June_24_1980/ വി.വി.ഗിരി
*മുക്തി ബാഹിനി*
*കിഴക്കൻ പാകിസ്ഥാനിന്റെ വിമോചനത്തിന് ഇന്ത്യയുടെ പ്രേരണയാൽ രൂപീകരിക്കപ്പെട്ട സേന*
ഇന്ത്യയെന്നാൽ *ഇന്ദിര* എന്നറിയപ്പെടാൻ ആഗ്രഹിച്ച ഒരു വനിതാ ഭരണാധികാരിക്ക് കൂട്ട് നില്ക്കാനും പരമോന്നത സ്ഥാനത്ത് നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ തനിക്ക് നേരേ തിരിയാതിരിക്കാനും തന്റെ ചൊല്പടിക്ക് നില്ക്കുന്ന ഒരു പ്രസിഡണ്ട് തന്റെ ഭരണകാലത്ത് ഉണ്ടായാൽ ഉചിതമായിരിക്കുമെന്ന്
അവർക്ക് വളരെ മുമ്പേ ആലോചനയുണ്ടായീരുന്നിരീക്കാം.
1971 ലെ ഇന്ത്യാ പാകിസ്ഥാൻ പോരാട്ടത്തിന്റെ ബാക്കിപത്രം പ്രിയദർശിനിയെ 1972 ൽ *ഭാരതരത്നം*
ബഹുമതിക്കർഹയാക്കി.
ഇന്ദിരയും *സുൾഫിക്കർ അലി ഭൂട്ടോയും* _സിംലയിൽ_ കരാർ അംഗീകരിച്ചതിന്റെ തൊട്ടടുത്ത നാളുകളിൽ പരമോന്നത പുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ടു.
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായ
*ഡോ സാക്കീർ ഹുസൈൻ* കാലാവധി തികയ്ക്കാതെ 1969 മെയ് മാസത്തിൽ നിര്യാതനായതിനെത്തുടർന്നാണ് 1969 ൽ നാലാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംജാതമായത്.
അധികാരത്തിലിരിക്കുന്ന കോൺഗ്രസ്സ് കക്ഷിയുടെ സ്ഥാനാർത്ഥിയായി
*നീലം സഞ്ജീവറെഡ്ഡി* എന്നയാളെ തീരുമാനിച്ചു.
അന്ന് കോൺഗ്രസ്സിലെ സിൻഡിക്കേറ്റ് വിഭാഗം ഇന്ദിരയുടെ അതൃപ്തി മറികടന്നാണ് റെഡ്ഡിയെ പ്രസിഡന്റാക്കാൻ മുന്നിട്ടിറങ്ങിയത്.
1967 ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട
*വി.വി. ഗിരി* ഭരണഘടന അനുശാസിക്കും പ്രകാരം പ്രസിഡന്റിന്റെ
ചുമതലകൾകൂടി വഹിച്ചു വരികയായിരുന്നു.
ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാതിരുന്ന ഒരു ഉപരാഷട്രപതി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുക
എന്ന ചരിത്ര വിശേഷമായിരുന്നു 1969 ലെ രാഷ്ട്രപതി ഇലക്ഷനിൽ തെളിഞ്ഞത്.
കരുത്തുറ്റ തൊഴിലാളി നേതാവിലൂടെ തുടങ്ങി ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനംവരെ എത്തിപ്പെട്ട രാജ്യതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് _വരാഹഗിരി വെങ്കിട്ടഗിരി_ എന്ന *വിവി ഗിരി.*
ഇന്നത്തെ *ഒഡീഷാ* സംസ്ഥാനത്ത് _ഗഞ്ജം_ ജില്ലയിലെ *ബെർഹാംപൂരിൽ*
1894 ആഗസ്റ്റ് 10 ന്
വിദ്യാസമ്പന്നമായൊരു കുടുംബത്തിൽ ഗിരി പിറന്നു.
ഏഴാൺകുട്ടികളും അഞ്ച് പെൺകുട്ടികളുമുള്ള വലിയ കുടുംബത്തിലെ രണ്ടാമനായിരുന്നു.
അച്ഛൻ _വി.വി. ജോഗയ്യപന്തലു_ കുടുംബത്തിലെ ആദ്യ ബിരുദധാരിയാണ്.
_ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്_ അംഗമായിരുന്ന പന്തലു ഒന്നാം ഗ്രേഡ് അഭിഭാഷകനുമായിരുന്നു.
അച്ഛനോടൊപ്പം സമ്മേളന സ്ഥലങ്ങളിൽ പോയ _ഗിരി_ കുട്ടിക്കാലത്തേ _സുരേന്ദ്രനാഥ ബാനർജി, ഗോഖലെ_,
_ബിപിൻ ചന്ദ്രപാൽ_ തുടങ്ങിയവരുടെ പ്രസംഗം കേട്ട് ആവേശം കൊണ്ടു.
കുട്ടിക്കാലം മുതലേ _ഗിരി_ ധാരാളം വായിച്ചു. ചെറുപ്പത്തിൽത്തന്നെ *സരസ്വതിഭായിയെ* വിവാഹം കഴിച്ചു. *ചെന്നൈയിലെ* സീനിയർ കേംബ്രിഡ്ജ് പരീക്ഷ പാസ്സായി.
നിയമപഠനത്തിനായി _അയർലണ്ടിലേയ്ക്ക്_ പോയി
*ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ* ചേർന്ന _ഗിരിക്ക്_ പല പ്രമുഖ ഐറീഷ് നേതാക്കളുമായും അടുത്തിടപഴകാനായി.
1914 ൽ _ലണ്ടനിലാണ്_ ആദ്യമായി
*മഹാത്മാഗാന്ധിയെ* കാണുന്നത്.
ഗാന്ധിജിയുടെ ആഹ്വാന പ്രകാരം _റെഡ്ക്രോസ്സിൽ_ ചേർന്നു.
1916 ൽ നാട്ടിലേക്ക് തിരിച്ചു.
ഇന്ത്യയിലെത്തിയ _ഗിരി_ _കോൺഗ്രസ്സിലും_
*ആനിബസന്റ് മദാമ്മ* സ്ഥാപിച്ച *ഹോംറൂൾ* പ്രസ്ഥാനത്തിലും ചേർന്നു.
_ബെർഹാംപൂരിൽ_ അഭിഭാഷകനായി അച്ഛനോടൊപ്പം പരിശീലനമാരംഭിച്ചു.
അഞ്ച് വർഷം ആ ജോലിയിൽ തുടർന്നു.
1921 ൽ _ഗാന്ധിജി_ *നിസ്സഹകരണപ്രസ്ഥാനം* ആരംഭിച്ചപ്പോൾ _ഗിരിയും_ ജോലിയുപേക്ഷിച്ച് മുഴുവൻസമയ
സമരപ്രവർത്തകനായി.
മദ്യഷോപ്പുകൾ പിക്കറ്റ് ചെയ്ത കുറ്റത്തിന്
മൂന്ന് മാസം ശിക്ഷയനുഭവിച്ചു.
*എൻഎം ജോഷിയുമായി* _ഗിരിക്ക്_ അടുപ്പമുണ്ടാകുന്നതും തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും
കൂടുതൽ ബോധവാനാകുന്നത്
1922 ലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ കമ്പനിയായിരുന്ന
ബംഗാൾ നാഗ്പൂർ റെയിൽവേയിൽ 60000 ത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്നു.
യൂണിയനിൽ പ്രവർത്തിക്കുന്നവരെ പിരിച്ചുവിടുക, സ്ഥലംമാറ്റുക തുടങ്ങിയ പ്രതികാര നടപടികൾ കമ്പനി അധികൃതർ കൈക്കൊണ്ടതിനെതിരെ
1927 ഡിസംബറിൽ ഗിരിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് വേണ്ട പരിഹാരമാർഗ്ഗങ്ങൾ കൈക്കൊള്ളാമെന്ന ഉറപ്പിന്മേൽ സമരമവസാനിച്ചെങ്കിലും അധികാരികൾ തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു.
1928 ൽ റെയിൽ ഗതാഗതം പൂർണ്ണമായും
സ്തംഭിപ്പിച്ചുകൊണ്ട് സമരം തുടങ്ങി. ഒരു മാസം നീണ്ട സമരമവസാനിച്ചത് പിരിച്ചുവിടലുകൾ അടക്കമുള്ള നടപടികൾ ഉണ്ടാവില്ല എന്ന ഉറപ്പിന്മേലായിരുന്നു.
ഗിരിയുടെ പ്രശസ്തി ഇന്ത്യയെങ്ങും പിടിച്ചുപറ്റി.
തൊഴിലാളികളുടെ പ്രിയങ്കരനായ
നേതാവായി മാറി. *ജനീവയിൽ* നടന്ന അന്താരാഷ്ട്ര ലേബർ കോൺഫറൻസിൽ പങ്കെടുത്തു.
1931-32 ൽ _ലണ്ടനിൽ_ നടന്ന
രണ്ടാം വട്ടമേശ സമ്മേളനത്തിൽ തൊഴിലാളി പ്രതിനിധിയായി പങ്കെടുത്തു.
1934 മുതൽ 1937 വരെ കേന്ദ്ര ലജിസ്ലേറ്റീവ് അസംബ്ലിയിൽ ഗിരി അംഗമായിരുന്നു.
1937 ൽ ആന്ധ്രയ്ക്ക് വടക്കുള്ള *ബോബിലി* മണ്ഡലത്തിൽ നിന്ന് ജയിച്ച് മദ്രാസിലെ *രാജാജി* മന്ത്രിസഭയിലംഗമായി.
തൊഴിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നിരവധി പരിഷ്ക്കാരങ്ങളും ക്ഷേമപദ്ധതികളും തൊഴിലാളികൾക്കായി കൊണ്ടുവന്നു.
16 വയസിന് താഴെയുള്ളവർ ഖനികളിൽ പണിയെടുക്കുന്നത് നിരോധിച്ചു.
1938 ൽ കോൺഗ്രസ്സ് രൂപം നല്കിയ അഖിലേന്ത്യാ ആസൂത്രണ കമ്മീഷന്റെ കൺവീനർ ഗിരിയായിരുന്നു.
ഉത്തർപ്രദേശ് ഗവർണറായി
1957 ജൂണിൽ _ഗിരി_ നിയമിതനായി.
തീവ്രമായ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.
1959 ൽ ഇന്ത്യൻ കോൺഫറൻസ് ഓഫ് സോഷ്യൽ വർക്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.
കേരളത്തിൽ
*പട്ടം താണുപിള്ള*
*ആർ ശങ്കർ* എന്നിവർ അധികാരത്തിലുണ്ടായിരുന്നപ്പോഴാണ് ഗിരി ഗവർണറായി ചുമതലയേല്ക്കുന്നത്.
1960 മുതൽ 65 വരെ കേരള ഗവർണർ സ്ഥാനമലങ്കരിച്ചു.
അയൽ സംസ്ഥാനമായ കർണാടകത്തിലും ഈ പദവിയിലിരുന്നു.
1967 ൽ ഇന്ത്യയുടെ
നാലാമത്തെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
*ഡോക്ടർ എസ് രാധാകൃഷ്ണൻ*
രണ്ട് പ്രാവശ്യം ഈ സ്ഥാനത്തിരുന്നതിനാൽ വൈസ് പ്രസിഡന്റാകുന്ന മൂന്നാമനാണ് ഗിരി.
*ഹുസൈന്റെ* മരണം മൂലം ഉണ്ടായ ഒഴിവിൽ കോൺഗ്രസ്സ് സംഘടനാ വിഭാഗത്തിൽ
നിന്നുള്ള സ്ഥാനാർത്ഥിക്കെതിരായി ഗിരിയെ മത്സരത്തിന് നിറുത്തുകയും _ഇന്ദിരയുടെ_ *മനസാക്ഷി വോട്ട്* എന്ന പ്രത്യേക പ്രയോഗവും സന്ദേശവും അഭ്യർത്ഥനയും ഇന്നും ചരിത്രത്തിലെ ഓർമ്മകളാണ്.
വലിയ ഭൂരിപക്ഷത്തിലല്ല ഗിരി വിജയിച്ചത്.
1969 മുതൽ 1974 വരെ ഇന്ദിരയുടെ വിശ്വസ്തനായി രാഷ്ട്രപതി പദവിയിലിരുന്നു.
രണ്ടാമതൊരു ടേം കൂടി ഗിരി തുടരുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല.
പദവിയൊഴിഞ്ഞതോടെ സ്ഥിരതാമസം മദിരാശിയിലേയ്ക്ക് മാറ്റി.
1975 ൽ *ഭാരതരത്നം*
ലഭിച്ചു. ഈ ബഹുമതി ലഭിച്ച നാലാമത്തെ രാഷ്ട്രപതിയാണ് _ഗിരി_.
തുടർന്ന് ഈ ബഹുമതി ലഭിച്ച പ്രസിഡണ്ടുമാർ
*അബ്ദുൾ കലാമും* _പ്രണാബ് മുഖർജിയും_ മാത്രമാണ്.
1980 ജൂൺ 24 ന് ഹൃദയസ്തംഭനത്താൽ അദ്ദേഹം ഇഹലോകവാസം ഉപേക്ഷിച്ചു.
ഒരു കരുത്തനും സ്വതന്ത്ര ചിന്താഗതിക്കാരനുമായ രാഷ്ട്രപതിയായി ശോഭിക്കാൻ ഗിരിക്ക് കഴിഞ്ഞില്ല.
നാട്ടുരാജാക്കന്മാർക്ക് സർക്കാർ നല്കി വന്നിരുന്ന പെൻഷൻ നിറുത്തലാക്കുന്ന ബിൽ നിയമമാക്കാൻ ഒരു സങ്കോചവും അദ്ദേഹം കാട്ടിയില്ല.
ഇന്തോ പാക് യുദ്ധത്തിന് പിന്തുണയുണ്ടായിരുന്ന റഷ്യയുമായി നല്ല ബന്ധം ഇരുപത് വർഷത്തേക്ക് കൂടി നീട്ടുന്ന ഇന്ദിരയുടെ തന്നിഷ്ടപ്രകാരമുള്ള തീരുമാനത്തിനും അനുകൂലമായ ചിന്താഗതിയായിരുന്നു.
1972 ൽ _ഇന്ദിരയ്ക്ക്_ "ഭാരതരത്ന" പുരസ്ക്കാരം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനാണെന്നും വിവാദമുണ്ടായി.
*കെബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment