June_14_1992/ ഇന്ദുചൂഡൻ
*പക്ഷി സഞ്ചയങ്ങളെ നിങ്ങളുമുണ്ടോ കണ്ടു,*
*പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം.*
*അദ്ധ്യാത്മരാമായണം* കിളിപ്പാട്ടിലെ "ആരണ്യകാണ്ഡത്തിലെ" സീതന്വേഷണം എന്ന അദ്ധ്യായത്തിലെ ഈരടികളാണ് മുകളിൽ എഴുതിയത്.
പ്രാണപ്രിയയായ സീതാദേവിയെ ആശ്രമത്തിൽ കാണാതെ വിവശനായ രാമൻ സഹോദരനോടൊപ്പം മൈഥിലിയെ തിരഞ്ഞ് കാനത്തിലൂടെ ഉഴറുമ്പോൾ മനസമാധാനത്തിനായി പറവകളോടും ദേവിയുടെ തിരോധാനത്തെക്കുറിച്ച് ആരായുന്നു.
വളരെ പൗരാണിക കാലം മുതൽ മനുഷ്യന് ഖഗങ്ങളോടുണ്ടായിരുന്ന വിശാലമായ ഐക്യത്തെയാണ് മേൽവരികളിലൂടെ പ്രകടമാകുന്നത്.
സീതയുടെ കുട്ടിക്കാലത്ത് തന്നെ കാഞ്ചനക്കൂട്ടിൽ വളർത്തിയ തത്തയുടെ കഥ
*വള്ളത്തോൾ* വളരെ സൗന്ദര്യാത്മകമായി കവിത രചിച്ചതും പ്രൈമറി ക്ലാസ്സിൽ നമ്മൾ പഠിച്ചിരുന്നതും ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.
*"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും*
*ബന്ധനം ബന്ധനം തന്നെ പാരിൽ."*
ഈ ഭൂമി വിവിധവും വ്യത്യസ്തവുമായ അനേകം ജന്തൂക്കളുടെ ആവാസകേന്ദ്രമാണ്. ഇരുകാലിൽ നിവർന്ന് നടക്കുന്ന മർത്യനാണ്
പ്രപഞ്ചശില്പിയുടെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയെന്ന് ഇത്തിരിവട്ടമോളമുള്ള ക്ഷിതിയിലിനുന്ന്
മതിമറന്നാഹ്ളാദിക്കുന്ന മനുഷ്യൻ,
വിശാലമായ നീലാകാശത്ത് സ്വച്ഛന്ദം വിഹരിച്ചു പാറുന്ന ദ്വിജങ്ങളുടെ സ്വാതന്ത്യത്തെക്കുറിച്ച് ബോധവാനാകുന്നുണ്ടോ?
പക്ഷി നിരീക്ഷണം, അവയെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനം.
*ഓർണിത്തോളൊജി* എന്ന പ്രത്യേക ശാസ്ത്രശാഖയിൽ തന്റേതായ വിപുലമായ പാടവം ആർക്കും മറികടക്കാൻ സാധ്യമാകാത്ത രീതിയിൽ വളരെ സൂക്ഷ്മതയോടെ നിലനിർത്തിപ്പോന്ന
_പക്ഷി നിരീക്ഷകന്റെ_ ചില രസകരമായ വിവരങ്ങളാണ് ഇന്നിവിടെ കുറിക്കുന്നത്.
1958 ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ ഇങ്ങനെ കാണാം.
കാക്കയുടെ ജീവിതത്തിലെ ഒരു ഭാഗത്തെ മാത്രം ആസ്പദമാക്കി ഇനിയും അനേകം ചോദ്യങ്ങളുണ്ട്.
ഇതിനെല്ലാം ഉത്തരം കണ്ടു പിടിക്കുകയാണ് പക്ഷി പ്രിയന് ഏറ്റവും സന്തുഷ്ടി നല്കുന്ന വ്യായാമം. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് പലരും കണ്ടു പിടിക്കുന്ന ഉത്തരങ്ങളെ ശേഖരിച്ച് നോക്കുമ്പോൾ കാക്കയുടെ ജീവിത രഹസ്യങ്ങൾ ക്രമേണ കുറേശ്ശേക്കുറേശ്ശേയായി നമുക്കു മനസ്സിലാവുകയും ചെയ്യും."
കാക്കകളുടെ മാത്രമല്ല മറ്റനേകം പക്ഷികളുടെ ജീവിത രഹസ്യങ്ങളും ആ പുസ്തകമെഴുതിയ പക്ഷി പ്രിയൻ നേടി.
അവ സാമാന്യ ജനങ്ങൾക്കും പ്രിയങ്കരമായി.
*കേരളത്തിലെ പക്ഷികൾ* എന്നാണ് ആ പുസ്തകത്തിന്റെ പേര്.
ഗ്രന്ഥകാരൻ *ഇന്ദുചൂഡൻ*
അവതാരങ്ങളുടെ സർവ്വശക്തിയുമാവാഹിച്ച സാക്ഷാൽ *പൂവള്ളി ഇന്ദുചൂഡനെന്ന്* വായനക്കാർ മതി മറന്ന് പോകരുത്.
ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കേരള സാഹിത്യ അക്കാദമിയാണ് മേല്പറഞ്ഞ പുസ്തകം അച്ചടിച്ച് പ്രസിദ്ധം
ചെയ്തതെന്നറിയുമ്പോൾ ആശ്ചര്യവും ഉണ്ടാകും.
മലയാളത്തിൽ പക്ഷി നിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചുള്ള എഴുത്തിനും പക്ഷി നിരീക്ഷണത്തിനും തുടക്കമിട്ടതും ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിലറിയപ്പെട്ട
*കെ.കെ. നീലകണ്ഠൻ* എന്ന ഇംഗ്ലീഷ് അധ്യാപകനാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം *ആന്ധ്രാപ്രദേശിലെ* _രാജമുന്ദ്രിക്കടുത്തുള്ള_ കൊല്ലേരുവിലെ തടാകക്കരയിൽ കണ്ടെത്തിയതും
_ചക്കയ്പ്പുണ്ടോ കുയിൽ_ ആനറാഞ്ചിപ്പക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്നതും കുഞ്ഞുങ്ങളെ ആനറാഞ്ചികൾ തീറ്റിപ്പോറ്റുന്നതും കണ്ടെത്തിയത് അദ്ദേഹമാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ *എൻവി കൃഷ്ണവാര്യരുടെ* ആവശ്യപ്രകാരം ഇന്ദുചൂഡൻ എഴുതിയ ലേഖനങ്ങളാണ് കേരളത്തിലെ പക്ഷികളായി മാറിയത്.
*പാലക്കാട്* ജിലയിലെ ആലത്തൂർ താലൂക്കിലെ *കാവശേരിയിൽ* ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ്
1923 ഏപ്രിലിൽ ഇന്ദുചൂഡൻ ജനിച്ചത്.
അച്ഛൻ *കർണാടകത്തിൽ* മൃഗഡോക്ടറായിരുന്നു. നീലകണ്ഠന്റെ കുട്ടിക്കാലവും അവിടെത്തന്നെയായിരുന്നു. ചിത്രദുർഗയിലായിരുന്നു അദ്ദേഹത്തിന്റെ നാലാംതരം വരെയുള്ള വിദ്യാഭ്യാസം.
മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നാണ് അദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്.
*തുംകൂറിൽ* അച്ഛൻ ജോലി ചെയ്തിരുന്ന മൃഗാശുപത്രിയുടെ വളപ്പിൽ
ഉപ്പൻ പക്ഷിയുടെ കൂട് കണ്ടെത്തിയത് കുട്ടിയായ നീലകണ്ഠനെ ആശ്ചര്യപ്പെടുത്തി.
അതായിരുന്നു പക്ഷി നിരീക്ഷണത്തിന്റെ തുടക്കം.
*പാലക്കാട് വിക്ടോറിയ* കോളേജിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം *തിരുവനന്തപുരം* _യൂണിവേഴ്സിറ്റി കോളേജ്,_
_വിമെൻസ് കോളേജ്_ എന്നിവിടങ്ങളിൽ പഠിപ്പിച്ചു.
*തലശ്ശേരി ബ്രണ്ണൻ* കോളേജിൽ പ്രിൻസിപ്പലായിരുന്നു
1978 ൽ അദ്ദേഹം വിരമിച്ചു.
അറുപത് വർഷത്തോളം നീണ്ടു നിന്നു ഇന്ദുചൂഡന്റെ
പക്ഷിനിരീക്ഷണയത്നം.
എന്നാൽ മുഴുവൻ സമയ നിരീക്ഷകനായിരുന്നില്ല അദ്ദേഹം. പക്ഷികളുടെ ചേഷ്ടകൾ അദ്ദേഹത്തിന്റെ പ്രിയ വിഷയമായിരുന്നു.
*ഇതോളജി* എന്ന ചേഷ്ടാപഠനശാഖയിൽ ഉൾപ്പെട്ടതാണ് ഇന്ദുചൂഡൻ എഴുതിയ ലേഖനങ്ങളിൽ ഭൂരിഭാഗവും. വിവിധ പക്ഷികളുടെ പ്രജനനം, ശബ്ദാവലി എന്നിവ അദ്ദേഹം വിശദമായി പഠിച്ചു.
തീപ്പൊരിക്കണ്ണൻ
കാടുമൂഴക്കി എന്നീ പക്ഷികളുടെ ശബ്ദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശാസ്ത്രത്തിന് പുത്തൻ അറിവുകളായിരുന്നു.
പക്ഷികളെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളൊന്നും മലയാളത്തിൽ ഇല്ലാതിരുന്ന കാലത്താണ് ഇന്ദുചൂഡൻ "കേരളത്തിലെ പക്ഷികൾ"
എഴുതിയത്.
വിഖ്യാത പക്ഷിനിരീക്ഷകനായ
*ഡോ സലീം അലിയുടെ*
പുസ്തകങ്ങൾ അദ്ദേഹത്തിന് വഴികാട്ടിയായി..
150 പക്ഷികളെക്കുറിച്ചുള്ള വർണചിത്രങ്ങൾ സഹിതമുള്ള വിവരണമായിരുന്നു അതിലുണ്ടായിരുന്നത്.
1986 ൽ 110 പുതിയ പക്ഷികളെക്കൂടി ഉൾപ്പെടുത്തി.
അദ്ദേഹത്തിന്റെ
*പക്ഷികളും മനുഷ്യരും* എന്ന പുസ്തകത്തിന്
ബാല സാഹിത്യത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടി.
കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ തുടക്കക്കാരനായിരുന്നു അദ്ദേഹം..
1979 ൽ അദ്ദേഹം
*സൈലന്റ് വാലി* പ്രക്ഷോഭം നയിച്ചു.
കേരള നാച്വറൽ ഹിസ്റ്ററി എന്ന സംഘടനയുടെ
അധ്യക്ഷനായിതുന്നു അദ്ദേഹം..
*വേൾഡ് വൈൽഡ് ഫണ്ട് ഫോർ നാച്വർ* എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം.
1992 ജൂൺ 14 ന് അദ്ദേഹം പക്ഷിലോകം വിട്ട് പറന്നകന്നു
1996 ൽ
കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ മൂന്നാംപതിപ്പ് അപൂർവയിനം പക്ഷികളുടെ വിവരങ്ങൾ ചേർത്ത് പുറത്തിറങ്ങുമ്പോഴേക്കും കാണാനുള്ള യോഗം അദ്ദേഹത്തിന് ലഭിച്ചില്ല.
ഇന്നത്തെ ഒരു പത്രത്തിലെ പത്താം പേജിൽ
*ഇന്ദുചൂഡൻ അനുസ്മരണം ഇന്ന്*. എന്നൊരു ബോക്സ് ന്യൂസ് കാണാനിടയായി.
ഇത്തരം അനുസ്മരണങ്ങളിൽ
മാത്രമായി. മഹോന്നതനായ പ്രകൃതിസ്നേഹിയായ ധീമന്റെ കഥ ചെറുതാക്കരുത്.
*പക്ഷികളിവയെല്ലാം ഭക്ഷിച്ച് സുഖിച്ചാലും,*
*പക്ഷീന്ദ്രനത്കൊണ്ട്*
*തൃപ്തനായ് ഭവിച്ചാലും.*
*കെ.ബി. ഷാജി. നെടുമങ്ങാട്.*
പ്രണാമം
ReplyDeleteപ്രഫ ഇന്ദുചൂഡൻ
പക്ഷി നിരീക്ഷകൻ
ഓർമ്മക്കുറിപ്പ് നന്നായിട്ടുണ്ട്