെഴുതി
സംവിധാനം നിർവ്വഹിച്ച
*നിറകുടം* എന്ന ചിത്രത്തിലെ ഗാനഗന്ധർവ്വൻ പാടിയഭിനയിച്ച 
സെമി ക്ലാസ്സിക്കൽ  ഗാനത്തിന്റെ ചില വരികളായിരുന്നു മുകളിൽ കുറിച്ചത്.



പ്രശസ്ത ഗാന രചയിതാവായ ശ്രീ _ബിച്ചു തിരുമല_ യുടെ  വരികളിൽ 
*സ്വാതി തിരുനാൾ,*
*ചെമ്പൈ സ്വാമികൾ,*
*തഞ്ചാവൂർ വടിവേലു*
*മൈസൂർ ചൗഡയ്യ,*
*പാലക്കാട് മണി അയ്യർ*
മുതലായ സംഗീത പ്രതിഭകളെ അനുസ്മരിക്കുന്നുണ്ട്.
*ജയവിജയ* എന്ന സഹോദരന്മാരാണ് രാഗമാലികയിൽ ഗാനമൊരുക്കിയത്.


മേല്പറഞ്ഞ സംഗീത പ്രതിഭകളിൽ മൃദംഗ വാദനത്തിൽ അദ്വതീയനും അത്ഭുതങ്ങൾ 
സൃഷ്ടിച്ചിരുന്നയാളുമായ
*പാലക്കാട് മണി അയ്യരുടെ*  മുപ്പത്തിയൊമ്പതാം 
സ്മൃതി 
ദിനമാണിന്ന്, 


കർണ്ണാടക സംഗീതത്തിൽ ആധുനിക കാലത്തുണ്ടായ മിക്ക പ്രതിഭാശാലികൾക്കൊപ്പവും മൃദംഗത്തിന്റെ നാദലയം തീർത്തു മണി.
ദ്രുതകാലത്തിൽ ഇടിമിന്നൽ പോലെയും വിളംബിതത്തിൽ ഇളങ്കാറ്റ് പോലെയും മണിയുടെ വിരലുകൾ ചലിച്ചു.
നാദത്തിന്റെ സമതലങ്ങളും പർവ്വതസാനുക്കളും  വസന്തവും ഹേമന്തവും വിരിഞ്ഞു.
എക്കാലത്തേയും മികച്ച മൃദംഗവാദകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന
 _മണി അയ്യർ_ തന്റെ ജീവിതകാലത്തുതന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ടിരുന്നു.


കേരളത്തിൽ കർണ്ണാടക സംഗീതത്തിനും ആരാധനയ്ക്കും ദേവതുല്യരായ കലാകാരന്മാർക്കും പാലക്കാട് ജില്ലയ്ക്കുള്ള സ്ഥാനം മറ്റൊരു പ്രദേശത്തിനും ലഭിച്ചിട്ടില്ല.
*സ്വാതിതിരുനാളിന്റെ* സംഗീത സദസ്സിനെ അലങ്കരിച്ചിരുന്ന *പാലക്കാട് പരമേശ്വരൻ ഭാഗവതർ*
*കൊല്ലങ്കോട്* ജനിച്ചു വളർന്ന *പാലക്കാട്‌ കെവി നാരായണസ്വാമി*
(തിരുവനന്തപുരം ആകാശവാണിയ്ക്കായി സ്വാതിയുടെ *ഉത്സവപ്രബന്ധം* 
എന്ന
 ശ്രി പത്മനാഭസ്വാമിയുടെ പൈങ്കുനി ഉത്സവകാലത്തെ വിശേഷങ്ങളും പൂജകളെപ്പറ്റിയും ലളിതമലയാളത്തിലുള്ള വർണ്ണനാ ഗീതം ആദ്യമായി സന്ദർഭോചിതമായിച്ചേർത്ത രാഗങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയത് സ്വാമിയായിരുന്നു)
_വടക്കഞ്ചേരിക്കടുത്തുള്ള_ *മഞ്ഞപ്ര* ഗ്രാമത്തെ
 സംഗീതലോകത്ത് വിഖ്യാതമാക്കിയ അനശ്വര ഭാഗവതർ *എംഡി രാമനാഥൻ,*
_പുതുക്കോട് കൃഷ്ണമൂർത്തി,_
ശ്രീ മണ്ണൂർ രാജകുമാരനുണ്ണി 
എന്നിവരുടെ തിളക്കം വജ്രശോഭയ്ക്കൊപ്പമാണ്.
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം,  പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം മുതലായ സ്ഥലത്തു 
നടത്തുന്ന ദശദിന നവരാത്രി സംഗീതോത്സവം,
തുലാമാസവസാനം കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള സംഗീതോത്സവങ്ങൾ മുതലായവ ചുരുക്കം ചില സംഗീത വിശേഷങ്ങൾ മാത്രം.
ജില്ലയുടെ അഭിമാനത്തിന് ശോഭകൂട്ടുന്ന നിരവധി വിശേഷങ്ങൾ
 വിസ്താരഭയത്താൽ വിസ്മരിക്കുന്നു.

നാട്യശാസ്ത്രം ഇരുപത്തിയെട്ടാം അദ്ധ്യായത്തിലാണ് ഭരതമുനി ഒരു അവനദ്ധ്യവാദ്യമായ മൃദംഗത്തെക്കുറിച്ച് വിവരിക്കുന്നത്.കർണ്ണാടക സംഗീത സദിരുകളിൽ പക്കമേളത്തിന് മാറ്റ് കൂട്ടാൻ മൃദംഗത്തെ ഒഴിവാക്കാനാകുന്നതല്ല.
ഘടവും ഗഞ്ചിറയും മുഖർശംഖും  ഒന്നിച്ചുണ്ടാവാറില്ല.
വായ്പാട്ടുകാരന്റെയോ ഉപകരണ വാദകകന്റെയോ വലതു വശത്ത് അല്പം മുന്നോട്ട് മാറിയാണ് വായിക്കുന്നയാളുടെ ആസനം
1982 ൽ ശ്രീകുമാരൻ തമ്പി *ഗാനം* എന്ന സംഗീതാത്മകമായ ജീവിതങ്ങളുടെ തുടിപ്പ് സിനിമയാക്കിയപ്പോൾ 
മൃദംഗ വാദകനായ *ഗണപതി* എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ _നെടുമുടി വേണു_
ഒരുദാഹരണമാണ്.

*തൃശൂർ* ജില്ലയിലെ 
*തിരുവില്വാമലയ്ക്കടുത്തുള്ള* _പഴയന്നൂർ_ എന്ന സ്ഥലത്ത്
_ടി ആർ ശേഷൻ ഭാഗവതരുടെയും_ _അനന്തമ്മാളുടെയും_ 
മൂത്തമകനായാണ് 1912 ജൂൺ ഒമ്പതിന് 
ലോകശ്രദ്ധ പിടിച്ചു പറ്റിയ കർണ്ണാടക സംഗീതജ്ഞനായ _മണി അയ്യർ_ ജനിച്ചത്.
രാമസ്വാമി എന്നായിരുന്നു മണി അയ്യരുടെ യഥാർത്ഥപേര്. ക്ഷേത്രോത്സവങ്ങളിലെ ചെണ്ടമേളവും പഞ്ചവാദ്യവും കേട്ടു വളർന്ന മണിയിൽ ജനനം മുതൽ സംഗീതമുണ്ടായിരുന്നു.
അച്ഛൻ വായ്പ്പാട്ടുകാരനായിരുന്നു.
കലാദേവതയ്ക്കൊപ്പം ധനദേവത ആ കുടുംബത്തെ അനുഗ്രഹിച്ചിരുന്നില്ല.
ബന്ധുമിത്രാദികൾ വാത്സല്യത്തോടെ വിളിച്ചിരുന്ന മണി എന്ന ചെല്ലപ്പേര്  പിന്നീട് ഔദ്യോഗിക മാവുകയായിരുന്നു.
സാമ്പത്തിക ക്ലേശത്താൽ തൊഴിൽ തേടി പാലക്കാട്ടെത്തിയ 
_ശേഷൻ ഭാഗവതർ_ ഹരികഥാ പറച്ചിൽക്കാരനായ *മുക്കൈ ശിവരാമഭാഗവതരുടെ* പിൻപാട്ടുകാരനായി ജോലി ചെയ്തു. മകന്റെ താളബോധം കണ്ടറിഞ്ഞ പിതാവ് അവനെ മൃദംഗം പഠിപ്പിക്കാനാണ് തീരുമാനിച്ചത്.
അച്ഛനിൽ നിന്ന് വ്യത്യസ്തമായി വൃന്ദവാദ്യങ്ങളിൽ താല്പര്യം പുലർത്തിയ മണി അയ്യർ *ചാത്തപുരം* 
_സുബ്ബ അയ്യരുടെ_ 
അടുത്തുനിന്നാണ് ആദ്യപാഠങ്ങൾ പഠിച്ചത്.
എട്ടാം വയസ്സിൽ ആദ്യ കച്ചേരിയിലൂടെ അരങ്ങേറ്റം കുറിച്ചു. പതിനൊന്നാം വയസ്സ് മുതൽ  മണിയും ഹരികഥയ്ക്ക് മൃദംഗം വായിക്കാൻ തുടങ്ങി.

*ചെമ്പൈ വൈദ്യനാഥഭാഗവതരാണ്* മണിയുടെ സംഗീത ജീവിതത്തിന്റെ വഴി തിരിച്ചു വിട്ടത്. അയ്യരുടെ ലയബോധം മനസിലാക്കിയ
 _ചെമ്പൈ സ്വാമി_ വെറും പതിമൂന്നു വയസ്സുള്ളപ്പോൾ
തന്റെ പ്രധാന കച്ചേരികളുടെ മൃദംഗ വാദകനാക്കി.
1924 ൽ *മദിരാശിയിൽ*
അരങ്ങേറിയ   കച്ചേരിയ്ക്ക് 
ചെമ്പൈയുെട അകമ്പടിയായി
പതിമൂന്നുകാരൻ മണിയെത്തിയപ്പോൾ 
സംഗീതലോകത്ത് പലർക്കും 
അവിശ്വസനീയമായിത്തോന്നി.
എന്നാൽ ചെമ്പൈയ്ക്കൊപ്പമുള്ള ആദ്യ കച്ചേരിയിൽത്തന്നെ മണി തന്റെ പെരുമയറിച്ചു.


 ഒരിക്കൽ *തഞ്ചാവൂരിനടുത്ത്*
_തിരുത്തിറൈപോണ്ടിയിൽ_ അച്ഛനോടൊപ്പം ഹരികഥ അവതരിപ്പിക്കാൻ പോയത് മണിയുടെ ജീവിതം മാറ്റിമറിച്ചു. മൃദംഗ വാദനത്തിലെ തഞ്ചാവൂർ സ്കൂളിന്റെ പിതാവായ
*വൈദ്യനാഥയ്യരെ*
_മണി_ അടുത്തറിയുന്നത്.
തന്റെ കീഴിൽ മൃദംഗ പഠനത്തിന് ആഗ്രഹം പ്രകടിപ്പച്ച  _മണി അയ്യരെ_ സസന്തോഷം ശിഷ്യനായി സ്വീകരിച്ചു.


മൃദംഗവാദനത്തിൽ *അഴനകമ്പിപ്പിള്ളയും*
ഗഞ്ചിറയിൽ *ദക്ഷിണാമൂർത്തിപ്പിള്ളയും* ചേർന്ന കൂട്ടുകെട്ട് കർണ്ണാടക വാദ്യസംഗീതലോകം വാഴുന്ന കാലത്താണ് തന്റെ അനവദ്യ
സംഗീതവുമായി മണി അയ്യർ എന്ന കൗമാരപ്രതിഭ രംഗപ്രവേശം ചെയ്തത്.
1929 ൽ *ചെമ്പൈ* ഗ്രാമത്തിൽ നടന്ന ഒരു കച്ചേരിയിൽ *ശെമ്മാങ്കുടി ശ്രീനിവാസയ്യർക്കൊപ്പം*
മണി മൃദംഗം വായിച്ചു.
അതിനുശേഷം എത്രയോ സംഗീത സദിരുകളിൽ ആ സംഗീത ചക്രവർത്തിമാരൊന്നിച്ചു .!!


നാദശുദ്ധിയും സുവ്യക്തതയും പൂർണ്ണതയുമാണ് മണി അയ്യരുടെ മൃദംഗവാദനത്തിന്റെ സവിശേഷത.
ശ്രുതി ചേർത്ത് വായിക്കുന്നതിലും ഗായക സ്വരത്തിനകമ്പടിയായി നാദം ക്രമപ്പെടുത്തുന്നതിലും തനിയാവർത്തനത്തിലും അദ്ദേഹം പ്രകടിപ്പിച്ച ശേഷിക്ക് തുല്യമായി മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാവില്ല.


1940 ൽ *തിരുവിതാംകൂർ മഹാരാജാവ്* ആസ്ഥാന സംഗീതവിദ്വാൻ പദവി നല്കി.
1971 ൽ അദ്ദേഹത്തിന്
 ഭാരത സർക്കാർ *പത്മവിഭൂഷൺ* നല്കി. 
1981 മെയ് 30 ന് എറണാകുളത്ത് കളമശേരിയിൽ മൂത്തമകൻ
രാജാമണിയുടെ ഭവനത്തിലാണ് അന്ത്യമുണ്ടായത്.
അദ്ദേഹത്തിന്റെ പുത്രന്മാരായ 
_ടി ആർ രാജാമണി_ മൃദംഗ വിദ്വാനും _ടിആർ. രാജാറാം_ വയലിനിസ്റ്റുമാണ്.
മകൾ _ലളിത ശിവകുമാർ_ പ്രശസ്ത സംഗീത വിദുഷി
*ഡി കെ പട്ടമ്മാളിന്റെ* പുത്രഭാര്യയാണ്.
_ഉമയാൾപുരം ശിവരാമൻ_,
_പാലക്കാട്‌ രഘു_, 
_ടികെ കമലാകർ റാവു_,
_തഞ്ചാവൂർ ഉപേന്ദ്രൻ_
എന്നിവർ അനുഗൃഹീത ശിഷ്യരാണ്.

നാദോപാസനയിലൂടെ രാജ്യത്തിന്റെ അതിർത്തികൾ പോലും കടന്ന് വിസ്മയാവഹനായ
 മണി അയ്യരെ ആരെങ്കിലും ഓർക്കുന്നത് _നിറകുടത്തിലെ_ മേല്പറഞ്ഞ
*നക്ഷത്ര ദീപങ്ങൾ തിളങ്ങി*
എന്ന ഗാനം കേൾക്കുമ്പോൾ മാത്രമാകരുത്.



*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309.

Comments

  1. അസ്സലായിട്ടുണ്ട്
    നല്ല ശൈലി

    ReplyDelete

Post a Comment

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ