June_20_1969/ മള്ളൂർ ഗോവിന്ദപ്പിള്ള

*രാമൻനായർ..*
*എന്തു പറ്റി.*
 *മുടിയൊക്കെയങ്ങ് കൊഴിയുന്നുണ്ടല്ലോ?*
*എന്തെണ്ണയാ തേയ്ക്കുന്നത്.?*

*ഓർമ്മയില്ല.*
*ഓർമ്മശക്തി കുറയും* *പ്രായമായി വരികയല്ലേ?.*
*വലിയചന്ദനാദിയെണ്ണ ബെസ്റ്റാ?.*
*ഓർമ്മശക്തികൂടും*
*നല്ല ഉന്മേഷവും കിട്ടും.*
*ഏത് വാച്ചാ കൈയിൽ കെട്ടിയിരിക്കുന്നത് ?.*

_ഷാജി കൈലാസിന്റെ_
ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ 
ഒരു കോടതിരംഗം. 
രാമൻനായരെന്ന  കാര്യസ്ഥനെ ക്രോസ്സ് വിസ്താരം നടത്തുകയാണ് പ്രശസ്ത അഭിഭാഷകൻ.  
*നന്ദഗോപാൽ മാരാരാണ്*  സാക്ഷിയെ കുഴങ്ങുന്ന ചോദ്യങ്ങളാൽ മുട്ടുകുത്തിപ്പിച്ചത്.
അവസാനം  ഒരു പൊട്ടിക്കരച്ചിലോടെ സാക്ഷി
കോടതിയിൽ സത്യമേറ്റു പറഞ്ഞു.
കള്ളക്കേസ്സിൽ നിരപരാധിയായ ഒരു വ്യക്തിയെ കുടുക്കാമെന്ന്  ചിന്തിച്ചിരുന്നവർ നിരാശരായി.

ഇത്തരം രംഗങ്ങൾ സിനിമയിൽ കാണുന്നതും ആസ്വദിക്കുന്നതും രസമുള്ള കാര്യമാണ്. വർഷങ്ങൾക്ക് മുമ്പ് തലസ്ഥാന നഗരത്തിലെ കോടതികളിലും തീ പാറുന്ന ചോദ്യശരങ്ങളെയ്ത് കള്ളസാക്ഷികളെ വിറപ്പിച്ചിരുന്ന, മാരാർക്ക് സമനായൊരു അഭിഭാഷകനുണ്ടായിരുന്നു.

എല്ലാ രംഗങ്ങളിലും ചില മനുഷ്യർ ""ലെജൻഡുകളായി"" മാറും.
അവിശ്വസനീയവും  അസാധ്യമെന്നു 
കരുതപ്പെടുന്നതൂമായ കാര്യങ്ങൾ ചെയ്ത് തൻപോരിമയുള്ളവരാണ് സ്വന്തം കാലഘട്ടത്തിൽ കഥാപുരുഷന്മാരായി മാറുന്നവർ.
നിയമരംഗത്തെ അത്തരം ലെജൻഡുകളിലൊരാളാണ് 
അഭിഭാഷകനായ
*മള്ളൂർ ഗോവിന്ദപ്പിള്ള* 

*ആയിരംരൂപയും മള്ളൂരുമുണ്ടെങ്കിൽ,* 
*ആരെയും കൊന്നിടാം രാമനാരായണ!!.*

എന്നൊരു ചൊല്ല് പഴയ തിരുവിതാംകൂറിലുണ്ടായിരുന്നു..ഒരിക്കൽ ഒരു കൊലക്കേസ്സിന്റെ വിസ്താരം നടക്കുന്ന വേളയിൽ
_മള്ളൂർ_ വെടിയുണ്ട വിഴുങ്ങിയെന്നൊരു കഥ തന്നെയുണ്ട്.
വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് വേണ്ടി, ഹാജരായ _മള്ളൂർ_ വാദത്തിനൊടുവിൽ തൊണ്ടിസാധനങ്ങളായ തോക്കും വെടിയുണ്ടയും പരിശോധിച്ചശേഷം ആ ഉണ്ട തോക്കിൽ കടത്താൻ കോടതിയോടാവശ്യപ്പെട്ടു.
ഉണ്ട തോക്കിൽ കടന്നില്ല.
കൊലക്കേസ് പ്രതി രക്ഷപ്പെട്ടു.. _മള്ളൂർ_ വെടിയുണ്ട സൂത്രത്തിൽ മാറ്റിയെന്നാണ് കഥ. 
ഉണ്ട വിഴുങ്ങിയെന്ന്
ജനകീയഭാഷ്യവും. 
ഈ പുരാവൃത്തം ഇന്നും നിലനില്ക്കുന്നു. പ്രഗല്ഭനായൊരു
അഭിഭാഷകൻ മാത്രമായിരുന്നില്ല 
_മള്ളൂർ ഗോവിന്ദപ്പിള്ള._.
ദരിദ്രനായ് ജനിച്ച് കഠിനാദ്ധ്വാനവും
ബുദ്ധികൗശലവുംകൊണ്ട്
ഉന്നതായ അദ്ദേഹം തിരുവിതാംകൂർ _വിദ്യാഭിവർധിനിസഭ_ സ്ഥാപകൻ
തിരുവിതാംകൂർ അതലറ്റിക് അസോസിയേഷൻ പ്രസിഡണ്ട്,
ലോകോളേജ് പ്രിൻസിപ്പൽ,
കേരളീയനായർസമാജം പ്രസിഡണ്ട് 
തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
ജന്തുഹിംസാ നിരോധന സംഘം, സമസ്തകേരള സാഹിത്യ പരിഷത്ത്,
കേരളസർവ്വകലാശാല സിൻഡിക്കേറ്റ്,
_ശ്രീമൂലം പ്രജാസഭ,_
തിരുവിതാംകൂർ ലോ റിവിഷൻ കമ്മിറ്റി, 
ലൈബ്രറി കോൺഗ്രസ്സ് തുടങ്ങിയ രംഗങ്ങളിലും _മള്ളൂർ_ പ്രവർത്തിച്ചു.

*കോട്ടയത്തെ* 
കോടിമതയിലുള്ള 
മള്ളൂർ വീട്ടിൽ
_കൊച്ചുപാർവ്വതിഅമ്മയുടേയും_ നെടുമങ്ങാട്ട് വീട്ടിൽ _നീലകണ്ഠപ്പിള്ളയുടേയും_
മൂത്തപുത്രനായി
1878 ൽ _ഗോവിന്ദപ്പിള്ള_ ജനിച്ചു.
ക്ഷയിച്ചു കഴിഞ്ഞ മരുമക്കത്തായ നായർ തറവാടായിരുന്ന് അത്.
പരമ്പരാഗത രീതിയിൽ സംസ്കൃതം പഠിച്ച ഗോവിന്ദനെ ഇംഗ്ലിഷ് പഠിപ്പിക്കാനാണ് അമ്മ
ആഗ്രഹിച്ചിത്.
കുടുംബകാരണവരുടെ എതിർപ്പവഗണിച്ച് സ്വന്തം ആഭരണങ്ങൾ വിറ്റ് അവർ
മകനെ കോട്ടയം സിഎംഎസ്സ്
കോളേജിൽ ചേർത്തു.
അവിടെ നിന്നും എഫ്എ ജയിച്ച് തിരുവനന്തപുരത്ത് ബിഎയ്ക്ക് ചേർന്നു..
കോട്ടയത്തായിരിക്കുമ്പോൾ
"ഹിന്ദുയുവജനസമാജം",
"ഹിന്ദുമതപോഷിണിസഭ"
എന്നീ സംഘടനകളുണ്ടാക്കിയ _മള്ളൂർ_ തിരുവനന്തപുരത്ത് തിരുവിതാംകൂർ വിദ്യാഭിവർധിനിസഭയെന്ന സംഘടനയും ആരംഭിച്ചു.
28 വർഷം അതിന്റെ സെക്രട്ടറിയായിരിക്കുകയും ചെയ്തു. ബിരുദം നേടിയ ശേഷം അദ്ധ്യാപകൻ ഗുമസ്തൻ എന്നീ ജോലികൾ നോക്കിയ _മള്ളൂർ_ നിയമബിരുദം ( ബിഎൽ) നേടി.
1904 ൽ ഗുമസ്തപ്പണി ഉപേക്ഷിച്ച് വക്കീലായി പ്രവർത്തനമാരംഭിച്ചു.
വക്കീൽപ്പണിയോടൊപ്പം
"മദ്രാസ്സ് മെയിൽ", "ദി ഹിന്ദു,"
"ജസ്റ്റിസ്" തൂടങ്ങിയ പത്രങ്ങളുടെ തിരുവനന്തപുരം ലേഖകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അഭിഭാഷകനെന്ന നിലയിൽ ഇതിഹാസമായി _മള്ളൂർ_ ജീവിച്ചു. ക്രിമിനൽ വക്കീലെന്ന നിലയിലായിരുന്നു കീർത്തി.
ചരിത്രപ്രാധാന്യമുള്ള പല കേസുകളും അദ്ദേഹം വാദിച്ചു.
*സി കേശവന്റെ* _കോഴഞ്ചേരി_ പ്രസംഗക്കേസിൽ സർക്കാർ വക്കീലായിരുന്നു _മള്ളൂർ._
_കേശവന്റെ_ വക്കീൽ
*ടിഎം വർഗ്ഗീസും.*
1935 മെയ് 11 ന് കോഴഞ്ചേരിയിൽ ഒരു 
*എസ്എൻഡിപി* സമ്മേളനത്തിൽ യോഗം പ്രസിഡണ്ട്കൂടിയായ _കേശവൻ_ തിരുവിതാംകൂർ
ദിവാൻ 
*സിപി രാമസ്വാമി അയ്യരേയും* രാജഭരണകൂടത്തെയും വിമർശിച്ചു എന്ന
രാജ്യദ്രോഹക്കുറ്റമാണ്
ചുമത്തിയിരുന്നത്.
_കേശവന്_ ഒരു വർഷം തടവും 500 രൂപ പിഴയും ശിക്ഷ ലഭിച്ചു. അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നല്കി. അവിടേയും മള്ളൂരായിരുന്നു എതിർവക്കീൽ.
ഹൈക്കോടതി ശിക്ഷ 
രണ്ടുവർഷമായി ഉയർത്തി
മള്ളൂരിന്റെ വിദ്യാർത്ഥികൂടിയായിരുന്നു
_സി കേശവൻ._ 
"നാലരലക്ഷക്കേസ്,"
" അഞ്ചരലക്ഷക്കേസ്"
തുടങ്ങിയ അന്നത്തെ പ്രശസ്തങ്ങളായ കേസുകളിലും _മള്ളൂർ_ ഹാജരായി.
കൊച്ചിരാജാവിന്റെ മകനായ ഗോപാലമേനോൻകൂടി ഉൾപ്പെട്ട അഞ്ചരലക്ഷക്കേസിൽ അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചു ജയിച്ചു.

1920 ൽ _ഗോവിന്ദപ്പിള്ള_ തിരുവനന്തപുരം ലോ കോളേജിൽ പ്രൊഫസ്സറായി
നിയമിതനായി.1931 ൽ പ്രിൻസിപ്പലുമായി.
അദ്ദേഹത്തിന് ദേശീയതലത്തിൽ പ്രശസ്തി നേടിക്കൊടുത്തത് ഈ പദവികൾകൂടിയാണ്.
1931 ൽ അദ്ദേഹം പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിച്ചു. 
ഉന്നതവിദ്യാഭ്യാസരംഗത്ത് _മള്ളൂർ_ നിരവധി സംഭാവനകൾ നല്കിയിട്ടുണ്ട്.
അദ്ദേഹം ചെയർമാനും
കെ.സി.മാമ്മൻമാപ്പിള,
കെ.പി. കേശവമേനോൻ,
പോത്തൻ ജോസഫ് എന്നിവർ അംഗങ്ങളായിരുന്ന സമിതിയാണ് കേരള സർവ്വകലാശാലയിൽ ജേർണലിസം ഡിപ്ലോമാ കോഴ്സ് തുടങ്ങാൻ ശുപാർശ ചെയ്തത്.
1954 മാർച്ചിൽ ചേർന്ന സെനറ്റ് ഇതിന് അംഗീകാരം നല്കി.
കേരളത്തിലെ സഹകരണ,
ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരിലൊരാളായിരുന്നു അദ്ദേഹം.
1934 ൽ തിരുവിതാംകൂറിലെ ഗ്രന്ഥശാലകളുടെ സമഗ്രപുരോഗതിക്കുതകുന്ന
ഒരു നയരേഖ( ട്രാവൻകൂർ പബ്ളിക്‌ ലൈബ്രറീസ് റെഗുലേഷൻ) _മള്ളൂർ_
തയ്യാറാക്കി. എന്നാൽ അത്തരമൊരു നിയമം
നടപ്പാക്കാൻ സർക്കാർ ഒരുക്കമായിരുന്നില്ല.
തിരുവിതാംകൂർ സർവ്വകലാശാല രൂപീകരിക്കാനും അദ്ദേഹം പരിശ്രമിച്ചു.
1937 ൽ സർവ്വകലാശാല നിലവിൽ വന്നപ്പോൾ 
സെനറ്റംഗവുമായി.
1906 ൽ ആയിരുന്നു _മള്ളൂരിന്റെ_ വിവാഹം. *എറണാകുളം* _അപ്പാപ്പറമ്പത്ത്_ വീട്ടിൽ പാറുക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിന്റെ പത്നി. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന
അവർ 1935 ൽ തിരുവനന്തപുരത്ത് നടന്ന ആൾ ഇന്ത്യാ വിമൻസ് കോൺഫറൻസിന്റെ മുഖ്യ സംഘാടകയായിരുന്നു
1964 ൽ അവർ അന്തരിച്ചു.
1969 ജൂൺ 20 ന് തിരുവനന്തപുരത്ത് വസതിയിലായിരുന്നു തൊണ്ണൂറ്റിയൊന്നാം വയസ്സിൽ അദ്ദേഹത്തിന്റെ അന്ത്യം.
ദൈവ നീതിക്ക് നിരക്കാത്തതായ
ദോഷപ്രവർത്തികൾ ഒന്നും തന്നെ ഔദ്യോഗിക ജീവിതത്തിൽ തന്റെ ഭാഗത്ത് നിന്നും സംഭവിച്ചിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധർമ്മബോധം.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള